Monday, May 18, 2015

അവള്‍ എന്ന കവിത 
അവള്‍ എന്നെ
കടുപ്പിച്ചു നോക്കി 
അടിച്ചു വാരുന്നു
തുടച്ചു നീക്കുന്നു
ചിറി കോട്ടി
കല്ലിലിട്ടു അലക്കി
കഴുകി ഉണക്കാനിടുന്നു
പിരാകി പറഞ്ഞ്
ഇസ്തിരിയിട്ട്
ചുരുള്‍ നിവര്‍ത്തുന്നു ...
പല്ലിറുമ്മി
അവളെന്നെ
കൊത്തിയരിയുന്നു
വേവിച്ച് കറിയാക്കുന്നു
കൊറുവുതീര്‍ന്നു
പൂണ്ടടക്കം പിടിച്ച്
നെറ്റിയില്‍ ഉമ്മ വക്കുന്നു
കതകുകള്‍ പഴുതടച്ച്
നിഴലും വെളിച്ചവും
ചേര്‍ത്ത് വയ്ക്കുന്നു
പുഞ്ചിരിച്ച്
ചില നേരങ്ങളില്‍
താരാട്ട് പാടി ഉറക്കുന്നു ..
അപ്പോള്‍ അവളെന്നെ
പെറ്റുപോകുന്നു
ഞാന്‍ അനാദിയായി
കരഞ്ഞു പോകുന്നു

No comments:

Post a Comment