kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Tuesday, October 7, 2014

9:17 AM

നില്‍പ്പ്

നില്‍പ്പ്


നില്‍ക്കുകയാണവര്‍ 
പൊള്ളുന്ന കാലുകള്‍
നിറമറ്റ ഭൂമിയിലാഴ്ത്തി
ചൊല്ലുകയാണവര്‍ വേദനകള്‍
കാര്ന്നിട്ട കവിതകള്‍
ലിപിയില്ല താളപ്പെരുക്കമില്ല 

ഉശിരുണ്ട് ഉള്ളില്‍ കനക്കുന്ന 
വിധിയുടെ പോരാട്ട വീര്യമുണ്ട്
കരുത്തുണ്ട് കരിമ്പാറ
പൊട്ടിചെടുക്കും തഴമ്പുണ്ട്

നില്‍ക്കുകയാണവര്‍
പൊള്ളുന്ന കാലുകള്‍
നെഞ്ചിലിലുയരുന്ന
പ്രതിഷേധലാവയും പേറി

കൊടിവച്ച കാറുകള്‍ പറക്കുന്ന
നഗരമാഹാമരുത്തിന്നോരത്തു
നില്‍ക്കുകയാനവര്‍
വിശക്കാത്ത കാലുകള്‍
ഒരു തുടം പാഴ് നീതിക്കായി

പെരുവിരലുകളെന്നോ
ഗുരുദക്ഷിണക്കായി
പിഴുതെടുത്തെ പോയ്‌ കാലം
കിനാവുകളോക്കെയും കണ്ണുപൊട്ടി
ചോരപൊടിയുന്ന നെറ്റിയായ്
അലയുകാണാത്മാവുകള്‍
ഗതി കിട്ടാതേതോ യുഗാന്തരങ്ങള്‍

ഇവരുടെ തളിരിളം മേനി
ഇവരുടെ പേശിക്കരുത്ത്
ഇവരുടെ താളം ,ഇവരുടെ ചുവടുകള്‍
കട്ടെടുത്തോടി അധികാരം

ഇവര്‍ക്കോണമില്ല
നറും കണിയുടെ വിഷുപ്പൂവില്ല
ഇവര്‍ക്കില്ല ഗാന്ധിപ്പിറപ്പും
ഇവര്‍ക്കില്ല ഗാന്ധി മരിപ്പും

ഉള്ളത് ഒരേ സഹനം മാത്രം
അതിനതിരില്ലണികലുമില്ല
മൌനം മ്ഹാമൌനം മാത്രം
ഇവര്‍ക്കായുയരില്ല ശബ്ദം
എങ്കിലും
എങ്കിലും നില്‍ക്കുകയാണവര്‍
പൊള്ളുന്ന കാലുകള്‍
നിറമറ്റ ഭൂമിയിലാഴ്ത്തി
9:16 AM

എന്ത് കൊണ്ടെന്നറിയില്ല

എന്ത് കൊണ്ടെന്നറിയില്ല 

മുറ്റത്തിന്റെ
തെക്കേ മൂലയില്‍ 
മെല്ലിച്ചു 
ഉണങ്ങാന്‍ വെമ്പുന്ന 
ആ ചെടി 
അവള്‍ നട്ടതാണ് 
എന്ത് കൊണ്ടെന്നറിയില്ല 

അതില്‍ ഒരാഴ്ചയായി
ഒരു പൂവുണ്ട്
എടുത്തു പറയാന്‍
പ്രത്യേകിച്ച് അലങ്കാരങ്ങള്‍
ഒന്നുമില്ലാത്ത
ഒരു പൂവുണ്ട്
അതവള്‍ പറിചിട്ടില്ല
എന്ത് കൊണ്ടെന്നറിയില്ല

ഇന്ന് ഞാന്‍ നോക്കുമ്പോള്‍

ഒരിതളില്‍ ഒരു പുഴു
അരിച്ചു നടക്കുന്നു
മറ്റേ ഇതളില്‍ ഒരു ശലഭം
ഉമ്മ വയ്ക്കുന്നു

ഞാന്‍ ജിബ്രാനില്‍ മുങ്ങി

ഇന്നലെ വൈകുന്നേരം
ദേവാലയത്തിന്റെ
മാർബിൾപ്പടിയിൽ
ഒരു സ്ത്രി
രണ്ടു പുരുഷന്മാരുടെ
ഇടയിൽ ഇരിക്കുന്നത്
ഞാൻ കണ്ടു.
അവളുടെ മുഖത്തിന്റെ
ഒരു വശം വിളറിയിരുന്നു.
മറുവശമാകട്ടെ തുടുത്തും -(ഖലീല്‍ ജിബ്രാന്‍ )

