Sunday, July 28, 2013

സന്തോഷത്തിന്റെ താക്കോല്‍ 
നിങ്ങളുടെ ഭര്‍ത്താവ്/ഭാര്യ 
ഏതു പ്രായത്തില്‍ ഉള്ളതും
ഏതു നിറത്തില്‍ ഉള്ളതും 
കുടി ഉള്ളതോ ഇല്ലാത്തതോ 
മുടി ഉള്ളതോ ഇല്ലാത്തതോ 
ജോലി ഉള്ളതോ ഇല്ലാത്തതോ 
ധാരാളിയോ പിശുക്കനോ
കഷണ്ടിയോ ,കുടവയറനോ
തടിച്ചതോ മെലിഞ്ഞതോ
പൊങ്ങച്ചം ഉള്ളതോ ഇല്ലാത്തതോ
സ്വപ്നം കാണുന്നതോ അല്ലാത്തതോ
പിന്തിരിപ്പനോ
വിപ്ലവകാരിയോ
രോഗമുള്ളതോ അല്ലാത്തതോ
ഏതുമാകട്ടെ
ഞങ്ങളുടെ ഷോറൂമിലേക്ക്‌ കൊണ്ടുവരു
എക്സ്ചേഞ്ച് ചെയ്തു
പുതുപുത്തന്‍
ഭര്‍ത്താവുമായി /ഭാര്യയുമായി
തിരികെ പോകു ..
വീട്ടില്‍ എത്തിക്കൂ
ആഘോഷങ്ങളെ വരവേല്‍ക്കൂ

സാറ്റലൈറ്റ്‌ നാവിഗേഷന്‍ സിസ്റം
ഹാക്കര്‍ മാരില്‍ നിന്നും
പരിപൂര്‍ണ സംരക്ഷണം
സൌജന്യ ഇന്‍ഷുറന്‍സ്
എക്സ്ചേഞ്ച് ബോണസ്‌
കുറഞ്ഞ ഡൌണ്‍ പെയ്മന്റ്റ്‌
ഉപാധികള്‍ക്ക് വിധേയമായി
നൂറു ശതമാനം വായ്പ
അതും ആയുഷ്കാലത്തെ
പരിധിയില്ലാത്ത വാരന്റിയും
സൌജന്യസ്പോട്ട് സര്‍വീസ്
*വിവാഹ രജിസ്റെരെഷന്‍
സല്കാരം ,
മധുവിധു
പ്രസവ ശുശ്രൂഷ
മരണാനന്തര ചടങ്ങുകള്‍
വൃദ്ധസദനം
ആനുകൂല്യങ്ങളോടും കൂടി

*വിലക്കിഴിവില്‍
നിങ്ങളുടെ ഇഷ്ടങ്ങളെ
തിരഞ്ഞെടുത്തു ആഘോഷിക്കൂ
ബുക്കിങ്ങിനു മേല്‍
ഒരു പവന്‍ സ്വര്‍ണ നാണയം
ഉറപ്പുള്ള സമ്മാനം
സ്ക്രാച് ആന്‍ഡ്‌ വിന്‍ പദ്ധതിയിലൂടെ
നേടൂ ബമ്പര്‍ സമ്മാനങ്ങള്‍
ഉടന്‍ കടന്നു വരൂ
പരിമിതകാല മണ്‍സൂണ്‍ഓഫര്‍
ആദ്യം എത്തുന്ന പത്ത് പേരെ
കാത്തിരിക്കുന്നു
സവിശേഷ ഉപഹാരങ്ങള്‍

കൂടാതെ
ഞങ്ങളുടെ ഷോ റൂമില്‍
ഞങ്ങളുടെ എഞ്ചിനീയര്‍മാര്‍
ശരിപ്പെടുത്തി എടുത്ത
പുത്തനെ വെല്ലുന്ന
പ്രായത്തെ മറച്ച
സെക്കന്റ് ഹാന്‍ഡ്‌
ഭര്‍ത്താവ് /ഭാര്യമാരുടെ
വിപുലമായ ശേഖരം
മെമ്മറി ഫോര്‍ മാറ്റ്
ചെയ്തു കൊടുക്കപ്പെടും
റിമോട്ട് ഘടിപ്പിച്ചു നല്‍കും

