kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Wednesday, December 28, 2011

7:49 PM

ചാക്കാല

ചാക്കാല 

ഒരു നല്ല വാക്ക്
പറയുന്നതും കാത്തു,
ജീവിച്ചിരുന്ന സമയത്തൊന്നും
നീയതു പറഞ്ഞിട്ടില്ല ...

കടം കേറി മുടിഞ്ഞപ്പോളും,
കാഞ്ചീപുരം
മുടക്കിയിട്ടില്ല .
വൈകിയ ബസ്സില്‍
മടങ്ങുമ്പോഴും ,
മസാലദോശ മറന്നിട്ടില്ല .

ചുവപ്പുനാടകള്‍
തോണ്ടിവിളിച്ചപ്പോഴും ,
സിനിമാശാലയില്‍ഇരുന്നു തന്നിട്ടുമുണ്ട് .
അമ്മക്കുള്ള മരുന്ന് മുടക്കിയും,
നിനക്ക് കുമാരി കല്പം
വാങ്ങി ഊട്ടിയിട്ടുണ്ട് ..

കൊതിച്ചു കാത്തിരുന്ന
കുഞ്ഞിക്കാല് ,നിന്റെവാക്കിന്
കലക്കിയിട്ടുണ്ട് .
മരണവീട്ടില്‍ നിന്നും,
മടങ്ങിവന്നു നിന്റെ
തീയണചിട്ടുണ്ട് .
മുറ്റത്ത് കളിക്കുന്ന
തുമ്പിയെപ്പിടിച്ചു,
സര്‍വവിജ്ഞയാനകോശം
പോക്കിയെടുപ്പിച്ചപ്പോഴൊക്കെ
നിസ്സംഗനായി നിന്ന് തന്നിട്ടുമുണ്ട് .

പെറ്റവീടിനെ ഒറ്റക്കാക്കി
വാടക വീട്ടില്‍ ഇരുന്നിടുണ്ട് .
നീ എറിഞ്ഞു പൊട്ടിച്ച
പാത്രങ്ങള്‍ക്കൊക്കെ
പകരമെത്ര വാങ്ങിയിട്ടുണ്ട് ?

ഒരു നല്ല വാക്ക്
പറയുന്നതും കാത്തു ,
ജീവിച്ചിരുന്ന സമയത്തൊന്നും
നീയതു പറഞ്ഞിട്ടില്ല ..

എന്നിട്ടിപ്പോള്‍
ഞാന്‍ ചത്ത്‌ കിടക്കുമ്പോള്‍,
നീ സല്കഥചൊല്ലി
അല മുറയിടുന്നു ......


10:42 AM

ഹൈക്കു കവിതകൾ

മഞ്ഞ്


പ്രണയ മഞ്ഞേറ്റു
ജലദോഷം
വിരഹമഞ്ഞേറ്റു പനി



ഉറക്കം 

തണുപ്പില്ല
വെള്ളപ്പുതപ്പിനുള്ളില്‍
ശാന്തമുറക്കം



 ആയുധം

സുദര്‍ശനചക്രത്തോട്
എതിരിടാന്‍
കുന്നിക്കുരുമാല





നീയും ഞാനും 


നീയെന്റെ കഥ
ഞാന്‍ നിന്റെ കവിത
കീറക്കടലാസ്



ആര്‍ത്തവം 


ബീജത്തെക്കാത്ത്
മടുത്ത അണ്ഡം
തിരക്കിട്ടിറങ്ങിപ്പോയി



നോവ്‌ 


ചങ്കിനെക്കാള്‍
ചോപ്പുള്ള
ചെമ്പരത്തി പൂവുകള്‍








10:34 AM

കുറുങ്കവിതകൾ

സ്വപ്നം


പുസ്തകത്താളില്‍
ഒളിപ്പിച്ച മയില്‍ പീലി
വന്ധ്യയായിരുന്നു ..
സ്വപ്നം കിട്ടാക്കടം





ഓണം 


അന്ന് ഒറ്റ വാമനന്‍
ഒറ്റ മഹാബലി
ഇന്നോ അനേകം വാമനര്‍
ബലിയെത്തിരഞ്ഞു നടക്കുന്നു



ഒടുക്കം 


മഴവില്ലിന്‍റെ ഒരു പൊട്ട്
എനിക്കിന്ന് വേണം,
എറിഞ്ഞെറിഞ്ഞു
കല്ല്‌ കഴിഞ്ഞു ,
കയ്യുകഴച്ചു,
അപ്പോഴിതാ മഴവില്ല്
ചാഞ്ഞു വന്നു
കവിത തൊടുന്നു 





കമ്പോളം


കണ്ണിനു വില കാല്ക്കാശ്
മുലക്ക് വില
മുക്കാല്‍ക്കാശ്
കണ്ണീരിനും മുലപ്പാലിനും
വിലയിടിഞ്ഞെന്നു
കമ്പോള വിലനിലവാര ബുള്ളറ്റിന്‍ 






10:25 AM

ബോണ്‍സായ്

ബോണ്‍സായ്

എന്റെ വേരിനു
വിലങ്ങിട്ടു നിങ്ങള്‍ 
എന്റെ പേരിനു
വിലപറഞ്ഞു

എന്റെയിലകള്‍
നുള്ളിപ്പറിച്ചു,
എന്റെ സ്വപ്നത്തിനു
കത്തി വച്ചു,

എന്റെ ശാഖകള്‍ ,
മൂക്കും മുലകളും ,
പൂവും പരാഗവും ,
എന്റെയാകാശം ,
എന്റെ ഭൂമി,
ഒക്കെയും കോതി
ചിരിച്ചു നിങ്ങള്‍ ..

ഒരു നേര്‍ത്ത
കാറ്റിനുമിടതരാതെ
ഒരു കിളിപ്പാട്ടിന് ,
മൂളുന്ന വണ്ടിന്
ശലഭച്ചിറകിന്,
ഒരിണച്ചുടിന്,
മഴത്തലോടലിന്,
മാമരക്കൂട്ടിന്,
ഒന്നിനുമൊന്നിനും
വകതരാതെ ,
കൈകള്‍ പിരിച്ചോടിച്ചും,
കാഴ്ചകളൊക്കെ ചൂഴ്ന്നെടുതും ,
പൊള്ളിച്ചു വ്രണമാക്കിയും
ചന്തയില്‍ പിച്ച്ചക്ക്
കുടിയിരുത്തി ..

