Saturday, October 26, 2013

കിനാക്കടവ് 
രാവിലെ 
ഒരു പുഞ്ചിരിക്കു കാത്തു 
ഉണ്ടായില്ല 

ഉച്ചക്ക് ഒരു നോട്ടം കാത്തു 
കിട്ടിയില്ല 

വൈകിട്ട് 
ഒരു കൈവീശല്‍ ,
ഒരു കടാക്ഷം, കാത്തു
സംഭവിച്ചില്ല

ഇനി
സ്വപ്നത്തില്‍
ഓര്‍മകള്‍ക്ക്
ബലിയിടാന്‍ നീ
കുളിച്ചു ഈറനുടുത്തു
വരുമായിരിക്കും

Friday, October 25, 2013

കടലുള്ളം

തീരത്ത് എവിടെയോ 
ഇട്ടേച്ചു പോയ 
ശംഖിനെ അറിയുമോ എന്ന് 
കടലിനോട് കുറെ 
പ്രാവശ്യം ചോദിച്ചതായിരുന്നു 

അറിയില്ല ഞാന്‍  ശൂന്യമാണ് 
ഉത്തരം പറയാന്‍ കഴിയുന്നില്ല
എന്നൊക്കെ മറുപടി

ഇന്ന് ചോദിച്ചപ്പോള്‍ ഇതാ
നിറഞ്ഞു ചിരിച്ചു
ഉപ്പ് നിറഞ്ഞ ഒരു നോട്ടം നോക്കി
ഒരു തിരപ്പുറത്ത് കയറി
ഒറ്റപ്പോക്ക്

ഞാനറിയാത്ത
കടലുള്ളം
ഞാന്‍ 

മൂന്നിലയും 
നാലിതളുമായി 
വിരിഞ്ഞ്
പച്ചപ്പിന്റെ 
തകിടിയായി 
എവിടെയൊക്കെയോ ഉണ്ട് .
ഉണങ്ങും തോറും
മുളച്ചു പടര്‍ന്ന്
അവിടിവിടെ പറ്റിപ്പിടിച്ച്..

പേടിക്കു പേടിക്ക്
ഇടം വലം നോക്കി
കാതു കൂര്‍പ്പിച്ചു
കിനാവിന്റെ പുല്ലു തിന്നുന്ന
എന്തൊക്കെയോ
എവിടെയൊക്കെയോ ഉണ്ട് ..

പച്ച മാംസത്തോട്,
ഇളയതിനോടും
കൊഴുത്തതിനോടും
വിശക്കുന്ന ചില
ഹിംസ്ര കോശങ്ങള്‍
എവിടെയൊക്കെയോ ഉണ്ട്
കൊതിയിറ്റുന്ന നാവും നീട്ടി
വേട്ടക്കിറങ്ങുന്നവ ..

ചത്തതിനെ ഒക്കെയും
ബാക്കി വയ്ക്കാതെ
തിന്നു തീര്‍ക്കുന്ന
ചിതലുകള്‍
എവിടെയൊക്കെയോ ഉണ്ട് ..

ഞാന്‍ ഒരു
ആവാസ വ്യവസ്ഥയാണ്
വീണ്ടും ചില ഒറ്റവരികള്‍ *എങ്ങോ മഴയുടെ മണം...കാറ്റിനോടൊരു മരം


*കാടിളക്കം, ഇണമാന്‍കണ്ണില്‍പേടിത്തിര


*നിന്റെ തിരയടങ്ങാന്‍ കാത്തു നിന്ന് കെട്ടു പോയെന്റെ സൂര്യന്‍

*നിഴലിനു നിലാവിനോടാണ് വിശപ്പ്‌

*പ്യൂപ്പയിലേക്ക് തിരിച്ചു പോകാന്‍ വെമ്പി ശലഭം

*കരഞ്ഞിട്ടും കരഞ്ഞിട്ടും തീരുന്നില്ലല്ലോ കാമം


*ഈ നിശബ്ദത കൊണ്ടാവണം പകലും രാത്രിയും ഇങ്ങിനെ അകന്നുപോയത്


*ഞാന്‍ ഒരു ആവാസവ്യവസ്ഥയാണ്*മുഴച്ചു നിന്നാലും വേണ്ടില്ല ,ഒന്ന് ഏച്ചു കെട്ടുകയെന്കിലും ചെയ്തിരുന്നെങ്കില്‍ .


