Thursday, February 28, 2013


ഒറ്റ വരി കവിതകള്‍

1

എന്നെ മുളപ്പിച്ച നിന്റെ മഴകള്‍


2

താക്കോല്‍ കളഞ്ഞു പോയ തുറുങ്കാണ് ജീവിതം

3

വരണമാല്യത്തിനുള്ളില്‍ ഒളിപ്പിച്ചു വച്ച ഒരു വിലങ്ങുണ്ടായിരുന്നു

4

നിന്റെ മുള്ളാണെനിക്കിഷ്ടം

5
എന്റെ ഹൃദയത്തിലാണ് നീന്റെ പൊങ്കാലയടുപ്പ്

Saturday, February 23, 2013

ഒറ്റ വരി കവിതകള്‍ 1


മറ്റൊരിടമില്ലാത്തതിനാല്‍ ഞാനെന്നില്‍ മരിക്കുന്നു2

കാറ്റിലൊരു തേങ്ങലിന്‍ ഈറന്‍ രാഗം3

വഴിയമ്പലത്തില്‍ ഇരുട്ട് കുടിച്ചുറങ്ങുന്നു സ്വപ്‌നങ്ങള്‍


4

നീ കല്ല്‌ , എന്നും ഞാന്‍ ഉന്നം


5


കരഞ്ഞു കണ്ണ് കലങ്ങിപ്പോയ കുന്നിമണി

6
പൊഴിഞ്ഞ ദിവസങ്ങള്‍ കോര്‍ത്തിട്ട ഓര്‍മയുടെ മാല
Monday, February 18, 2013

ഒറ്റ വരിക്കവിതകള്‍


1നീ നിറഞ്ഞു വീര്‍ത്തു പൊട്ടുമെന്‍ ഹൃദയം


2
തിരിഞ്ഞുനോക്കുംദൂരത്തെങ്ങുംനീയുണ്ടായിരുന്നില്ല

3

പിരിയാന്‍ നേരത്ത് പട്ടം ചരിടിനോട് പറഞ്ഞെതെന്താവാം

4


പ്രണയച്ചുഴി,കരകയറുവാനാകാതെ നാം

Sunday, February 17, 2013

ജ്വരം 

വിഷം തീണ്ടി 
നീലച്ച 
കുന്നില്‍ നിന്നും 
നുരയും പതയുമായി
ഒരു ഒലിച്ചിറക്കം

പിച്ചതെണ്ടുന്ന
പകലിനു
രാത്രിയുടെ
തറവാടു മുറ്റത്ത്
അകാലചരമം

പൂമ്പാറ്റയുടെ
ചങ്കില്‍ നിന്ന്
വീണുപോയ
പൂമ്പൊടി
തെരുവിലൊരു
കടത്തിണ്ണയില്‍
കണ്ണ് മിഴിക്കുന്നു

ക്ലാസ്സ് മുറിയില്‍
ചത്ത മീന്‍ കണ്ണുകള്‍
പുസ്തകത്തില്‍
കടലുകള്‍ തീര്‍ക്കുന്നു

ശബ്ദത്തിനു മീതെ
അടയിരുന്ന മൌനം
അടച്ചിട്ട
ജാനാലകളില്‍
തലതല്ലി ചാവുന്നു

ഉച്ചവെയിലിന്റെ
ഭ്രാന്തില്‍
കണ്ണീര്‍ ഉണങ്ങി
വസന്തത്തിന്റെ
ശവപ്പെട്ടിക്കു മേല്‍
എന്റെയും
ഒരു പിടി മണ്ണ്

Sunday, February 10, 2013


ഹൈക്കു കവിതകള്‍ 


1`


മഞ്ഞുഭാരത്താല്‍ 
ചാഞ്ഞു 
നിലാമരചില്ലകള്‍
2

ചേക്കേറുന്നു 
ചക്രവാളച്ചില്ലയില്‍ 
വെണ്‍ കൊറ്റികള്‍

3

നടവഴിയില്‍ 
വീണുടഞ്ഞു 
പ്രണയചഷകം

4


തെക്കേ തൊടിയിലേക്ക്
നോക്കുമ്പോള്‍ ,
ഉള്ളിലൊരു ചിത 
നോവ്‌ 

ഒക്കെ 
ഇട നെഞ്ചിലെ 
ചുവന്ന മണ്ണില്‍ 
കണ്ണീരുകൊണ്ട് നനച്ചു 
പാകിയിട്ടുണ്ട് 
എന്നെങ്കിലും 
നീ 
വരുമ്പോഴേക്കും 
ഒന്നിച്ചു 
പൂക്കാനായി


