kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Friday, November 18, 2011

മുപ്പതു മൈക്രോണില്‍ താഴെയുള്ള ജീവിതങ്ങള്‍

മുപ്പതു മൈക്രോണില്‍ 
താഴെയുള്ള ജീവിതങ്ങള്‍ 





തെരുവിലെവിടെയും തിരഞ്ഞു നോക്കണ്ട,
കാലടികളില്‍, തടഞ്ഞെക്കാം,
കാറ്റില്‍ പരന്നെക്കാം,


ചോര കട്ടച്ചവ,
വഴിയെ പോയ ബസ്സില്‍ നിന്ന്
വലിച്ചെറിഞ്ഞ  ചര്‍ദ്ദി ,
ഒരു കോഴിയുടെ ജഡ ബാക്കികള്‍,


ചീഞ്ഞ  ഒരു സ്വപ്നപ്പൊതി,
വഴുക്കുന്ന കാമം,
പാഴ് ഭ്രൂണം,
ചിതയില്‍ നിന്നിറങ്ങി ഓടിയ ഭൂമി,


കലങ്ങിയ ആകാശം
മറന്നു വച്ച  നക്ഷത്രം ,
നിറം പഴകിയ കൊടികള്‍
രക്തസാക്ഷിയുടെ വസ്ത്രം,
ഉറുമ്പ്‌ മൂടിയ പിഞ്ചു ചിരി,
പുളിച്ച വാത്സല്യം...




ഹനുമാന്റെ കയ്യില്‍ നിന്നും 
വീണു പോയ പൂമാലകള്‍ ,
വെറും വാക്കുകള്‍ ...
നിറഞ്ഞു തൂവുന്ന ഹൃദയങ്ങള്‍
ഇന്നലെ വരെ പൊതിഞ്ഞ
മധുരങ്ങള്‍ ....


മുപ്പതു മൈ ക്രോണില്‍ താഴെയുള്ള
ജീവിതങ്ങള്‍ക്ക് ആയുസ്സ് കൂടുതലാണ്,
ബ്രഹ്മാസ്ത്രത്തിന്റെ കൂര്‍പ്പുകൊണ്ട്
പിളര്‍ന്ന തലയുമായി
ഉലക് ചുടുന്ന അശ്വഥാമാവുപോലെ 
ജീവിച്ചു ജീവിച്ചു,
മണ്ണിനും, മരത്തിനും വേണ്ടാതെ
പുനര്‍ജനി ഇല്ലാതെ
ആര്‍ക്കും വേണ്ടാതെ,
പാറി ,
പലായനം ചെയ്തും 
പ്രവാസമായും,
അലഞ്ഞു തീരാറുണ്ട്..


വെറുതെ കിട്ടുകയും 
വെറുതെ വലിച്ചെറിയുകയും 
ചെയ്യുന്ന തത്വശാസ്ത്രങ്ങള്‍  ഞങ്ങള്‍ 


മുപ്പതു മൈക്രോണില്‍ താഴെയുള്ള
പ്ലാസ്ടിക്കു ജീവിതങ്ങള്‍.

No comments:

Post a Comment