kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Sunday, October 30, 2011

8:35 PM

കുരയ്ക്കുമ്പോള്‍

കുരയ്ക്കുമ്പോള്‍ 

അപ്പുറത്തെ വീട്ടിലേക്കു 
കള്ളന്‍ കയറിപോകുന്നത് കണ്ടു 
 അള്‍സേഷ്യനും ഡോബാര്‍മാനും
 മിണ്ടാതെ കിടന്നു.
ആരാന്റെ വീടല്ലേ
 നമുക്കെന്ത്‌ ചേതം ...
എന്നാല്‍ 
തെരുവ് ചാവാലി പട്ടി മാത്രം
 ഇരുട്ടിനെ നോക്കി 
കുരച്ചു കൊണ്ടേയിരുന്നു.....
8:31 PM

ഒന്നാം പാഠം

ഒന്നാം പാഠം 



പൂക്കാലത്തില്‍ നിന്നും
 ഒരു പൂ പറിച്ചീടുക 
മഴക്കാലത്ത് നിന്നും 
ഒരു മഴ നൂല്‍ പിരിച്ചെടുക്കുക 
 വേനലില്‍ നിന്നും 
ഒരു വെയിലിഴ പറിച്ചെടുക്കുക 
മഞ്ഞു കാലത്തില്‍ നിന്നും
 ഒരു കുളിര്‍ കൊണ്ടെടുക്കുക 
പൂവും വെയിലും മഴ
യും മഞ്ഞും മഴയും കുളിരും 
നെഞ്ചിലൊരു പാത്രത്തില്‍ 
ചേര്‍ത്ത് വയ്ക്കുക 
എന്നിട്ട് ഹൃദയമെന്നു പേരിടുക 
8:24 PM

മണിയടികള്‍

മണിയടികള്‍ 



സ്കൂള്‍ ബെല്ലിനു 
ഭാഷകള്‍ ഏറെയുണ്ട് 
ഒരു കൂട്ടിയടി കൊണ്ട് 
ഒരു ലോകം ഒരുക്കൂട്ടാം
ഒറ്റ ബെല്ലുകൊണ്ട് 
മൌന പ്രാര്‍ത്ഥന നടത്താം 
മറ്റൊരു കൂടിഇയടികൊണ്ട് 
പശിയടക്കാം 
ഒടുക്കം നാല് മണിക്ക് 
നാളത്തെ പൌരന്മാരെയൊക്കെ 
കുട്ടികള്‍ ആക്കാം 
8:17 PM

എന്‍മകജെയിലെ തുമ്പികൾ

എന്‍മകജെയിലെ തുമ്പികൾ



തുലാമാസ 
വേവലാതി പകലില്‍ 
ഒറ്റക്കും തെറ്റയ്ക്കും 
പറന്നു വന്ന തുമ്പിക്കൂട്ടം
ചിറകരുകുകളില്‍
 ക്രോധക്കടുംനിരം പേറി
ഇരുപ്പിലുംഎടുപ്പിലും
പകയുടെ ചുടു കാറ്റ്‌
 മരുന്നടിച്ചു മയങ്ങിക്കരിഞ്ഞ 
തളിരുകല്‍ക്കുമേല്‍ 
ഒറ്റക്കും തെറ്റയ്ക്കും
 പറന്നു വന്നു കനല്‍ കൂട്ടം 
അവസാന ശക്തിയുമെടുത്ത് 
തുന്പികളെടുക്കുന്നു കല്ലുകള്‍ 
പനി കടുത്ത പെരുംകല്ലുകള്‍ 
കൂര്‍പ്പ്ന്റെ കറുംകല്ലുകള്‍ 
അന്ന് പകല്‍ 
വിഷമേന്തിവന്നവര്‍ക്ക് മീതെ 
പകയായി പെയ്തിറങ്ങി 
തുമ്പികളെടുത്ത കല്ലുകള്‍ 
മൂവന്തിയാകും മുന്‍പ് 
ശേഷക്രിയ പൂര്‍ത്തിയാക്കി 
ഇനിയും പേരിടാത്ത ആകാശത്തേക്ക് 
ഒറ്റക്കും തെറ്റയ്ക്കും 
തുമ്പിക്കൂട്ടം പറന്നു പോയി.
8:27 AM
                     രാത്രി 




രാത്രി ചില പെണ്ണുങ്ങളെ പോലെയാണ് ..പകലിന്റെ തുണിക്കടയില്‍ കയറി വിലകൂടിയ ബഹു വര്‍ണ സാരികളൊക്കെ എടുപ്പിച്ചു ചക്രവാളത്തില്‍ നിവര്‍ത്തി ചന്തം നോക്കും.