നീതി

കണ്ണ് കെട്ടിയ 
ആ കറുത്ത 
തൂവാല 
അഴിച്ചു കളഞ്ഞാലെ
മൂപ്പത്തി
വല്ലതും കാണൂ


മുന

കാലില്‍ 
കുത്തിക്കയറി 
ഉടഞ്ഞ 

പ്രണയചഷകത്തിന്‍ 
മുന


Saturday, February 9, 2013

ഹൈക്കു കവിതകള്‍ 


1
കനലിനുമീതെ 
കരി മൂടി
മൂവന്തിയടുപ്പ്

2
പൊള്ളിയ
കൈ വെള്ളയുമായി
അലയും പകല്‍

3
ശലഭമകന്നു .
പൂവിതളില്‍ നിന്നൊരു
തുള്ളിയശ്രു

4

നെടുവീര്‍പ്പ്,
മാറ് വിണ്ടു
തരിശു പാടം
ചോരപുരാണം 

രാവിലെ 
ടാപ്പിങ്ങുകാരന്‍ 
വന്നാണ് ആദ്യം പറഞ്ഞത് 
വെട്ടുചാലില്‍ നിന്നും
വന്നത് ചോരയായിരുന്നെത്രേ
പിന്നാലെ
തെങ്ങ് കയറ്റുകാരന്‍
കിതച്ചു കൊണ്ട് വന്നു
തെങ്ങിന്റെ മണ്ടയിലോക്കെ
ചോര കട്ടച്ച്ചു
കിടക്കുകയാണെത്രേ
സ്കൂളിലേക്കും കോളേജിലേക്കും
പോയവര്‍ തിരിച്ചു വന്നപ്പോള്‍
ചെരിപ്പിലോക്കെ ചോരപ്പാട
മണല് വാരാന്‍ പോയവന്‍
കരഞ്ഞും കൊണ്ട് വരുന്നു
മുങ്ങിയത് ചോരയിലാണെത്രേ
കെട്ടിടം പണിക്കും
റോഡ്‌ പണിക്കും
തുണിക്കടയിലെക്കും
ആശു പത്രിയിലെക്കും
പോയവരൊക്കെ തിരിച്ചു വന്നു
പുറത്ത് ചോരകൊണ്ട്
മഴയാണെത്രേ ....

അയ്യോ
ഇച്ചോരയോക്കെയും
എന്റെ മുറ്റത്ത് നിന്നാണല്ലോ
പടിയും കടന്നൊഴുകുന്നത്
ഈ മുററമൊക്കെയും
വന്നു നിറയുന്നത്
എന്റെ നെഞ്ചില്‍ നിന്നാണല്ലോ
അയ്യോ
എന്റെ ഹൃദയമെവിടെ
?
വിധി 

ഓടവക്കത്ത് നിന്ന് 
ഇന്നെനിക്കൊരു പുസ്തകം 
കളഞ്ഞു കിട്ടി ,
എല്ലാ പേജിലും 
ഒരേ ഒരു കഥ മാത്രം 
ചെന്നായ നീരാടുന്ന കടവിലെ
വെള്ളം കലക്കിയതിന്,
താഴത്തെ കടവില്‍ 
ദാഹം തീര്‍ക്കാനിറങ്ങിയ 
ആട്ടിന്‍ കുട്ടിയെ 
ചെന്നായക്കളുടെ നാട്ടുകൂട്ടം 
വധ ശിക്ഷക്ക് വിധിച്ച 
ഒരേ ഒരു കഥ മാത്രം 

പുറം ചട്ടയില്‍ 
നിയമപുസ്തകം 
എന്ന പേര് 
അവ്യക്തമായി 
വായിചെടുക്കാമായിരുന്നു

Friday, February 8, 2013

നഷ്ടം 

മൈതാനത്തിന്റെ 
ഇരുണ്ട തെക്കേ കോണില്‍ നിന്നും 
പുറം കാലു കൊണ്ടാരോ 
ചവിട്ടി തെറിപ്പിച്ച നിലയില്‍ 
ഏതാനും മിടിപ്പുകള്‍ 
മാത്രം ബാക്കിയായ 
ഒരു ഹൃദയം 
കളഞ്ഞു കിട്ടിയിട്ടുണ്ട് 

ഉടമ
അടയാളങ്ങളുമായി

മൈക്ക് പോയന്റു മായി
ഉടന്‍
ബന്ധപ്പെടെണ്ടതാണ് ...

