kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Tuesday, July 31, 2012

6:46 AM

മലയാളം ഹെക്കുകവിതകള്‍




മലയാളം ഹെക്കുകവിതകള്‍ 






അവസാനയാത്ര,
അവള്‍ 
നിശബ്ദയായിരുന്നു


ഇരുട്ടിനെ 
പിന്തുടര്‍ന്നു നീങ്ങി 
ഓലച്ചൂട്ട്


മനസ്സ് 
ഒരു 
മുക്കല്ലടുപ്പ്



ക്ലാവ് പിടിച്ച
നിലവിളക്കും 
രാമായണവും



ഗ്രഹണസമയം 
കാത്തിരിക്കുന്നു
ഞാഞൂല്‍ത്തലകള്‍


ഞാന്‍ 
നിന്നാല്‍ ചുറ്റപ്പെട്ട 
ദ്വീപ്


അറവുശാല
എല്ലുന്തിയ സത്യം
ഊഴവും കാത്ത്


പൂമ്പാററകള്‍ക്ക് 
പിന്നാലെ 
സദാചാരപ്പോലിസ്

അകിടുറവ്
വറ്റിയ ജന്മങ്ങള്‍ 
അറവുശാലയില്‍ 









Sunday, July 29, 2012

8:43 AM

രണ്ടു കവിതകള്‍

രണ്ടു കവിതകള്‍ 




പരോള്‍

പരോളിന് 
പുറത്തിറങ്ങി 
ക്ലാവ് പിടിച്ച
നിലവിളക്കും
പിഞ്ഞിയ
രാമായണവും
കര്‍ക്കിടകത്തില്‍





കൊതുകുകള്‍

ചില കൊതുകുകള്‍ 
കടിക്കില്ല 
ചുറ്റും മൂളിപ്പറക്കും 
ഇവിടുത്തേത് അവിടെയും
അവിടുതെത് ഇവിടെയും
പാട്ടാക്കും ,
ഇവര്‍ നമ്മുടെ
അഭ്യുദയാകാംക്ഷികള്‍
ആണെന്നാണ്‌ വയ്പ്
ചിലകൊതുകുകള്‍
മൂളില്ല
മുന്നറിയിപ്പില്ലാതെ
ചങ്കില്‍ തന്നെ കുത്തും
ഒരു തുള്ളി ചോര കൊണ്ട്
തൃപ്തിപ്പെടാതെ
ഹൃദയം തന്നെ അങ്ങോട്ട്‌
ഊറ്റി എടുത്തു കളയും ,
ഇവ മിക്കവാറും
നമ്മുടെ സുഹൃത്തുക്കളെ
പോലെയാണ് നടിക്കുക
മടിയന്മാരായ
ചില കൊതുകുകള്‍
ഷണ്ഡത്വം വെളിപ്പെടാതിരിക്കാന്‍
എങ്ങോട്ടും പോകില്ല
ആരുടെയൊക്കെയോ ചോരകള്‍
മനസ്സിലങ്ങിനെ
രുചിച്ചു രുചിച്ചു
ചാരുകസാലയില്‍
മലര്‍ന്നു കിടക്കും ...

Wednesday, July 25, 2012

7:55 PM

കുറുങ്കവിതകള്‍

എന്റെ 

എന്റെ തോളില്‍
കയ്യിട്ടു നടന്നവന്‍ 
യൂദാസ് 
എന്റെ അടുക്കളയില്‍നിന്നും
ഉപ്പ് നോക്കിയിരുന്നവന്‍
ശകുനി
എനിക്ക് സ്തുതിപാടിയവള്‍
മന്ഥര
എന്റെ കളരിയില്‍ നിന്നും
ചുവടു പഠിച്ചവന്‍
ചതിയന്‍ ചന്തു ..

കേട്ട് മറന്ന പരസ്യ
മന്ത്രം പോലെ
ഇവരോന്നുമില്ലെങ്കില്‍
എനിക്കെന്തു ആഘോഷം





ദൃഷ്ടി 

മരണത്തിനു 
തൊട്ടു മുമ്പേ 
ഭ്രമിപ്പിക്കുന്ന
മഞ്ഞ നിറം
കാതരമായ നോട്ടം
ഘനപ്പെട്ട മൌനം

അതെ
പഴുത്ത് വീഴാന്‍
നില്‍ക്കുമ്പോഴും
ഇലയെത്ര
സുന്ദരിയാണ്


7:49 PM

തോര്‍ച്ചകള്‍

തോര്‍ച്ചകള്‍


1
ഇടവഴിയി_
ലിപ്പോഴുമുണ്ട്
പഴയ പേടികള്‍

2
ഒന്ന് തള്ളിയാല്‍ 
തുറക്കാവുന്നതെയുള്ളൂ 
ഹൃദയവാതില്‍

3
ദരിദ്രന്റെ സൂര്യന്‍ 
ഉദയം മറന്നു 
കിടന്നുറങ്ങുന്നു

4
കാതരമിഴി 
ഘനമൌനം ,
പഴുക്കില .



