Thursday, September 19, 2013

ഉള്‍ച്ചുഴികള്‍

മനസ്സില്‍ ഒരു കുഴിമാടം 
സൂക്ഷിക്കുന്ന
നിര്‍ഭാഗ്യവാന്‍മാരുണ്ട്
ദിനാദിനം ചത്ത 
സ്വപ്നങ്ങളെ 
ഉടഞ്ഞു പോകുന്ന വിഗ്രഹങ്ങളെ
ചീഞ്ഞ മുദ്രാവാക്യങ്ങളെ 
അപ്പപ്പോള്‍ കുഴിച്ചുമൂടാന്‍ ,
കെണി വച്ച് പിടിച്ച
ചില പ്രണയങ്ങളെ
ജീവനോടെ തന്നെ ,
കടപ്പാടുകളെ കൊന്നതിനു ശേഷം ,
രക്ത സാക്ഷികള്‍ ആയി മാറുന്ന
അടുത്ത സൌഹൃദങ്ങളെ
ചെമ്പനിനീര്‍ പൂക്കളോടെ ,
വീര ചരമങ്ങളെ
ഔദ്യോഗിക ബഹുമതികളോടെ
അപ്പപ്പോള്‍ കുഴിച്ചുമൂടാന്‍ ,
ഓരോ മറവു ചെയ്യലുകളും
ഇവര്‍ക്ക് കണ്ണീരാണ്

കുഴിമാടങ്ങളില്‍
മനസ്സ് സൂക്ഷിക്കുന്നവര്‍
ഭാഗ്യവാന്‍മാരാണ്
ഒരിറ്റു കുറ്റബോധവും കൂടാതെ
അവര്‍ ഏതു പിതൃത്വവും
മാറ്റിപ്പറയും
കുമ്പസാരക്കൂടുകള്‍
ഇവരുടെ വായനാറ്റം കൊണ്ട്
പൊറുതി മുട്ടും
ആരെയും എപ്പോഴും ഒറ്റിക്കൊടുക്കും
ഇരയുടെ പിറകെ കുതിക്കുന്ന
മൃഗവേഗത്തിന്റെ ഇരമ്പം
നാവില്‍ നിന്നും ഒഴുകുന്ന കൊതി

ചില നേരങ്ങളില്‍
ഇത് രണ്ടും ആയിപ്പോകുന്നതാണ്
ഇന്നെന്റെ സ്വകാര്യ ദുഃഖം
ചിരി 

പ്രണയാധിക്യത്തിന്റെ
ഏതോ 
ചാരിക്കിടന്ന നിമിഷത്തില്‍ 
ഞാന്‍ 
അവളോട്‌ പറഞ്ഞു 

പെണ്ണെ നീ എന്റെ ടൈംപീസല്ലേ .?

സൂചികളെല്ലാം നിശ്ചലമാക്കി 
ലോകത്തെ 
ഒറ്റനോട്ടത്തില്‍ തളച്ചിട്ട്
അവളൊന്നു ചിരിച്ചു
സമയത്തിന്റെ ചിരി .


പൂതികള്‍ 

ചിലപ്പോഴൊക്കെ 
ഞാന്‍ 
ഒരു പൂത്തിരി ആകാറുണ്ട് 

അപ്പോളൊക്കെ കൊതിച്ചിട്ടുണ്ട് 

നീ ഒന്ന് വന്നു 
എന്നെ ഒന്ന് കത്തിച്ചിരുന്നെങ്കിലെന്ന്

നിന്റെ കണ്ണിലെ
ആ തിളക്കങ്ങളില്‍
ചുണ്ടിലെ ആ ചിരിയില്‍
ശബ്ദത്തിലെ ആഹ്ലാദത്തില്‍
തണുത്ത വിരലുകളില്‍

എനിക്ക്
സാവധാനം
മരിച്ചു പോകാമായിരുന്നു
ഏട്ടന്‍ 

നിനക്ക് പിമ്പേ 
ജനിക്കെണ്ടിവന്നതിനാല്‍ 
ഒരു നല്ല കുപ്പായം 
എനിക്ക് കിട്ടിയിട്ടില്ല 
നീ ഇട്ടു പിഞ്ഞിയ 
വിഴുപ്പുകള്‍ 
നീ ഇട്ടു തേഞ്ഞ 
ചെരിപ്പുകള്‍ 
നീ ചീന്തിപ്പറിച്ച
പുസ്തകങ്ങള്‍

