Tuesday, May 23, 2017

കരിന്തിരി


എന്റെ ചിതലരിച്ച നാഡികൾ
നിന്റെ വിരൽത്തുമ്പിലെ
വൈദ്യുതി കൊണ്ട്
ഉയിർത്തെഴുന്നേൽക്കട്ടെ

നിലച്ചുപോയ
ഹൃദയത്തിന് മേൽ
ഒരുമ്മ കൊണ്ട്
ചലനമാവട്ടെ

ഇടറിപ്പോകുന്ന
ശ്വാസമൊക്കെയും
ഗാനമാകട്ടെ
ഒരു പുല്ലാങ്കുഴലായ്
ചുണ്ടുകളോടിണചേരുക

ജs പിടിച്ച നെറുകയിലേക്ക്
ആസക്തിയുടെ സർപ്പങ്ങളായ്
നിൻ വിരലുകളാഴ്ന്നു പോകട്ടെ..

ഉമിനീരുകളൊന്നിച്ച്
അസ്തമിക്കപ്പെട്ട
വാക്കുകളൊക്കെയും
രസനയിൽ തീയായ് വന്നുദിക്കട്ടെ..

നിർജീവകോശങ്ങളിൽ
നിൻ നഖ, ദന്തക്ഷതങ്ങളിൽ
നിന്ന് തൃപ്തിയുടെ
നിണം പൊടിയട്ടെ

പലായനം ചെയ്ത
ഉറവകളൊക്കെയും
നിന്റെ ദീർഘാലിംഗനത്തിൽ
സമുദ്രം തേടി ശാന്തമാവട്ടെ

ആലസ്യത്തിന്റെ
അഗ്നി കോണിൽ
ആയിരം മഴവില്ലുകളായി
പുഞ്ചിരിയൊളിപ്പിച്ച്

സുചികളെല്ലാം താഴ്ത്തി
അങ്കനങ്ങളെല്ലാം പൂജ്യമാക്കി
കാലിൽ നിന്നും
മുഖത്തേക്ക് വലിച്ചിടുന്ന
ആശുപത്രിപ്പുതപ്പിനുള്ളിൽ

ഹേ... മരണമേ
ഈ ഘനമൗനയാമത്തിൽ
നിനക്കുമെനിക്കും
ഇതു മധുവിധു

Sunday, May 14, 2017

പേരില്ലാപ്പുഴകളിയായിപ്പോലും പെണ്ണെ
നിന്നെ പുഴയെന്നു വിളിക്കുക വയ്യ
മുറിയാതെയൊഴുകിയ നീയോ
മുടിനാരുകള്‍ പോലെയിന്നും

