kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Friday, May 18, 2018

10:35 PM

മരുന്നുപണി


ചുരുണ്ടിടത്ത് നിന്നും
ഫണമുയരുന്നപോലെ
വളരെ പെട്ടെന്നായിരുന്നു 
ദൂരെ ഉള്ള ആ ഉത്സവത്തിനു പോകാന്‍
ആഗ്രഹം പൊത്തിറങ്ങിയത്
വെടിക്കെട്ടിന് കാത്തിരിക്കുന്ന
നിമിഷങ്ങള്‍ക്ക് പഴുതാരക്കാലുകള്‍
ഒരു ഉറുമ്പ്‌ ചൂട്ടുമായി
തരിശുപള്ള്യാലിലൂടെ വെച്ച് നടന്നു പോകുന്നു
ചൂട്ടു കൊണ്ട് അയാള്‍ സ്വന്തം തലയില്‍
കുത്തിയപ്പോളാണ്
ആചാരക്കതീനകള്‍ ഒന്നിച്ചു പൊട്ടി
പുക കൊണ്ട് ആള്‍ രൂപങ്ങളുണ്ടായത്
കളിപ്പാട്ടങ്ങള്‍ ഒന്നാകെ ചിതറിപ്പോയത്
കൂട്ടം തെട്ടിയവ വലിയ വായില്‍
നിലവിളിച്ചത്
ബലൂണ്‍, പീപ്പിക്കച്ചവടക്കാര്‍
മാലപ്പടക്കങ്ങള്‍ ആയി പൊട്ടാന്‍ തുടങ്ങുന്നു
ഒരു അച്ചടക്കവും ഇല്ലാത്ത പിള്ളേരെപ്പോലെ
അവരിക്കുന്നിടം ശൂന്യമാകും വരെ
തലങ്ങും വിലങ്ങും ഉള്ള പൊട്ടലുകള്‍
ബലൂണുകള്‍ വയറുവീര്‍ത്ത്
മേഘങ്ങളായി പറന്നു നടക്കുന്നു
തകര്‍ന്ന പ്രണയങ്ങള്‍ പരസ്പരം
പട്ടങ്ങളെപ്പോലെ ചരടുതിരയുന്നു
സ്ത്രീകളിരുന്ന ഭാഗത്തുനിന്നും
അമിട്ടുകള്‍ ഉയര്‍ന്നു പൊട്ടുന്നു
തെങ്ങുകള്‍ തലകൊണ്ട് താങ്ങി നിര്‍ത്തിയ
ആകാശത്ത് സാരികള്‍ , ചുരിദാറുകള്‍
കൈ കോര്‍ത്തു പിടിച്ചു നൃത്തം ചെയ്യുമ്പോള്‍
കുങ്കുമവും സിന്ദൂരവും കൊണ്ട്
ഒരു മഴ
നെറ്റിപ്പട്ടങ്ങള്‍ പൊഴിച്ച്
ആനകളിപ്പോള്‍ ആകാശത്ത് ചെവിയാട്ടുന്നു
കൊമ്പും കുഴലും ചെണ്ടയും
വല്ലാതെ വല്ലാതെ
പരിചിതമല്ലാത്ത കാലം വായിക്കുന്നു
അടുത്ത കൂട്ടുകാരൊക്കെ
കുഴിമിന്നികലായി കുത്തിയുയരുന്നു
നക്ഷത്രങ്ങളെ തൊട്ടു കൂട്ടി
അവര്‍ എന്തോ അതി ലഹരി പാനീയം
മൊത്തിക്കുടിക്കുകയാണ്
അവരുടെ പഴുതാര മീശകളില്‍
ഉന്മാദത്തിന്റെ കരടുകള്‍
പ്രകമ്പനത്തിന്റെ പശ കൊണ്ട്
ഒട്ടിപ്പിടിച്ചിട്ടുണ്ട്
അപസ്മാരത്തിന്‍റെ മൂര്‍ധന്യത്തിലെന്ന പോലെ
പറമ്പിനെ പുകയുടെ നുരയും പതയും
വന്നു മൂടുമ്പോള്‍
എനിക്കെന്നെ ഒരു ഡൈനയായി
അനുഭവപ്പെടാന്‍ പറ്റുന്നുണ്ട്
കുഴിയില്‍ നിന്നുമുയര്‍ന്നു
ഈ ജന്മത്തെ നോക്കി
അനന്തമജ്ഞ്യാതമവര്‍ണനീയയമീ
ലോക ഗോളം തിരിയുന്ന മാര്‍ഗമെന്നു
പൊട്ടിച്ചിരിച്ചു ചിതറാനാകുന്നുണ്ട്
ഉത്സവം കണ്ടു മടങ്ങുമ്പോള്‍
വണ്ടിയുടെ ഡ്രൈവര്‍
രാകിപ്പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമങ്ക വേലകാണാന്‍
എന്ന രാഗത്തില്‍
ഒരു വളവ് കുത്തിയൊടിക്കുന്നു
അവനവനില്‍ പൊട്ടിത്തെറിച്ച
മൌനത്തിന്റെ ഭാരത്തില്‍
ചാരുസീറ്റില്‍ ഞങ്ങള്‍ മാത്രം
തല കുമ്പിട്ടിരിന്ന്
എന്താണ് നടന്നത്
എന്താണ് നടന്നത്
എന്ന് പോത്തുകളെപ്പോലെ
അയവെട്ടിക്കോണ്ടിരിക്കുന്നു
ശിവപ്രസാദ് പാലോട്
10:32 PM

ഇരുട്ടുകുത്തി


എല്ലാ വീട്ടിലും
കറുത്ത പൊട്ടുകൾ
മതിലിൽ
പൂമുഖത്ത്
അടുക്കളയിൽ
കിടപ്പറയിൽ
ഓരോ മുഖത്തും
ഗ്രാമം ബഹളത്തിൽ,
രാജ്യം കലാപത്തിലാണ്
വൻകര യുദ്ധത്തിലാണ്
പ്രപഞ്ചം പ്രളയത്തോടടുക്കുന്നു
എല്ലാം അവനാണ്
ഒരു ഭ്രാന്തൻ
അവന്റെ തല
കൂരിരുട്ടുകലക്കിയ തൊട്ടി
ഇരു കൈകളും
അതിലിടക്കിടെ മുക്കി
കറുത്ത ചിറകു വീശി
ഓരോ വീട്ടിലും ചെന്ന്
ഓരോ മുഖത്തും
കറുപ്പുകുത്തി
മൗനച്ചിരിയിൽ മതിമയങ്ങി
നമ്മളിൽ നമ്മളെ
ഗർഭം ധരിച്ചു പേറും
അതേ ഭ്രാന്തൻ
ശിവപ്രസാദ് പാലോട്
10:31 PM

മിഥുനം


പ്രാപഞ്ചിക മയക്കത്തില്‍ നിന്നും
കണ്ണു തുറക്കാതെ തന്നെ
അവളുടെ കൈകള്‍ എന്തോ പരതി
അതെ എല്ലാം പതിവുപോലെ
അവ പോയിരിക്കുന്നു
ഒരു പാത്രം പോലും തട്ടിമറിയാതെ
ഒരു നിശ്വാസം കൊണ്ട് പോലും
രാത്രിയെ ഉണര്‍ത്താതെ
എത്താ ഉയരത്തിലെ ഉറിയില്‍ നിന്നും
പാല്‍പാത്രം മാത്രം കുടിച്ചു വറ്റിച്ച്
അവന്‍ പോയിരിക്കുന്നു
അവന്‍ കണ്ണടച്ചു തന്നെയോ
പാല് കുടിച്ചത് ?
അവനവനെപോലും കാണാത്ത ഇരുട്ടില്‍
എന്തിനു കണ്ണടക്കണം ?
എത്ര ഭദ്രമായി താന്‍ കെട്ടിയുറപ്പിച്ചതാണ്
എല്ലാം അവന്റെ കരസ്പര്‍ശത്തില്‍
അഴിഞ്ഞു പോയതായിരിക്കണം
അവള്‍ പരതിയത്
ചെമ്പരത്തിപൂ പോലെ കിടന്ന
അടിപ്പാവാട ആയിരുന്നു
എവിടെയൊക്കെയോ ഒളിച്ചു കിടന്ന
അടിയുടുപ്പുകള്‍ ആയിരുന്നു
പരന്നു കിടന്ന
എണ്ണമറ്റ പുറംകസവുകള്‍ ആയിരുന്നു
അഴിഞ്ഞുലഞ്ഞ മുടിയായിരുന്നു
മഷിക്കുപ്പി തട്ടിമറിഞ്ഞതുപോലെ
കുതിര്‍ന്നു കിടന്ന അവളെന്ന
ചിത്രം തന്നെ ആയിരുന്നു
കിനാവിലെ കണ്ടന്‍പൂച്ചകള്‍
അവള്‍ക്കു ചുറ്റും
ചിരിക്കാന്‍ തുടങ്ങിയപ്പോള്‍
ഒന്നും സംഭവിക്കാത്ത പോലെ
അവള്‍ എല്ലാം വാരിക്കൂട്ടി
ഉറികെട്ടാന്‍ തുടങ്ങി
10:31 PM

ലൈബ്രറി പൂട്ടിയ ശേഷം ..


