Wednesday, May 30, 2012


വിശപ്പ്‌
തത്തയ്ക്കും
കുറത്തിക്കും
അന്നാന്നത്തെ
വയറ്റിലെ തീ
അണക്കാനുള്ള മന്ത്രം

മുമ്പിലിരിക്കുന്നവന്
നാളെയുടെ തീ
അറിയാനുള്ള തന്ത്രം

ചീട്ടില്‍ എന്നും
ചത്തുകിടപ്പുണ്ട്
എല്ലാരുടെയും
തീയ്യിന്റെ
ഭൂതകാലം 

പേരില്ലാത്തത്


ആര്‍ക്കോ വേണ്ടി
നിന്നെ മര്‍ദിക്കുംപോള്‍
ഞാനെത്ര വേദനിച്ചിട്ടുന്ടെന്നോ ?
ചുറ്റിക ആണിയോടു
ഹൃദയം തുറന്നു

എനിക്കതറിയാമായിരുന്നു
അപ്പോഴൊക്കെയും
ഞാന്‍ നിന്നെയോര്‍ത്തു
എത്ര കരഞ്ഞിട്ടുന്ടെന്നോ ?

ആണിയുടെ സ്വരത്തില്‍
ഒരു ആലിംഗനത്തിന്റെ
നനവുണ്ടായിരുന്നു 

ജൂണ്‍ മാര്‍ക്കറ്റ്

കട കാലിയാക്കുകയാണ്
വരുവിന്‍ വാങ്ങുവിന്‍ ,

വില്‍ക്കാനുണ്ട്
തുള വീണ
ആദര്‍ശത്തിന്റെ
ശീലക്കുടകള്‍ ,

വിലക്കുറവുണ്ട്
ഒന്നെടുത്താല്‍ ഒന്ന് വെറുതെ
ഇട്ടു തേഞ്ഞ
ചിന്തകളുടെ
മുടന്തന്‍ ചെരിപ്പുകള്‍ ,

സൌജന്യമുണ്ട്
പ്രതികരണത്തിന്റെ
മഷി വറ്റിയ
ഷണ്ഡന്‍ പേനകള്‍ ,

എഴുതാപ്പുറം മാത്രം
വായിക്കാവുന്ന
പുസ്തകങ്ങള്‍ ,

നഗ്നനായ രാജാവിനെ
വരച്ചപ്പോള്‍
മുനയോടിഞ്ഞുപോയ
പെന്‍സിലുകള്‍ ,

വിശപ്പും ദാഹവും 
എന്തെന്നറിയാത്ത 
ചോറ്റുപാത്രവും 
വെള്ളക്കുപ്പിയും 

നാവറുക്കപ്പെട്ട ബൊമ്മകള്‍ ,
ഒന്നും കാണാതിരിക്കാനുള്ള
കണ്ണടകള്‍ ,

എന്തും മറയ്ക്കുന്ന കുപ്പായം
ചോരയുടെ നിറം
പരന്ന ചായപ്പെട്ടി ,


ഷോക്കേസില്‍ വയ്ക്കാന്‍
പഴയ സ്വപ്‌നങ്ങള്‍

എല്ലാം വമ്പിച്ച വിലക്കുറവില്‍ ,
കട കാലിയാക്കുകയാണ്
വരുവിന്‍ വാങ്ങുവിന്‍ 


മൂന്നു കവിതകള്‍ 

മൌനം

സംസാരിച്ചു മടുത്ത
മൌനം, ഒടുവില്‍
മിണ്ടാതിരിക്കാന്‍
തീരുമാനിച്ചു .


ഒരുനാള്‍

ഉണ്ട്
ആല്‍ച്ചുവട്ടില്‍
കയ്യും കാലും പോയി
ഓടക്കുഴലും
ഭദ്രവട്ടകവും പോയി
മൂക്കും മുലയും
വമ്പും തുമ്പിയും പോയി
കിടന്നു തേങ്ങുന്നു
ഒരുനാള്‍ നാം
പുഷ്പാഞ്ജലിയും
വിളക്കും മാലയും
ഗുരുതിയും നേര്‍ന്നു
തൊഴുതു നിന്ന 
വിഗ്രഹങ്ങള്‍

 നോട്ടം

സദാചാര ഭീതിയില്ലാതെ
അയയിലോട്ടിക്കിടക്കുന്നു
വയലറ്റ് ചുരിദാറും
രാം രാജ് ഡബിള്‍ മുണ്ടും
അയല്‍പക്കത്ത്
ഇന്ന് രാവിലെ .Friday, May 25, 2012

കവിഭാഷ: അവള്‍ക്കു എപ്പോഴുംഅവള്‍ക്കു എപ്പോഴും തിരക്കാണ് ...

