kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Tuesday, January 14, 2014

7:15 AM

ഹൈക്കു കവിതകള്‍

                        
**********
ഇലയനക്കരുത്
ശലഭമെങ്ങാനും
പറന്നു പോയാലോ ?
**********

മകരമഞ്ഞില്‍
ചിറകു കുടയുന്നു
രാപ്പക്ഷി
 
*******

ഞരമ്പ് മഞ്ഞച്ച
ഒരില ,താഴേക്ക്
ഇടറിയിടറി
*************

പരുന്തിന്നൊച്ച
അമ്മച്ചിറകിന്നടിയില്‍
പേടിക്കണ്ണുകള്‍

Sunday, January 12, 2014

4:10 AM

ആമോദം

ആമോദം 

കത്തുന്ന കാടും 
മറച്ചു വച്ച് 
അലറുന്ന കടലും 
ഒളിച്ചു വച്ച് 

പേ പിടിചോടുന്ന 
കാറ്റിനെയും 
വിളറി വെളുത്ത 
പകലിനെയും
ദുസ്വപനങ്ങള്‍ പതുങ്ങിവന്നു
കട്ടെടുത്തൊടുക്കിയ
പാഴ്രാത്രിയും

ചോളിലൊരു
ഭാണ്ഡത്തിലിറുക്കി വച്ച്
ഒന്നും മറക്കാനാവതല്ലെന്കിലും
എല്ലാം മറന്നെന്നു
കോറിവച്ച്

ആമോദയാത്രയ്ക്ക്
പോകുന്നു ഞാന്‍
നിഴലേ നീ കൂട്ട് പോരണ്ട
വഴിയിലെ ഇരുട്ടില്‍
നിന്നെ കാണാണ്ടെ പോയാലോ..
4:08 AM

അനന്തരം

അനന്തരം 

കൊക്കൂണിനുള്ളില്‍ നിന്ന്
പുഴു ചോദിച്ചു 
പുറത്താരാണ്..?
വട്ടമിട്ട ശലഭം പറഞ്ഞു 
ഞാന്‍ തന്നെ 

പുഴു സമാധിയിലേക്ക് 
ഒളിച്ചുചുരുണ്ടു..

ശലഭം പുഴുവിനോട് ചോദിച്ചു
അകത്താരാണ്.?
പുഴു പറഞ്ഞു
നീ തന്നെ

അനന്തരം തോടുപൊട്ടിച്ച്‌
ശലഭത്തോടൊപ്പം
മറ്റൊരു ചിറകായി
പുഴു പറന്നിറങ്ങി
4:06 AM

അല്‍ഷിമേഴ്സ്‌

അല്‍ഷിമേഴ്സ്‌

അപ്പോള്‍ മുതലാണ്‌ അയാള്‍ക്ക്‌ 
ബാരക്കുകളില്‍ കാവലിരിക്കുന്ന 
മുങ്ങിക്കപ്പലുകളില്‍ ഒളിഞ്ഞിരിക്കുന്ന 
പോര്‍വിമാനങ്ങളില്‍ പറക്കുന്ന 
പട്ടാളക്കാരെ പറ്റി ആലോചന വന്നത് 
ഭൂപടം അരിച്ചു പെറുക്കാന്‍ തുടങ്ങിയത് 

പിന്നീടാണയാള്‍
ആകുലതകള്‍ കനപ്പിച്ച
സംസ്ഥാനാതിര്ത്തികള്‍ കാണാന്‍ തുടങ്ങിയത്

ജില്ലകള്‍ ,ഗ്രാമങ്ങള്‍ ഒക്കെ
ചിലന്തി വലപോലെ നേര്‍ത്ത
അതിരിട്ടു
വേര്‍തിരിച്ചു നോക്കാന്‍ തുടങ്ങിയത്

പിന്നെ പിന്നെ
പുരയിടത്തിനു ചുറ്റുമായി
അതിരിറക്കുന്ന അയല്‍ക്കാരനെ
പറ്റി പുലഭ്യമായി
ഇടയ്ക്കിടെ വേലിക്കരികില്‍
പോയി നോക്കലായി

ഇപ്പോള്‍
മക്കളോടുള്ള അതിര് തേടലാണ്
അതിഥികളോടുള്ള അതിര്
ബന്ധുക്കളോടുള്ള അതിര്
ആത്മാവിനോടുള്ള അതിര്
അവനവനോടെത്തുമ്പോള്‍
മരണത്തോടുള്ള അതിര്
4:04 AM

മൂവന്തി

മൂവന്തി

മൂവന്തിക്കാണ് 
ദുരിതം ..
പകലിന്റെ പരാതി 
കേള്‍ക്കണം ..
നിലാവിന്റെ പരിഭവം 
കാണണം ..
ചേക്കേറാന്‍ പോകുന്ന
പകല്‍ക്കിനാവുകളോട് 
യാത്ര പറയണം
സ്വപ്നങ്ങളില്‍ അടയിരിക്കുന്ന
രാക്കിളികള്‍ക്ക്
കൂടോരുക്കണം ..
4:04 AM

ഒറ്റവരി കവിതകള്‍

ഒറ്റവരി കവിതകള്‍ 


1.ഒരു തുന്നലിനും മറയ്ക്കാനാവാത്ത കീറലാണ് ഓര്‍മ്മകള്‍

2.എന്നിലേക്ക് കൊട്ടിയടക്കുന്നു എല്ലാ വാതിലുകളും

3.മഴവില്ല് ഒരു ചതിയാണ്

4.പെയ്യണ്ട ...വല്ലാതെ പൊള്ളുന്നു

5.എല്ലാ ഇലകളും കൊഴിയുമ്പോള്‍ ഒറ്റപ്പെട്ടു പോകും ഏതു വന്‍മരവും