ഇളവെയിലുകള്‍ നിന്നുടെ കവിളുകള്‍
നുള്ളിച്ചെറുതായിട്ടെന്നോ
അതുകാണാന്‍ നിന്നെപ്പലവുരു
ഇരുകയ്യിലെടുത്തോരോര്‍മകള്‍
കണ്ണുകളില്‍ പൂക്കളുമായി
ഇടവഴിയിലൂടെ വരുമ്പോള്‍
വിരലുകളില്‍ തൂങ്ങി നീയും
കലപിലകള്‍ ചോദ്യവുമായി
ഉരുളും ചെറുകല്ലുകള്‍ മന്ത്രം
ഉരുവിട്ടു മറഞ്ഞൂ കാലം
നീയോ പൊരിമണലില്‍ പോലും
പൂവിട്ടു കളങ്ങള്‍ തീര്‍ത്തു
പല ചുഴികള്‍ നിന്നിലുണര്‍ന്നു
പതപൊട്ടിച്ചിരിയല തീര്‍ത്തു
അനുരാഗമൊളിച്ച മനം പോല്‍
ഉന്മാദമൊഴുക്കായ് നീയും
ഒരു വേളയിലെന്നെ നോക്കി
ചെറുതായൊരു കണ്ണുമിറുക്കി
പല നാളുകള്‍ നീയൊഴുകുമ്പോള്‍
മാനതാരൊരു സാഗരമായി
മംഗല്യത്താലി പണിഞ്ഞെന്‍
കൊന്നമരം നിന്നെക്കാത്തൂ
ചെറു മീനുകള്‍ നിന്നെത്തൊട്ടേ
പുളകങ്ങള്‍ പൊട്ടി വിരിഞ്ഞു
എവിടെത്തെറ്റീ നിന്‍ വഴികള്‍
എവിടെപ്പോയ് നിന്നുടയാടകള്‍
തെരുവോരക്കൊതി കണ്‍മിഴിയും
അഭിസാരികയായോ നീയും
മരവിച്ചൂ നിന്‍ കണ്ണിണകള്‍
പതറിപ്പോം ചുണ്ടുകളല്ലോ
ചതിവലകള്‍ പെട്ടുകുരുങ്ങീ
ചിതറിപ്പോയ് നിന്റെ കിനാവുകള്‍
ഇല്ലിനിമേല്‍ നീയെന്നായി
പാഴ്ക്കാടിന്‍ പ്രേതം മാത്രം
പിളര്‍നാവുകള്‍ കൊണ്ടേ നാഗം
കാമത്താല്‍ നിന്നെയുഴിഞ്ഞു
ചത്തും മലര്‍ന്നും
കെട്ടിക്കിടന്നു നാറിയും
കവിളൊട്ടി
കണ്ണീരുവറ്റി
മെയ്യുണങ്ങി ,മനമുണങ്ങി
വീര്‍പ്പടങ്ങി
തെക്കോട്ട്‌ തലവച്ചു
കാല്‍വിരല്‍ കെട്ടി
കണ്ണിമയടപ്പിച്ച്
കോടിപ്പോം ചുണ്ടുകളമര്‍ത്തി
വെള്ളപുതപ്പിച്ചു
നിന്നെ ചിതയിലേക്കെടുക്കുമ്പോള്‍
കളിയായിപ്പോലും പെണ്ണെ
നിന്നെ പുഴയെന്നു വിളിക്കുക വയ്യ
മുറിയാതെയൊഴുകിയ നീയോ
മുടിനാരുകള്‍ പോലെയിന്നും

വേട്ടയിറച്ചി
മമ്മീ മമ്മീ
ഞങ്ങളിന്ന്
ഒരു സാധനത്തെ പിടിച്ചല്ലോ

മരത്തിന്റെ
മുകളിലായിരുന്നു
രണ്ടെണ്ണം ഉണ്ടായിരുന്നു
ഇലകള്‍ക്കിടയില്‍
ഊഞ്ഞാലുകെട്ടി
രണ്ടും കൂടി എന്തോ
രഹസ്യം പറഞ്ഞു
മുട്ടിയുരുമ്മി
ഒളിച്ചിരിക്കുകയായിരുന്നു ..

ഞങ്ങള്‍ പമ്മി പമ്മി
ഒച്ചയെടുക്കാതെ
തോക്കെടുത്ത്
ഉന്നം നോക്കി ഒറ്റ വെടി
വെളുത്ത കട്ടച്ചോരയൊക്കെ
ഒലിപ്പിച്ചുരുണ്ട്
രണ്ടും തട്ടിപ്പിടഞ്ഞു താഴെ
വീണപാടെ
കരിയിലകള്‍ക്കിടയിലേക്ക്
രക്ഷപ്പെടാന്‍ നോക്കി
ഞങ്ങളുണ്ടോ വിടുന്നു
പിടിച്ചുപിടിച്ചു കൊണ്ടുവന്നു
കത്തിയെടുത്ത്
തോലൊക്കെ ജീവനോടെ
ചെത്തിയുരിഞ്ഞു
പിടയുന്നൊക്കെ ഉണ്ടായിരുന്നു
അനക്കം വിടും മുമ്പേ
കഷണം കഷണമാക്കി
കടിച്ചു പറിച്ചു
രണ്ടിനേം ഈമ്പി വലിച്ചു
കാര്‍ന്നു കാര്‍ന്നു
കൊന്നു തിന്നു
എല്ലൊക്കെ വലിച്ചെറിഞ്ഞു..

നല്ല രസം ഉണ്ട് ട്ടോ
മാങ്ങേടെ ഇറച്ചി ..