Thursday, January 31, 2013

ഡ്രാക്കുള 

എല്ലാം കഴിഞ്ഞതിനു 
ശേഷം 
ഹൃദയം പറിച്ചെടുത്ത് 
തിന്നാനായി
കൈ നഖം നീട്ടിയതായിരുന്നു ഞാന്‍
അവിടം ശൂന്യമായിരുന്നു
എനിക്ക് മുമ്പേ ആരോ ?

സംശയം തീര്‍ത്തത്
അവള്‍ തന്നെയായിരുന്നു
ഇടക്കെപ്പോഴോ
വല്ലാതെ വിശന്നപ്പോള്‍
അവള്‍ തന്നെ
അത് പറിച്ചെടുത്ത്
തിന്നുകയായിരുന്നെത്രേ .
.

കുറുമൊഴികള്‍ 1
കാത്തിരുന്നു
മടുത്തുറങ്ങിപ്പോയി
വിനാഴിക

2
ശ്രീലകത്ത്
പ്രണയപത്മമിട്ട്
പൂജാരിണി

3
ജപപ്പാറ,
രുദ്രാക്ഷമെണ്ണി
ജരാനരകള്‍.
4
മരപ്പൊത്തില്‍
പിളര്‍ന്ന നാവിന്റെ 
ലാസ്യ നടനം
5
സരസ്വതി യാമത്തില്‍ ,
രാക്കിളിയുടെ 
നിലാവഭ്യാസം
6 സ്വപ്നം നെയ്ത്
പുളിയുറുമ്പുകളുടെ 
ഇലകൊട്ടാരം

Saturday, January 26, 2013

റിപ്പബ്ലിക്‌

വര്‍ണ്ണകടലാസുകള്‍ 
തൂങ്ങിയാടിയ 
ഭൂപടം കടന്നു 
ഉള്ളിലേക്ക് നോക്കിയപ്പോള്‍
കണ്ടു
ദാരിദ്ര്യ രേഖ കൊണ്ട്
വരച്ച
കണ്ണീരുകൊണ്ട്
നിലവിളികള്‍ കൊണ്ട്
ചായമിട്ട
അവളുടെ സ്വപ്‌നങ്ങള്‍
പാളങ്ങള്‍

ഈ പാളത്തിലൂടെ വരുന്ന 
അഞ്ചാം നമ്പര്‍ തീവണ്ടിക്ക് 
ഞാനിന്നു എന്റെ 
കാമുകിയുടെ പേരിടും
മലര്‍ന്നു കിടക്കുന്ന
എന്റെ നെഞ്ചില്‍ മുഖം ചേര്‍ത്ത്
കണ്ണില്‍ കണ്ണില്‍ നോക്കി
അവള്‍ പാഞ്ഞു പോകും
അതിനിടയില്‍
എല്ലാവരുടെയും കണ്ണുവെട്ടിച്ച്
ഞങ്ങള്‍ ഒര്‍ുവേള
ഒന്നായി തീരും ,
പരസ്പരം രുചിക്കും
ഞങ്ങളുടെ പ്രണയസമാഗമത്തിനു
നിങ്ങള്‍ ആത്മഹത്യയെന്ന്
പേരിട്ടു തരം താഴ്ത്തരുത്

Thursday, January 24, 2013

ഒറ്റ്

അവര്‍ 
പകര്‍ന്ന ഗ്ലാസ്സില്‍ 
കടുത്തു കിടന്നത് 
നീയാണെന്നറിഞ്ഞത് 
കൊണ്ട് മാത്രം 
സഖേ 
രുചിക്കുവാന്‍ നിന്നില്ല 
നമ്മളെത്ര 
തമ്മില്‍ തമ്മില്‍
രുചിച്ചവര്‍ ,
ഒറ്റയിറക്കിനു
നിന്നെ മോന്തി ഞാന്‍
കണ്ണീരു കൊണ്ട്
ചിറി തുടച്ചു
എനിക്കേറ്റവും
ഇഷ്ടപ്പെട്ട
നിന്റെ വരികള്‍
ഞാനവിടെ
ഒറ്റുകൊടുത്തു
അരൂപം 

