kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Tuesday, September 4, 2012

പാഠം


പാഠം 

എന്റെ ഭൂമി 
നീയെത്തും വരെ

ഒരു മരുവായി തപിച്ചു ,
തരിശായി മലര്‍ന്നു,
പേടികള്‍ മുട്ടയിട്ട
പോത്തുകള്‍ നിറഞ്ഞു.
പൂക്കളില്ലാതെ ,
പുഴകളില്ലാതെ ,
കിളികളില്ലാതെ ,
ഭാഷയില്ലാതെ ,
മൌനപ്പെട്ടു കിടന്നു.

അതില്‍
പച്ച കൊണ്ടൊരു കാവ്യം എഴുതി,
അന്നം കൊണ്ട് ആതിഥ്യമായി
പുഞ്ചിരി നിറച്ചു.
നനയുന്ന കണ്ണുകളെ ഒപ്പി,
സ്നേഹമോഴുക്കി ,
ദേശാന്തരങ്ങിലേക്ക്,
പാതകള്‍ തന്നത് നീയായിരുന്നു ..

എന്റെയാകാശം അവിടിവിടെ
കുഞ്ഞുമേഘങ്ങള്‍
കള്ളനും പോലീസും കളിച്ച
വെറും മൈതാനമായിരുന്നു,
അവിടെ അക്ഷരങ്ങളെ
കൈപിടിച്ച് നടത്തി ,
കാലത്തിന്റെ ചെരാതുകളായി
നക്ഷത്രങ്ങളെ
കൊളുത്തിവച്ചതും ,
സ്വപങ്ങളുടെ
മഴവില്ലുകളെ ആദ്യമായി ,
വരച്ചിട്ടതും നീയാണ് ..
അസ്വാതന്ത്ര്യത്തിനോട്
പൊരുതാനുള്ള മുഷ്ടിയും ,
അശരണന്റെ ശബ്ദത്തിനൊരു ചങ്കും
തന്നത് നീയായിരുന്നു ..

എന്റെ കടല്‍
അലയും ആശങ്കയും
ഒഴിയാതെ പുലമ്പുന്ന
ഒരു ജലവിതാനം ,
അതിന്റെയാഴങ്ങളില്‍
പരിണാമ ദശകളുടെ
പവിഴപ്പുറ്റുകള്‍ ,
ഒറ്റപ്പെട്ടുപോയ ദീപുകള്‍ ,
ജലസമാധി ചെയ്യപ്പെട്ട
അഹങ്കാരനൌകകള്‍ ,
ചിലപ്പോള്‍ പ്രവാസവും
പലായനവും വിപ്ലവവും ,
ഇറങ്ങിയും കയറിയും വന്ന
ജീവിതത്തിരകള്‍ ..

നീയെനിക്ക്
വഴികാട്ടിയായി,
എന്നിലെ എന്നെ കാണിച്ചു തന്ന
ദീപസ്തംഭമായി,
എന്റെ തോണിക്ക്
ദിക്കുകളായി,

നിന്നില്‍ നിന്നും
കൊളുത്തപ്പെട്ട ജ്വാല
ആയിരമായിരം ദീപങ്ങളായപ്പോള്‍
സൂര്യസമാനം
നിന്റെ മുഖം ,
നിനക്കുള്ളതെല്ലാം ഞങ്ങള്‍ക്ക് തരുമ്പോള്‍
വ്യാകുലതകളില്ലാത്ത
നിന്റെ കണ്ണുകള്‍ ,

ഇന്നെന്റെയാകാശത്തിന്
അതിരുകളില്ല ,
ഇന്നെന്റെ സാഗരങ്ങള്‍ക്ക്
അടിമത്തമില്ല ,
എന്റെ ഭൂമി
നോക്കെത്താദൂരത്തോളം
പച്ചയുടെത് തന്നെ ..

ഗുരോ ,
നിന്റെ ഓര്‍മയുടെ
കാല്‍ച്ചുവട്ടില്‍ ,ഞാനെന്റ
ജീവിതപുസ്തകം
തുറന്നു വയ്ക്കുന്നു ..
ഒന്നു, പഴയ പോലെ
അരുമയോടെടുത്ത്
തിരുത്തി തന്നെക്കുക ..





(അധ്യാപക ദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട്‌ അക്കാദമിക് കൌണ്‍സിലും,വിദ്യാരംഗം കലാ സാഹിത്യ വേദിയും സംഘടിപ്പിച്ച കവിതാരചനാ മത്സരത്തില്‍ എഴുതിയതാണ് .അകക്കണ്ണ് തുറപ്പിച്ച ഗുരു സാന്നിധ്യം എന്നായിരുന്നു വിഷയം .ഈ കവിതക്കായിരുന്നു ഒന്നാം സ്ഥാനം )

1 comment:

  1. ഗുരുവര്യന്മാരുടെ അനുഗ്രഹങ്ങള്‍ ഉണ്ടാവട്ടെ എപ്പോഴും.

    ReplyDelete