kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Sunday, March 23, 2014

7:46 PM

ആര്‍ക്കോ വേണ്ടി

ആര്‍ക്കോ വേണ്ടി 
മണ്ണിനു
മഴയോടാണ് പ്രേമം
മണ്ണ്
മഴ കാത്തു കിടക്കുമ്പോള്‍
മഴയ്ക്ക്‌ പക്ഷെ
കാറ്റിനോടാനാണ് പ്രേമം
കാറ്റിനൊപ്പം
യാത്രപോകാന്‍
മഴ ഒരുങ്ങിയിരിക്കുംപോള്‍
കാറ്റിനു പക്ഷെ
വെയിലിനോടാണ് പ്രേമം
മണ്ണിനെ കടാക്ഷിച്ചു
മഞ്ഞ് പരിഭവം പറയുന്നു
ഇതിനിടയില്‍
യാത്രാമൊഴികളുടെകാട്ടുതീയില്‍
വിരഹം
കരിഞ്ഞുണങ്ങുന്നു
നിരാശയുടെ
കണ്ണീര്‍ചാലുകള്‍
ഉറവ വറ്റി ഒടുങ്ങുന്നു
കാത്തിരിപ്പിന്റെ
സന്ധ്യകള്‍
ചുട്ടു പൊള്ളുന്നു
കൊന്ന മരങ്ങള്‍ മാത്രം
ഇലകള്‍ എല്ലാം പൊഴിച്ച്
ഒന്നുമാലോചിക്കാതെ
ആര്‍ക്കോ വേണ്ടി
താലിയോരുക്കുന്നു ..
7:45 PM

വഴിപോക്കാ

വഴിപോക്കാ 


ആ മുറ്റത്തിന്‍ മൂലയില്‍ 
പൊട്ടിച്ചിതറി കിടപ്പുണ്ട് 
നീ സമ്മാനിച്ച 
കുപ്പിവളകള്‍
കുപ്പത്തൊട്ടിയിലുണ്ട്
നിന്റെ കണ്ണീര്‍
വീണു പരന്ന
പാതിരാക്കുറിപ്പുകള്‍
തൊടിയിലൊരു
നോക്കുകുത്തി
അണിഞ്ഞു നില്‍പ്പുണ്ട്
നീ സമ്മാനിച്ച ചുകപ്പില്‍
വെള്ളപ്പൂക്കള്‍ തുന്നി വച്ച
അനുരാഗപ്പുടവ
പൊട്ടിയടര്‍ന്നു
കിടപ്പുണ്ടാകും
രണ്ടിണക്കിളികള്‍
കൊക്കുരുമ്മിയിരുന്ന
പളുങ്ക് പ്രതിമ
ഇതളുകള്‍ എല്ലാം കൊഴിഞ്ഞു
ചവിട്ടി തേഞ്ഞു കിടപ്പുണ്ടാകും
ആ മഞ്ഞപ്പൂക്കൂട
കുത്തഴിഞ്ഞു
കീറി കിടപ്പുന്ടാം
മഴവില്ലുകള്‍
വരച്ചു വച്ച
നിന്റെ കിനാപ്പുസ്തകം
നീ ചികഞ്ഞു നോക്കണ്ട
എല്ലാ ഓര്‍മകളും
ചീഞ്ഞു പോയിരിക്കുന്നു
നീ തിരയണ്ട
എല്ലാ വാക്കുകളും
പഴകി ദ്രവിചിരിക്കുന്നു
ഹൃദയത്തിന്റെ
ആകൃതിയുണ്ടായിരുന്ന
ആ ഘടികാരത്തില്‍
ഇപ്പോള്‍ നിനക്കായി
സമയം ബാക്കിയുണ്ടാവില്ല
ഒരു കള്ളനോ
പിച്ചക്കാരനോ ആയി
വളര്‍ത്തു പട്ടി
മുദ്രയടിക്കും മുമ്പ്
പടിപ്പുര കടന്നു പോകുക
വഴിപോക്കാ ...
7:43 PM

