Monday, January 30, 2012

ദിനാന്ത്യം നിലാവും സ്വപ്നവും 
കൂട്ടിക്കുഴച്ചു അത്താഴം,
ഒറ്റപ്പെട്ട ഏതോ രാപ്പക്ഷിയുടെ 
പാട്ട് കുടിച്ചു തീര്‍ത്ത്,
കാത്തിരുന്നിട്ടും വരാതിരുന്ന
കൂട്ടിനു പഴിപറഞ്ഞു ,
ആശകളുടെ
തിരി താഴ്ത്തി വച്ച് ,
മൂളുന്ന പേടികളില്‍
പുതപ്പ് മൂടി ,
ഉറക്കത്തില്‍ , കണ്ണുചിമ്മുന്ന
നക്ഷത്രക്കുട്ടികള്‍ വന്നു
പറയുന്ന കഥകള്‍ കേട്ട്,
നിശാഗന്ധി പൂക്കുന്ന
യാമത്തിനെ ചേര്‍ത്ത് പിടിച്ചു ,
ജീവിതത്തിന്റെ വിരസമായ
വിഷം കുടിച്ചു ഇന്നും
ഞാന്‍ മരിക്കട്ടെ ,
നാളെ നിനക്കായി
പുനര്‍ജനിക്കാന്‍ ..

Sunday, January 29, 2012

പ്രേമിക്കുന്നവരുടെ
ശ്രദ്ധക്ക്
=====

എന്നെ പ്രേമിക്കുന്നവരുടെ
ശ്രദ്ധക്ക് ,
വര്‍ണക്കുപ്പായം കണ്ടു
ഭ്രമിക്കരുത്,

ഉടലളവു കണ്ടു
കാമമരുത് ,
ചായം പൂശിയ മുഖം കണ്ടു
ആരാധനയരുത് ,
ഞാന്‍ വരും വഴിയില്‍
കാത്തു നില്‍ക്കരുത് ,
പൂച്ചെണ്ട് നീട്ടരുത്

മുടി നോക്കരുത്,
മുലകള്‍ കാണരുത് ,
അധരം കൊതിക്കരുത്‌ ,
ഹൃദയത്തിനു
വിശപ്പരുത്,
കണ്ണുകളുടെആഴങ്ങള്‍
ഇറങ്ങി നോക്കരുത് ,
ശബ്ദത്തിനു
ദാഹിക്കരുത് ,

എന്നെ പ്രേമിക്കുന്നവരുടെ
ശ്രദ്ധക്ക് ,
ഇവക്കുള്ളില്‍ ഞാനെന്നേ
മരിച്ചിരിക്കുന്നു ,
അലങ്കാരക്കൂട്ടിനുള്ളിലെ
ചിരിക്കും ശവം ..

Saturday, January 28, 2012


ആശംസ
ഹരിത സുന്ദരമായ
സ്വപ്നത്തില്‍ നിന്നാണ്
അവളെന്നെ വിളിച്ചുണര്‍ത്തിയത് ,

ഒരു മരുഭൂമിയില്‍
പിടിച്ചിരുത്തി
അവളൊരു
നരച്ച കടലാസു നല്‍കി

അതില്‍
നല്ല നട്ടുച്ച ആശംസിക്കുന്നു
എന്നെഴുതിയിരുന്നു

മരണമൊഴി 


അറവുകാരാ കൊലക്കത്തിയാഴ്ത്തു-
ന്നതിന്‍ മുന്‍പൊന്നെന്നെ-
യമര്‍ത്തിചുംബിക്കുക ..

ഒരു കുമ്പിള്‍ വെള്ളം
കൊണ്ടെന്റെ ദാഹം
തീര്‍ത്തെക്കുക,

നിനക്കുമെനിക്കും മാത്ര _
മറിയുന്ന മൂര്‍ച്ചകള്‍,
നമുക്ക് മാത്രം
തീര്‍ക്കാവുന്ന വിശപ്പുകള്‍ ,

അറവുകാരാ
സമയമില്ലോട്ടും,
നമുക്കിനി തിരക്കുകള്‍ ,
മൌനമാണ് എന്റെ നിലവിളി

പിടഞ്ഞോടുങ്ങുംമുന്‍പേ,
എന്റെ ശ്വാസം നീയിനി
പുല്ലാങ്കുഴലുകളോട്
ചേര്‍ത്ത് വയ്ക്കണം

പുല്‍ത്തുമ്പുകളോട്
വര്‍ത്തമാനം പറഞ്ഞു
അതിനിയും മേഞ്ഞു നടക്കട്ടെ
.

