Sunday, March 24, 2013


ഹൈക്കു കവിതകള്‍ 


ഉടലററതറിയാതെ 
വെള്ളം തേടി 
വേരുകള്‍


വിഷാദം, 
മിഴി പൂട്ടി
പത്രകം


ഇടവഴി,
മെയ്യൊട്ടി 
പൂമ്പാറ്റകള്‍


നട്ടുച്ച 
പെറ്റ് കിടക്കുന്ന 
നഗര വീഥികള്‍
ഒറ്റ വരി കവിതകള്‍ ആര്‍ക്കോ വേണ്ടി പൂവിട്ടു ഞാന്‍


പകലിന് അടുക്കളപ്പുകയുടെ മണം


പാതിയില്‍ നീ നിറുത്തിയ ആ ഗാനം ഇനിയാരു മുഴുമിപ്പിക്കും ?


ഒരക്കം പോലും തെറ്റാതെ നിന്നെ എനിക്ക് ഓര്‍മയുണ്ട്


അടുത്ത ജന്മം ഒരു കുമിളയായി ജനിക്കണേ


ഉടല്‍ പോയതറിയാതെ വേരുകള്‍ വെള്ളം തേടി നടന്നു


ആരെയൊക്കെയോ പേടിച്ചു ഒളിച്ചു നില്പാണ് മഴ


വില്‍ക്കാനുണ്ട് മനസ്സാക്ഷി


കെട്ടിപ്പിടിച്ചുരുകിത്തീര്‍ന്നു രണ്ടു മെഴുകുതിരികള്‍


വേരുകളെ പൊള്ളിച്ചു ഭൂമിക്കടിയിലെ വേനല്‍


വൈകുന്നേരത്തെ കലഹമഴയിലാണ് ദിവസം പലപ്പോഴും ഒലിച്ചുപോകുന്നത്


ചുംബനം ഒരു ബോണ്‍ സായ്‌ മരമാണ്

തെക്കെത്തൊടിയില്‍ നിന്നും നോക്കുമ്പോള്‍ എനിക്ക് നിന്റെ സിന്ദൂരം മാഞ്ഞ നെറ്റി കാണാം


ഞാന്‍ ഉപസംഹരിക്കുന്നു


വേലിയിറക്കം കഴിഞ്ഞിട്ടും ഒരു തിര ഹൃദയത്തില്‍ നിന്നും ഇറങ്ങിപ്പോകുന്നില്ല


തിര കരയെ എന്നല്ലാതെ ഒരു കരയും തിരയെ തേടിയിട്ടില്ലൊരിക്കലും


വിരഹത്തിന്‍ ചുട്ടികുത്തുന്നു കാലം

തളിരിലയില്‍ ഉച്ചവേയിലിന്റെ നഖക്ഷതങ്ങള്‍


ആശയറ്റ്,ചിറകൊടിഞ്ഞ പൂമ്പാറ്റ


വേഴാമ്പലിന്റെ ഉരുക്കമറിയാതെ ,അകലുന്നു മഴമേഘം

രാവിന്നെകാന്തതയില്‍ നിലാവ് മൂളുന്നു ഝില്ലികാ ഗാനം

തല പൂഴ്ത്താന്‍ ഒരു മണല്‍ക്കാട് വേണം

പാലപ്പൂ മണം,നീയിവിടെ അടുത്ത്‌ എങ്ങോ ഉണ്ട്


എത്ര മായ്ച്ചിട്ടും വരക്കാനാവുന്നില്ല നമ്മുടെ ഭൂപടം
ഞാന്‍ ഒരു അപ്പൂപ്പന്താടിയെ പ്രണയിച്ചോട്ടെ ?

അരുത് നാട്ടാളാ..അരുത്

കവിത ഒരു സ്വയം ബലിയാണ്
കല്പ്പാന്തം 

അങ്ങിനെയിരിക്കെയാണ് 
ഒരു സസ്യം ആവണമെന്ന് തോന്നിയത് 

ഒരു വേര് വേണം എന്ന് തോന്നി
പണയം വച്ച
പകലുകളില്‍ നിന്നും
അത് കണ്ടെത്തി

ഒരു തളിര് വേണം എന്ന് തോന്നി
അപ്പോഴാണ്‌
ആകാശം ഇറങ്ങി വന്നത്

ഒരു തണ്ടിനുള്ള മോഹം കനത്തു
സ്വപ്നം
കല്ലിച്ചു കിടന്ന ഒരു നട്ടുച്ചയാണ്
അത് കാണിച്ചു തന്നത്

