Friday, June 15, 2018

മിച്ചഭൂമി/ ശിവപ്രസാദ് പാലോട്


വേരുകൾ
ആകാശത്തിലുറപ്പിച്ച്
തലകീഴായി
പൂത്തു കായ്ച്
തൂങ്ങിക്കിടക്കുകയാണ്
എന്റെ വനം

മണ്ണിൽ നിന്ന്
രോമകൂപങ്ങൾ പോലെ
നേർത്ത സുഷിരങ്ങളിൽ
നിന്നും
കുതിച്ചു ചാടുന്നതാണെന്റെ
മഴ

കൂടിപ്പിണഞ്ഞു കിടക്കുന്ന
നമ്മുടെ ഭ്രാന്തിന്റെ
സീൽക്കാരമാണിടിയും
മിന്നലും
ശ്വാസങ്ങൾ മരങ്ങൾക്കിടയിലൂടെ
തലയറഞ്ഞു പായുന്ന
പിശറൻ കാറ്റ്

വെറുതെ പറയുന്നതല്ല
മേഘങ്ങളിൽ താമസിക്കുന്ന
ഭൂഗർഭങ്ങളിലേക്ക്
വിരഹപ്പെടുന്ന
നിന്നോടെന്തിന് ഞാൻ
കേവലമൊരു നുണ കൊണ്ട്
വ്യഭിചരിക്കപ്പെടണം?

സത്യത്തിന്റെ
നനഞ്ഞ തൂവലുകൾ
എന്നെങ്കിലും വന്നേക്കാവുന്ന വെയിലിൽ
ഉണങ്ങിക്കിട്ടുംവരെയെങ്കിലും

അവനവനെത്തന്നെ
സ്നേഹത്തിന്റെ
ലോലമായ മൂർച്ച കൊണ്ട്
കശാപ്പുചെയ്ത്
നിവേദിക്കുന്ന
ജന്മമെന്ന മിച്ചഭൂമിയിൽ
മറ്റെന്തു വിശ്വസിക്കാനാണ്..?