എന്റെ സൂര്യന്റെ
മുഖം തടുത്തു,
എന്റെ സമുദ്രത്തിനു
വേലി കെട്ടി ..

പൊള്ളുന്ന നെഞ്ചകം താണ്ടി
ഒരുപാടു വിത്തുകള്‍
ഒരു നാളീഭൂവില്‍
മുളച്ചുപൊന്തും ,
ഇനിയും വസന്തങ്ങള്‍
ബാക്കിയുണ്ടാം,
അതിലെന്റെ കിനാവ്
പൂത്തു നില്‍ക്കും 

Tuesday, December 27, 2011

3:30 AM

പേന്‍കാലങ്ങള്‍

പേന്‍കാലങ്ങള്‍
---------------


തല ഒരു
ആവാസവ്യവസ്ഥ
തന്നെയായിരുന്നു,

സഹ്യസാനുക്കളിലെ
മദയാനകള്‍ പോലെ,
ഞങ്ങള്‍ പേനുകള്‍
താത്തിയൊടിച്ചും,
തകര്‍ത്തെറിഞ്ഞും ,
പ്രേമിച്ചും ,
ഇണ ചേര്‍ന്നും,
പ്രസവിച്ചും ,
ആര്‍ഭാടമാക്കിയ
മുടിമഴക്കാടുകള്‍ ..

കറുപ്പില്‍
ഞങ്ങള്‍ കറുത്തു,
ക്ഷുരകന്റെ
കത്തികള്‍ ഞങ്ങളെ
മുറിവേല്പ്പിച്ചില്ല ,
ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ
ഒളിയുദ്ധം,
നഖപ്പരപ്പില്‍
പിടഞ്ഞു തീര്‍ന്നില്ലയെത്ര
രക്തസാക്ഷികള്‍..?

പിന്നെയെപ്പോഴോ
വെള്ളി വരയുള്ള പാമ്പുകള്‍
തല തേടി വന്നു ,

കറുത്തവന്റെ
സ്വപങ്ങള്‍ക്ക് മീതെ
വിഷം പരന്നു,
തണുത്തുറഞ്ഞ തലയില്‍ നിന്നും
കൂട്ടത്തോടെ പലായനം
ചെയ്തു പേന്‍ കൂട്ടങ്ങള്‍ .
ചേക്കേറുവാന്‍
അഭയാര്‍ഥികള്‍ പോലെ,

എങ്കിലും ഓര്‍ക്കുമ്പോള്‍
തല ഒരു ആവാസവ്യവസ്ഥ
തന്നെയായിരുന്നു 
3:28 AM

ഒളിച്ചോട്ടം

ഒളിച്ചോട്ടം
ആദര്‍ശം തട്ടിയുണ്ടായ
പച്ചമുറിവുകള്‍ക്ക് ,
ഒരുപാടു തവണ നീ 
കമ്മുണിസ്റ്റു പച്ചയായിട്ടുണ്ട് ..

ചെറിയ പനിക്കുപോലും
പാരസിറ്റാമോളായി
അവതരിച്ചിട്ടുണ്ട് ,

തലവേദനയ്ക്ക് ബാം
ചിതലരിക്കുന്ന
ചുമക്കു ആവി ,
ഉപ്പിട്ട കഞ്ഞിവെള്ളം ,
ചുക്കുകാപ്പി ,
നനഞ്ഞപ്പോള്‍ ഒറ്റ മുണ്ട് ,

പേരറിയാത്ത പച്ചിലകള്‍ കൊണ്ട്
നീയോരുക്കിയ കഷായങ്ങള്‍
കുടിച്ച രാവുകളെത്ര ?

മരുഭൂവില്‍
കിതച്ച വെയിലില്‍
മരുപ്പച്ചയായും
അലകടലില്‍
നാട്ടുവേട്ടമായും .
താഴ്വരകളില്‍
കൂക്കിനു മറുകൂക്കായും
പുനര്‍ജനിചിട്ടുമുണ്ട് ,

എന്നിട്ടും മനസ്സിനൊരു
മുറിവേറ്റപ്പോള്‍
മരുന്നില്ലെന്നു പറഞ്ഞു
നീ ഒളിച്ചോടിയതെന്തിന്

Monday, December 26, 2011

4:46 AM

കുറുങ്കവിതകൾ

കമ്പോളം


കണ്ണിനു വില കാല്ക്കാശ്
മുലക്ക് വില
മുക്കാല്‍ക്കാശ്
കണ്ണീരിനും മുലപ്പാലിനും
വിലയിടിഞ്ഞെന്നു
കമ്പോള വിലനിലവാര ബുള്ളറ്റിന്‍ 



ചുഴി 


ചുഴിയില്‍
പെട്ടൊരു തോണി
നിന്നില്‍ ഞാന്‍



 മഞ്ഞ്


ഡിസംബര്‍
വിരഹമഞ്ഞിലും ചിരിച്ചു
ഉദയസൂര്യന്‍
ഇലചാര്‍ത്തിനുള്ളില്‍


ഭേദം 

ചിലര്‍ ജീവിക്കാനായി
മരിക്കുന്നു
മറ്റു ചിലര്‍
മരിക്കാനായി
ജീവിക്കുന്നു



വിള


ഉച്ച്ചക്കു പൂ
മൂവന്തിക്കുവിത്ത്
രാത്രിക്ക് മുള




4:38 AM

നമുക്കുള്ളതൊക്കെയും

നമുക്കുള്ളതൊക്കെയും 

നിനക്ക് സമ്മാനിക്കാതിരുന്ന
നക്ഷത്രങ്ങള്‍ കൊണ്ടാണ് 
പുല്ക്കൂടിനെ അലങ്കരിച്ചത് ,
കൂടു കൂട്ടുവാന്‍
ഒന്നിച്ചു കൊത്തി കൊണ്ട് വന്ന
നാരു,വേരുകള്‍ കൊണ്ടാണ്
പുല്‍ക്കൂടുണ്ടാക്കിയത് ,

നട്ടു വളര്‍ത്തിയ
പൂമരത്തെ ചോടെ വെട്ടിയാണ്
കച്ച പൊതിഞ്ഞു ,
കരയുന്ന ചില്ലക്കൈകളെ
ഒടിച്ചു കളഞ്ഞാണ് ,
കടലാസു പൂക്കള്‍ കെട്ടിവച്ചു
ക്രിസ്തുമസ് മരമാക്കിയത് ...

