Saturday, June 2, 2012

ദിവാസ്വപനം 

കണ്ണടച്ചിരിക്കാന്‍ 
തുടങ്ങിയിട്ട്
ഏറെ സമയമായി 
ഇരുട്ട് ആവുന്നതേയില്ല..
തീ വെളിച്ചത്തിനു 
നടുവില്‍ 
പിടഞ്ഞു പിടഞ്ഞു 
മുറിഞ്ഞു വീഴുന്ന 
നിലവിളിയോടെ 
എന്തൊക്കെയോ 
കാണുകയും ചെയ്യുന്നു ..
കണ്ണ് തുറന്നു 
നോക്കിയപ്പോളാകട്ടെ 
ഇരുട്ടെയുള്ളൂ ചുറ്റും 
കുറ്റാക്കുറ്റി ഇരുട്ടില്‍ 
എവിടെനിന്നോക്കെയോ 
എന്തൊക്കെയോ മൂളുന്നു 
കുതിരകളുടെ ചിനപ്പുകള്‍ 
കുരുനരികളുടെ 
ആത്മഭാഷണങ്ങള്‍ 
കല്ലില്‍ രാകുന്ന 
മൂര്‍ച്ചകള്‍
പിറുപിറുക്കലുകള്‍ 
അതിലെപ്പോഴോ 
ആരോ ഭൂമിയിലുള്ള 
എല്ലാവരുടെയും പേര് 
പറയുന്നതും 
ഒരു വേട്ടപ്പട്ടിയുടെ 
ഭീതിതമായ കുര
അടുത്തടുത്ത് വരുന്നതും 
കേട്ട് ഞാന്‍ പിന്നെയും 
കണ്ണിറുക്കിക്കിയടച്ചു 
നേരത്തെ കണ്ട തീ 
അണഞ്ഞുപോയിട്ടില്ല
എണ്ണമറ്റ
പിടച്ചിലുകള്‍ 
അവസാനിച്ചിട്ടില്ല 
അവിടെയെല്ലായിടത്തും 
ചിതകള്‍ ഒരുക്കിയിട്ടിരിക്കുന്നതും 
കാണാമായിരുന്നു 
നമ്മളൊക്കെ ഊഴം കാത്തു 
വരിനില്‍ക്കുന്നതും 


2 comments:

  1. ഇനിയും ഈ സ്വപ്നങ്ങളിൽ ചാരം കാണും

    ആശംസകൾ

    ReplyDelete
  2. ആത്മരോഷം പറഞ്ഞവസാനിപ്പിച്ചു അല്ലെ.

    ReplyDelete