Monday, December 24, 2012

വിഗ്രഹങ്ങള്‍ 

വിഗ്രഹങ്ങള്‍ 
ഉടയുകയായിരുന്നു 

മുറിബീഡി വലിച്ചതിന്
ചെവി ചോപ്പിച്ച അച്ഛന്‍
സിഗരറ്റ് പുകക്കുന്നത് കണ്ടപ്പോള്‍

ജനധിപത്യം ഓതിയ ഗുരുവിനെ
ഫാസിസത്തിന്റെ അമ്പലനടയില്‍
കയ്യോടെ പിടികൂടിയപ്പോള്‍

ചോറ് തരുന്ന കൈ
വാതില്‍ മറവില്‍
വിഷം ചാലിക്കുന്നത് കണ്ടപ്പോള്‍

മക്കളെ
നിങ്ങളുടെ വായ്ത്താരികളില്‍
കുടിപ്പക ശീലിട്ടപ്പോള്‍

കൂട്ടുകാരാ
ഒറ്റുകാരുടെ പര്യായപദമായി
നിന്നെ എഴുതേണ്ടി വന്നപ്പോള്‍

പുസ്തകങ്ങളെ
കെട്ട ചരിത്രത്തിന്റെ
ഓശാന വായിക്കുമ്പോള്‍

പ്രണയമേ
നീ പുഞ്ചിരി പലര്‍ക്കായി
പങ്കിടുന്നത് കാണുമ്പോള്‍

ഭൂപടമേ
നിന്റെ അതിര്‍ത്തിക്കല്ലുകളിലെ
ചോരപ്പാടു കണ്ടപ്പോള്‍

നഗരമേ
നട്ടുച്ചക്കും നിന്റെ മാറിലെ
കൂരിരുട്ടു കണ്ടപ്പോള്‍

മുദ്രാവാക്യങ്ങളെ 

ഇരുട്ടില്‍ നിങ്ങള്‍ കറുത്ത പൂച്ചയെ 
തിരയുന്നത് കണ്ടപ്പോള്‍ 

നീതിയുടെ 

കണ്‍ തൂവാലയുടെ ദ്വാരവും 
ത്രാസിന്റെ ചരിവും കാണ്ടപ്പോള്‍ 

ദൈവമേ 

ബലിക്കല്ലിലെ ചോര 
നീ ഒളിച്ചുവന്നു 
നക്കിക്കുടിക്കുന്നത് കണ്ടപ്പോള്‍ 


അധികാരമേ 
നിന്റെ ചതുപ്പില്‍ ,സത്യം 
ജീവനോടെ താഴുന്നത് കണ്ടപ്പോള്‍

ഹൃദയമേ
ഒളിചോടുന്നതിന്റെ തലേന്ന്
നീ എഴുതി വച്ച
കുറിമാനം വായിച്ചപ്പോള്‍

കൊടികളെ
പലയിടത്തും നിങ്ങളെ
കൌപീനമായി ആഘോഷിച്ചപ്പോള്‍

വിഗ്രഹങ്ങള്‍
ഉടയുകയായിരുന്നു

Sunday, December 23, 2012

ഹൈക്കു കവിതകള്‍

1
ആലിംഗനം ,

നിന്റെ വേദനയെന്റെ 
മുഖത്ത് ഒഴുകുന്നു   

2

തെച്ചിപൂങ്കുല
പ്രണയപ്പച്ചപ്പിലെ
വിരഹചോപ്പ്

3
ആകാശത്തിന്‍ 
തപമിളക്കും 
മേഘനടനം

4
ഞാനൊരു ദര്‍പ്പണം 
നിന്‍ ബിംബത്തിനും 
പ്രതിബിംബത്തിനുമിടയില്‍
നിരത്ത്

നിരത്ത് വക്കില്‍ 
അവിടിവിടെ 
അറവു മാലിന്യ ചാക്കുകള്‍ 
കൊണ്ട് വന്നിടുന്നിടത്ത് 
നായ്ക്കളെ 
കാണാമായിരുന്നു 

