kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Monday, February 27, 2012

3:46 AM

പായാരം

പായാരം 

ഉപമയുടെയും ,
ഉല്‍പ്രേക്ഷയുടെയും
ഇടയിലേക്ക് 
അരിച്ചു കയറുന്ന
അടുക്കള,
പദധ്യാനം മുറിക്കുന്ന
ഉണര്‍ന്ന തൊട്ടില്‍ ,
വരികള്‍ക്കിടയില്‍
വായിക്കുന്ന
വീട്ടു കണക്കുകള്‍ ,
കടം ,കുടിശ്ശിക,
പാല്‍, പത്രം, ആശുപത്രി ,
പൂരപ്പിരിവ് ,നികുതി .
പാചകവാതകം ,വഴിത്തര്‍ക്കം
ഇതിനിടയിലെവിടെയും
ഒരുകവിതയുടെ മുഖം ,
കാണാനാകുന്നില്ല ,
കൂടിക്കാഴ്ചകള്‍ പലതും
പായാരം പറച്ചിലാകുന്നതില്‍
ഒന്നും തോന്നരുത് 
3:45 AM

പക്ഷെ

  പക്ഷെ

ഉള്ളിലൊരു പിടച്ചിലാണ്
ഇപ്പോഴും പൂവാക 
പൂത്തു നില്‍ക്കുമ്പോള്‍ ..

ചങ്കിലൊരു മുള്ളാണ്
ഒറ്റക്കൊരു കുയിലിരുന്നു
വേദന പാടുമ്പോള്‍

ചുണ്ടിലൊരു മൌനമാണ്
കാല്‍ച്ചുവട്ടില്‍
തിര തല തല്ലുമ്പോള്‍

ഒരൊറ്റപ്പെടലാണ്
വഴിയിലൊരു മരം
തണല്‍ പെറ്റിടുമ്പോഴും

നിലക്കാത്ത കരച്ചിലാണ്
കാതുകളില്‍ ,
പിന്‍ വിളികളായി

വിശപ്പകറ്റലാണ്‌
ജീവിതം ജീവിതത്തെ
കൂട്ടികൊടുത്തു കൊണ്ടേ

പരാതിയില്ലാത്ത
ഉണക്ക ചുള്ളിയിലിരുന്നു
കാലം കാക്കയാകുന്നു 

തിരിച്ചു പോകണമെന്നുണ്ട്
വറ്റാത്ത ഉറവയുള്ള
ഗര്‍ഭ പാത്രത്തിലേക്ക്

പക്ഷെ
ഉള്ളിലൊരു പിടച്ചിലാണ്,
ചങ്കിലൊരു മുള്ളാണ്,
ചുണ്ടിലൊരു മൌനമാണ്,
നിലക്കാത്ത കരച്ചിലാണ് ,
ഒരൊറ്റപ്പെടലാണ് ,
നിലക്കാത്ത കരച്ചിലാണ് ,
വിശപ്പകറ്റലാണ്‌.
..
3:41 AM

പ്രണയ ശകലങ്ങള്‍



പ്രണയ ശകലങ്ങള്‍ 




എനിക്ക്

എന്റെ പൂവാടി നീയെടുക്കൂ
എന്റെ പൂമ്പാറ്റകളെ നീയെടുക്കൂ
എന്റെ വസന്തം നീയെടുക്കൂ
നിന്നെ മാത്രം എനിക്ക് തരൂ 



ഇപ്പോള്‍
 

നിന്റെ ആനന്ദാശ്രു പോലും
എന്റെ ഹൃദയം മുറിക്കുന്നു
നിന്റെ കവിളുകള്‍ ഒപ്പാന്‍
അതൊരു തൂവാലയാകുന്നു 



അസൂയ

എത്ര അനുസരണയോടെയാണ്
എന്റെ വീണക്കമ്പികള്‍,
നിന്റെ വിരലുകള്‍ക്ക്

 വഴങ്ങി സ്വരമുതിര്‍ക്കുന്നത് 


തൊഴുത്ത് 

പട്ടിണിക്കിട്ട
സ്വപ്നങ്ങളുടെ
കരച്ചില്‍ കേട്ട് മടുത്തു ..