  എല്ലാം നോക്കി ഒന്ന് നെടുവീര്‍പ്പിട്ട് ഒടുക്കം വില കുറഞ്ഞ ഒരു കറുത്ത സാരിയും വില പേശി വാങ്ങി കുട്ടികളെയും കൂട്ടി പിടിച്ചു റോഡു മുറിച്ചു കടക്കാന്‍ വെപ്രാളപ്പെടും 
8:20 AM
                         
മഹത്വം

ജനം എന്തിനാണ് കൂവിയതെന്നു
മഹാന് മനസ്സിലായില്ല...
അയാള്‍  പറഞ്ഞതു എന്തെന്ന് ജനത്തിനും......
.
8:06 AM


                                                   ഇല്ലാത്തത്




ഇല്ലാത്ത വെള്ളത്തില്‍


ഇല്ലാത്ത മീനിനെ തേടി



ഇല്ലാത്ത പാടത്ത് 


ഇല്ലാത്ത കൊറ്റി നടക്കുന്നത് കണ്ടിട്ട് 


ഇല്ലാത്ത വരപിലെ 


ഇല്ലാത്ത നോക്കുകുത്തിക്ക്


വല്ലാത്ത ചിരി വന്നു.

Wednesday, October 26, 2011

9:52 AM

കരിന്കണ്ണാ നോക്ക്

                                                        കരിന്കണ്ണാനോക്ക്

കഷ്ടപ്പെട്ടു  കയറ്റിയ വീടിനു നേരെ അയല്‍ക്കാരോ ബന്ധുക്കളോ, എന്തിനു വഴിപോക്കര്‍ പോലും തിരിഞ്ഞു 


നോക്കുന്നില്ല എന്ന് വന്നപ്പോളാണ്‌  അയാള്‍ വീടിനു മുന്നില്‍ കരിന്കണ്ണാ നോക്ക് എന്ന ബോര്‍ഡു വച്ചത്.


പിറ്റേന്ന് മുതല്‍  ആളുകള്‍ വീടിനു നേരെ  നോക്കി തുടങ്ങി ...

Sunday, October 23, 2011

7:40 PM
                    

                                                                 രമണം



കാനനച്ഛായില്‍ ആടു മേയ്കാന്‍ കൂടെ വരട്ടെ എന്ന് ചോദിക്കേണ്ട താമസം രമണന്‍ ചന്ദ്രികയെ കൂടെ കൊണ്ടുപോയി....എല്ലാം കഴിഞ്ഞപ്പോള്‍ അവളെ മരതക പച്ചിലക്കാട്ടില്‍ കിടക്ക വിരിച്ചു കിടത്തി രമണന്‍ ബസ്‌ സ്റ്റോപ്പ്‌ നോക്കി ധൃതിയില്‍ നടന്നു.

Saturday, October 22, 2011

8:36 PM
ആര്‍ക്കും 


ഒരു ചങ്ങലയ്ക്ക് ഇന്നലെ ഭ്രാന്ത് പിടിച്ചു..

അത് ഓടി പോകാതിരിക്കാന്‍ ഞാനത് എന്റെ കാലില്‍ 

കെട്ടിയിട്ടിട്ടുണ്ട് .....

വരിന്‍.....നാട്ടാരെ വരിന്‍.....
8:30 PM


അര്‍ഥങ്ങള്‍ 




മീനിനു കുറെ കാലമായി കുളത്തോട് പറയാനുണ്ടായിരുന്നത് സ്വാതന്ത്ര്യത്തെ കുറിച്ച് മാത്രമായിരുന്നു...


അവസാനം കുളം മീനിനെ പിടിച്ചു കരയിലെക്കിട്ടു ...