Sunday, January 22, 2012

അടുക്കള


വെച്ച് വിളമ്പി തന്നവള്‍
പെറ്റുകിടക്കാന്‍ പോയപ്പോഴാണ് 
അടുക്കള കണ്ടു പിടിച്ചത് ..

കണ്ണീരു കുറുക്കിയാണ്
അവള്‍ ഉപ്പുണ്ടാക്കിയിരുന്നത്
വല്ലപ്പോഴും ഞാന്‍ നല്‍കിയ
മധുരം മുഴുവന്‍
അവള്‍ ഉറുമ്പുകള്‍ക്ക്
കൊടുത്തും കാണണം ,
എരിവിനും കയ്പിനും
വീട്ടില്‍ പഞ്ഞമുണ്ടായിട്ടില്ല ..

അടുക്കളയുടെ ഭൂപടം
ചിതറി കിടപ്പാണ്
അന്ധനായ ഒരു കൂറ
പാത്രങ്ങല്‍ക്കിടയില്‍ ,

അടുപ്പെന്നാല്‍
ഊതിയാലും ഊതിയാലും
ഉയിര്‍ക്കാത്ത ചിതയാണ്

വാതില്‍ പടിയില്‍
അവള്‍ മൂക്ക് ചീറ്റി
തുടച്ച പാടുകള്‍ ,
ചുവരില്‍ ഒട്ടിച്ചു വച്ച
നിന്റെ കുങ്കുമം,
അടുപ്പിറക്കാനെടുത്ത
പാഴ്ത്തുണിക്കു പോലും
അവളുടെ ചൂര് ,
കറിക്കരിയുന്ന കത്തിയില്‍
കല്ലച്ച് കിടന്ന പെണ്ചോര.,

അടുക്കളയിലെ അവളുടെ
ഘടികാരം ,
എന്റെതിനേക്കാള്‍
ബഹുദൂരം മുന്നില്‍ ..

അടുപ്പില്‍ വച്ച
പാത്രത്തില്‍ നിന്നിതാ
ജീവിതം കരിഞ്ഞ മണം,
പുക ചൂരുള്ളതെങ്കിലും
ആത്മ രതിക്ക്
രുചി കൂടും,

അടുക്കള കണ്ടു പിടിച്ച
ലഹരിയില്‍ ഞാനിത്
മോന്തി ദഹിക്കട്ടെ..
.

Saturday, January 21, 2012

അഭയം 

ഉറ്റവര്‍ മുന്നോട്ടും 

ഉടയവര്‍ പിന്നോട്ടും
വലിച്ചിട്ടൊടുവില്‍
വിപ്ലവത്തിന്റെ
കീറമുണ്ട്
നടുകീറി,
അവിടെയാണ് പിന്നെ
ആലു മുളച്ചത്
ആ തണലിലാണ്
ഞാനും നീയുംനാളെ


ഒരു ദിവസം
മേല്‍ക്കൂരയിലെ
ചിലന്തികള്‍ എല്ലാം കൂടെ
വലിയൊരു വല കെട്ടും,
അന്നതില്‍ ഒട്ടിപ്പിടയുന്നത്
ഞാനോ നീയോ ?
നാം കെട്ടിയുണ്ടാക്കിയ
ചീട്ടു കൊട്ടാരമോ
?
പടവുകള്‍ 

പാട്ട് നിര്‍ത്തി കിളി
കൂട്ടിലേക്ക് പാറിപ്പോയി ,

വീണപൂക്കള്‍
ശാപമോക്ഷം കാത്തു
കിടപ്പായി

മലരണിക്കാടുകള്‍
വിങ്ങിപ്പൊട്ടി ,
പൊതു നിരത്തിലൂടെ
ഓടിപ്പോയി

പൂതത്തിനു
കൊണ്ടുപോകാനും
മാമ്പൂകൊഴിക്കാനും
ഉണ്ണികളില്ലാതായി ..