മരുഭൂമിയിലേക്ക്
യാത്രപോകാന്‍ ഒരുക്കൂട്ടിയ
മഞ്ഞു കൊണ്ടാണ് കുളിര് തീര്‍ത്തത് ,
ഇനിയൊന്നും ബാക്കിയില്ല
പാടാന്‍ ശീലുകളോ
ആടാന്‍ ചുവടുകളോ പോലും

എന്നാലും അന്തി മേയുന്ന
പകലുകളില്‍
കണ്ണില്‍ കണ്ണില്‍ നോക്കി
അര്‍ത്ഥമില്ലാത്ത
ആശംസ ചൊരിയാം..
പുതു വര്‍ഷമെല്ലേ
?

Saturday, December 24, 2011

8:26 PM

കാഴ്ചകള്‍

കാഴ്ചകള്‍ 

മോഹിച്ചു കെട്ടിയതാണ്
കൂമ്പന്‍ തൊപ്പിയും ,
അലങ്കാരവടിയും ,
വെള്ളത്താടിയും,
മുഖം മൂടിയും,
ചുകപ്പ് കുപ്പായത്തില്‍
തന്നെ കണ്ടപ്പോള്‍ ,
കണ്ണാടിയോടു പോലും
എന്തോരിഷ്ടം തോന്നി ..

പണം കായ്ക്കുന്ന
മരം കൊണ്ട്
ക്രിസ്തുമസ് ട്രീ ഒരുക്കിയ
കുബേരന്റെ വീട്,
കടിക്കാനോടിച്ച പട്ടി ,
ചാര് കസേരയില്‍ പാതി ഒഴിഞ്ഞ
ഗ്ലാസ്സുമായി ഇരുന്നയാള്‍ക്ക്
പരിഹാസ പുഞ്ചിരി..

അടുത്ത വീട്
അവധി വീട്,
ഉമ്മറത്ത് കെട്ടിത്തൂക്കിയ
നക്ഷത്രം മരിച്ചിരുന്നു ,
പത്രക്കാരനും പാല്ക്കാരനുമുള്ള
താക്കീതുകള്‍ ,
വാതിലില്‍ വാറോല..
.
പടികൊട്ടിയടച്ച
വിപ്ലവകാരി,
ഒരു പിടി നാണയം
വാരിയെറിഞ്ഞ പലിശക്കാരന്‍ ,
ഉടുമുണ്ടിന്റെ കോന്തലയില്‍നിന്നു
പാപത്തിന്റെ ശമ്പളം
വീതിച്ചോരുവള്‍,
മൂക്കളകൊണ്ട് മുഖം മിനുക്കി
കൌതുകകണ്ണുകള്‍,

ഒരു പുല്‍ക്കൂട് കണ്ടു ..
അതിലുറങ്ങുന്നു ,
അമ്മത്തൊട്ടിലില്‍ നിന്ന്
ഇറങ്ങിയോടിയ ശിശു ,
പത്രത്താളില്‍ നിന്നും രക്ഷപ്പെട്ട
ഇത്തിരിപെണ്‍കുട്ടി,
തെരുവ് തോറും
വഴുതുന്ന വാക്കുകളാല്‍
എഴുതിയൊട്ടിച്ച
അര്‍ത്ഥമില്ലാത്ത ആശംസകള്‍ ,

കുപ്പായത്തിനുള്ളില്‍
മനസ്സ് നീറി ചൂടു കൂടി,
മുഖം മൂടിയുടെ വിടവിന്
കാഴ്ച്ചയില്ലാതപോലെ..
സാന്തോക്ക് പനിക്കുന്നു
ഇനി വയ്യ കാഴ്ചകള്‍
..

Friday, December 23, 2011

8:50 AM

ഐ ലവ് യു

ഐ ലവ് യു 


പൊതു ടോയ്ലറ്റിന്റെ
നരച്ച ചുമരില്‍
കരിക്കട്ട കൊണ്ട് അമ്പേററ
ഒരു വികൃതഹൃദയം
വര്ച്ചുവച്ചതിനു താഴെ
അവന്റെയും അവളുടെയും
പേരുണ്ട്.
കറുത്ത ലിപിയിലൊരു
ഐ ലവ് യു

തെരുവില്‍ നിന്നും
ഇറച്ചിക്കട കഴിഞ്ഞു
ഇടത്തോട്ടുള്ള വഴിയില്‍
മതിലില്‍ അയാളുടെയും
അയല്‍പക്കക്കാരിയുടെയും പേരുണ്ട്

മൈദ നനഞ്ഞു പടര്‍ന്ന
കടലാസില്‍ അവരങ്ങനെ
ആലിംഗത്തില്‍
കുതിര്‍ന്നു നില്‍ക്കുന്നു ,
മഷി കലങ്ങി ആക്രുതിപോയ
ഐ ലവ് യു

ഓഫീസ് ചുമരില്‍
അദ്ദേഹത്തിന്റെയും
അവരുടെയും പേരുകള്‍

കടപ്പുറത്തെ ഉപ്പുതൂണില്‍
തുരുമ്പിച്ച പേരുകള്‍,
കടലെടുക്കുന്ന മണലില്‍
കാലു കൊണ്ട് വരച്ച
ഐ ലവ് യു ,

അത്യാസന്ന വിഭാഗത്തിന് മുമ്പില്‍
പ്രസവമുറിച്ചുമരില്‍ ,
മോര്‍ച്ചറി വാതിലില്‍,
ശ്മശാനത്തിലെക്കുള്ള
പടിയില്‍ വരെ,
ഉണങ്ങിയ ചോരപ്പാടായി
ഐ ലവ് യു ..

എന്നിട്ടുമെന്നിട്ടും
നാം നേര്‍ക്കുനേര്‍ കണ്ടാല്‍
കയര്‍ക്കുന്നതെതിന് ?
സ്നേഹമല്ലെയിവിടെ
തൂണിലും തുരുമ്പിലും
?