ഏതൊക്കെയോ ഇരകളെ 
മനസ്സില്‍ ജീവനോടെ 
കടിച്ചും വലിച്ചും 
കടി കൂടിയും 
കുരച്ചു ചാടിയും 
പച്ചമാംസത്തിന്റെ രുചിയും 
ചോരയുടെ മണവും 
പൊതിയഴിഞ്ഞു 
തികച്ചും സൌജന്യമായി 
നായ്‌ക്കള്‍ക്ക് ,

ചാക്കുകള്‍ കാലിയാകുംപോള്‍
വിശപ്പ്‌വീണ്ടും 
ഉദ്ധരിച്ചു നില്‍ക്കുമ്പോള്‍ 
തലച്ചോറില്‍ 
ശീലപ്പെട്ട ആര്‍ത്തി
നുരപൊട്ടുമ്പോള്‍
അവയിപ്പോള്‍ 
പേപിടിച്ചു 
പാഞ്ഞടുക്കുകയാണ്
നോറ്റ്വളര്‍ത്തിയ 
കുട്ടികള്‍ക്ക് നേരെ 
വീട്ടിലെ അരുമപ്പക്ഷികള്‍ക്ക് നേരെ 
വളര്‍ത്തു മുഗങ്ങള്‍ക്ക് നേരെ ,

ഡല്‍ഹിയിലെ ബസ്സില്‍ 
തൂത്തുക്കുടിയില്‍ 
ഒഡിഷയില്‍
നാട്ടോട്ടുക്കും 
നാവും നീട്ടി 
മാംസം തേടുന്ന 
തെരുവ് നായ്ക്കളുണ്ട്

പ്രിയപ്പെട്ട അറവുകാരേ
മാംസമേനികള്‍
പ്രദര്‍ശനത്തിന് വയ്ക്കരുത് 
മാംസ വിഭവങ്ങള്‍ കൊണ്ട് 
കൊതിപ്പിക്കരുത് 
മാംസബാക്കികള്‍ 
തെരുവോരത്ത് വലിച്ചെറിയരുത് 
ഇനിയിവിടെ 
ചെന്നായ്ക്കള്‍ ഉണ്ടാകരുത് 


കുറുംകവിതകള്‍ വിരാമം 

അങ്ങിനെ 
സച്ചിന് 
സ്വാതന്ത്ര്യം കിട്ടി


ഇന്ത്യ 

തെരുവില്‍ 
ഞാന്‍  കണ്ടു 
ആരൊക്കെയോ ചേര്‍ന്ന് 
കടിച്ചു കീറിയ 
ഒരു പെണ്‍ ഭൂപടം


ആധി

ആറ്റുനോറ്റു
വിരിഞ്ഞ 
പെണ്‍പൂവിനെ 
എവിടെയോളിപ്പിക്കും
എന്ന ആധിയില്‍
വാടിപ്പോകുന്നു
വേലിച്ചെടികള്‍

Thursday, December 20, 2012

ചൂണ്ട


എല്ലായിടത്തും 
ഇരകളാണ് 
കനം വക്കും മുമ്പേ
ഒടിചെടുക്കപ്പെട്ട
കമ്പാണ് ആദ്യ ഇര
പച്ചപ്പില്‍ നിന്ന്
പുറംതള്ളപ്പെട്ടവന്‍

വളചെടുക്കപ്പെട്ട
അനാഥനായ
കമ്പിയാണ് രണ്ടാം ഇര
കൂര്‍പ്പായി
മാറേണ്ടി വന്നവന്‍

ചൂണ്ടനാരിന്
സാക്ഷിയാകേണ്ടി വരുന്ന
ഒരിരയുടെ
മുഖചായയാണ്

ഒരിര
കൊളുത്തില്‍
കുരുങ്ങുന്നു
എതിരെ
ഒരിര
വിശന്ന് അതില്‍
വന്നു കൊത്തുമ്പോള്‍
പിടഞ്ഞു വിലക്കുന്നു