അതിരുകളില്ലാത്ത,
നിങ്ങളുടെ ലോകം
കാട്ടിക്കൊടുക്കുന്നതിനുള്ള
തികവുററ ഒരു മാര്‍ഗം
-------------------------------

*ഉപാധികള്‍ക്ക് വിധേയം
*ആഡംബര നികുതികള്‍ പുറമേ

Friday, July 19, 2013

കച്ചോടം 

ജീവിതം ഇപ്പോള്‍ 
ഒരു സ്ഥാപനം പോലെയാണ് 
സമയാസമയം
ഉത്തരവാദിത്തങ്ങളുടെ ലൈസെന്‍സ്പുതുക്കണം 
വര്‍ഷാവര്‍ഷം സ്വപ്നങ്ങളുടെ പുറത്തെ
പായലും പൂപ്പലും തൂത്ത്
മോടിയാക്കണം
സ്നേഹത്തിന്റെ
പിഴപ്പലിശയടക്കം
നികുതികള്‍ അടച്ചു തീര്‍ക്കണം
ജീവനക്കാര്‍ക്ക് വേതനം കൊടുക്കണം
കടപ്പാടിന്
ആണ്ടറുതികള്‍ക്ക് ബോണസ്‌ കൊടുക്കണം
തലതെറിച്ച
സമരക്കാരെ നേരിടണം
പിച്ചക്കാരെ
പിരിവുകാരെ
പറഞ്ഞു വിടണം
മിരട്ടുകാര്‍ക്ക്
കൈമടക്കണം
അഭ്യുദയക്കാര്‍ക്ക്
പരസ്യം കൊടുക്കണം
നേരത്തിനു തുറക്കണം
അടിച്ചു വാരണം
പഴുതില്ലാതെ
അടയ്ക്കണം
വാടക മുടക്കരുത്
ഉടമയോട് ഉടക്കരുത്
വഴിയാധാരമായിപ്പോകും
പിണക്കങ്ങള്‍ക്ക്
ഇടയ്ക്കിടെ ഓഫറുകള്‍ പ്രഖ്യാപിക്കണം
ഇണക്കങ്ങള്‍ക്ക്
സമ്മാനപദ്ധതികള്‍ തന്നെ വേണ്ടി വരും
ഉടമ്പടികളും ,
പ്രായ പരിധിക്ക്
പിരിഞ്ഞു പോവുന്നവര്‍ക്ക് പെന്‍ഷന്‍
നിരുപാധികം പോകുന്നവര്‍ക്ക്
ലോഭമില്ലാതെ പ്രശംസ
അറിയാതെ വന്നു
ചേരുന്നവര്‍ക്ക് പ്രലോഭനം
പൊതിഞ്ഞു നല്‍കണം
പ്രണയം (ഉണ്ടെങ്കില്‍ )
കൃത്യസമയത്ത് കണ്ണീരിന്റെ
പറ്റുപടി തീര്‍ക്കണം
തിരഞ്ഞു വരാന്‍ ഇട കൊടുക്കരുത്

മുതല്‍ മുടക്കില്‍
പങ്കാളികള്‍ ഉണ്ടെങ്കില്‍
ഇടവും വലവും കണ്ണുവേണം
കണക്ക് പുസ്തകത്തില്‍
എപ്പോഴും ലാഭം മറച്ചു
നഷ്ടം കാണിക്കണം
അതാണ്‌ പങ്കിടാന്‍ നല്ലത്
പഴയ കണക്ക് പുസ്തകങ്ങള്‍
സൂക്ഷിച്ചു വക്കാതെ തീയിടണം
ചാരം പോലും ബാക്കിവക്കാതെ

ജീവിതം ഒരു കച്ചവടം ആണ്
ഉണ്ടാക്കുന്നവനും
വാങ്ങുന്നവനും
വില്‍ക്കുന്നവനും
ഇടനിലക്കാരനും
ഉപയോഗിക്കുന്നവനും
ഒക്കെ ചിലപ്പോള്‍ ഒരാള്‍ തന്നെ
ആയിപ്പോകുന്ന
അവനവനോടുള്ള
കൂട്ടുകച്ചോടം 
ഇടവഴിയിലൂടെ 