എന്ത് കൊണ്ടെന്നറിയില്ല
9:11 AM

വളർത്തുമൃഗം



ദൂരെ ഏതോ ചന്തയില്‍ നിന്നും 

അച്ഛന്‍ ചുളുവിലക്ക് വാങ്ങിയതാത്രെ 

അതാണ്‌ ഞങ്ങളെ 
പ്രസവിച്ചതും 
മുലയൂട്ടിയതും
ഉടുപ്പിക്കുന്നതും 
കുളിപ്പിക്കുന്നതും 
ആഹാരം തരുന്നതും
അലക്കുന്നതും എല്ലാം

ഇതിനായി പ്രത്യേകിച്ച്
ആഹാരം ഒന്നും വേണ്ട
നമ്മള്‍ ഒക്കെ കഴിച്ചു
ബാക്കി ഉള്ളത് ഇത് മിണ്ടാതെ
രുചിയോടെ തിന്നും

ഇടയ്ക്കു അപ്പുറത്തെ മിന്നൂന്റെ വീട്ടിലെ
വളര്‍ത്തു മൃഗം
വേലിചാടി ഇപ്പുറത്ത് എത്താറുണ്ട്
തിരിച്ചും ,
അപ്പോള്‍ ഈ രണ്ടു വളര്‍ത്തു മൃഗങ്ങള്‍
എന്തൊക്കെയോ ചെവിയില്‍
പറയുന്നത് കേള്‍ക്കാം
അപൂര്‍വ്വം ചിരിക്കുകയും

രാത്രിയില്‍ ഇരുട്ടത്ത്
ചിലപ്പോള്‍ ഇതിന്റെ
നേര്‍ത്ത തേങ്ങലുകള്‍ കേള്‍ക്കാം

പകലും ഇടയ്ക്ക് ഇതിന്റെ
കണ്ണുകള്‍ക്ക്‌ താഴെ
രണ്ടു നീര്‍ച്ചാലുകള്‍ ഉണ്ടാകും
എന്താന്നു ചോദിച്ചാല്‍
ഒന്നൂല്യ എന്നൊരു വാക്ക് മാത്രമേ
അത് പഠിച്ചിട്ടുള്ളൂ എന്ന് തോന്നും

ഇടയ്ക്ക് ചില വിശേഷങ്ങള്‍ക്ക്
ഞങ്ങള്‍ ഇതിനെ
നെറ്റിയില്‍ കുറി ഒക്കെ തൊടുവിച്ചു
കഴുത്തില്‍ കുറെ മാല ഒക്കെ ഇടീച്ചു
പുറത്തു കൊണ്ട് പോകും ..
വല്ലപ്പോളും പുറത്തു ചാടുന്നത് കൊണ്ടാകാം
വേറെ വളര്‍ത്തു മൃഗങ്ങളുടെ കൂടെ
അത് വല്ലാത്ത മേച്ചിലാണ്
വിളിച്ചാലും വിളിച്ചാലും വരില്ല
പിന്നെ മൂക്കുകയര്‍ ഒക്കെ പിടിച്ചു
ഉന്തി തല്ലി വണ്ടിയില്‍ കയറ്റും
കൊണ്ട് വന്നു വീണ്ടും കെട്ടിയിടും .

ഇനി കെട്ടിയിട്ടില്ലെങ്കിലും
അത് കൂടിയാല്‍ വേലി വരെയേ പോകൂ
മുരിങ്ങയില പൊട്ടിക്കാനോ
ഗേറ്റില്‍ ഇട്ട പത്രം എടുക്കാനോ മറ്റോ
കൃത്യം ആയി തിരിച്ചു വരും

പനിയൊക്കെ വന്നാല്‍
ഇത് ഇങ്ങോട്ട് തന്നെ പറയും
ആശുപത്രിയില്‍ ഒന്നും പോണ്ട എന്ന്
എന്നിട്ട് എന്തൊക്കയോ കുത്തിച്ചതച്ചു
മരുന്നുണ്ടാക്കി കുടിക്കുന്നത് കാണാം

നമ്മള്‍ ചീത്ത പറഞ്ഞാലോ
കളിയാക്കിയാലോ
ഇതിനു അധികം പരാതി
ഒന്നും തന്നെ ഇല്ല
ഭയങ്കര നന്ദിയാ ...

Thursday, October 2, 2014

6:26 AM

ഗാന്ധി ..ലഘു നാടകം

         ഗാന്ധി ..ലഘു നാടകം 
കര്‍ട്ടന്‍ ഉയരുമ്പോള്‍ പിന്നണിയില്‍ നിന്നും സ്കൂള്‍ ബെല്ലിന്റെ മുഴക്കം .പ്രധാനാധ്യാപകന്‍ കടന്നു വരുന്നു ..)