വേറൊരിര
ചൂണ്ടത്തണ്ടില്‍ പിടിച്ചു
അനക്കം നോക്കി
വിശന്നിരിക്കുന്നു


ഹൈക്കു കവിതകള്‍ 

1
മന്ത്രസാന്ദ്രം 
പുലരിവേയിലില്‍ 
ശിശിര ശലഭം
2
ഏകാന്തത
തുഴക്കാരന്റെ ചുണ്ടില്‍
നൌകാ ഗീതം
3
ആദ്യസ്പര്‍ശത്തിന്‍
ഉഗ്രവൈദ്യുതി
പൂവാകച്ചുവടോര്‍മ
4
മൊട്ടു വിരിയുന്നു
ചെടിയുടെ ആത്മാവില്‍
മധുരതരമൊരു നോവ്‌
5
നക്ഷത്ര ചിരാത്
കൊളുത്തികടാക്ഷിക്കുന്നു
സന്ധ്യാംഗന
കുചേലവൃത്തം 

അങ്ങിനെ 
അവില്‍ പൊതിയുമായി കുചേലന്‍ ദ്വാരകകാണാന്‍ എത്തികൂട്ടുകാരനെകണ്ട പാടെകൃഷ്ണന്‍ പ്രാരാബ്ദങ്ങളുടെ
പടി തുറന്നു 


"ഇന്‍കം ടാക്സുകാരെ കൊണ്ട് 
പൊറുതി മുട്ടി ..
റബ്ബറിനാനെന്കില്‍ വിലയിടിഞ്ഞു
തേങ്ങക്ക് വിലയില്ല,തെങ്ങ് കയറാനാണെന്കില്‍ ആളെ കിട്ടുന്നില്ല ,ഗോക്കളെ എന്നോ വിറ്റുപാടമൊക്കെ തരിശാണ്ഓഹരികച്ചവടത്തിലിട്ടതുംസ്വാഹ..മക്കളുടെ വിദ്യാഭ്യാസം എടുത്ത വായ്പകളുടെ തിരിച്ചടവ്ഹോ ..സ്ഥിതിആകെ കഷ്ടത്തിലാ "
കുചേലന്‍
അവില്‍ പൊതി 
കെട്ടഴിക്കാന്‍ മിനക്കെടാതെ കക്ഷത്തില്‍ ഇറുക്കി വച്ചുപെരുവഴിയിലെക്കിറങ്ങി വീട്ടിലേക്കു വച്ചുപിടിച്ചു .

Saturday, December 15, 2012

പുഴ
ഹൈക്കു കവിതകള്‍:

1
പുഴക്കിന്നു
കരച്ചിലെയുള്ളൂ
കരകളില്ല

2
അഴിമുഖത്ത്
കടല്‍തൊട്ടുപ്പു നോക്കി 
പുഴയമ്മ

3
അണക്കെട്ടില്‍
മുങ്ങിമരിച്ചൊരു 
പാവം പുഴ
മാഷമ്മാര്‍ 

ഒരേ സ്കൂളിലാണ് 
മൂന്നു മാഷമ്മാരും 
സ്വാതന്ത്ര്യദിനത്തിന് 
മൂന്നു പേരും ചേര്‍ന്ന്
പതാകയുയര്‍ത്തും
ദേശഭക്തി ഗാനം പാടും

പൂക്കളമത്സരത്തിനും
ചിത്രരചനക്കും
കുരിശും
ഓം അടയാളവും
ചന്ദ്രക്കലയും
ഞങ്ങള്‍ക്ക് വരച്ചു തരും
ഓണത്തിന് സദ്യയും
ക്രിസ്തുമസ്സിനു കരോളും
പെരുന്നാളിന് ബിരിയാണിയും
വിളമ്പി തരും