മീനിന്റെ രക്ത സാക്ഷി മണ്ഡപത്തിനു ചുറ്റും കൂടിനിന്ന മറ്റു ജലജീവികള്‍ നിഘണ്ടുവില്‍ സ്വാതന്ത്ര്യം എന്ന
വാക്കിന്റെ അര്‍ഥം തിരഞ്ഞു നോക്കുന്ന്നുണ്ടായിരുന്നു. 
8:15 PM
  അമ്മത്തൊട്ടില്‍


അവനു ഉറങ്ങാന്‍ പാകത്തില്‍ തൊട്ടില്‍ ആടി 
.അവനു  കേക്കാന്‍ പാകത്തില്‍  അത് പാട്ട് പാടി കൊടുത്തു.
അവനു വിശന്നപ്പോള്‍ അത് പാലുമായി വന്നു...
..അവനു കളിക്കാന്‍ തോന്നിയപ്പോള്‍ അത് കിളിയായും, കുരങ്ങായും വന്നു അവനെ ചിരിപ്പിച്ചു. അവനു വിയര്‍ത്തപ്പോള്‍ അത് ഫാനായി ..കാറ്റ് നല്‍കി..
അവന്‍ ചിരിച്ചപ്പോള്‍ അതും ചിരിച്ചു കൂട്ട് നല്‍കി 


ഒരു വൈദ്യത തൊട്ടിലിനു ഇതിലും കൂടുതല്‍ എന്താണ് ചെയ്യാന്‍ കഴിയുക .


അവന്‍ അതിനെ അമ്മ എന്ന് വിളിച്ചു. .

Monday, October 17, 2011

7:18 PM

സങ്കടങ്ങള്‍


ഉറ്റ സുഹൃത്ത്‌ മരിച്ചു കിടക്കുന്നത് കണ്ടിട്ടും തനിക്ക്
ഒരു തുള്ളി കണ്ണുനീര്‍വരുന്നില്ലെന്ന് ഉറപ്പായപ്പോള്‍  ആണ്
അയാള്‍ പൊട്ടി കരഞ്ഞുപോയത്

Saturday, October 15, 2011

9:25 PM
                             കുരുക്ക്

പ്രണയം തകരുമെന്ന് ഉറപ്പായപ്പോള്‍ ആണ് അവളും അവനും ആത്മഹത്യ ചെയ്യാനിറങ്ങിയത് ..കിട്ടിയ 

കയറുമായി അവര്‍ ഒരു ഒത്ത മരം കണ്ടെതിയതുമായിരുന്നു. കുരുക്ക് ഉണ്ടാക്കുന്നതിനു ഇടയിലാണ് ഒരു

കൊച്ചു പെണ്‍കുട്ടി അവര്‍ക്കിടയിലേക്ക് എത്തിയത്..കണ്ട പാടെ അവള്‍ കൊഞ്ചി ....


മാമാ ....ചേച്ചീ...ഈ മരത്തില് എനിക്കൊരു ഊഞ്ഞാല് കെട്ടി തരുവോ ?



അവര്‍ കുരുക്കുകള്‍ അഴിച്ചു കുട്ടിക്ക് ഊഞ്ഞാല്‍ കെട്ടി കൊടുത്തു.....കുന്നു ഇറങ്ങി പോരുമ്പോള്‍ അവര്‍ക്കിടയില്‍ പ്രണയം പിന്നെയും ബാക്കിയുണ്ടായിരുന്നു.

Friday, October 14, 2011

8:54 PM
                 ഓണച്ചതി


പത്രത്തില്‍ വന്ന തന്റെ പടം മഹാബലി ഒന്ന് കൂടി നോക്കി

കുട വയറും
കപ്പട മീശയും
 മുട്ടി ചെരുപ്പും
ഓലക്കുടയും
ഒരു ഇളിഞ്ഞ ചിരിയും


എന്റെ പിഴ ...ഇതിനാണല്ലോ വര്‍ഷത്തില്‍ ഒരിക്കല്‍ കേരളത്തില്‍ വന്നു നാട്ടുകാരെ കാണാന്‍ അവസരം തരണമെന്ന് വാമാനോനോട് വരം ചോദിച്ചത് ...
.മഹാബലി സ്വയം പ്രാകി ...

Thursday, October 13, 2011

Sunday, October 9, 2011

9:26 AM









അനൂപ്‌ റോയ്‌ -ചിത്രകാരന്‍ 

          നാരാനത്ത് ഭ്രാന്തന്‍                                                                (അനൂപിന്റെ പെയിന്റിംഗ് )
                                                മന്തും ഭ്രാന്തും 



അങ്ങിനെ സാമാന്യം വലിപ്പമുള്ള  ഒരു കല്ല്‌ അത്തിപ്പറ്റ കുന്നിലേക്ക് ഉരുട്ടിക്കയറ്റി തെല്ലിട നാറാനത്ത് ഭ്രാന്തന്‍ 
വിശ്രമിക്കാനിരിക്കുംപോളാണ് സ്ഥലം ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ ഓടി കിതച്ചു എത്തിയത് 


ആരാത് ?