പ്രധാനാധ്യാപകന്‍ : പ്രിയപ്പെട്ട കുട്ടികളെ ..ഇന്ന് ഒക്ടോബര്‍ രണ്ടു .ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത നിങ്ങള്‍ക്കെല്ലാം അറിയാവുന്നതാണല്ലോ ..എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ലോകത്തിനു കാണിച്ചുകൊടുത്ത ,ഭാരതത്തെ നൂറ്റാണ്ടുകള്‍ നീണ്ട വൈദേശികാധിപത്യത്ത്തില്‍ നിന്നും മോചിപ്പിച്ച മഹാത്മാ ഗാന്ധിയുടെ  ജന്മ ദിനം  .ഈ ദിനത്തില്‍ നമ്മള്‍ നമ്മളുടെ സ്കൂളും പരിസരവും സ്വയം വൃത്തിയാക്കിക്കൊണ്ട് ഗാന്ധി മഹാത്മാവിനെ ആദരിക്കുന്ന പരിപാടി നടക്കുകയാണ് .എല്ലാവരും ഈ വേദിക്ക് മുമ്പില്‍ എത്തി ചേരെണ്ടാതാണ് .
(കുട്ടികള്‍ രംഗത്തേക്ക് വരുന്നു .പ്രധാനാധ്യാപകന്റെ മുമ്പില്‍ നില്‍ക്കുന്നു .)

പ്രധാനാധ്യാപകന്‍.:
ഇന്നത്തെ ദിവസത്തില്‍ നമ്മുടെ മുഖ്യാതിഥിയായി നമ്മുടെ ഈ പരിപാടി ഉത്ഘാടനം ചെയ്യാനായി എത്തിയിരിക്കുന്നത് നമ്മുടെ വാര്‍ഡ്‌ അംഗമായ സരസ്വതി യാണ് .കുട്ടികളോട് രണ്ടു വാക്ക് സംസാരിക്കാന്‍ ഞാന്‍ അവരെ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു .പ്രാത്ഥന ചോല്ലുന്നതിനായി ഹിമ ,വന്ദന എന്നിവരെ ക്ഷണിക്കുന്നു .

(കുട്ടികള്‍ ഗാന്ധിയെ സ്മരിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥന ചൊല്ലുന്നു  )


സരസ്വതി:ബഹുമാനപ്പെട്ട  ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപകന്‍ മോഹനന്‍ മാസ്റര്‍ ,പിടി എ പ്രസിടന്റ്റ് വിജയന്‍ പ്രിയപ്പെട്ട കുട്ടികളെ ..നമ്മുടെ രാഷ്ട പിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മ ദിനം നമ്മള്‍ ഗാന്ധിജയന്തി ആയി ആഘോഷിക്കുകയാണ് .വൃത്തിയുള്ള രാജ്യമാണ് ഗാന്ധിയുടെ ജന്മ ദിനത്തില്‍ നാം അദ്ദേഹത്തിനു കൊടുക്കേണ്ട സമ്മാനം .ഇന്ന് രാജ്യം ഒന്നാകെ നടപ്പാക്കി കൊണ്ടിരിക്കുന്ന സ്വച് ഭാരത്‌ യന്ജത്തില്‍ നമുക്കും പങ്കാളികളാകാം .
ഈ സമയത്ത് ഞാന്‍ വലിയ ഒരു പ്രസംഗത്തിനു മുതിരുന്നില്ല .ഗാന്ധി മുന്നോട്ടു വച്ച സഹനത്തിലും അഹിംസയിലും ഊന്നി ഭാവിയിലെ നല്ല പൌരന്മാര്‍ ആകാന്‍ എല്ലാവരെയും ആശംസിച്ചു കൊണ്ട് ഞാന്‍ നിറുത്തട്ടെ .(കുട്ടികള്‍ താളത്തില്‍ കയ്യടിക്കുന്നു )

പ്രധാനാധ്യാപകന്‍:
അടുത്തതായി നിങ്ങളോട് സംസാരിക്കുന്നത് നമ്മുടെ വിദ്യാലയത്തിന്റെ പി ടിഎ പ്രസിടന്റ്റ് ആയ വിജയന്‍ അവര്‍കള്‍ ആണ് .അദ്ദേഹത്തെ സ്നേഹത്തോടെ ക്ഷണിക്കുന്നു .

വിജയന്‍:ബഹുമാനപ്പെട്ട പ്രധാനാധ്യാപകന്‍ മോഹനന്‍ മാസ്റര്‍ ,വാര്‍ഡ്‌ അംഗം സരസ്വതി ,പ്രിയപ്പെട്ട കുട്ടികളെ ഭാരതത്തിലെ ഏതൊരു കൊച്ചുകുട്ടിക്ക് പോലും പരിചിതമായ വ്യക്തിത്വമാണ് മഹാത്മാ ഗാന്ധിയുടേത് .സത്യം കൊണ്ടും സമത്വം സഹനം കൊണ്ടും അഹിംസ കൊണ്ടും അദ്ദേഹം നമ്മുടെ രാജ്യത്തെ ബ്രിട്ടീഷുകാരില്‍ നിന്നും മോചിതമാക്കി ..ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ പാവന സ്മരണക്കു മുമ്പില്‍ നമസ്കരിച്ചു കൊണ്ട് ഞാന്‍ എന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു .(കുട്ടികള്‍ താളത്തില്‍ കയ്യടിക്കുന്നു )