കളിയച്ചനു
പിടിതരാതെ
ഒഴുകുന്ന പുഴ
ചരമഗീതം
ഉരുക്കഴിച്ചു ഭൂമി ,
നിലച്ച മാതൃ ഹൃദയം

അച്ഛനും മകളും പിരിഞ്ഞു
തോളത്ത് കനംതൂങ്ങി
ഒടുങ്ങി കാളകള്‍ ,

തമസ്സും വെളിച്ചവും
ഒരു പോലെ ദുഖമായി ,

നിര്‍ത്തുന്നു പായാരം
പറയാന്‍ ഞാന്‍ ബാക്കിവച്ചത്
ചുണ്ടിലേ വന്നു
മൌനമാകുന്നു 

Thursday, January 19, 2012

അഴികള്‍


മൃഗശാലയിലുണ്ടായിരുന്നു
ഇന്നലെപ്പോലും കോഴിയെ
കട്ട കുറുക്കന്‍,

അമാവാസിക്ക്
മൂളി പേടിപ്പിച്ച മൂങ്ങകള്‍ ,
പാലും പഴവും നല്‍കിയിട്ടും
എന്റെ കൂട്ടില്‍ നിന്നും
പറന്നു പോയ തത്ത ,

സ്വന്തം പേരറിയാത്ത കിളികള്‍
ഇടറിയ പാട്ടുകൊണ്ട്
കാണികളോടത്
കരഞ്ഞു ചോദിക്കുന്നു ,

മാഞ്ഞുപോയ പേരില്‍ നക്കി
പുലിയും,സിംഹവും
ചാവിറച്ചിയില്‍ വേട്ടയാടുന്നു

പ്രേമം മുതല്‍ പ്രസവം വരെ
വിരഹം മുതല്‍ മരണം വരെ
അഴിക്കൂട്ടില്‍ ഇളിച്ചു കാട്ടി
കുരങ്ങന്മാര്‍ ,

ചുരുണ്ടേ കിടത്തം
നിവര്‍ത്തില്ല ഫണം
ദംശനം മറന്നു പാമ്പുകള്‍ ,

മനസ്സിലെ കാട്ടില്‍
ഇണ ചേരുന്നു
വിശന്ന മാനുകള്‍,

മൃഗശാല കണ്ടിറങ്ങിയ കുട്ടികള്‍
സിംഹരാജാവിന്റെയും
കൌശലകുരുക്കന്റെയും
ചിത്രകഥകള്‍ ,
ചീന്തിയെറിഞ്ഞു,
തെരുവ് പട്ടിയോട്
സ്വാതന്ത്ര്യം കടം ചോദിച്ചു 
പുറം കാഴ്ചകള്‍ 
കാഴ്ച ബംഗ്ലാവിലെ
അഴിക്കൂട്ടിനുള്ളിലിരുന്നു
കുരങ്ങന്‍ കാമുകിയോട്പറഞ്ഞു.. 
.
ഈ വരുന്നനവനാണ് കവി
വസന്തത്തിലും
ഇലകൊഴിഞ്ഞ മരം
പേറി നടക്കുന്നവന്‍ ,

ഈ വരുന്നത് കാമുകന്‍
കണ്ടോ,ചോര്‍ന്നുപോയ ഹൃദയം
തിരഞ്ഞു നടക്കുന്നവന്‍ ,

ആ വരുന്നത് ഭ്രാന്തന്‍
അവനൊരു കെട്ടുപാടുമില്ല
ചീഞ്ഞ ചിന്തകളുടെ
നാറ്റമില്ലാത്തവന്‍ ,
കണ്ടില്ലേ ഉന്നമില്ലാത്ത
അവന്റെ നോട്ടം ,

കാഴ്ചകള്‍ കാണൂ കുഞ്ഞേ
നമ്മളിവിടെ കാഴ്ചകള്‍
കാണാനെത്തിയവര്‍,

എന്തെന്തു നിറങ്ങള്‍ പൂശിയ
പ്രതിമകള്‍ .
എന്തെന്തു ഭാഷകള്‍ പേശുന്ന
തിരക്കുകള്‍ ,
ജീവിതം ഊതി കയറ്റിയ
വര്‍ണ ബലൂണുകള്‍,
ഭാവങ്ങള്‍ ചുട്ടികുത്തിയ
മുഖംമൂടികള്‍ ,
എവിടെയോയിരുന്നാരോ
ചലിപ്പിക്കും പാവകള്‍ ,
നൂലയയും പട്ടങ്ങള്‍ ,

നിവര്‍ന്നു നടക്കുന്നില്ലിവര്‍
അത്രയുണ്ട് കൂനുകള്‍
മുതുകത്ത് ,
കനം തൂങ്ങും നുകങ്ങള്‍ ..