വയസ്സായഗ്രാമത്തിന്
ഷോപ്പിങ്ങ് കോംപ്ലക്സ്
എന്ന രോഗം വന്നപ്പോളാണ്
ചായക്കടക്കും
തയ്യൽക്കടക്കുമൊപ്പം
വായനശാലയും
മരിച്ചു പോയത്
ചായക്കടക്കാരൻ
നഗരത്തിലെ
ഹോട്ടലിൽ ചായമാഷായി
തയ്യൽക്കാരൻ
മെഷിൻ വിറ്റ് നാടുവിട്ടു
ലൈബ്രേറിയന്
എവിടെയും പോകാനുണ്ടായിരുന്നില്ല
വാലൻ പുഴുവിനെപ്പോലെ
പുസ്തകപ്പൊടി പോലെ
കടലാസു മണം പോലെ
അയാളനാഥമായിപ്പോയി
പുസ്തകങ്ങൾ കുത്തിനിറച്ച പെട്ടി
തൊട്ടടുത്ത വീടിന്റെ
ചായ്പിലേക്ക്
അടക്കിയിരുന്നു..
കുഴിമാടത്തിൽ പ്രാർത്ഥിക്കുന്ന
ഇഷ്ടക്കാരെപ്പോലെ
ആദ്യമാദ്യം അയാൾ
ചായ്പിന് വട്ടം നടന്നു
തേങ്ങലുകളെ
മറു തേങ്ങൽ കൊണ്ട്
പുതപ്പിച്ചു കിടത്തി
മൗനങ്ങൾക്ക്
നെടുവീർപ്പു കൊണ്ട്
വായ്കരിയിട്ടു
ഊർധ്വൻവലികൾക്ക്
കാതോർത്ത്
കൂട്ടിരുന്നു
പിന്നീട്
നിലച്ചിരിക്കാത്ത
ഒരു ദിവസം
ഷോപ്പിങ്ങ് കോംപ്ലക്സിന്റെ
മെയിൻ വാർപ്പു കഴിഞ്ഞ്
പണിക്കാർ മടങ്ങുമ്പോൾ
ചായ്പിന്റെ മുറ്റത്ത്
അയാളൊരു
കുത്തഴിഞ്ഞ പുസ്തകമായി
മലർന്നു കഴിഞ്ഞിരുന്നു...
ചിതലുപിടിച്ച
പെട്ടിയിൽ നിന്നും
പാതിവെന്ത പുസ്തങ്ങൾ
ഓരോന്നായി ഇറങ്ങി വന്ന്
അയാളെ നമസ്കരിച്ച്
വലം വച്ച്
വെള്ളം കൊടുത്ത്
നെറ്റിയിലൊരുമ്മ കൊടുത്ത്
ചുറ്റുമിരുന്ന്
മൗനമായി കരഞ്ഞിരുന്നത്
ഇതിനകം ബധിരായി, അന്ധരായി,
മാറിക്കഴിഞ്ഞ
നമുക്ക് കേൾക്കാനോ കാണാനോ
കഴിയാഞ്ഞിട്ടു തന്നെയാണ്
ഷോപ്പിങ്ങ് കോംപ്ലക്സ്
ബാധിച്ചു ചത്ത
വായനശാലയെ
നമ്മൾ മറന്നു പോകുന്നത്...
ശിവപ്രസാദ് പാലോട്
10:30 PM

പച്ചക്കുട്ടി .


പച്ചക്കുട്ടി
കളിച്ചൊരു കാടും
പച്ചക്കുട്ടി
കുതിച്ചൊരുമേടും
പച്ചക്കുട്ടി
കൊറിച്ചോരു വിത്തും
ഈമലയാമല ചാടി മറിഞ്ഞ്
കാട്ടുപൂക്കളെക്കൂട്ടിപ്പിടിച്ച്
കാട്ടുതേനിറ്റും പാട്ടുകൾ പാടി
പച്ചക്കുട്ടി കളിക്കണ കണ്ടോ
പച്ചക്കുട്ടി കിനാവു കണ്ടില്ല
പട്ടുമെത്തക, സിംഹാസനങ്ങൾ
വെന്തമാംസം മണത്തു കിടക്കും
ചില്ലു തീന്മേശ രമ്യഹർമ്യങ്ങളോ
പച്ചക്കുട്ടിയെ പെറ്റിട്ടു കാട്
കാട്ടുതേനിൻ മുലക്കണ്ണുനീട്ടി
ഊട്ടി വള്ളിയാലൂഞ്ഞാലുമാട്ടി
മല്ലി നട്ട മരങ്ങളിൽത്തട്ടി
കോട കെട്ടും കാറ്റു താരാട്ടും
പച്ചക്കുട്ടി
പഠിച്ചില്ല പുസ്തകം
കൊത്തിവച്ചു
കരിമ്പാറയിൽ ജീവിതം
പച്ചക്കുട്ടി
കളിച്ചു നടന്ന
കാടുകട്ടവർ നമ്മളെല്ലാരും
പച്ചക്കുട്ടി
നീന്തിത്തുടിച്ച
അരുവി മോന്തി വറ്റിച്ചോർ നമ്മൾ
പച്ചക്കുട്ടിയെ
കടും വേട്ടയാടി
കടിച്ചുകീറിയാർത്തവർ നമ്മൾ
പച്ചക്കുട്ടി
കുരലൊട്ടിക്കരയവേ
ഒട്ടു വെള്ളമിറ്റാത്തവർ നമ്മൾ
പച്ചക്കുട്ടീ
പച്ചക്കുട്ടീ
നിന്റെ ദൈന്യം കണ്ടു ചിരിച്ചവർ
നിന്റെ ചോര മണത്തവർ ഞങ്ങൾ
ഒന്നു പൊട്ടിക്കരയട്ടെ ഞങ്ങൾ
നിന്നു വെന്തുരുകട്ടെ ഞങ്ങൾ
മാപ്പു വേണ്ടയീ നീറിക്കനക്കും
ഓർമ്മ മിഴിച്ചു കിടക്കട്ടെ നിത്യവും
ശിവപ്രസാദ് പാലോട്
10:28 PM

