Saturday, November 30, 2013

ഒറ്റവരി കവിതകള്‍

ഒറ്റവരി കവിതകള്‍ 

*കാക്ക കുളിച്ചുണ്ടായ കൊക്കുകളാണ് പാടം നിറയെ


*ചൂണ്ടക്കൊളുത്തില്‍ പിടയുന്നുണ്ട് ഒരിര,ഞാന്‍ പോയി കൊത്തട്ടെ ?
*നീ എനിക്ക് ബലിയിടരുത്

*കിനാവുകള്‍ക്ക് മീതെ ജീവിതലാവ

*ഇന്ന് ആണ് നാളെ ഇന്നലെ ആകുന്നത്.

*ജീവിതം ഒരു വ്യവകലന പട്ടിക

*എനിക്ക് ഗതി കിട്ടാതെ അലയണം
പൊട്ടും പൊടിയും 

ബാക്കി 
ഉദ്യാനം 
ആക്കിത്തരാം 
എന്ന് പറഞ്ഞിട്ടാണ് 
ജീവിതം അവള്‍ 
കയ്യേറ്റത്
ഇപ്പോള്‍ 
വെട്ടിയൊതുക്കി 
ബാക്കിയായതോ 
ഒരു മരുഭൂമി

കാലം 

ചിറകു വെട്ടിയ 
കാലമേ 
പിന്നെ നീ 
ഈ ആകാശം 
ബാക്കി വച്ച് 
കൊതിപ്പിക്കുന്നു

ഭാഗ്യം 

കൈനോക്കാന്‍ 
വന്നവന്‍ 
കുറത്തിയെയും 
കൊണ്ട് പോയി 
കൂട്ടിലെ തത്ത 
വിശന്നു ചത്തു

അത് കൊണ്ട് മാത്രം


വല്ലാത്ത 
കൊതിയായിരുന്നു 
എനിക്ക് നിന്നോട് 

അത് കൊണ്ടാണ് 
പിടിച്ചു 
ഉപ്പിലിട്ടു 
കളഞ്ഞത്
കൊത്തിയരിഞ്ഞു
അച്ചാര്‍ ആക്കിയത്
കത്തിക്ക് പൂളി
കടിച്ചു തിന്നത്
പിഴിഞ്ഞ്
കുപ്പിയിലാക്കിയത്
വിശപ്പുകള്‍ 

കൈനോക്കാന്‍ 
വന്നവന്റെ 
ചിതല്‍ തിരയുമ്പോളും,
ചുളുങ്ങിക്കിടന്ന 
പോക്കറ്റിലായിരുന്നു 
കുറത്തിയുടെ കണ്ണ്

കൈനോക്കുന്ന 
കുറത്തിയുടെ
ഇടം മാറിയ
വിയര്‍പ്പു തുണിയിലായിരുന്നു
അവന്റെ കണ്ണ്

കൂടിനു പുറത്ത്
ആരോ കൊറിച്ചിട്ടുപോയ
കടലത്തോടിലും
ഒരു തുണ്ട് ആകാശത്തിലും
തത്തയുടെ കണ്ണ്

തിമിരത്തിന്റെ
മൂടലിലും
ഇതെല്ലാം തിരയുകയായിരുന്നു
എന്റെ പൊട്ടക്കണ്ണ്

Saturday, November 23, 2013

ഉദ്യാനം
ഓരോ പൂവിനും 
ദംഷ്ട്രകള്‍ 
ഉള്ളത് പോലെ 

നിണമിറ്റുന്ന
ചോരനാവുള്ളത് പോലെ 

ദളവിതളങ്ങളില്‍
അരൂപിയായൊരു ഫണം
കാറ്റിലാടുന്ന പോലെ

പരാഗങ്ങളില്‍
നഞ്ഞു പേറുന്ന പോലെ

പച്ചപ്പുകളില്‍
ഒളിഞ്ഞിരിക്കുന്ന
തുറുകണ്ണു പോലെ

ഞെട്ടുകളില്‍
ഒരു സ്വപ്നം
ചാപിള്ള പോലെ

യുദ്ധഭൂമിയുടെ
മണം പരക്കുന്ന പോലെ

വിജനമായൊരു
നിലവിളിയില്‍
പൂക്കള്‍ സംഘംചേര്‍ന്ന്
ഒരു പൂമ്പാറ്റയെ
കടിച്ചു പറിച്ചു
പങ്കിടുന്ന പോലെ