കരയുകയില്ലിവറ്റകള്‍,
ചിരിക്കുകയില്ലിവറ്റകള്‍,
മുഖത്തെന്നും ,
ആധിയും വ്യാധിയും മാത്രം ..

കണ്ണിവക്കുണ്ട്
കാതിവക്കുണ്ട്
പക്ഷെ കാണില്ല കേള്‍ക്കില്ല ,

മുഷിഞ്ഞോ നിനക്കെന്കില്‍
മടങ്ങാം നമുക്ക് .
നമ്മളിവിടെ കാഴ്ചകള്‍
കാണാനെത്തിയവര്‍,
കൂടുകള്‍ക്കുള്ളിലാനെന്കിലും 

Saturday, January 14, 2012ആരാന്റമ്മ

അവന്റെ അമ്മ
എന്റെയും അമ്മയായിരുന്നു ,
അവന്റെ തൊട്ടിലില്‍ 
എന്നെയും താരാട്ടിയിട്ടുണ്ട് ,
അവന്‍ കുടിച്ച മുലകള്‍
എനിക്കുംചുരത്തിയിട്ടുണ്ട് ,

മുണ്ടിറെ കോന്തല കൊണ്ട്
അവന്റെയും എന്റെയും
മൂക്കള തുടചിട്ടുണ്ട് ,

പേമഴ കൊണ്ട
തലകള്‍ക്ക് ഒരേ തുവര്‍ത്ത്,
പേടിപ്പനിക്ക് ഒരേ കഷായം ..

മുറി ബീഡി കത്തിച്ചതിനും,
മിഠായി കട്ടതിനും ,
ചെവി പൊന്നാക്കിയത്
ഒരേ കൈ തന്നെ..

പടനിലങ്ങളിലേക്ക്
പറഞ്ഞയക്കുമ്പോള്‍,
നീറുന്ന കണ്ണുകള്‍
ഞാനും അവനും
ഒന്നിച്ചാണ് കണ്ടത് ,

അവനെയുമെന്നെയും ചൊല്ലി
പരിഭവക്കുറിപ്പുകള്‍ക്ക്
ഒരേ കൈപ്പട ,

എന്നിട്ടും
ഇന്നലെ അവന്റെയമ്മക്ക്
ഭ്രാന്ത് പിടിച്ചപ്പോള്‍
ആദ്യം പൊങ്ങിയ ചിരി
എന്റേത് തന്നെ
കാണാന്‍ നല്ല ശേലെന്നു
ആദ്യമാര്‍ത്തതും
ഞാന്‍ തന്നെ ...

Thursday, January 12, 2012

വിരഹ വഴികള്‍ 

കാത്തു നിന്ന ബസ്‌
കിട്ടാതെ പോയിടത്തുനിന്നാണ് 
നമ്മുടെ പ്രണയാരംഭം

ചാറല്‍ മഴയിലെ
കുടക്കൂട്ടിലാണ്
പ്രണയവസന്തം ,

തരാതെ പോയ
ചുംബനതിനും,
അതിര് തെറ്റിയ
ക്ഷമകള്‍ക്കും
വേണ്ടിയാണ്
നമ്മുടെ പിണക്കം ,

വിധിയുടെ ചതുരംഗ_
പ്പലകയില്‍
വഴിതെറ്റിയപ്പോളാണ്
നാം മരുഭൂമിയുടെ
ചിത്രം വരച്ചു
കൈമാറിയത് ,