5
മിഴിയില്‍ 
കുടിയിരുന്നു 
പരിഭവമേഘം 



6
മഴയെ 
ഒറ്റിക്കൊടുത്തു 
കാറ്റ്


7
നെറ്റിപ്പട്ടം 
കെട്ടിനിരക്കുന്നു 
ഭീരുവിന്റെ മൌനം



8
മോഹങ്ങളുടെ
പുനര്‍ജന്മങ്ങളാണ്
മരുപ്പച്ചകള്‍




Sunday, July 22, 2012

7:43 PM

മൌനം


മൌനം

1
ഭസ്മക്കൊട്ട 
കട്ട പിടിച്ചു കിടക്കുന്നു 
മൌനം


2
ഇലഭാരം 
സങ്കടം ചാഞ്ഞു
ഓര്‍മച്ചില്ലകള്‍


3
മഴ നിലച്ചു 
ആതമാവിലിപ്പോള്‍ 
മരം പെയ്യുന്നു


4
ഒടുങ്ങാന്‍ 
വിധിക്കപ്പെട്ട കുമിളകള്‍ 
സ്വയം ശപിക്കുന്നു
5
നേരം വെളുക്കുന്നു 
യാത്രാമൊഴിയോതി 
ഇണച്ചീവീടുകള്‍

6
നിലാവ് കാത്തു 
ഉറക്കമിളക്കുന്നു 
പാതിരാവ്

ചിറകുള്ള 
പ്രണയ നക്ഷത്രങ്ങള്‍
മിന്നാമിനുങ്ങുകള്‍ ,

7
എന്റെ പ്രണയം 
പൂക്കണ്ട ,കായക്കണ്ട .
എന്നുമിങ്ങനെ ..
8
ആവര്‍ത്തന 
വിരസ ഏകാന്ത രാവും 
ചിവീടു പാട്ടും





Friday, July 20, 2012

9:19 AM

ഷഡ്പദങ്ങള്‍




ഷഡ്പദങ്ങള്‍ 




1


സീതക്ക് 
ഇല്ലാതെ പോയി 
ഒരാങ്ങള



2
സാക്ഷിക്കൂട്
ശരിതെറ്റുകളുടെ 
നിഴല്‍നാടകം



3
ചുരുട്ടി പിടിച്ച 
കയ്യിലപ്പോഴുമുണ്ടൊരു
കടലാസ് തോണി



4
എന്റെയിടനെഞ്ച്
ഒരു പൊട്ടക്കിണര്‍
വഴുക്കി വീഴരുത് നീ



5


ഇണ ശലഭങ്ങള്‍,
പ്രണയാപസ്മാരം
ബാധിച്ചു വാനില്‍



6


ഒടുവില്‍ 
ഒരൊറ്റച്ചിലമ്പായി 
ഹൃദയം




Wednesday, July 18, 2012

8:39 AM

കുറുങ്കവിതകള്‍

ശ്രാദ്ധം 

കടപ്പാടുകളെ 
വൃദ്ധസദനത്തില്‍ 
തള്ളിയ 
കൊടും തലമുറ
കടവില്‍
നനഞ്ഞു വിറച്ചു
തിരക്കുന്നത് കണ്ടു
ബലിക്കാക്കക്ക്
ചിരിപൊട്ടി 



ദുര

ആതുരാലയം 
എന്നതിന് പകരം 
ആ ദുരാലയം എന്നും
അത്യാഹിത വിഭാഗം
എന്നതിന്
അത്യാഗ്രഹ വിഭാഗം
എന്നും
തെറ്റിച്ചു വായിക്കുന്ന
കുട്ടിയെ ഇപ്പോള്‍
ശാസിക്കാറില്ല

അവനാണ് ശരി ..