പ്രധാനാധ്യാപകന്‍.:അടുത്തതായി നമ്മുടെ സ്കൂള്‍ ലീഡര്‍ ദീപക് ശശി നിങ്ങളോട് സംസാരിക്കുന്നതായിരിക്കും .
ദീപക് ശശി :ബഹുമാനപ്പെട്ട പ്രധാനാധ്യാപകന്‍ മോഹനന്‍ മാസ്റര്‍ ,വാര്‍ഡ്‌ അംഗം സരസ്വതി ,നമ്മുടെ പിടി എ പ്രസിടന്റ്റ് വിജയന്‍ ,പ്രിയപ്പെട്ട കൂട്ടുകാരെ ..ഇന്ന് നമ്മള്‍ ഇവിടെ കൂടിയിരിക്കുന്നത് ഗാന്ധി ജയന്തി സമുചിതമായി ആഘോഷിക്കാനാണ് .കുട്ടികളുടെ കലാപരിപാടികള്‍ക്ക് ശേഷം നമ്മള്‍ സ്കൂളും പരിസരവും വൃത്തിയാക്കാന്‍ ആരംഭിക്കും .എല്ലാവരും സജീവമായി പങ്കെടുക്കണം എന്നും മഹാത്മാവിന്റെ ഉപദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം എന്നും വിനീതമായി അപേക്ഷിക്കുന്നു .(കുട്ടികള്‍ താളത്തില്‍ കയ്യടിക്കുന്നു )

പ്രധാനാധ്യാപകന്‍: പ്രിയപ്പെട്ടവരേ അടുത്തതായി ഈ വേദിയില്‍ നമ്മുടെ വിദ്യാലയത്തിലെ സംസ്കൃതം അധ്യാപിക ധന്യ ടീച്ചര്‍ രചിച്ചു സംവിധാനം ചെയ്ത  നാടകം ഗാന്ധി ദര്‍ശനം അരങ്ങേറുന്നു .എല്ലാവരെയും നാടകം കാണുന്നതിനു ക്ഷണിച്ചുകൊളളുന്നു..

കുട്ടികള്‍ :
ഹായ് നാടകം നാടകം .

(എല്ലാവരും രംഗത്ത് നിന്നും പിറകിലേക്ക് മാറുന്നു .പിന്നണിയില്‍ നിന്നും ഞങ്ങളുടെ നാടകം ഗാന്ധിദര്‍ശനം ഇതാ ആരംഭിക്കുകയായി )

(രംഗത്ത് ഒരു ആശ്രമം .ആചാര്യന്‍ ,മുമ്പിലായി ഇരിക്കുന്ന കുട്ടികള്‍ എന്നിവര്‍ .)


ആചാര്യന്‍ :
പ്രിയപ്പെട്ട കുട്ടികളെ ..നമ്മുടെ ആരാധ്യനായ മഹാത്മാ ഗാന്ധി ഇന്ന് നിങ്ങളെ സന്ദര്‍ശിക്കുന്നതിനായി ഇവിടെ എത്തിയിട്ടുണ്ട് .അദ്ദേഹത്തെ നമ്മുടെ ആശ്രമത്തിനു വേണ്ടി ഞാന്‍ സ്വാഗതം ചെയ്യുന്നു .സ്വാഗതം മഹാത്മന്‍ സ്വാഗതം ..
(വേദിയിലേക്ക് ഗാന്ധി കടന്നു വരുന്നു.കുട്ടികളും ആചാര്യനും എഴുനേറ്റു അദ്ദേഹത്തെ വണങ്ങുന്നു  )
എല്ലാവരും :സ്വാഗതം മഹാത്മന്‍ സ്വാഗതം ..

ഗാന്ധി :
സ്വാഗതം.ഇന്ന് എന്താണ് എല്ലാവരും ആശ്രമത്തില്‍ വൈകി എത്തിയത് ?

കുട്ടി :അയ്യോ മഹാത്മന്‍ ഇന്ന് രാവിലെ ഭയങ്കര മഴ ആയിരുന്നു .അത് കൊണ്ട് പുറപ്പെടാന്‍ വൈകി .ഈ നശിച്ച മഴയെ കൊണ്ട്  ഞങ്ങള്‍ തോറ്റ് പോയി ..

ഗാന്ധി :കുട്ടികളെ നിങ്ങള്‍ ഇങ്ങിനെ മഴയെ കുറ്റം പറയരുത്/മഴ ഒരിക്കലും ഒരു ശല്യം അല്ല.മഴ അതിന്റെ ജോലിയാണ് ചെയ്തു കൊണ്ടിരിക്കുന്നത് ,മഴ ഇല്ലെങ്കില്‍ ചെടികള്‍ എങ്ങിനെ വളരും ?നദികള്‍ എങ്ങിനെ ഒഴുകും ?കുടിക്കാന്‍ നമുക്ക് എങ്ങിനെ വെള്ളം കിട്ടും ?