Wednesday, December 21, 2011

7:42 PM

ആത്മഗതം

ആത്മഗതം 
===========


സുഹൃത്തുക്കളെ
ഞാന്‍ ഇതാ ഈ പാറയിലിരുന്നു
ഓരിയിടാന്‍ തുടങ്ങിയിട്ട്
വര്‍ഷങ്ങളായി ,

ഒരു കാരണവര്‍ പോലും
നിന്റെ ഓരി നന്നെന്നോ
ചീത്തയെന്നോ
അതിന്റെ ആദ്യഭാഗം
ഇങ്ങിനെയാക്കണമെന്നോ
അവസാനഭാഗം കലക്കി എന്നോ
പറഞ്ഞിട്ടില്ല
ഒരു കാമുകി പോലും
പല്ലവി മധുരതരം
അനുപല്ലവി ഇഴഞ്ഞു
ചരണം മോശം
തുണ്ട് പല്ലവി നന്നായി
എന്നൊന്നും പറഞ്ഞിട്ടില്ല
അമ്മപെങ്ങന്മാര്‍ പോലും ..

ഇന്നെലെ ദാ അപ്പുറത്തെ
കാട്ടില്‍ നിന്നും
ഒരു ഊശാന്താടിക്കാരന്‍
പരദേശി
വന്നു ഈ പാറയുടെ
ആ മൂലയിലിരുന്നു
വെറുതെ ഒന്ന് ഓരിയിട്ടതെ ഉള്ളല്ലോ

മുതുകിളവികള്‍ തൊട്ടു
ഇളം പെണ്ണുങ്ങള്‍ വരെ,
നരച്ചവര്‍ തൊട്ടു
തോട്ടിലാടുന്നവര്‍ വരെ,
കൊടിപിടിച്ചവനും,
വഴിപിഴച്ചവനും ,
അവന്റെ കൂവലിനെ പറ്റി
ചര്‍ച്ച ചെയ്യുന്നു ..
അവന്റെ ഓരി
ലോകത്തെ അടയാളപ്പെടുത്തലാണത്രേ ,
എട്ടു ഭാഷകളിലേക്ക് വിവര്‍ത്തനം
ചെയ്യപ്പെട്ടിട്ടുണ്ടത്രേ ..

കുറെ ഞണ്ടിന്റെ കാലും
പനംകുരുവും
പാറപ്പുറത്ത് ബാക്കി വച്ച്
അവന്‍ പോയി..
അവരവന് യാത്രയയപ്പ് നല്‍കി

ഇന്നും ഞാനിവിടിരുന്നു കൂവുന്നുണ്ട്
സൌകര്യമുള്ളവര്‍ കാറ്റില്‍
എന്റെ ഓരിയെയും
കേട്ട് കൊള്ളുക
ഞാനൊരു പ്രാദേശിക
കുറുക്കന്‍.
7:18 PM

മേഘം

മേഘം

ചങ്ങലക്കിട്ട ശലഭങ്ങള്‍
ഇഴയുന്ന പൂവാടികള്‍,
കണ്ടു മനം ചത്തു
കിടുങ്ങുന്നു മഴമേഘം .

നങ്കൂരമിട്ട കടവില്‍
ഉപ്പുകാറ്റിന്റെ ചുംബനത്തില്‍
തേഞ്ഞുപോകുന്ന
നൌകയുടെ മുഖച്ഛായ ,

അടച്ചിട്ട ഹൃദയം
ദുരിതങ്ങള്‍ അതിരിട്ട
ഭൂഖണ്ഡം പോലെ ,
നരച്ച ആകാശം പോലെ,

ഉരുകി പോകട്ടെ ചങ്ങലകള്‍
ശലഭങ്ങള്‍ എഴുന്നെറ്റ്
നൃത്തം തുടങ്ങട്ടെ
പെയ്യാതിരിക്കില്ല
ഒരു ചാറലായെന്കിലും
7:11 PM

കാറ്റില്‍

കാറ്റില്‍

കാറ്റിന്റെ കരമേറിയാരുവരുന്നു
നേര്‍ത്ത മഞ്ഞും ,
രാപ്പൂക്കള്‍ തന്‍ മണവും .
ഇന്നലെയെവിടെയോ മറന്ന_
തെന്തോ തേടി തിരഞ്ഞു നോക്കുന്നു
നിലാവ് സകൌതുകം ,

കാറ്റിന്റെ കരമേറിയാരുവരുന്നു
കൂട്ടം തെറ്റിയ കുഞ്ഞാടുകള്‍ .
കണ്ണ് മിഴിച്ചു നോക്കവേ
നിഴല്‍ക്കാടില്‍ പുഞ്ചിരിക്കുന്നു
ദിക്ക് കാണിച്ചു പിറന്ന താരകം

കാറ്റിന്റെ കരമേറിയാരുവരുന്നു
കൂട്ടില്ലത്തതാം രാ പക്ഷി
നിലവിളികള്‍ മേയുന്ന കുന്നുകള്‍
നിലച്ച ഒഴുക്കും നോക്കി
പ്രാകുന്ന പുഴകള്‍

കാറ്റിന്റെ കരമേറിയാരുവരുന്നു
പ്രതീക്ഷതന്‍ സപ്ത സമുദ്രങ്ങള്‍
അലകള്‍ കൊണ്ട് തലോടുന്ന
സ്വപനതിന്നജ്ഞാതമാം
വന്‍കരകള്‍ 
6:56 PM

എന്ന് ഒരു കുയില്‍

എന്ന് ഒരു കുയില്‍ 
==========

കൂടു മാറിയിട്ട മുട്ടകളോക്കെയും
സ്വപനത്തിലടവച്ചു 
വിരിഞ്ഞിറങ്ങുന്നു ..

പാടാന്‍ വിട്ടുപോയ
രാഗങ്ങളത്രയും
ചങ്കില്‍ വന്നു
മുള്ള് കൂട്ടുന്നു ..