ഞാന്‍ സ്ഥലം ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍.....ഒരു അര്‍ജന്റ് കാര്യം പറയാന്‍ വന്നതാ..




പറയു   കേള്‍ക്കാന്‍ പറ്റുമോന്നു നോക്കട്ടെ              (ഭ്രാന്തന്‍ )..




ഇയ്യിടയായി നാട്ടില്‍ ആകെ ഒരു പരാതി..


എന്താത് ?  അഥവാ നാട്ടില്‍ എന്തിനെപറ്റിയാണ് പരാതി ഇല്ലാത്തത്"?             (ഭ്രാന്തന്‍ )


നാട്ടില്‍ മന്ത് രോഗം പടരുന്നു.. താങ്കള്‍ക്ക് കാലാകാലങ്ങളായി മന്തുണ്ടല്ലോ ?താങ്കളാണ് രോഗം പരത്തുന്നത് 
എന്നാണു നാട്ടില്‍ പാട്ട്.


നാട്ടില്‍ പാട്ടിനു സംഗതി മഹാ മോശം..ഭാവാച്ചാ തീരെ ഇല്ലെയ്നും            (ഭ്രാന്തന്‍)




എന്താലായും താങ്കള്‍ ഈ മന്ത് നിവാരണ ഗുളിക കഴിക്കണം ..പറ്റുച്ചാ ഈ രാജ്യം വിട്ടു പോകുകേം വേണം..
ഡി എം ഒയുടെ ഓര്‍ഡര്‍ ഉണ്ട്..കോപ്പി കാണണോ...?


അനന്തരം അത്തിപ്പറ്റ കുന്നിനെ കിടിലം കൊള്ളിച്ച ഒരു പൊട്ടിച്ചിരിയോടെ ഒരു  കൂറ്റന്‍ കല്ല്‌ താഴേക്കു ഉരുണ്ടു പോയി.
8:02 AM

സമാധാനം

                                     സമാധാനം



സമാധാനത്തിനുള്ള നോബല്‍ സമ്മാനം മൂന്നു വനിതകള്‍ക്കായി നല്‍കി.

കിട്ടിയതിനു പിറകെ സമ്മാനത്തിന്റെ പങ്കിനെ ചൊല്ലി തര്‍ക്കമായി.

സമാധാനം ലജ്ജിച്ചു തല താഴ്ത്തി

Saturday, October 8, 2011

9:51 PM
                            തലമുറകള്‍


മൂന്നു വയസ്സ് കാരി മകള്‍ക്ക്  കേടു വന്ന മൊബൈല്‍ കളിക്കാന്‍ കൊടുത്തു.

ഒരു ദിവസം മുഴുവന്‍ തട്ടിക്കളിച്ച അവള്‍ പിന്നീട് ചോദിച്ചത് കളിക്കാന്‍

ഗയിംഉള്ള മൊബൈല്‍ ആണ്.പിന്നെ അതും ഉപേക്ഷിച്ചു

ഇപ്പോള്‍ ക്യാമറ ഉള്ള മൊബൈലില്‍ പടം എടുത്തതായി കളി.

വൈകാതെ എന്റെ ഡിജിറ്റല്‍ ക്യാമറയും കമ്പ്യുടരും ഒക്കെ അവള്‍ കളിക്കാന്‍ എടുക്കും.

അങ്ങിനെയങ്ങിനെ ..........
8:48 AM

വാടകക്ക് ഒരു രാജ്യം

 വാടകക്ക് ഒരു രാജ്യം




വേറെ രാജ്യമാകണമെന്നു ഭാര്യ...
.
യുദ്ധം ചെയ്തു വാങ്ങണമെന്ന് ബന്ധുക്കള്‍....

കേന്ദ്രഭരണ പ്രദേശമായി തുടര്‍ന്നാല്‍ മതിയെന്ന് അച്ഛന്‍ ...
.
സംസ്ഥാനപദവി പിന്നെ ആലോചിക്കാമെന്ന് അമ്മ...

ഒത്തുതീര്‍പ്പിനില്ലെന്ന് പെങ്ങളും അനുജനും

ഞാന്‍ .എന്റെ സ്വപനതിന്റെ പതാക പകുതി താഴ്ത്തി കെട്ടി...