മരീചികകളില്‍
പിരിഞ്ഞിരിക്കുംപോള്‍ ,
മുള്ളുവാക്കുകള്‍ക്കിടയില്‍ നിന്നും
ഇപ്പോള്‍ തുടുത്ത
പൂക്കള്‍ വിരിയുന്നു ,
കലഹത്തിന്റെ തിരമാലകള്‍
കുഞ്ഞോളങ്ങളാകുന്നു,
പിണക്കം വിട്ടു ഹൃദയങ്ങള്‍
മധുരം വിളമ്പുന്നു ,
നാം തീര്‍ത്ത മരുഭൂമി
ഒരു പൂവാടി പോലെ ,
തോളില്‍ തലചായ്ക്കുന്നു

Wednesday, January 11, 2012ദാനം


എന്റേത് ,
പകര്‍പ്പവകാശമില്ലാത്ത
പാഴ് ജീവിതം ,
തുന്നിക്കെട്ടുന്നതിനു മുന്‍പ്
നിനക്ക് വേണ്ടത് ,
നീയെടുത്ത് കൊള്ളുക 

നഷ്ടം 


ഹൃദയത്തിന്റെ താക്കോല്‍
ഇന്നലെ കളഞ്ഞുപോയി
മറവിയുടെ മച്ചകങ്ങളില്‍
ഓര്‍മയുടെ കയങ്ങളില്‍
ഒരുപാടിടത്ത്
തിരഞ്ഞുനോക്കി,
പിന്നെയാണ് മനസ്സിലായത്‌
നീയതു കട്ടെടുത്തതാണെന്ന്ഗതി 


പോതുദര്‍ശനത്തിനു വച്ച
സ്കൂള്‍ വരാന്തയില്‍,
അനുശോചനയോഗം
നടക്കുന്ന ഹാളിനു പുറത്ത് ,
ചാഞ്ഞും ചരിഞ്ഞും
അലസം കൊത്തി പെറുക്കുന്നു
ഗതി കിട്ടാത്ത ആത്മാവ്
വിരഹം 
പിരിഞ്ഞിരിക്കുംപോള്‍
മുള്ളുവാക്കുകള്‍ക്കിടയില്‍ നിന്നും
പൂ വിരിയുന്നു ,
കലഹത്തിന്റെ തിരമാലകള്‍
കുഞ്ഞോളങ്ങളാകുന്നു,
പിണക്കം വിട്ടു ഹൃദയങ്ങള്‍
മധുരം വിളമ്പുന്നു ,
നാം തീര്‍ത്ത മരുഭൂമി
ഒരു പൂവാടി പോലെ ,
തോളില്‍ തലചായ്ക്കുന്നു
തളര്‍ച്ചകള്‍


നടന്നു നടന്നാണ്
കാല്തേഞ്ഞത്,
ഭാരം എടുത്തെടുത്താണ്
മുതുക് കൂനിയത് ,
എത്തിപ്പിടിച്ചാണ്
കൈകള്‍ തളര്‍ന്നത് ,
കണ്ടു കണ്ടാണ്
കണ്ണുതീര്‍ന്നത് ,
കേട്ട് കേട്ടാണ്
ചെവികള്‍ കൊട്ടിയടച്ചത് ,

പാടിപ്പാടി ചുണ്ടും,
ആര്‍ക്കൊക്കെയോ വേണ്ടി
മിടിച്ചു മിടിച്ചു ഹൃദയവും ,
പങ്കിട്ടു കരളും ,
ഒക്കെയൊക്കെ
തളര്ന്നുപോയത് കണ്ടു
മനസ്സ് മടുത്താണ് ,

വീന്ടെടുപ്പില്ലാത്ത
ആഴത്തെക്കും,
മടങ്ങാ വഴിയിലെക്കും ,
അതിരില്ലാത്ത ആകാശത്തേക്കും ,

ജീവിതം ഒറ്റ വാക്കിലൊരു
കുറിപ്പെഴുതി വച്ച്
ഇറങ്ങിപ്പോയത്..


Monday, January 9, 2012

ഓട്ടൊഗ്രാഫ് 
-------------
കുത്തഴിഞ്ഞതായിരുന്നു
ഓര്‍മകള്‍ പോലെ,
പുറംച്ചട്ടയില്ലായിരുന്നു 
ജീവിതം പോലെ ,
തുടര്‍ച്ചയില്ലായിരുന്നു
സ്വപ്നം പോലെ,

പഴയതോക്കെയും
തൂക്കി വിറ്റപ്പോളും
ബാക്കി വച്ചതാണ് ,
പുഴുക്കുത്തെറ്റ്
പൊടിഞ്ഞ പുസ്തകം.

