kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Showing posts with label യാത്ര. Show all posts
Showing posts with label യാത്ര. Show all posts

Monday, January 27, 2020

7:09 PM

മയ്യഴിയെ തൊട്ട്, തെയ്യത്തെ അറിഞ്ഞ്



          നാട്ടുകൽ അമ്പത്തിമൂന്നാം മൈലിൽ രാത്രി പത്തുമണിക്ക് ബസ്
കാത്തുനിൽക്കുമ്പോൾ നാട്ടുകാരനായ ഒരു സുഹൃത്ത് എങ്ങോട്ടാണ് രാത്രി
യാത്രയെന്ന് കുശലം ചോദിച്ചു. കണ്ണൂർക്കാണ് തെയ്യം കാണാനാണ്
മണ്ണാർക്കാട്ടുനിന്ന് ഒരു കൂട്ടം മാഷന്മാർ വരുന്നതും കാത്തു നിൽക്കുകയാ
ണെന്ന് പറഞ്ഞപ്പോൾ അവന് വലിയ അത്ഭുതം. പിന്നെ അവന് യു ട്യൂബിൽ തെയ്യം
കാണിച്ചുകൊടുത്തു നിൽക്കുമ്പോൾ മഹാറാണി നാണിച്ചു വരുന്നു. വാതിൽ തുറന്ന്
കാത്തുനിൽക്കുകയാണ് വിദ്യാരംഗം മണ്ണാർക്കാട് കോർഡിനേറ്റർ ഹരിദാസൻ മാഷും
പാലക്കാട് ജില്ലാ കോർഡിനേറ്റർ കേശവൻ മാഷും. ബസിനുള്ളിലെ അരണ്ട
വെളിച്ചത്തിൽ എല്ലാവരെയും കണ്ടപ്പോൾ സന്തോഷമായി. എല്ലാവർക്കും ആവേശം
പകർന്ന പ്രിയപ്പെട്ട എഇഒ അനിൽകുമാർ മാഷും ഒപ്പമുണ്ടെന്നത് സന്തോഷത്തെ
ഇരട്ടിയാക്കി. പിറകിലെ സീറ്റിൽ ഇരിപ്പിടം ഉറപ്പിച്ചപ്പോഴേക്കും കേശവൻ
മാഷ് മൈക്ക് കയ്യിലെടുത്ത് യാത്രയുടെ ഘട്ടങ്ങൾ പറഞ്ഞുതുടങ്ങി. പിന്നെ ബസ്
മുന്നോട്ടുപോകുമ്പോൾ പിറകിലേക്കോടുന്ന വിളക്കുകാലുകളെയും നോക്കി യിരുന്ന്
എപ്പോളോ ഉറങ്ങിപ്പോയി.

                            പിന്നെ ഉറക്കമുണരുമ്പോൾ കോഴിക്കോടും മാഹിയും
കടന്ന് മഹാറാണി കണ്ണൂർ കീച്ചേരിയിലേക്ക്. അവിടെത്തെ ചിറകുറ്റി പുതിയ
ഭഗവതി ക്ഷേത്രമാണ് ലക്ഷ്യസ്ഥാനം. ബസ് റോഡിനരുകിൽ നിർത്തി സംഘാംഗങ്ങൾ
ക്ഷേത്രത്തിലേക്കുള്ള ഇടവഴിയിലൂടെ നടന്നു തുടങ്ങി. സമയം രാത്രി രണ്ടര.
തെയ്യം നടക്കുന്ന യാതൊരു ലക്ഷണവുമില്ലാതെ ഉറങ്ങിക്കിടക്കുന്ന ക്ഷേത്രം.
നമുക്ക് നേരം വൈകിയോ. അതോ സ്ഥലം മാറിപ്പോയോ എന്നൊക്കെ പരസ്പരം
പറയുന്നതിനിടെ ക്ഷേത്ര പറമ്പിന്റെ ഒരു മൂലയിൽ വെളിച്ചത്തിന്റെ ഒരു തിരി.