Friday, May 18, 2018

മരുന്നുപണി


ചുരുണ്ടിടത്ത് നിന്നും
ഫണമുയരുന്നപോലെ
വളരെ പെട്ടെന്നായിരുന്നു 
ദൂരെ ഉള്ള ആ ഉത്സവത്തിനു പോകാന്‍
ആഗ്രഹം പൊത്തിറങ്ങിയത്
വെടിക്കെട്ടിന് കാത്തിരിക്കുന്ന
നിമിഷങ്ങള്‍ക്ക് പഴുതാരക്കാലുകള്‍
ഒരു ഉറുമ്പ്‌ ചൂട്ടുമായി
തരിശുപള്ള്യാലിലൂടെ വെച്ച് നടന്നു പോകുന്നു
ചൂട്ടു കൊണ്ട് അയാള്‍ സ്വന്തം തലയില്‍
കുത്തിയപ്പോളാണ്
ആചാരക്കതീനകള്‍ ഒന്നിച്ചു പൊട്ടി
പുക കൊണ്ട് ആള്‍ രൂപങ്ങളുണ്ടായത്
കളിപ്പാട്ടങ്ങള്‍ ഒന്നാകെ ചിതറിപ്പോയത്
കൂട്ടം തെട്ടിയവ വലിയ വായില്‍
നിലവിളിച്ചത്
ബലൂണ്‍, പീപ്പിക്കച്ചവടക്കാര്‍
മാലപ്പടക്കങ്ങള്‍ ആയി പൊട്ടാന്‍ തുടങ്ങുന്നു
ഒരു അച്ചടക്കവും ഇല്ലാത്ത പിള്ളേരെപ്പോലെ
അവരിക്കുന്നിടം ശൂന്യമാകും വരെ
തലങ്ങും വിലങ്ങും ഉള്ള പൊട്ടലുകള്‍
ബലൂണുകള്‍ വയറുവീര്‍ത്ത്
മേഘങ്ങളായി പറന്നു നടക്കുന്നു
തകര്‍ന്ന പ്രണയങ്ങള്‍ പരസ്പരം
പട്ടങ്ങളെപ്പോലെ ചരടുതിരയുന്നു
സ്ത്രീകളിരുന്ന ഭാഗത്തുനിന്നും
അമിട്ടുകള്‍ ഉയര്‍ന്നു പൊട്ടുന്നു
തെങ്ങുകള്‍ തലകൊണ്ട് താങ്ങി നിര്‍ത്തിയ
ആകാശത്ത് സാരികള്‍ , ചുരിദാറുകള്‍
കൈ കോര്‍ത്തു പിടിച്ചു നൃത്തം ചെയ്യുമ്പോള്‍
കുങ്കുമവും സിന്ദൂരവും കൊണ്ട്
ഒരു മഴ
നെറ്റിപ്പട്ടങ്ങള്‍ പൊഴിച്ച്
ആനകളിപ്പോള്‍ ആകാശത്ത് ചെവിയാട്ടുന്നു
കൊമ്പും കുഴലും ചെണ്ടയും
വല്ലാതെ വല്ലാതെ
പരിചിതമല്ലാത്ത കാലം വായിക്കുന്നു
അടുത്ത കൂട്ടുകാരൊക്കെ
കുഴിമിന്നികലായി കുത്തിയുയരുന്നു
നക്ഷത്രങ്ങളെ തൊട്ടു കൂട്ടി
അവര്‍ എന്തോ അതി ലഹരി പാനീയം
മൊത്തിക്കുടിക്കുകയാണ്
അവരുടെ പഴുതാര മീശകളില്‍
ഉന്മാദത്തിന്റെ കരടുകള്‍
പ്രകമ്പനത്തിന്റെ പശ കൊണ്ട്
ഒട്ടിപ്പിടിച്ചിട്ടുണ്ട്
അപസ്മാരത്തിന്‍റെ മൂര്‍ധന്യത്തിലെന്ന പോലെ
പറമ്പിനെ പുകയുടെ നുരയും പതയും
വന്നു മൂടുമ്പോള്‍
എനിക്കെന്നെ ഒരു ഡൈനയായി
അനുഭവപ്പെടാന്‍ പറ്റുന്നുണ്ട്
കുഴിയില്‍ നിന്നുമുയര്‍ന്നു
ഈ ജന്മത്തെ നോക്കി
അനന്തമജ്ഞ്യാതമവര്‍ണനീയയമീ
ലോക ഗോളം തിരിയുന്ന മാര്‍ഗമെന്നു
പൊട്ടിച്ചിരിച്ചു ചിതറാനാകുന്നുണ്ട്
ഉത്സവം കണ്ടു മടങ്ങുമ്പോള്‍
വണ്ടിയുടെ ഡ്രൈവര്‍
രാകിപ്പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമങ്ക വേലകാണാന്‍
എന്ന രാഗത്തില്‍
ഒരു വളവ് കുത്തിയൊടിക്കുന്നു
അവനവനില്‍ പൊട്ടിത്തെറിച്ച
മൌനത്തിന്റെ ഭാരത്തില്‍
ചാരുസീറ്റില്‍ ഞങ്ങള്‍ മാത്രം
തല കുമ്പിട്ടിരിന്ന്
എന്താണ് നടന്നത്
എന്താണ് നടന്നത്
എന്ന് പോത്തുകളെപ്പോലെ
അയവെട്ടിക്കോണ്ടിരിക്കുന്നു
ശിവപ്രസാദ് പാലോട്

ഇരുട്ടുകുത്തി


എല്ലാ വീട്ടിലും
കറുത്ത പൊട്ടുകൾ
മതിലിൽ
പൂമുഖത്ത്
അടുക്കളയിൽ
കിടപ്പറയിൽ
ഓരോ മുഖത്തും
ഗ്രാമം ബഹളത്തിൽ,
രാജ്യം കലാപത്തിലാണ്
വൻകര യുദ്ധത്തിലാണ്
പ്രപഞ്ചം പ്രളയത്തോടടുക്കുന്നു
എല്ലാം അവനാണ്
ഒരു ഭ്രാന്തൻ
അവന്റെ തല
കൂരിരുട്ടുകലക്കിയ തൊട്ടി
ഇരു കൈകളും
അതിലിടക്കിടെ മുക്കി
കറുത്ത ചിറകു വീശി
ഓരോ വീട്ടിലും ചെന്ന്
ഓരോ മുഖത്തും
കറുപ്പുകുത്തി
മൗനച്ചിരിയിൽ മതിമയങ്ങി
നമ്മളിൽ നമ്മളെ
ഗർഭം ധരിച്ചു പേറും
അതേ ഭ്രാന്തൻ
ശിവപ്രസാദ് പാലോട്

