Saturday, December 21, 2013

തഴമ്പ് 

അച്ഛന്റെ കയ്യില്‍
ഒരു തഴമ്പുണ്ടായിരുന്നു 
അന്നാന്നത്തെ അന്നത്തിന്റെ ..

അമ്മക്കുണ്ടായിരുന്നു 
കവിളില്‍ കണ്ണീരോലിച്ചുണ്ടായത് 

പെങ്ങളെപ്പോഴും 
കാട്ടുവഴികളിലൂടെ നടന്നു
കാലിലുണ്ടായ തഴമ്പിനെ പറ്റി
വ്യാകുലയായിരുന്നു

വെയില് കൊണ്ട്
പകലിനും
നിലാവ് കൊണ്ട്
രാത്രിക്കും തഴമ്പ്

മഴ കൊണ്ടുണ്ടായ
തഴമ്പിനെ പറ്റി
മണ്ണാണ് പറഞ്ഞത്

കാത്തിരിപ്പിന്റെ
തഴമ്പ് കൊണ്ട
വഴിയമ്പലങ്ങള്‍

പിറകില്‍ കത്തി സൂക്ഷിച്ച
സൌഹൃദങ്ങള്‍ക്കൊക്കെ
സ്ഥാനത്തും അസ്ഥാനത്തും
തഴമ്പുകള്‍

കേട്ട് കേട്ട്
ചെവി തഴമ്പിച്ചു
തീ പ്രണയമെന്നു നീ

ഇതൊക്കെ കണ്ടും കേട്ടുമാണ്
എനിക്ക് മനസ്സില്‍
തഴമ്പുണ്ടായത്
കുറുങ്കവിതകള്‍ 
കണ്ണേറ്                                  

നോക്കുകുത്തി 
ആരെയും നോക്കുന്നില്ല 
നോക്കുകുത്തിയെ 
നോക്കുന്നിതെല്ലാരും

പഴക്കം 

പൊഴിഞ്ഞു വീഴുമ്പോള്‍ 
ഇലകള്‍ പക്ഷികളെപ്പോലെ 
ചത്ത് കിടക്കുമ്പോള്‍ 
പക്ഷികള്‍ 
ഇലകളെപ്പോലെ

നമ്മള്‍ 

കയറുപിരി ആയിരുന്നു 
ആരൊക്കെയോ 
എടുത്തു നിവര്‍ത്തി 
സമാന്തര രേഖകളാക്കി 

ഇപ്പോള്‍ 
മുഖത്തോട് മുഖം നോക്കി 
രണ്ടു വഴികളിലൂടങ്ങിനെ ,,

പിണക്കം 

പിണങ്ങിപ്പോയ 
മിന്നാമിന്നിയേ,

നീ വരുമെന്ന് 
കാത്താണ് 
ഞാനീ ഇരുട്ടുമൊത്തം 
പാതിരാവില്‍ 
നിലാവ് തട്ടാതെ 
പൊതിഞ്ഞു 
വച്ചിരിക്കുന്നത് 

വാരിപ്പുതപ്പിക്കാന്‍

                         കുറുങ്കവിതകള്‍ നിശ

നിലാവ് 
മുള്ളന്‍ പന്നിയെ പോലെ 
ഓര്‍മകളെ മുഴുവന്‍ 
കൂര്‍പ്പിച്ചുയര്‍ത്തി 
തേറ്റ പല്ലിളിക്കുന്നു
അതുകൊണ്ട് തന്നെ 
താലോലിക്കാന്‍ 
കുറെ മുറിവുകള്‍ മാത്രംകൂര്‍പ്പ്

മുറിവിന് 
ഒരു നുള്ളുപ്പേ
ചോദിച്ചുള്ളൂ
കിട്ടിയതൊക്കെയും 
പിന്നെയും പിന്നെയും 
മുള്ളുകള്‍
നോട്ടം 