അവിടെ ശ്രദ്ധാപൂർവം തെയ്യത്തിന്റെ മേലാപ്പിന് ചായം കൊടുക്കുന്ന
ഒരാൾ..തൊട്ടടുത്തെ ചെറിയ മുറിയിൽ തെയ്യം കെട്ടുന്ന കോലധാരിക്ക്
മുഖത്തെഴുത്ത് നടത്തുന്ന മറ്റൊരു കലാകാരൻ..അവരോട് ചോദിച്ചപ്പോൾ തെയ്യം
തുടങ്ങാൻ പുലർച്ചെ നാലുമണിയാകുമെന്നും അപ്പോഴേക്കെ നാട്ടുകാർ
എത്തിത്തുടങ്ങൂ എന്നും മനസ്സിലായി. പാലക്കാട്ടുനിന്നും തെയ്യം കാണാൻ
എത്തിയവരാണെന്നും അധ്യാപകർ ആണെന്നും പറഞ്ഞപ്പോൾ അവർക്ക് താൽപര്യം കൂടി.
തെയ്യത്തിന്റെ പ്രത്യേകതകളും തോറ്റം പാട്ടും ഐതിഹ്യവുമെല്ലാം
താൽപര്യത്തോടെ പറഞ്ഞു തന്നു. ക്ഷേത്ര പറമ്പിൽ പലയിടത്തായി
കിടന്നുറങ്ങുന്ന കലാകാരന്മാർ. ആശാൻ എന്ന് തോന്നിച്ച പ്രായം ചെന്ന കലാകാരൻ
ഒാരോരുത്തരെയും വിളിച്ചുണർത്തി ഉടയാടകൾ ധരിപ്പിക്കുന്നു. മുഖത്തെഴുത്തു
നടത്തുന്നു. അതുവരെ ഉറങ്ങിക്കിടന്ന പച്ചമനുഷ്യർ ദൈവങ്ങളാകാൻ ഒരുങ്ങുന്നു.