പൂക്കളെ കാണുമ്പോള്‍
ഇപ്പോള്‍ ഭയമാണ്മറക്കാന്‍ 

മറക്കണം എന്നുണ്ട് 
പക്ഷെ 

വെള്ളം കാണുമ്പോള്‍ 
ഓര്‍മ വരും 
പുഴയോരത്ത് 
നാമെത്ര ഒഴുകിയിട്ടുണ്ട് 

കാറ്റടിച്ചാല്‍
ഓര്‍മവരും
പറത്തി വിട്ട പട്ടങ്ങള്‍

ചുരം കയറുമ്പോള്‍
ഓര്‍മവരും
വേവലാതിയുടെ പകലുകള്‍

മൂടല്‍ മഞ്ഞു കാണുമ്പോള്‍
പൊതിഞ്ഞു നിന്ന
കിനാവുകള്‍

വിശപ്പ്‌ വരുമ്പോള്‍
ഓര്‍മവരും
വിശപ്പറിയാതെ
നാം നടന്ന ഉച്ചകള്‍

മഴ കാണുമ്പോള്‍
ഓര്‍മവരും
ചേര്‍ന്ന് നിന്ന ഒറ്റക്കുട

കടലു കാണുമ്പോള്‍
പിടഞ്ഞു വരുന്നു
ആ കണ്ണിലെ തിര

അതുകൊണ്ട്
മറക്കാതെ
മറക്കാതെ
തീ തിന്നിങ്ങിനെ ..

ശിക്ഷകള്‍


ഞാന്‍ നാടുകടത്തപ്പെടുകയാണ് 

കൂട്ടിച്ചേര്‍ക്കലുകളില്‍ 
പിരിച്ചു വയ്ക്കലിലേക്ക്

ഓര്‍മപ്പെടുത്തലുകളില്‍ നിന്നും 
മറവികളിലേക്ക് 

വാക്കുകളുടെ പൂക്കളില്‍ നിന്നും 
മൗനത്തിന്റെ മുള്ളുകളിലേക്ക് 

മുഖത്തില്‍ നിന്നും
പേപിടിച്ച
മുഖംമൂടികളിലേക്ക്

തണലുകളുടെ ഇടവേളകളില്‍ നിന്നും
മരുഭൂമികളിലേക്ക്
മരീചികയിലേക്ക്

വിഷം തീണ്ടിയ പാതകളിലേക്ക്
തീ തുപ്പുന്ന തെരുവുകളിലേക്ക്
വേട്ടനായ്ക്കളുടെ കുരകളിലേക്ക്

നിലവിളിയുടെ ഉച്ചസ്ഥായിയില്‍ തുടങ്ങി
പിടച്ചിലായി
നേര്‍ത്ത് നേര്‍ത്തു
ഒരു ഗോത്രഗാനം പോലെ
ഒടുങ്ങുന്ന ഇരയിലേക്ക് ..

ഒരു ദയാഹര്‍ജിക്കും
ഒഴിവാക്കാന്‍ കഴിയാത്ത
ആ കപ്പല്‍ അഴിമുഖത്ത് വന്ന്
നില്‍ക്കാന്‍ തുടങ്ങി നേരമേറെയായി

എന്റെ ഭാഷയില്‍ ഇനി പേച്ചില്ല
ലിപി മറക്കണം
ചുവടുമറക്കണം

ഞാന്‍ നാടുകടത്തപ്പെടാന്‍ പോകുകയാണ്ഉദ്യാനം 

ഓരോ പൂവിനും 
ദംഷ്ട്രകള്‍ 
ഉള്ളത് പോലെ 

നിണമിറ്റുന്ന
ചോരനാവുള്ളത് പോലെ 

ദളവിതളങ്ങളില്‍
അരൂപിയായൊരു ഫണം
കാറ്റിലാടുന്ന പോലെ

പരാഗങ്ങളില്‍
നഞ്ഞു പേറുന്ന പോലെ

പച്ചപ്പുകളില്‍
ഒളിഞ്ഞിരിക്കുന്ന
തുറുകണ്ണു പോലെ

ഞെട്ടുകളില്‍
ഒരു സ്വപ്നം
ചാപിള്ള പോലെ

യുദ്ധഭൂമിയുടെ
മണം പരക്കുന്ന പോലെ

വിജനമായൊരു
നിലവിളിയില്‍
പൂക്കള്‍ സംഘംചേര്‍ന്ന്
ഒരു പൂമ്പാറ്റയെ
കടിച്ചു പറിച്ചു
പങ്കിടുന്ന പോലെ

