Sunday, May 12, 2013

ന്യൂനംപേടികള്‍ 
ഗുണനപ്പട്ടിക ചൊല്ലുന്ന 
ഏതോ ഒരു കണക്ക് ക്ലാസ്സില്‍ വച്ചാണ് 
വിനയന്‍ മാഷ്‌ അവനു ന്യൂനം എന്ന് പേരിട്ടത്

എനിക്കുതൊട്ട് ആറാമത്
അവസാന ബഞ്ചില്‍ ഒരു കടലോളം പോന്ന
ചിരിയും തലയാടലുമായി
അവന്‍ അപ്പോഴും പൂത്തു നിന്നിരുന്നു

അവനു അന്നും പൂമ്പാററകളോടും
അനിത തലമുടിയില്‍ തിരുകി വച്ച പൂവിനോട് പോലും
ചോക്കപ്പൊട്ടുകളോടും,
ഗിരിജ ടീച്ചറുടെ സാരിയില്‍ തുന്നി വച്ച
കണ്ണാടിത്തുണ്ടുകളോടും
വര്‍ത്തമാനം പറയാന്‍ അറിയാമായിരുന്നു ..

ചത്തു കിടന്ന ചരിത്രവും
നിറം മങ്ങിയ പൌര ധര്‍മവും
ചരിഞ്ഞു കിടന്ന ഭൂമിശാസ്ത്രവും
കെട്ടുപിണഞ്ഞ കണക്കുകളും
അവനെ ബാധിച്ചതെ ഇല്ല ..
ക്ലാസ്സിലേക്ക് പാറിവരാന്‍ ഒരു തുമ്പി
ഉണ്ടായിരുന്നെങ്കില്‍ അവന്‍
അതിന്റെ ചിറകില്‍ കയറുമായിരുന്നു

പിന്നീടും അവനെ കണ്ടിരുന്നു
കോളേജിലേക്കുള്ള ബസ്സ് പിടിക്കാന്‍ ഓടുമ്പോള്‍
ഉമ്മറത്തിണ്ണയില്‍ അഗാധമായ
ഏതോ ചിന്തയില്‍ ആണ്ട് അവനിരുപ്പുണ്ടായിരുന്നു ..

എതിരെ
ഭാര്യയും കുട്ടികളും
ചാക്ക് നിറയെ പ്രാരാബ്ധങ്ങളുമായി
ധൃതിയില്‍ ബൈക്കില്‍ വരുമ്പോള്‍
ജട പിടിച്ച മുടിയും
കുടുക്കുകള്‍ ഒക്കെ സ്ഥാനം മാറിയ
കീറലുകള്‍ അലങ്കാരമിട്ട ഷര്‍ട്ടുമായി
അപരിചിതമായ ഏതോ ഒരു പാട്ടും പാടി
അവന്‍ വരുന്നത് കണ്ടിരുന്നു ..

ഇന്ന് രാവിലെ
പതിവില്ലാത്ത അപരിചിതത്വത്തോടെ അവന്‍
വന്നു ചോദിച്ചു
ഉണ്ണിക്കുട്ടാ എങ്ങോട്ടാ ?
ഇപ്പോള്‍ എവിടെയാ താമസം ?

നടക്കാനിറങ്ങിയതാണെന്നും
ഇവിടെ തന്നെയാണ് താമസമെന്നും
പറയുന്നതിനിടെ ഞാന്‍ ഓര്‍ത്തു
എന്റെ പേര് ഉണ്ണിക്കുട്ടന്‍ എന്നല്ലല്ലോ ..

എനിക്ക് സംശയമായി
അഥവാ ഞാന്‍ ഉണ്ണിക്കുട്ടന്‍ ആയിരിക്കുമോ ?
ഞാന്‍ ഈ നാട്ടുകാരന്‍ തന്നെ
അല്ലാതായിരിക്കുമോ

ഇപ്പോള്‍ ഭൂതക്കണ്ണാടി വച്ച്
ഞാന്‍ എന്നെ തന്നെ വലുതാക്കി നോക്കുകയാണ്
ഓരോ അംശത്തിലും
ഉണ്ണിക്കുട്ടനെ തിരയുകയാണ് ..
എത്ര ശ്രമിച്ചിട്ടും അഭിമന്യു ആകാനെ പറ്റുന്നുള്ളൂ

Friday, May 10, 2013

ഹൈക്കു കവിതകള്‍


1
കൂട്ടില്‍ 
വാലുച്ചുരുട്ടി 
കിടപ്പൂ മൌനം

2
തീരമടിഞ്ഞ 
ശംഖുതേടി 
തിര പിന്നെയും


3
ചക്രവാളം ,
മൂവന്തിയുടെ 
പേറ്റുനോവ്4
സ്മൃതിപടം
തുറന്നടയുന്ന 
തോണിച്ചാല്


5
ചിതയില്‍ ,
കനലും കാറ്റും
പരിരംഭണം.

ആദ്യമഴകൈ നീട്ടിയപ്പോള്‍ 
അരുമയോടെ 
വന്നു കൊത്തിയ 
വെയില്‍ പാമ്പുകളേ..