          നേരം നാല് കഴിഞ്ഞപ്പോൾ നേരത്തെ കണ്ട തെയ്യം കലാകാരന്മാരിൽ
ഒരാള്‍ ഒറ്റച്ചെണ്ടയുമായി തോറ്റം പാട്ട് തുടങ്ങി. വരികൾ പലതും
മനസ്സിലായില്ലെങ്കിലും അഭൗമമായ ഏതോ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന
താളം..
പെട്ടെന്ന് ചിലമ്പിന്റെ താളം കേട്ടു, വേഷമിട്ട തെയ്യം കലാകാരൻ
ക്ഷേത്രത്തിന്റെ മുന്നിലേക്ക് വന്നു. അവിടെ ഇട്ടുകൊടുത്ത ഇരിപ്പിടത്തിൽ
ഇരുന്നു. മറ്റു കലാകാരൻമാർ ചേർന്ന് ദേഹത്ത് ചുവന്ന നിറത്തിലുള്ള കുഴമ്പ്
തേച്ചു പിടിപ്പിക്കുന്നു. അതിനുമുകളിൽ മലർ ഒട്ടിച്ചു വക്കുന്നു. ചുവപ്പു
നിറത്തിലുള്ള മുഖത്തെഴുത്തിലും മാറിടത്തും മലരിന്റെ വെളുത്ത പുള്ളികൾ
..കോലം കെട്ടിയുറപ്പിക്കൽ കഴിഞ്ഞിപ്പോൾ ഒരു കണ്ണാടി കോലധാരിക്ക് നേരെ
നീണ്ടു. കോലധാരി അതിൽ സ്വന്തം പ്രതിബിംബം നോക്കി.പിന്നെ
മറ്റൊരുലോകത്തേക്ക് ആനയിക്കപ്പെട്ടപോലെ ക്ഷേത്രത്തിന്റെ മുന്നിലേക്ക്
ദ്രുത ചലനങ്ങളോടെ നടന്നു. അപ്പോഴേക്കും തോറ്റം പാട്ട് അതിന്റെ
ഉച്ചസ്ഥായിലിയെത്തുകയും  അകമ്പടിയായി ചെണ്ടകൾ താളം കൊട്ടാനും
തുടങ്ങിയതോടെ തെയ്യക്കാവ് ഉണർന്നു. നാട്ടുകാർ ക്ഷേത്രത്തിലേക്ക്
എത്തിത്തുടങ്ങി.
                                     ക്ഷേത്രത്തിൽ നിന്ന് കോമരം ഇറങ്ങി
വന്ന് ഉടവാൾ തെയ്യം കോലധാരിക്ക് നൽകി. പിന്നെ തെട്ടത്തിന്റെ
ഭാവപ്പകർച്ചകൾ..ചെണ്ടകളുടെ കാലങ്ങളും താളങ്ങളും മാറുന്നതിനനുസരിച്ച്
തെയ്യം നിറഞ്ഞാടി. കോലത്തിൽ കുത്തി നിർത്തിയ പന്തങ്ങളുടെ വെളിച്ചത്തിൽ
ഇരുളുംവെട്ടവും ചേർന്ന് സ്വപ്നത്തിലേക്കെന്നപോലെ കൂട്ടിക്കൊണ്ടു പോയി.
നാട്ടുകാരോട് ചോദിച്ച് തെയ്യം തോട്ടുങ്ങൽ ഭഗവതി ആണെന്ന് മനസ്സിലാക്കി.
കുറച്ചു കഴിയുമ്പോൾ ഒരാൾ ഒരു കോഴിയെ തെയ്യത്തിന് സമർപ്പിക്കുന്നു. പിന്നെ
അതിനെ  ഇരു കൈകളും കൊണ്ട് പിടിച്ചുകൊണ്ടുള്ള ചുവടുകൾ. അതിനൊടുവിൽ
തെയ്യം ആളുകൾക്കിടയിലേക്ക് മറ്റൊരു കളത്തിലേക്ക് ഒാടുന്നു. അവിടെ
കോഴിയുടെ കഴുത്തറുത്ത് ചോര രുചിക്കുന്നു. വീണ്ടും ക്ഷേത്രത്തിന്റെ
മുന്നിലേക്ക്..പിന്നെ നാട്ടുകാരോട് തെയ്യത്തിന്റെ അനുഗ്രഹഭാഷണങ്ങൾ..

സംവത്സരത്തോട് സംവത്സരം ചേർന്ന് ഇന്ന് നമുക്ക് കണ്ടു കൂടിപ്പിരിയാൻ
ഇടവന്നിരിക്കുന്നു. എന്റെ മക്കൾക്കും കുഞ്ഞിമക്കൾക്കും ഗുണം വരുത്തും..

നാട്ടുകാരിൽ പലരും ഭക്തിപൂർവം നൽക്കുന്ന ദക്ഷിണകൾ. പ്രസാദമായി
അരിപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർന്ന കുറി കൊടുക്കുന്നതോടെ ഒരു
തെയ്യത്തിന്റെ ചടങ്ങുകൾക്ക് അവസാനമായി.

  പിന്നീട് അല്പസമയം കഴിഞ്ഞപ്പോളേക്കും അടുത്ത തെയ്യത്തിന്റെ വരവായി.
വീരഭദ്രകാളി തെയ്യം. വാമൊഴിയിൽ വീരാളിത്തെയ്യം. വീണ്ടും തോറ്റവും,
ചെണ്ടയും. മുഖത്തെഴുത്തിലും കോലത്തിലും, മുടിയിലും   രണ്ടു തെയ്യങ്ങളും
തമ്മിൽ വേർതിരിച്ചറിയാം. ചടങ്ങുകളിൽ സൂക്ഷ്മാംശത്തിൽ വ്യത്യാസം
കണ്ടേക്കാമെങ്കിലും ആദ്യം തെയ്യം കാണുന്നവർക്ക് വ്യത്യാസങ്ങൾ
മനസ്സിലായെന്നും വരില്ല.

