kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Friday, November 23, 2012

ആകസ്മികം


ആകസ്മികം 

രാവിലെ
അലാറം അടിച്ചില്ല
ഏറെ വൈകിപ്പിന്നെ
നിലവിളിച്ചു കൊണ്ട്
ഒരു ആംബുലന്‍സ്
ഓടിപ്പോകുന്നത് കേട്ടാണ്
ഞെട്ടി ഉണര്‍ന്നത് ..

മേശപ്പുറത്ത്
അലാറം
തണുത്തു കിടപ്പുണ്ടായിരുന്നു ,
ഒന്ന് രണ്ട് ഉറുമ്പുകള്‍
മടിച്ചുമടിച്ചു
മണത്തു നടപ്പുണ്ട് ,
ഒരു കൂറ ധൃതിപ്പെട്ട് വന്നു
ഒന്നെത്തിനോക്കി
ഓടുന്നത് കണ്ടു
ഉത്തരത്തില്‍ നിന്ന്
ഒരാന്തലോടെ
പല്ലിയുടെചിലപ്പ്‌,
ശോകരാഗം മീട്ടി
അവിടിവിടെ
ചില കൊതുകുകള്‍ ,

വെള്ളം നിറച്ച കൂജക്കും
ഗുളികപ്പൊതികള്‍ക്കും
സിഗരറ്റ് പാക്കിനും
എന്തോ കണ്ടു പേടിച്ച ഭാവം
മറിഞ്ഞു വീണ
ആഷ്ട്രെയാണ്
അതെനിക്ക്
ചൂണ്ടിക്കാണിച്ചത്

തലേന്ന് രാത്രി
ഞാന്‍ വായിച്ചു നിര്‍ത്തിയ
തെരുവുകളുടെ ഘടികാരം
എന്ന പുസ്തകത്തിന്റെ
ഒന്നാം താള്‍ കീറി
കറുപ്പ് മഷിയിലുള്ള
എന്റെ പതിവ് പേന കൊണ്ട്
അവിടെ ഒരു എഴുത്തുണ്ടായിരുന്നു

ജീവിത നൈരാശ്യം മൂലം
ആത്മഹത്യ ചെയ്യുന്നതായും
മരണത്തില്‍ ആര്‍ക്കും
പങ്കില്ലെന്നും
തൊടിയുടെ തെക്കേക്കോണില്‍
റേഡിയോയെ അടക്കിയതിനു
അടുത്ത് തന്നെ
അടക്കണം എന്നും
വിറച്ചും കൊണ്ട്
അലാറം
എഴുതിയ
ഒരു കുറിപ്പ്


6 comments:

  1. നന്നായിട്ടോ... ഒരുപാടിഷ്ടായി. താങ്കള്‍ക്ക് വ്യത്യസ്തമായ ഒരു ശൈലിയുണ്ട്. ചുറ്റും കാണുന്ന, നാം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന പലതുമാണ് മിക്കപ്പോഴും താങ്കളുടെ കവിതയ്ക്ക് വിഷയമാവുന്നത്.
    പിന്നെ, വിഷയവുമായി ബന്ധമില്ലാത്ത ചിത്രങ്ങള്‍ ആണെങ്കില്‍ പോസ്റ്റിനൊപ്പം കൊടുക്കാതിരിക്കുന്നതാവും നന്ന്.

    ReplyDelete
    Replies
    1. നന്ദി സോണി ,,,വിലയിരുത്തലിനും നിര്‍ദേശങ്ങള്‍ക്കും

      Delete
  2. വളരെ നല്ല ഓര്‍മപെടുത്തല്‍ ...
    നല്ല വരികള്‍
    സൂപ്പര്‍... സിവാ
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  3. നന്ദി സ്നേഹത്തിനും വിലയിരുത്തലിനും asrus ഇരുമ്പുഴി

    ReplyDelete
  4. നന്ദി മന്നാര്‍ക്കാടന്‍

    ReplyDelete