അല്ലാത്തപ്പക്ഷം
അല്ലാത്തപ്പക്ഷം ...

Wednesday, February 6, 2013


ഹൈക്കു കവിതകള്‍ 

1

വറ്റിയ കിണറില്‍ 

മറ്റൊലിയായി 
കാക്കയുടെ രോദനം

2

ഉഷ്ണക്കാറ്റില്‍

വാടിക്കരഞ്ഞു 
കിനാത്തോട്ടം

3

ചാഞ്ഞു നില്‍ക്കുന്നു 

സാഗരചുംബനം
തേടിയാകാശം


4

ഉള്ളം കയ്യില്‍ 

വിറയ്ക്കുന്നു
കര്‍പ്പൂരനാളം

5

ശലഭമകന്നു .

പൂവിതളില്‍ നിന്നൊരു 
തുള്ളിയശ്രു .

6

പഴുക്കില
വീഴുന്നത് കണ്ടു
പച്ചിലയ്ക്കസൂയ
ഇലകള്‍ 

കഥ മാറി ,


ഞെട്ടറ്റപ്പോള്‍; 
അലസം കാറ്റില്‍
മറിഞ്ഞു മറിഞ്ഞ്,
മഞ്ഞച്ച ഞരമ്പുകളില്‍
ഒരു മൂളിപ്പാട്ട്
ഒളിപ്പിച്ചു വച്ച്
പഴുക്കില
നിര്‍വൃതി കൊണ്ട്
കൂമ്പിയ ഹൃദയം പോലെ
അടര്‍ന്നു വീഴുമ്പോള്‍
പൊടിമണ്ണ്
ആര്‍ത്തിയോടെ
ചുംബിക്കുമ്പോള്‍
ഒരുറുമ്പു വന്നു
പ്രേമപൂര്‍വം
തൊട്ടു നോക്കുമ്പോള്‍

പച്ചില
ഇരുന്നു പതം പറയുന്നു

ഇനിയെത്ര കാലം
കാക്കണം
ഞാനാ മോഹനപദം
പുകുവാന്‍
ഇനിയെത്ര കാലം
സഹിക്കണം
ഞാനീ ദുരിത വേനലിന്‍
ചൂരും ചൂടും പുകയും
ഇതിയെത്ര കാലം
ദാഹിക്കണം
വിശക്കണം
വിസര്‍ജിക്കണം

കാറ്റുലുര്‍ച്ചകള്‍ക്ക്
മഴുക്കൊതികള്‍ക്ക്
കൂര്‍ത്ത നോട്ടങ്ങള്‍ക്ക്
രാപ്പേടികള്‍ക്ക്
ഇരയാകണം ...

അവളത്രെ ഭാഗ്യവതി.

Saturday, February 2, 2013


ഹൈക്കു കവിതകള്‍ 


1

ഇല കൊഴിഞ്ഞ 
ചില്ല തട്ടി ആകാശത്ത് 
ഒരു പോറല്‍

2


ഭയമൊരെലി,
മനമല തുരക്കുന്നു
ഉറങ്ങാന്‍ വയ്യ

3

കനലെന്റെ
നെഞ്ചില്‍ വാരിയിട്ടു 
മടങ്ങി രാത്രി

4

മരുപ്പച്ചയും 
മരിചികയുമില്ലാത്ത
ജീവിതമരുഭൂമി
സുനിശ്ചിതം 

തനിക്ക് 
മുറിച്ചിടാനായി 
ഒരു വാല്,
ഒരു പിടച്ചില്‍
പല്ലി
എല്ലാ സമയത്തും
കരുതുന്നുണ്ട്

ഏതു
സമയത്തും
അത് മുറിച്ചിടുമെന്നു
പൂച്ച
സുനിശ്ചിതം
പ്രതീക്ഷിക്കുന്നുമുണ്ട്

കരുതലുകളും
പ്രതീക്ഷകളും
തമ്മിലുള്ള
ഒരു ഒത്തുതീര്‍പ്പാണ്
ജീവിതം