വിശക്കുന്ന കണ്ണുമായി
പിറകെ കാലം ,
കൂടില്ലാത്ത കുയിലുകള്‍ക്ക്
തലയില്ലാത്ത മരം സത്രം ,

പേടികള്‍ വേവുന്ന
പകലുകള്‍ താണ്ടി
കനക്കുന്നയിരുട്ടില്‍ ,
ഞാനിരിക്കുന്നോരീ ചില്ലയും
ഒരു കാറ്റിലോടിഞ്ഞു വീണേക്കാം

അതിനു മുമ്പേ ഞാന്‍
ബാക്കിവച്ചോരീ
ചെറു പാട്ടു വെറുതെ മൂളട്ടെ
..
6:53 PM

കുറുങ്കവിതകള്‍

       കുറുങ്കവിതകള്‍


ഉലകം 


വീണപൂവിന്റെ കരച്ചിലില്‍
മുങ്ങിപ്പോയ ഉദ്യാനത്തില്‍
മൊട്ടുകളുടെ പുഞ്ചിരി




   സമ്മാനം  


കരളുരുകിയിരുന്നൊരു
സൌഹൃദത്തിന്
കവിത കൊണ്ടൊരു തുലാഭാരം



 നുണ 


നിറം പൂശിയ സത്യങ്ങള്‍ കേട്ട് മടുത്തു
സ്നേഹിതാ കളങ്കമില്ലാത്ത
ഒരു നുണ പറയു



 രണ്ടറ്റവും 


ചിലര്‍ ജീവിക്കാനായി
മരിക്കുന്നു
മറ്റു ചിലര്‍
മരിക്കാനായി
ജീവിക്കുന്നു



വീട് 


വീട് ചിലപ്പോള്‍ പരാതിപ്പെട്ടി,
ചിലപ്പോള്‍ കോടതി മുറി,
ചിലപ്പോള്‍ കുമ്പസാരക്കൂട്,
ചിലപ്പോള്‍ കാരാഗൃഹം ,
വല്ലപ്പോഴുമൊക്കെ
ഉദ്യാനവും



വിപ്ലവം 


ആദര്‍ശം മുന്നോട്ടും
കുടുംബം പിന്നോട്ടും വലിച്ചപ്പോള്‍
വിപ്ലവത്തിനു കാലുതെറ്റുന്നു




Sunday, December 18, 2011

8:59 AM

കുറുങ്കവിതകള്‍

വിപ്ലവം 


കെട്ട സൂര്യന്റെ മാറിലെ ചാരം
ഊതി നീക്കുന്നു
വ്യര്‍ത്ഥമൊരു കാറ്റ്





ഒടുക്കം 


സിംഹം പനിപിടിച്ചു കിടന്നപ്പോള്‍
മരുന്നുമായി
അരുമയോടൊരു മാന്‍പേട



അടവുകള്‍ 

ആദര്‍ശം മുന്നോട്ടും
കുടുംബം പിന്നോട്ടും വലിച്ചപ്പോള്‍
വിപ്ലവത്തിനു കാലുതെറ്റുന്നു





ശകുനം 


വഴിക്ക് കുറുകെ ചാടിയ
കരിമ്പൂച്ച
കൂര്‍ത്ത കണ്ണുകൊണ്ട് ചോദിച്ചു
ധൃതിയില്‍ എങ്ങോട്ടാ 

Saturday, December 17, 2011

7:36 PM

തിരക്ക് കഴിയട്ടെ


തിരക്ക് കഴിയട്ടെ 
=========


പത്രവും പിടിച്ചു
രാവിലെതന്നെ നില്പാണ്,
അവനു വേണം ചുടുചോര ..
ഉരുവില്‍ ഞാന്‍ കണ്ടു
തണുത്തുറഞ്ഞ പേടിച്ചോര,

ഒരാള്‍ക്ക്‌ വേണ്ടത്
കണംകാലുകള്‍ ,
കുപ്പി വള തുളഞ്ഞ
ഇളം കൈകള്‍ ,
കുതിപ്പുകളെ
കഷായം വെക്കാന്‍ ,

ചിലര്‍ക്ക് വേണം
തുടകള്‍ തന്നെ ,
പാത്തും പതുങ്ങിയും
ഇടക്കൊന്നു തൊട്ടു നോക്കാനും,
നുള്ളി നോക്കാനും ,
അവരങ്ങനെ നുണച്ചും ,
ഇറക്കിയും പരുങ്ങും .
തലയില്‍ മുണ്ടിട്ടു
അച്ഛനും ആങ്ങളയും വരെ...

കരള്‍ വേണ്ടവരുണ്ട്,
അവസാനത്തെ അത്താഴത്തിനു
മേനി വിളമ്പാന്‍ ,
സ്വപ്‌നങ്ങള്‍ ദംശിച്ചു
നീലച്ച കരള്‍
പതിവുകാര്‍ക്ക് മാത്രം ..
ധൃതിയില്‍ വിലചോദിച്ചു
വാങ്ങാതെ പോകുന്നവര്‍
പച്ചമാംസതിനും
കുറ്റം പറയും ,

തലവേണ്ടവര്‍ക്ക്
ചങ്ക് വേണ്ട, അതിനു
ചെമ്പരത്തി പൂവിന്റെ
മുഖച്ഛായയാത്രെ ,
ചിന്തയുടെ മരവിപ്പില്‍
കനം കൂടുതല്‍ തൂങ്ങും ,

പിഞ്ഞിക്കീറിയ തോലിനും,
ചന്തത്തില്‍ നിറമിട്ട
നഖങ്ങള്‍ക്കും,
മടഞ്ഞിട്ട ചുരുള്‍ മുടിക്കും,
ഉടഞ്ഞ ചുണ്ടിനും ,
പരിക്കേറ്റ പുഞ്ചിരിക്കും
വരെ ആവശ്യക്കാര്‍..