കനത്ത കുരിശുമായി
മുള്‍ക്കിരീടം ചൂടി ,
ഉത്തരായനം കാത്തു
കൂരമ്പു ശയ്യയില്‍ ,
നെറ്റിയില്‍ മാറാമുറിവുമായി
തെരുവുകള്‍ തോറും
പകച്ചു നീങ്ങുമ്പോള്‍ ,

കൂടുമാറിയപ്പോഴും
കൂട്ട് മാറിയപ്പോഴും
ചേര്‍ത്ത് വച്ചതാണ്,
ഇന്നിപ്പോള്‍ കീറിപ്പറിഞ്ഞു
പാഴ് ചരക്കായി കാലം ,

എന്കിലുമിടക്കിടെ
മറിച്ചു നോക്കുമ്പോള്‍,
മഷി പടര്‍ന്നയേടുകള്‍ ,
വിളിച്ചു പറയുമായിരുന്നു
നമ്മുടെ അന്തമില്ലാത്ത
ഹൃദയവേദനകള്‍ ...

Sunday, January 8, 2012

ഇലജന്മം 


പച്ചിലയില്‍ നിന്നും
പഴുത്തിലയിലെക്കുള്ള 
ദൂരം അളന്നു തന്നെയാണ്
എന്റെ നില്‍പ്പ്

തളിരിട്ടപ്പോള്‍
തുടങ്ങിയതാണ് ഈ ആധി,
വീണു പോവുന്ന
ഓരോ പഴുത്തിലയും
ഇന്നി ഞാന്‍ നാളെ നീ
എന്നനുഗ്രഹിച്ചു ,
മരണവീട്ടിലെ പുഞ്ചിരി,

കാറ്റിനോട് കലഹിചിട്ടുണ്ട്
മഴക്കൊപ്പം കളിച്ചിട്ടുണ്ട്
പേരറിയാത്ത
ഉറുമ്പുകൂട്ടത്തിനൊപ്പം
ജീവിതം നെയ്തിട്ടുണ്ട് ..

മോട്ടുകള്‍ക്ക് അടയിരുന്നു
വിരിഞ്ഞവക്ക് കാവലിരുന്നു
കനീകള്‍ക്ക് തണലായി ,
വിശന്ന വേനലുകളില്‍
വിത്തുകള്‍ക്ക് താരാട്ടായി

ഇനി കൊഴിയണം
മണ്ണ് വിളിക്കുന്നുണ്ട്
നാളേക്ക് വളമാകാന്‍ ,

ചില്ലയറ്റത്ത്
ചെറു പുഞ്ചിരികള്‍
പൊടിച്ചു വരുന്നുണ്ട്

ഈ ശിശിരം
എനിക്ക് ശ്മശാനം
കരിയിലകല്‍ക്കിടയില്‍
എന്റെ കല്ലറ
മരിച്ച സൌഹൃദങ്ങള്‍
എനിക്ക് വേണ്ടി
പാടുന്നു സ്വാഗതം ,

പച്ചിലയില്‍ നിന്നും
പഴുത്തിലയിലെക്കുള്ള
ദൂരം അളന്നു തന്നെയാണ്
എന്റെ നില്‍പ്പ് 
പച്ച ജീവിതം 


പച്ച മനുഷ്യന് മുന്‍പില്‍
പിരിയുന്ന വഴികളനേകം,
അന്തിച്ചു നില്‍പ്പതേ
ദുസ്വഭാവം ..

ഒരു ഭാരം കരിന്കല്ലുപോലും
കുന്നിലുരുട്ടി കയറ്റി
താഴെക്കുരുളുന്നതുംനോക്കി
ചിരിക്കുന്നതെ
തത്വശാസ്ത്രം ,

ഏതുകോടിയുടെ കീഴിലും
ഒരു വേള തണല് തേടുന്നവന്‍ ,
കൊടികള്‍ നിറം വറ്റി
പാഴ്ത്തുണിയാകുംപോള്‍ ,
മൌനം കരഞ്ഞു
വീടെത്തുന്നവന്‍ ..

