kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Sunday, April 28, 2013

7:54 AM

ഉഭയം


വേനലിനോപ്പം 
വെന്തു കിടക്കുമ്പോഴും 
മനസ്സ് എവിടെയോ 
മഴ നനയുകയായിരുന്നു ..

തോരാമഴയത്ത്
ഒട്ടിപ്പിടിച്ചു നടക്കുമ്പോഴും
മനസ്സ് വേറെ എവിടെയോ
ഒരു കുടയ്ക്ക് കീഴെ ആയിരുന്നു

ചരടില്‍ കോര്‍ത്ത
പട്ടം ആയിരിക്കുമ്പോഴും
ഏതൊക്കെയോ ആകാശങ്ങളിലൂടെ
കെട്ടഴിഞ്ഞു പറക്കുകയായിരുന്നു

മരുഭൂമിയില്‍
പൊടിക്കാറ്റില്‍ ഉഴറുമ്പോഴും
ഒരു പൂവാടിയില്‍
തണുത്തചാരുബഞ്ചില്‍
ഞാനൊരു പൂവാകുകയായിരുന്നു

ഇവിടെ കൈകോര്‍ത്തു
പിടിചിരിക്കുംപോഴും
എവിടെയൊക്കെയോ നമ്മള്‍
ഊര്‍ന്നു പോകുന്നുണ്ട്

നമ്മളായിരിക്കുംപോഴും
ഞാനും നീയും ആവുന്നുണ്ട്

Monday, April 15, 2013

9:14 AM

വിഷുപ്പിറ്റെന്ന്


വാടിയ കൊന്നപ്പൂക്കള്‍
കുപ്പ ത്തൊട്ടിയിലേക്ക്
ചാടി

ചില്ലറത്തുട്ടുകള്‍
ഒന്ന് ചിലച്ചു
പിന്നെ ബാഗിലേക്ക്
മടങ്ങി

സ്വര്‍ണ മാല
മഞ്ഞചിരിയോടെ
അലമാരയിലേക്ക്

കണ്ണാടി
പതിവുപോലെ
ചുമരിലെ ആണിയിലേക്ക്
കയറി ഇരുന്നു

തേങ്ങാമുറികള്‍
അമ്മിയിലേക്ക്
നിരങ്ങി

കണിവെള്ളരി
അടുക്കളയിലേക്ക്
ഓടി

നിലവിളക്ക്
പിന്നെയും ക്ളാവിനെ
സ്വപ്നം കാണാന്‍
തുടങ്ങി

ഉരുളി പിന്നെയും
ഇരുട്ടിലേക്ക്
കമിഴ്ന്നു ..

Thursday, April 11, 2013

7:52 PM

കടാലാസു വഞ്ചികള്‍


രാവിലെ കരഞ്ഞു വീര്‍ത്ത 
മുഖവുമായി 
ഒരു മേഘമാണ് 
വിളിച്ചുണര്‍ത്തിയത്

ആകാശചരിവുകളില്‍
ആരോരുമില്ലാതെ
അലയുകയാണത്രേ

കണ്‍കോണുകളില്‍
അപ്പോള്‍ ഒരു തുള്ളി
തിളക്കമുണ്ടായിരുന്നു

തലചായക്കാന്‍
ഒരു കാറ്റിന്റെ
ചുമല്‍ കിട്ടാതെ

മയങ്ങാന്‍
ഒരു പര്‍വതത്തിന്റെ
മടിത്തട്ടില്ലാതെ

കൂട്ടിനു
ഒരു മാമരത്തിന്റെ
മാറിടമില്ലാതെ

രാവിലെ കരഞ്ഞു വീര്‍ത്ത
മുഖവുമായി
ഒരു മേഘമാണ്
വിളിച്ചുണര്‍ത്തിയത്

ഒന്ന് കൈ നീട്ടിയപ്പോള്‍
അതിറങ്ങി വരികയായിരുന്നു
അരുമയോടെ
ഇണങ്ങി നില്‍ക്കുകയായിരുന്നു