മിഥുനം


പ്രാപഞ്ചിക മയക്കത്തില്‍ നിന്നും
കണ്ണു തുറക്കാതെ തന്നെ
അവളുടെ കൈകള്‍ എന്തോ പരതി
അതെ എല്ലാം പതിവുപോലെ
അവ പോയിരിക്കുന്നു
ഒരു പാത്രം പോലും തട്ടിമറിയാതെ
ഒരു നിശ്വാസം കൊണ്ട് പോലും
രാത്രിയെ ഉണര്‍ത്താതെ
എത്താ ഉയരത്തിലെ ഉറിയില്‍ നിന്നും
പാല്‍പാത്രം മാത്രം കുടിച്ചു വറ്റിച്ച്
അവന്‍ പോയിരിക്കുന്നു
അവന്‍ കണ്ണടച്ചു തന്നെയോ
പാല് കുടിച്ചത് ?
അവനവനെപോലും കാണാത്ത ഇരുട്ടില്‍
എന്തിനു കണ്ണടക്കണം ?
എത്ര ഭദ്രമായി താന്‍ കെട്ടിയുറപ്പിച്ചതാണ്
എല്ലാം അവന്റെ കരസ്പര്‍ശത്തില്‍
അഴിഞ്ഞു പോയതായിരിക്കണം
അവള്‍ പരതിയത്
ചെമ്പരത്തിപൂ പോലെ കിടന്ന
അടിപ്പാവാട ആയിരുന്നു
എവിടെയൊക്കെയോ ഒളിച്ചു കിടന്ന
അടിയുടുപ്പുകള്‍ ആയിരുന്നു
പരന്നു കിടന്ന
എണ്ണമറ്റ പുറംകസവുകള്‍ ആയിരുന്നു
അഴിഞ്ഞുലഞ്ഞ മുടിയായിരുന്നു
മഷിക്കുപ്പി തട്ടിമറിഞ്ഞതുപോലെ
കുതിര്‍ന്നു കിടന്ന അവളെന്ന
ചിത്രം തന്നെ ആയിരുന്നു
കിനാവിലെ കണ്ടന്‍പൂച്ചകള്‍
അവള്‍ക്കു ചുറ്റും
ചിരിക്കാന്‍ തുടങ്ങിയപ്പോള്‍
ഒന്നും സംഭവിക്കാത്ത പോലെ
അവള്‍ എല്ലാം വാരിക്കൂട്ടി
ഉറികെട്ടാന്‍ തുടങ്ങി

ലൈബ്രറി പൂട്ടിയ ശേഷം ..


