Monday, September 4, 2017

ആട്ടംവ്രീളാവിവ ശയായ്
ശൃംഗാര ലോലയായ്
അധരാംബുജ ദളങ്ങളിൽ
കെടാപ്പുഞ്ചിരിയോടെ
കളിവിളക്കു ജ്വലിക്കുന്നു....

എണ്ണ മിനുങ്ങുമുടലിൻ
നിമ്ന്നോന്നതങ്ങൾ
മദം തിങ്ങും
വടിവുകളൊതുക്കങ്ങൾ

ഒരു കടാക്ഷത്തിൽ
ചേങ്ങില പദം മറക്കുന്നു
ചെണ്ട കലമ്പുന്നു
ആട്ടം പതറിവേഷം
അഴകിയ രാവണനാകുന്നു....

കളി കഴിഞ്ഞ രാവിൽ
കുറെ ഈയലുകൾ മാത്രം
ചിറകു കരിഞ്ഞിഴയുന്നു

തീക്കൂട്ട്


നഗരത്തിലെ
പതിവു കടയിൽ ചെന്ന്
ഞാനൊരു
ഗ്യാസ് ലൈറ്റർ ചോദിച്ചു

സെയിൽസ് ഗേൾ
തിരഞ്ഞു കത്തി
പുകഞ്ഞു കൊണ്ട്
തിരിച്ചെത്തി
അത് തീർന്നു പോയി സർ
സിഗരറ്റ് ലൈറ്റർ തരട്ടെ...?

അതെങ്കിലത്
പേരിലൊരു സിഗരറ്റ്
ഉണ്ടെന്നല്ലേയുള്ളൂ

പിന്നെയും അവൾ
തപ്പിയെടുക്കാൻ
ഊളിയിട്ടു
വെറും കയ്യോടെ തിരിച്ചു വന്നു

അതില്ല സാർ
തീപ്പെട്ടിയെടുക്കട്ടെ

അമ്മയെക്കുത്തി
മകൻ മരിച്ച കടംകഥ
ഓർത്തു നിൽക്കേ
അവൾ പിന്നെയും

അതുമില്ല സാർ
ഇനിയിപ്പോൾ
ഈ നേരത്ത്
എവിടെയും
കിട്ടുമെന്നും തോന്നുന്നില്ല

ചില നേരം
ചില കണ്ണുകളിടയുമ്പോൾ
ചില ചിന്തകളിൽ നിന്ന്
തെരുവുകളിൽ,
ഹൃദയങ്ങളിൽ നിന്ന്
കവിതകളിൽ നിന്നൊക്കെ
പൊരികളുണ്ടാകുമെന്ന്
കേട്ടിട്ടുണ്ട്

സർ
കാട്ടുകല്ലുകൾ
കൂട്ടി ഉരസി നോക്കൂ
കാട്ടുമുളകൾ
കാറ്റിൽ കൂട്ടിയുരുമ്മുന്നിടത്ത്
കാത്തു നില്ക്കൂ

അതേ ഇനി വഴിയുള്ളൂ സർ
ഇനി ഈ നേരത്ത്
മറ്റെവിടെ കിട്ടാനാ..?
ഞാനും വരാം

ഇപ്പോൾ അവളും ഞാനും
കാടുണ്ടാക്കി
കല്ലുകളായി
തീയുണ്ടാക്കുകയാണ്

വഴിവഴക്കങ്ങൾ


എന്നെ വളർത്തുകയാണെങ്കിൽ
നിന്റെ മുള്ളുകൾക്കിടയിലായിക്കോട്ടെ...
അതിനു മാത്രം മുള്ളുകൾ നിന്റെ
പൂവാടിയിലില്ലെങ്കിൽ
കൊന്നേക്കുക
മുളയിലേ കരിച്ചേക്കുക
പ്രണയമെന്ന
അസുരവിത്ത്

എന്റെ ശ്വാസത്തെ
നിന്റെ ശംഖിൽ കുരുക്കുക...
എന്റെ ദാഹത്തെ
നിന്റെ കണ്ണുകളിൽ
എന്റെ വിശപ്പിനെ
നിന്റെ ആഴങ്ങളിൽ
ഊട്ടുക

കിടക്ക വിരികളിൽ
വരഞ്ഞു കിടന്നിരുന്ന ചെടിയിൽ
നാമെത്ര തവണ
ഇലകളായ്
പൂക്കളായ്
കനികളായ്
വിരിഞ്ഞിരിക്കണം

നീയോ
ഓരോ മരത്തെ, വള്ളിയെ
പേരു ചൊല്ലി വിളിച്ച്
മുലയൂട്ടി
ഉറക്കുകയായിരുന്നില്ലേ?