പിന്നെപ്പോഴാണ്
എന്താണ്
സംഭവിച്ചത് എന്നറിയില്ല
ഗോപാലന്‍ മാഷ്
കുറി തൊട്ടു
കാവിക്കൊടി പിടിച്ചും
മുഹമ്മദ്‌ മാഷ്‌
പച്ചക്കുപ്പായമിട്ടു
കൊടിപിടിച്ചും
മാത്യു മാഷ്‌
വെന്തിങ്ങയിട്ട്
കൊടിപിടിച്ചും
സ്കൂളിലേക്ക് വരാന്‍ തുടങ്ങി
വേറിട്ട്‌ പ്രാര്‍ഥനകള്‍
പഠിപ്പിച്ചു തുടങ്ങി
ഞങ്ങളെ ബഞ്ച് തിരിച്ചു
ഇരുത്തി തുടങ്ങി

തമ്മില്‍ കണ്ടാല്‍
മാഷമ്മാരുടെ
പല്ലിറുമ്പല്‍
വരാന്ത വരെ കേള്‍ക്കാം
കവലയില്‍
മൂന്നു മാഷമ്മാരും
മൂന്നിടത്ത്
പ്രസംഗിക്കുന്നതും കാണാം

ഞങ്ങള്‍ക്ക്
ഞങ്ങടെ
പഴയ മാഷമ്മാരെ
തിരികെ കിട്ടാന്‍
എതാപ്പീസില്‍
അപേക്ഷ കൊടുക്കണം ?
പൂക്കട 
ഞങ്ങള്‍ ഒരേ പാടത്ത്
വളര്‍ന്നവരാണ് 
ഒരേ വെള്ളം ഒരേ വളം 
ഒരേ ഉടമ
കവിളില്‍ ഒരേ ചുകപ്പ്

വണ്ടുകള്‍
മൂള്ളിപ്പറക്കുന്നതിനും മുമ്പ്
പൂമ്പാറ്റകള്‍ ആളും തരവും
നോക്കുന്നതിനും മുമ്പ്
സ്വപ്നങ്ങള്‍ക്ക് ഇതളുകള്‍
വിരിയുന്നതിനും മുമ്പ്
പറിചെടുക്കപ്പെട്ടവരാണ്

പിന്നെ വഴിയമ്പലങ്ങള്‍
ഫ്രീസറില്‍ നിന്നും
ഫ്രീസരിലേക്ക് യാത്രകള്‍
ഒടിവുകള്‍ ചതവുകള്‍

ഇന്ന്
ഞാന്‍ വിവാഹഹാരത്തില്‍
അവന്‍ റീത്തില്‍
അവള്‍ യാത്രയയപ്പ് ബോക്കെയില്‍
രക്തസാക്ഷിസ്തൂപത്തിലെ
പുഷ്പാര്‍ചനയില്‍
മഹാന്റെ പ്രതിമക്കു മീതെ
പുഷ്പവൃഷ്ടിയില്‍
ചിലര്‍ പൂക്കളങ്ങളില്‍
കാത്തിരിപ്പുകളുടെ
പൂപ്പാത്രങ്ങളില്‍
ചിലര്‍ പ്രണയപുഷ്പം
അധികാരത്തിന്റെ വഴിയില്‍
ചവിട്ടെല്‍ക്കുന്ന
പൂപ്പരവതാനി

ഞങ്ങള്‍ ഇനി ഒരുമിക്കുന്നത്
എല്ലാ ആഘോഷങ്ങളെയും
ഏറ്റുവാങ്ങുന്ന
കുപ്പത്തൊട്ടികളിലാണ്
കൊഴുത്ത ഇരുട്ടിന്റെ
താഴ്വരകളിലാണ്
അവിടെ ഞങ്ങള്‍
തമ്മില്‍ തമ്മില്‍ റീത്താകും
ആര്‍ക്കും വേണ്ടാത്ത
ഞങ്ങളുടെ പരാഗങ്ങള്‍
മണ്ണില്‍ ലയിക്കും