ദ ഫുഡ് സ്റ്റോറീസ് റസ്റ്റോറന്റ്


ഉണ്ട്
എല്ലാ ഭക്ഷണങ്ങൾക്കും
പിന്നിലൊരു കഥയുണ്ട്
(There is a story behind every food)
നഗരസത്രത്തിന്റെ
കാൽപനിക പരസ്യവാചകം
തൂവൽ കിടക്കയിൽ നിന്ന്
വിളിച്ചുണർത്തി
തോലുരിച്ച്
മസാല പുരട്ടി
മയക്കിക്കിടത്തിയ
കുഞ്ഞിക്കോഴിയുടെ കഥ
നുകപ്പാടു തിണർത്തു കിടക്കും
ഉഴവു പാടം കല്ലിച്ചു കിടക്കും
ചടച്ച കാളക്കഥകൾ
വെയിലില തിന്ന്
നിലാപ്പാറയിൽ നിന്നും
നാടുകടത്തപ്പെട്ട്
ചുട്ടും സൂപ്പായും
ആടുജീവിതങ്ങൾ
ശ്വാസം മുട്ടി മരിച്ച
പ്രവിശ്യകളുടെ
കഥ പറയുന്ന
മത്സ്യാവതാരങ്ങൾ
വിയർപ്പു തിന്നു
വെളുത്ത അരി മണികൾ
കണ്ണു ചുവന്ന
തക്കാളിപ്പാടങ്ങൾ
നീയെന്നെയെന്ന പോലെ
ഉപേക്ഷിക്കുന്ന
വേപ്പു തോട്ടങ്ങളിൽ
കാറ്റുപിടിച്ചത്
മുഖാമുഖമിരുന്ന്
ഭൂമിയുടെ രക്തം കുടിച്ച്
തലച്ചോറുകൾ
പരസ്പരം കാർന്ന്
നമ്മളിരിക്കുമ്പോൾ
തെരുവു തിളക്കുന്നുണ്ടാവണം
വിശന്നായിരം കുഞ്ഞുങ്ങൾ
വെടിയുണ്ട ചുട്ടു തിന്നുന്നുണ്ടാകണം
അരിമണി കട്ട ഉറുമ്പിനെ
ബൂട്ടുകൾ ചവിട്ടിയരക്കുന്നുണ്ടാകണം
തുമ്പികൾ കല്ലെടുക്കുന്നുണ്ടാകണം
ചുരക്കാത്ത മുലകളിൽ
വരണ്ട കുഞ്ഞുങ്ങൾ
സമരം ചെയ്യുന്നുണ്ടാകണം
ഉണ്ട്
ഓരോ അരി മണിയിലും
തിന്നുന്നവന്റെ ജാതകം
കുറിച്ചു വച്ചിട്ടുണ്ടത്രേ
തമ്മിൽ കൊന്നു തിന്ന്
കൈ വീശിപ്പിരിയുമ്പോൾ
(There is a story behind every food)
എല്ലാ യുദ്ധങ്ങൾക്കും
പിന്നിലുമുള്ള കടങ്കഥ
*ശിവപ്രസാദ് പാലോട്*
10:27 PM

കുടുംബാങ്കങ്ങള്‍


വീട്ടിലെ അംഗങ്ങള്‍ ആരൊക്കെ ?
വീട്ടിലെല്ലാരും അങ്കത്തിലാ മാഷേ
അമ്മ അടുക്കളയില്‍
അടുപ്പായി
അച്ഛന്‍ അമ്മയുമായി
പതിവാണ്
മുത്തശന്‍ ആരോടൊക്കെയോ
എന്നുമുണ്ട്
മുത്തശി
പശുവുമായാ അങ്കം
പിടിച്ചാല്‍ കിട്ടുന്നില്ല
ചേച്ചി ഒരുത്തി
സാമൂഹ്യപാഠവുമായി
ഒരിക്കലും ജയിക്കുന്നില്ല
ഞാന്‍ മൊബൈലിലെ
കാറോട്ടവുമായി
ചാഞ്ഞും ചരിഞ്ഞും
പുസ്തകങ്ങളുമായി
ഞെളിഞ്ഞും പിരിഞ്ഞും
എല്ലാരും ഓരോരോ അങ്കത്തിലാ മാഷേ
മാഷും ..
മാഷോടാരും ചോദിക്കാത്തത് കൊണ്ടാ
ആനന്ദധാരയോ
ആനന്തധാരയോ
ദാരയോ
താരയോ
ആനത്താരയോ
അംഗമോ
അങ്കമോ
ഉള്ളില്‍ മുന വന്ന
അങ്കുശവുമായി
മാഷും അങ്കത്തിലായി ..
ശിവപ്രസാദ് പാലോട്
10:27 PM

ഗതികേടുകൾ


വയലേ
വയലേ
കിളിയേ
കിളിയേ
വയൽക്കിളിയേ
കിളിവയലേ
വയലിലെന്തുണ്ട്
വയലിൻ നെഞ്ചിൽ
കുന്നുകള്‍ തന്‍ കുഴിമാടത്തിനു മീതെ
കണ്ണുമിഴിക്കും ഉറവക്കുഞ്ഞിന്‍
കണ്ണീരിനു മീതെ
ഒട്ടും വയറുകള്‍ കൊട്ടിപ്പാടും
പ്രേതപ്പാട്ടിനു മീതെ
കണ്ണില്ലാ കാതില്ലാ
യന്ത്രപ്പന്തയക്കുതിരകൾ പായും
സ്ഫടികപ്പെരുവഴിയുണ്ടല്ലോ
കിളികളിതെവിടെപ്പോയ്
കിളികളിവിടെ
പണ്ടു കൊയ്തൊരു
പൊന്നാര്യന്റെ മണമൂറും
പാട്ടു മറന്ന്
എന്നുമൊരിക്കലും
നമ്മുടെതാകാ മണ്ണിൻ ചുറ്റും
തീത്തൂവലുചുറ്റി
ചുട്ടുകനക്കും
ആഗ്നേയാണ്ഡം
നിറനെഞ്ചിലൊളിപ്പിച്ചും
കൊക്കു പിളർത്തുന്നു
പെരുവഴി വന്നാലെന്തുണ്ട്
വഴി വന്നാൽ വേഗം കൊണ്ടേ
സമയത്തെപ്പറ്റിക്കാം
ദാഹിക്കില്ല വിശക്കില്ല
കിനാവു പോലും വേണ്ടല്ലോ
ഇമ ചിമ്മിത്തുറക്കും മുമ്പേ
ലോകം നമ്മുടെ മുമ്പിൽ
പ്രണമിച്ചു കിടക്കും സാഷ്ടാംഗം
അത് കണികണ്ടു നമുക്കെന്നും
നെടുവീര്‍പ്പുകളിട്ടീടാം
വയലു പോകട്ടെ
കിളി പോകട്ടെ
പെരുവഴിയുണ്ടല്ലോ ശരണം
വയലേ വിട
കിളിയേ വിടയതിവേഗത്തിൻ
ബലിപീഠങ്ങളിലിങ്ങനെയെത്ര
പിണകോടികൾ..
നാവൊതുക്കീടാം ..
ശിവപ്രസാദ് പാലോട്
10:26 PM

ഹൈദരീയം


മതിലകം ദേഹം കൊണ്ട്
തൊടുവതേ വിലക്കി
പുറത്തു നിന്നേ മധുരം 
ഹൈദരാലി പാടുമ്പോള്‍
അകറ്റി നിര്‍ത്തീ ദൈവങ്ങള്‍
സ്തുതിച്ചെത്ര നിനച്ചാലും
അജിതാ ഹരേ ജയ
മാധവാ... വിഷ്ണു..
അജിതാ ഹരേ... ജയാ..
മാധവാ...വിഷ്ണു....
വിജയ സാരഥേ സാധു
ദ്വിജനൊന്നു പറയുന്നു
വിജയ സാരഥേ സാധു
ദ്വിജനൊന്നു പറയുന്നു..
സുജന സംഗമമേറ്റം
സുകൃത നിവഗ സുലഭമതനു നിയതം..
സുജന സംഗമമേറ്റം
സുകൃത നിവഗ സുലഭമതനു നിയതം..
രൌദ്രം അരങ്ങില്‍,
ആസുരം ചെണ്ട
കലമ്പി കൊഴുക്കുവേ
ഹൃദയാന്തരെ ആഗ്നെയാമ്ലം കിനിഞ്ഞും
ഇരുട്ടില്‍ ഒരു പദം തേങ്ങി
കൊടിയ ദാരിദ്യമുദ്രകള്‍ കൊണ്ടേ
കീറത്തുണി ഉടുത്തുകെട്ടിയാടിയും
പാട്ട് കൊണ്ടേ തൊണ്ട നനച്ചു
കിനാവുകള്‍ കേളികൊട്ടിയ ബാല്യം
മറന്നും ഉതിര്‍ന്നു
ചുണ്ടില്‍ നിന്നും
നിത്യം വന്ദനശ്ലോകം
കരാള കാലം മുറുകി
ആഡ്യത്വം അരങ്ങുവാഴും
ചൊല്ലിയാട്ടക്കളരിയിലേക്ക്
പോരുതുവാനല്ലോ പുറപ്പാടും
കഥയറിയാതെ കളി മാത്രം
കരളിലുള്ള സമര കൌമാരം
എതിരിട്ടൂ സര്‍പ്പശിരസ്സുകള്‍
കലങ്ങിപ്പോയ് മേളപ്പദം
വിറച്ചു തോടയം
വിലങ്ങിട്ട കേളിക്കൈ
കറുത്തു കര്‍ത്തരീമുഖം
ഉയരുന്നു ശോകം കലാലയത്തില്‍
തൊട്ടുകൂടാതെ കാലം
കരിഞ്ചുട്ടി കുത്തി ചിരിച്ചതും
ഒറ്റപ്പെടലിന്‍ സാധകം മൂളി
ഭോജനശാലയില്‍ അതിരുകള്‍
എരിവായ് ഭുജിച്ചതും
എല്ലാമുള്ളില്‍ കെടാതെ
ധനാശയില്ലാതെ ശ്വാസം
സംഗീതസോപാനത്തില്‍
കൊട്ടിപ്പാടി ധനാശി
കരഞ്ഞൂ ചേങ്ങിലയെത്ര
വേദികളില്‍ ഒരു പദം
പാടുവാനാകാതെ ജാതി
കോമരം ജല്പിച്ചപ്പോള്‍
തുടച്ചിട്ടുണ്ടാകും കണ്ണീര്‍
ഇടറിപ്പോയിട്ടുണ്ടാകും
ശീലുകള്‍ കദനരാഗത്തില്‍
നിനക്കു വേണ്ടി വിരിഞ്ഞൂ
കലതന്‍ പല്ലവം
മരണത്തിന്‍ സൂചികാമുഖത്ത്
നീ പാട്ട് നിര്‍ത്തിപ്പോയെന്നാലും
പലദിനമായി ഞാനും ബലഭദ്രനുജാ നിന്നെ
പലദിനമായി.. ഞാനും... ബലഭദ്രാനുജാ നിന്നെ
നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു
നലമോടു.. കാണ്മതിന്നു... കളിയല്ലേ.. രുചിക്കുന്നു....
കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ
നീല നീരദവർണ്ണാമൃദുല കമല രുചിര നയന നൃഹരേ