ഉരുണ്ടുകൂടലിന്റെ
ഘനമൌനത്തിനു ശേഷം
ചാറലുകളുടെ
ജല്പനങ്ങള്‍

ഉയര്‍ന്നും താണും
കലമ്പലുകളുടെ തോരാ മഴയായി
ഒരു മേഘം മുഴുവന്‍
ചുരന്നിരങ്ങുകയായിരുന്നു
അപ്പോഴും
ഒരു കവിതയും
പാടി മുഴുമിക്കാതെ
ഒരു കഥയും
പറഞ്ഞു തീരാതെ
ഒരു ചിത്രവും
വരച്ചു തീരാതെ
വിരലുകള്‍ പോലെ
ഒഴുക്കുകള്‍

ഇപ്പോള്‍ എന്റെ
കടാലാസു വഞ്ചികള്‍ക്ക്
ജീവന്‍ വച്ചിട്ടുണ്ട്

ഒരു മേഘത്തിന്റെ
പുഞ്ചിരി മുഴുവന്‍
കൂട്ടി വച്ച്
പേരറിയാത്തെ
ദിക്കുകള്‍ തേടി
അവ യാത്രയിലാണ്

Friday, April 5, 2013

8:07 PM

അയ്യപ്പ ചരിതം



അയ്യപ്പ ചരിതം 

അയ്യപ്പന്‍റെ അമ്മക്ക് 
നെയ്യപ്പം ചുടാന്‍ അറിയില്ല 
അയ്യപ്പന് അമ്മയില്ല
വീടില്ല 
അടുക്കളയില്ല 
നെയ്യപ്പം കണ്ടിട്ടില്ല
നെയ്യില്ല
മണമില്ല
മധുരം ഇല്ല
ചട്ടിയില്ല
തീയില്ല
വിറകില്ല
ചുടാന്‍ അടുപ്പില്ല

കടലില്ല
വെള്ളമില്ല
തിരയില്ല
തീരമില്ല

കാക്ക അടുത്തെങ്ങും ഇല്ല
കാക്കക്ക് ചിറകില്ല
കൊക്കില്ല
ചരിഞ്ഞു നോട്ടം ഇല്ല
കൊത്താന്‍ ,
കടലില്‍ ഇടാന്‍
പറ്റിയിടുമില്ല

അയ്യപ്പന് പരാതി ഇല്ല
കാരണം
അയ്യപ്പന്‍ തന്നെ ഇല്ല
അ യില്ല
യ്യ ഇല്ല
പ്പ ഇല്ല
ന്‍ ഇല്ല

Wednesday, April 3, 2013

8:03 PM

ഒറ്റവരി കവിതകള്‍

1

അവളാണ്എന്നെ തര്‍ജമ ചെയ്തത്

2

ഒരു സത്രത്തിനും നമ്മളെ തണുപ്പിക്കാന്‍ ആവുന്നില്ലല്ലോ

3

ഇല്ല, വന്നു മൂടാനൊരു ഇരുട്ട് പോലും

4


നോക്കുകുത്തിക്കുണ്ട് നോക്കെത്താ ദൂരത്തോളം ഓര്‍മ
5

മൌനത്തിന്റെ കുന്നിനപ്പുറം കിടപ്പുണ്ട് വാക്കിന്റെ താഴ്വര
7:39 PM

ഹൈക്കു കവിതകള്‍

ഹൈക്കു 


കവിതകള്‍ 


1
വാടിക്കിടപ്പാണ്

സോപാനത്തില്‍ 
അര്‍ച്ചനാപുഷ്പം

2
ദേവിയിറങ്ങിപ്പോയ 
കാവിന്‍നടയിലൊരു 
ഭ്രാന്ത്, കൊട്ടിപ്പാടുന്നു

3
പിന്‍വിളിക്കുന്നു 
പാദസരതാളം
നിലാവഴിയില്‍


4
വഴിയമ്പലം ,
ഉടഞ്ഞൊരു ശംഖ്
പൂപ്പാത്രം

5
തല കുനിച്ചു 
ചുവരില്‍ തൂങ്ങുന്നു 
പാഴ് ഘടികാരം

6
കാറ്റ് തണുക്കുന്നു 
വിദൂരത്തെവിടെയോ 
നീ കരയുന്നുണ്ട്

7
വിരഹം മൂളി 
കാടുമുഴക്കിപ്പക്ഷി
ഇണയെത്തേടി

8
പകല്‍പ്പാതയില്‍ 
ഇരുള്‍രഥം
പതിയെപ്പതിയെ
9
ശീത സത്രം ,
കരിമ്പടത്തിനുള്ളില്‍ 
രണ്ടു ലോകങ്ങള്‍