ഞങ്ങള്‍ ഒരേ പാടത്ത്
വളര്‍ന്നവരാണ്
ഒരേ വെള്ളം ഒരേ വളം
ഒരേ ഉടമ
കവിളില്‍ ഒരേ ചുകപ്പ്


അങ്ങിനെ 

അങ്ങിനെ 
ഒരു ദിവസം 
കല്ലും തുമ്പിയും കൂടി 
കുട്ടിയെ പിടി കൂടി

കല്ല്‌
തുമ്പിയെ
കൈകോര്‍ത്തു
പിടിച്ചു
തുമ്പി
ഒരു ചരടെടുത്ത്
തന്റെ വാലില്‍ നിന്നും
കുട്ടിയുടെ കയ്യില്‍ കെട്ടി

കല്ലും തുമ്പിയും കൂടി
കുട്ടിയെ
വലിയെടാ വലി
മരത്തിനു മീതെ
മലയുടെ മീതെ
കടലിനു മീതെ
ആകാശത്തിനും മീതെ
വലിയെടാ വലി

കയറു പൊട്ടിയാണമ്മേ
ഞാനുറക്കത്തില്‍ നിന്നും
താഴെ വീണത്‌ 

Friday, December 14, 2012

മന്ത്

നാറാണത്തെ 
കുന്നിലെക്കൊരാള്‍
കല്ലുരുട്ടിക്കയറ്റീ
ചിരിച്ചൂയന്ന്
ഇന്നോ
നാരാണത്തെക്കുന്നില്‍ നിന്നും
കല്ല്‌ പോട്ടിച്ചിറക്കി
അട്ടഹസിപ്പൂ
ഭ്രാന്തര്‍ 

Monday, December 10, 2012

മഞ്ഞിര

കൂട്ടം തെറ്റി മേയുന്ന

രുചിയുള്ള 
മാംസം ശരീരമായി 
ചുമക്കുന്നവര്‍ക്ക് ,
നിലാവും മഞ്ഞും
പേടി സ്വപ്നങ്ങളാണ്

പ്രലോഭനങ്ങളില്‍ പെട്ട്
നിലാവില്‍ സ്വയം
വെളിപ്പെടുംപോഴും
എല്ലാം മറന്നു
മഞ്ഞിന്റെ മൂടലില്‍
ദൂരക്കാഴ്ച്ചയുടെ
മൂര്‍ച്ച കുറയുമ്പോഴും ,

നെഞ്ചു തുളക്കാവുന്ന
ഒരു വെടിയുണ്ട ,
ചെടിപ്പടര്‍പ്പിനിടയില്‍ നിന്ന്
നിശബ്ദം ചാടിവീഴുന്ന
നഖ ദംഷ്ട്രകള്‍,
ഒടുങ്ങാത്ത വിശപ്പുകള്‍
ചോര തണുത്ത മെത്തയില്‍
പിച്ചി ചീന്തിയെക്കാം
ശൈത്യത്തില്‍
മാംസത്തിനു
രുചി കൂടുമെത്രേ

ഇരകള്‍ക്ക്
ഇതൊക്കെയാണ് ഋതുഭേദങ്ങള്‍ 

Sunday, December 9, 2012

കുറുംകവിതകള്‍ 1

പൂവിന്റെ 
ആങ്ങളയാണ് 
മുള്ള്

2

നിലാവില്‍ 
നിന്നൊരുകണം കൊത്തി 
പ്പറന്നു രാപ്പക്ഷി

3

ഏകാന്ത ഹേമന്തം 
നെടുവീര്‍പ്പിടുന്ന 
മകര സന്ധ്യ

4

ആഴങ്ങളില്‍
കണ്ണീര്‍തിളക്കംകാത്ത്
അന്ധതാമിസ്രം.