നീയുണ്ട് പിന്നാമ്പുറത്തിന്നും
പാടുന്നു ആചന്ദ്രതാരം
വേദിയില്‍ ചിരഞ്ജീവിയായ്
നീയുണ്ട് കലയുടെ ജാതിയില്ലാ
കളിവിളക്കിന്‍ നാളമായ്
കെട്ടകാലം കൊളുത്താന്‍ മറന്ന
ദീപമേ, മാപ്പ് നിന്നെ കേള്‍ക്കാതെ പോയതില്‍
*ശിവപ്രസാദ് പാലോട്*
10:24 PM

ഒറ്റ


കുഞ്ഞായിരിക്കുമ്പോൾ
പറഞ്ഞു
ചെറുതാണ്
സൂക്ഷിക്കണം ഒറ്റക്കെങ്ങും
നടക്കരുതെന്ന്
പിള്ളേരെപ്പിടിക്കും കാലം
മുതിർന്നപ്പോൾ
നീയിപ്പോൾ
വലിയ കുട്ടിയായി
ഇനി പഴയ പോലെ
ഒറ്റക്കു പോകരുതെന്ന്
കല്യാണം കഴിഞ്ഞപ്പോൾ
ഇനി എവിടെക്കും
അവന്റെ കൂടയേ
പോകാവൂ എന്നും
വയസ്സായപ്പോൾ
കണ്ണും കാതും വയ്യാണ്ടായി
ഇനിയിപ്പോൾ
ആരുടെയെങ്കിലും
ഒപ്പം പോയാ മതീന്ന്
ഒന്നൊറ്റക്കു പോകാൻ
കൊതിയായി
നട്ടപ്പാതിരക്കുദിക്കുന്ന
ഒറ്റ നക്ഷത്രമായി
ആകാശം മുഴുവൻ
തലങ്ങും വിലങ്ങും ഓടി
കിതച്ചു കിതച്ച്
ഒറ്റക്കാവണം
ശിവപ്രസാദ് പാലോട്
10:23 PM

നിത്യം


മൂലയ്ക്ക്
എന്തോ കാണാതെ പോയതും
ആലോചിച്ച് 
ഒറ്റയ്ക്ക് കിട്ടി
അനുനയത്തില്‍
തോളില്‍ കയ്യിട്ടു
പിന്നെ
അറിയാത്ത വഴികളിലൂടെ
കൊണ്ടുപോയി
എന്തോ സംശയം
തോന്നിയാകണം
കൈ വിടുവിച്ച്
ഓടിപ്പോകാന്‍ നോക്കി
വിട്ടില്ല
കഴുത്തിനു കുത്തിപ്പിടിച്ച്
വെള്ളത്തിലേക്ക്‌ താഴ്ത്തി
വലിയ വായില്‍ നിലവിളിച്ചു
പൊങ്ങി വരാന്‍ ശ്രമിച്ചു
വിട്ടില്ല
പലവട്ടം പൊക്കിത്താഴ്ത്തി
കുമിളകള്‍
ഒടുങ്ങി
ഒച്ച നിലച്ചപ്പോള്‍
ഒക്കത്ത് വച്ചു നടന്നു
വേഗം ചെന്നില്ലെങ്കില്‍
വഴക്ക് കേള്‍ക്കും
ആരാണ് പറഞ്ഞത്
നിറ കുടം തുളുമ്പില്ലെന്ന്?
ശിവപ്രസാദ് പാലോട്
10:21 PM