Tuesday, October 15, 2013


ഒറ്റവരികള്‍ *പൂ തന്നു തുടങ്ങി ,മുള്ളില്‍ ഒടുങ്ങി
*മനസ്സ്,കൂട് മറന്ന കിളി


*എന്റെ മരുഭൂമി നിറയെ നിന്റെ മൗനം


*മനസ്സിലൊരു ചാലായി നിന്റെ മൂര്‍ച്ച


*ഓരോ നിമിഷവും ഓരോ നരകമാണ്


*ഈ ജന്മത്തെ മഹത് പ്രതിമകള്‍ വരും ജന്മത്തിലെ കാക്കകള്‍


*പാലമരത്തിലേക്ക് കുടിയേറി ,പ്രണയം


*നിനക്ക് വേണ്ടെങ്കില്‍ പിന്നെ എന്നെ എനിക്കും വേണ്ട 

Monday, October 14, 2013

                 കുറുംകവിതകള്‍ 

നരകം 

ഈ നരകം 
അത്ര മോശമുള്ള 
സ്ഥലമല്ല കെട്ടോ,
മോന്തയും വീര്‍പ്പിചിരിക്കുന്ന 
എത്രയെത്ര
സന്തോഷങ്ങളാണ് 
ഇവിടെയെന്നോ ?


വോട്ട്

അങ്ങിനെ 
എണ്ണിക്കഴിഞ്ഞപ്പോള്‍ 
പ്രണയത്തിന്റെ 
ചിഹ്നത്തില്‍ മത്സരിച്ച 
സ്ഥാനാര്‍ഥിക്ക്
കിട്ടിയതോക്കെയും
നിഷേധവോട്ട്

നമുക്കിടയില്‍ 

സൌഹൃദമേ 
നീ യാത്ര പറയാതെ പിരിഞ്ഞുപോയത് നന്നായി അല്ലെങ്കില്‍ പുഞ്ചിരികളെക്കാള്‍ തേങ്ങലുകളാകുംനമുക്കിടയില്‍ ഓര്മിക്കപ്പെടുക


കാലം
എന്ത് കൊണ്ട് 
പേക്കിനാവുകള്‍ 
പേടി കൊണ്ട് 
മുക്കി കൊല്ലുന്നതുവരെ 
നീണ്ടു പോകുകയും 
സുന്ദര സ്വപ്നങ്ങള്‍ 
വേഗത്തില്‍ തീര്‍ന്നു 
പോകുകയും ചെയ്യുന്നു ?

അലാറമേ 
നിനക്ക് നിലവിളിക്കാനെ
സാധിക്കൂ
ഒരിക്കലും ഉണര്ത്താനാവുന്നില്ല

വെറുതെ 

വഴിയാത്രക്കാരാ 
വെറുതെ 
കാത്തിരിക്കണ്ട 

ഈ വഴി ഇനി വണ്ടിയില്ല 
കല്ലും മുള്ളും നിറഞ്ഞ 
നിന്റെ കാട്ടുവഴി വിട്ടു 
അവാനത്തെ വണ്ടി 
കുറുക്കു വഴി തേടിപ്പോകുന്നത്
ഞാന്‍ കണ്ടതാണ്

വഴിയാത്രക്കാരാ
വെറുതെ
കാത്തിരിക്കണ്ട

ഈ വഴി ഇനി വെളിച്ചമില്ല
കവിതയുടെ നീറല്‍ നിറഞ്ഞ
നിന്റെ കനല്‍ വഴി വിട്ടു
അവസാനത്തെ തെരുവിളക്കും
കണ്ണ് ചിമ്മിയത്
ഞാന്‍ കണ്ടതാണ്

വഴിയാത്രക്കാരാ
വെറുതെ
കാത്തിരിക്കണ്ട
കൂട്

ആദ്യം 
ഒരു മൈനയായിരുന്നു ,
നല്ല പാട്ടായിരുന്നു 
ഇടി വെട്ടിയ 
രാത്രിയില്‍ 
അത് ചത്തു പോയി 

പിന്നെക്കിട്ടിയത്
തത്തയായിരുന്നു
കൊഞ്ചിച്ചു കൊഞ്ചിച്ചു
ഊട്ടിയും ഉറക്കിയും
നോക്കിയതായിരുന്നു
ഒരുച്ചക്ക്
വാതില്‍ ഒരു നിമിഷം
അടയ്കാന്‍ മറന്നപ്പോള്‍
അത് തിരിഞ്ഞു നോക്കാതെ
പാറിപ്പോയി