നീ വരണം 
ചോരയിട്ടു ചുവപ്പിച്ച 
വിരലുകള്‍ കൊണ്ടെന്റെ 
തലമുടിയില്‍ 
ചിത്രം വരയ്ക്കണം 

ഇടിമിന്നലിന് പോലും 
തുളക്കാനാവാത്ത
ഇരുള് കൊണ്ട്
എന്നെ മൂടണം

കാലത്തിനു പോലും
മായ്ക്കാനാവാത്ത
മുറിവുകള്‍ ,
എന്റെ കയ്ക്കുന്ന
ചുണ്ടില്‍ ചുംബനങ്ങള്‍ ആക്കണം

നീ വരണം
പാടിയതില്‍ വച്ചു
ഏറ്റവും കാതരമായ പാട്ട് ,
നോക്കിയതില്‍ വച്ച്
ഏറ്റവും പ്രേമത്തോടെ ഉള്ള നോട്ടം
ചെയ്തതില്‍ വച്ച്
ഏറ്റവും
ആഴമുള്ള പിണക്കം
ഏറ്റവും
കനമുള്ള ആലിംഗനം
വേറിട്ടുകഴിഞ്ഞു
കനമില്ലാതെ നമ്മള്‍
പാറിയകന്ന
താഴ്വരയുടെ തുണ്ടം
അവിടെ എവിടെയോ
നമുക്കായി മാത്രം മിനുസപ്പെട്ട
പാറയില്‍
ഇത് വരെ ആരും തുറക്കാതെ
നമുക്കായി കാത്തിരിക്കുന്ന
ആ പുസ്തകം
അതിന്റെ പേരിടാത്ത താളില്‍
ഏതോ ഗുഹാചിത്രങ്ങളെ
ഓര്‍മപ്പെടുത്തി
കോറിവരച്ചതില്‍
ആദ്യമായും അവസാനമായും
നമ്മുടെ പേരുകള്‍
ചേര്‍ത്ത്‌ എഴുതണം

എന്നിട്ട്
ഞാന്‍ ഒരു
സ്വപ്ന ജീവിയായ
പട്ടം ആകാം
നീ
ഒരു
നൂല്‍
ആകണം
നീ ഒപ്പം ഉണ്ടെന്ന
തോന്നലില്‍ ഞാന്‍
മുകളിലേക്ക്
മുകളിലേക്ക്
പറന്നു പോകും
അപ്പോള്‍
ഒരിക്കലും ഞാന്‍
അറിയാത്ത
ആ നിമിഷത്തില്‍
നീ പൊട്ടി
അകലണം

അതറിയാതെ
അതറിയാതെ
എനിക്ക്
മുകളിലേക്ക്
മുകളിലേക്ക്
പറക്കണം ...

ഇടിമിന്നലിന് പോലും
തുളക്കാനാവാത്ത
ഇരുള് കൊണ്ട്
എന്നെ മൂടണം
നീ വരണം 
രാവും പകലും 

പകലുകള്‍ക്ക് മേല്‍ 
രാത്രികള്‍ക്ക് 
ഒട്ടും വിശ്വാസമില്ല ..
അത് കൊണ്ടാണല്ലോ 
എന്നും 
പടിഞ്ഞാറന്‍ ചക്രവാളത്തില്‍ 
തലതല്ലി ചോര തൂവി 
പകലുകള്‍ക്ക് 
വിലപിക്കേണ്ടി വരുന്നത്
അത് കൊണ്ടാണല്ലോ
ശയന മുറിയില്‍ നിന്നും
രണ്ടാം യാമത്തിലും
അടക്കിപ്പിടിച്ച
തേങ്ങലുകള്‍ കേള്‍ക്കുന്നത്
അത് കൊണ്ടാണല്ലോ
രാവിലെ പടിയിറങ്ങുമ്പോള്‍
രാത്രിയുടെ മുഖം
പരിഭവം വീര്‍ക്കുന്നത്
കണ്ണുകള്‍ കലങ്ങുന്നത്
ചുണ്ടുകള്‍ വിറയ്ക്കുന്നത്
പകലിനോപ്പം
നിഴലുകളെ
കൂട്ട് വിടുന്നത് ...
ഈ വേദന കൊണ്ടല്ലോ
പകലിന്റെ ഉള്ളുരുകുന്നത്
എന്നിട്ടാണല്ലോ
രാത്രിയുടെ മാറില്‍
തലചായ്ക്കാന്‍
ഇഴഞ്ഞെത്തുന്നത്
എന്നിട്ടും
പകലുകള്‍ക്ക് മേല്‍
രാത്രികള്‍ക്ക്
ഒട്ടും വിശ്വാസമില്ല ..
നിനക്ക് എന്നെയും 

