kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Friday, June 29, 2018

മരണ വീട്ടിലെ മഴ


അത്
ഭയം ചുരുട്ടിയ
തേരട്ടയെപ്പോലെ
ഇഴയാൻ മറക്കും

എത്ര കുടയുണ്ടായാലും
നനഞ്ഞു കൊണ്ട്
ഒരു തേങ്ങൽ പടി കയറി വരും

മുറ്റത്തെ
ചളിപിളിയിൽ
ചവിട്ടി വഴുതി
ഓർമ്മകളുടെ
മന്തു കാലുകൾ

ചില പരിചയങ്ങൾ
ഓർക്കാപ്പുറത്ത്
ഇളിച്ചു കാട്ടി വെയിലാവും

എല്ലാ പുഷ്പചക്രങ്ങളിലും
പൂക്കൾക്കു മുകളിൽ
കണ്ണീര് ഒട്ടിച്ചു വയ്ക്കും

ഒന്നു തോരുമ്പോൾ
നടുത്തളത്തിൽ നിന്ന്
പിന്നെയും തോരാപ്പെയ്ത്ത്
അലമുറയിട്ട് മൂടിക്കെട്ടും

എത്രയോ കാലമായി
ഒപ്പമുണ്ടായിരുന്നവരെപ്പോലെ
അതേങ്ങിയേങ്ങിക്കരയും
ഇണക്കങ്ങളും പിണക്കങ്ങളുമായി
തളം കെട്ടും

ഈറൻ മാറ്റാനാവാതെ
ആത്മാവുകൾ
പിഴിഞ്ഞുടുക്കാനാവാതെ
ചിറകിട്ടടിക്കും
കെട്ടഴിഞ്ഞ മുടി പോലെ

മഴയത്തു മരിക്കുന്നവർ
എന്നുമോർക്കപ്പെടും
അവരുടെ പേരുകൾ
മഴക്കല്ലിൽ കൊത്തിവയ്ക്കപ്പെടും
ഒരു വേനലിനും
നനച്ചു കളയാനാവാതെ

എത്ര അടക്കിയാലും
കുതറിച്ചാടുന്ന
കാനത്തുള്ളികളാണ്
പൊടുന്നനെ
മരണപ്പെടുന്ന വീടുകൾ.

ശിവപ്രസാദ് പാലോട്

No comments:

Post a Comment