മഴയുടെ
നനുത്ത ചുംബനത്തില്‍
ഒലിച്ചുപോകുന്നു

വിഷനീലിമകള്‍
ജ്വരപീഡകള്‍
വിരഹക്കനലുകള്‍

കുറുംകവിതകള്‍1

നീ 
സൂചിയും നൂലുമായി 
അവതരിക്കും വരെ 
ഞാനിങ്ങനെ 
കീറിപ്പറിഞ്ഞു 
തുടരും

2

ഞാറ്റുവേല 
ചതിച്ചു 
ഉത്തരായനം 
കാത്തു കിടന്ന 
ഭീഷ്മര്‍ 
ഒടുവില്‍
കൂര്‍ക്കം വലിച്ചു
കിടന്നുറങ്ങി


3

കെട്ടിടങ്ങളെക്കാള്‍ 
കൂടുതല്‍ 
കേടിടങ്ങള്‍ പെരുകുമ്പോള്‍ 
ഭാരം താങ്ങുവാനാകാതെ 
മഹാ ഭാരതം4

മനസ്സിനെ 
മൂടാന്‍ പാകത്തില്‍ 
ഒരു പര്‍ദ്ദ
കിട്ടിയിരുന്നെങ്കില്‍ .
ഞാന്‍ ഇപ്പോള്‍ഞാന്‍ കൊണ്ട് വരുന്ന 
പച്ചക്കറികളിലേറെയും
ചീഞ്ഞതാനെന്നും 
നോട്ടക്കുറവാനെന്നും പറഞ്ഞു
അവളിപ്പോള്‍ നേരിട്ട്
പച്ചക്കറി വാങ്ങിതുടങ്ങി

മീന്‍ വാങ്ങുന്നതില്‍
തൂക്കക്കുറവ് ആരോപിച്ചു
ഇപ്പോള്‍ മീന്‍കാരനുമായി
അവളാണ് പേശല്‍

ഞാനെടുത്ത തുണികള്‍
കാല്‍ക്കാശിനു കൊള്ളില്ല
ആര്‍ക്കും വേണ്ടാത്ത കീറച്ചരക്ക്

കുട്ടികള്‍ക്ക്
ഞാന്‍ പഠിപ്പിച്ചതോന്നും
പരീക്ഷക്ക്‌ ചോദിക്കുന്നില്ല
ഇപ്പോള്‍ അവളാണ് ചോദ്യം

ഞാന്‍ അടച്ചാല്‍ വാതില്‍ അടയില്ല
ഞാന്‍ തുറന്നാല്‍ വാതില്‍ തുറക്കില്ല
ഞാന്‍ വിളിച്ചാല്‍ ഓട്ടോ വരില്ല ,
ബസ്സിനു കൈകാണിച്ചാല്‍ നിര്‍ത്തുന്നില്ല,
അവളായി ,
ഞാന്‍ വിളിച്ചാല്‍ വേലക്കാരി വരില്ല
പിച്ചക്കാരനെ ഓടിക്കാനറിയില്ല ,
പഴയത് എടുക്കുന്ന തമിഴത്തിയോട്
വിലപേശാന്‍ അറിയില്ല ,
പത്രക്കാരനോടും ,
പാല്‍ക്കാരനോടും
ട്യൂഷന്‍ മാഷോടും
ഉത്സവപിരിവുകരോടും
ചൂടാകാനറിയില്ല ,
ഞാന്‍ ഓടിച്ചാല്‍
വണ്ടിക്കു സ്പീഡ്‌ ഇല്ല ,
കല്യാണ വീട്ടില്‍ ,
മരണവീട്ടില്‍ ,
സ്കൂള്‍ വാര്‍ഷികത്തിന്
അവളായി

എന്റെ ആകാശത്തിന് നിറം പോര
എന്റെ സമുദ്രത്തില്‍ തിരകളില്ല
എന്റെ കാടിന് പച്ചപ്പ് പോര
എന്റെ മണ്ണിനു വളക്കൂറില്ല
എന്റെ നിഘണ്ടുവില്‍ വാക്കില്ല
എന്റെ മരത്തില്‍ പൂവില്ല
എനിക്ക് കാതലില്ല
മുനയില്ല മൂര്‍ച്ചയില്ല
അവളായി..
അവളായി..

ഞാന്‍ ഇപ്പോള്‍ എന്താണെന്നും
ഏതാണെന്നും
എവിടെയാണെന്നും
എത്രയാണെന്നും
എങ്ങിനെയാണെന്നും
ഒരെത്തുംപിടിയും കിട്ടുന്നുമില്ല 

മൌനപ്പുരമൌനത്തിന്റെ 
അസ്ഥിവാരം കീറി 
മൌനം കൊണ്ട് തന്നെ 
അടിത്തറ
മൌനം കൊണ്ട് കട്ടച്ച ചുവര്
മൌനം കൊണ്ട്
വിറുങ്ങലിച്ച മേല്‍ക്കൂര
മൌനം കൊണ്ട്
ശ്വാസം മുട്ടിയ വാതിലുകള്‍
ജനാലകള്‍

മൌനം കൊണ്ട് മുറ്റം
ഒരക്ഷരമുരിയാടാതെ
ചെടികള്‍ പൂവുകള്‍
ചുറ്റും മൌനത്തിന്റെ
മഹാമതില്‍

അതെ
മൌനം കൊണ്ടാണെന്റെ വീട്