8:36 AM

നിനക്കും


നിനക്കും 
വില്‍പത്രം 
എഴുതാനിരുന്നതാണ് 
വിയര്‍പ്പിന് വിലയില്ലാത്ത 
വീടും പുരയിടവും ,
കൊത്തും കിളയുമില്ലാത്ത
നടുപ്പാടവും
അര മുറുക്കിയുടുത്ത
ബാങ്ക് ബാലന്‍സും
അന്തിത്തിരിയില്ലാത്ത
സമാധിത്തറയും
നാടുവിട്ട
പരദേവതയും
തെക്കേ തൊടിയിലെ
പടു മുളച്ച പുളിമാവും
കണ്ടാലിപ്പോള്‍
വാലാട്ടണോ എന്ന്
സംശയിക്കുന്ന
വളര്‍ത്തു പട്ടിയും
പുകപ്പുരയായി
പകര്‍ന്നാടുന്ന തൊഴുത്തും
ഒക്കെ ഭാഗിച്ചു കഴിഞ്ഞു
ഇനി ബാക്കിയുള്ളത്
ചായ്പിന്റെ മൂലയിലെ
ട്രങ്ക് പെട്ടിയില്‍
പൊടി പിടിച്ചിരിക്കുന്ന
കുറെ സ്വപ്നങ്ങളാണ്
അത് നിനക്കിരിക്കട്ടെ 


12:23 AM

ചിരി


ചിരി

കടപ്പാടുകളെ വൃദ്ധസദനത്തില്‍ തള്ളിയ 
തലമുറ കര്‍ക്കിടക വാവിന് ബലിക്കടവില്‍
 പുലര്‍ച്ചെ നനഞ്ഞു വിറച്ചു 
തിരക്കുന്നത് കണ്ടു ബലിക്കാക്കക്ക് 
ചിരിപൊട്ടി


Tuesday, July 17, 2012

6:53 AM

മൊട്ടുകള്‍



മൊട്ടുകള്‍ 




1
വന്ന കരച്ചില്‍ 
ഉള്ളിലടക്കി നിന്നു
മുക്കുറ്റി


2
ആദിശോകം
കട്ടപിടിച്ച 
കര്‍ക്കിടക സന്ധ്യ

3
നിന്റെ കണ്ണുകള്‍ 
നങ്കൂരമിട്ട തോണി ,
കാറ്റിലങ്ങോട്ടുമിങ്ങോട്ടും


4
ഓര്‍മയുടെ 
പ്രണാളം, ഒഴുകുന്നു 
വാത്സല്യതീര്‍ത്ഥം






Saturday, July 14, 2012

7:53 PM

ഇലയനക്കങ്ങള്‍





















ഇലയനക്കങ്ങള്‍ 




1
പഞ്ഞപ്ലാവില 
കോട്ടി മോന്തിയിന്നും 
കണ്ണീര്‍ക്കഞ്ഞി



2
ഇടവഴിയി_
ലിണ നാഗങ്ങള്‍ ,
വിസ്മൃതലോകം



3
കൊക്കും 
ഒരു സൂഫിയായിരുന്നു ,
ഇരയെ കിട്ടും വരെ



4
പണയം വച്ച 
കിനാവുകള്‍ക്കൊക്കെയും 
പിഴപ്പലിശ

5
പളുങ്ക് പാത്രം ,
കടലാഴം തേടി 
മത്സ്യസ്വപ്നം



6
നിലാപ്പാലില്‍
കുളിച്ചു കയറുന്നു 
രാ സുന്ദരി



7
ആദ്യാനുരാഗം ,
വെളിപ്പെട്ട മുഹൂര്‍ത്തം 
ലാവാപ്രവാഹം






Friday, July 13, 2012

6:42 AM

വരകള്‍

വരകള്‍ 

ഞാനൊരു 
കുറ്റിപ്പെന്‍സില്‍ 
നീയൊരു
തേഞ്ഞ റബ്ബര്‍
വരച്ചും
മായ്ച്ചും
കീറിക്കിടക്കുന്ന
ഈ കടലാസല്ലേ
നമ്മുടെ ജീവിതം 

..
ഇറക്കം 

പട്ടത്തിന്റെ 
നൂലിലൂടെ 
ഇറങ്ങി വന്ന 
ആകാശം
ഭൂമിയുടെ
കാലില്‍
വീണു കരയുന്നു 







6:37 AM

കാലൊച്ചകള്‍


കാലൊച്ചകള്‍ 




1
സെമിത്തേരിയില്‍ 
എനിക്ക് 
അടയാളങ്ങളില്ല ..


2
പച്ചയുടെ
ഹൃദയം കുടിച്ചു ചോന്ന
പൂക്കള്‍ ..