  വീര ഭദ്രകാളിക്ക് ശേഷം പുതിയ ഭഗവതി തെയ്യമായി. ക്ഷേത്രമുറ്റത്ത്
വിറകുകത്തിച്ച് കനൽകൂട്ടിയതിലൂടെ പുതിയ ഭഗവതിതെയ്യവും പൂജാരികളും
നടന്നുപോയി.  മറ്റു തെയ്യങ്ങളെക്കാള്‍ ചടങ്ങുകൾ ദീർഘമാണ് പുതിയ
ഭഗവതിക്ക്.



























                        അപ്പോഴേക്കും നേരം ആറുമണിയായിക്കഴിഞ്ഞിരുന്നു.
തെയ്യം കാണാനെത്തിയവർക്ക് ചുക്കുകാപ്പിയുമായി ക്ഷേത്രത്തിലെ ആളുകൾ എത്തി.
തന്തക്കും തറവാട്ടിനും
മേലാക്കത്തിനും
മേൽഗൃഹത്തിനും
ഗുണം വരണം, ഗുണം വരണം
തെയ്യം അപ്പോളും നാട്ടുകാർക്ക് അരുളപ്പെടുകയാണ്.

       തെയ്യം നടക്കുന്ന കീച്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിലെ പ്രധാനിയായ
അജിത് കുമാർ തെയ്യത്തിന്റെ ഐതിഹ്യവും ചടങ്ങളുകളും വിശദീകരിച്ചു തന്നു.
ഒാരോ തെയ്യത്തെക്കുറിച്ചും ആധികാരികമായ അറിവുകൾ സംഘാംഗങ്ങൾക്ക് പുതിയ
അനുഭവമായി. ശ്രീ മഹാദേവന്റെ മൂന്നാം കണ്ണിൽ നിന്നും ഉത്ഭവിച്ച ദേവതമാരാണ്
ചിറുമ്പമാർ. രണ്ട് പൊന്മക്കളെയും വാരിയെടുത്ത് ദേവൻ അവർക്ക്
വസൂരിക്കുരിപ്പ് നൽകി. ആ മക്കളെ ഇനി മേൽലോകത്ത് നിർത്താനാകില്ലെന്നതിലാൽ
പൊൻ ചിലമ്പും തേരും നൽകി കീഴ് ലോകത്തേക്ക് അയക്കുന്നു. മേൽ ലോകത്ത്
മഹാദേവന്റെ കുരിപ്പ് വർദ്ധിച്ചപ്പോൾ 40 ദിവസം ഹോമം കഴിച്ച് സമയം പുതിയ
ഭഗവതി എന്ന പൊന്മകൾ ഹോമകുണ്ഠത്തിൽ നിന്നും പൊടിച്ചുയരുന്നു. കോഴിയും
കുരുതിയും കൊടുത്ത് ദാഹം തീർക്കുന്നു. കീഴ്ലോകത്ത് ചിറുമ്പമാർ
വാരിവിതറിയ വസൂരി ഇല്ലാതാക്കാൻ പൊന്മകളെക്കൂടി ഭൂമിയിലേക്ക് അയക്കുന്നു.
അജിത് കുമാർ തെയ്യത്തിന്റെ ഐതിഹ്യകഥ പറയുമ്പോൾ
നേരം പുലരുന്നു.. കഴിഞ്ഞ മണിക്കൂറുകളിൽ മുന്നിലൂടെ ആടി മറഞ്ഞുപോയ
തെയ്യക്കോലങ്ങൾ കണ്ണിൽ അപ്പോഴും മായാതെ നിൽക്കുകയായിരുന്നു. വീണ്ടും
ബസിലേക്ക്. കണ്ണൂർ ശിക്ഷക് സദനിൽ അല്പസമയം വിശ്രമം. കോഫി ഹൗസിലെ പ്രഭാത
ഭക്ഷണം. പിന്നീട് പയ്യാമ്പലത്തേക്ക്.