ആലോചനയിലുണ്ട് വാടകക്ക് ഒരു രാജ്യം

Friday, October 7, 2011

7:40 PM

കുറുംകഥകള്‍: ഭാര്യ

കുറുംകഥകള്‍: ഭാര്യ: ഭാര്യ ഓന്ത് മണ്ടിയാല്‍ വേലി വരെയെന്നു പരിഹസിച്ചാണ് പിണങ്ങിപ്പോവുന്ന ഭാര്യയെ എതിര്‍ത്തത് എന്നെ തോല്‍പ്പിക്കാന്...
7:37 PM

ഭാര്യ

                  ഭാര്യ 



ഓന്ത് മണ്ടിയാല്‍ വേലി വരെയെന്നു പരിഹസിച്ചാണ് 


പിണങ്ങിപ്പോവുന്ന ഭാര്യയെ എതിര്‍ത്തത് 


എന്നെ തോല്‍പ്പിക്കാന്‍ ഓടി ഓടി 


ഇപ്പോലവള്‍ 


ഏത് ഭൂഖണ്ഡത്തിലായിരിക്കും തളര്‍ന്നിരിക്കുന്നത്  
7:31 PM

ചന്ത

                      ചന്ത






ഗ്രാമത്തിലെ സ്കൂളിന് മുന്‍പില്‍ ഒരു പരസ്യ പലക 


തൂങ്ങിയാടാന്‍ തുടങ്ങിയത്  അടുത്തിടെയാണ് 


കുട്ടികളെ മൊത്തമായും ചില്ലറയായും ഇവിടെ എടുക്കപ്പെടും 
7:26 PM

ഇടനില

                                                      ഇടനില 

 


ഇക്കാലത്ത് സുരക്ഷക്ക് ഒരു അള്‍സേഷ്യന്‍ പട്ടി നിര്‍ബന്ധമാണെന്ന്പറഞ്ഞു എനിക്ക് ഒന്നിനെ സംഘടിപ്പിച്ചു തന്നതും 


എന്റെ അള്‍സേഷ്യന്‍ പട്ടിയെ നേരിടാന്‍ ഒരു ഡോബര്‍മാന്‍ പട്ടിയെന്കിലും വേണമെന്ന് അയല്‍കാരനെ 


അസുയിപ്പിച്ചു കൂടിയ വിലക്ക് ഒന്നിനെ വിലക്ക് വാങ്ങി കൊടുത്തതും ഒരാള്‍ തന്നെ ആയിരുന്നു.


                                                ഇടനില ഗോപാലന്‍ 
7:14 PM

ശ്മശാനം

                           ശ്മശാനം 



ഓര്‍മകളുടെ ശവ മഞ്ചവുമായി എത്തിയ ഒരാള്‍ എന്നോട് ചോദിച്ചു.


ഇവിടെ അടുത്തെവിടെയാണ് ശ്മശാനം ഉള്ളത് ?


ഞ്ഞാന്‍ എന്റെ തന്നെ നെഞ്ച് ചൂണ്ടി കാട്ടി 


ഏറ്റവും വിശാലമായ ശമാശാനം കണ്ടിട്ടാവണം അയാള്‍ മഞ്ചം ഇറക്കി 

Sunday, October 2, 2011

8:02 AM

സൗഹൃദം

                                        സൌഹൃദങ്ങള്‍ 

 പാതി രാത്രിക്ക് വീട്ടിലേക്കു ബൈക്ക് ഓടിച്ചു വരുമ്പോളാണ് കുഴങ്ങി പോയത്. ബൈക്കിന്റെ ടയര്‍ പഞ്ചര്‍ ആയിരിക്കുന്നു. വഴിയില്‍ കുടുങ്ങിയത് തന്നെ. മൊബൈല്‍ എടുത്തു ഫേസ്‌ ബുക്കില്‍ ലോഗിന്‍ ചെയ്തു ഫ്രാണ്ട്സായ ഫ്രാണ്ട്സിനെയല്ലം വിവരം അറിയിച്ചു...എന്തുപകാരം 




പെട്ടെന്നാണ്അയല്‍പക്കത്തെ കുടിയന്‍ ഗോപാലന്‍ സൈക്കിളും ചവിട്ടി വന്നത്.. കാര്യം പറഞ്ഞപ്പോള്‍ അവന്‍ ബൈക്ക് ഒരിടത്ത് കയറ്റി വക്കാനും തന്റെ സൈക്കിളിന്റെ പിറകില്‍ ഇരുന്നു വീടെതുവാനുമുള്ള സൌകര്യം ചെയ്തു.