കുട്ടിയും കുതിരയും*


നാലു മണി നേരമായാൽ
ശനിയും ഞായറുമായാൽ
തിരിച്ചറിയുന്ന
ഒരു കുതിരക്കുട്ടിയുണ്ടായിരുന്നു
പാദസരത്തിന്റെ കൊഞ്ചലും
മൂളിപ്പാട്ടിന്റെ കിലുക്കവും
നീലക്കണ്ണുകളുടെ ആഴവും വരെ
തിരിച്ചറിയുന്ന സ്വപ്നക്കുതിര
കാർണിവൽ പറമ്പുകളിൽ നിന്നും
ചക്രത്തിലോടുന്ന
കുതിരകളിൽ കയറിയിട്ടാവണം
ബാലവാടികളിലെ
ചാഞ്ചാടുന്ന കുതിരയിൽ
ആടിയിട്ടാവണം
ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ
നിൽക്കും കുതിര എന്ന്
കഥകൾ കടം പറഞ്ഞതു കൊണ്ടാവണം
അവൾക്കാക്കാ കുതിരക്കുട്ടി ജീവനായിരുന്നതും
കൂട്ടുകാരി തന്ന ലഡുവിന്റെ പൊട്ട്
നാലുമണിപ്പലഹാരത്തിന്റെ പാതി
കയ്യിൽ വച്ചാണ്
കുതിര വാലു പോലെ മുടി കെട്ടി
അവളോടിയെത്തുന്നത്
പരിഭവങ്ങളുടെ ഒരു കടൽ
പകുത്തു വയ്ക്കാനായി
അവളെത്തുന്നതിനു മുമ്പേ
കുതിരക്കുട്ടി ഒളിച്ചുകളി
തുടങ്ങിക്കഴിഞ്ഞിരുന്നു
എന്നും ലായത്തിന്റെ വാതിൽപ്പിറകിലോ
പൊന്തക്കാടിലോ
ഒളിക്കുമായിരുന്ന അവളെ
എത്രയെളുപ്പത്തിലാണവൻ
പാവാടയിൽ കടിച്ച്
പുറം ലോകത്തേക്ക്
കൂട്ടിക്കൊണ്ടുവരാറുള്ളത്
ഇന്നെന്താണിങ്ങനെ
ഒരു മുന്നറിയിപ്പിന്റെ
ചിനപ്പുപോലുമില്ലാതെ
ഒറ്റക്കൊരാൾ ഒളിച്ചുകളിക്കാൻ പോകുന്നത്...
കുഞ്ഞിക്കുളമ്പുകൾ
തട്ടിയമർന്ന പുൽനാമ്പുകളിലൂടെ
ഏതേതു പൊന്തയാണ് ഇളകുന്നതെന്നും
തന്നെ കളിയാക്കുന്ന
കുതിര വാലിളകുന്നതെന്നും നോക്കി
അവൾ തിരയാൻ തുടങ്ങി
മരമേ
നീയെന്റെ ഓമനക്കുതിരയെ കണ്ടോ??
ചെടിയേ പൂവേ
നീയെന്റെ കള്ളൻ കുതിരയെക്കണ്ടോ??
നിഴലേ പോക്കുവെയിലേ
നിങ്ങളെന്റെ പുന്നാരക്കുതിരയെക്കണ്ടോ??
കണ്ടു പിടിച്ചു തന്നാൽ
ഞാൻ നിങ്ങൾക്കൊരായിരം
നക്ഷത്രങ്ങളെത്തരാം
കുട്ട നിറയെ പാട്ടുകൾ തരാം
അതുവരെ കാണാത്ത
മുഖങ്ങളുള്ള
കുറെ ജീവികൾ പൊടുന്നനേ
കാട്ടുവഴിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ
നിങ്ങളെന്റെ കുതിരയെക്കണ്ടോ???
ഒളിച്ചുകളിക്കുകയാണവൻ
കണ്ടു...
അവനീ കാട്ടിലേക്ക് കയറിപ്പോകുന്നു
മല കടന്നു പോകുന്നു
ആകാശം മുറിച്ചു പോകുന്നു
ഞങ്ങളവനെ കാണിച്ചു തന്നാൽ
ഞങ്ങൾക്കെന്തു തരും???
വളപ്പൊട്ടുകളുടെ
ഒരു കുന്നു തരാം
രണ്ടു കയ്യിലെയും കുപ്പിവളകൾ
കൂട്ടിമുട്ടിച്ച് അവൾ പറഞ്ഞു...
നടന്നു നടന്ന് കാട് കനത്തു
ദൂരെ കുടിലിപ്പോൾ
ഒരു പൊട്ടു പോലെ
അമ്മയുടെ വിളി
ഒരിലയനക്കം പോലെ
തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ
ഒപ്പം കൂടിയ ജീവികൾക്ക്
കൊമ്പു മുളച്ചു
നാവു നിണ്ടു
വിരലുകളിൽ നിന്ന്
നഖങ്ങളും
നാഭികളിൽ നിന്ന്
ഫണസർപ്പങ്ങളും
ഉയർന്നു വന്നു
സർപ്പങ്ങൾ പിളർനാവുകൊണ്ട്
ഊതി മയക്കിയപ്പോൾ
വിഷപ്പല്ലുകളിൽ നിന്ന്
രക്തത്തിലേക്ക് കാളിമ
നുരഞ്ഞൊലിച്ചപ്പോൾ
അസ്ഥികൾ ഞെരിഞ്ഞു
പൊട്ടിയപ്പോൾ
താഴ്വരയിലെ ഭൂതക്കൊട്ടാരങ്ങളെക്കുറിച്ച്
അമ്മ മടിയിലിരുത്തിപ്പറഞ്ഞുതന്ന
കഥകളിൽ അവൾ
ഭൂതങ്ങളുടെ മായാജാലങ്ങളെ
തോൽപ്പിച്ച്
കുതിരയെ അന്വേഷിച്ചു പോയ രാജകുമാരിയായി
ജീവികൾ കടിച്ചു കുടയുമ്പോൾ
പിഞ്ഞിപ്പോയ കുപ്പായത്തിൽ നിന്ന്
ഓരോ അവയവങ്ങളും
ഒഴുകിപ്പോകുമ്പോൾ
രക്തം പോലെ ചുവന്ന നദികളിൽ
പാറക്കെട്ടുകളിൽ
ചുഴികളിൽ
ശ്വാസമില്ലാതെ
മുങ്ങിപ്പൊങ്ങുമ്പോൾ
എല്ലാം സ്വപ്നമാണെന്ന്
സമാധാനപ്പെട്ട്
വേദനയുടെ വൻകരകളിലെല്ലാം
അവൾ കുതിരക്കുട്ടിയെ
തിരഞ്ഞു കൊണ്ടിരുന്നു
സ്വപ്നത്തിന്റെ ഒടുക്കം
മേഘങ്ങൾക്കു മീതേ
മാലാഖമാർക്കിടയിൽ
കുതിരക്കുട്ടി ഒളിച്ചു നിൽക്കുന്നതും
മാലാഖമാരുടെ
ചിറകു കുപ്പായങ്ങൾക്ക് പുറത്തേക്ക്
ചെമ്പൻ വാൽ രോമങ്ങൾ
ഇളകി നിൽക്കുന്നതും കണ്ട്
അവൾ തന്നിലേക്ക്
തന്നിലേക്ക്
വർഷങ്ങൾ പിറകിലേക്ക്
തൊട്ടിൽക്കുട്ടിയിലേക്ക്
ഗർഭപാത്രത്തിലേക്ക്
ഭ്രൂണത്തിലേക്ക്
പരമാണുവിലേക്ക്
ചുരുങ്ങിച്ചുരുങ്ങി
പതുങ്ങിപ്പതുങ്ങി
കുതിരക്കുട്ടിയെ തൊട്ടു
*ശിവപ്രസാദ് പാലോട്*
10:18 PM

ലേലം


പൂരപ്പറമ്പാണ്
വഴിപാടു കിട്ടിയ
പശുക്കുട്ടിയുടെ '
ലേലമാണ്
തലപ്പണം
പതിനായിരം
പണം പോക്കറ്റിലിട്ട് നടന്നാൽ പോര
ചങ്കുറപ്പുള്ളവർ കയറ്റി വിളിക്കണം
മോഹക്കാരൻ അഞ്ഞൂറ് കയറ്റി വിളിച്ചു
കശാപ്പുകാരൻ ആയിരവും
വിളി മൂക്കുന്നു
കൂടിയാൽ അമ്പതു കിലോ
നഷ്ടത്തിന്റെ മനക്കണക്കിൽ
തോലു കിഴിച്ച്
കെട്ടിത്തൂക്കി
അറവുകാരൻമാറുന്നു
ഒരു ഗോശാല ആകാശക്കോട്ട കണ്ട
മോഹക്കാരന് ലേലമുറപ്പിക്കുന്നു
പശുക്കുട്ടിക്ക്
കൊമ്പുമുളക്കുന്നു
ചുര മാന്തുന്നു
അമറുന്നു
കാണക്കാണെ ആകാശം മുട്ടുന്നു
അതിനു മാത്രം അറിയാവുന്ന താളത്തിൽ
നൃത്തംചവിട്ടുന്നു
ലേലക്കാരനും
മോഹക്കാരനും
അറവുകാരനും
കാഴ്ചക്കാരും
കുളമ്പുകൾക്കിടയിൽ
ഞെരിഞ്ഞമരുമ്പോൾ
കയറുകളെല്ലാം
പിരിയുടഞ്ഞു പൊട്ടി
വഴിപാടു കാരന്റെ
കാൽച്ചുവട്ടിലേക്ക്
കാണക്കാണെ ചെറുതായി വന്ന പശുക്കുട്ടി
കാൽനക്കി തൊട്ടുരുമ്മി
അനുസരണപ്പെടുന്നു
ലേലമാണ്
പുരപ്പറമ്പാണ്
ഇങ്ങനെ പലതും നടക്കുമെന്ന
ചങ്കിടിപ്പിൽ
കൊടിക്കൂറ മാത്രം
ഇളകിയാടുന്നു
*പാലോട്*
10:16 PM

ആകാശം


ചിലപ്പോളിങ്ങനെയൊക്കെയാണ്
നീയുണരുമ്പോൾ
മഴയുദിക്കുന്നു
നീ ചിരിക്കുമ്പോൾ
മഴ പൊള്ളുന്നു
നീ കരയുമ്പോൾ
മഴ ചായുന്നു
നീയുറങ്ങുമ്പോൾ
മഴയസ്തമിക്കുന്നു
അപ്പോൾ
അപ്പോളൊക്കെ
ഞാൻ
വെയിൽ ചാറുന്നു
വെയിൽ പെയ്യുന്നു
വെയിലായി ഒലിക്കുന്നു
വെയിലായി വെയിലായി
തളം കെട്ടുന്നു
വെയിലായി മരിക്കുന്നു
വെയിൽ വില്ലിൽ
മഴയുടെ ശരം തൊടുത്ത്
തുടുത്ത ഒരു കുഴിമാടം
ശിവപ്രസാദ് പാലോട്
10:15 PM