സുകുമാർ അഴീക്കോട്, ഇകെ.നായനാർ തുടങ്ങി കേരളം കണ്ട മഹാമനുഷ്യർ
ഉറങ്ങിക്കിടക്കുന്ന ചരിത്ര ഭൂമിക.  കടലിലേക്ക് ഇറങ്ങാതെ പയ്യാമ്പലം
ബീച്ച് ദൂരെ നിന്നും കണ്ട് വീണ്ടും അടുത്ത ബീച്ചിലേക്ക്. കേരളത്തിലെ ആദ്യ
ഡ്രൈവിങ്ങ് ബീച്ചായ മുഴുപ്പിലങ്ങാടിലേക്ക്.




















കടലിനെ തൊട്ടുരുമ്മി നീങ്ങുകയാണ് ബസ്. തീരത്ത് നിർത്തിയിട്ടിരിക്കുന്ന
തോണിയിൽ സംഘാംഗങ്ങൾ എല്ലാവരും ഇരുന്ന് ഫോട്ടോ എടുത്ത്
മുഴുപ്പിലങ്ങാടിനോട് വിടപറയുമ്പോൾ നേരം പത്തര.

                       തീരത്തോട് തലോടുന്ന പോലെയുള്ള തിരകളാണ്
മുഴുപ്പിലങ്ങാടിന്റെ പ്രത്യേകത. ശാന്തമായ കടൽ. ഉറച്ചുകിടക്കുന്ന
മണൽപ്പരപ്പ്.


 ഇനി മാഹി പാർക്കിലേക്കാണ്. മയ്യഴിയുടെ രാജകുമാരനെ നേരിൽക്കാണാൻ.
സംഘാഗങ്ങൾ മയ്യഴി പാർക്കിൽ പുഴയെ ചേർന്നു നടന്നു. ദൂരെ വെള്ളിയാങ്കല്ലിൽ
ആത്മാവുകൾ തുമ്പികളായി പറന്നു നടക്കുന്നു. മയ്യഴിപ്പുഴയുടെ തീരങ്ങൾ
നോവലിലെ വിവിധ കഥാ സന്ദർഭങ്ങള്‍ ശില്പങ്ങളായി കൊത്തിവച്ചിരിക്കുന്നത്
മാഹി പാർക്കിനെ അക്ഷരങ്ങളോട് അത്രമേൽ ചേർത്തുപിടിക്കുന്നു.