ഇപ്പോഴും തുടിക്കുന്ന
ഈ ഹൃദയം ആര്‍ക്കും വേണ്ട
എല്ലാം കഴിഞ്ഞു
വീട്ടിലെത്തിയിട്ട് വേണം
എനിക്ക് ഇതും കേട്ടിപ്പിടിച്ചു
ഒന്ന് പൊട്ടിക്കരയാന്‍ ..
s
2:53 AM

കുറുങ്കവിതകൾ

   വസ്ത്രം 


രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍
വലിച്ചപ്പോള്‍
നടു കീറിപ്പോയ ജീവിതം





ചര്‍ച്ച


കാലൊപ്പം വെള്ളത്തില്‍ ,
അരക്കൊപ്പം ,കഴുത്തിനോപ്പം ,
മുങ്ങിത്താഴുംപോളും ചര്‍ച്ച







മന്തുകാലില്‍ വേച്ചു വേച്ചു
തകര്‍ന്ന വഴികളില്‍
മൌനജാഥയായ്‌ ഭരണകൂടം



ദിനാന്ത്യം 


കടിച്ചു തുപ്പിയ നഖങ്ങള്‍
നിലത്ത് ചന്ദ്രക്കല,
നെറ്റിയില്‍ ചുളിവിന്റെ പുഴ 



പടികള്‍ 

പടിയിറങ്ങി പോയ പാര്‍വതി 
തിരിച്ചു വന്നപ്പോള്‍
കയറാന്‍ പടിയില്ല



ഭേദം 


കടപ്പാടിന്റെ
പ്രവാസം
മരണഭയത്തിന്റെ
പലായനം



ഭരണം 


രാജാവിനു പള്ളി നിദ്ര,
അന്തപ്പുരത്തിനു ആലസ്യം
രാജ്യം വെള്ളത്തിലും






2:17 AM

തയ്യല്‍ക്കാരി യുടെ ആത്മകഥ

തയ്യല്‍ക്കാരി യുടെ ആത്മകഥ
===============

ചിലര്‍ വരും അളവേടുക്കും
അതെന്തൊരു നില്പാണ്
ശ്വാസം പിടിച്ച്ചങ്ങനെ ..
ലോകം ഇതാ എന്റെ ഉള്ളിലാണ്
എന്ന മൌനത്തില്‍,

ചിലര്‍ വരും കുട്ടികളുമായി..
അളവെടുക്കുംപോള്‍
അടുത്ത രണ്ടുകൊല്ലം കൂടി
പരിഗണിക്കണമെന്ന് ..

അളന്നെടുത്താലും
അയഞ്ഞു പോകും
കുട്ടിക്കുപ്പായങ്ങള്‍

ഇനിയും ചിലരോ
കാമുകിമാര്‍ക്ക്
അളവില്ലാത്ത കുപ്പായങ്ങള്‍
തുന്നാന്‍ നിര്‍ബന്ധിക്കും
പ്രണയമൊരിക്കലും
അളവിലോതുങ്ങില്ലല്ലോ ..

കടപ്പാടിന്റെ ഒറ്റമുണ്ടിന്
വക്കടിക്കാനും ,
ചിന്തയുടെ
കുടുക്കുപോയത് വയ്ക്കാനും,
ഓര്‍മയുടെ
അളവ് ചുരുക്കാനും,
ഭ്രാന്തിനാല്‍
പിഞ്ഞി പോയത് മൂട്ടാനും ,
വരുമൊരുപാടുപേര്‍..

ജീവിതം രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍
വലിച്ചപ്പോള്‍
നടുകീറിപ്പോയെന്നു ഒരാള്‍,

ഇസ്തിരിയിടവേ കരിഞ്ഞ
സ്വപ്നന്തിനു പകരം
മറ്റൊന്ന് തുന്നിച്ചേര്‍ക്കാന്‍ മറ്റൊരാള്‍

ദൈവം തുന്നാനേല്‍പ്പിച്ച
വസ്ത്രം വാങ്ങാനെതിയത് പിശാച്
ദൈവം നഗ്നനായി മടങ്ങിപ്പോയി

ഭാണ്ഡം തുന്നനെല്പ്പിച്ചയാള്‍
പനിച്ചു ചത്തത്രേ ..
ശവക്കച്ച മുറിച്ചു വാങ്ങാന്‍
വന്നയാള്‍ മുഷിഞ്ഞു കാണും

തുന്നല്‍ക്കടയില്‍
തിരക്കോടു തിരക്ക് തന്നെ
ഒഴിവുണ്ടാകുംപോള്‍ തുന്നും ഞാന്‍
എനിക്കുമൊരു കുപ്പായം
.

Thursday, December 15, 2011

4:36 AM

ഹൃദയം

ഹൃദയം 



ഹൃദയമൊരു
പണയച്ചരക്കല്ല.
കടമായിട്ടുപോലും
തരാവുന്നതല്ല

ഹൃദയക്കടലുകള്‍
നീന്താതെയിന്നോളവും
ഒരു തിരപോലും
കരയെത്തിയിട്ടില്ല

ഹൃദയമൊരു
വിലക്കപ്പെട്ടതാം കനി
തിന്നവരാരും
പിന്നുറങ്ങിയിട്ടില്ല

ഹൃദയമൊരു
ചോണനുറുമ്പ്
തിരഞ്ഞെതുമെവിടെയും
പ്രണയമാം മധുരം

ഹൃദയമോരുറ-
യതിന്നുള്ളിലെന്നും
ഒരു വാള് മൂര്‍ച്ച നോക്കുന്നു

ഹൃദയമൊരു
മുറിവേറ്റ കാട്ടുകിളി
ചിലപ്പോഴൊക്കെ
പാടും കുയില്‍

ഹൃദയം പൊട്ടാറായ
ഒരണക്കെട്ട്
ഒരുവേള മരുഭൂമി

ഹൃദയമൊരു
ഭൂപടമല്ല
അതിരുകള്‍ കൊണ്ട്
ഭാഗിച്ച നഗരമല്ല

ഹൃദയമൊരു
ഉത്തരമല്ലൊന്നിനും
ചോദ്യത്തിന്നമ്ളം മാത്രം

Wednesday, December 14, 2011

6:31 AM

ഒറ്റയ്ക്ക് ഒരു വീട്

ഒറ്റയ്ക്ക് ഒരു വീട് 




ഒരു വീട് കണ്ടൂ
അടുപ്പിന്‍ പുകക്കുഴല്‍
മാറാലകെട്ടിയടഞ്ഞിരിപ്പൂ

മുറ്റത്ത്
വാര്‍ പൊട്ടിയ ചെരിപ്പും
കെട്ടടര്‍ന്ന ചൂലും
കാക്കകളാത്മരോഷത്താല്‍
കൊത്തിത്തകര്‍ത്ത
ജനാലകളും