വിത്തായി
നിന്നിലേക്ക്
വേരുറച്ചു പോയ
എന്നെ
ഏതൊരു വാക്കു കൊണ്ടാണ് നീ
യാത്രയാക്കിയത്..?

നിന്റെ ഉറക്കത്തിന്
ഞാൻ കാടെന്ന് പേരിടും
അതിന്റെ ഗുഹകളിലെ
സീൽക്കാരങ്ങളാണ്
നമ്മുടെ പ്രണയം

ഞാനെന്റെ പുല്ലാങ്കുഴൽ
സ്വപ്ന രാഗത്തിലേക്ക്
ഒളിച്ചു വക്കട്ടെ

തീ വേണ്ടിടത്ത് വെള്ളവും
വെള്ളം വേണ്ടിടത്ത്
തീയും പെയ്യുന്ന
അത്ഭുതദ്വീപാണ് പ്രണയം

അതിന്റെ വഴികടക്കാൻ
ഒറ്റപ്പെടുക
ഒറ്റപ്പെടുക
പറ്റാവുന്നിടത്തോളം
ഒറ്റപ്പെടുക
നമ്മളിൽത്തന്നെ
എന്ന മന്ത്രം മാത്രം

അതിനെ വളർത്തുകയാണെങ്കിൽ നിന്റെ മുള്ളുകൾക്കിടയിലായിക്കോട്ടെ..

മുള്ളുകൾ
മൂർച്ചകളുടെ വസന്തമാണ്

ചതുരംഗംഒരുവന്‍
വെള്ളക്കളിക്കാരൻ
മറ്റവന്‍
കറുത്ത കളിക്കാരൻ

മറ്റു കരുക്കളിലൂടെ
മുകളിലൂടെയെന്നും
പാഞ്ഞുപോകാന്‍ മാത്രം
ശീലപ്പെട്ട കുതിരകള്‍

കോണോടുകോണായി നീങ്ങി
കോര്‍ക്കുന്ന കൊമ്പന്മാര്‍

തേരിനെപ്പോലെയും
ആനയെപ്പോലെയും
റാണിക്ക് നീങ്ങാം
അന്തപുരത്തിലും
ദര്‍ബാറിലും

മുന്നിലേക്ക് ശത്രുവിന്റെ
തോക്കിന്‍കുഴലിലേക്ക്
മാത്രം നീങ്ങാവുന്ന കാലാളുകള്‍
കാലാളിന്റെ ഇടവും വലവും
എതിരാളിയുടെ കരുവിനെ
കാലാളിനെക്കൊണ്ട് തന്നെ
വെട്ടി നേടും യുദ്ധതന്ത്രം
വെട്ടുന്നതും മരിക്കുന്നതും
കാലാള്‍ തന്നെ

പ്രമേഹവും കൊഴുപ്പും
തിമിരവും കാരണം
രാജാവിനു തൊട്ടുമുന്നിലേക്കോ
താഴേക്കോ വശങ്ങളിലേക്കൊ,
ഒരു കളം വീതം നീങ്ങാം
തേരാണ് ശക്തി
രാജപാതയില്‍ പൌരന്‍ ശവം

ഇപ്പോള്‍
കളി കൊഴുക്കുമ്പോള്‍
രണ്ടു രാജാവും തമ്മില്‍
അടര്‍ക്കളത്തിന്റെ നിഴലില്‍
ചിയേഴ്സ് പറഞ്ഞു മോന്തുന്നു

റാണിമാര്‍ എന്തൊക്കെയോ
പരദൂഷണം പറഞ്ഞു
പൊട്ടിച്ചിരിക്കുന്നു

കാലാളുകളുടെ നിലവിളി
കുതിരകളുടെ മരണ നാദം
ആനകളുടെ ചിന്നം വിളി

രണ്ടുപേർ തമ്മിൽ
കളിക്കുന്ന ഒരു കളിയാണ് ചെസ്
പക്ഷെ ഇപ്പോള്‍ ഞാന്‍
എന്നോട് തന്നെ കളിച്ചു പോരുന്നു

ഞാന്‍ഞാന്‍ ഒരു രാജ്യമായിരുന്നു
അതിരുകളിൽ
നീ എന്ന രാജ്യവും
അവര്‍ എന്ന രാജ്യങ്ങളും

തരം കിട്ടിയാല്‍
ആക്രമിക്കുമെന്നതിനാല്‍
വേലികെട്ടലായിരുന്നു
എന്റെ സമയ സൂചികള്‍


പിന്നെയെപ്പൊഴോ
എന്റെ തന്നെ ഇരുട്ടിലേക്ക്
നോക്കിയിരുന്നപ്പോള്‍
ജീവകോശങ്ങള്‍
എന്നെ തന്നെ കാര്‍ന്നുതിന്നുന്നു