ഒറ്റ വരികള്‍

ഒറ്റ വരികള്‍ 


*പാട്ട് നിര്‍ത്താന്‍ മാത്രം എന്റെ സ്വരം നന്നോ?
*ഒന്നിലും അഭയം ഇല്ല ,അതുകൊണ്ടിപ്പോള്‍ ഭയം ഇല്ല
*കുട ചോദിക്കുന്നു ,ഇണ എവിടെ ?
*ഒന്ന് പിടിചിരുന്നെന്കില്‍ ഞാന്‍ വീഴുമായിരുന്നോ ?
*അവസാനത്തെ ആണി നീ അടിക്കണോ ഞാന്‍ അടിക്കണോ ?
*എനിക്ക് വേണ്ടി നീ ഒരു അരുവിയാവുക
*മൌനം തന്നെയാണ് ഏറ്റവും വലിയ ശിക്ഷ
*കെട്ടി ഇട്ടതു കൊണ്ടാണ് കെട്ടുപൊട്ടിച്ചത്
*ഇടനെഞ്ചില്‍ അടയിരിക്കുന്നു ഓര്‍മതന്‍ പക്ഷി
7:42 PM

നാടകം

നാടകം 


ആദ്യം അതിനെന്നോട് 
ദേഷ്യമായിരുന്നിരിക്കണം 
പടിക്കല്‍ കാണുമ്പോള്‍ തന്നെ 
കൂട്ടില്‍ കിടന്നു 
പരാക്രമം കാണിക്കുമായിരുന്നു 
ശാസന കേട്ടാലും ആവര്‍ത്തിച്ചു 
സംശയത്തോടെ ,
ഒരാങ്ങളയെപ്പോലെ 

പിന്നീടതിനു
മയം വന്നു തുടങ്ങി
ചെരിപ്പുകള്‍ ഊരിവച്ച്ചു
വാതില്‍ പതിയെ തുറന്നു
ഉള്ളില്‍ കടന്നാലും
അത് മിണ്ടാതെ കിടക്കുമായിരുന്നു
സഹതാപമായിരിക്കണം

പിന്നെ പിന്നെ
കൂട്ടിനടുത്ത് ചെന്ന്
തിന്നാന്‍ വല്ലതും
ഇട്ടു കൊടുക്കുമ്പോള്‍
അത് പിറകിലേക്ക് നീങ്ങി
പുച്ഛഭാവത്തോടെ
വാലിന്റെ തുമ്പില്‍
ചെറിയ ഒരു അനക്കം കാണാം

യാത്ര പറഞ്ഞു ഞങ്ങള്‍
കൈ വീശുമ്പോള്‍
എല്ലാം എനിക്കറിയാം
എന്നൊരു ധ്യാനഭാവം
ധ്വനി വച്ച ചില മുരളിച്ചകള്‍

അഴിച്ചു വിട്ട
ചിലനേരങ്ങളിലും
ഒരിക്കലും കടിച്ചിട്ടില്ല
ദയാലുവായിരിക്കണം
ഇടവഴിവരെ പിന്തുടരുമ്പോള്‍
ഇരുത്തം വന്ന
കാരണവരെ പോലെ

സ്നേഹിതയുടെ വീട്ടിലെ നായ
ഒരു മഹാനടനാണ്

Friday, March 14, 2014

8:11 AM

ഒറ്റ വരി കവിതകള്‍



ഒറ്റ വരി കവിതകള്‍ 

പറിച്ച ചങ്ക് നീ തിരികെ തന്നു ,പക്ഷെ എവിടെയെന്റെ ഗാനം ?

