kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Sunday, May 12, 2013

ന്യൂനം



പേടികള്‍ 

ഗുണനപ്പട്ടിക ചൊല്ലുന്ന 
ഏതോ ഒരു കണക്ക് ക്ലാസ്സില്‍ വച്ചാണ് 
വിനയന്‍ മാഷ്‌ അവനു ന്യൂനം എന്ന് പേരിട്ടത്

എനിക്കുതൊട്ട് ആറാമത്
അവസാന ബഞ്ചില്‍ ഒരു കടലോളം പോന്ന
ചിരിയും തലയാടലുമായി
അവന്‍ അപ്പോഴും പൂത്തു നിന്നിരുന്നു

അവനു അന്നും പൂമ്പാററകളോടും
അനിത തലമുടിയില്‍ തിരുകി വച്ച പൂവിനോട് പോലും
ചോക്കപ്പൊട്ടുകളോടും,
ഗിരിജ ടീച്ചറുടെ സാരിയില്‍ തുന്നി വച്ച
കണ്ണാടിത്തുണ്ടുകളോടും
വര്‍ത്തമാനം പറയാന്‍ അറിയാമായിരുന്നു ..

ചത്തു കിടന്ന ചരിത്രവും
നിറം മങ്ങിയ പൌര ധര്‍മവും
ചരിഞ്ഞു കിടന്ന ഭൂമിശാസ്ത്രവും
കെട്ടുപിണഞ്ഞ കണക്കുകളും
അവനെ ബാധിച്ചതെ ഇല്ല ..
ക്ലാസ്സിലേക്ക് പാറിവരാന്‍ ഒരു തുമ്പി
ഉണ്ടായിരുന്നെങ്കില്‍ അവന്‍
അതിന്റെ ചിറകില്‍ കയറുമായിരുന്നു

പിന്നീടും അവനെ കണ്ടിരുന്നു
കോളേജിലേക്കുള്ള ബസ്സ് പിടിക്കാന്‍ ഓടുമ്പോള്‍
ഉമ്മറത്തിണ്ണയില്‍ അഗാധമായ
ഏതോ ചിന്തയില്‍ ആണ്ട് അവനിരുപ്പുണ്ടായിരുന്നു ..

എതിരെ
ഭാര്യയും കുട്ടികളും
ചാക്ക് നിറയെ പ്രാരാബ്ധങ്ങളുമായി
ധൃതിയില്‍ ബൈക്കില്‍ വരുമ്പോള്‍
ജട പിടിച്ച മുടിയും
കുടുക്കുകള്‍ ഒക്കെ സ്ഥാനം മാറിയ
കീറലുകള്‍ അലങ്കാരമിട്ട ഷര്‍ട്ടുമായി
അപരിചിതമായ ഏതോ ഒരു പാട്ടും പാടി
അവന്‍ വരുന്നത് കണ്ടിരുന്നു ..

ഇന്ന് രാവിലെ
പതിവില്ലാത്ത അപരിചിതത്വത്തോടെ അവന്‍
വന്നു ചോദിച്ചു
ഉണ്ണിക്കുട്ടാ എങ്ങോട്ടാ ?
ഇപ്പോള്‍ എവിടെയാ താമസം ?

നടക്കാനിറങ്ങിയതാണെന്നും
ഇവിടെ തന്നെയാണ് താമസമെന്നും
പറയുന്നതിനിടെ ഞാന്‍ ഓര്‍ത്തു
എന്റെ പേര് ഉണ്ണിക്കുട്ടന്‍ എന്നല്ലല്ലോ ..

എനിക്ക് സംശയമായി
അഥവാ ഞാന്‍ ഉണ്ണിക്കുട്ടന്‍ ആയിരിക്കുമോ ?
ഞാന്‍ ഈ നാട്ടുകാരന്‍ തന്നെ
അല്ലാതായിരിക്കുമോ

ഇപ്പോള്‍ ഭൂതക്കണ്ണാടി വച്ച്
ഞാന്‍ എന്നെ തന്നെ വലുതാക്കി നോക്കുകയാണ്
ഓരോ അംശത്തിലും
ഉണ്ണിക്കുട്ടനെ തിരയുകയാണ് ..

4 comments:


  1. അഭിമന്യുവിനെ ശരിക്കങ്ങോട്ട് പിടികിട്ടിയില്ല.

    ReplyDelete
  2. ന്യൂനം ആണ് ജീവിതം ഒരുപാട് ന്യൂനങ്ങള്‍

    ReplyDelete
  3. അസ്ഥിസ്ത്വം തേടുന്ന മനുഷ്യൻ .
    ചിലരുടെ സ്വഭാവങ്ങൾ ചിന്തകൾ സാധാരണ മനുഷ്യരിൽ നിന്നും
    വ്യത്യസ്തമായിരിക്കും.... അതുപോലെ തോന്നി കവിതയും

    ReplyDelete
  4. എനിക്ക് അഭിമന്യു ആകാനേ പറ്റുന്നുള്ളൂ ......

    ReplyDelete