കുട്ടികള്‍ :എന്നാലും മഹാത്മന്‍ ..

ഗാന്ധി :നമ്മുടെ തെറ്റുകള്‍ക്ക് നാം ഒരിക്കലും അന്യരെ കുറ്റപ്പെടുത്തരുത് .ഇപ്പോള്‍ മഴയെ കുറ്റപ്പെടുത്തി വൈകി വന്നതിനു ഒഴിവുകഴിവുകള്‍ പറയുകയാണ്‌ നിങ്ങള്‍ ചെയ്തത് .ജീവിതത്തില്‍ ഒരിക്കലും നമ്മള്‍ അങ്ങിനെ ആകരുത് .


കുട്ടികള്‍ :മഹാത്മന്‍ ,ഇനി ഒരിക്കലും ഞങ്ങള്‍ അങ്ങിനെ ചെയ്യില്ല,. ഞങ്ങള്‍ ഇനി എന്നും നേരെത്തെ ആശ്രമത്തില്‍ എത്തിക്കോളാം
ഗാന്ധി :ആകട്ടെ ..നല്ല കുട്ടികള്‍ ..ശരി നിങ്ങളില്‍ എപ്പോളും നേര് പറയുന്നവര്‍ ആരൊക്കെയാണ് ?ഒന്ന് കൈ പോക്കാമോ ?
(കുട്ടികളില്‍ ചിലര്‍ കൈ പൊക്കുന്നു )


ഗാന്ധി :ആകട്ടെ വല്ലപ്പോളും കള്ളം പറയുന്നവര്‍ ആരൊക്കെ ഉണ്ട് .ഒന്ന് കൈ പൊക്കാമോ ?
(കുട്ടികളില്‍ ആദ്യം രണ്ടു പേരും പിന്നെ മുഴുവന്‍ ആളുകളും കൈപൊക്കുന്നു )

ആചാര്യന്‍ :മഹാത്മാവേ ..കുട്ടികള്‍ക്ക് തെറ്റ് പറ്റിയതാകും .ഇവരാരും തന്നെ കള്ളം പറയുന്നവര്‍ അല്ല. അങ്ങ് ഞങ്ങളോട് കോപിക്കരുത് ..

ഗാന്ധി :കുട്ടികളെ നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു .നിങ്ങള്ക്ക് വേണം എങ്കില്‍ എന്നെ ബോധിപ്പിക്കാന്‍ കൈ പൊക്കാതെ ഇരിക്കാമായിരുന്നു .വല്ലപ്പോളും കള്ളം പറയാറുണ്ട്‌ എന്ന് സമ്മതിച്ചത് തന്നെ വലിയ സത്യസന്ധതയാണ് .ഒരിക്കലും നിങ്ങള്‍ കള്ളം പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുത് ..എനിക്ക് മറ്റൊരു സ്ഥലത്ത് പോകേണ്ടതുണ്ട് .ഞാന്‍ പോയിക്കൊള്ളട്ടെ ..നിങ്ങള്‍ നന്നായി വരും .


(കുട്ടികള്‍ എഴുനേറ്റു ഗാന്ധിയെ തൊഴുതു വണങ്ങുന്നു )

ആചാര്യന്‍  :നന്ദി മഹാത്മന്‍ ..താങ്കള്‍ ഞങ്ങളുടെ കണ്ണു തുറപ്പിച്ചു ..

(ഗാന്ധി നടന്നകലുന്നു .ആചാര്യനും കുട്ടികളും അദ്ദേഹത്തെ അനുഗമിക്കുന്നു .)

രംഗത്തിന്റെ ഒരു വശത്ത് നിന്നും ഗാന്ധി വരുന്നു ..അദ്ദേഹത്തിന്റെ പിറകില്‍ അനുയായികള്‍ .വേദിയുടെ ഒരു കോണില്‍ നിന്ന് ഗാന്ധി പ്രസംഗിക്കുന്നു .)

ഗാന്ധി :പ്രിയപ്പെട്ടവരേ ..കാലങ്ങളായി വിദേശികള്‍ നമ്മളെ അടിച്ചമര്‍ത്തുകയാണ് .നമ്മുടെ ഉത്പന്നങ്ങള്‍ കൊള്ളയടിച്ചു അവര്‍ കാശുണ്ടാക്കുന്നു .എന്നിട്ട് കൂടിയ വിലക്ക് അതെ ഉല്‍പ്പന്നങ്ങള്‍ നമുക്ക് തന്നെ വില്‍ക്കുന്നു .കൂടിയ നികുതി അടിച്ചേല്‍പ്പിക്കുന്നു .ഇതിനെതിരെ പ്രതിഷേധിക്കാന്‍ നമുക്ക് കഴിയണം

അനുയായികള്‍ :
നമുക്ക് എന്ത് ചെയ്യാനാകും മഹാത്മാവേ ?

