Saturday, June 29, 2013

പുഴ വീട് 

ഗേറ്റില്‍ 
കെട്ടിത്തൂക്കിയിട്ടുണ്ട് 
റിവര്‍ വ്യൂ
എന്ന ബോര്‍ഡ്‌ 

മുറ്റത്ത് 
പാകിയ വെള്ളാരം കല്ലുകളില്‍ 
ഒരൊഴുക്കിന്റെ മര്‍മരം

ചുമരില്‍ ,
നിലത്ത് ,
മേല്കൂരയില്‍,
ഒരു പുഴയുടെ കരച്ചില്‍

അടുക്കളയിലേക്ക്
കുളിമുറിയിലേക്ക്
അവളുടെ
ഹൃദയരക്തം
അലച്ചിലായി
കുഴലില്‍ എത്തുന്നു ..

സ്വീകരണ മുറിയില്‍
പതിച്ചു വച്ചിട്ടുണ്ട്
മദാലസയായ
അവളുടെ യൌവ്വനം

എല്ലാ പുഴകളും
ഇപ്പോള്‍ വീടുകളിലാണ് താമസം
ഒരൊ വീടും ഒരൊ കടവിന്റെ
സ്മൃതികുടീരങ്ങള്‍

നമ്മളോ
എല്ലാ വിസര്‍ജ്യങ്ങളും
പുഴയിലേക്ക്
കൊടുത്തയക്കുന്നു

തലയില്‍ മുണ്ടിട്ടും
അല്ലാതെയും
നാട്ടുച്ചക്കും
രാപ്പാതിക്കും
മാറി മാറി ....

No comments:

Post a Comment