പച്ചമനുഷ്യന്
മുറിവേറ്റ കിളിയും,
വേഗം കൊരുക്കുംപാതയില്‍
ചുടുചോര നീന്തുന്ന
കൂടപ്പിറപ്പുകളും ,
ഉടു ചേലപോലും പറിച്ചു
നട്ടുച്ചക്ക്,
കടും വേനലില്‍ തള്ളിയ
ഇരയുടെ നോവും

കാണാതെ വയ്യ
കാണാതെ വയ്യ ..

ഭയമൊരു മദയാനയായ്‌
പിറകെയോടുമ്പോള്‍ ,
കനംകടുത്ത കാലുകള്‍
പെറുക്കി പായവേ
കൊട്ടിയടച്ച വാതിലുകള്‍
ഓര്‍ക്കാതെ വയ്യ

ഹുണ്ടിക ചില്ലറ
പോലും കടംവാങ്ങി
കണ്ടാല്‍ ചിരിക്കാത്ത
സൗഹൃദം കൈക്കൊള്ളാതെ വയ്യ ,
ചാക്കാല കൂടാതെ വയ്യ,
അന്നത്തെയപ്പം മുടക്കി
സമ്മതി ദാനത്തിന്റെ
പച്ചകുത്തെല്‍ക്കാതെ വയ്യ ,
വാര് പൊട്ടിയ ചെരിപ്പിട്ടു
മുടന്താതെ വയ്യ ,

പച്ചമനുഷ്യന്‍
ഏതു നാടകത്തിനും ,
പറ്റിയ വേഷം
പറ്റിയ കാണി .

പച്ച മണ്ണിലേക്കഴും വരെ
പച്ചമനുഷ്യനായ്‌,
തുടരണമേന്നുണ്ട്
അതുവരേയ്ക്കും നിങ്ങളീ
പച്ചമാംസത്തിനു
വിലയിട്ട് ചിരിചോളൂ...
.

Thursday, January 5, 2012

വാനപ്രസ്ഥം

എന്റെ ഓര്‍മയില്‍
അച്ഛന് ചെവികള്‍ 
അനേകമായിരുന്നു ,

സ്കൂളിലേക്ക് പോയ ഞാന്‍
മുള്ളുംപഴം
പറിക്കാന്‍ പോയതും ,

പാവാടപ്പെണ്ണിനോട്
ഗൃഹപാഠം പകര്‍ത്തിയതും ,
കോവാലന്റെ സൈക്കിളില്‍
ഭൂമി ഉരുണ്ടതാണെന്ന്
തെളിയിച്ചതും ,

തറട്ടിക്കറ്റില്‍
നിഴലും വെളിച്ചവും
ഓടിക്കളിക്കുന്ന
സ്വപനം കണ്ടതും ,

അച്ഛന്റെ ചെവികള്‍
കിറുകൃത്യമായി
കേട്ടിരുന്നല്ലോ..

എന്റെ ഓര്‍മയില്‍
അമ്മക്ക് നൂറു
കണ്ണുകളുണ്ടായിരുന്നു ,

കട്ടെടുത്ത
അഞ്ചുരൂപാ നോട്ടും,
കീറിപ്പോയ
കണക്ക് പുസ്തകവും ,

അനുജത്തിയുടെ
കൈത്തണ്ടയിലെ
ചോര കല്ലിച്ച പാടും ,

അമ്മയുടെ കണ്ണുകള്‍
അനായാസം
കണ്ടെടുത്തിരുന്നല്ലോ ..

അമ്മയുടെ തീക്കണ്ണില്‍
ദഹിച്ച കവിതകള്‍
ഗതികിട്ടാതെയിപ്പോഴും
എഴുത്തുമേശ വലം വയ്ക്കുന്നുണ്ട് ,

ഇന്ന് അച്ഛനെ
ചെവിരോഗ വിദഗ്ദന്റെ
വരിയില്‍ കുടിയിരുത്തി ,
അമ്മയുടെ
തിമിരശസ്ത്രക്രിയക്ക്‌
കാവലിരിക്കുംപോള്‍
ഒരു കവിത വന്നിങ്ങിനെ
മുടന്തി നില്‍ക്കുന്നു 

Monday, January 2, 2012

ഒരുക്കം

മുറ്റമെല്ലാം
ഒന്ന് തൂത്തുവാരണം ,
മറവിയുടെ ചൂലെവിടെ ?