ഗാന്ധി :നാം ഇന്ന് ദണ്ടി കടപ്പുറത്തെക്ക് ജാഥ നടത്താന്‍ പോകുന്നു .അവിടെ വച്ച് നമ്മള്‍ ഇന്ന് സ്വയംകടല്‍ വെള്ളം കുറുക്കി ഉപ്പുണ്ടാക്കണം .അങ്ങിനെ ഉപ്പിനെതിരെ ചുമത്തിയ അധിക നികുതിയോടു നമുക്ക് സമരം ചെയ്യണം ..

അനുയായികള്‍
:ബ്രിട്ടീഷുകാര്‍ നമ്മളെ അടിച്ചമാര്ത്തില്ലേ മഹാത്മാവേ ?
ഗാന്ധി :അവര്‍ ചെയ്യും സംശയം ഇല്ല .നമ്മളെ മര്‍ദിച്ചു പരാജയപ്പെടുത്താന്‍ അവര്‍ ശ്രമിക്കും .പക്ഷെ നമ്മള്‍ സമാധാനത്തിന്റെ മാര്‍ഗം കൈവിടരുത് ...നമ്മള്‍ സമരം വിജയിപ്പിക്കുക തന്നെ ചെയ്യും .നമുക്ക് കടപ്പുറത്തെക്ക് നീങ്ങാം .

ഗാന്ധി :ഭാരത് മാതാ കീ ജയ്‌ ...

അനുയായികള്‍ :ഭാരത്‌ മാതാ കീ ജയ്‌ ..മഹാത്മാ ഗാന്ധി കീ ജയ്‌
(അവര്‍ വേദിയിലൂടെ പല തവണ വലം വച്ച് വേദിയുടെ മധ്യഭാഗത്തായി ഇരുന്നു പാത്രങ്ങളില്‍ വെള്ളം എടുത്തു ഉപ്പു കുറുക്കുന്നതായി അഭിനയിക്കുന്നു .


ഗാന്ധി :ഇതാ നമ്മള്‍ വിജയിച്ചിരിക്കുന്നു .നാം കുറുക്കിയ ഉപ്പു ...നികുതി വര്‍ധനവിനെ നമ്മള്‍ ഇങ്ങിനെ സമാധനാന പരമായി ലംഘിച്ചിരിക്കുന്നു ...


അനുയായികള്‍ :(സന്തോഷത്തോടെ )മഹാത്മാവേ നമ്മള്‍ വിജയിച്ചിരിക്കുന്നു ,നമ്മള്‍ വിജയിച്ചിരിക്കുന്നു .

(രണ്ടു പട്ടാളക്കാര്‍ വന്നു സമരക്കാരെ അടിക്കുന്നു  .)

ഗാന്ധി :ഭാരത് മാതാ കീ ജയ്‌ ...ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക ...

അനുയായികള്‍ :ഭാരത്‌ മാതാ കീ ജയ്‌ ..മഹാത്മാ ഗാന്ധി കീ ജയ്‌ ....ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക
പട്ടാളക്കാര്‍ അവരെ കൈകള്‍ പിറകില്‍ കെട്ടി വേദിയില്‍ നിന്നും കൊണ്ട് പോകുന്നു )
രംഗത്തേക്ക്  ഗാന്ധിജി ചര്‍ക്കയുമായി വരുന്നു .ചര്‍ക്കയില്‍ നൂല്‍ നൂല്ക്കുന്നു .ആ സമയം ഒരാള്‍ കടന്നു വരുന്നു .)

ആള്‍ :
മഹാത്മന്‍ നമ്മള്‍ വിജയിച്ചിരിക്കുന്നു .നമുക്ക് സ്വാതന്ത്യം ലഭിച്ചിരിക്കുന്നു ...

രണ്ടാമന്‍ :മഹാത്മന്‍ ഹിന്ധുക്കായി ഭാരതവും മുസ്ലീങ്ങള്‍ക്കായി പാകിസ്ഥാനും ..

ഗാന്ധി :
സ്വാതന്ത്ര്യം അത് ഞാന്‍ ഏറെ ആഗ്രഹിച്ചതാണ്‌ .പക്ഷെ വിഭജനത്തിലൂടെ ഇന്ത്യയെ കീറി മുറിച്ചു കൊണ്ടുള്ള സ്വാതന്ത്ര്യം വിജയം അല്ല പരാജയം ആണ് ..ഞാന്‍ ഇതില്‍ ഏറെ ദുഖിതനാണ് .

രണ്ടു പേരും :
നമുക്ക് സ്വാതന്ത്ര്യത്തെ ആഘോഷിക്കാം മഹാത്മാവേ ..