Tuesday, January 22, 2013

മടുപ്പ് 
മാതാവേ 
ഈനാമ്പേച്ചികളും 
മരപ്പട്ടികളും 
മൂന്നു കൊമ്പുള്ള 
മുയലുകളും
നിറം മാറുന്ന
ഓന്തുകളും
ഇപ്പോഴും
മുന്തിരി മധുരിക്കാത്ത
കുറുക്കന്മാരും
ആട്ടിന്‍ തോലുകൊണ്ട്
മേലങ്കി തുന്നിയ
ചെന്നായകളും
ഉത്തരം താങ്ങി
വയസായിപ്പോയ
ഗൌളികളും
പട മറന്ന
അരണകളും
കള്ളക്കുയിലുകളും
പല്ലിനു ശൌര്യം പോയ
പാണ്ടന്‍ നായകളും
മാത്രം
വാഴുന്ന കാട്ടില്‍
നിന്റെ
പ്രസവത്തിനു
പ്രസക്തി ഇല്ലാതാവുന്നു

Sunday, January 13, 2013


ഹൈക്കു കവിതകള്‍ 

1
ഇതള്‍ കൊണ്ട് 
മുഖം മറച്ചു 
പൂ മനസ്സ്

2

ജാലകപ്പഴുത്,
ഒലിച്ചിറങ്ങി 
നിലാക്കണ്ണീര്‍

3

രാവിലൊറ്റക്ക്
വിതുമ്പി നില്പൂ
ക്രിസ്തുമസ് താരകം

4
രാവേറുന്നു
പൂനിലാവള്ളിയില്‍ 
താരകപ്പൂക്കള്‍
ഹൈക്കു കവിതകള്‍ 1
മഞ്ഞുശീലപ്പിറകില്‍ 

പ്രഭാത സൂര്യന്റെ 
പ്രാവേശികം

2
മഞ്ഞിന്‍ പുടവ
ചുറ്റി ലോലം തൊഴാന്‍ 
പ്രഭാതശ്രീ

3

മൂടല്‍മഞ്ഞ്
അപ്പുറമിപ്പുറം 
ഞാനും നീയും

4

കരിമ്പാറയുടെ
നെഞ്ചില്‍ മുഖം ചേര്‍ത്ത്കാട്ടരുവി

5


ഈരിഴത്തോര്‍ത്ത്
ആണിഴയും പെണ്ണിഴയും 
പിണഞ്ഞു ചേര്‍ന്നു

ഹൈക്കു കവിതകള്‍ 
1
മരുക്കിനാവ് ,

ഞെട്ടിയുണര്‍ന്നു 
മഴക്കാട്

2


ഭയത്തിനു മേല്‍ 
അടയിരിക്കുന്നു 
ഹൃദയക്കിളി

3

കണ്ണീര്‍
കുടിച്ചുറങ്ങുന്നു 
ആറടി മണ്ണ്

4

നിലാവേറ്റും
പൊള്ളിപ്പോകുന്നു
വിരഹരാവില്‍
5


വയല്‍ക്കരയില്‍ 
പോക്കുവെയിലിന്റെ 
ഇളകിയാട്ടം
ആധി

ആറ്റുനോറ്റു
വിരിഞ്ഞ 
പെണ്‍പൂവിനെ 
എവിടെയോളിപ്പിക്കും
എന്ന ആധിയില്‍
വാടിപ്പോകുന്നു
വേലിച്ചെടികള്‍