ഒരു വീട് കണ്ടു
സ്വപ്‌നങ്ങള്‍ കടം വാങ്ങി
പൊക്കിയുണ്ടാക്കിയ
ആമത്തോട്‌

ജീവിതം പോറിയിട്ട
ഗുഹച്ചുമര്‍,
നെഞ്ചില്‍ നിന്നിറങ്ങി പോകും
നാഗങ്ങള്‍ പെറ്റുകിടക്കും
മച്ച്ചകം

ഇരുളിന്റെ പോന്തക്കുള്ളില്‍ നിന്നും
വീടിനെ നോക്കി മുരള്‍ച്ച്ചകള്‍
അതിര്‍ത്തികളില്‍
കുരച്ച്ചെത്തും കൊതികള്‍

പേടിപ്പനി കിടുക്കുന്ന
യാമങ്ങളില്‍ വീട്
ഒരു പുള്ളിന്റെയായാലും
സാന്ത്വനം തേടുന്നു

എന്ന് വരും
പഥികരെന്കിലും
കാത്തിരുപ്പുണ്ടൊരു  വീട്

ശ്മാശാനത്തിലെക്കുള്ള
വഴിയരികില്‍
ഒരു വീട് കണ്ടൂ
അടുപ്പിന്‍ പുകക്കുഴല്‍
മാറാലകെട്ടിയടഞ്ഞിരിപ്പൂ..
.
6:24 AM

കുറുങ്കവിതകൾ

ഉരഗം 


തീ പിടിച്ച
മനസ്സിന്റെ മടകളില്‍
മുട്ടയിട്ടു പെരുകുന്ന
ഉരഗങ്ങളാണ് സ്വപ്‌നങ്ങള്‍





 പ്രായം 

കടിച്ചു തുപ്പിയ നഖങ്ങള്‍
നിലത്ത് ചന്ദ്രക്കല,
നെറ്റിയില്‍ ചുളിവിന്റെ പുഴ


ഗന്ധം 


ഭീരുക്കളായ മൂക്കുകളെ..
മുറ്റത്തെ മുല്ല
മണക്കുന്ന കാലം വരും





വീട് 

സ്വപ്‌നങ്ങള്‍ കടം വാങ്ങി
പോക്കിയുണ്ടാക്കിയ
ആമത്തോട്‌


Monday, December 12, 2011

6:57 PM

കുറുങ്കവിതകള്‍


കുറുങ്കവിതകള്‍ 


വിപ്ലവം 

ഇനിയും ചോക്കാനില്ലെന്നു
ചെമ്പരത്തി
ആത്മഹത്യ ചെയ്തു ശലഭം

വലകള്‍
 
ഇരകള്‍നെയ്തോരുവലയില്‍
പെട്ടുമരിച്ചൊരു
ചിലന്തി

വീട് 
പായാരം മാത്രം
മഹാമന്ത്ര മാക്കി
കിടപ്പറ

വിത 
കലപ്പയുടെ നാവ്
കളയുടെ വിത്തിനോട്
ഉണര്‍ച്ചയുടെ പാട്ടുമൂളുന്നു

നോവ്‌ 

രാത്രിയുടെ നെഞ്ചിലേക്ക്
നിലാവിന്റെ കറ
ഇറ്റി വീണു കുതിരുന്നു

തെരുവ് 

ഭ്രാന്ത് കവിതയെ
ബലാല്‍ക്കാരം ചെയ്തു
അനുരാഗം
അതിനു കൂട്ട് നിന്നു

വസന്തം 

പാഴ്ചെടിയിലും
വസന്തത്തിന്റെ അണ്ഡം ,
തുമ്പികളുടെ ചിറകില്‍
ഒലിച്ചിറങ്ങുന്ന ഉന്മാദം




6:44 PM

നിഴല്‍

നിഴല്‍ 

ഈ ചുടുകാട് വരെ
നിന്റെ പിന്നിലായി
എന്നും നടന്നിരുന്നു ഞാന്‍ 

കരച്ചിലായ്‌ കാലിനെ
കെട്ടിപ്പിടിച്ചും ,
ഗതി കേട്ടുനീണ്ടും
മുന്നില്‍ നയിച്ചും
ഒരുവേള ,

ചരടിട്ടു കെട്ടിയ
പട്ടമായ്‌ ബാല്യം,
തുഴയില്ലാ തോണിയായി
അലസ കൌമാരം ,

നടന്ന വഴികളിലെ
കൂര്‍ത്ത കല്ലുകള്‍
ചുംബിച്ചു തേഞ്ഞ
കാലുകള്‍,

പായാരം മാത്രം
മഹാമന്ത്ര മാക്കിയ
കിടപ്പറ,

കൊടിനിറം നോക്കി
കൈകൊടുത്ത സൗഹൃദം
ഒക്കെ കഴിഞ്ഞു നീ
ഇച്ചുടുകാട്ടില്‍
വിശ്രമിക്കാനിരിക്കും വരെ
നിന്റെ പിന്നിലായി
എന്നും നടന്നിരുന്നു ഞാന്‍ ..

ഉദകം കഴിഞ്ഞു
നിഴലാമെനിക്കിനി
ഒഴിയാം നിന്‍ ഹൃദയം

Sunday, December 11, 2011

10:08 AM

അതിര്‍ത്തികള്‍




         അതിര്‍ത്തികള്‍         

അതിര്‍ത്തിയിലാകാശത്ത്
അടുക്കുവാനാകാതെ
പാറുന്നു നമ്മുടെ പട്ടങ്ങള്‍

നമുക്ക് രണ്ടു നിറം
എണ്ണമറ്റ കൊടികള്‍
രാജാവ് നഗ്നനെന്നു വിളിച്ചു
പറഞ്ഞതിന് തൂക്കിലേറ്റപ്പെട്ട കുട്ടികള്‍