മൂന്നാമന്‍ (രംഗത്തേക്ക് ഓടി വന്നു കൊണ്ട് ):മഹാത്മന്‍ ..കല്‍ക്കട്ടെയിലെ തെരുവുകളില്‍ കലാപം പൊട്ടി പുറപ്പെട്ടു കഴിഞ്ഞു  .ആളുകള്‍ രണ്ടു കൂട്ടങ്ങളായി ലഹള തുടങ്ങി ക്കഴിഞ്ഞു .കൊള്ളിവയ്പും കൊള്ളയും നടക്കുകയാണ് മഹാത്മന്‍
ഗാന്ധി :എന്റെ എല്ലാ സ്വപ്നങ്ങളും പൊലിഞ്ഞിരിക്കുന്നു...ഒരിക്കലും ഉണ്ടാകരുത് എന്ന് കരുതിയ വിഭജനം. എനിക്ക് സന്തോഷിക്കാന്‍ ആകുന്നില്ല ..വരൂ എനിക്ക് ഉടന്‍ കല്‍ക്കട്ടയിലെ തെരുവുകളില്‍ എത്തണം ...കലാപത്തില്‍ ഒരു പക്ഷെ ഞാന്‍ മരിച്ചു കൊള്ളട്ടെ..എന്നാലും സഹോദരന്മാര്‍ ആയി കാണേണ്ട ജനത പരസ്പരം തല്ലിചാകുന്നത് എനിക്ക് കണ്ടു നില്‍ക്കാന്‍ വയ്യ ..വരൂ നമുക്ക് അങ്ങോട്ട്‌ പോകാം ..(എല്ലാവരും നടന്നു അകലുന്നു )

(രംഗത്ത് ഒരു ഭജന മണ്ഡപം .പുറത്ത് നിന്നും മൂന്നു അനുയായികള്‍ മണ്ഡപത്തിലേക്ക് കടന്നു വരുന്നു )

ഒന്നാമന്‍ : നമ്മുടെ എല്ലാരുടെയും ബാപ്പുജി ,ലോകത്തിന്റെ മഹാത്മജി അല്‍പ സമയത്തിനകം ഈ മണ്ഡപത്തിലേക്ക് കടന്നു വരും. നമുക്ക് പ്രാര്‍ത്ഥന ആരംഭിക്കാം

(അനുയായികള്‍ രംഗത്ത് ചമ്രം പടിഞ്ഞു ഇരിക്കുന്നു .ഒന്നാമന്‍ പ്രാര്‍ത്ഥന ചൊല്ലി കൊടുക്കുന്നു .മറ്റു രണ്ടുപേരും അത്  ഏറ്റുചൊല്ലുന്നു.

രഘുപതി രാഘവ രാജാറാം

പതീത പാവന സീതാറാം 
സീതാറാം സീതാറാം 
ഭജ് പ്യാരേ തൂ സീതാറാം 

ഒന്നാമന്‍ : (തന്റെ വസ്ത്രത്തില്‍ തൊട്ടു കൊണ്ട്നോകൊണ്ട് )  നോ ക്കൂ ഈ വസ്ത്രം ഞാന്‍ എന്റെ സ്വന്തം കൈ കൊണ്ട് നെയ്തുണ്ടാക്കിയ നൂല് കൊണ്ട് നിര്‍മിച്ചതാണ് .മഹാത്മജി എന്നെ പഠിപ്പിച്ച പാഠം..

രണ്ടാമന്‍ :മഹാത്മജിയുടെ ഉപദേശം സ്വീകരിച്ചു ഞാന്‍ വിദേശ വസ്തുക്കള്‍ പാടെ ഉപേക്ഷിച്ചു .ഇപ്പോള്‍ അഹിംസയാണ് എന്റെ മനസ്സ് നിറയെ ..

മൂന്നാമന്‍ :ഇതാ മഹാത്മജി നമ്മുടെ മണ്ഡപത്തിലേക്ക് വരുന്നു .നമുക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യാം .

(മൂന്നു പേരും എഴുന്നേറ്റ് മഹാതാവിനെ വന്ദിക്കുന്നു .രംഗത്തേക്ക് മഹാത്മാ ഗാന്ധി കടന്നു വരുന്നു .മനു ,ആഭ എന്നീ സഹായികള്‍ ഒപ്പം ഉണ്ട് )

മൂന്നു പേരും :സ്വാഗതം മഹാത്മാ ..
മഹാത്മാ ഗാന്ധി :നമ്മുടെ ലക്‌ഷ്യം ഭാരതത്തിന്റെ സ്വാതന്ത്ര്യമായിരുന്നു  ..അഹിംസയിലൂടെയും സഹനത്തിലൂടെയും നാം അത് നേടിയെടുക്കുക തന്നെ ചെയ്തു .നമുക്ക് പ്രാര്‍ത്ഥന തുടരാം ..

(ഗാന്ധി രംഗത്തിന്റെ നടുവില്‍ ആയി ഇരിക്കുന്നു .പ്രാര്‍ത്ഥന ആരംഭിക്കുന്നു )


രഘുപതി രാഘവ രാജാറാം
പതീത പാവന സീതാറാം 
സീതാറാം സീതാറാം 
ഭജ് പ്യാരേ തൂ സീതാറാം ..