പൂക്കളെ കാണുമ്പോള്‍
ഇപ്പോള്‍ ഭയമാണ്

ഇനിയൊരിക്കലും
ഇനിയൊരിക്കലും 
പിഞ്ഞിത്തുടങ്ങിയ 
ഹൃദയവുമായി ഞാന്‍ 
നിന്റെ അടുക്കല്‍ വരില്ല 

ഇനിയൊരിക്കലും 
പൊട്ടിപ്പോയ മഴവില്ലുകളെ 
ചേര്‍ത്ത് വയ്ക്കാന്‍ നോക്കി 
നിന്നരികിലെത്തില്ല

ഇനിയൊരിക്കലും
കലങ്ങിയ കണ്ണുകളുമായോ
ഇടറിയ ചങ്കുമായോ
മഷി പടര്‍ന്നു പോയ
കുറിപ്പുകളുമായോ
ഞാനാ വഴിയിലെത്തില്ല

ഇനിയൊരിക്കലും
കാത്തുനില്പില്ല ,
പിന്‍വിളി ഇല്ല ,

ചത്തുപോയ നിന്റെ കണ്ണുകളില്‍
എനിക്കെന്റെ പ്രതിബിംബം
കാണാനാകാത്തതിനാല്‍

മരവിച്ച വാക്കുകളില്‍
എനിക്കൊന്നും
കേള്‍ക്കാനില്ലാത്തതിനാല്‍

നമ്മുടെ എല്ലാ പതാകകളും
പകുതിയില്‍ താഴ്ത്തിക്കെട്ടി
ഞാന്‍ മടങ്ങുകയാണ് ..
എന്നിലേക്ക് തന്നെ .


ആഴ്ചവട്ടം 

തിങ്കളാഴ്ച 
ഓന്റെ ഹര്‍ത്താല്‍ 
അത് നമ്മക്ക് പൊളിച്ചടുക്കണം 
എല്ലാ പീടികേം തൊറപ്പിക്കണം
എല്ലാ വണ്ടീം ഓടണം ..
ഓന്റെ പ്രകടനത്തിന്
കല്ലെറിയണം ,
ഓന്റെ ആട്ടിന്‍ തോലിട്ടു
നമ്മടെ പിള്ളേര്‍ കൂട്ടത്തില്‍ കയറണം
ഓന്റെ നേതാക്കന്മാരെ കണ്ടാല്‍ ,
കാക്കിക്കാരെ കണ്ടാല്‍ ,
അപ്പൊ മുതലാക്കണം .

കുടുങ്ങിപ്പോയ ഏതെന്കിലും
വയസ്സനെയോ വയസ്സത്തിയെയോ കിട്ടിയാല്‍
ഒക്കത്തെടുത്ത് വേണ്ടിടത്ത്
എത്തിക്കാന്‍ നമ്മടെ പിള്ളേരോട് പറയണം
അതൊരു മൈലേജാ ..

മിന്നല്‍ ഹര്‍ത്താലിനെതിരെ
ഇന്നെന്നെ പ്രസ്താവന
കൊടുക്കണം
ഓന്റെ ഒരു ഹര്‍ത്താല്‍ ..
ഓനതിനൊക്കെ വളര്‍ന്നോ ?

ചൊവ്വാഴ്ച
നമ്മടെ ഹര്‍ത്താല്‍
അത് അടിപോളിയാക്കണം
കൊടിയെക്കാള്‍ വലിയ
വടികള്‍ ഇന്നെന്നെ വെട്ടണം
രാത്രി തന്നെ റോഡോക്കെ
ബ്ലോക്കാക്കണം
പെട്ടിക്കട പോലും
ബസ്‌ സ്റ്റാന്റിലെ
മൂത്രപ്പുര പോലും
തുറക്കരുത്
സൈക്കിള്‍ പോലും ഓടരുത്
കോളേജിന്റെ മുമ്പില്‍ ഒരു
പ്രകടനം ആയിക്കോട്ടെ
നമ്മടെ ചെക്കന്മാര്‍ക്ക്
ഒരു നേരമ്പോക്കിനു വക കിട്ടട്ടെ

പ്രസവത്തിനു കൊണ്ട് പോകുന്ന
ഓട്ടോ കണ്ടാല്‍ വിടണ്ട
കുത്തി പഞ്ചര്‍ ആക്കണം
വാര്‍ത്തക്കാര്‍ക്ക്
നല്ല ഡിമാന്റ് ആണത്

കൂട്ടത്തില്‍ നമ്മടെ ആഫിസിനും
സ്തൂപത്തിനും ,
വലിയ കേടില്ലാതെ
രണ്ടു ഏറു എറിയണം

ചിലപ്പോള്‍
ബുധനും വ്യാഴവും
വീണു കിട്ടിയാലോ ..