കവിഭാഷ:
അവള്‍ക്കു എപ്പോഴും

അവള്‍ക്കു എപ്പോഴും തിരക്കാണ് ...
: അവള് ‍ ക്കു എ പ്പോഴും അവള് ‍ ക്കു എപ്പോഴും തിരക്കാണ് രാവിലെ അലാറത്തിനോപ്പം ഉണരണം അടുപ്പിനോപ്പം പുകയണം ഗ്യാസ് സ്റ്റവ്വില...

അവള്ക്കു പ്പോഴും

അവള്
ക്കു എപ്പോഴും
തിരക്കാണ്

രാവിലെ അലാറത്തിനോപ്പം
ഉണരണം
അടുപ്പിനോപ്പം
പുകയണം
ഗ്യാസ് സ്റ്റവ്വില്
ജ്വലിക്കണം

കുക്കറില് തിളക്കണം
അരിക്കൊപ്പം വേവണം
ഓവനില്
ഉരുകണം
ഫ്രീസറിനൊപ്പം
മരവിക്കണം

ഗ്രയിന്‍ഡറിനോപ്പം
അരയണം
.അലക്ക് യന്ത്രത്തില്‍
അലിയണം,

അയയില്‍ ഉണങ്ങണം
ടെലിവിഷനോപ്പം
കരയണം
തൊട്ടിലിനോപ്പം
ആടണം
ഗൃഹപാഠത്തിനോപ്പം
വെട്ടണം തിരുത്തണം
ജനാലകള്‍ക്കൊപ്പം
തുറന്നടയണം

വിളക്കുകള്‍ക്കൊപ്പം
കത്തുകയും
അണയുകയും വേണം

പൂക്കളോടൊപ്പം
ചിരിച്ചിട്ടോ
മിന്നാമിന്നിക്കൊപ്പം
ഉദിച്ചിട്ടോ കണ്ടിട്ടില്ല

ചരിത്ര പുസ്തകത്തില്‍
എനിക്കൊപ്പം ഉണ്ട്
എന്നഭിനയിക്കുമ്പോളും
അവള്‍ എന്തിനോക്കെയോ
ഒപ്പമാണ്

അവള്
ക്കു എപ്പോഴും
തിരക്കാണ്

Thursday, May 24, 2012


ഹെക്കു കവിതകള്‍        1
സീമന്തരേഖ

,
പെയ്യാന്‍ വെമ്പി നിന്നു
സിന്ദൂരമേഘം
       2
ആടുകളിടി
കൂടുന്നത് ദാഹിച്ച്
ചെന്നായ്‌ക്കൂട്ടം
          3
ബാക്കി വച്ചതു
പറയാന്‍ വീണ്ടും വന്നു
മഴക്കാമുകി
             4
പിരിയാന്‍ നേരത്ത്
കണ്ണീരില്‍ ഒട്ടിച്ചേരുന്നു
കൈത്തലങ്ങള്‍
           5
മരത്തില്‍ പോലും
പെണ്ണിനെ കാണുന്നു
പുരുഷ കവി
           6
കുലച്ച വാഴ ,
ഗണിച്ചു നോക്കി
ശിഷ്ടായുസ്
        7
നാരങ്ങാമിട്ടായി,
അലിഞ്ഞിറങ്ങിയൊരു
 തീരാപ്പിണക്കം

       8
ജപമാലയില്‍
വിറകൊണ്ട വിരലുകളില്‍
പാപക്കറകള്‍
         9
മുക്കല്ലടുപ്പ്
അമ്മ ,ഉള്ളിലെരിയുന്ന
തീയാണെപ്പോഴും

Tuesday, May 22, 2012

കണക്ക്

ശിഷ്ടം വന്ന
ആദര്‍ശത്തെ
പൊട്ടക്കിണറ്റിലെക്കിട്ട്,
ഹരണം പഠിച്ച കുട്ടി
എഞ്ചുവടി ചീന്തി
കാറ്റില്‍ പറത്തി