കളിക്കാന്‍ മറന്ന
ചതുരംഗപ്പലകകള്‍
വീണ പൂവുകളെ
അരച്ച് കടന്നു പോകുന്ന പടക്കുതിരകള്‍

ഒഴുക്കിനെതിരെ നീന്തി
തളര്‍ന്ന ഭ്രാന്തുകള്‍
പുളിച്ചു തികട്ടുന്ന സത്യങ്ങള്‍

വരണ്ടുപോയ നദികളും
പേ പിടിച്ച കുന്നുകളും
അടിവരയിട്ട ഭൂപടം,
വേലി കെട്ടിയ ഭാഷകള്‍

നമുക്ക് കാക്കുവാനുള്ളത്
ചിതലരിച്ച ചരിത്ര പുസ്തകം
പറഞ്ഞു വച്ച മതിലുകള്‍
ചങ്ങലയിട്ട കൈകള്‍ കൊണ്ട്
നാം അഭിവാദ്യം ചെയ്യുമ്പോള്‍

അതിര്‍ത്തിയിലാകാശത്ത്
പെയ്ത മഴയില്‍
അലിഞ്ഞു തീരുന്ന നിറങ്ങള്‍

ഒരു നദിയായി
ആത്മാക്കളുടെ കടല്‍
തേടി ഒഴുകാന്‍ തുടങ്ങുന്നു

കാറ്റില്‍ ചരടുകള്‍ പുണര്‍ന്നു
അതിര്‍ത്തിയിലാകാശത്ത്
ഇണ ചേരുന്നു
നമ്മുടെ പട്ടങ്ങള്‍

3:21 AM

കുറുങ്കവിതകള്‍

 പലായനം 


നാട് വിട്ടോടിയതായിരുന്നു
നോക്കുമ്പോളുണ്ട്
നാടുണ്ട് മുന്നില്‍

പിറവി 

കുഞ്ഞുസൂര്യന്‍ കണ്ണുമിഴിച്ചപ്പോള്‍
മഞ്ഞുതുള്ളിയെ പേറിയ
പുല്‍ക്കൊടിക്കു സാഫല്യം


     കാലം 

ഇരകള്‍നെയ്തോരുവലയില്‍
പെട്ടുമരിച്ചൊരു
ചിലന്തി

ഗ്രഹണം 

ഗ്രഹണം കഴിഞ്ഞു
പുറത്തിറങ്ങിയ നിലാവ്
ഓടവെള്ളം കൊണ്ട് മുഖം കഴുകി



കഥകളി

വേദിയിലാടുന്നു
പച്ച കത്തിയ കരി
.
3:11 AM

നിന്നിലേക്ക്

നിന്നിലേക്ക് 


എനിക്ക്
നിന്നിലേക്ക് ഒഴുകണം

ഖേദത്തിന്റെ മഹാനദിയായിട്ടല്ല 
ഉന്മാദത്തിന്റെ കാട്ടരുവിയായി.

എനിക്ക് നിന്നെലേക്ക് വീശണം
രോഷത്തിന്റെ മരുക്കാറ്റായിട്ടല്ല
തൂവല്‍ തലോടലായി ..

എനിക്ക് നിന്നില്‍ ജ്വലിക്കണം
ജ്വരത്തിന്റെ കാട്ടുതീയായല്ല
പ്രണയത്തിന്റെ തിരിയായി

എനിക്ക് നിന്നില്‍ പൂക്കണം
ദാഹിക്കണം
വിശക്കണം
എനിക്കു നിന്നില്‍ മരിക്കണം
ഉയിര്‍ക്കണം

എന്റെ പാട്ടിനു മറുപാട്ട്
കേള്‍ക്കാത്തിടതോളം കാലം
ഞാനീ മരകൊമ്പില്‍ തനിചിരുന്നിങ്ങനെ ... .
3:06 AM

വീട്

വീട്

പായലിനും പൂപ്പലിനും
ഇടം കൊടുക്കാതെ വളര്‍ത്തി
വേനലിനെയും 
മഴയെയും നാടും കടത്തി
കണ്ണ് തട്ടാതെ
മതിലുവച്ചു
വളര്‍ത്തിയ വീടാണ്
ഇന്നലെ ഒളിച്ചോടിപ്പോയത്

Tuesday, December 6, 2011

11:01 AM

ഉന്നം

                                            ഉന്നം 
പാതവക്കിലെ നോക്കുകുത്തി ,
പാവം കിളി,
എത്താ കൊമ്പിലെ മാങ്ങ,
കൂട്ടുകാരിയുടെ ചാരിത്ര്യം,
സുഹൃത്തിന്റെ ഇട നെഞ്ച്,
അയല്‍ പക്കത്തെ ജനല്‍ ,
അതിര്‍ത്തി ലംഘിച്ച പട്ടം,
മടിക്കുത്തഴിച്ച തെരുവ് ,
പലായനം ചെയ്യുന്ന കൊറ്റികള്‍..

ഒരു പാടു പേര്‍ കല്ലെറിഞ്ഞു പഠിച്ച
ഒരു ഉന്നമാണ് ഞാന്‍

കാത്തു നിന്ന നാട്ടിടവഴി ,
ദംശനങ്ങളുടെത് ,
മടിയില്‍ തലചായ്ച്ച വാകചോട്,
കുരുതിയുടെത്,

കൊടിയുടെ താഴെ
ഒലിച്ചു പോകുന്ന ചോര ,
ചക്കാലക്ക് നീളുന്ന
ഉറുമ്പുകള്‍ ,

ഉന്നത്തിന്റെ ധര്‍മം എന്നും
സഹനത്തിന്റെതായതിനാല്‍ തന്നെ

ഒരു പാടു പേര്‍ കല്ലെറിഞ്ഞു പഠിച്ച
ഒരു ഉന്നമാണ് ഞാന്‍ .
10:59 AM

ഉള്ള്

ഉള്ള്


വരണ്ട നദിയെ
ഹാ സുന്ദരം എന്ന്
വര്‍ണിച്ചിട്ടില്ല .
.പൊട്ട കിണറിനെ
വാപി എന്ന്
വിളിച്ചിട്ടില്ല.
കരിഞ്ഞ കുന്നു കണ്ടു
കവിതയെഴുതിയിട്ടുമില്ല
കുയിലിന്റെ പാട്ട്
പലപ്പോഴും
കരച്ചിലായി തോന്നിയിട്ടുമുണ്ട്.
പടിയിറങ്ങിപോയ
സൌഹൃദങ്ങള്‍ക്ക്
ബലിയിട്ടിട്ടുമുണ്ട്
നിങ്ങളെന്നെ കവി
എന്ന് വിളിക്കണ്ട