വെള്ളിയാഴ്ച കേരള ബന്ധ്
മറ്റവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്
ശനിയാഴ്ച കരിദിനം
ഈര്‍ക്കില്‍ പാര്‍ട്ടിക്കാരും

ഞായറാഴ്ച പതിവ് പോലെ
നമുക്കൊന്ന് കൂടണം
ഓനെ ഇപ്പോള്‍ തന്നെ
വിളിച്ചു ഉറപ്പിക്കണം
സര്‍വ കക്ഷി സാമാധാന
സമ്മേളനത്തിന്..

Sunday, November 17, 2013ഒറ്റവരി കവിതകള്‍ 


*നരകത്തിലുമുണ്ട് കട്ടുറുമ്പുകള്‍

*പൊതുദര്‍ശനത്തിനു വച്ചിടത്ത് നിന്നും ഇറങ്ങിപ്പോന്നു

*വെളിച്ചത്തു തട്ടിത്തടഞ്ഞു നടക്കുകയാണ് ഇരുട്ട്

*നമ്മളൊക്കെ മനുഷ്യന്റെ ലാര്‍വ

*നിന്റെ നോട്ടമെന്തിങ്ങിനെ അപരിചിതമായി ?

*മുഖം മറന്നുപോയ മുഖംമൂടികള്‍ നീയും ഞാനും

Saturday, November 16, 2013

വയ്യാവേലികള്‍

വയ്യാവേലികള്‍ 
വ്യാ കാരണം 
-
മാഷ്‌ 
ക്ലാസ്സില്‍ 
അശ്ലീലം പറഞ്ഞത്രേ 

അവളുടെ 
പുല്ലിംഗം 
ചോദിച്ചത്രേ 
അവന്റെ സ്ത്രീലിംഗം 
ചോദിച്ചത്രേ ..ചൊല്ല് 

ശക്തമായ 
കാറ്റും മഴയും കണ്ടപ്പോള്‍ 
മണ്ണാങ്കട്ടക്കും 
കരിയിലക്കും 
ആ വിഖ്യാതമായ 
കാശിയാത്ര 
മാറ്റി വച്ചാല്‍ 
മതിയായിരുന്നില്ലേ ?

ഇതിപ്പോള്‍ വെറുതെ
ഒരു ചോല്ലുണ്ടാക്കാന്‍ വേണ്ടി ..


കോഴി 

ഉണ്ടായിരുന്ന
കോഴി
വസന്തപിടിച്ചു ചത്തു
വേറൊന്നിനെ വളര്‍ത്തണം
അല്ലെന്കിലെങ്ങിനെ
സൂര്യന്‍ ഉദിക്കും ?
വാക്കിന്‍ മണം 

പാടത്ത് നിന്നും 
കേറിവന്ന 
ശങ്കരെട്ടന്റെ കയര്‍ക്കലിനു 
ചേറിന്റെ മണമുണ്ടായിരുന്നു 

ഷാപ്പിറങ്ങി വന്ന 
കണാരെട്ടന്റെ പാട്ടിനു 
കള്ളിന്റെ മണം

കുംബാരറെ പേച്ചിനു
കുഴഞ്ഞ മണ്ണിന്റെ മണം
കുറവന്റെ നാവെറിനു
വെറ്റില മണം
കുഴമ്പിന്റെ മണമുള്ള
പഴഞ്ചൊല്ലുകള്‍,
മഴച്ചാറലിനു
പുതുമണ്ണിന്‍ മണം

സഖാവേ
ഒന്നും മണക്കുന്നില്ലല്ലോ
മനം പിരട്ടുന്ന
നിന്റെ മൈതാന പ്രസംഗം
എന്ത് പറയാന്‍ ?