പെണ്മരം
വേര് കൊണ്ട്
പൂഴിമണ്ണില്‍
വൃത്തം വരച്ചു

അലസമോന്നു
കുനിഞ്ഞു
മണ്ണിനെ നോക്കി

ശാഖകള്‍ ഇടതും
വലതും പിന്നിയിട്ട്
ഇടക്കൊരു
പൂ ചൂടി
കനികള്‍ കൊണ്ട്
കടാക്ഷിച്ചു
മഴയിലോട്ടിയ
ചേലയിലുടലിനെ
തെല്ല് നാണത്താല്‍ മറച്ചും

  നഖം കടിക്കുന്ന
ഇലകളുമായി
കാറ്റിന്റെ നെഞ്ചില്‍
മുഖം പൂഴ്ത്തി
ചെറു സങ്കടം
കാതിലോതിയും
നില്‍ക്കുന്ന
നീ ഒരു പെണ്മരം

Sunday, May 20, 2012

കൊതികള്‍

അവളുടെ
ഒരു ചുംബനത്തിന്
വേണ്ടിയാണ്
ഞാന്‍ മരിച്ചത്

ഞാന്‍
മരിച്ചപ്പോളാണ്
അവളതു തന്നതും 

 
അവള്‍ തരാതെ പോയ
പൂച്ചെണ്ടിനു
വേണ്ടിയാണ് ഞാന്‍
മരിച്ചത് 

 
അപ്പോഴാണ്
അവളൊരു പുഷ്പചക്രം
തന്നെ തന്നത്

(പി കെ പാറക്കടവിനോടു കടപ്പാട് )
മുത്തശി പറഞ്ഞത്

പണ്ട് പണ്ടൊരു രാജ്യത്ത്

ഒരു തീപ്പന്തം ഉണ്ടായിരുന്നു
ഇരുട്ടില്‍ പെട്ടുപോയ
നൂറ്റാണ്ടുകളെ
അത് വെളിച്ചം കാണിച്ചിരുന്നു

രാജാവ് നഗ്നന്‍ ആണെന്നുറക്കെ

പറഞ്ഞ കുട്ടിയുടെ
കൂട്ടുകാരനായിരുന്നു

തീപ്പന്തം

എന്തിനെയും ചോദ്യം
ചെയ്യുമായിരുന്നു
തനിക്ക് ശരിയെന്നു തോന്നിയ
വഴിയിലൂടെ നെഞ്ചും വിരിച്ചു
നടക്കുമായിരുന്നു ..
ഒരു പാടു ചെറു പന്തങ്ങള്‍ക്ക്
പിതാമാഹനായിരുന്നു
കോരന്റെ കുമ്പിളിലേക്ക് വരെ
വെളിച്ചം പകര്‍ന്നിരുന്നു
കള്ളന്‍ കൊച്ചുണ്ണിയുടെ
പ്രഖ്യാപിത ശത്രുവായിരുന്നു

എന്ത് ചെയ്യാം

പിന്നെ പിന്നെ
തീപ്പന്തത്തിനു ചുവടു പിഴച്ചു
അസമയത്തും അസ്ഥാനത്തും
ആളിക്കത്താന്‍ തുടങ്ങി
കള്ളന്‍ കൊച്ചുണ്ണിക്ക്
വഴികാണിക്കാന്‍ നടന്ന
തീപ്പന്തം ,
കാലം പിറകെ കൂടവേ
വൈക്കോല്‍ കൂനയിലും
ഓലപ്പുരയിലും
ഒളിച്ചിരിക്കാന്‍ ചെന്നപ്പോള്‍
ഓടിക്കാന്‍
ജനം പെട്ട പാട്...

