kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Saturday, July 8, 2017

ശകുനം



നേരമെത്രയായീയി
ന്നുറക്കമേയുള്ളൂ
പണിക്കു പോകണ്ടേ
കയർക്കുന്നു ശ്രീമതിയേറെ
നേരത്തേയുണർന്നവൾ

ഞാനോ
കണ്ണു തുറന്നപ്പോൾ
ചുമരിൽ മേൽമൂലയിൽ
രണ്ടു ചിലന്തികളിണ
ചേരുന്നതു ശകുനമാകുന്നു
ഒരു കുടക്കീഴിൽ
വിയർത്തു നടക്കവേ
കൈത്തണ്ടയിൽ
ചിത്രം വരച്ച
പാഴ് പ്രണയ നഖങ്ങൾ
കുത്തുവാക്കുകൾ
ചോര ചിന്തിയ
ശീത രാത്രികൾ
പിണക്കങ്ങൾ കറുപ്പിച്ച
പിറന്നാളുകൾ
ഓണങ്ങൾ പെരുന്നാളുകൾ
വൃഥാ ഒരുപുഞ്ചിരി
കെണ്ടേപോലും
ഓർത്തെടുക്കാത്ത
ദാമ്പത്യ വാർഷികങ്ങൾ
പിൻകഴുത്തിൽ
മുഖമാഴ്ത്തി
കുടിച്ചു വറ്റിച്ച
ചോരത്തടാകങ്ങൾ
പൊടുന്നനേ
ഒരു ചിലന്തി താഴെ വീഴുന്നിണ
ഗാഢമായ് ചുംബിച്ചിരിക്കാം
എത്ര കൊന്നിരിക്കുന്നു
നാം തമ്മിൽത്തമ്മിൽ
കിനാവുകളെ,
അഭിനിവേശങ്ങളുടെ
ഭ്രൂണങ്ങളെ..
ശരിയാണിണ ചേരലുകൾ
ദുരൂഹങ്ങളായ
ആത്മഹത്യകളാണ്
സാക്ഷിമൊഴിയില്ലാത്ത
കൊലപാതകങ്ങളാണ്
മരണമൊഴിയെടുക്കാത്ത
ദയാവധങ്ങളാണ്
നീയാരെന്നറിയാതെ
നിനക്കെന്തെന്നറിയാതെ
ഏകപക്ഷീയമായ്
പൊരുതി വീഴ്ത്തും
യുദ്ധചരിത്രങ്ങൾ

No comments:

Post a Comment