കിൻഡർ ജോയ്


അയാൾ സിനിമ കാണുകയാണ്
അവൾ സിനിമ കാണുകയാണ്
അയാൾക്കുമവൾക്കുമൊപ്പം
ഒരു കൊച്ചു പെൺകുട്ടിയും
സിനിമ കാണുകയാണ്
പാമ്പുകളെല്ലാം
അയാളുടെ വിരലുകളാണ്
അവളെ ചുറ്റിവരിഞ്ഞ്
അഭ്രപാളിക്കുള്ളിലേക്ക്
മറ്റൊരു കഥയിലേക്ക്
കൊണ്ടുപോവുകയാണ്
കൊച്ചു കുട്ടി ഇതറിയാതെ
ഒരു ഗാനരംഗത്തിൽ
മിഴിച്ചിരിക്കുകയാണ്
വിരലുകള്‍ ഇഴഞ്ഞു വന്ന്
കുഞ്ഞിന്റെ കണ്ണുകൾ പൊത്തി
മുള്ളുകൾ മാത്രമുള്ള
താഴ്വരയിലൂടെ
വലിച്ചിഴക്കുകയാണ്
അയാളപ്പോഴും
അഭിനയിച്ചു കൊണ്ടേയിരിക്കുകയാണ്
ഇരിപ്പിടങ്ങൾ ചുട്ടുപഴുക്കുന്ന
ഇടവേളകളിൽ പോലും
കുഞ്ഞിക്കണ്ണിലെ
നക്ഷത്രത്തിളക്കം
അവർ കണ്ടില്ല
അയാൾ കണ്ടില്ല
പതിയെപ്പതിയെ
തീയറ്റർ മുഴുവൻ
വിരലുകള്‍ നിറയുകയും
സീൽക്കാരങ്ങൾ മാത്രമാവുകയും ചെയ്യുന്നുണ്ട്
വിഷം മണക്കുന്ന ഇരുട്ടിൽ
പെൺകുട്ടി മാത്രം
ഒന്നുമറിയാതെ
ലോകം മുഴുവന്‍ വിരലുകളും
പത്തികളുമാണെന്ന്
ഏതു സിനിമയാണ്
നമ്മളോട് വിളിച്ചു പറയുക??
*ശിവപ്രസാദ് പാലോട്*
10:12 PM

ചരിത്രമന്വേഷിച്ച് സാമൂഹ്യ ശാസ്ത്രാധ്യാപകർ



മണ്ണാർക്കാട് ബി.ആർ.സി. ക്കു കീഴിലെ വിവിധ വിദ്യാലയങ്ങളിലെ സാമൂഹ്യ ശാസ്ത്രാധ്യാപകർ ,അവധിക്കാല പരിശീലനത്തിന്റെ ഭാഗമായുള്ള ചരിത്രാന്വേഷണത്തിന് തെരെഞ്ഞെടുത്തത് പുലാപ്പറ്റ 'കുതിരവട്ടം സ്വരൂപ' മായിരുന്നു. 
       പതിനഞ്ചാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ, കോഴികോട്ടു നിന്ന് കുടിയേറിയ സാമൂതിരിയുടെ സൈന്യാധിപൻ കുതിരവട്ടം നായരുടേതാണ് സ്വരൂപമെന്ന് പഴമക്കാർ പറയുന്നു. തെക്കൻ സ്വരൂപത്തിനെതിരെ പടയെ അണിനിരത്തിയിരുന്നതും കുതിരവട്ടം സ്വരൂപമായിരുന്നത്രെ! പാലക്കാട് എമ്മലപ്പുറം വടമലപ്പുറം ഉൾപ്പടെ ഇരുപത്തിമൂന്ന് ഗ്രാമങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു കുതിരവട്ടം സ്വരൂപം .നാടുവാഴി, കൊടുവായൂർ കേന്ദ്രമാക്കിയാണ് ഭരണം നടത്തിയിരുന്നത്. വടവന്നൂർ മുതൽ കോട്ടായി വരെയുള്ള പ്രദേശങ്ങളുടെ ഉടമസ്ഥാവകാശവും സ്വരൂപത്തിനായിരുന്നു. 1993-ൽ കൊടുവായൂർ കോട്ട പൊളിച്ചുവിറ്റ ശേഷം ,ഇരുനൂറ് വർഷം മുമ്പുവരെയുള്ള ചരിത്ര രേഖകൾ ഇപ്പോഴും സ്വരൂപത്തിൽ സൂക്ഷിച്ചിട്ടുണ്ട്. വട്ടെഴുത്തിലുള്ള താളിയോലകൾ വായിക്കാൻ രാജേന്ദു സഹായിച്ചിരുന്നതായും രേഖകളിൽ സൂചനയുണ്ട്.
    1806-ന് ശേഷമാണ് കോടതി നിലവിൽ വന്നതെന്നും 1819-ലെ ആദ്യ കോടതി രേഖകൾ സ്വരൂപത്തിൽ ഉണ്ടെന്നും പി.ജനാർദ്ദനൻ തമ്പാൻ കെ.വി.ക്കഷ്ണവാര്യർക്കയച്ച നാൽപത്തിയേഴ് പേജുള്ള കത്തിൽ സൂചനയുണ്ട്. 1452-ൽ കേരളം സന്ദർശിച്ച പോർച്ചുഗീസ് നാവികൻ ബാർബോസയുടെ ചരിത്ര രേഖകളിൽ സ്വരൂപത്തിന് വീരശൃംഖല ലഭിച്ചതായി സൂചനയുണ്ട്.  സാമന്തൻ, നെടുങ്ങാടി, ഏറാടി തുടങ്ങിയ വിഭാഗങ്ങൾ നിലനിന്നിരുന്നതായും സ്വരൂപത്തിലെ പിൻമുറക്കാർ പട്ടാമ്പിക്കടുത്തുള്ള എറയൂരിൽ താമസിച്ചു വരുന്നതായും അറിയാൻ കഴിഞ്ഞു.
        1902-ൽ കോഴിക്കോടിനും പാലക്കാടിനും ഇടയിൽ ഒരേയൊരു ഹൈസ്കൂൾ,  സ്വരൂപത്തിലെ കെ. പ്രഭാകരൻ തമ്പാൻ  സ്ഥലവും സമ്പത്തും നൽകി സ്ഥാപിച്ച ഒറ്റപ്പാലം കെ.പി.ടി. ഹൈസ്കൂളാണ്. വിദ്യാലയത്തിലെ ആദ്യ പ്രധാനാധ്യാപകൻ മദിരാശിയിൽ നിന്നു വന്ന കൃഷ്ണമാചാരിയായിരുന്നു.പ്രത്യുപകാരമായി എൻ.എസ്.എസ്. കേരളത്തിൽ എന്നെങ്കിലും  ഒരു കോളേജ് ആരംഭിക്കുമ്പോൾ അത് ഒറ്റപ്പാലത്തിന്  ലഭിക്കണമെന്നും ആവശ്യപ്പെട്ടു. അപ്രകാരം 1961-ൽ പാലപ്പുറത്ത് ആരംഭിച്ച എൻ.എസ് .എസ് . കോളേജിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് സ്വരൂപത്തിലെ ചിന്നമാളു അമ്മയായിരുന്നു.
      1810-ൽ ശ്രീ. സത്യന്റെ നേതൃത്വത്തിൽ കഥകളി അഭ്യാസം നിലനിന്നിരുന്നതായും സ്വരൂപത്തിലെ ചാത്തുപണിക്കരുടെ കല്ലടിക്കോടൻ ചിട്ടയാണ് ,പിൽക്കാലത്ത് കഥകളിയിലെ കല്ലുവഴിച്ചിട്ടയായതെന്നും മനസ്സിലാക്കാൻ കഴിഞ്ഞു.
   1902- ൽ ടിപ്പു സുൽത്താനാണ് മലബാറിൽ നികുതി പിരിവ് ആരംഭിച്ചത്. താലൂക്ക്, അംശം, ദേശം, ഫർക്ക തുടന്നിയ പ്രാദേശിക വിഭജനങ്ങൾ നിലവിൽ വന്നതും അക്കാലത്താണത്രെ!
    1921-ലെ മാപ്പിള ലഹള കാലത്ത്, പ്രദേശത്ത് കലാപം വ്യാപിപ്പിക്കാൻ ശ്രമം നടത്തിയ കലാപകാരികളെ പുഴക്കിക്കരെ കടത്താതെ ജാതി മത ഭേദമന്യേ  ആട്ടിപ്പായിച്ച ചരിത്രവും പുലാപ്പറ്റ പ്രദേശത്തിനുണ്ട്. അതിനാവശ്യമായ കൂട്ടായ്മകൾക്ക് നേതൃത്വം നൽകിയതിലും  സ്വരൂപത്തിന് വലിയ പങ്കുണ്ട്.
    ഭക്ഷ്യക്ഷാമം നേരിട്ട കാലത്ത്, ആളുകൾക്ക് തൊഴിൽ കൊടുക്കുന്നതിനു വേണ്ടി കുഴിച്ച കുളമാണ് സ്വരൂപത്തിലുള്ളത്. അടുത്ത കാലത്തായി ജലക്ഷാമം പരിഗണിച്ച് കുളം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്.