(രംഗത്തിന്റെ ഒരു വശത്ത് കൂടി ഗോട്സെ കടന്നു വരുന്നു .ചുറ്റും നോക്കി തന്റെ വസ്ത്രത്തില്‍ ഒളിപ്പിച്ചു വച്ച തോക്ക് കൊണ്ട് ഗാന്ധിയെ വേദി വയ്ക്കുന്നു )

ഗാന്ധി :ഹേ റാം ഹേ റാം ഹേ റാം (പിന്നില്‍ ഇരിക്കുന്ന ആളിന്റെ മടിയിലേക്ക്‌ വീഴുന്നു .അനുയായികള്‍ ഞെട്ടലോടെ രംഗത്ത് ,പേടിച് നിലവിളികള്‍ )

മനു:(ഗാന്ധിയുടെ കാലുകള്‍ മടിയിലേക്ക്‌ വച്ചു )മഹാത്മന്‍ ,കണ്ണു തുറക്ക് ,കണ്ണു തുറക്കൂ..മനു ആണ് വിളിക്കുന്നത്‌ ..മഹാത്മന്‍ ....

ആഭ: കൂട്ടരേ (കരച്ചിലോടെ )..മഹാതമാവേ അങ്ങ് ഞങ്ങളെ വിട്ടു പിരിഞ്ഞല്ലോ ...
(വേദി മൂകമായി ഇരിക്കുമ്പോള്‍ രംഗത്തേക്ക് അടുത്ത ആള്‍ കടന്നു വരുന്നു ..)

നാലാമന്‍ :ഇല്ല മഹാത്മാവ് മരിക്കുന്നില്ല ...ഈ ലോകം ഉള്ളിടത്തോളം കാലം ജനകോടികളുടെ ഹൃദയത്തില്‍ അദ്ദേഹം ജീവിച്ചു കൊണ്ടേ ഇരിക്കും )
പിന്നണിയില്‍ നിന്നും ഭജന കേള്‍ക്കുന്നു .വേദിയില്‍ ഇരിക്കുന്നവര്‍ അത് ഏറ്റു ചൊല്ലുന്നു )


രഘുപതി രാഘവ രാജാറാം
പതീത പാവന സീതാറാം 
സീതാറാം സീതാറാം 
ഭജ് പ്യാരേ തൂ സീതാറാം .

(കര്‍ട്ടന്‍ പതുക്കെ താഴുന്നു )

Wednesday, October 1, 2014

8:10 PM

വിളിച്ചാല്‍ വിളിപ്പുറത്തെത്തും ബൈക്ക് ആംബുലന്‍സ്

വിളിച്ചാല്‍ വിളിപ്പുറത്തെത്തും 
ബൈക്ക്   ആംബുലന്‍സ്

  കൌതുക വാര്‍ത്തയല്ല .സംഗതി സത്യം .കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത് .ഭാരതത്തില്‍ ആദ്യമാണ് ഇങ്ങിനെ ഒരു പരീക്ഷണം .
           പ്രഥമ ശുശ്രൂഷ സജ്ജീകരണങ്ങള്‍ ഇതിലുണ്ട് .പുറമേ  ,പള്‍സ് ഓക്സിമീറ്റര്‍ രോഗിയുടെ ഷുഗര്‍ നില നോക്കാനുള്ള ഗ്ലൂക്കൊമെറെര്‍ ,പ്രഷര്‍ പരിശോധനക്കുള്ള ബി പി അപാരട്ടസ്   ,അത്യാവശ്യ ഘട്ടങ്ങളില്‍ ജീവവായു നല്‍കാന്‍ ഉള്ള മിനി ഓക്സിജന്‍ സിലിണ്ടര്‍ ,അപകട ഘട്ടങ്ങളിലെ തീ അണക്കാനുള്ള അഗ്നിശമനി ,വാഹനങ്ങക്കുള്ളില്‍ ആളുകള്‍ കുടുങ്ങിയാലോ ,കെട്ടിടങ്ങള്‍ക്ക് ആപത്ത് പറ്റി ഉള്ളില്‍ കുടുങ്ങിയവരെ പുരത്തെടുക്കാണോ ലോഹ ഭാഗങ്ങള്‍  മുറിക്കാനുള്ള കട്ടര്‍ ,ഹാഫ് സ്പൈന്‍ ബോര്‍ഡ്,ആംബു ബാഗ് ,ജീവരക്ഷക്കുള്ള മരുന്നുകള്‍ എന്നിവയാണ് ബൈക്ക് ആംബുലന്‍സില്‍ ഉണ്ടാവുക
          പ്രത്യേകം പരിശീലനം ലഭിച്ച വളന്റിയര്‍ ആയിരിക്കും ബൈക്കില്‍ പറന്നെത്തുക . .സൗകര്യം ലഭിക്കുന്നതിനു
9747200002 നമ്പരില്‍ വിളിക്കണം 
(വാര്‍ത്ത ഫേസ് ബുക്കില്‍ എത്തിച്ച സുഹൃത്തിന് കടപ്പാട് )