ഒക്കെറ്റിനെയും
ഞാനിപ്പോള്‍
കയറഴിച്ചു വിട്ടു ...

എവിടെയെങ്കിലും
മേഞ്ഞു നടന്നു
വിശപ്പടക്കട്ടെ ...


Monday, February 20, 2012

6:27 PM

താളവട്ടം

താളവട്ടം
 


പൂരപ്പറമ്പില്‍
ചങ്കിടിപ്പുകളുടെ
മേളപ്പെരുക്കം ,

വിയര്‍പ്പുനാറ്റം
പരാഗണം ചെയ്യുന്ന

സൗഹൃദക്കാട്,





ചെറുപ്പത്തിന്‍
സിരകളിലാവേഗം

നുരപൊട്ടുന്നു,


അമിട്ടിനൊപ്പം
ചിതറി വീഴുന്ന

വിശന്ന വയറുകള്‍ ,

ചത്ത കണ്ണോടെ
തുറിച്ചു നോക്കുന്നു

കളിപ്പാട്ടങ്ങള്‍,


ചരട് പൊട്ടി
കൂട്ടം തെറ്റിയലയും

വര്‍ണ ബലൂണ്‍ ,


കുട്ടിക്കണ്ണില്‍

വിരിഞ്ഞിറങ്ങുന്ന
മിന്നാമിന്നികള്‍




തിരക്ക് കണ്ടു
ഭയന്ന കുട്ടിയായി

അന്തിവെയില്‍ 


ആല്‍ച്ചുവട്ടില്‍
കസവില്‍ പൊതിഞ്ഞ

ഉടലളവ്


നെറ്റി വെട്ടിയ
വാളില്‍ നിന്നിറ്റുന്നു

കോമരച്ചോര ,


കാഴ്ച മങ്ങുന്നു ,
വഴിയടഞ്ഞു പോകും

നിഴല്‍പാമ്പുകള്‍ 





Saturday, February 18, 2012

11:22 PM

കുറുങ്കവിതകൾ



ഹൃദയം 

എന്റെ നെഞ്ചിലെ
മാംസ പിണ്ഡം
നിന്റെ കയ്യിലിരുന്നു
മിടിക്കാന്‍
തുടങ്ങിയപ്പോഴാണ്
ഞാനതിനു ഹൃദയം
എന്ന് പേരിട്ടത്


ജപ്തി



കടം വാങ്ങിയ
ചുംബനങ്ങള്‍
പലിശ സഹിതം
പെരുകി വീട്ടാനാവാതെയായി ,
ചുണ്ടുകള്‍ ജപ്തി
ചെയ്യുമെന്നിന്നലെ
അവള്‍ നോട്ടീസ് നല്‍കി 





മോക്ഷം 


ലയിക്കണം നിന്നില്‍ ,
ഞാന്‍ വളര്‍ത്തുന്നു എന്നെ
അതിനായി മാത്രം 
5:41 AM

നടത്തം

നടത്തം 

രാവിലെ നടക്കാനിറങ്ങിയതാണ്
അയാളും ഞാനും,
വഴിയിലൊരു വീട്ടില്‍ 
മുറ്റമടിച്ചു നിന്ന
മയില്‍പേടയെ കണ്ട്,
ശംഖു പുഷ്പങ്ങള്‍
വിരിഞ്ഞു നിന്ന
നീളന്‍ കഴുത്തിനെ കുറിച്ചും
കാതര മിഴികളെകുറിച്ചും
ഞാന്‍ വാചാലനായപ്പോള്‍ ,
വായിലൂറിയ വെള്ളമിറക്കി
അയാള്‍ പറഞ്ഞത്
ഒത്ത ഒരു മയില്‍പേടയും
രണ്ടു കുപ്പിയും
മൂന്നോ നാലോ പേരും ചേര്‍ന്നാല്‍
നമുക്കൊരു മേളം ഉണ്ടാക്കാം
എന്നായിരുന്നു ..

