Saturday, October 27, 2012

കുപ്പത്തൊട്ടി

ഓണം കഴിഞ്ഞപ്പോള്‍ 
കുറെ നാക്കിലകള്‍ ,
പെരുന്നാളിന് 
ബാക്കി വന്ന മാംസം,
ക്രിസ്തുമസിന്
പുളിച്ച വീഞ്ഞ് മണക്കുന്ന
ആശംസാകാര്‍ഡുകള്‍,
വിഷു കഴിഞ്ഞു
ചീഞ്ഞ കണി
ഹോളി കഴിഞ്ഞപ്പോള്‍
ചായക്കുപ്പികളുടെയും
വലന്റൈന്‍ ദിവസപ്പിറ്റെന്നു
ഉറകളുടെയും ചാകര ,
തിരഞ്ഞെടുപ്പുത്സവം
കൊടിയിറങ്ങിയപ്പോള്‍
കൊടികള്‍ ,
കത്തിച്ചു ബാക്കിവന്ന കോലം
പരീക്ഷപ്പിറ്റെന്നു
പഠിപ്പുകള്‍
വരവേല്പ്പിന്റെ
ബോക്കെകള്‍,
വരണമാല്യങ്ങള്‍ ,
യാത്രയയക്കുന്ന
റീത്തുകള്‍

നിറച്ചു നിറച്ച്
ആഘോഷങ്ങള്‍
മനസ്സുകളെ
ഒഴിയാത്ത
കുപ്പത്തോട്ടികളാക്കുന്നു ..
ജീവിതാഘോഷം
കഴിയുമ്പോള്‍
ഒരു ഭ്രാന്തന്‍ രാത്രിയില്‍
നീയും ഞാനുമൊക്കെ
അതിലുണ്ടാകും 

വയ്യ 

എല്ലാവര്ക്കും
ശലഭം ആകാന്‍
ആഗ്രഹമുണ്ട് ,
പൂവുകള്‍ തോറും
പാറിപ്പാറി ചെന്ന്
തേനുണ്ണാനും
വര്‍ണക്കുപ്പായമിട്ടു
മനം മയക്കാനും
എല്ലാത്തിനും
ആഗ്രഹമുണ്ട് ..

പക്ഷെ
ആര്‍ക്കും പുഴുവാകാന്‍ വയ്യ
കൊക്കൂണിനുള്ളില്‍
പ്രചോദനം കാത്തു
ഉള്ളുരുകി
ധ്യാനിക്കുവാന്‍ വയ്യ
ചിറകുകളെപ്പറ്റി
വേദനിക്കാന്‍ വയ്യ
നിറങ്ങളെയും
പൂക്കളെയും
സ്വപ്നം കാണാന്‍ വയ്യ ..
ചരിത്രവും ഭൂമിശാസ്ത്രവും
ഓര്‍ക്കാനേ വയ്യ


എന്നിട്ടും
ശലഭമാകണം
ശലഭമാകണം .....


Sunday, October 21, 2012ശ്രാദ്ധം 
ശരശയ്യയില്‍
ഉത്തരായനം കാത്തു
മരിച്ചവന്റെ
ഓര്‍മ്മകള്‍ .

തെരുവിലൂടെ
ഒഴുകിപ്പോയ
ജീവിതച്ചോരയില്‍
അവിടിവിടെ
കവിതയുടെ
വിത്തുകോശങ്ങള്‍

തുറന്നിരിക്കുന്നു
ചിതയില്‍ എരിയാതെ ,
പൂവാടി കണ്ടു നിന്ന
ഭ്രാന്തന്‍ കണ്ണുകള്‍ ..

ദിനസരി പുസ്തകത്തിലെ
അവസാന പേജിലും
ചളിമുറ്റിയ
നഖങ്ങള്‍ കൊണ്ട്
ദുരിതജാതകം
കോറിയിട്ട
പ്രവാചകാ
മണിമേടകളുടെ
മുറ്റത്ത് ,നിന്റെ ബലിക്കാക്ക
വരില്ലെന്നത് കൊണ്ട്
നീ കിടന്നുറങ്ങിയിരുന്ന
ഈ പീടികത്തിണ്ണയില്‍
ഞാന്‍ ശ്രാദ്ധമൂട്ടുന്നു
മുതുകത്ത് തറച്ച
അമ്പൂരി ഒരു വേള
ഒന്ന് വിശ്രമിക്കുക
പിന്നെയും നോവിന്റെ
ചങ്കാകുക ...

Tuesday, October 16, 2012


ശിശിരം 


ആര് വാരിക്കൊണ്ട് പോയി 

വനദേവതേ
നിന്റെയുടയാടകള്‍ ?
കടമ്പിന്റെ കൊമ്പില്‍ 
കള്ളക്കണ്ണുമായി 
ഇരിക്കും ശിശിരകൃഷ്ണനോ ?