അപ്പോഴാണ്‌ ഞാന്‍ ഓര്‍ത്തത്...കുടിയന്‍ ഗോപാലന്‍ ഫേസ്‌ ബുക്കില്‍ എന്റെ സുഹൃത്ത് അല്ലല്ലോ എന്ന്. 
7:54 AM
റീ മിക്സ്‌ കാലം 



പതിവ് പോലെ കഥയിലെ മുതലയുടെ ഭാര്യക്ക് കുരങ്ങന്റെ ഇറച്ചി തിന്നണം..മുതല കുരങ്ങച്ചനെ സോപ്പിട്ട് മുതുകില്‍ കയറ്റി പുഴയിലൂടെ നീന്തി തുടങ്ങി.

കാര്യങ്ങളുടെ പോക്ക് അത്ര പന്തിയല്ലെന്നു കണ്ട കുരങ്ങന്‍ തന്റെ ഹൃദയം മരത്തില്‍ ഒളിച്ചു വച്ചിരിക്കുകയാനെന്ന്നും അത് എടുക്കാന്‍ തിരികെ പോകണമെന്നും നമ്പര്‍ ഇറക്കി. പെട്ടെന്ന് മുതല പറഞ്ഞു
ഡാ.... കൊച്ചനെ .....ഞാനും മലയാള സിനിമ കാണുന്നവനാ ..
നീയിങ്ങനെ കഥകള്‍ റീ മിക്സ്‌ ചെയ്യാതെ ................
പുതിയ നമ്പര്‍ വല്ലതും ഇറക്കാന്‍ നോക്ക് ...

ഇത് കേട്ടതോടെ കുരങ്ങന്‍ നിര വെള്ളത്തിലേക്ക് എടുത്തു ചാടി ഉള്ള സ്പീഡില്‍ കരയിലേക്ക് വച്ചടിച്ചു. 
7:35 AM

                           നിരീക്ഷണം 


തന്റെ ചുറ്റു പാടും കാണുന്ന പത്തു ചെടികളെ നിരീക്ഷിച്ചു കുറിപ്പ് തയ്യാറാക്കാന്‍  കുട്ടികളോട് പറഞ്ഞു നിഷ ടീച്ചര്‍ വീണ്ടും മൊബൈലിലെ ഫേസ്‌ ബുക്കിലേക്ക്  താഴ്ത്തി.


കുട്ടികള്‍ ഗൂഗിള്‍ സര്‍ച്ച് ചെയ്യാനായി തിരക്കുപിടിച്ചു ക്ലാസ്സില്‍ നിന്നും ഇറങ്ങുകയും ചെയ്തു. 

Saturday, October 1, 2011

1:02 AM

മൗനത്തിന്റെ ചിരി

                          മൗനത്തിന്റെ  ചിരി


 മൗന പ്രാര്‍ത്ഥനക്കുള്ള ബെല്ലടിച്ചു.ചാടി എഴുനെല്‍ക്കവേ ബഞ്ച് ചടാ പടാ എന്നു വീണു. ....പേടിയോടെ മാഷേ നോക്കിയതും ചിരി പൊട്ടി .കവിള് വീര്‍പ്പിച്ചു അടക്കി പിടിക്കാന്‍ ശ്രമിച്ചെങ്കിലും അതെങ്ങിനെയോ ഊര്‍ന്നു ചാടി. പിന്നെ പകര്ചാവ്യാധി പോലെ എല്ലാ ബെന്ചിലെക്കും പരന്നു.മൗനം അവസാനിപ്പിക്കാനുള്ള ബെല് അടിച്ചതും ബിനി ചാടി പറഞ്ഞു.

മാഷേ മാഷടെ പോക്കറ്റ്.,....

ന്ടയ്യോ ചിരി നിക്കിന്നില്ലാ..മൗന  പ്രാര്‍ത്ഥനക്കുള്ള ബെല്ലടിച്ചപ്പോള്‍ സുരേഷ് മാഷ്‌ മഷി പെന്നിന്റെ അടപ്പിടാതെയാണ് പോക്കറ്റില്‍ ഇട്ടത്. അതങ്ങിനെ
പരന്നു പരന്നു.. വെള്ള ഷര്‍ട്ടില്‍ ഒരു ചുവന്ന ഭൂപടം..


കാര്യം മനസ്സില്‍ ആയ മാഷിന്റെ മുഖത്തെ ഒരു ചിരി കാണണമായിരുന്നു. ലോകത്തുള്ള സകല മൌനങ്ങളെയും തോല്‍പ്പിക്കണ ചിരി ............