ഇപ്പോള്‍ കൂട്
കാലിയാണ്

രാവേറുമ്പോള്‍
ഒരു നത്ത് വന്ന്
മൗനമായി
മിഴിച്ചിരിക്കാറുണ്ട്
തലതിരിഞ്ഞ ഏതോ വവ്വാല്‍
വന്നു പോകാറുണ്ട്

അഴികള്‍ ഒക്കെ
തുരുമ്പിച്ചിട്ടുണ്ട്
നിറമടര്‍ന്ന്,കണ്ടാല്‍
ഒരു പേക്കിനാവ് പോലെ

മറവികള്‍ പെറുക്കി നടക്കുന്ന
ആര്‍ക്കെങ്കിലും
കൊടുക്കണം
നാളെയാകട്ടെ .

റിപ്പബ്ലിക്കന്‍ കൂട് 


ഒരു
ദൈവത്തിന്റെയും
വാഹനമായില്ല

ഒരു
മതത്തിലും പെട്ട
വിശുദ്ധനായില്ല

ഒരുത്തന്റെയും
ഒരുത്തിയുടെയും
ഓമനയായില്ല
ഒരു വേദപുസ്തകത്തിലും
പ്രകീര്‍ത്തിക്കപ്പെട്ടില്ല

ഒരു രാജ്യത്തിന്റെയും
ദേശീയ പക്ഷിയായില്ല
ഒരിടത്തും സ്മാരകമില്ല

എല്ലാ കഥകളിലും
ചതിക്കപ്പെട്ടു
ഒരു കാവ്യത്തിലും
ഇടനിലക്കാരനായില്ല
ഒരു കൊടിയിലും
അടയാളമല്ല

വളര്‍ത്തലും
കൊല്ലലും തന്നെ
ഭൂതം
വര്‍ത്തമാനം
ഭാവി

കറുപ്പായാലും
വെളുപ്പായാലും
എന്റെ മാംസം കൊണ്ട്
ഏമ്പക്കം തീര്‍ത്തവരേ
എന്റെ ചോരകൊണ്ട്
കുലദൈവങ്ങളുടെ
ദാഹം തീര്‍ത്തവരേ

നിങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്
കോഴിയാണോ
മുട്ടയാണോ ആദ്യം ഉണ്ടായതെന്ന
ദാര്‍ശനിക സമസ്യ
അടിമയാണോ
ചങ്ങലയാണോ
ആദ്യം ഉണ്ടായതെന്നതുപോലെ

വിധേയത്വത്തിനും
നൈമിഷികതക്കും
നിങ്ങള്‍ കോഴി എന്ന്
പേരിട്ടും വിളിച്ചു ..

ഒക്കെ പൊറുക്കാം
കോഴികള്‍ക്ക് വേണ്ടി
കോഴികളാല്‍
എതെങ്കിലുമൊരര്‍ദ്ധരാത്രിയില്‍
രൂപീകരിക്കപ്പെടുന്ന ഒരു
റിപ്പബ്ലിക്കന്‍ കൂട്
ഉണ്ടാകുന്നത് വരെ ..
ആതുരം 


പനിയും
തലവേദനയും 
മൂക്കടപ്പും ജലദോഷവും പോലെ
അലസസമയം
മിണ്ടിയും പറഞ്ഞും
ചിരിച്ചും കൈ കൊടുത്തും
ഇടയ്ക്ക് വന്നുപോകുന്ന
സൗഹൃദങ്ങളുണ്ട്,

അസമയത്ത് വന്നു കയറി
കൊഴുപ്പായും
പഞ്ചാരയായും
വലിവായും
ഗഹനഭാഷണങ്ങള്‍ കൊണ്ട്
കൂട്ടിരിക്കുന്നവരും ഉണ്ട്

പാലുണ്ണിയും
മുഖക്കുരുവും
അരിമ്പാറയും
കരിമങ്ങും
താരനും മുടി കൊഴിച്ചിലും
വെള്ളപ്പാണ്ടുമായി
ഇരിപ്പിലും കിടപ്പിലും
എപ്പോളും അലട്ടുന്നവയുണ്ട്