പതിയെ പതിയെ

തീപ്പന്തത്തില്‍ നിന്നും
തീയും പന്തവും
വേറെ വേറെയായി
പന്തത്തില്‍ പ്രതീക്ഷ പോയതിനാല്‍
പന്തം ഇറയില്‍ തിരുകി
നാട്ടു വെളിച്ചവും
കൂരിരുട്ടും ഇണചേരുന്ന
പെരുവഴിയിലേക്ക്
അങ്ങിനെയാണ്
മക്കളെ ..നമ്മള്‍
ഇറങ്ങേണ്ടി വന്നത്

Saturday, May 19, 2012

ആമ

എവിടെപ്പോയാലും

പാര്‍ക്കിലോ
ബാറിലോ
ജാഥയിലോ
കടപ്പുറത്തോ
എപ്പോഴും വീട്
അയാള്‍ക്കൊപ്പം ,

പലചരക്ക് കുറിപ്പടി
മരുന്നുശീട്ട്
പണയക്കുടിശിക
ചോരുന്ന മേല്‍ക്കുര
പുര നിറയുന്ന
നിശ്വാസങ്ങള്‍
വറ്റാനിനി വെള്ളമില്ലാത്ത
തിമിരക്കിണറുകള്‍

പായാരം മുറ്റമടിക്കുന്ന
സുപ്രഭാതങ്ങള്‍
കലങ്ങിയ കണ്ണുമായി
കുളിക്കാന്‍ പോകുന്ന
നട്ടുച്ചകള്‍
കലഹിക്കുന്ന
മൂവന്തികള്‍

എവിടെപ്പോയാലും
എപ്പോഴും വീട്
അയാളെ പിന്തുടരുന്നു
അതുകൊണ്ടാണ്
അയാള്‍ക്ക്‌ ഞങ്ങള്‍
ആമ എന്ന്
വിളിപ്പേരിട്ടത്

മാര്‍ജിന്‍ ഫ്രീ
 
ഞങ്ങളെ
തരാതരം
അടയാളങ്ങളില്‍
തരാതരം
സമയത്ത്
വിലപ്പെട്ട
സമ്മതിദാനാവകാശം
കൊണ്ട് മൂടിയവരെ ..

നിങ്ങള്‍ക്ക്

ആഹ്ലാദിക്കാന്‍
ഞങ്ങള്‍
ഹര്‍ത്താലുകള്‍ തരും
തേനും പാലും
നിങ്ങളുടെ
ദിവാസ്വപ്നങ്ങളില്‍
ഒഴുക്കും
നിങ്ങള്ക്ക്
വരിനിന്നു പഠിക്കാന്‍
മധുശാലകള്‍
മുക്കിനു മുക്കിനു
കെട്ടിയുണ്ടാക്കും

കണ്ടു കയ്യടിക്കാന്‍

തെരുവുകള്‍ തോറും
സംഘട്ടനങ്ങള്‍ കാണിക്കും

മൂക്കത്ത് വിരല്‍ വക്കാന്‍

കൊലകള്‍
നടത്തി കാണിക്കും
നിങ്ങള്ക്ക്
വായിച്ചു രസിക്കാന്‍
പീഡന കഥകള്‍
ഉണ്ടാക്കി തരും

രാവിലെയും

വൈകിട്ടും
നിലപാടുകള്‍ മാറ്റി
ഓന്തു വേഷമണിഞ്ഞു
നിങ്ങളെ ചിരിപ്പിക്കും
നിങ്ങള്‍ക്ക്
മാന്തി രസിക്കാന്‍
ചുടുചോറ് നല്‍കും

നിങ്ങള്‍ ചെയ്യേണ്ടത്

ഒന്ന് മാത്രം ,
ഞങ്ങളെ
തരാതരം
അടയാളങ്ങളില്‍
തരാതരം
സമയത്ത്
വിലപ്പെട്ട
സമ്മതിദാനാവകാശം
കൊണ്ട്
മൂടിക്കൊണ്ടേ
ഇരിക്കണം

രണ്ടാം പാഠം
 
 സ്കൂള്‍
ഒരു
തള്ളക്കോഴി

ബെല്ലടിച്ചപ്പോള്‍
കുട്ടികളെല്ലാം
ചിറകിന്നടിയില്‍
പതുങ്ങി,

ചിക്കാനും

ചികയാനും
പഠിപ്പിച്ചു

കൂക്കാനും

പറക്കാനും
പഠിപ്പിച്ചു

കീരിയുടെയും

കുറുക്കന്റെയും
വട്ടമിടുന്ന
ചക്കിയുടെയും
മീശവച്ച
പൂച്ചയുടെയും
ചിത്രം വരച്ചു
കാണിച്ചു