എല്ലാ മനുഷ്യരും 
തലപോയ തെങ്ങുകളാണ് 
ചില കാലങ്ങളില്‍ ,

എല്ലാ തലപോയ തെങ്ങുകളിലും 
പക്ഷികള്‍ പൊത്തുകള്‍ ഉണ്ടാക്കാറുണ്ട് 
എല്ലാ പൊത്തുകളിലും
കൂടുകള്‍ ഉണ്ടാകാറുണ്ട് 
കൂട്ടുകളും ഉണ്ടാവാറുണ്ട്
സ്ഥിരമായും
അല്ലാതെയും

എല്ലാ കൂടുകളിലും
തങ്ങളുടെ കണ്ണെത്തണം
കാതെത്തണം
എന്ന് വിചാരിച്ചു
പിളര്‍ന്ന നാവും
ഫണവുമായി
ഇഴഞ്ഞു കയറുന്നവരോട്

അട മുട്ടകള്‍
പൊട്ടിക്കുന്നവരോട്
പിഞ്ചു മാംസം
രുചിക്കുന്നവരോട്
കണ്ണ് മിഴിയാത്ത കൌതുകങ്ങളെ
കൂട്ടിലാക്കുന്നവര്‍ക്ക്
ചിറകു വെട്ടി
പ്രദര്‍ശനത്തിനു വെയ്ക്കുന്നവരോട്
എന്ത് പറയാന്‍ ?
കയ്പ്

മുലകുടി
അന്തമില്ലാതെ നീണ്ടപ്പോള്‍ 
അമ്മയാണ് ആദ്യം 
കയ്പിന്റെ രുചിയറിയിച്ചത്,

പിന്നെ അമ്മിഞ്ഞ കണ്ടാല്‍ 
അമ്മയെ കണ്ടാല്‍ 
ഒരു കയ്പ് 
പിറകോട്ടു വലിക്കും,

അമ്മ തന്നെയാണ്
വലതു കയ്യിലെ തള്ളവിരലില്‍
കയ്പ് പുരട്ടിയതും ,

വരമ്പില്‍ നിന്നും
യാത്ര പറയാതെ
നീ പറന്നു പോകുമ്പോള്‍
രാത്രിയുടെ ചേക്കില്ലത്തില്‍
ഞാന്‍ ഒറ്റക്കാകുമ്പോള്‍
തിരിച്ചു വരവില്ലാത്ത
ചിറകടികള്‍ക്ക്
കാതോര്‍ത്ത് മരിക്കുമ്പോള്‍ ,

എത്ര ശീലപ്പെട്ടു
മധുരിച്ചതും
മടുത്തു പോകാന്‍
ഇത്തിരി കയ്ച്ചാല്‍ മതി ,

ദേശാടനക്കിളീ..
നിന്നെയും കയ്ച്ചുപോകുന്നോ ?
നിനക്കെന്നെയും ?
സ്വാഗതം 

കട്ടുറുമ്പുകളെ ,
നിങ്ങള്‍ക്ക് 
എപ്പോള്‍ വേണമെങ്കിലും 
എന്നെ കടിക്കാം 
നടന്ന് വന്നത് ,
നടക്കുന്നത് ഏറെയും 
കാട്ടുവഴികളിലൂടെയാണെന്നതിനാല്‍ 

കരിന്തേളുകളെ
നിങ്ങള്‍ക്ക്
എപ്പോള്‍ വേണം എങ്കിലും
എന്നെ കുത്താം
അതെപ്പോളും
കാത്തിരിക്കുന്നുണ്ട്
ചെരുപ്പൂരിവച്ച കാലുകള്‍

മണിയനീച്ചകളെ
കുനിയനുറുമ്പുകളെ
നിങ്ങള്‍ക്ക്
വേണ്ടത്
ഒരു ശവം ആകുമ്പോള്‍
ഞാന്‍ മണ്ണിനെ ഉമ്മവച്ചു
കിടക്കുന്നുണ്ട് ...
സ്വാഗതം
വേട്ട

ചില വേട്ടക്കാര്‍ 
കൊന്നാല്‍ 
കൊണ്ട് പോയി തിന്നും 
ഉച്ചിഷ്ടം വേട്ടനായ്ക്കള്‍ക്ക് ,
ദയാലുക്കള്‍ .

ചിലവര്‍ 
കൊണ്ട് നടന്നു 
പ്രദര്‍ശിപ്പിക്കും
കയ്യടി നേടും
ചത്തും ചാവാതെയും
ഇരയങ്ങിനെ...
ഭീരുക്കള്‍ .

ചിലവര്‍ പങ്കിടും
അതെനിക്ക്
ഇത് നിനക്ക് ..
സ്നേഹിതര്‍ .