    സ്വരൂപവുമായി ബന്ധപ്പെട്ട വിശദമായ ചരിത്ര വസ്തുതകൾ 'കുതിരവട്ടം സ്വരൂപം' എന്ന പുസ്തകത്തിന്റെ രചയിതാവു കൂടിയായ  ശ്രീ. തെക്കേപ്പാട്ട് ബാലകൃഷ്ണൻ മാഷ് വിശദീകരിച്ചു. വിനയചന്ദ്രൻ മാഷ് സ്വരൂപത്തിലെ അനിത ടീച്ചർ, വൽസല ടീച്ചർ, ഗീത ടീച്ചർ, ശ്രീ. സഹദേവൻ തുടങ്ങിയവർ വിശദീകരിക്കാൻ സഹായിച്ചു. ട്രൈയ്നർ പി.പി. അലി ,കെ.കെ. മണികണ്ഠൻ , കെ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.
         വലിയ കൂട്ടായ്മകളുടെയും സൗഹാർദ്ദങ്ങളുടെയും ചരിത്ര പാഠങ്ങൾ  സശ്രദ്ധം കുറിച്ചെടുത്ത അധ്യാപകർക്ക് ചരിത്രാന്വേഷണ യാത്ര വേറിട്ട ഒരനുഭവമായി മാറി.
                 കെ. കെ. മണികണ്ഠൻ ,
                  കാരാകുറുശ്ശി.
10:09 PM

പൈതൃകങ്ങളുടെ പൊരുളറിഞ്ഞ് സാമൂഹ്യ ശാസ്ത്രാധ്യാപകർ

.


     മണ്ണാർക്കാട് ബി.ആർ.സി.ക്കു കീഴിലെ വിവിധ വിദ്യാലയങ്ങളിലെ സാമൂഹ്യ ശാസ്ത്രാധ്യാപകർ അവധിക്കാല പരിശീലനത്തിന്റെ ഭാഗമായുള്ള ചരിത്രാന്വേഷണത്തിന്  തെരെഞ്ഞെടുത്തത് വെള്ളിനേഴി ഒളപ്പമണ്ണമനയായിരുന്നു.

പാലക്കാടിന്റെ പൈതൃക പട്ടികയിൽ മുൻ നിരയിലുള്ള വെള്ളിനേഴി ഒളപ്പമണ്ണ മനക്ക്  മുന്നൂറ് വർഷത്തെ കെട്ടിട പഴക്കവും അറനൂറ് വർഷത്തെ പാരമ്പര്യവും ഉണ്ട്.