ഇടക്കൊരു വേലിയില്‍
ഒരു കുല തെച്ചിപ്പൂ കണ്ട്,
സൂര്യനെ പ്രണയിച്ചത് കൊണ്ടാണ്
ഇത്ര ചുകന്നു പോയതെന്ന്
ഞാന്‍ പറഞ്ഞപ്പോള്‍ ,
ഇപ്പോഴും എവിടെയൊക്കെയോ
ഒറ്റപ്പെട്ടു പൂത്തു നില്‍ക്കുന്ന
ചോപ്പന്‍ കിനാവുകളെയാണ്
അയാള്‍ ഓര്‍മിപ്പിച്ചത് ...

ഇടതൂര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ
ചോരക്കട്ടയായി സൂര്യനെ
കാണാനുണ്ടായിരുന്നു ,
പ്രഭാതമായെന്ന് ഞാന്‍
മറ്റൊരിടത്ത് ഇപ്പോഴും
രാത്രിയായിരിക്കുമെന്നു അയാള്‍ ,

വൈദ്യത കമ്പിയില്‍
ഒട്ടിക്കരിഞ്ഞുപോയ
കടവാവലിനെ കണ്ടപ്പോള്‍
അയാള്‍,നിത്യ സംഭവമായ
പവര്‍ക്കട്ടിനെ പ്രാകി ..
ഞാനപ്പോള്‍ എന്നും കരിയാന്‍
വിധിക്കപ്പെട്ട കറുത്തവരെ പറ്റി
ഓര്‍ക്കുകയായിരുന്നു

ഇങ്ങിനെയോക്കെയാനെന്കിലും
കൊഴുപ്പും കൊളസ്ട്രോളും
ഷുഗറും പ്രഷറും
ഞങ്ങളെ ഒരുമിപ്പിച്ചത് കൊണ്ട്
ഒരു വഴിയില്‍
രണ്ടുവഴി തീര്‍ത്തും
ഒരേ ദിശയില്‍
എതിര്‍ ദിശ തീര്‍ത്തും
ഞങ്ങള്‍ നടത്തം തുടരുന്നു 


Monday, February 13, 2012

6:58 PM

ഇനി

ഇനി



നിങ്ങളെല്ലാരും നോക്കിക്കോ
ഒരിക്കല്‍ ഞാനൊരു
കവിതയെഴുതും

മുറുക്കമുള്ള വാക്കുകളാല്‍
വൃത്തമോപ്പിച്ച്...
കുരുക്കു തീര്‍ത്തു,
ഞാനതെന്റെ കഴുത്തിലണിയും ,
ഒരു തല ഞാനീ
ആകാശത്തിന്റെ ഉത്തരത്തില്‍
കെട്ടിയുറപ്പിക്കും,
എന്നിട്ട് ചക്രവാളം
തട്ടിമറിച്ചു ചാടും ,

അപ്പോള്‍ നിങ്ങള്‍
ഈ കവിത രസം പിടിച്ചു
വായിക്കുമായിരിക്കും
.
6:54 PM

ഇന്ന്

ഇന്ന്


പൊരിവെയിലത്ത്
അകന്നു പോയ
വര്‍ണക്കുടകളെക്കാള്‍,
ഇത്തിരിയിടം തന്ന
കീറക്കുടയാണ് എനിക്കിഷ്ടം ,

അന്ധ കൂപത്തിലുഴറുമ്പോള്‍
ചേര്‍ന്ന് വന്ന
മിന്നാമിന്നിയോടുതന്നെയാണ്
പ്രേമം കൊരുത്തത് ,

അയഞ്ഞ ഹസ്തദാനത്തെക്കാള്‍
മുങ്ങിത്താഴുമ്പോള്‍ കിട്ടിയ
കച്ചിത്തുരുമ്പിന്റെ മുറുക്കമാണ്
എനിക്കിഷ്ടം ,

വെറുതെ വഴുക്കി വീഴുന്ന
വാക്കുകളേക്കാള്‍
മനസ്സറിഞ്ഞ നിന്റെ
നാല് ചീത്ത മതി ,
വാലന്റൈന്‍സ് ദിനത്തില്‍ .