ജീവനോടെ പിടിച്ചും
കൂട്ടിലിട്ടു മെരുക്കിയും
കെട്ടിയിട്ടു വളര്‍ത്തിയും
ചിറകൊടിച്ചും
ബന്ധുക്കള്‍
ജാതകം 

നിലക്കാത്ത 
ഒരൊഴുക്കു ആകുമെന്ന് കരുതി,
ഇടക്കെപ്പോഴോ 
വരണ്ടു പോയി 

ഒടുങ്ങാത്ത 
പെയ്ത്ത് ആകുമെന്ന് തോന്നി ,
പോടുന്നെനെ തോര്‍ന്നു 

മായാതെ
നില്‍ക്കും മാരിവില്ലെന്നു കരുതി
കൈയ്യേത്തിച്ചപ്പോളെ,
മാഞ്ഞും പോയി

പൂവിട്ടേ നില്‍ക്കുമെന്നു തോന്നി
കണ്ടു നിക്കവേ ,
കരിഞ്ഞും പോയി

എന്നും മൂടിക്കൊണ്ട്
കൂട്ടാകുമെന്നു കരുതി ,
യാത്ര പറയാതെ അലിഞ്ഞു പോയി

തിരയോഴിയാത്ത
കടലാകുമെന്നു തോന്നി,
ഉയിരറ്റ മൌനമായി

തളിരുറ്റ പച്ചപ്പാകുമെന്നു കരുതി
തണലാകുമെന്നു കരുതി ,
മരുഭൂവായി

എനിക്ക് തുഴഞ്ഞെത്താന്‍ പറ്റാത്ത
ഏതോ ദ്വീപ്
പറന്നെത്താന്‍ പറ്റാത്ത
ഏതേതോ ആകാശം
നിന്റെ ഒളിയിടം

പൊലിഞ്ഞു പോയ സ്വപ്നത്തിന്റെ
ജാതകം നോക്കി ,
ഓര്‍മയുടെ കനലുകളില്‍
നടന്നു നടന്ന്,
തിരശീല താഴും വരെ
എനിക്കിനി ഒരേ വേഷം .
ഒരു നവംബര്‍ പതിനാലിന് 


അവനും അവളും അവന്‍ 
ചെണ്ട കൊട്ടിയപ്പോള്‍ 
അവള്‍
വലിച്ചു കെട്ടിയ കമ്പിയിലൂടെ
പിച്ച വച്ചു
അവള്‍ വിസിലടിച്ചപ്പോള്‍
അവന്‍
തീ വളയത്തിലൂടെ
ഊര്‍ന്നു ചാടി

അവനും അവളും
വയററ്ത്തടിച്ചും
തൊണ്ട പൊട്ടിച്ചും
ആള്‍ക്കൂട്ടത്തില്‍
പിച്ചക്കിറങ്ങി ,

അപ്പോള്‍ ശിശുദിനറാലി
റോഡിലൂടെ
കടന്നു പോകുകയായിരുന്നു

Saturday, November 9, 2013

ദാമ്പത്യം 


വെള്ളത്തില്‍
ഒരു മീന്‍

ഞാന്‍ പറഞ്ഞു
മീന്‍ കളിക്കുകയാണെന്ന്
നീ പറഞ്ഞു
മീന്‍ ഇര തേടുകയാണെന്ന്

മീനിനെ
നോക്കി നില്‍ക്കാം
എന്ന് ഞാന്‍
കളയാന്‍ സമയമില്ലെന്ന് നീ

തര്‍ക്കമായി
തീരുമാനം ആകണ്ടേ

നമ്മള്‍ മീനിനെ പിടിച്ചു
കരയിലിട്ടു

ഞാന്‍ പറഞ്ഞു
മീന്‍ നൃത്തം ചെയ്യുകയാണെന്ന്
നീ പറഞ്ഞു
മീന്‍ പിടയുകയാണെന്ന്

ഞാന്‍ പറഞ്ഞു
മീന്‍ ആകാശത്തെ
വായില്‍ ഉള്‍ക്കൊള്ളുകയാണെന്ന്
നീ പറഞ്ഞു
മീനിനു ശ്വാസം മുട്ടുകയാണെന്ന്

ഞാന്‍ പറഞ്ഞു
മീന്‍ വിശ്രമിക്കുകയാണെന്ന്
നീ പറഞ്ഞു
മീന്‍ ചത്തു പോയെന്ന്

ഉറുമ്പുകള്‍ക്കും
കാക്കകള്‍ക്കും
ഈച്ചകള്‍ക്കും
പൂച്ചകള്‍ക്കും
സംശയമുണ്ടായിരുന്നില്ല ..