5

വേദനയിലേക്ക് 
വിരുന്നുപോകുന്നു 
വേരുകള്‍
6

അന്ധകൂപത്തില്‍
തലതല്ലിയെന്റെ 
പ്രണയമൊഴി

7


രാവഴിച്ചിട്ട 
കാര്‍കൂന്തല്‍ കോതി
ഈറന്‍കാറ്റ്

8

നിലാവിന് 

കണ്ണെഴുതി 
നിഴലുകള്‍

Saturday, December 8, 2012

വാക്ക്‌

കവിയോട് 
കലഹിച്ച വാക്ക് 
കവിത 
വിട്ടിറങ്ങി
കാടു കയറി

ഒരു കുടന്ന നിറയെ
വസന്തം നല്‍കി
ഒരു കുമ്പിള്‍ നിറയെ
ഉറവ നല്‍കി
കാടകം
വാക്കിനെ വരവേറ്റു

വാക്കൊരു
മാമരമായി
കിളിപ്പാട്ടായി
അരുവിയുടെ ഈണമായി
സ്വയം ഒരു കവിതയായി
പിറവിയായി

കവിയാവട്ടെ
കലഹിച്ചു
ഇറങ്ങിപ്പോയ
ആ വാക്കും തേടി
കാടായ കാടൊക്കെ
അലച്ചിലുമായി 
വേരുകള്‍ 
ഇലയും 
തളിരും 
മൊട്ടും 
പൂവും 
പുഞ്ചിരിയും 
കനിയും 
വിത്തും 
ശാഖയും 
തടിയും
തണലും
വാത്സല്യവും
എല്ലാം
എല്ലാവരോടും
കാണിച്ചപ്പോഴും
മരം
ഒന്ന് മാത്രം
മനസ്സില്‍
ഒളിപ്പിച്ചു
വേദനയിലേക്ക്
കൂര്‍ത്തുകൂര്‍ത്തുപോയ
ദാഹിക്കുന്ന
വേരുകളെ .

Monday, December 3, 2012

നീ എനിക്ക് 

അന്ന്
നീ എനിക്ക് 
ഒരിക്കലും 
മനസ്സിലാവാത്ത 
ബീജഗണിത സമസ്യ 
പിന്നെ 
ചെയ്തു 
തീര്‍ക്കാനാവാത്ത 
വീട്ടുകണക്ക് 
ഇപ്പോള്‍ 
തെളിയിക്കാനാവാത്ത
ഞാന്‍ ,നീ ,വീട് 
ത്രികണോമിതിനിയമം 
നന്ദി 

അന്നെങ്ങാനും
മയങ്ങിപ്പോയെന്കില്‍
കുടുങ്ങിപ്പോകുമായിരുന്നു
ഏതെന്കിലും
മൃഗശാലയിലെ
കമ്പിക്കൂട്ടില്‍
മനുഷ്യമുഖവും
കണികണ്ട്
ഇണയും തുണയുമില്ലാതെ
കാടത്തം തീരെയില്ലാതെ
അങ്ങിനെയങ്ങിനെ ..
ഹോ രക്ഷപ്പെട്ടു !

നന്ദി
പോലീസുകാരാ
ഒറ്റവെടിക്ക് തീര്‍ത്തതിന്
എന്ന്
വയനാടന്‍ കടുവ .

Sunday, December 2, 2012

ഹൈക്കു കവിതകള്‍ 

1
നിലാവില്‍ 
കുളിച്ചീറന്‍ ഭൂമി
രാക്കടവില്‍

2
ചക്രവാളച്ചിത, 

അണിഞ്ഞൊരുങ്ങി 
സന്ധ്യാസുന്ദരി..