എന്റെ ഉള്‍ക്കാടുകളില്‍
ഒളിച്ചിരുന്നു
എനിക്ക് നേരെ
rവെടിയുതിര്‍ക്കുന്നവര്‍

പരസ്പരം വെട്ടിച്ചാവാന്‍
എന്നിലെ തന്നെ
പല ഭാഷകള്‍ ,വേഷങ്ങള്‍

വീടിന്റെ ചുവരുകള്‍
എപ്പോളാണ് പട്ടാളടാങ്കുകള്‍
ആയി മാറുന്നതെന്നറിയില്ല
കണ്ണാടിയിലെ പ്രതിബിംബം
ഒരെതിരാളിപോലെ
കോമ്പല്ല് കാണിക്കുന്നു

കടലാസില്‍ നിന്നും
ഫണമുയര്‍ത്തി
എന്റെ തന്നെ വാക്കുകള്‍
നയിക്കുന്ന പ്രതിഷേധ ജാഥ
എന്റെ ചങ്കിനു നേരെ
എന്റെ തന്നെ നഖങ്ങള്‍
ഉച്ചരിക്കുന്നതൊക്കെയും
കൊലവിളികള്‍, നിലവിളികള്‍
ആയെന്റെ ചെവിയില്‍

പുറമേ നിന്നുള്ള
ശത്രുവിനേക്കാള്‍
ഞാനിപ്പോള്‍ പേടിക്കുന്നത്
എന്നെ തന്നെയാണ്,

കടക്കൂ പുറത്ത്ഒരു കിളി
സ്വയം ചിറകുവെട്ടി
സ്വയം ആകാശത്തെ മറന്ന്
ഇണയും ചേക്കയും
കൂവലും കരച്ചിലും മറന്ന്

മഞ്ഞു കുതിര്‍ന്ന
പ്രഭാതത്തൂവല്‍ ചിക്കാനോ
നട്ടുച്ചക്ക്
കൊക്കുരുമ്മി ഇരിക്കാനോ
മൂവന്തിക്ക്‌
പോക്കുവെയില്‍ത്തുണ്ട്
കൊത്തിയെടുത്ത്
കൂടാണയാനോ മറന്ന്
മധുരക്കനികളുടെ
കിനാവ്‌ മറന്ന്

മുറിവുകളെ
ഉണങ്ങാന്‍ സമ്മതിക്കാതെ
കാറ്റും വെള്ളവും
തട്ടുന്ന നീറ്റലില്‍
ലഹരിപിടിച്ച്
സ്വയം കല്‍പ്പിച്ച
അഴികൂട്ടില്‍
കഴിയും കിളി

എനിക്കെന്നോടു തന്നെ
പറയാനുള്ളതാണ്
കടക്കൂ പുറത്ത്

സ്വപ്നംഒരു അക്വേറിയമാണ്
നീന്തുന്നു തുടിക്കുന്നു
അതിലൊരു തിമിംഗലം

കടൽ തട്ടിൽ
കൊമ്പുകളാഴ്ത്തി
ജീവനൊടുക്കുമെത്രേ
നീലത്തിമിംഗലങ്ങൾ

അക്വേറിയത്തിലെ
ചെറുമീനുകളെ അത്
കളി പഠിപ്പിക്കുന്നു

സ്വയം ചിറകുവെട്ടാൻ
ചൂണ്ട വിഴുങ്ങാൻ
ചെതുമ്പലുകളിൽ
ചോരകൊണ്ട്
വൻകരകളുടെ
ചിത്രം വരക്കാൻ
ബന്ധങ്ങളുടെ കപ്പലുകളെ
തകർത്തെറിയാൻ
ഓളപ്പരപ്പിനെ
നിണമണിയിക്കാൻ

പ്രാണൻ പിടയുവോളം
ശ്വാസമടക്കാൻ
കെട്ട കാലത്തിൻ
കനലു തിന്നാൻ
ഒറ്റക്കിരുന്ന്
ഒരഗ്നിപർവ്വതമായി
ലാവ കുടിക്കാൻ

സ്വപ്നചഷകമുടയുമ്പോൾ
വാലിട്ടടിച്ച്
കൂർത്ത പല്ലു കാണിച്ച്
സ്വീകരണമുറിയിൽ
തിമിംഗല നൃത്തം

പിടയുന്ന എന്റെ
ചെറുമീനുകളെ
ഞാനിനി എവിടെയൊളിപ്പിക്കും

ഓ.... ഇതു
സ്വപ്നമായിരുന്നില്ലല്ലോ
എന്റെ തൊണ്ടയിലെന്നാണ്
മൗനത്തിന്റെ ചൂണ്ട
കുരുങ്ങിയത്..?

