kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Friday, September 7, 2012

വ്യാധികള്‍


വ്യാധികള്‍ 

ഒന്നും പേടിക്കണ്ട 
പറയുന്നു എന്നേ ഉള്ളൂ 

ദുരഭിമാനം ,അഹങ്കാരം
ഒരു പാരമ്പര്യ രോഗം ,
മരുന്ന് ഫലിച്ചെന്നു വരില്ല

അസൂയ,സംഭ്രമം എന്നിവ
നെഞ്ഞെരിച്ചില്‍
ആയി വരുമാദ്യം
ശ്രദ്ധിച്ചില്ലെങ്കില്‍
ചീത്ത കൊഴുപ്പ് അടിഞ്ഞു കൂടി
ഒരു പരുവം ആകും
ഹൃദയം ഇടുങ്ങി പോകുന്നത്
ഒരു പക്ഷെ ദിവസവും
നടക്കാനിറങ്ങി
നാലാളെ കണ്ടു തുടങ്ങുമ്പോള്‍
മാറ്റം കാണും

പ്രേമം ഒരു
പകര്‍ച്ചവ്യാധി
ഒരാളില്‍ നിന്നും ഒരാളിലേക്ക്
വിവാഹം ,ജോലി
അന്വേഷണങ്ങള്‍
ഒരു തരം മാനസിക രോഗം തന്നെയാണ്
ഒരിക്കലും തൃപ്തി തരില്ല

ദാമ്പത്യം
ഒരു ജീവിത ശൈലീ രോഗം
പഥ്യം പാലിച്ചും
കണ്ടില്ല കേട്ടില്ല എന്ന് നടിച്ചും
ഒരു വിധം പോകാം
സംശയത്തിന്റെ കൊതുകുകടി
ഏല്‍ക്കുന്നത് തടയാന്‍
വല കെട്ടിക്കോലണം
ഹ്രസ്വ ദൃഷ്ടി
സൂക്ഷ്മദൃഷ്ടി
എന്നിവപോകാനും
ദീര്‍ഘദൃഷ്ടി കിട്ടാനും
കണ്ണടകള്‍ വേണം

ആശ ,നിരാശ
അഭിനിവേശം
ആര്‍ത്തി ,കാമം
അര്‍ബുദം ആണിവ
കരിച്ചു കളയണം

സൗഹൃദം
പലപ്പോഴും
ജലദോഷപ്പനി പോലെ
വരും പോകും
ചില മൂത്ത പനികള്‍
മസ്തിഷ്കജ്വരം പോലെ
കൊണ്ടേ പോകൂ
സൂക്ഷിക്കണം ,

മക്കള്‍,
കൂടെപ്പിറപ്പുകള്‍
കടപ്പാട് ,കാണിച്ചു കൂട്ടിയ
നന്ദികേടുകള്‍,
ഓര്‍മ്മകള്‍ ,
ഭഗ്നപ്രണയങ്ങള്‍ ,
വായ്പ കുടിശികകള്‍ ,
റിട്ടയര്‍മെന്റ്
മരണം ,കടം കൊടുത്തത്
തിരിച്ചു കിട്ടായ്മ,
ആധി..
ഷെയര്‍ മാര്‍കെറ്റില്‍ ഇട്ട പണം
മൂത്രച്ചൂട് പോലെയാകും
എവിടെപോകുംപോഴും
ഒരു പൊള്ളല്‍ ഉള്ളില്‍

കവിത
ഒരു തരം ഭ്രാന്ത്

ഒരു മാറാ രോഗമാണ്
ജീവിതം 

1 comment:

  1. സൗഹൃദം
    പലപ്പോഴും
    ജലദോഷപ്പനി പോലെ
    വരും പോകും
    ചില മൂത്ത പനികള്‍
    മസ്തിഷ്കജ്വരം പോലെ
    കൊണ്ടേ പോകൂ
    സൂക്ഷിക്കണം ,

    ReplyDelete