kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Tuesday, March 6, 2012

പിറവികൾ

പിറവികള്‍ 


ചില കവിതകള്‍
ജന്മനാ വൈകല്യത്തോടെ
പിറന്നെന്നിരിക്കും ,

ആറ്റു നോറ്റുണ്ടായത്
ഉപേക്ഷിക്ക വയ്യ ..
കണ്ണെഴുതിയും,
പൊട്ടു തോടുവിച്ചും
വളര്‍ത്തുക തന്നെ ചെയ്യും ..

പറ്റുമെങ്കില്‍ ചികിത്സിക്കും
മരുന്നും മന്ത്രവുമായി ,
എടുത്തു മാറ്റിയും
കൂട്ടിച്ചേര്‍ത്തും ,
ശസ്ത്രക്രിയ നടത്തും

ആര് കളിയാക്കിയാലും,
പുളിച്ച സഹതാപം കൊണ്ട്
മൂടിയാലും ,
പോകുന്നെടതൊക്കെ
കൊണ്ടുപോകും ,
കല്യാണ വീട്ടിലും,
ഉത്സവത്തിനും,
കടപ്പുറത്തും,
ജാഥക്കും,സമരത്തിനും
മരണ വീട്ടിലും
ഒക്കത്തൊരു കവിതയുമായി ..

പിച്ചക്കിരുത്തുക വയ്യ
അത് കൊണ്ടുതന്നെ
ആരും കണ്ടില്ലെങ്കിലും
കേട്ടില്ലെന്കിലും
പരാതിയൊട്ടുമില്ല

ചില കവിതകള്‍
ജന്മനാ വൈകല്യത്തോടെ
പിറന്നെന്നിരിക്കും ,

1 comment:

  1. കൊള്ളാം ....കൊള്ളാം.. അഭിനന്ദനം....എല്ലാറ്റിനും.

    ReplyDelete