പിന്നിട്ട വഴികളിലൂടെ 
പിറകോട്ടു 
തലകുനിച്ചു 
തിരിഞ്ഞു നടക്കുമ്പോള്‍ 
എല്ലാരും ചോദിക്കണ്
എന്താ തിരയുന്നതെന്ന് ?
ഒന്നുമില്ല കൂട്ടരേ 
തിരക്ക് പിടിച്ച യാത്രയില്‍ 
എവിടെയോ കളഞ്ഞുപോയ 
എന്നെ തന്നെ 
തിരഞ്ഞു നോക്കുകയാണ്

സമാഗമം 

നിന്റെ നിശ്വാസം 
എനിക്ക് ശ്വാസമായിരുന്നിട്ടും 
എന്റെ പുകച്ചൂട് 
നിനക്ക് ശ്വാസമായിരുന്നിട്ടും 

ഈ തടവറകളില്‍ 
ശ്വാസം മുട്ടി 
നമ്മളെന്നേ മരിച്ചിരിക്കുന്നു

Thursday, December 19, 2013

ദര്‍ശനം 
ശ്രീകോവിലിലേക്ക് 
ഇരുനൂറു രൂപ മുഖവിലയുള്ള 
ഇസ്തിരിയിട്ട വരി 

രൂപയുടെ വിലയിയിടിവും
പഞ്ച നക്ഷത്ര ഹോട്ടലിലെ
സൌകര്യക്കുറവും
അവിടെ ഇടയ്ക്കിടെ മന്ത്രം

ഇരുപതു രൂപ
വിലയുള്ള
കുഴഞ്ഞു മറിഞ്ഞ വരി

തൊഴുതു മടങ്ങുമ്പോഴേക്കും
അവസാന വണ്ടി പോകുമോ
കൂടെ വന്ന പെണ്ണ് തിരളുമോ
എന്നൊക്കെ ആധിഭജന

തേവരെ
പൊതു ദര്‍ശനത്തിനു
വയ്ക്കുന്നതും കാത്തു
ഞാന്‍ പുറത്ത് നില്‍പ്പാണ് .

Saturday, December 14, 2013

അശാന്തി 

ശാന്തത തേടി 
കടപ്പുറത്ത് എത്തിയപ്പോള്‍ 
കടലുണ്ട് തേങ്ങിക്കരയുന്നു 

കടലിലെക്കിറങ്ങിയതും 
ആഞ്ഞു പുല്കിയതും 
കടലിനെ സമാധാനിപ്പിക്കാനായിരുന്നു ..

നാളത്തെ പത്രത്തില്‍
കടലില്‍ ചാടി ചത്തു
എന്നച്ചടിച്ചു വന്നേക്കാം

ഫ്ലാഷ് ന്വൂസുകളില്‍
ഒരാത്മഹത്യ
പിടഞ്ഞു നീങ്ങിയെക്കാം

ഓളങ്ങളില്‍
ഒരു ജഡത്തിന്റെ
ചലച്ചിത്ര ഭാഷ്യം കണ്ടേക്കാം

വിശ്വസിച്ചു പോകരുത്
ഞാന്‍ കടലിനെ
സമാധാനിപ്പിക്കുകയായിരുന്നു
..
ഒറ്റ മേഘമേ 


നരച്ച മാനത്തലയുന്ന 
ഒറ്റ മേഘമേ 

നിനക്കുണ്ടായിരുന്നല്ലോ 
മെടഞ്ഞിട്ടൊരു കാര്‍കൂന്തല്‍ 
അലസം തിരുകി വച്ചൊരു 
തുളസീദളം
വിരിഞ്ഞിറങ്ങിയ പൂവ് പോലെ
ഉയിര്‍ത്തു വന്നൊരു തളിര് പോലെ
നിനക്കുണ്ടായിരുന്നല്ലോ
കിനാവിലോക്കെയും
ഞാന്‍ വരച്ചിട്ട നിലാച്ചന്തം