നീ ഉരുട്ടി ചക്രം തേഞ്ഞ
കളിപ്പാട്ടങ്ങള്‍
നീ തെളിച്ച വഴി
നീ കലക്കിയ നിറങ്ങള്‍

നിന്റെ പാട്ട്
നിന്റെ കളി
നിന്റെ കുരുത്തക്കേടുകള്‍ പോലും

എവിടെയും പിന്തുടരുന്ന
ചാരക്കണ്ണ്
എപ്പോഴും ചാടിവീഴാവുന്ന
വടിച്ചെത്തം

നിനക്ക് പിമ്പേ
ജനിക്കെണ്ടിവന്നതിനാല്‍
എനിക്കിന്നും
ഞാനാകാന്‍ പറ്റിയിട്ടില്ല


എലി
-----
ജനനം 
ഒരു കെണി
ജീവിതം 
ഇര,
മരണം 
അതുറപ്പാണ്

അപ്പോള്‍ പിന്നെ 
അതുവരെ ജീവിതം 
കരണ്ട് കരണ്ടിങ്ങിനെ ...
നീറോ
------
റോം 
ഏതാണ്ട് 
കത്തിയെരിഞ്ഞു തുടങി 
ഇനി 
ഒരു വീണ വേണം 
മതിവരും 
വരെ വായിക്കാന്‍
ചില ഹൈക്കു നിരാശകള്‍

1
ഓണപ്പൂക്കളം,
നെടുവീര്‍പ്പിട്ടു ചുറ്റി 
കരിവണ്ട്.

2
കൂട്ടിലിണ,
ചിറകടിച്ചൊരു
കിളി ചുറ്റിലും .

3
ഉറവ വറ്റി
പിടഞ്ഞു തീരുന്നു
മീന്‍ കണ്ണ് .

4
വസന്തഗീതം
നെഞ്ചിലൊളിപ്പിച്ചു
ഉഷ്ണക്കാറ്റ്

5

ഞെട്ടറുംമുമ്പ്
ഒന്നുകൂടെയൊട്ടി
പൂവും ചെടിയും

6

ചീമ്പിയടഞ്ഞ
തൊട്ടാവാടിയിലക്ക്
കാറ്റിന്നുമ്മ
ഹൈക്കു കവിതകള്‍1
നാഴികമണി 
ഞെട്ടിയുണര്‍ന്ന സ്വപ്നം 
കണ്ണ് തിരുമ്പി 

2
പൂവുണ്ടു,
ശലഭത്തില്‍ നിന്നും 
പ്രണയമധു

3
കൈവെള്ള,
ഇരുന്നു തേങ്ങി
ആലിപ്പഴം

4
മഴ തൊട്ടു
തടാകക്കവിളില്‍
നുണക്കുഴി

5
കടലാഴത്തില്‍
തപസിലൊരു
നങ്കൂരം

6
നടുക്കടല്‍
മദിച്ചു പൊങ്ങുന്നു
മത്സ്യകന്യക

7
നൂപുരധ്വനി
വീര്‍പ്പടക്കി
ഏണിപ്പടികള്‍

8
ജാലകച്ചില്ലില്‍
തലതല്ലിച്ചാകുന്നു
ഒറ്റക്കുരുവി

9
തോട്ടുവെള്ളത്തില്‍
ചിത്രം വരച്ച്
പുല്‍ത്തല

10

പരല്‍മീന്‍
തേടുന്നതിണയോ
ഇരയോ ?
അടുക്കളയിലെ ദൈവം 
അമ്പലത്തില്‍ പോകണം എന്ന് മകള്‍ .അടുക്കളയില്‍ നൂറു കൂട്ടം പണി ഉണ്ടെന്നു അമ്മ
അപ്പോളാണ് മകള്‍ തികച്ചും ചരിത്രപരമായ ഒരു സംശയം ഉന്നയിച്ചത് .
അമ്മയ്ക്ക്ദൈവം ആണോ അടുക്കള ആണോ വലുത് ?
ദൈവം എവിടേക്കും പോകില്ല നാളെയും കാണാം ആരെങ്കിലും ഇന്നു കേറിവന്നു അടുക്കള കിടക്കുന്നത് കണ്ടാല്‍ തനിക്കാണ് നാണക്കേട് എന്ന് ഭൂമിശാസ്ത്രപരമായി ഉത്തരം 
ഒരച്ഛന്‍റെപൌരധര്‍മം പാലിച്ചു ഞാന്‍ മൗനിയായിഅതല്ലേ കുടുംബത്തിന്റെ രാഷ്ട്രതന്ത്രം