Thursday, February 9, 2012

7:14 PM

ഹൈക്കു കവിതകൾ



കൂരമ്പുകള്‍




          പൂവമ്പുകൊണ്ട
     1.  കണ്ണില്‍ നിന്നുമോഴുകി
          വിരഹാഗ്നിr





          ജീവിത നിഘണ്ടു
     2.  പ്രണയത്തിന്റെ എട്
          ചീന്തിപ്പോയി





          നിലാവിനെ കാത്ത്
     3.  ഒടുവില്‍ നിരാശയാല്‍
          വെയില്‍ കെട്ടു



          


          ചത്തുമലച്ച
     4.  മീന്‍ കണ്ണില്‍ ബാക്കിയായ്‌
          മോഹക്കടല്‍





          പാര്‍വതിയെത്തി,
     5.  ഗംഗ കൈലാസമോഴിഞ്ഞു
          വിധി വിഹിതം 


Wednesday, February 8, 2012

9:00 AM

പാട്ട്

             പാട്ട്




ഹൃദയമൊരു പിറവിയുടെ കാലൊച്ച കേട്ടു
കവിതയതു ചിന്തയുടെ വാതില്‍ തുറന്നു ,
ഒടുവിലൊരു തണലില്‍ നാമോന്നിച്ചു കൂടി
വാക്കുകളുടെ മധുരം പകുത്തങ്ങു പാടി..

രാത്രിയിതു പാടുന്ന പാട്ടെന്റെ നെഞ്ചില്‍
പേര്‍ത്തും കിനാവിന്റെ കുളിരല പടര്‍ത്തി ,
താരക,നിലാവൊളിയതു പൂത്തും തളിര്‍ത്തും
ചേരുന്നുയെന്നിലീ ദുരിത യാമത്തിലും

Thursday, February 2, 2012

9:42 AM

കാലികം

കാലികം 

യക്ഷിയും അവനും
കരിമ്പനയുടെ മുകളിലേക്ക് 
കൈ കോര്‍ത്ത്‌ കയറിപ്പോകുന്നത്
ഞങ്ങള്‍ കണ്ടതാണ് ,

വെറ്റില പോലത്തെ ഹൃദയം
തൊട്ടുകാട്ടി, ഇത്തിരി നൂറാണവള്‍
അവനോട് ചോദിച്ചതും ,

പൊടുന്നനെ
കരിമ്പനക്കു മുകളില്‍ നിന്നും
താഴേക്കു വീണു ,
ആദ്യം ഒരു വെള്ള സാരി
അടിപ്പാവാട,
മുലക്കച്ച,
കുപ്പി വളപ്പോട്ടുകള്‍ ,
തുള്ളിയായി ചോര .
.നിലവിളികള്‍ ,മുരള്‍ച്ചകള്‍,

പിന്നെയും വീണു കൊണ്ടിരുന്നു
തുടകള്‍ ,
മുലകള്‍ .
മൌനപ്പെട്ടുപോയ ചുണ്ട്
പനംകുലപോലത്തെ മുടി
കൂമ്പിയ കണ്ണുകള്‍ ..
ചോര കട്ടച്ച സ്വപ്നങ്ങള്‍ ...

അവസാനം അവന്‍ പനയിറങ്ങി
വിയര്‍ത്തു കുളിച്ച്
നാവു നീട്ടി ചിറി തുടച്ച്,
ഒരു ഒറ്റക്കയ്യന്‍.
.