kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Tuesday, August 21, 2012

ബന്ദികള്‍

ബന്ദികള്‍ 

ഞങ്ങളില്‍ 
കറുത്തവരും വെളുത്തവരും ,
കുട്ടികളും വൃദ്ധരും ,
അമ്മമാരും ഗര്‍ഭിണികളും ,
യുവാക്കളും യുവതികളും ,
മച്ചികളും ,
വരിയുടക്കപ്പെട്ടവരും,
കറവയുള്ളവരും,
ഇല്ലാത്തവരും ,
ഉണ്ടായിരുന്നു .

പ്രേമവും പിണക്കവും
വാത്സല്യവും ,
പരാതികളും,
പ്രാക്കുകളും,
ഉണ്ടായിരുന്നു ....
ഒരു ദിവസം കൂട്ടത്തോടെ
ആട്ടി ലോറിയില്‍ കയറ്റി ,
ചൂണ്ടിയ തോക്കിന്‍മുനയില്‍
ദിവസങ്ങായി
വെള്ളമില്ല ,വെളിച്ചമില്ല
മിണ്ടാട്ടമില്ല
മുഖം മൂടി ധരിച്ചവരുടെ
അജ്ഞാതമായ
ഭാഷ മാത്രം ചെവിയില്‍ .
മനസ്സില്‍ തെളിയുന്നത്
ഭയത്തിന്റെ ഭൂപടം മാത്രം

ഇടക്കെവിടെയോ നിര്‍ത്തി
ആരുടെയോ വിശപ്പ്‌ മാറ്റാന്‍
ഞങ്ങളുടെ കൂട്ടത്തില്‍
നിന്നാരെയോക്കെയോ
ഇറക്കി കൊണ്ട് പോകുന്നത്
അറിഞ്ഞു ,
വാപൊത്തിപ്പിടിച്ചിട്ടും
കുതറിപ്പോകുന്ന കരച്ചില്‍ ..
കയര്‍ത്തുപോയ ഒരു
യുവശബ്ദം
ഞങ്ങളുടെ ഭാഷയില്‍
ഒരു മുദ്രാവാക്യം
പാതിയില്‍ മൌനപ്പെട്ടു...

വണ്ടി നില്‍ക്കുകയാണ്
ബാക്കി വന്ന എല്ലാവരെയും
താഴെ ഇറക്കുകയാണ്
നടത്തം മറന്ന കാലുകള്‍
പതറി പോകുന്നുണ്ട്
ബയനറ്റ് കൊണ്ടുള്ള കുത്തുകള്‍
മുതുകത്ത് ചിത്രം വരക്കുന്നുണ്ട്
ദുഷ്ടിയില്‍ അജ്ഞാതമായ
ഏതോ ഭൂഖണ്ഡം
കാല്‍ച്ചുവട്ടിലെ മണ്ണിനു
പച്ചമാംസത്തിന്റെ മണം

ഞങ്ങളെ വരിക്കു
നിര്‍ത്തിയിരിക്കുകയാണ്
കഴുത്തില്‍ കയറിട്ടു
ഓരോരുത്തരെയായി
ഉള്ളിലേക്ക് കൊണ്ടുപോകുന്നുണ്ട്
പുറത്തേക്ക് കൊണ്ടുവരുന്നില്ല

എന്റെ ഊഴമായി
ഇപ്പോള്‍ എനിക്കതിന്റെ
ഉള്‍വശം കാണാം
എന്റെ കൂട്ടുകാരെല്ലാം
രൂപം നഷ്ടപ്പെട്ടു
ഇറച്ചി മാത്രമായി കിടക്കുന്നുണ്ട്
എന്നോ മരിച്ചു പോയ
സ്വപങ്ങള്‍ മാത്രം
മുറിച്ചു വച്ച തലകളില്‍
തുറിച്ചുനിന്ന കണ്ണുകളില്‍
ബാക്കിയുണ്ട് ...
ലാടം തറച്ച കാലുകളില്‍ നിന്നും ,
പിന്തള്ളിയ ദൂരങ്ങളോക്കെയും
വേര്‍പെട്ടു കിടക്കുന്നുണ്ട്

കൊലക്കത്തിയുടെ വായ്ത്തല
തിളങ്ങുന്നുണ്ട്
കാലുകളിതാ കൂട്ടിക്കെട്ടിക്കഴിഞ്ഞു
ഇനി പിടയുവാന്‍ പോലും
സ്വാതന്ത്ര്യമില്ലെന്നറിയാം
കണ്ണുകള്‍ക്ക്‌ മീതെ
കറുത്ത തുണി വീണു കഴിഞ്ഞു
ആരോ ഉയര്‍ത്തിപ്പിടിച്ച
വായില്‍ ,മരണത്തിന്റെ
മണമുള്ള വെള്ളം ഒരിറക്ക്,
ചങ്കിലെ ഞരമ്പ് തേടുന്ന
ഭ്രാന്തന്‍ കൈകള്‍
ഒരു മൂര്‍ച്ച വന്നു തൊലിപ്പുറമേ
മുട്ടി നില്‍ക്കുന്നു ..

ഇനി എന്റെ രക്തം
ബാക്കി കഥ പറയും
എണ്ണമറ്റ തീന്‍ മേശകളില്‍
ആര്‍ത്തികളുടെ ചരിത്രം
വിളിച്ചു പറയും
വിട ...

No comments:

Post a Comment