മീന്‍
നമ്മുടെ
പ്രണയം ആയിരുന്നല്ലോ 

Tuesday, November 5, 2013


ഒറ്റവരി കവിതകള്‍ 


*തീയില്‍ കൊരുത്തതൊക്കെ ആയിരുന്നു പക്ഷെ ഇളവേയിലില്‍ തന്നെ വാടിപ്പോയി 


*അന്ധകൂപത്തില്‍ അലയടിക്കുന്ന നിലവിളികള്‍

*നിന്നോര്‍മ്മയിപ്പോളോരു ഗുഹാചിത്രം

*ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ നിലാവ് ഒതുക്കത്തോടെ മാറിനിന്നു

*ഉന്നം,ഇല്ലാത്തവന്റെ കയ്യിലെ കല്ലാണ് ജീവിതം

*തിരിനാളം പറയുന്നതൊന്നും കേള്‍ക്കുന്നില്ല കാറ്റ്

വിരുന്ന്

നിങ്ങള്‍ എന്റെ വീട്ടില്‍ 
പറയാതെ 
വിരുന്നെത്തി 
എന്ന് വിചാരിക്കുക

മറ്റൊന്നും ഉണ്ടായിരിക്കുകയില്ല

എന്നെങ്കിലും നിങ്ങള്‍
വരുമെന്ന് കരുതി
പറയാതെ പറയാതെ
ബാക്കി വന്നു
ശീതീകരിണിയില്‍
സൂക്ഷിച്ചു വച്ച
കുറെ വാക്കുകള്‍ ഒഴികെ
മധുരമഴിഞ്ഞു
സ്വാദ് കെട്ടുപോയ
ചില സ്വപ്‌നങ്ങള്‍ ഒഴികെ

തലങ്ങും വിലങ്ങും
അതിര്‍ത്തിട്ട്
മരവിച്ചു പോയ
ജീവിതം ഒഴികെ

Saturday, November 2, 2013

ശൈലീ വികൃതികള്‍ 


വൃദ്ധ സദനങ്ങള്‍ പോലെ 
മുളച്ചു പൊന്തുന്ന കൂണുകള്‍ 

വാര്‍ത്തകള്‍ പോലെ
പരക്കുന്ന കാട്ടുതീ

പ്രണയങ്ങള്‍ പോലെ
ഉടഞ്ഞുപോകുന്ന
നീര്‍പ്പോളകള്‍

മനുഷ്യരെ പോലെ
എരിഞ്ഞടങ്ങുന്ന
ഈയാംപാറ്റകള്‍

ബന്ധങ്ങള്‍ പോലെ വലിച്ചെറിയപ്പെടുന്ന 

കറിവേപ്പിലകള്‍

മനസ്സുകള്‍ പോലെ നീറുന്ന ഉമിത്തീ
ഒരുക്കങ്ങള്‍ 

അതിരാവിലെ 
അലാറം വച്ച് എഴുനേറ്റു 
സി ബി എസ് സി ക്കാരി മൂത്ത മോളെ 
കുലുക്കി വിളിച്ചുണര്‍ത്തി
കേരളപ്പിറവിക്കു പ്രസന്റ് ചെയ്യാനുള്ള 
സ്പീച്ച് ബൈഹാര്‍ട്ടക്കാന്‍ ഇരുത്തി 

കൂട്ടുകാര്‍ക്ക് ഹാപ്പി കേരളപ്പിറവി
എസ് എം എസ് ആശംസ
സെന്റു ചെയ്യാന്‍ ചട്ടം കെട്ടി

എല്‍ കെ ജി ക്കാരനെ
അടിച്ചുണര്‍ത്തി
കേരളപ്പിറവിക്കു എക്സിബിഷനുള്ള
ഇംഗ്ലീഷ് പോസ്റര്‍
വരപ്പിച്ചുണ്ടാക്കി

മടിയിലെ ലാപ്ടോപ്പില്‍
ഇംഗ്ലീഷ് പത്രം
വള്ളിപുള്ളി വിടാതെ
വായിക്കുന്ന
ചാരുകസാലക്ക്
ബെഡ് കോഫി കൊടുത്തു