ഒളിയിടങ്ങൾഒന്നുമോർക്കാതിരിക്കാൻ
കനം കെട്ടിത്താഴ്ത്തി
കൊക്കു പിളർക്കും
പക്ഷിക്കുഞ്ഞുങ്ങൾ പാർത്ത
ഹൃദയവൻകരകളെ
ആത്മാന്ധകാരത്തിനാഴത്തിൽ

പരിഭ്രാന്തം ചിറകടിച്ചുയരുന്നു
സ്മൃതിതൻ വവ്വാലുകൾ
ചകിതം കിടപ്പാണൊരിക്കൽ ലോലഗാനമുയിർത്ത
നിൻ ശ്വാസത്തിൻ പുല്ലാങ്കുഴൽ

മൃതം
കുരലുകളൊടിഞ്ഞു
തമ്മിലൊട്ടിയ
പുരാ പ്രണയസ്വപ്നത്തിൻ
നുണപ്പശകൾ

മറക്കുവാനായി
കുഴിച്ച മുറിവാഴത്തിൽ
വീണ്ടുമുറവ പൊട്ടുന്നതും
ശീതമരിച്ചു കാർന്നുതിന്നുന്നതും

പകലിരവു ഭേദമില്ലാതെ
നോവിന്നീയാമ്പാറ്റകൾ
എന്റെ തീയിൽ വന്നുമ്മക്കുന്നതും
നിത്യബലി തൻ ചോരച്ചാലങ്ങു
നിന്റെ സോപാനത്തിൽ
വന്നു മുങ്ങുന്നതും
എന്നേക്കുമെന്ന പോൽ
കൊട്ടിയടക്കുന്ന
വാതിലിൽ
തിരസ്കാരത്തിന്നോട്ടു
മണികൾ കലമ്പുന്നതും

ആരൊരാൾ നെറ്റിത്തടം
വെട്ടിയാ ഭ്രാന്തിൽ
പൊട്ടിച്ചിരിച്ചേ പായും
പാതച്ചരലിളകുന്നതും

അറിഞ്ഞുകിടക്കുന്നിനി
പൊന്തി വരാതിരിക്കുവാനീ
മൃതിക്കടൽത്തട്ടിലീ
ജന്മശിലാകഠിനത്തെ_
യത്രമൂർച്ചയായാലിംഗനം
ചെയ്തു കിടക്കണം

ഓണക്കവിതകൾഒന്ന്
.............

ഓണം
പൂക്കളുടെ
മഹാ ബലി

രണ്ട്
.........
എന്നും
പാച്ചിലാണ്
അതിന് ഇതിന്
അവിടേക്ക് ഇവിടേക്ക്
ഇത് മാറ്റിയെടുക്കാൻ
അത് തിരുത്താൻ
ഇത് ബന്ധിപ്പിപ്പിക്കാൻ
അത് ഹാജരാക്കാൻ
അവിടെ വരിനിൽക്കാൻ
ഒരിടത്ത് കൊല്ലാൻ
ഒരിടത്ത് ചാവാൻ

ഉത്രാടപ്പാച്ചിലിന് എന്നോ
ശീലപ്പെട്ടു പോയല്ലോ
പൊന്നോണമേ.

മൂന്ന്
........

പ്രജകളിടുന്നത്
പുഷ്പചക്രങ്ങളല്ലേ..?

അകാലത്തിൽ
മണ്ണടിഞ്ഞ
സമത്വ മഹാപ്രഭുവിൻ
വിരിമാറിൽ

സദ്യയുണ്ണുകയല്ലേ
ശ്രാദ്ധം
ജീവനോടെ
കുഴിച്ചുമൂടപ്പെട്ട-
യാത്മാവിന്നോർമ്മയിൽ

ശിവപ്രസാദ് പാലോട്
9249857148

ഫീലിങ്ങ് ഹാപ്പി


ഒരു ക്ലിക്കു കൊണ്ട് വാമനൻ
ബിലിയുടെ വാട്സ് അപ്പ്,
ബാങ്ക് എക്കൗണ്ട്
ഹാക്ക് ചെയ്തു

പിറകെ അടുത്ത ക്ലിക്കിൽ
ഫേസ് ബുക്ക്,
ജിമെയിൽ,
മൊബൈൽ

മൂന്നാമത്തെ ക്ലിക്കിന് സ്ഥലമില്ലാത്തതിനാൽ
ബലി ശിരസുകുനിച്ചു...

താഴുന്നില്ല
എന്തു പറ്റി
ബലി ഇടങ്കണ്ണിട്ടു നോക്കി

വാമനൻ
ബലിയുടെ ഫ്രേമിൽ
സെൽഫി എടുക്കുന്ന തിരക്കിലായിരുന്നു...

പിന്നെ എല്ലാം
പതിവുപോലെ....

റിസൈക്കിൾ ബിൻ
പാതാളം...