Thursday, April 17, 2014

ഇത്തിരി കവിതകള്‍ഇത്തിരി കവിതകള്‍ 
തണല്‍ 

മരത്തിനു തണലുണ്ട്
പക്ഷെ 
മരത്തിന് തണലെവിടെ ?

ചിത

ഉള്ളിലൊരു ചിത കത്ത്തുമ്പോളും 
ഉണ്ണികള്‍ക്കൊപ്പം,
പൂത്തിരി കത്തിച്ചു ചിരിച്ചു ഞാന്‍

കണി 

വിഷുക്കണി ,
അരിച്ച്ചെത്തുന്നു
ഉറുമ്പുവിശപ്പ്‌

വേദന 

കമ്പികളെല്ലാം
പൊട്ടിപ്പോയി 
വിരലുകളെല്ലാം 
ചതഞ്ഞുപോയി 
ചിതല് പിടിച്ച്ചെന്നാകിലും 
മറക്കാതെ പാടുന്നുണ്ട് 
മാനസവീണ

ഇനി 


അറവുശാല
കണ്ണില്‍ കണ്ണില്‍ നോക്കി 
ഇണയിരകള്‍.
കൊന്ന

കാലങ്ങളായി 
അണിഞ്ഞൊരുങ്ങി 
നില്‍ക്കുകയായിരുന്നു 

വാക്കിലും നോക്കിലും 
കടുത്ത വെയിലിലും 
ചിരിക്കുകയായിരുന്നു 

ഇന്നിതാ
മൊട്ടയടിക്കപ്പെട്ട്
താലിപ്പൊന്നു പോലുമില്ലാതെ
കരച്ചിലുകളെല്ലാം
ഉള്ളിലൊതുക്കി
ഒരു വിധവയെപോലെ
പാളങ്ങള്‍

പേക്കിനാക്കള്‍
പിച്ചും പേയും പറഞ്ഞു
പാഞ്ഞു പോകുന്ന രാവുകളി

പാപക്കറകള്‍
അടിച്ചുവാരാന്‍ വേണ്ടി മാത്രം
കണ്ണ് മിഴിക്കുന്ന
പ്രഭാതങ്ങളില്‍

പ്രണയഭംഗങ്ങള്‍
ഉച്ച്ചച്ചൂടില്‍ തേങ്ങുന്ന
പകലുരുക്കങ്ങളില്‍

കൂട്ടി മുട്ടലുകളുടെ
അഭിനയമില്ലാതെ
സമാന്തരമായ പ്രണയമാണ്
സ്വര്‍ഗത്തേക്കാള്‍ ഉപരി
നരകത്തെ നമുക്ക് സ്വീകാര്യമാക്കിയത്

ഒരു യാത്രയും
ഒരു ചുംബനവും
എവിടെയും തുടങ്ങുന്നില്ല
അവസാനിക്കുന്നുമില്ല

പിന്നെതിനാണ്
കൈവീശിയും കെട്ടിപ്പിടിച്ചും
ജീവിതത്തെ ശ്വാസം മുട്ടിക്കുന്നത്

അവന്‍ ഇന്ന് പതിവില്ലാതെ
നേരെത്തെ വരുമായിരിക്കും
പച്ചകണ്ണുകള്‍ കടാക്ഷിച്ചു
വേശ്യകളെ പോലെ നില്‍ക്കുന്നുണ്ട്
വിളക്ക്മരങ്ങള്‍

നീണ്ടു നിവര്‍ന്നു
എല്ലാം മറന്നു
ഉറങ്ങാന്‍
കിടക്കുന്നത് ഒരു സുഖമാണ്

അവന്‍ വന്നു ഉണര്‍ത്താതിരുന്നാല്‍
മതിയായിരുന്നു
തലക്കല്‍ ചുരുട്ടി വച്ച കടലാസില്‍ നിന്ന്
അവനിത് വായിക്കാതിരുന്നാല്‍
മതിയായിരുന്നു
ശ്മശാനം 


എങ്ങിനെ ആണ് 
ഒരു ചിതയ്ക്ക് തീ കൊളുത്ത്തെണ്ടത് ?

മരിച്ചു കിടക്കുന്നത് 
നമ്മള്‍ തന്നെ ആകുമ്പോള്‍ 
ഇനി ഒരിക്കലും 
നമുക്ക് നമ്മളെ തന്നെ 
കാണാന്‍ കഴിയില്ല 
എന്നാകുമ്പോള്‍ 

എങ്ങിനെ ആണ്
ഒരു ചിതയ്ക്ക് തീ കൊളുത്ത്തെണ്ടത് ?

