kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Monday, October 14, 2013

റിപ്പബ്ലിക്കന്‍ കൂട്

റിപ്പബ്ലിക്കന്‍ കൂട് 


ഒരു
ദൈവത്തിന്റെയും
വാഹനമായില്ല

ഒരു
മതത്തിലും പെട്ട
വിശുദ്ധനായില്ല

ഒരുത്തന്റെയും
ഒരുത്തിയുടെയും
ഓമനയായില്ല
ഒരു വേദപുസ്തകത്തിലും
പ്രകീര്‍ത്തിക്കപ്പെട്ടില്ല

ഒരു രാജ്യത്തിന്റെയും
ദേശീയ പക്ഷിയായില്ല
ഒരിടത്തും സ്മാരകമില്ല

എല്ലാ കഥകളിലും
ചതിക്കപ്പെട്ടു
ഒരു കാവ്യത്തിലും
ഇടനിലക്കാരനായില്ല
ഒരു കൊടിയിലും
അടയാളമല്ല

വളര്‍ത്തലും
കൊല്ലലും തന്നെ
ഭൂതം
വര്‍ത്തമാനം
ഭാവി

കറുപ്പായാലും
വെളുപ്പായാലും
എന്റെ മാംസം കൊണ്ട്
ഏമ്പക്കം തീര്‍ത്തവരേ
എന്റെ ചോരകൊണ്ട്
കുലദൈവങ്ങളുടെ
ദാഹം തീര്‍ത്തവരേ

നിങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്
കോഴിയാണോ
മുട്ടയാണോ ആദ്യം ഉണ്ടായതെന്ന
ദാര്‍ശനിക സമസ്യ
അടിമയാണോ
ചങ്ങലയാണോ
ആദ്യം ഉണ്ടായതെന്നതുപോലെ

വിധേയത്വത്തിനും
നൈമിഷികതക്കും
നിങ്ങള്‍ കോഴി എന്ന്
പേരിട്ടും വിളിച്ചു ..

ഒക്കെ പൊറുക്കാം
കോഴികള്‍ക്ക് വേണ്ടി
കോഴികളാല്‍
എതെങ്കിലുമൊരര്‍ദ്ധരാത്രിയില്‍
രൂപീകരിക്കപ്പെടുന്ന ഒരു
റിപ്പബ്ലിക്കന്‍ കൂട്
ഉണ്ടാകുന്നത് വരെ ..

2 comments:

  1. ഇറച്ചികോഴികള്‍...

    ReplyDelete
  2. ഇറച്ചികോഴിയില്‍ നിന്നും കോഴി ഇറച്ചി വരെ

    ReplyDelete