പിന്നെ
ഇന്നുടുക്കാന്‍
സെറ്റ് മുണ്ട് അയേണ്‍ ചെയ്തു

ധൃതിയില്‍ ഉടുത്തൊരുങ്ങി
ടീച്ചര്‍ സ്കൂളിലേക്ക്
സ്കൂട്ടിയില്‍ പാഞ്ഞു

ഇന്ന് കേരളപ്പിറവിയാണ്
സ്പെഷല്‍ അസംബ്ലി ഉണ്ട്
ലേറ്റ് ആവരുതല്ലോ

ലിപ്സ്ടിക് അധികം ആയോ ആവൊ ?
മുടിയില്‍ തിരുകി വച്ച
തുളസിപ്പൂ കൊഴിഞ്ഞു പോയോ ആവോ ?
മോള് നന്നായി പ്രസന്റ് ചെയ്‌താല്‍
മതിയായിരുന്നു
മോന്റെ പോസ്ടറിന്
ഒരു ബോര്‍ഡര്‍ കൂടി ഇടാമായിരുന്നു

സ്കൂട്ടി ഇടവഴി വിട്ട്
ഹൈവേയിലേക്ക്
ഒഴുകിപ്പോയി ..
മൗനവും ഭ്രാന്തും 

തീരെ വില കുറഞ്ഞതും 
എളുപ്പത്തില്‍ ഉരുകുന്നതുമായ 
എന്തോ കൊണ്ട് 
ഉണ്ടാക്കിയതാണ് 
എന്റെ ഹൃദയമെന്നതനിനാല്‍ 

(ഒറ്റപ്പെടുമ്പോള്‍ അത് തേങ്ങി കരഞ്ഞു
വേദനയുടെ വിഷം മോന്തിക്കൊണ്ട് പിടഞ്ഞു 
നിലവിളിച്ചു, )

അതൊരു ശല്യമായത് കൊണ്ടാണ്
എനിക്കറിയാം, കാലത്തിനു ഒപ്പം മേഞ്ഞ്
യുഗങ്ങളുടെ ചരിത്ര പുസ്തകം
ചവിട്ടിയരച്ച്,പൂവാടിക്ക് തീയിട്ട്
നിന്റെ മൗനം

(അതിനിപ്പോള്‍ പിറകിലേക്ക് കണ്ണുകളില്ല
ഒന്നും തൊട്ടറിയാന്‍ ആവാത്ത വിധം
അതിന്റെ നാഡികളില്‍ മരവിപ്പ് )

ഒന്നും ഏല്‍ക്കാത്ത
കടുത്ത, അപരിചിതമായ ലോഹക്കൂട്ടുകൊണ്ടാണ്
നിന്റെ മൌനത്തിന്റെ
കവചം എന്നതാണിപ്പോള്‍
എന്റെ ഭ്രാന്ത്

(ഇടയ്ക്ക് അത് ഉടുതുണി അഴിച്ചു വച്ചു
പ്രണയമായി നഗ്നപ്പെടുന്നു
നമുക്ക് മാത്രം മനസ്സിലാകുന്ന
രഹസ്യ ഭാഷയിലാണ് അതിന്റെ പേച്ച്)

ആ മൗനവും
ഈ ഭ്രാന്തും
വീര്‍പ്പുമുട്ടലിന്റെ ഇരുട്ടുകളില്‍
ഇണചേര്‍ന്നു കിടക്കുന്നത്
എനിക്ക് കാണാനാവുന്നുണ്ട്

ഒരു ദംശനത്തിനുള്ള
കൊതി കൊണ്ട് ഞാനവയെ
കുത്തി നോവിച്ച്
പകയേല്‍ക്കാന്‍
ഇങ്ങിനെ കാത്തിരിക്കുകയാണ്
ഒറ്റവരികള്‍


*മുളയെപ്പോലെയാണ് നിരാശ,മുള്ളോടെ പെട്ടെന്ന് വളരും*ചില ജീവിതങ്ങള്‍ കുമ്പസാരക്കൂടില്ലാത്ത ഇടവകപ്പള്ളികളാണ്

*ഇറച്ചികോഴിയില്‍ നിന്നും കോഴി ഇറച്ചി വരെയെ ഉള്ളൂ ജീവിതം

*മരണം, മുദ്രകള്‍ ഇറങ്ങിപ്പോയ നടനം

*പൂമ്പാറ്റകള്‍ ചിലപ്പോളൊക്കെ മനുഷ്യരെപ്പോലെ പെരുമാറുന്നു

*അടുക്കിനും ചിട്ടക്കും ഇടയില്‍ പെട്ട് ചതഞ്ഞരഞ്ഞ സ്വപ്നത്തിന്റെ ശവമടക്ക്

*ഒടുക്കം മൌനം ഉടഞ്ഞു വാക്കുകളുടെ മഹാ സമുദ്രമായി

*വൃദ്ധ സദനങ്ങള്‍ പോലെ മുളച്ചു പൊന്തുന്ന കൂണുകള്‍