അറുത്തു കളഞ്ഞ കണ്ണികള്‍ ,
പറയാന്‍ എന്തൊക്കെയോ ബാക്കിവച്ച്
ഒന്നും പറയാന്‍ ആകാതെ
മുള്ളുമൂര്ച്ചകളില്‍ കുടുങ്ങി
അവസാനിക്കുമ്പോള്‍
ബാക്കി വച്ച ആഗ്രഹങ്ങള്‍
ഇണങ്ങാന്‍ മറന്ന പിണക്കങ്ങള്‍
ഒന്നിച്ചു കൊണ്ട വെയിലുകള്‍
മഴകള്‍ ,മരുഭൂമികള്‍
ഒക്കെ ഓര്‍മ വരുമ്പോള്‍

എങ്ങിനെ ആണ്
ഒരു ചിതയ്ക്ക് തീ കൊളുത്ത്തെണ്ടത് ?

പ്രതീക്ഷിക്കുന്ന ഒരു മരണം ഉണ്ട്
ഇന്നോ നാളെയോ എന്ന്
കാത്തിരുന്നു പോകുന്നവ

തൊട്ടടുത്ത നിമിഷം വരെ
മുന്നില്‍ കത്തി നിന്നും
ഏതു വീഴ്ചകളിലും നീട്ടി പിടിച്ച
കൈ ആയിട്ടും
ഏതു വെയിലിലും തണല്‍ ആയിട്ടും
അനുഭവപ്പെട്ടു പോകുന്നവ
പെട്ടെന്ന് പിടഞ്ഞു ഒടുങ്ങുംപോള്‍
എല്ലാവരും ചേര്‍ന്ന്
തീക്കൊള്ളി കയ്യില്‍ തന്നു
കൊളുത്താന്‍ പറയുമ്പോള്‍

എങ്ങിനെ ആണ്
ഒരു ചിതയ്ക്ക് തീ കൊളുത്ത്തെണ്ടത് ?

Saturday, April 5, 2014

ഒറ്റ വരികള്‍
*അത്താഴ മേശ പലപ്പോഴും ഒരു കാല്‍വരികുന്നാണ്
*എലിയില്‍ പെട്ട കെണിയോ കെണിയില്‍ പെട്ട എലിയോ ജീവിതം ?
*ഞാന്‍ ഇവിടെ കാത്തിരിക്കുമ്പോള്‍ അവള്‍ മറ്റെവിടെയോ പെയ്യുകയായിരുന്നു
*വേട്ടക്കാരോട് മൃഗത്തിനു ആരാധന തോന്നിത്തുടങ്ങിയ കാലം
തീര്‍പ്പുകള്‍ 

അനന്തതയിലേക്ക് നീളുന്ന 
വൈദ്യുത കമ്പികളില്‍ 
നട്ടുച്ചയ്ക്ക് 
നമുക്ക് കൊക്കുരുമ്മി 
തൂവലുകള്‍ ചിക്കി 
കണ്ണില്‍ കണ്ണില്‍ നോക്കി 
തപസ്സിരിക്കണം 

ഇടയ്ക്ക്
പ്രണയത്തിന്റെ
വേദ പുസ്തകത്തിലെ
ആരും കാണാത്ത വരികള്‍
നീ ഉറക്കെ വായിച്ചു
വിശപ്പ്‌ തീര്‍ക്കണം

ഒട്ടിയ ഹൃദയങ്ങളില്‍ നിന്നും
നമ്മുടെ ഗാനം
നമ്മളില്‍ നിന്നും നമ്മളിലേക്ക് തന്നെ
ഒഴുകിപ്പരന്നു നിറയണം

അപ്പോള്‍ പെട്ടെന്ന്
വൈദ്യതി പ്രവഹിച്ചു
നമ്മള്‍ കരിഞ്ഞു പോയ്ക്കൊള്ളട്ടെ
ഒരു കവണയില്‍
നമ്മള്‍ പിടഞ്ഞു വീഴട്ടെ ..

നമുക്കെന്തിനാണ്
മാംസത്തിന്റെ ഭാരം പേറുന്ന
രണ്ടു ശരീരങ്ങള്‍ ?
ശരണം 

മുണ്ഡനം ചെയ്തിരുന്നത്തിന്റെ മീതെ 

ചന്തത്തില്‍ ഒരു വിഗ്ഗ് വച്ചു 
കാഷായം ഉരിഞ്ഞെരിഞ്ഞു 
കസവുടുത്തു 
തഴമ്പിച്ച നഗ്നപാദങ്ങളെ 
ചെരുപ്പ് ഉടുപ്പിച്ചു
ബോധിവൃക്ഷത്തെ
പുച്ഛത്തോടെ ഒന്ന് നോക്കി
ആശകളെ മുഴുവന്‍
നെഞ്ചോട്‌ ചേര്‍ത്ത് വച്ച്
കൊട്ടാരത്തിലേക്ക്
തിരിച്ചു നടക്കുന്നു
ബുദ്ധന്മാര്‍