കാക്കയുടെ നോട്ടം

നടന്നു കാണിച്ചു

നെല്ലും പതിരും

അരിയും ചോറും
പുഴുവും മണ്ണിരയും
പിടിച്ചു കാണിച്ചു

പ്രായമെത്തിയപ്പോള്‍

ഒക്കെത്തിനെയും
കൊത്തിയാട്ടി

Thursday, May 17, 2012


ഹെക്കു

      1
ഓളപ്പരപ്പില്‍
മത്സ്യാവതാരം തേടി
നീര്‍ക്കാക്ക
     2
നിശ്ചലജലം ,
മീനിന്റെ ശ്വാസം നോക്കി
വിശന്ന പൊന്മ
      3
മേഘത്തിരശീല,
അമ്പിളിയോളിക്കുന്നു
ആട മാറ്റാന്‍
       4
വേദനയിലും
അവള്‍ പാളിനോക്കുന്നു
കണ്മണിയെ
      5
ഇളവെയില്‍
പുല്‍ക്കൊടിത്തുമ്പിലിട്ടു
വജ്രമൂക്കുത്തി
        6
വെള്ളിനക്ഷത്രം
പൊഴിഞ്ഞു വീണു
ആകാശം തേങ്ങി
        7
ഒരുല്ക്ക വീണു ,
ആരെയൊക്കെയോ ശപിച്ച്
കത്തി തീര്‍ന്നു
        8
മീനൊഴിഞ്ഞു
തോണിക്കൂട്ടങ്ങള്‍ക്ക്
ഉച്ചയുറക്കം

        9
കൂട്ടം തെറ്റിയ
കിളിയുടെ നെഞ്ചിലേക്ക്
വേടന്റെ അമ്പ്‌
      
        10
ആകാശപ്പെണ്ണ്
കണ്ണാടി നോക്കുന്നു
കുളപ്പരപ്പില്‍


മുന്തിരി

കിട്ടാത്ത മുന്തിരി

പുളിക്കുമെന്നു പറഞ്ഞത്
കിട്ടാഞ്ഞിട്ട് തന്നെയാണ്

ഞങ്ങള്‍ക്കൊക്കെ
കിട്ടാത്തത്ര ഉയരത്തില്‍
മുന്തിരി കേട്ടിവെച്ചത്
ആരെന്നും
എപ്പോളെന്നും ,
ആര്‍ക്കെഒക്കെ
എപ്പോഴെഒക്കെ
മുന്തിരിവള്ളി
ചാഞ്ഞു കൊടുത്തിട്ടുന്ടെന്നും
അറിഞ്ഞപ്പോളാണ്
പുളിപ്പ് കൂടിയത്

ഇനിയിപ്പോള്‍ നിങ്ങടെ
മുന്തിരി വേണ്ട
കിട്ടുന്ന ഉയരത്തില്‍
ഞങ്ങളുടെ
നല്ല കടുമധുരം മുന്തിരി
കുല കുലയായി
കിട്ടാനുണ്ട് ..

നിങ്ങടെ മുന്തിരി
പുളിച്ചു പുളിച്ചു
അവിടെ കിടന്നു
ഉണങ്ങി തുലയട്ടെ

കിട്ടാത്ത മുന്തിരി
പുളിക്കുമെന്നു പറയുന്നത്
കിട്ടാഞ്ഞിട്ട് തന്നെയാണ്

ഒരുക്കങ്ങള്‍
അമ്മപ്പക്ഷി
അടയിരിക്കാന്‍
തുടങ്ങിയ
ദിവസം തന്നെ
അച്ചന്‍പക്ഷി
എല്‍ കെ ജി യില്‍ ,
യു കെ ജി യില്‍ ,
നഗരത്തിരക്കിലെ
പേരും പെരുമയുമുള്ള
ബോര്‍ഡിംഗ് സ്കൂളിലും ,
ട്യൂഷന്‍ ക്ലാസിലും ,
പാട്ട് മാഷ്‌ ,
ഡാന്‍സ് ടീച്ചര്‍ ,
കരാട്ടെ മാഷ്‌,
ചിത്രം വര ,
സ്പോക്കന്‍ ഇംഗ്ലീഷ്,
റിയാലിറ്റി ഷോ ,
എന്ട്രന്‍സ് കോച്ചിംഗ്
വരെയുള്ള എല്ലായിടത്തും
സീറ്റ് ബുക്ക് ചെയ്യാന്‍
ശരവേഗത്തില്‍
പറന്നു പോയി ..