3

താരകബാല്യം ,
മേഘമാമരച്ചോടെ 
കണ്ണുപൊത്തിക്കളി

4
നിലാവും 
വെയിലും മുഖാമുഖം 
പ്രഭാത സന്ധ്യ

5

വെയില്‍ കായുന്നു 
മകരക്കുളിരില്‍ 
മഞ്ഞുതുള്ളികള്‍
6

നഗ്ന ചന്ദ്രന്‍ 
മേഘക്കരിമ്പടം
വാരിപ്പുതച്ചു

Saturday, December 1, 2012

കാറ്റും മരവും
-

കൂടെപ്പോരാന്‍
കാറ്റ്
മരത്തെ
കുറെ വിളിച്ചതായിരുന്നു

ഒറ്റയ്ക്ക് നിക്കുന്നത്
ഇക്കാലത്ത്
നന്നല്ലെന്നും
അങ്ങ് ദൂരെ
ഒരു മഴക്കാടുണ്ടെന്നും
അവിടെയെവിടെയെങ്കിലും
ഒരിടം ഉണ്ടാക്കി തരാമെന്നും
കാറ്റിനൊപ്പം പറന്ന
അപ്പൂപ്പന്താടിയും
മരത്തോട് പറഞ്ഞിരുന്നു

മരം പറഞ്ഞു :
ഞാന്‍ പോയാല്‍
എന്റെ മണ്ണിനു ആരുണ്ട്‌
വേരുകളുടെ
കൂട്ടില്ലാതെ ?
മഴ വന്നു
മഞ്ഞു വന്നു
വെയില്‍ വന്നു
വിളിക്കുമ്പോള്‍
കിളി വന്നു
നിഴല്‍ വന്നു
നിലാവ് വന്നു
പൂ വന്നു
കായ്‌ വന്നു
പൂമ്പാറ്റ വന്നു
ഊഞ്ഞാലുകള്‍ വന്നു
പുഞ്ചിരികള്‍ വന്നു
വിളിക്കുമ്പോള്‍
എനിക്ക് കൂടെ കളിക്കണം ..
അവരെ ഊട്ടണം
ഞാനില്ല ...
മരം പിന്നെയും
വേരുകൊണ്ട്
മണ്ണിനെ ഇറുകെ പുണര്‍ന്നു
ഇലകള്‍ കൊണ്ട്
ആകാശത്തെ ഉമ്മ വച്ചു
പൂക്കള്‍ കൊണ്ട്
മഴവില്ലുകളെ തലോടി
അങ്ങിനെ ഒരേ നില്‍പ്പ്

Friday, November 30, 2012

തീക്കോലങ്ങള്‍ 

വിറകില്ലാതെ 
മണ്ണപ്പം ചുട്ടു കളിച്ചു 
ശൈശവം ,
വിറകുപെറുക്കാന്‍
കൂടെപ്പോയി
ബാല്യം,
വിറകും പെറുക്കി
അടുപ്പും കൂട്ടി 
കൌമാരങ്ങള്‍ 
അടുപ്പില്‍ 
സ്വയമെരിഞ്ഞും 
എരിയിച്ചും 
യൌവനങ്ങള്‍ ,
പുകയുന്ന 
അടുപ്പുകള്‍ 
ദാമ്പത്യം .
ഊതിപ്പൊലിപ്പിച്ചും 
ഊതിക്കെടുത്തിയും 
അങ്ങിനെയങ്ങിനെ 
ദിനാദിനം ..
ചികഞ്ഞു നോക്കലാണ് 
വാര്‍ധക്യം 
കെട്ടുപോയ അടുപ്പുകളില്‍ 
ചാരത്തിലാഴ്ന്നു 
കിടക്കുന്നയിത്തിരി 
കനലെങ്കിലും 
തിരഞ്ഞു വിയര്‍ക്കുന്നു 
അവസാനം 
എല്ലാ വിറകുകളും 
എല്ലാ അടുപ്പുകളും 
വന്നു പരേതനെ 
നാളങ്ങള്‍ കൊണ്ട് 
തലോടുന്നു
മണ്ണപ്പംചുട്ട
മധുരതരമോര്‍മ 
അയവെട്ടി അയവെട്ടി 
ആത്മാവ് 
ചിതയില്‍ 
തീ കായുന്നു