Friday, March 14, 2014

മരണം 

വീട് കുടിയിരുന്നതിന്റെ 
അടുത്ത ദിവസമാണ്
അതും എത്തിയത് ,
മീശയൊക്കെ വിറപ്പിച്ചു 
എന്തോകെയോ എല്ലായിടത്തും 
തിരഞ്ഞു നടക്കും ,

രാത്രിയിലോക്കെ പാത്രങ്ങള്‍ 
തട്ടിമറിയുന്ന ഒച്ച കേട്ടുകൊണ്ടാണ്
മാസങ്ങളായി ഞങ്ങള്‍
പിരിഞ്ഞു കിടക്കുന്ന
സ്വപനങ്ങളില്‍ നിന്നുമുണര്‍ന്നു
പിന്നെയും ചേര്‍ന്ന് പോകുന്നത്

രാവിലെ നോക്കുമ്പോള്‍
സോപ്പിന്റെ പാതി കാണില്ല
കുമ്പളങ്ങമുറിയില്‍
ഗുഹാചിത്രങ്ങള്‍ വരച്ചിരിക്കും
ഡയരിയുടെ പേജുകള്‍
പാതിയില്‍ കീറി പോയിരിക്കും

കടുക് ,വെളിച്ചെണ്ണയൊക്കെ
മോചനം തേടി
അടുക്കള മിക്കവാറും
ഒരു യുദ്ധഭൂമി ആയിരിക്കും
പകലൊക്കെ അതിനെ കാണുമ്പോള്‍
അവള്‍ ചൂലെടുത്ത്
പിറകെ ഓടുന്നത് കാണാം

അവസാനമാണ് വിഷം വയ്ക്കാന്‍
അത്താഴ മേശയില്‍
അത്യപൂര്‍വമായി
സംയുക്ത തീരുമാനം

പിറ്റേന്ന് ജോലിക്കിറങ്ങുംപോള്‍
ചായക്ക് പഞ്ചസാര കഴിഞ്ഞെന്നും
പച്ചക്കറി വാങ്ങണമെന്നും
പറഞ്ഞ കൂട്ടത്തില്‍
വിഷം വിഷം എന്ന് അവള്‍
രണ്ടാവര്ത്തി മന്ത്രിച്ചു ..

അങ്ങിനെ അതിനു ഏറ്റവും ഇഷ്ടപ്പെട്ട
തേങ്ങാപ്പൂളില്‍ തന്നെ
സുലഭം തേച്ചു പിടിപ്പിച്ചു
കിണര്‍ അടക്കം വീട്ടിലെ
എല്ലാ ജലാശയങ്ങളും
അടച്ചു വച്ചു ,
ദാഹിക്കുമ്പോള്‍ വെള്ളം കിട്ടരുത്

പതിവിനു വിപരീപ്തമായി
അടുക്കളയ്ക്കും വര്‍ക്ക്‌ എരിയക്കും
അതിരിട്ട വാതില്‍ അല്പം തുറന്നു വച്ച്
അതിന്റെ വരവിനെ
സ്വാഗതം ചെയ്തു ...

പിറ്റേന്ന് രാവിലെ അതിന്റെ ശവം
കണ്ടുകൊണ്ടാണ്
നടക്കാന്‍ ഇറങ്ങുന്നത്
കൈകള്‍ കൂപ്പിപ്പിടിച്ചു
കണ്ണുകള്‍ പാതിയടച്ചു
വാ അല്പംവിടര്‍ത്തി
ഏതോ ധ്യാനമന്ത്രം ചൊല്ലിയാവണം
അത് വിഷം തിന്നത്
അവസാനംകരണ്ടിരുന്ന
കടലാസുകൊണ്ട് തന്നെ
വാലില്‍ തൂക്കിപ്പിടിച്ച്
ആരും കാണാതെ പാതയുടെ
അരികു ചാലിലേക്ക് വലിച്ചെറിഞ്ഞു

അന്ന് രാത്രി വീട് നിശബ്ദമായിരുന്നു
പാതിരാത്രിയില്‍ എഴുനെറ്റിരുന്നു
അവള്‍ പറയുകയാണ്‌
അതിനെ കൊല്ലണ്ടായിരുന്നു
അതുല്ലപ്പോള്‍ വീട്ടില്‍
പകലൊക്കെ ഒരു കൂട്ടുള്ള
പോലായിരുന്നു
വല്ലതുമൊക്കെ മിണ്ടിയും പറഞ്ഞും
ഇരിക്കാമായിരുന്നു
ഇരുട്ടാകുമ്പോള്‍ ഒരനക്കമോക്കെ
ഉണ്ടായിരുന്നു
ഇതിപ്പോള്‍ വീടാകെ ഉറങ്ങിയപോലെ

അത് കരണ്ട് കീറിയ ചുകപ്പ് മാക്സിയില്‍
തുന്നിക്കൂട്ടിയ പാടില്‍ വിരലോടിച്ചു
പിന്നെയും അവള്‍ പറയുകയാണ്‌
അതിനെ കൊല്ലണ്ടായിരുന്നു

3 comments:

  1. ഒരുപാട് അക്ഷരത്തെറ്റുകള്‍ ഉണ്ട് പരിഹരിയ്ക്കണേ...സഹ ജീവികളോടുള്ള നമ്മുടെ സ്നേഹം ഇങ്ങനെയാണല്ലോ ...എന്തെങ്കിലും ഉപദ്രവിക്കുമ്പോഴുള്ള ദേഷ്യമല്ലേ ഉള്ളൂ .........

    ReplyDelete
  2. മാഷ് കണ്ടെത്തിയ ആശയം അത്രകണ്ട് പുതുമയില്ലാത്തതാണെന്നു തോന്നുന്നു. അവതരണം മോശമായില്ല എന്നേ പറയാൻ കഴിയൂ. അക്ഷരത്തെറ്റുകൾ ധാരാളം (. എന്തോകെയോ,രാത്രിയിലോക്കെ, സ്വപനങ്ങളില്‍ ..)

    ReplyDelete
  3. രസകരമായി തോന്നി. വിഷാദമായി തുടങ്ങി ചിരിയിൽ അവസാനിപ്പിച്ചു. അഭിനന്ദനങ്ങൾ. അധികം വായിക്കാത്തത് കൊണ്ടാവും എനിക്ക് നല്ല പുതുമ തോന്നി

    ReplyDelete