Wednesday, May 16, 2012

  • കുറുംകവിതകള്‍


   -------1---------
   മേഘക്കുഞ്ഞിന്
   അമ്മിഞ്ഞയൂട്ടി
   പര്‍വതസ്തനങ്ങള്‍
   --------2---------
   മഴപ്പെണ്ണിനു
   വഴിക്കൂട്ടുപോകുന്നു
   വെയിലാങ്ങള


  • -------3----------
   മഴവില്ലിന്
   ഞാണ്‍ കെട്ടി മുറുക്കി
   സഹ്യപര്‍വതം


  • --------5------------
   ജീവിതം
   മോഹഭംഗത്തിന്റെ
   പരിചാരിക


  • --------6------------
   പുഷ്പച്ചക്രത്തില്‍
   വന്നുമ്മവയ്ക്കുന്നു
   അന്ധശലഭം


  • --------7----------
   കാലം ,പിന്നെയും
   കാത്തിരിപ്പുകളുടെ
   വിഷച്ചഷകം
  • --------8----------
   തീയില്‍ നിന്നും
   കൊരുക്കും ,
   വാടാ മലരുകള്‍


  • --------9---------
   നിലച്ച ക്ലോക്ക്
   ചുമന്നു, വയസ്സന്‍
   പൂമുഖച്ചുവര്

  • ------10------------
   ആരുടെയോ
   ചാക്കാലക്ക് കരയുന്നു
   ത്രിസന്ധ്യ
കടം
----
മുലക്കണ്ണ്
തിരഞ്ഞകുട്ടിക്കഭയം
വിരല്‍ത്തുമ്പ്

ചിലച്ചു,
അമ്മത്തൊട്ടിലലാറം
മറഞ്ഞു ഒരമ്മ,

അറ്റുപോകുന്ന
പോക്കിള്‍ക്കൊടിയില്‍
തീരാക്കടത്തിന്റെ
കണ്ണീര്‍പാതകള്‍
അടുപ്പ്
 അമ്മയെപ്പറ്റി
എഴുതാനിരുന്നു
എഴുതി വന്നപ്പോള്‍
അടുപ്പിനെ കുറിച്ചായി

വായിച്ചു കേട്ടപ്പോള്‍
അമ്മ പറയുന്നു

രണ്ടും ഒന്നുതന്നെ
എപ്പോഴും
ഇടനെഞ്ചില്‍
ഒരു തീ വേണം
അതില്ലെങ്കില്‍
പുകഞ്ഞങ്ങിനെ....

അമ്മത്തോളില്‍
ഇറക്കി വക്കുന്ന
സങ്കടങ്ങള്‍
അരുമക്കയ്യില്‍
മലര്‍വാടിയാകും

ആളിക്കത്തിയും
നീറിയും ,
വിശക്കുമ്പോഴും
വിശപ്പകറ്റാന്‍
സ്വയം വേവും,

ഇടക്ക് വല്ലാതെ
പുകഞ്ഞു
കണ്ണ് നീറ്റിച്ചു
കടപ്പാടുകളെ
ഓര്‍മിപ്പിക്കും
ചിലപ്പോളൊക്കെ
എല്ലാ അതിരും ഭേദിച്ചു
പൊട്ടിത്തെറിച്ചെന്നിരിക്കും
പിന്നെ കെട്ടുകിടന്ന്
നിശബ്ദയാകും

അങ്ങിനെയാണ്
അമ്മ
അടുപ്പാകുന്നത്
അടുപ്പ്
അമ്മയും
പിശകുകള്‍
-----------
കുലംകുത്തി
എന്ന് ടൈപ്പ് ചെയ്യുമ്പോള്‍
ഇപ്പോഴും കുളംകുത്തി
എന്നായി പോകുന്നുണ്ട്
മറിച്ചും ,
ഇതെന്താണിങ്ങനെ ..?

കുലംകുത്തി

ചെയ്യുന്നത്
കുളം കുത്തലാണോ ?
അകത്തും പുറത്തുമായി
എത്രയെത്ര കുളങ്ങള്‍ ?

കുളം കുത്തുന്നതൊക്കെ

കുലംകുത്തലാകുമോ ?
ഉറവയറിയാതെ
കുളംകുത്തി മുടിഞ്ഞ
കുലങ്ങളുമില്ലേ ?
എത്രയെത്ര
സ്നാനഘട്ടങ്ങളാണ്
കുലംകുത്തലില്‍
പൊട്ടക്കുളങ്ങള്‍ ആയി
ഭവിചിട്ടുള്ളത് ..?