ഇന്നില്ലാ കടാക്ഷങ്ങള്‍
തോട്ടിടാ വിരല്‍ത്തുമ്പു പോലും
മിണ്ടിടായൊരുവാക്ക്
ചത്ത ഹൃദയം കൊണ്ടുപോലും

മുള്ളുകള്‍ മാത്രം പൂക്കുന്ന
തോപ്പിലിനി
വിരിയില്ല പൂവുകള്‍
കരിയട്ടെ നാമൊന്നിച്ച_
യതിരില്ലാ ഭൂപടം

ഇനി നിനക്കൊരു പെയ്ത്തില്ല
ഇനി ഞാനൊരു മണ്ണല്ല
കൊടും ചൂടിന്‍ ബലിക്കല്ലില്‍
ഓടുങ്ങട്ടെ
നമ്മളത്രയും

നരച്ച മാനത്തലയുന്ന
ഒറ്റ മേഘമേപരീക്ഷ 

ചിറകറ്റു വീണു 
കേഴുമ്പോളും 
നീയങ്ങുയരത്തില്‍ 
പറക്കുന്നത് കാണവേ 
പിറക്കുന്നതാനന്ദാശ്രു..

വഴിതെറ്റി ഏതോക്കെയോ 
വിഷവഴികളില്‍ 
കണ്ണുപൊട്ടിയലയുമ്പോഴും
ഉള്ളിലൊരു പൂവിരിയുന്നുണ്ടത് നിന്റെ
നേര്‍വഴിയിലെ
ശാന്തസഞ്ചാരം കാണവേ

തുഴപൊട്ടി
ഭ്രാന്തന്‍ചുഴികളിലമരുമ്പോളും
ഒരു വേള നില്‍ക്കുന്നുണ്ട് ഞാന്‍
നുരയുതിര്‍ത്ത് നീങ്ങുന്ന
നിന്റെ കപ്പല്‍ത്താര കണ്ട്

വിട വിടയെന്നെത്രെയോ വട്ടം
പുലമ്പുമ്പോളും
എവിടെയോ ഒരു കൊമ്പിലിരുന്നു
പിന്‍ വിളിക്കുന്നുണ്ട്
ഏതൊക്കെയോ പുരാവൃത്തം
കൊത്തിപ്പറിച്ചു
പേപിടിച്ചൊരു കിളിതഴമ്പ് 


അച്ഛന്റെ കയ്യില്‍
ഒരു തഴമ്പുണ്ടായിരുന്നു 
അന്നന്നത്തെ അന്നത്തിന്റെ ..

അമ്മയ്ക്കുണ്ടായിരുന്നു 
കവിളില്‍ കണ്ണീരൊലിച്ചുണ്ടായത് 

പെങ്ങളെപ്പോഴും 
കാട്ടുവഴികളിലൂടെ നടന്നു
കാലിലുണ്ടായ തഴമ്പിനെ പറ്റി
വ്യാകുലയായിരുന്നു

വെയില് കൊണ്ട്
പകലിനും
നിലാവ് കൊണ്ട്
രാത്രിക്കും തഴമ്പ്

മഴ കൊണ്ടുണ്ടായ
തഴമ്പിനെ പറ്റി
മണ്ണാണ് പറഞ്ഞത്

കാത്തിരിപ്പിന്റെ
തഴമ്പ് കൊണ്ട
വഴിയമ്പലങ്ങള്‍

പിറകില്‍ കത്തി സൂക്ഷിച്ച
സൌഹൃദങ്ങള്‍ക്കൊക്കെ
സ്ഥാനത്തും അസ്ഥാനത്തും
തഴമ്പുകള്‍

കേട്ട് കേട്ട്
ചെവി തഴമ്പിച്ചു
തീ പ്രണയമെന്നു നീ

ഇതൊക്കെ കണ്ടും കേട്ടുമാണ്
എനിക്ക് മനസ്സില്‍
തഴമ്പുണ്ടായത്