ഹൈക്കു കവിതകള്‍ 

1
നിലാവിന് 
മുഖം കൊടുക്കാതെ 
രാക്കന്യക
2
പുണര്‍ന്നു നില്‍പ്പൂ
ഉടലറിവില്ലാതെ
മാമരങ്ങള്‍
3
ജീവിതസ്വപ്നത്തില്‍
നിന്നുണരുന്നു
മരണത്തിലേക്ക്
4
മഞ്ഞുപുതപ്പില്‍
വൃദ്ധനൊരാല്‍മരം
വിറച്ചുറക്കം
5
.പൊന്മാന്‍കൊക്കില്‍
സ്വര്‍ണ മത്സ്യത്തിന്റെ
നീന്തലൊടുക്കം
6
മഞ്ഞു മരം ,
കൂടുകൂട്ടിയൊരു
കുളിര്‍പ്പക്ഷി
7
നൊമ്പരം പേറി
തുലാമാസ രാത്രിയില്‍
ഈറനൊരുകാറ്റ്

8
നിലാമുനയാല്‍ ,
മുറിവേറ്റ നിഴലുകള്‍ .
തേങ്ങുംയാമം
ഒടുവിലോടുവില്‍ 
കടം വാങ്ങിയ സ്വപ്‌നങ്ങള്‍ തിരിച്ചു നല്‍കാത്തതിന് ഹൃദയം
എന്നെ
ജപ്തിയിലാണ്
നാവു
തടവറയിലും
കണ്ണുകള്‍
ഇരുട്ടിലും
കൈകള്‍ക്ക്
വിലങ്ങും
കാലുകളില്‍
ചങ്ങലയും ,
മോഹങ്ങളൊക്കെ
എന്നെ
ചവറ്റുകൊട്ടയില്‍
ചീഞ്ഞുകിടക്കുന്നു..
ഒടുവിലോടുവില്‍
ചിന്തകള്‍
പണയത്തിലും

Friday, October 12, 2012

കൊച്ചു കവിതകള്‍ ഏദന്‍

വിശന്നിട്ടു 
വയ്യ... 
വിലക്കപ്പെട്ട 
ഒരു
കനിയെങ്കിലും
കിട്ടിയിരുന്നെങ്കില്‍ ..?വേഷം 

ഒട്ടുണ്ട്
ഒരുങ്ങുവാന്‍ 
തല മൊട്ടയാക്കണം 
പപ്പടം ഒട്ടു
നനച്ചിടെണം,
വട്ടക്കണ്ണട
മുട്ടിച്ചെരിപ്പും
ഇട്ടു തട്ടി തടയേണം
കുപ്പായമൊന്നും
പറ്റുകില്ല
അലങ്കാരമോന്നും
ഇല്ലേയില്ല
വടികുത്തി
തന്നെ നടക്കേണം
സായ്പിന്റെയടി
കൊള്ളണം
വെടികൊണ്ട് വീഴണം
നീളന്‍ ഡയലോഗുകള്‍
മറക്കാതെ പറയണം

കഷ്ടപ്പാടനവധി
ഉണ്ട് മാഷേ ..
ഗാന്ധിയാകാന്‍ വന്ന
കുട്ടി ചോദിച്ചിന്നലെ

ഞാന്‍ ഗോഡ്സേ
ആയിക്കോട്ടെ മാഷേ ?
ഞാന്‍ ഗോഡ്സേ
ആയിക്കോട്ടെ മാഷേ ?
ചില നേരം 
കലങ്ങാറുണ്ട് 
കണ്ണുകള്‍ പോലെ 
ചില നേരങ്ങളില്‍ 

തെളിയാറുണ്ട്
കണ്ണുകള്‍ പോലെ
ചില നേരങ്ങളില്‍

വിളിക്കാറുണ്ട്
കണ്ണുകള്‍ പോലെ
ചില നേരങ്ങളില്‍

ചിരിക്കാറുണ്ട്
കണ്ണുകള്‍ പോലെ
ചില നേരങ്ങളില്‍

ഒളിപ്പിക്കാറുണ്ട്
പലതും
കണ്ണുകള്‍ പോലെ
ചില നേരങ്ങളില്‍

പേടിപ്പിക്കാറുണ്ട്
കൊപിക്കാറുണ്ട്
തലോടാറുണ്ട്
കണ്ണുകള്‍ പോലെ
ചില നേരങ്ങളില്‍

പുഴ
കണ്ണുകള്‍ പോലെ
ചില നേരങ്ങളില്‍