(ഒരു പാടു കുളങ്ങള്‍

കണ്ടിട്ടുണ്ടെന്നതിന്
കൊക്കുകളും
ഒരുപാടു കൊക്കുകളെ
കണ്ടിട്ടുണ്ടെന്നതിന്
കുളങ്ങളും സാക്ഷി )

സംശയം കൊടി പൊക്കവേ

അശരീരി കേട്ടു

എല്ലാ കുലംകുത്തികളും

കുളംകുത്തികള്‍ ആണ്
എന്നാല്‍ എല്ലാ
കുളംകുത്തികളും
കുലംകുത്തികള്‍ അല്ല

അശരീരി തീരും മുമ്പേ

പാതിയില്‍ നിലച്ച
ഒരു നിലവിളിയും
ഉറുമികളുടെ
സീല്‍ക്കാരവും കേട്ടു
അതെന്റെതന്നെ ആയിരുന്നു

Friday, May 11, 2012സമരം 


പൂക്കള്‍ 

സമരത്തില്‍ ,


ഇനി 
വിരിയുവാന്‍ വയ്യ
വണ്ടുകള്‍
പട്ടിണിയില്‍,

ജോലിക്ക് കൂലിയില്ല
കാറ്റും
മഴയും
വെയിലും
മഞ്ഞും
ഒത്തു തീര്‍പ്പിന് ..

അവസാനം
തേനറ തുറന്നു
പരാഗണം 

പുനസ്ഥാപിച്ച്
വസന്തത്തിന്റെ
ചര്‍ച്ചകള്‍ഉദ്യാനത്തിലിന്ന്
ആയിരങ്ങള്‍
അണിനിരന്ന
ആഹ്ലാദ പ്രകടനം 
സ്കൂള്‍

കുട്ടി 
രാവിലെ ഒരു 
പത്തുമണിപ്പൂ 
പിന്നെ
പേരറിയാത്ത
കുറെയേറെ
പൂക്കളോട് ചേര്‍ന്ന്
ഒരു പൂവാടി
വൈകിട്ട്
ഒരു നാലുമണിപ്പൂവായി
തിരിച്ചുപോക്ക് ..

Wednesday, May 9, 2012പൂരം കവിതകള്‍
ഹൃദയം കൈമാറി
കുടമാറ്റത്തിനിടയില്‍
നമ്മളെപ്പോഴോ..

മനസ്സിന്ന്
പൂരമോഴിഞ്ഞ പറമ്പ്,
പേരില്ലാ സങ്കടം

കുപ്പിവളകള്‍
കുട്ടിയെ നോക്കിച്ചിരിച്ചു ,
വാശിക്കരച്ചില്‍ 
പകലുറക്കം ,
മധുരിക്കുന്നുള്ളില്‍
കുടമാറ്റം
സ്വന്തം കയ്യിലെ
ദാരിദ്ര്യ രേഖ കണ്ടു
ഞെട്ടി 
കുറത്തി
പൂരത്തിക്കിലും
കണ്ടു ഞാന്‍ നിന്റെ
മുക്കുത്തിക്കല്ല്

പൂക്കാവടിയെ
കണ്ണിറുക്കി കാണിച്ചു
പൂരവെയില്‍

നെറ്റിപ്പട്ടം കെട്ടി
പുരുഷാരം ,
നഗ്നനാന.

പൂരം കണ്ട്
നൂലുപൊട്ടിയൊരു
ബലൂണ്‍
കതീന പൊട്ടി ,
ചെവി പൊത്തിപ്പിടി-
ച്ചൊരു ബാല്യം

.ചെണ്ടക്കോലില്‍,
കുഴമറിഞ്ഞ കാലം
പൂരപ്പറമ്പില്‍


എന്റെ ഹെക്കുസവാരി

കലവറതേടി 

ചോണനുറുമ്പുകളുടെ 

പ്രഭാതസവാരി
വയല്‍ 
ഞാന്‍ കതിരാട്ടം
കണ്ടു ഭ്രമിച്ചൊരു
വയല്‍ തത്ത
ശ്വാസം 
വൈദ്യുതി നിലച്ചു
ശ്വാസം മുട്ടിയ പങ്ക
പിടഞ്ഞു മരിച്ചു
പ്രേമം 
ഞാനായിരുന്നു
ചേമ്പിലയെ പ്രേമിച്ച
വെള്ളത്തുള്ളി