ടിപ്പുവിന്റെ പടയോട്ടം കരിമ്പുഴ വരെ എത്തിയപ്പോൾ മോഷണഭയം മൂലം ശ്രീചക്രം മറിച്ചിട്ടു എന്നും പിന്നീടാണ് അതിൽ ചെമ്പ് പൂശിയത് എന്നും പറയപ്പെടുന്നു. പ്രമാണങ്ങളുടെ സൂചനയിൽ ഉൽപം മായന്നൂർ ഓട്ടൂർ ഒളപ്പമണ്ണമനയാണ്.
ആദ്യമായി നെല്ല് കുത്തി അരി വിറ്റ ദേശമംഗലം മനയും പെരിങ്ങോട്ടെ പൂമുള്ളി മനയും അക്കാലത്ത് പ്രസക്തം തന്നെ. അറിവിന്റെ തമ്പുരാനായ ആറാം തമ്പുരാൻ പൂമുള്ളി മനയിലായിരുന്നു. ഒളപ്പമണ്ണമന എട്ടുകെട്ടും പൂമുള്ളി മന പതിനാറ് കെട്ടുമാണ്.
   തെക്കിനിയോട് ചേർന്ന് തിരുമാന്ധാംകുന്ന് ഭഗവതിയാണ് പ്രതിഷ്ഠ .പുരുഷന്മാരുടെ ജന്മനാളിൽ കളംപാട്ട് നടത്തിയിരുന്നു. വർഷം മു ഴുവൻ ദിവസവും കളംപാട്ട് നടത്തിയതിന്റെ ഭാഗമായി ഇപ്പോൾ കൂറ വലിക്കാറില്ലെത്രെ. അഞ്ചു നിറത്തിലുള്ള പൊടികൾ ചേർത്ത് കുറുപ്പന്മാർ ഭഗവതി രൂപം വരക്കും. പൂജക്കു ശേഷം ഭദ്രകാളി - ധാരിക യുദ്ധത്തിന്റെ തോറ്റങ്ങൾ പാടും. നാൽപ്പത്തിയൊന്ന് നാളത്തെ കളംപാട്ട് കഴിഞ്ഞാൻ താലപ്പൊലിയുണ്ടാവും. മേളങ്ങൾ നടന്നിരുന്നത്യം തെക്കിനിയിൽ തന്നെ. കിഴക്കിനി പൊതുവെ വിശ്രമത്തിന് വേണ്ടിയായിരുന്നു. വടക്കിനിയിലെ ശ്രാദ്ധമൂട്ട് ഉൾപ്പടെയുള്ള കർമ്മങ്ങൾ നിർവ്വഹിച്ചിരുന്നത് മനയിലെ തിരുമേനികൾ തന്നെ. പടിഞ്ഞാറ് ഭാഗത്താണ് പടിഞ്ഞാറ്റി. ആട്ടിയ എണ്ണകൾ, കടുമാങ്ങ തുടങ്ങിയവ സൂക്ഷിക്കുന്ന മൂന്ന് മച്ചുകൾ ഇതിനോട് ചേർന്നുണ്ട്. ഉയർത്തി കെട്ടിയ പടിഞ്ഞാറും തെക്കുമായി ആറ് മുറികൾ ഉണ്ട്. വേളിക്ക് അർഹതയുള്ള അപ്പൻ നമ്പൂതിരിക്ക് മാത്രം ഗൃഹനാഥന്റെ മുറി കിട്ടിയിരുന്നു. അനുജൻ മാർക്ക് ഇതര സമുദായവുമായി ബന്ധങ്ങളാവാം.
  ദിവസവും നൂറ് നൂറ്റമ്പത് പേർക്ക് വെച്ചുവിളമ്പിയിരുന്ന അടുക്കള കിഴക്കിനിക്ക് മേലെയുള്ള വടക്കിനിയിലാണ്.
  അന്തഃപുരത്തിലെ സ്ത്രീകൾക്കിരിക്കാവുന്ന ഇടമാണ് നടുമിറ്റം. ഉപനയനത്തിനു ശേഷം ഒന്നോ രണ്ടോ വർഷം കഴിഞ്ഞാൽ സമാവർത്തനത്തിനു ശേഷം ഉണ്ണി നമ്പൂതിരിമാർ പത്തായപ്പുരകളിലേക്ക് താമസം മാറ്റും. സ്ത്രീകളും ഉണ്ണി നമ്പൂതിരിമാരും പിന്നെ പരസ്പരം കാണാറില്ലത്രെ. ആൺ സന്താനങ്ങൾ ഇല്ലാതിരുന്ന കാലത്ത് മായന്നൂരിൽ നിന്ന് ദത്തെടുത്തതായും ചരിത്ര രേഖകളിൽ സൂചനയുണ്ട്.
  ഒരു ലക്ഷത്തിലധികം പറ പാട്ടം കിട്ടുന്ന നെല്ല്  പത്തായപ്പുരകളുടെ താഴെ സൂക്ഷിക്കും. മുകളിൽ താമസക്കാരുണ്ടാവും. പള്ളിക്കുറുപ്പ് ഭാഗത്തും മനയുടെ ചെറിയൊരു ഭാഗം നിലനിൽക്കുന്നുണ്ട്.
 കഥകളി, വേദപഠനം, സംസ്കൃതം ,ഭാഷ എന്നീ നാലു മേഖലകൾ കൊണ്ടാണ് മന ഒരു പൈതൃക കേന്ദ്രമാവുന്നത്.
 രാമനാട്ടം പ്രചാരമുള്ള കാലത്തു തന്നെ പ്രഭു കുടുംബങ്ങളിലെ അംഗങ്ങൾ കളി കോപ്പുകൾ നിറച്ച പെട്ടികളുമായി വേനലിൽ ആറു മാസം ഊര് ചുറ്റിയിരുന്നു. ശേഷിക്കുന്ന ആറ് മാസം കാന്തളൂർ ക്ഷേത്രത്തിൽ വച്ച് ഗുരുക്കൾക്കു കീഴിൽ കളരി അഭ്യസിച്ചിരുന്നു. മൂന്നാം നിലയിലെ സ്ഥിരതാമസക്കാരനായ പട്ടിക്കാംതൊടി രാമുണ്ണി മേനോൻ കളി ചിട്ടപ്പെടുത്തിയിരുന്നത് മനയിൽ വച്ചായിരുന്നു. പത്മവിഭൂഷൺ രാമൻകുട്ടി നായർ, കെ.അർ. കുമാരൻ നായർ ,പത്മനാഭൻ നായർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. കാരണവരുടെ അറുപതാം പിറന്നാളിന് നൂറ് പറ അരിവച്ച സദ്യയും എഴുതി അവതരിപ്പിച്ച ' ധ്രുവചരിതം' കളിയും ഒരു മുറ്റത്ത് തന്നെ രണ്ട് കളി നടത്തിയ പഴമയും ഒളപ്പമണ്ണമനക്ക് മാത്രം അവകാശപ്പെട്ടതാണ്.
  വേദപഠനം എട്ടു മുതൽ പത്ത് വർഷം വരെ നീണ്ടു നിന്നിരുന്നു. തൃശൂർ കടവന്നൂരിലെ അന്യോന്യത്തിലും മലപ്പുറം തിരുനാവായ മഠത്തിലും മനയിലെ വേദ പണ്ഡിതർ പങ്കെടുത്തിരുന്നു. ഋഗ്വേദമാണ് ഒളപ്പമണ്ണമനയിൽ പഠിപ്പിച്ചിരുന്നത്. ഇരിങ്ങാലക്കുടയിലെ നെടുമ്പുളളി മനയിൽ നിന്ന് വന്നവർ യജുർവേദം പഠിച്ചിരുന്നു. സാമവേദം പഠിച്ചവർ ഒൻപത് പേർ ഉണ്ടായിരുന്നെങ്കിലും അഥർവ്വവേദം ആരും പഠിച്ചിരുന്നില്ല.
     അറുപത് വയസ്സിന് ശേഷം എട്ട് വർഷമെടുത്താണ് ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട് ഋഗ്വേദത്തെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. ചിന്മയാനന്ദ സ്വാമി ഉദ്ഘാടനം ചെയ്ത യോഗത്തിൽ വച്ച് പ്രധാനമന്ത്രി നരസിംഹറാവു സഖാവ് ഇ.എം.എസിന് കോപ്പി കൈമാറി.
  ചങ്ങമ്പുഴ പങ്കെടുത്ത ഒറ്റപ്പാലം കവി സമ്മേളനത്തിൽ 'ഒളപ്പമണ്ണ്' എന്ന് പറഞ്ഞ് കവിത ചൊല്ലുമ്പോൾ വീട്ടു പേര് തൂലികയാവുമെന്ന് അദ്ദേഹം പോലും കരുതിക്കാണില്ല. " പഴഞ്ചൊൽ പ്രപഞ്ചം " തുടങ്ങി ബാലസാഹിത്യ കൃതികളിലൂടെ പ്രശസ്തയായ ഒ.എം.സി.യുടെ മകൾ സുമംഗലയുടെ എൺപത്തിനാലാം പിറന്നാളിന് ഒളപ്പമണ്ണമന തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്.
  ഭാഷയിലെ സമഗ്ര സംഭാവനകളെ മുൻനിറുത്തി 1990 മുതൽ എല്ലാ ഫെബ്രുവരിയിലെയും അവസാന ഞായറിൽ തെരെഞ്ഞെടുക്കപ്പെടുന്ന ഒരു വ്യക്തിക്ക് പതിനായിരം രൂപയും പ്രശസ്തി പത്രവും നൽകി വരുന്നു."കഴിഞ്ഞ തവണ എം.കെ. സാനുമാഷിനാണ് പുരസ്കാരം ലഭിച്ചത്.
   പത്തായപ്പുരയിലെ സ്ഥിരതാമസക്കാരിൽ ഒരാളായിരുന്നു കാന്തളൂർ ക്ഷേത്രത്തിൽ പന്ത്രണ്ടാം വയസ്സിൽ ശാസ്ത്രീയ സംഗീതത്തിൽ അരങ്ങേറ്റം നടത്തിയ ചെമ്പൈ വൈദ്യനാഥ ഭാഗവതർ .ഒറ്റപ്പാലം പൂഴിക്കുന്ന് മനയിൽ വച്ച് അന്ത്യശ്വാസം വലിക്കുന്നതു വരെ ഭാഗവതർ മനയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
   വിളനാശ സമയത്ത് കുടിയാന്മാരിൽ നിന്ന് പാട്ടം ഈടാക്കിയിരുന്നില്ല എന്നു മാത്രമല്ല ,കൃഷിയിറക്കാനാവശ്യമായ എല്ലാ സഹായങ്ങളും മനയിൽ നിന്ന് ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. അതു കൊണ്ടു തന്നെ ഊഷ്മളമായൊരു ജന്മി-കുടിയാൻ ബന്ധവും നിലനിർത്താൻ ഒളപ്പമണ്ണമനക്ക് കഴിഞ്ഞിരുന്നു.
 1913 ൽ പി.ടി.ഭാസ്ക്കര പണിക്കർ സ്ഥാപിച്ച ഏകാധ്യാപക വിദ്യാലയമാണ് പിൽക്കാലത്തെ ഹൈ സ്കൂളായി മാറിയത്.
  ഒ.എം.സി.യുടെ അച്ഛന് ബ്രിട്ടീഷുകാർ 'റാവു ബഹദൂർ ' പദവി നൽകി ആദരിച്ചു. വഴിയാത്രക്കാരനായ ഹരിജൻ യുവാവിനെ തന്റെ കാറിൽ കയറ്റി നവോത്ഥാനത്തിന് അദ്ദേഹം തുടക്കം കുറിച്ചു.
  ഖദർ ധാരിയായ ഒ.എം.സി.യാണ് ഒറ്റപ്പാലത്തും പട്ടാമ്പിയിലും വച്ച് ഗാന്ധിജിയുടെ പ്രസംഗങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്. ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയിൽ വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് പിൽക്കാലത്ത് അദ്ദേഹം ഇടത് സഹയാത്രികനായി എന്നും അറിയാൻ കഴിഞ്ഞു.
    ഒ.എം. അനുജൻ എറണാകുളത്താണ് താമസിക്കുന്നതെങ്കിലും ' ദേവീപ്രസാദം ട്രസ്റ്റാണ് ' ഇപ്പോൾ ഒളപ്പമണ്ണമനയുടെ മേൽനോട്ടം വഹിക്കുന്നത്. ഡോക്ടർ .എൻ .പി . വിജയകൃഷ്ണന്റെ 'ഒളപ്പമണ്ണമന- ചരിത്രം ' എന്ന പുസ്തകം ആധികാരികമായ ഒരു രേഖ തന്നെയാണ്.
     ശ്രീ. ശങ്കരനാരായണൻ മാഷ് കാര്യങ്ങൾ വിശദീകരിച്ചു. ട്രെയ്ൻ പി.പി. അലി, കെ.കെ.മണികജൻ ,കെ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.
    ചരിത്ര വസ്തുതകൾ ചോദിച്ചറിഞ്ഞും അനുഭവിച്ചറിഞ്ഞും അധ്യാപകർ പഠനയാത്ര വേണ്ടുവോളം ആസ്വദിച്ചു .

        കെ.കെ. മണികണ്ഠൻ ,
        കാരാകുറുശ്ശി.