3
പൂവെന്നു കരുതി
തൊടാനൊരുങ്ങിയത്
സര്‍പ്പഫണം

4
പൊടിഞ്ഞകണ്ണീര്‍
തുടച്ചു കൊണ്ടോടി
ത്രിസന്ധ്യ

5
ബലിക്കടവ് ,
എല്ലാം ഏറ്റു വാങ്ങി
ഉദകനദി

6
ഹൃദയം
തിളച്ചു തൂവുന്നു
ആര്‍ക്കും വേണ്ടാതെ

7
രാത്രിയുടെ
പേറ്റുനോവിന്നിടയില്‍
ഉദയക്കരച്ചില്‍

8
കാട്ടുചോലയില്‍
സ്വ പ്രതിബിംബം കണ്ടു
നാണിച്ചു മാന്‍ കന്യ

9
ഒറ്റവരമ്പ്,
മുഖാമുഖമെത്തുമ്പോള്‍
പൂവിട്ടു നാണം

Saturday, July 7, 2012

8:27 AM

ഹെക്കു കവിതകള്‍





ഹെക്കു 

കവിതകള്‍ 


1
നഗരചെളി 
ചേലയില്‍ വരച്ചു 
ദുരിതഭൂപടം
2
അപ്പോഴും ആ
കാലുകളില്‍ ചിരിച്ചിരുന്നു 
ആ വെള്ളിക്കൊലുസ്
3
ചാരിത്ര്യം 
വിറ്റു വിശപ്പടക്കുന്ന 
പുഞ്ചപ്പാടം
4
ദാരിദ്ര്യച്ചെണ്ട 
കൊട്ടിയാടുന്നുണ്ട് 
തെരുവുതെയ്യം
5
കൈക്കുമ്പിളില്‍ 
കണ്ണീരുപെയ്യിച്ചു ,
സ്മൃതിശംഖ്.
6
നടുക്കടല്,
ദ്വാരം വീണ 
ജീവിതത്തോണി 


7
ബലികുടീരം
മുദ്രാവാക്യങ്ങളുടെ
വ്യര്‍ത്ഥാഭിഷേകം
8:19 AM

രണ്ടിറ്റ്



രണ്ടിറ്റ്








ബലി 

കവിത ,
ഞാന്‍ 
എനിക്കിടുന്ന 
ബലി ..

സത്യം 
എപ്പോഴെന്കിലും
ഒരിക്കലെങ്കിലും 
ഒന്നു ചിലക്കാന്‍ 
പറ്റിയെങ്കില്‍ ....

ഉത്തരത്തിലിരുന്ന ഗൌളി 
വ്യാമോഹിച്ചു 

Monday, July 2, 2012

7:53 AM

കുറുങ്കവിതകള്‍

































          കുറുങ്കവിതകള്‍ 






വ്യവഹാരം 

നീതിദേവത 
ത്രാസും താഴെവച്ച് 
കണ്ണുമൂടിയ 
കറുത്ത തുണി
അഴിച്ചെറിഞ്ഞു
കോടതി വരാന്തയിലൂടെ
പുറത്തേക്കോടി



കടം 



ജീവിതം ,
മായ്‌ക്കുവാന്‍ വേണ്ടി
തെറ്റുകള്‍ വരച്ചു കൂട്ടുന്ന
പാഴ്ക്കടലാസ്..
ഇടക്ക് പക്ഷെ
ചില മഴവില്ലുകള്‍
ചിരിച്ചു നില്‍ക്കുന്നുണ്ട്
അതിലൊന്ന്
നീ വായിക്കാന്‍
കൊണ്ടുപോയത് പിന്നെ
തിരിച്ചു തന്നിട്ടില്ല





ഓര്‍മ

കാലം തെറ്റി
പെയ്ത മഴയില്‍
മറവിയുടെ മണ്ണില്‍
മടിച്ചു മടിച്ചു
തെളിഞ്ഞു വരുന്നുണ്ടൊരു
ഓര്‍മ തന്‍ ഗുഹാമുഖം
7:42 AM

ഓളങ്ങള്‍



 
ഓളങ്ങള്‍ 








1
അസ്ഥിത്തറ
വിളക്കൂതിക്കെടുത്തുന്നു
ഒരു നിശ്വാസം
2
ഏകാന്തത
സഹിക്ക വയ്യാഞ്ഞാണ്
മഴ പെയ്യുന്നത്
3
വെള്ളിചിലങ്ക
പോയതെടുക്കാന്‍
തിര വീണ്ടും
4
കാണ്മാനില്ല
എന്നിലെ
കുട്ടിയെ