അര്ശസ്സും ഹെര്‍ണിയും പോലെ
പുറത്ത് പറയാതെ ,സ്വപ്നത്തില്‍
കൊണ്ട് നടക്കെണ്ടവയുണ്ട്

എപ്പോളാണ്
എങ്ങിനെയാണ്
വന്നു കൂടിയതെന്നറിയാതെ
അര്‍ബുദം പോലെ
ബാധിച്ചു പോയവയുണ്ട്

മരുന്നിനും
മന്ത്രത്തിനും
ശാസ്ത്രക്രിയക്കും
വഴങ്ങാതെ 


ഒപ്പം കഴിയാന്‍
അത്രയ്ക്ക് വാശി പിടിക്കുന്നവ
പിഴുതെറിയാന്‍
എത്രശ്രമിച്ചാലും
മുളച്ചുതഴക്കുന്നവ

ഒടുവില്‍
ഒഴിവാക്കിയെ മതിയാകു
എന്നാകുപോള്‍
കരുതിക്കൂട്ടി മറവി എന്ന
കീമോതെറാപ്പിക്ക് കിടന്നു കൊടുത്ത്
പല്ലും നഖവും മുടിയും കൊഴിഞ്ഞു
ഇന്നോ നാളെയോ എന്ന പോലെ
വേദന കാര്‍ന്നു തിന്ന്
ശേഷകാലം

Sunday, October 6, 2013

ആകാശം 

എത്ര 
ഭംഗിയില്‍ ഉണ്ടാക്കിയാലും 
എത്ര 
മുറുകിയ നൂലിട്ടാലും 
എത്ര 
ഒഴിഞ്ഞ ആകാശം 
നോക്കി വിട്ടാലും 

നീ 
ചരട് പൊട്ടി 
തിരിച്ചു വരവില്ലാതെ
അകന്നു പോകും

അതറിഞ്ഞുകൊണ്ടാകിലും
പറത്താതെ
വയ്യല്ലോ പട്ടമേ


ആശ്രമം

ശകുന്തളയെ
ഓര്‍ക്കാന്‍
മുറ്റത്ത് വളര്‍ത്തിയിരുന്ന 
ശംഖുപുഷ്പം 
ഇന്ന് രാവിലെ 
വേരോടെ പിഴുതെടുത്ത് ചുരുട്ടിക്കൂട്ടി
വലിച്ചെറിഞ്ഞു

തൊഴുത്ത്


കൊല്ലാന്‍ അല്ല 

തെക്ക് ഒരാള്‍ക്ക്
വളര്‍ത്താന്‍ 
കൊടുക്കാന്‍ ആണെന്ന്
പറഞ്ഞു തന്നെയാണ് 
അമ്മായിയുടെ 
പുള്ളിപ്പയ്യിനെ
കച്ചോടക്കാര്‍ 
ഇന്നലെ ഉന്തി തള്ളി 
കൊണ്ടുപോയത് 
മൂക്കുകയര്‍ ഉരഞ്ഞു
ചോര പൊടിഞ്ഞിടുണ്ടായിരുന്നു
മുതുകത്ത് അടിപ്പാടുകള്‍
തിണര്‍ത്ത് കിടപ്പുണ്ടായിരുന്നു
വക്കുപൊട്ടിയ ചെമ്പില്‍
കലക്കി കൊടുത്ത
വെള്ളം അണച്ച് മോന്തുമ്പോള്‍
കണ്ണുകള്‍ തമ്മിലിടഞ്ഞു
അമ്മായിയും
പുള്ളിപ്പയ്യും
ഒപ്പം കരയുന്നുണ്ടായിരുന്നു

ഇന്ന് രാവിലെ
ഒരു പുള്ളിത്തോല്
സൈക്കിളിന് പിറകില്‍
ചുരുട്ടി വച്ചു
കടിച്ചു പിടിച്ച മുറിബീഡി
ആഞ്ഞു വലിച്ചു
അറവുകാരന്‍
പോകുന്നത് കണ്ടപ്പോളാണ്
പുലര്‍ച്ചെ തൊഴുത്തിനടുത്ത്
മേഞ്ഞു നടന്ന
ഒരു തേങ്ങല്‍
എനിക്ക് പിടി തന്നത്
വനരോദനങ്ങള്‍

കിട്ടിയ 
മുന്തിരിക്കെല്ലാം 
നല്ല 
മധുരം ഉണ്ടായിരുന്നതായി 
ഇതിനാല്‍ 
ഓരിയിടുന്നു

എന്ന് 
സ്വന്തം
കുറുക്കന്‍
(ഒപ്പ്)

ഞാന്‍
തോറ്റു നില്‍ക്കുമ്പോഴും
നീ
ജയിച്ചു ചിരിച്ചു
നില്‍ക്കുന്നത് കണ്ടു
കയ്യടിക്കലാണ്
എന്റെ വിജയം