വയസ്സായഗ്രാമത്തിന്
ഷോപ്പിങ്ങ് കോംപ്ലക്സ്
എന്ന രോഗം വന്നപ്പോളാണ്
ചായക്കടക്കും
തയ്യൽക്കടക്കുമൊപ്പം
വായനശാലയും
മരിച്ചു പോയത്
ചായക്കടക്കാരൻ
നഗരത്തിലെ
ഹോട്ടലിൽ ചായമാഷായി
തയ്യൽക്കാരൻ
മെഷിൻ വിറ്റ് നാടുവിട്ടു
ലൈബ്രേറിയന്
എവിടെയും പോകാനുണ്ടായിരുന്നില്ല
വാലൻ പുഴുവിനെപ്പോലെ
പുസ്തകപ്പൊടി പോലെ
കടലാസു മണം പോലെ
അയാളനാഥമായിപ്പോയി
പുസ്തകങ്ങൾ കുത്തിനിറച്ച പെട്ടി
തൊട്ടടുത്ത വീടിന്റെ
ചായ്പിലേക്ക്
അടക്കിയിരുന്നു..
കുഴിമാടത്തിൽ പ്രാർത്ഥിക്കുന്ന
ഇഷ്ടക്കാരെപ്പോലെ
ആദ്യമാദ്യം അയാൾ
ചായ്പിന് വട്ടം നടന്നു
തേങ്ങലുകളെ
മറു തേങ്ങൽ കൊണ്ട്
പുതപ്പിച്ചു കിടത്തി
മൗനങ്ങൾക്ക്
നെടുവീർപ്പു കൊണ്ട്
വായ്കരിയിട്ടു
ഊർധ്വൻവലികൾക്ക്
കാതോർത്ത്
കൂട്ടിരുന്നു
പിന്നീട്
നിലച്ചിരിക്കാത്ത
ഒരു ദിവസം
ഷോപ്പിങ്ങ് കോംപ്ലക്സിന്റെ
മെയിൻ വാർപ്പു കഴിഞ്ഞ്
പണിക്കാർ മടങ്ങുമ്പോൾ
ചായ്പിന്റെ മുറ്റത്ത്
അയാളൊരു
കുത്തഴിഞ്ഞ പുസ്തകമായി
മലർന്നു കഴിഞ്ഞിരുന്നു...
ചിതലുപിടിച്ച
പെട്ടിയിൽ നിന്നും
പാതിവെന്ത പുസ്തങ്ങൾ
ഓരോന്നായി ഇറങ്ങി വന്ന്
അയാളെ നമസ്കരിച്ച്
വലം വച്ച്
വെള്ളം കൊടുത്ത്
നെറ്റിയിലൊരുമ്മ കൊടുത്ത്
ചുറ്റുമിരുന്ന്
മൗനമായി കരഞ്ഞിരുന്നത്
ഇതിനകം ബധിരായി, അന്ധരായി,
മാറിക്കഴിഞ്ഞ
നമുക്ക് കേൾക്കാനോ കാണാനോ
കഴിയാഞ്ഞിട്ടു തന്നെയാണ്
ഷോപ്പിങ്ങ് കോംപ്ലക്സ്
ബാധിച്ചു ചത്ത
വായനശാലയെ
നമ്മൾ മറന്നു പോകുന്നത്...
ശിവപ്രസാദ് പാലോട്

പച്ചക്കുട്ടി .


പച്ചക്കുട്ടി
കളിച്ചൊരു കാടും
പച്ചക്കുട്ടി
കുതിച്ചൊരുമേടും
പച്ചക്കുട്ടി
കൊറിച്ചോരു വിത്തും
ഈമലയാമല ചാടി മറിഞ്ഞ്
കാട്ടുപൂക്കളെക്കൂട്ടിപ്പിടിച്ച്
കാട്ടുതേനിറ്റും പാട്ടുകൾ പാടി
പച്ചക്കുട്ടി കളിക്കണ കണ്ടോ
പച്ചക്കുട്ടി കിനാവു കണ്ടില്ല
പട്ടുമെത്തക, സിംഹാസനങ്ങൾ
വെന്തമാംസം മണത്തു കിടക്കും
ചില്ലു തീന്മേശ രമ്യഹർമ്യങ്ങളോ
പച്ചക്കുട്ടിയെ പെറ്റിട്ടു കാട്
കാട്ടുതേനിൻ മുലക്കണ്ണുനീട്ടി
ഊട്ടി വള്ളിയാലൂഞ്ഞാലുമാട്ടി
മല്ലി നട്ട മരങ്ങളിൽത്തട്ടി
കോട കെട്ടും കാറ്റു താരാട്ടും
പച്ചക്കുട്ടി
പഠിച്ചില്ല പുസ്തകം
കൊത്തിവച്ചു
കരിമ്പാറയിൽ ജീവിതം
പച്ചക്കുട്ടി
കളിച്ചു നടന്ന
കാടുകട്ടവർ നമ്മളെല്ലാരും
പച്ചക്കുട്ടി
നീന്തിത്തുടിച്ച
അരുവി മോന്തി വറ്റിച്ചോർ നമ്മൾ
പച്ചക്കുട്ടിയെ
കടും വേട്ടയാടി
കടിച്ചുകീറിയാർത്തവർ നമ്മൾ
പച്ചക്കുട്ടി
കുരലൊട്ടിക്കരയവേ
ഒട്ടു വെള്ളമിറ്റാത്തവർ നമ്മൾ
പച്ചക്കുട്ടീ
പച്ചക്കുട്ടീ
നിന്റെ ദൈന്യം കണ്ടു ചിരിച്ചവർ
നിന്റെ ചോര മണത്തവർ ഞങ്ങൾ
ഒന്നു പൊട്ടിക്കരയട്ടെ ഞങ്ങൾ
നിന്നു വെന്തുരുകട്ടെ ഞങ്ങൾ
മാപ്പു വേണ്ടയീ നീറിക്കനക്കും
ഓർമ്മ മിഴിച്ചു കിടക്കട്ടെ നിത്യവും
ശിവപ്രസാദ് പാലോട്

