kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Friday, July 19, 2013

കച്ചോടം

കച്ചോടം 

ജീവിതം ഇപ്പോള്‍ 
ഒരു സ്ഥാപനം പോലെയാണ് 
സമയാസമയം
ഉത്തരവാദിത്തങ്ങളുടെ ലൈസെന്‍സ്പുതുക്കണം 
വര്‍ഷാവര്‍ഷം സ്വപ്നങ്ങളുടെ പുറത്തെ
പായലും പൂപ്പലും തൂത്ത്
മോടിയാക്കണം
സ്നേഹത്തിന്റെ
പിഴപ്പലിശയടക്കം
നികുതികള്‍ അടച്ചു തീര്‍ക്കണം
ജീവനക്കാര്‍ക്ക് വേതനം കൊടുക്കണം
കടപ്പാടിന്
ആണ്ടറുതികള്‍ക്ക് ബോണസ്‌ കൊടുക്കണം
തലതെറിച്ച
സമരക്കാരെ നേരിടണം
പിച്ചക്കാരെ
പിരിവുകാരെ
പറഞ്ഞു വിടണം
മിരട്ടുകാര്‍ക്ക്
കൈമടക്കണം
അഭ്യുദയക്കാര്‍ക്ക്
പരസ്യം കൊടുക്കണം
നേരത്തിനു തുറക്കണം
അടിച്ചു വാരണം
പഴുതില്ലാതെ
അടയ്ക്കണം
വാടക മുടക്കരുത്
ഉടമയോട് ഉടക്കരുത്
വഴിയാധാരമായിപ്പോകും
പിണക്കങ്ങള്‍ക്ക്
ഇടയ്ക്കിടെ ഓഫറുകള്‍ പ്രഖ്യാപിക്കണം
ഇണക്കങ്ങള്‍ക്ക്
സമ്മാനപദ്ധതികള്‍ തന്നെ വേണ്ടി വരും
ഉടമ്പടികളും ,
പ്രായ പരിധിക്ക്
പിരിഞ്ഞു പോവുന്നവര്‍ക്ക് പെന്‍ഷന്‍
നിരുപാധികം പോകുന്നവര്‍ക്ക്
ലോഭമില്ലാതെ പ്രശംസ
അറിയാതെ വന്നു
ചേരുന്നവര്‍ക്ക് പ്രലോഭനം
പൊതിഞ്ഞു നല്‍കണം
പ്രണയം (ഉണ്ടെങ്കില്‍ )
കൃത്യസമയത്ത് കണ്ണീരിന്റെ
പറ്റുപടി തീര്‍ക്കണം
തിരഞ്ഞു വരാന്‍ ഇട കൊടുക്കരുത്

മുതല്‍ മുടക്കില്‍
പങ്കാളികള്‍ ഉണ്ടെങ്കില്‍
ഇടവും വലവും കണ്ണുവേണം
കണക്ക് പുസ്തകത്തില്‍
എപ്പോഴും ലാഭം മറച്ചു
നഷ്ടം കാണിക്കണം
അതാണ്‌ പങ്കിടാന്‍ നല്ലത്
പഴയ കണക്ക് പുസ്തകങ്ങള്‍
സൂക്ഷിച്ചു വക്കാതെ തീയിടണം
ചാരം പോലും ബാക്കിവക്കാതെ

ജീവിതം ഒരു കച്ചവടം ആണ്
ഉണ്ടാക്കുന്നവനും
വാങ്ങുന്നവനും
വില്‍ക്കുന്നവനും
ഇടനിലക്കാരനും
ഉപയോഗിക്കുന്നവനും
ഒക്കെ ചിലപ്പോള്‍ ഒരാള്‍ തന്നെ
ആയിപ്പോകുന്ന
അവനവനോടുള്ള
കൂട്ടുകച്ചോടം 

3 comments:

  1. അതെ ഒരു രീതിയില്‍ പറഞ്ഞാല്‍ യാന്ത്രികം...

    ReplyDelete
    Replies
    1. അതി യാന്ത്രികമായിപ്പോകുന്നു ചിലപ്പോള്‍ ഒക്കെ .നല്ല വായനക്ക് നന്ദി അനീഷ്‌

      Delete
  2. It is very interesting.
    Jeevitham oru chumataanu. ath irakkiyaale visramam kittoo. ath matoraalkk kotuth jeevikkunnavan mitukkanaakunnu,panaththinaanenkil budhisaali. allaathavarokke 'GARDHABHAM' chumakkunna.............

    ReplyDelete