നക്ഷത്രങ്ങള്‍ കണ്ണീര്‍ തിളക്കങ്ങള്‍

ഇടനെഞ്ചില്‍ അടയിരിക്കുന്നു ഓര്‍മതന്‍ പക്ഷി

സീതയെ ശുദ്ധിയാക്കാന്‍ മാത്രം 
ശുദ്ധിയുള്ളയഗ്നിയുണ്ടോ രാമന്നുള്ളില്‍

സതി അനുഷ്ഠിച്ച് ചില വാക്കുകള്‍

ചാകുന്നവന് അറിയില്ല കൊല്ലുന്നവന്റെ വേദന

കെട്ടി ഇട്ടതു കൊണ്ടാണ് കെട്ടുപൊട്ടിച്ചത്

8:11 AM

കുറുങ്കവിതകള്‍

ചിലത് 

മൗനം
ഭ്രാന്തും 
ചങ്ങലയും 
തമ്മിലുള്ള 
നൂല്‍പ്പാലം 

മൗനം..
നീയും ഞാനും 
തമ്മിലുള്ള
ഇരുട്ടുവഴി

മൗനം
ഉരുകി ഉരുകി
തീരുന്ന
ആത്മാക്കളുടെ
സംഗീതം


സമാധി

കാറ്റില്‍ 
ഇടം വലം ആടുന്നുണ്ട് 
ആരെയോ കാതരം 
പാളി നോക്കുന്നുണ്ട് 

ഇടയ്ക്ക് 
ആത്മാവോളം ഒളിക്കുന്നുണ്ട് 
പിന്നെ 
അത്രത്തോളം തന്നെ
തെളിഞ്ഞു നില്‍ക്കുന്നുണ്ട്

ഈയാംപാറ്റകള്‍ പോലെ
ഓര്‍മ്മകള്‍
ചിറകറ്റു വീഴുന്നുണ്ട്
കരിഞ്ഞു പോകുന്നുണ്ട്

പാലിക്കാന്‍ കഴിയാതെ പോയ
സത്യങ്ങള്‍ ഒക്കെയും
കൈവെള്ളയിലിപ്പോഴും
പൊള്ളിക്കിടപ്പുണ്ട്

ജീവിതത്തിന്റെ മൂവന്തിയില്‍
തിരിഞ്ഞുനോക്കുമ്പോള്‍
പുകഞ്ഞു ഒടുങ്ങുന്നുണ്ട്
ഞാന്‍ നിനക്ക് കത്തിച്ച
അന്തിത്തിരി
8:10 AM

ദൃഷ്ടി

ദൃഷ്ടി 


സത്യത്തില്‍ 
ആന അവരെ പറ്റിച്ചതായിരുന്നു 

ഒന്നാമത്തെ ആള്‍
വന്നു തൊട്ടു നോക്കിയപ്പോള്‍ 
ആന ഒരു തൂണ് പോലെ 
ഒതുങ്ങി നിന്നതായിരുന്നു 

രണ്ടാമത്തെ ആള്‍
വിരലോടിച്ചപ്പോള്‍
ആന ഒരു മുറം പോലെ
ചുരുങ്ങി നിന്നതായിരുന്നു

മൂന്നാമനു മുമ്പില്‍
ആന ഒരു പരുമ്പായി
പരന്നന്നതായിരുന്നു

നാലാമന് മുമ്പില്‍
ആന ഒരു ചൂലായി
എന്തൊക്കെയോ അടിച്ചു വാരി

വന്നവരാരും കുരുടന്മാര്‍
ആയിരുന്നില്ല ലോകരെ
വല്ലാത്ത കാഴ്ച്ചയുള്ളവര്‍ ആയിരുന്നു

കൊതിയുടെ കുളത്തില്‍
ഇറങ്ങിപിന്നെ കേറാതെയും
നിനച്ചിരിക്കാത്ത നേരത്ത് ഇടഞ്ഞും
സമയാസമയത്ത് മദമിളക്കിയും
പതിവുപോലെ
ആനകള്‍ നമ്മളെ പറ്റിക്കുകയായിരുന്നു
7:49 AM

ലിംഗരൂപികളായ നിഴലുകള്‍

ലിംഗരൂപികളായ നിഴലുകള്‍ 

അവന്‍ എന്നാല്‍ 
പുരുഷന്‍ ,കള്ളന്‍, 
ബാലന്‍ എന്നാല്‍ 
പുല്ലിംഗവും
അവള്‍ എന്നാല്‍ 
സ്ത്രീ ,കള്ളി ,
ബാലിക എന്നാല്‍ 
സ്ത്രീലിംഗവും ആണെന്ന് 
വ്യാകരണ ക്ലാസ്സില്ലാണ്
ആദ്യം അറിഞ്ഞത്

അതുവരെ
കല്ല്‌ ,കള്ളം ,എന്നിവ പോലെ
എല്ലാം നപുംസക ലിംഗങ്ങളും
ആളുകള്‍ മൃഗങ്ങള്‍ കുട്ടികള്‍
അവര്‍ എന്ന പോലെ
അലിംഗങ്ങള്‍ ആയും
അചേതനങ്ങളും ആയും
നിലനിന്നിരിക്കണം