പുളിച്ച
പുതുവത്സരാശംസകള്‍
കൂടി കിടപ്പുണ്ട് ,

പരിക്കില്ലാത്തവ
പെറുക്കി വക്കണം
ഓര്‍മ ഭാണ്ഡത്തില്‍ ,

പശയഴിഞ്ഞ
ക്രിസ്തുമസ് നക്ഷത്രം,
കരോളിനിട്ട
മുഖം മൂടി ,

പറ്റുതീയതികള്‍
കുറിച്ചിട്ട
പഴയ കലണ്ടര്‍ ,
കുട്ടികള്‍ക്ക് പുസ്തകം
പൊതിയാന്‍,
പണയച്ചീട്ടുകള്‍
പള്ള നിറച്ച
ഡയറി,
അലമാര മൂലയിലേക്ക് ..

ആശംസാകാര്‍ഡുകള്‍
നിന്റെതുള്‍പ്പെടെ
കല്യാണക്കുറികള്‍ ,
കാമുകിയുടെതുള്‍പ്പെടെ..
ചരമക്കത്തുകള്‍,
വാര്‍ത്തകള്‍ ചത്തുകിടക്കുന്ന
പത്രങ്ങള്‍ ,
പുര നിറഞ്ഞ കുപ്പികള്‍ ,
പൊട്ടിയ പൂപ്പാത്രം ,
പഴയത് ചോദിച്ചെത്തുന്ന
തമിഴത്തിക്ക്..

തുന്നലഴിഞ്ഞു
അഴുക്കുപിടിച്ച തുണികള്‍
അഭയാര്‍ഥികള്‍ക്ക് ,

എടുക്കാത്ത നോട്ടും
നാണയവും ദേവാലയ
ഭണ്ടാരത്തിലേക്ക് ..

മുറ്റമെല്ലാം
ഒന്ന് തൂത്തുവാരണം ,
മറവിയുടെ ചൂലെവിടെ ?

ഇനിയെന്നെത്തന്നെയോന്നു
കഴുകിയയയില്‍
ഉണക്കിയിസ്തിരി ഇടണം
പോയ വര്‍ഷത്തിന്റെ
ചുളിവുകള്‍ അത്രക്കുണ്ട്
നിവര്‍ത്തുവാന്‍ .

Sunday, January 1, 2012

മറവികള്‍ 

അറിഞ്ഞവരാരും
ആരും കറുത്തബാഡ്ജു 
കുത്തിയില്ല ,

ഒടുങ്ങാതിരിക്കാന്‍
കേഴലില്ല ,
ചത്ത്‌ കിട്ടാന്‍
പ്രാര്‍ത്ഥന ..

ആരാനെ ബോധിപ്പിക്കാന്‍
തെരുവിലെവിടെയും
കരിങ്കോടിയില്ല ,
ഉള്ളത് വര്‍ണക്കൊടികള്‍.

അലമുറകളില്ല ,
അലചിരികള്‍ മാത്രം .
റീത്തില്ല ,
പൂ മാലകള്‍ മാത്രം .

യാത്രാ ഗാനങ്ങളില്ല,
ചുവടിളക്കും മേളങ്ങള്‍ കേള്‍ക്കാം .
കണ്ണീരൊട്ടുമില്ല
മോഹത്തിളക്കം കാണാം

പൊതു ദര്‍ശനമില്ല
സ്വകാര്യ സന്ദര്‍ശനം പോലും

ആചാര വെടിയില്ല
ആഹ്ലാദ വെടി മാത്രം .

വായ്ക്കരിയിട്ടില്ല,
വെള്ളം കൊടുത്തിട്ടില്ല ..
എല്ലാരും നുരവീഞ്ഞില്‍ .

കുഴിവെട്ടി ,മൂടി
മൂകതയില്ല,
വാചാലം മാത്രം .

പുതുവര്‍ഷപ്പിറവിയുടെ
ആശംസകള്‍ക്കിടയില്‍
പോയ വര്‍ഷത്തിന്റെ
ചാക്കാലക്ക്
ഒഴിവുണ്ടായീലാര്‍ക്കും ...

ഇത്ര മറക്കാമോ_
പുതിയതണയുംപോളെക്കും
പഴതിനെ ..?