ദ ഫുഡ് സ്റ്റോറീസ് റസ്റ്റോറന്റ്


ഉണ്ട്
എല്ലാ ഭക്ഷണങ്ങൾക്കും
പിന്നിലൊരു കഥയുണ്ട്
(There is a story behind every food)
നഗരസത്രത്തിന്റെ
കാൽപനിക പരസ്യവാചകം
തൂവൽ കിടക്കയിൽ നിന്ന്
വിളിച്ചുണർത്തി
തോലുരിച്ച്
മസാല പുരട്ടി
മയക്കിക്കിടത്തിയ
കുഞ്ഞിക്കോഴിയുടെ കഥ
നുകപ്പാടു തിണർത്തു കിടക്കും
ഉഴവു പാടം കല്ലിച്ചു കിടക്കും
ചടച്ച കാളക്കഥകൾ
വെയിലില തിന്ന്
നിലാപ്പാറയിൽ നിന്നും
നാടുകടത്തപ്പെട്ട്
ചുട്ടും സൂപ്പായും
ആടുജീവിതങ്ങൾ
ശ്വാസം മുട്ടി മരിച്ച
പ്രവിശ്യകളുടെ
കഥ പറയുന്ന
മത്സ്യാവതാരങ്ങൾ
വിയർപ്പു തിന്നു
വെളുത്ത അരി മണികൾ
കണ്ണു ചുവന്ന
തക്കാളിപ്പാടങ്ങൾ
നീയെന്നെയെന്ന പോലെ
ഉപേക്ഷിക്കുന്ന
വേപ്പു തോട്ടങ്ങളിൽ
കാറ്റുപിടിച്ചത്
മുഖാമുഖമിരുന്ന്
ഭൂമിയുടെ രക്തം കുടിച്ച്
തലച്ചോറുകൾ
പരസ്പരം കാർന്ന്
നമ്മളിരിക്കുമ്പോൾ
തെരുവു തിളക്കുന്നുണ്ടാവണം
വിശന്നായിരം കുഞ്ഞുങ്ങൾ
വെടിയുണ്ട ചുട്ടു തിന്നുന്നുണ്ടാകണം
അരിമണി കട്ട ഉറുമ്പിനെ
ബൂട്ടുകൾ ചവിട്ടിയരക്കുന്നുണ്ടാകണം
തുമ്പികൾ കല്ലെടുക്കുന്നുണ്ടാകണം
ചുരക്കാത്ത മുലകളിൽ
വരണ്ട കുഞ്ഞുങ്ങൾ
സമരം ചെയ്യുന്നുണ്ടാകണം
ഉണ്ട്
ഓരോ അരി മണിയിലും
തിന്നുന്നവന്റെ ജാതകം
കുറിച്ചു വച്ചിട്ടുണ്ടത്രേ
തമ്മിൽ കൊന്നു തിന്ന്
കൈ വീശിപ്പിരിയുമ്പോൾ
(There is a story behind every food)
എല്ലാ യുദ്ധങ്ങൾക്കും
പിന്നിലുമുള്ള കടങ്കഥ
*ശിവപ്രസാദ് പാലോട്*