നിയമം 


കണ്ണീര്‍ ദ്രാവകം കൊണ്ട് 
സമരം ചെയ്യുന്നവര്‍ക്കെതിരെ 
കണ്ണീര്‍ വാതകം


ഇന്ത്യ 

തെരുവില്‍ 
ഞാന്‍ ഇന്ത്യയെ കണ്ടു 
ആരൊക്കെയോ ചേര്‍ന്ന് 
കടിച്ചു കീറിയ 
ഒരു പെണ്‍ ഭൂപടം

ഇനി

ഇനി 
പൂവില്ല.. 
പുഷ്പചക്രം മാത്രം ,
അത്
നിനക്ക് ...
ഇനി
പതാകയില്ല
കരിങ്കൊടി മാത്രം
അത്
നിനക്ക്
വേണ്ടി


ഉച്ച 


ഇല കൊഴിഞ്ഞ
മരചുവട്ടിലും
തണല് തേടുന്നു
വ്രണിത മാനസം
വിട ..
അസമയത്തെ 
അശനിപാതം ,
കവിതയുടെ മരത്തിനു 
വാട്ടം....

വെള്ളവും വളവും
ശ്വാസവും കണ്ണീരും
ഭ്രാന്തും സ്വപ്നവും
നല്‍കി പരിപാലിക്കുന്നുണ്ട്
വീണ്ടും തളിര്‍ക്കുമായിരിക്കും
പൂവിടുമായിരിക്കും ..

അര്‍ഥം നഷ്ടപ്പെട്ട
ആശംസകള്‍
മുഖം മൂടികളെ പ്പോലെ
എടുത്തണിയാന്‍
വിട ..
മൂന്നു കവിതകള്‍ ശേഷം 


മാങ്ങയുള്ള 
മാവ് തന്നെ ആയിരുന്നു 
അത് കൊണ്ട് തന്നെ 
ഏറുകൊണ്ട് 
പൂ കൊഴിഞ്ഞു 
ഇല കൊഴിഞ്ഞു 
കൊമ്പൊടിഞ്ഞു 
ഇപ്പോള്‍ 
ക്ഷീണിച്ചു
അസുഖക്കാരിയെ പോലെ ..


കഥകളി


ഉള്ളിലുള്ളത് 
കാപട്യത്തിന്റെ കത്തി 
ചുട്ടി കുത്തിയത് 
അലിവിന്റെ പച്ച


ഹോ 
ന്യൂ ഇയറിന്റെ 
കുപ്പികള്‍ പൊട്ടുന്ന
കിലുക്കവും 
വഴുതി പോകുന്ന
ആട്ടവും പാട്ടും
പേക്കൂത്തും
കണ്ടും കേട്ടും
മൂക്കത്ത് വിരല്‍ വച്ച്
ശ്വാസം മുട്ടി
കലണ്ടറില്‍
ഒരു ചിങ്ങമാസം
ഗ്രഹനില 

ഏതു
പ്രതിഷ്ഠയും 
ആ ദിവസത്തെ 
വല്ലാതെ ഭയക്കുന്നുണ്ട്

അവന്‍ വന്നു
ഇടം വലം നോക്കാതെ
കാലു പൊന്തിച്ചു
ധ്യാനനിമീലിതനായി
അനര്‍ഗളം
ശറേ എന്ന
ആ ഒഴിപ്പുണ്ടല്ലോ
പൊടിമണ്ണില്‍
ചുര മാന്തി
ഒരു കൊടിയുടെയും
തണല് വേണ്ടാത്ത
തല ഉയര്‍ത്തിപ്പിടിച്ച
ആ പോക്കുണ്ടല്ലോ