നിഴലുകള്‍
വേര്‍തിരിവില്ലാതെ
കൂടിപ്പിണഞ്ഞും
വ്യാകരണത്തെ പറ്റി
വ്യാകുലപ്പെടാതെയും
കഴിഞ്ഞു പോരുകയായിരുന്നു

പെട്ടെന്നൊരു ദിവസമാണ്
നിഴലുകളില്‍
ലിംഗഭേദം തിരഞ്ഞു തുടങ്ങിയത്

അപ്പോള്‍ ,
അപ്പോള്‍
പേശികള്‍ പെരുപ്പിച്ചു
കൂര്‍ത്ത് നോക്കുന്ന ,ചിലപ്പോളൊക്കെ
തല കുനിച്ചു നില്‍ക്കുന്ന
ആണ്‍ നിഴലും
കാല്‍ നഖം കൊണ്ട്
ചിത്രം വരയ്ക്കുന്ന
വാതില്‍ പഴുതില്‍ നിന്നും
പാളി നോക്കുന്ന ,
ചിലപ്പോളൊക്കെ
മുടിയഴിച്ചാടുന്ന
പെണ്‍ നിഴലും
ഗൃഹപാഠപുസ്തകം
നിറഞ്ഞു തുടങ്ങി

അച്ഛന്‍ അമ്മ
തന്ത തള്ള
പോത്ത് എരുമ
കാള പശു
എന്നിവയൊക്കെപ്പോലെ

ആണ്‍ സൈക്കിള്‍
പെണ്‍ സൈക്കിള്‍
ആണ്‍ പേന
പെണ്‍ പേന ,
ആണ്‍ റോഡ്‌
പെണ്‍ റോഡ്‌ ,
ആണ്‍ കിണര്‍
പെണ്‍കിണര്‍ ..
പിന്നിങ്ങനെ സര്‍വതിലും
ലിംഗഭേദം തിരയുവാന്‍
പ്രാപ്തനാക്കിയ
വ്യാകരണ പുസ്തകമേ
ജീവിതമേ
നിന്നോടിപ്പോള്‍ എനിക്ക്
വെറുപ്പെന്ന ലിംഗാതീതമായ
വികാരം മാത്രം
നരച്ചു പൊന്തുന്നു ..
7:48 AM

അടക്കം

അടക്കം 

കരഞ്ഞു കൊണ്ടാണെങ്കിലും 
കണ്ണുകള്‍ തിരുമ്പി അടച്ചു 
കോടിപ്പോയ ചുണ്ടുകള്‍ 
ചേര്‍ത്ത് വച്ചു
കാലുകള്‍ കൂട്ടിക്കെട്ടി
മൂക്കില്‍ പഞ്ഞി വച്ചു 
മതിയാവാതെ മതിയാവാതെ 
നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചു 
കച്ച പുതപ്പിച്ചു

തുളസിയില മുക്കി
പിന്നെയും പിന്നെയും
വെള്ളം നല്‍കി
വായ്ക്കരിയിട്ടു

ഇനി തെക്കോട്ടിറക്കമാണ്
ഓര്‍മ്മകള്‍ വെറുതെ
പുലമുറയിട്ടു ..

കുറച്ചു ദിവസം കഴിയുമ്പോള്‍
മന്കൂനയുടെ ചുകപ്പ് വിടും
പുല്ലുമൂടും

അത് വരെയെങ്കിലും ചങ്കിലിങ്ങനെ
നീറി നില്‍ക്കുക പ്രണയമേ
1:21 AM

പരിണാമം

പരിണാമം 

നിരയായി കിടക്കുന്നുണ്ട് 
ആംബുലന്‍സുകള്‍ 

പല നിറം പൂശി 
പല ബോര്‍ഡുകള്‍ പേറി 
പല പാട്ടുകള്‍ വച്ച് 
വശീകരിച്ചു വിളിക്കുന്നു 

ഞാനോന്നില്‍ കയറി
ശ്വാസമടക്കി കിടന്നു
പരിക്കെറ്റ്വനായി
പക്ഷാഘാതം വന്നവനായി
ഹൃദയം പിണങ്ങിയവനായി ,
ചില വേള ശവമായി