ഒന്ന് പൂവിട്ടാലെന്ത്?
നിന്റെ കടക്കണ്ണില്‍
ഒരു പൂ കണ്ടു

അങ്ങിനെ വേരോടി
തളിര്‍ത്തു
തണ്ടില്‍
ഇലക്കനം വച്ച്
പൂവിട്ട്
ഒരു സസ്യമായി
ഒരു കല്ലറ വിടവില്‍

ഒരിക്കല്‍ നീയും
എന്നെപ്പോലെ
ഒരു സസ്യമാകണം
ഈ ലോകത്തോട്
അന്ന് നമുക്ക്
ഇലകളുരുമ്മി
ചിരിച്ചു നില്‍ക്കണം

Thursday, March 7, 2013

ഒറ്റവരിക്കവിതകള്‍ 

1
നമുക്ക് ഒറ്റ ആകാശം പോരെ ?

2മത്സ്യകന്യകക്ക് എന്റെ കടലില്‍ സ്ഥലം പോര

3ഇല കൊഴിഞ്ഞ മരത്തോട് ചോദിക്കൂ കാത്തിരിപ്പിന്റെ വേദനയെപ്പറ്റി

4നിന്റെ മുള്ളാണെനിക്കിഷ്ടം

5
ആദമിനെ ഒറ്റക്കാക്കി പിശാചിന്റെ കൂടെ ഒളിച്ചോടി ഹവ്വ

6
കല്ലറയില്‍ ചൊരിഞ്ഞ പൂക്കളാണെന്നെ ഉയിര്‍പ്പിച്ചത്

7
സാക്ഷിക്കൂട്ടില്‍ ഇരുട്ട് മാത്രം

8
ഓരോ പൂച്ചെണ്ടും ഓരോ വേദനകളാണ്

9
ഈ അഗ്നിപര്‍വതം തിരിച്ചെടുത്തു ആ ഹിമശൈലം പകരം തരിക

10
നിലാവിന് ഇപ്പോള്‍ പേടിയാണത്രേ

11
ഞാനൊരു ഒറ്റവരിയല്ല

12
അറ്റു പോയപ്പോള്‍ ഇറ്റുവീഴുന്ന തുള്ളികളാണ് ഉദകം

13
ചില ഞായറാഴ്ച്ചകള്‍ വിണ്ടുകീറിയ പാടം പോലെ

14
നിന്റെ കണ്ണേറ് കൊണ്ടല്ലേ ഞാന്‍ മുറിഞ്ഞു പോയത് ?വന്യം 
കേട്ടതൊക്കെ 
നുണയാണ് 
കാട്ടില്‍ ഒരു സിംഹം ഇല്ല ,
അവിടെ ഒരു രാജാവില്ല ,
കൌശലക്കാരനായ
കുറുക്കന്‍ മന്ത്രിയില്ല ,
ചതിച്ചു വീഴ്ത്തുന്ന
ഇര പിടിയന്മാരില്ല ,
കാട്ടില്‍ വിശപ്പിനു
ഒരര്‍ത്ഥം മാത്രം ,
കാട്ടിലെ നീതിയുടെ
കണ്ണുകള്‍,പുറത്തേക്ക്
തുറന്നു തന്നെയാണ് ..
കാട്ടില്‍ രക്തസാക്ഷികളില്ല ,
വിഴുപ്പു ചുമക്കുന്ന
പ്രതിഷ്ടകള്‍ ഇല്ല,
നാറിത്തുടങ്ങിയ
കൊടികള്‍ ഇല്ല ,
ചങ്ങലകളോ
കാരാഗൃഹങ്ങളോ ഇല്ല ..
കാടിനു ഒറ്റ മുഖം മാത്രം

നാട്ടില്‍ ഇപ്പോഴും
രാജാക്കന്മാരുണ്ട്
രാജാപ്പാര്‍ട്ടിന്
സേവയോതുന്ന
തേവാരങ്ങളുണ്ട്
അന്തപ്പുരങ്ങളില്‍
എന്തൊക്കെയോ
ചീഞ്ഞു നാറുന്നുണ്ട്
തെരുവിലെ പകലില്‍
ചോരയുടെ
പിഞ്ചു ചാലുണ്ട്
രാത്രികളില്‍
ഒറ്റിക്കൊടുക്കലിന്റെ
സിംഹാസനങ്ങള്‍ ഉണ്ട്
കൊലവിളിക്കുന്ന
മുഖം മൂടികള്‍ ഉണ്ട്

കാടിനെ നാടാക്കിയവരേ
നാടിനെ കാടാക്കേണ്ട
കാലം അസ്തമിച്ചിരിക്കുന്നു
ചിന്ത കൊണ്ടെങ്കിലും
വല്ലപ്പോഴുമെങ്കിലും
ഒന്ന് കാട് കയറുക