ബാക്കി 
കുപ്പത്തൊട്ടിയില്‍
വാടിക്കിടപ്പുണ്ട്
വിവാഹഹാരം
കുളി
ആനയ്ക്ക്
പൈപ്പുവെള്ളത്തില്‍
കാക്കക്കുളി

നിശ
നിശാപുഷ്പം,
ദളങ്ങള്‍ക്കെപ്പോഴും
ഉറക്കച്ചടവ്
സമയം 
നിലച്ച ക്ലോക്ക്
ചുമന്നു, വയസ്സന്‍
പൂമുഖച്ചുവര്

കുറുംകവിതകള്‍

പത്രം

വന്നു വന്ന്,
വര്‍ത്തമാനപത്രത്തിലെ
എല്ലാ പുറങ്ങളും
ചരമ പേജുകളായി
മാറുന്ന കാലം .

ചന്തം 

പടം പൊഴിച്ച
പാമ്പ് കാട്ടരുവിയില്‍ 
കണ്ണാടിനോക്കി 
പേടി 
ശ്മശാനരാവ്,
പേടിച്ചു കണ്ണുചിമ്മി
ചുടലവാഴ

ഭാരം 
മരിച്ചു വീണു
ചുരുട്ടിയ കയ്യില്‍
കല്ലുമായ് തുമ്പി

വികൃതിക്കുട്ടികളുടെ അമ്മ

കാറിനു

പറയാനുണ്ടായിരുന്നത്
ഊരിപ്പോയ
ചക്രത്തെ കുറിച്ചായിരുന്നു ,

ഒടിഞ്ഞു പോയ
കയ്യും കാലും കാണിച്ചു
പാവ ഒരു
പിച്ചക്കാരനെപ്പോലെ ,

മുഖം മൂടികള്‍ക്ക്
പലതിനും
മുഖമേ ഇല്ലായിരുന്നു ..

ചിത്ര പുസ്തകത്തില്‍
പകച്ചിരിപ്പുണ്ടായിരുന്നു
നിറം പരന്ന
സ്വപങ്ങള്‍ ..

പട്ടത്തിനു വാലില്ല
കളിചെണ്ടക്ക് തോലില്ല
തത്തക്ക് ചുണ്ടിന്
കൂര്‍പ്പേയില്ല .
വീണ പാട്ടു മറന്നു

പൊഴിഞ്ഞ മുത്തുകളും
പൊട്ടിയ വളകളും
മിഠായിയുറകളും
പൂമുഖത്ത്
ഒരു വന്‍കര തന്നെ
ഉണ്ടാക്കിയിട്ടുണ്ട്

അവധിക്കാലം കഴിയുന്നത്
മുന തേഞ്ഞുപോകുന്ന
പെന്‍സില്‍ പോലെ
തൂവിപ്പോയ
നിറക്കൂട്ടുപോലെ

അയ്യോ ഞാന്‍ ഇത്രയും നേരം
ഈ ഓലപ്പീപ്പി ഊതുകയായിരുന്നോ ?
ആരെങ്കിലും കണ്ടോ ആവോ ?

Monday, May 7, 2012


                കുറുംകവിതകള്‍ ലഡ്ഡു


മനസ്സില്‍ പൊട്ടിയ
ലഡുകള്‍ കൊണ്ട് ഞാന്‍
ഇന്നലെയൊരു
മധുരമല
തന്നെ തീര്‍ത്തതായിരുന്നു

ഇന്ന് നോക്കുമ്പോള്‍
ഉറുമ്പുകളുടെ
കലവറ നിറക്കല്‍
ഘോഷയാത്ര ..
സന്ധ്യ 
വിണ്ണില്‍
മേഘ ഗര്‍ജനം
മണ്ണില്‍
മയൂര നടനം


വിരുന്ന്


വിരുന്നു വിളിച്ചു

കാക്ക,

വളര്‍ത്തുകോഴിയുടെ

നെന്ചിലൊരാന്തല്‍

കിടന്നു ചിറകടിച്ചു  ...

--------------------------