കയറില്‍ തൂങ്ങിയവളായി
വിഷം തീണ്ടിയവളായി
പ്രസവ വേദനയോടെയും
നീയോന്നില്‍ കയറി ,

തീ പിടിച്ചവരായി
പൊട്ടിത്തെറിച്ചവരായി
പലര്‍ പലതില്‍ കയറി

ഇടത്തോട്ടോന്നുപായുന്നു
വലത്തേക്കൊന്നു പായുന്നു
നില വിളിച്ചു കൊണ്ട്
കണ്ണില്‍ നിന്നും തീ പാറിച്ചു
അതി വേഗത്തില്‍
സാരഥിക്ക് ദൂരെയെങ്ങോയുള്ള
ഒരേ ലക്‌ഷ്യം മാത്രം

എതിരെ വരുന്ന ഓരോ വാഹനവും
കാല്‍ നടക്കാരനും
പട്ടിയും പൂച്ചയും
ഭയന്നു വശമൊതുങ്ങുന്നു

എന്തൊക്കെയോ തട്ടിത്തെറിപ്പിക്കുന്നു
ഞാന്‍ ,നീ ,പട്ടി പൂച്ച കോഴി
അവര്‍ ,പലര്‍ ,
ആരൊക്കെയോ ചതയുന്നു

ചിലര്‍ ഓപ്പറേഷന്‍ മേശയിലേക്ക്
ചിലര്‍ മോര്‍ച്ചറിയിലേക്ക്
ചിലര്‍ ശ്മശാനത്തിലേക്ക്
ചുരുക്കം ചിലര്‍ ജീവിതത്തിലേക്ക് ..

എപ്പോള്‍ മുതലാണ്‌
ബസ്‌ സ്റ്റാന്‍ഡില്‍
ആംബുലന്‍സുകള്‍
പാര്‍ക്ക്‌ ചെയ്യാന്‍ തുടങ്ങിയത് ?
1:19 AM

മരണം

മരണം 

വീട് കുടിയിരുന്നതിന്റെ 
അടുത്ത ദിവസമാണ്
അതും എത്തിയത് ,
മീശയൊക്കെ വിറപ്പിച്ചു 
എന്തോകെയോ എല്ലായിടത്തും 
തിരഞ്ഞു നടക്കും ,

രാത്രിയിലോക്കെ പാത്രങ്ങള്‍ 
തട്ടിമറിയുന്ന ഒച്ച കേട്ടുകൊണ്ടാണ്
മാസങ്ങളായി ഞങ്ങള്‍
പിരിഞ്ഞു കിടക്കുന്ന
സ്വപനങ്ങളില്‍ നിന്നുമുണര്‍ന്നു
പിന്നെയും ചേര്‍ന്ന് പോകുന്നത്

രാവിലെ നോക്കുമ്പോള്‍
സോപ്പിന്റെ പാതി കാണില്ല
കുമ്പളങ്ങമുറിയില്‍
ഗുഹാചിത്രങ്ങള്‍ വരച്ചിരിക്കും
ഡയരിയുടെ പേജുകള്‍
പാതിയില്‍ കീറി പോയിരിക്കും

കടുക് ,വെളിച്ചെണ്ണയൊക്കെ
മോചനം തേടി
അടുക്കള മിക്കവാറും
ഒരു യുദ്ധഭൂമി ആയിരിക്കും
പകലൊക്കെ അതിനെ കാണുമ്പോള്‍
അവള്‍ ചൂലെടുത്ത്
പിറകെ ഓടുന്നത് കാണാം

അവസാനമാണ് വിഷം വയ്ക്കാന്‍
അത്താഴ മേശയില്‍
അത്യപൂര്‍വമായി
സംയുക്ത തീരുമാനം

പിറ്റേന്ന് ജോലിക്കിറങ്ങുംപോള്‍
ചായക്ക് പഞ്ചസാര കഴിഞ്ഞെന്നും
പച്ചക്കറി വാങ്ങണമെന്നും
പറഞ്ഞ കൂട്ടത്തില്‍
വിഷം വിഷം എന്ന് അവള്‍
രണ്ടാവര്ത്തി മന്ത്രിച്ചു ..