എന്ന്
സ്വന്തം
മുയല്‍
(ഒപ്പ്)

മരപ്പട്ടിയുമായി
ഇനി മേലില്‍
യാതൊരു ബന്ധവും
ഉണ്ടായിരിക്കില്ലെന്നും
ഇതിന്റെ പേരില്‍
ആര്‍ക്കെങ്കിലും
കഷ്ടനഷ്ടങ്ങളുണ്ടായാല്‍
ഉത്തരവാദിയായിരിക്കുന്നതല്ല
എന്നും

സ്വന്തം
ഈനാംപേച്ചി
(ഒപ്പ്)
സ്വകാര്യം

രണ്ടു പേര്‍ ചേര്‍ന്ന് 
കക്കാന്‍ പോകുന്നു 
ഒരാണും ഒരു പെണ്ണും 
രണ്ടു ആണുങ്ങള്‍ 
രണ്ടു പെണ്ണുങ്ങള്‍ 
എങ്ങിനെയുമാകട്ട 
പല തവണ 
വിജയകരമായി 
കക്കുന്നു

രണ്ടാളും ഒന്ന്
ഒരു മനസ്സ്
രണ്ടു ശരീരം
മരിക്കും വരെ പിരിയില്ല
നീ ഇല്ലെങ്കില്‍ ഞാന്‍ ഇല്ല
നമുക്ക് നമ്മുടെ കുട
നമുടെ തണല്‍
നമുടെ കൂട്
എല്ലാം പതിവ് പോലെ

മഴവില്ല് രണ്ടായി മുറിച്ച്
മൂടല്‍ മഞ്ഞിനെ നിനക്ക്
കുളിര്‍കാറ്റും കാട്ടുചോലയും നിനക്ക്
എനിക്ക് ഈ കാട്ടുപൂവ്
ഈ വളപ്പോട്ട്
ഈ ഇലയുടുപ്പ്
ഈ താഴ്വര

കളവു മുതല്‍ പങ്കു വയ്ക്കുന്നു
സന്തോഷിക്കുന്നു

ഒരു നാള്‍
പിടി കൂടപ്പെടുന്നു
വിസ്തരിക്കപ്പെടുന്നു
ഒരാള്‍ രണ്ടാമനെ
പഴിചാരുന്നു
ഒറ്റുന്നു
കുമ്പസാരിക്കുന്നു

നീ ആണ് കാരണം
നീ ആണ് കാരണം
ഒക്കെ നിന്റെ കെണി
നിന്റെ പിഴ

ഒന്നാമന്‍ സുന്ദരമായി
രക്ഷപ്പെടുന്നു രണ്ടാമന് കരച്ചില്‍
ഒന്നാമന് മൗനം
രണ്ടാമന് നിരാശ
ഒന്നാമന്‍ നിര്‍വികാരം
ഒന്നാമന് ഒന്നും ഓര്‍മയില്ല
പോയ വഴികള്‍
ഒന്നിച്ച ഇരുട്ടുകള്‍
ഒന്നാമന് ചുറ്റും
അഭ്യുദയാകാംക്ഷികള്‍
രണ്ടാമന് ചുറ്റും
അധികാരവും ചെങ്കോലും

രണ്ടാമന്‍
വഴികളുടെ ഓര്‍മയില്‍
ഇടറി വീഴുന്നു
ഇരുട്ടുകളുടെ കൂര്‍പ്പില്‍
ക്രൂശിക്കപ്പെടുന്നു
എല്ലാ നിമിഷങ്ങളിലും
ഒറ്റപ്പെടുന്നു
സ്വയവും അല്ലാതെയുമായി
ശിക്ഷിക്കപ്പെടുന്നു

സമത്വ സുന്ദര ലോകം
പിറ്റേന്നും
പുഞ്ചിരിയോടെ ഉദിക്കുന്നു
പുഞ്ചിരിയോടെ അസ്തമിക്കുന്നു
പുഞ്ചിരിയോടെ ഉറങ്ങുന്നു
പുഞ്ചിരിയോടെ സ്വപ്നം കാണുന്നു
പുഞ്ചിരിയോടെ ഉണരുന്നു
ഒക്കെ പഴയ പടി
ഒരു മാറ്റവും ഇല്ല ..

തെമ്മാടിക്കുഴികള്‍ക്ക്
സ്വകാര്യം ഇല്ലല്ലോ