പോക്കുവരവിനു 
വീതി കുറഞ്ഞ മഴക്കാലത്ത്
അടച്ചു കെട്ടിയ ഇല്ലിവേലിയില്‍
നീലക്കണ്ണില്‍ ഒരു തുള്ളിയുമായി
നിന്ന ശംഖുപുഷ്പം
അക്ഷതവും ,എള്ളും തീര്‍ഥവും
പവിത്രമോതിരവും നാക്കിലയും
ഒഴുക്കിവിട്ടുള്ള ഈറന്‍ വരവ്
കൊലുസിന്റെ താളം
കോന്തലയിലെ മധുരം
നെറ്റിയില്‍ ചോരച്ചാലുള്ള കോമരം
ആനച്ചങ്ങലയുടെ കിലുക്കം
ഇടവഴികള്‍ പിന്‍വിളിക്കുന്നുണ്ട്
വീതി കൂടിയിട്ടും വല്ലാതെ
ഇടുങ്ങിപ്പോയ ജീവിതപാതയില്‍

നിലപ്പുകള്‍

നിലപ്പുകള്‍ 

കടുത്തു പെയ്തു കൊണ്ടിരിക്കെ 
പെട്ടെന്ന് നിലച്ചു പോകുന്ന
മഴ 
ഉച്ചസ്ഥായിയില്‍ മുഴങ്ങിയിരിക്കവേ
മൗനമായിപ്പോയ
സംഗീതം
പുഞ്ചിരിച്ചു നിന്ന് കൊണ്ട്
ഞെട്ടറ്റു വീണ
പുഷ്പം
തെളിഞ്ഞു കത്തുമ്പോള്‍
കെട്ടുപോയ
വഴിവിളക്കുകള്‍
മുറുകിയ ചുവടുകള്‍ക്കിടയില്‍
നിശ്ചലമായിപ്പോയ
നൃത്തം
അന്തമില്ലാത്ത ആഘോഷങ്ങള്‍ക്ക് ശേഷം
പെട്ടെന്ന് കൈവീശിപ്പോകുന്ന
മഴവില്ലുകള്‍
മദംപോട്ടിയോഴുകവേ
അണയിലോടുങ്ങിപ്പോയ
കാട്ടാറ്
ഇലയനക്കം പോലും ബാക്കിവക്കാതെ
എവിടെയോ പതുങ്ങിപ്പോയ
കാറ്റ്
ഇനിയുമേറെ ഉപമിക്കുവാന്‍
പ്രണയമേ
ജീവിതമേ
നീ എന്നിലത്രത്തോളം
ബാക്കിയില്ലല്ലോ

Wednesday, July 10, 2013

ദേശാടനം

ദേശാടനം 

ചിറകടിച്ചുയരുമ്പോഴും
വേര്‍പെടുന്നില്ലീ ഭൂവിന്‍ 
സാന്ത്വന സ്പര്ശങ്ങള്‍,
ദേശാടനക്കിളികള്‍ നാം ..

ദൂരെയേതോ ചക്രവാളങ്ങള്‍
മാടി വിളിക്കുമ്പോഴും
വിട്ടുപോകാനാകുന്നില്ലീ
ഭൂവിന്‍ ഹരിതവീചികള്‍ ,

വേവുന്ന ചൂടില്‍ നിന്നോരിത്തിരി
കുളിരിന്റെ ലോലമാം തണലുകള്‍,
കറുക്കും കാലത്തിന്റെ
നാടകമിരതേടലുകള്‍,

കൊത്തിപ്പെറുക്കിയ വിശപ്പുകള്‍ ,
ചേക്കേറിയ അന്തികള്‍ ,
കൊക്കുരുമ്മി നാമിരുന്ന ചില്ലകള്‍,
പാടിയ പാട്ടുകള്‍..

ചിറകടിച്ചുയരുമ്പോഴും
പിന്‍വിളിയുമായെത്തുന്നു
കണ്ണീരോടൊരു പാടം,
അരുവികള്‍, കാടുകള്‍ ..

എങ്കിലും പോകാതെ വയ്യ ..
പോകാതെ വയ്യ ..
ദേശാടനക്കിളികള്‍ നാം ..
ദേശാടനക്കിളികള്‍ നാം ..