അങ്ങിനെ അതിനു ഏറ്റവും ഇഷ്ടപ്പെട്ട
തേങ്ങാപ്പൂളില്‍ തന്നെ
സുലഭം തേച്ചു പിടിപ്പിച്ചു
കിണര്‍ അടക്കം വീട്ടിലെ
എല്ലാ ജലാശയങ്ങളും
അടച്ചു വച്ചു ,
ദാഹിക്കുമ്പോള്‍ വെള്ളം കിട്ടരുത്

പതിവിനു വിപരീപ്തമായി
അടുക്കളയ്ക്കും വര്‍ക്ക്‌ എരിയക്കും
അതിരിട്ട വാതില്‍ അല്പം തുറന്നു വച്ച്
അതിന്റെ വരവിനെ
സ്വാഗതം ചെയ്തു ...

പിറ്റേന്ന് രാവിലെ അതിന്റെ ശവം
കണ്ടുകൊണ്ടാണ്
നടക്കാന്‍ ഇറങ്ങുന്നത്
കൈകള്‍ കൂപ്പിപ്പിടിച്ചു
കണ്ണുകള്‍ പാതിയടച്ചു
വാ അല്പംവിടര്‍ത്തി
ഏതോ ധ്യാനമന്ത്രം ചൊല്ലിയാവണം
അത് വിഷം തിന്നത്
അവസാനംകരണ്ടിരുന്ന
കടലാസുകൊണ്ട് തന്നെ
വാലില്‍ തൂക്കിപ്പിടിച്ച്
ആരും കാണാതെ പാതയുടെ
അരികു ചാലിലേക്ക് വലിച്ചെറിഞ്ഞു

അന്ന് രാത്രി വീട് നിശബ്ദമായിരുന്നു
പാതിരാത്രിയില്‍ എഴുനെറ്റിരുന്നു
അവള്‍ പറയുകയാണ്‌
അതിനെ കൊല്ലണ്ടായിരുന്നു
അതുല്ലപ്പോള്‍ വീട്ടില്‍
പകലൊക്കെ ഒരു കൂട്ടുള്ള
പോലായിരുന്നു
വല്ലതുമൊക്കെ മിണ്ടിയും പറഞ്ഞും
ഇരിക്കാമായിരുന്നു
ഇരുട്ടാകുമ്പോള്‍ ഒരനക്കമോക്കെ
ഉണ്ടായിരുന്നു
ഇതിപ്പോള്‍ വീടാകെ ഉറങ്ങിയപോലെ

അത് കരണ്ട് കീറിയ ചുകപ്പ് മാക്സിയില്‍
തുന്നിക്കൂട്ടിയ പാടില്‍ വിരലോടിച്ചു
പിന്നെയും അവള്‍ പറയുകയാണ്‌
അതിനെ കൊല്ലണ്ടായിരുന്നു
1:17 AM

വൃന്ദാവനം

വൃന്ദാവനം


മൂത്ത മകന്‍
വില്ല വാങ്ങി മാറി
അവനും അവള്‍ക്കും
നഗരത്തിലാണല്ലോ ജോലി
രണ്ടാമത്തവന്‍
ഫ്ലാറ്റില്‍ വാടകയ്ക്ക്
കുട്ടികള്‍ക്ക് സ്കൂളെത്താന്‍
എളുപ്പത്തിനായി
ആറ്റുനോറ്റ് പിറന്ന
പെണ്ണൊരുത്തി
പായാരവും പരിവട്ടവുമായി
കാണാമറയത്ത്
ഇന്നലെ വരെ ഒപ്പമുണ്ടായിരുന്ന
ഇളയവന്‍ പുതിയ വീട് വച്ചു
കുട്ടികളുടെ കളിചിരികള്‍ നിലച്ചു
മുത്തച്ചനും ,മുത്തച്ചിയും
മച്ചകത്തിപ്പോള്‍ ഒറ്റക്കായി
വൃന്ദാവനം എന്ന വീട്ടുപേര്
പറിച്ചു കളഞ്ഞു
നാരായണന്‍ മാഷ്‌
വീടിനു വൃദ്ധസദനം
എന്ന് പേരിട്ടു ...