ഏതു
പ്രതിഷ്ഠയുടെ
ജാതകത്തിലും
ആ ദിവസം ഉണ്ട്
മ്യുട്ടെഷന്‍

പണ്ട് 
അതിന്റെ വാലില്‍
പൂവുണ്ടായിരുന്നു

പൂരപ്പറമ്പിലും
ബസ്‌ സ്റൊപ്പിലും
അത് കാതരമായ
നോട്ടത്തോടെ
കുളിക്കടവിലെക്കുള്ള
വഴിയില്‍
നവ രസംങ്ങളോടെ
ഇടവഴികളില്‍
ചൂളം വിളികളോടെ
കാത്തിരിക്കുന്നത് കാണാം
നിരുപദ്രവ കാരിയായിരുന്നു

പൂവാലന്‍
ഒരു രസം പിടിച്ച
ഓര്‍മയാണ്

പിന്നെപ്പോഴാണ്
ഇവറ്റകള്‍ക്ക്
അകാല പരിണാമം
സംഭവിച്ചു

ദംഷ്ട്രയും നഖവും
ആര്‍ത്തിയും കാമവുംമൂത്ത്
പീഡകന്‍ മാരായി മാറിയത് ?

Monday, January 7, 2013

വേര്
അടുത്തിടെ ആയി 
ഞാന്‍ ആരൊക്കെയോ 
ആണെന്നൊരു തോന്നല്‍ 
വേര് പൊട്ടുന്നുണ്ട്

അപ്പോള്‍ ഞാനൊരു കാക്കയാകും
ആരുടോയോക്കെയോ ചിന്തകള്‍
വിരിയിക്കാനടയിരിക്കും

അപ്പോള്‍ ഞാനൊരു ആമയാകും
സിദ്ധാന്തതോടിനുള്ളില്‍ നിന്നും
വല്ലപ്പോഴും വാക്ക് പുറത്തിട്ടു
ചരിത്രത്തില്‍ ഒളിക്കും

അപ്പോള്‍ ഞാനൊരു ഓന്താകും
ഭരണപക്ഷത്തും
സമരപക്ഷത്തും
നിറഭേദങ്ങളുടെ കൊടിയാകും

അപ്പോള്‍ ഞാനൊരു കുറുക്കനാകും
പാതിരാപ്പാറയില്‍
ആത്മഭാഷണം നടത്തും

അപ്പോള്‍ ഞാന്‍
ദിക്ക് നഷ്ടപ്പെട്ട
ട്രേഡ്‌ യൂണിയനിലെ
ഉറുമ്പോ തേനീച്ചയോ ആയി മാറും
കഴുതയാകും
വിഴുപ്പു മറക്കാതെ ചുമക്കും

അപ്പോള്‍ ഞാനൊരു കൂട്ടം
ചെറുകിളികള്‍ ആകും
ഇന്ധന വിലവര്‍ധന
അരിവിലക്കയറ്റം
പീഡന വാര്‍ത്തകള്‍
കലപില കൂട്ടി ,പറന്നു പോവും

അപ്പോള്‍ ഞാനൊരു
ആട്ടിന്‍ കുട്ടി ആകും
ചെന്നായയുടെ കടവിന്റെ
താഴെ കുളിക്കാന്‍ പോകും
അവന്റെ പുഴ കലക്കിയതിന്റെ
യുക്തി മനസ്സിലായില്ല
എന്ന് നടിച്ചു
ഇരയുടെ വിധിയാകും

അപ്പോള്‍ ഞാനൊരു
തെരുവുപട്ടിയാകും
കല്ലുകള്‍ കാത്തിരിക്കുന്ന
ഹൌസിംഗ് കോളനികളിലൂടെ
പലതും കണ്ടു കുരയ്ക്കും
ആസന്നമായ പേടിയില്‍
വാല്‍ തല്‍സ്ഥാനത്ത് തിരുകി
ജീവനും കൊണ്ട് പായും

അപ്പോള്‍ ഞാനൊരു കവിയാകും
എന്നോട് തന്നെ കലഹിച്ചു തുടങ്ങും

ആരെങ്കിലും കാലിലെ
ഈ ചങ്ങലയൊന്നു
മുറുക്കി കെട്ടിക്കൂളൂ

ഞാന്‍ ആരൊക്കെയോ
ആണെന്നൊരു തോന്നല്‍
വേര് പൊട്ടുന്നുണ്ട്