 അല്പസമയം കഴിഞ്ഞപ്പോഴേക്കും എം.മുകുന്ദൻ മാഹി പാർക്കിൽ എത്തി.
മണ്ണാർക്കാട് എഇഒ ഒ.ജി.അനിൽകുമാർ എം.മുകന്ദനെ പൊന്നാടയണിയിച്ച്
മണ്ണാർക്കാടിന്റെ ആദരം നൽകി.
                                   തുടർന്ന് സംഘാംഗങ്ങളുമായി
അദ്ദേഹത്തിന്റെ സ്നേഹ വർത്തമാനങ്ങൾ. സമകാലീന ദേശീയ, അന്തർദേശീയ
സാഹചര്യങ്ങളെക്കുറിച്ച് സംഘാങ്ങളുടെ ചേദ്യങ്ങൾക്കെല്ലാം നിലപാടുകളോടെ
ഉത്തരങ്ങൾ. സാഹിത്യത്തിൽ വന്ന മാറ്റങ്ങൾ, പുതിയ എഴുത്തുകളുടെ സാമൂഹ്യ
പ്രതിബദ്ധത എന്നിവയെല്ലാം ചർച്ചകളിൽ നിറഞ്ഞു. പൗരത്വ ബില്ലിനെതിരായി
ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധങ്ങളെ ലോകം ഏറ്റെടുത്തതായി എഴുത്തുകാരൻ
എം.മുകുന്ദൻ. വിദ്യാരംഗം കലാസാഹിത്യവേദി അധ്യാപകർക്കായി നടത്തിയ സാഹിത്യ
സാംസ്കാരിക യാത്രാംഗങ്ങളുമായി മയ്യഴി പാർക്കിൽ വച്ചു നടന്ന മുഖാമുഖത്തിൽ
സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെഎൻയുവിനെയും കേന്ദ്രസാഹിത്യ
അക്കാദമിയെയും തകർക്കാൻ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
   നോവലിന്റെ കുലപതിയായ എം.മുകുന്ദന് ഞാൻ എഴുതിയ മണ്ണേ നമ്പി എന്ന നോവൽ
നേരിട്ടു നൽക്കാനായത് വിലപിടിച്ച അനുഭവമായി .കാരാകുർശി സ്കൂൾ വിദ്യാർഥിനി
ആർച്ചയുടെ മരണക്കട എന്ന കവിതയും മുകുന്ദന്റെ പ്രശംസ പിടിച്ചുപറ്റി.


കേരളത്തിൽ വളർന്നു വരേണ്ട പുതിയ തൊഴിൽ പെരുമാറ്റ
സംസ്കാരത്തെക്കുറിച്ചും, പ്രത്യയശാസ്ത്രങ്ങള്‍ക്ക് കാലീകമായി വേണ്ട
മാറ്റിയെഴുത്തുകൾ സംബന്ധിച്ച പ്രതീക്ഷകളും അദ്ദേഹം പങ്കുവച്ചു.
സംഘാംങ്ങളുമൊത്ത് ഗ്രൂപ്പ് ഫോട്ടോക്കിരുന്ന് മയ്യഴിയുടെ കഥാകാരൻ
വെള്ളിയാങ്കല്ലിനും മാഹിക്കും വന്ന മാറ്റങ്ങളിലെ വ്യസനം പങ്കിട്ടു.



മാഹിയിൽ നിന്നും വടകരയിലേക്ക്. ഊരാളുങ്ങൽ ലേബർ സൊസൈറ്റിയുടെ സർഗാലയം
കാണാനായിരുന്നു അടുത്ത യാത്ര. ഒരിക്കൽ പാറക്കെട്ടായി കിടന്നിരുന്ന
സ്ഥലത്തെ പാറ പൊട്ടിച്ചെടുത്തപ്പോൾ ബാക്കിയായ മടയെ മഴവെള്ള സംഭരണിയാക്കി
മാറ്റിയിരിക്കുന്നു. പ്രകൃതിയെ ചൂഷണം ചെയ്ത ഇടം തന്നെ പ്രകൃതി
സംരക്ഷണത്തിന്റെ മാതൃകയായി മാറ്റിയത് കൗതുകകരമാണ്.

വിവിധ കരകൗശലകേന്ദ്രങ്ങൾ സന്ദർശിച്ചു. കൊത്തുപണികൾ, മരപ്പണികൾ, കൈത്തറി,
മുള അലങ്കാരപ്പണികൾ, തുണിത്തരങ്ങൾ എന്നിവയെല്ലാം ആകർഷണീയമാണ്. മുറ്റത്ത്
നമ്മളെ സ്വാഗതം ചെയ്യുന്നത് ഒറ്റത്തടിയിൽ തീർത്ത ഒരു കോടി വിലയുള്ള
ആനയുടെ ദാരു ശില്പമാണ്.

















യാത്രയിൽ എല്ലാവരുമായി രഹസ്യമാക്കിവച്ച പദ്ധതി അപ്പോഴാണ് കേശവന്‍
മാസ്റ്റർ പ്രഖ്യാപിക്കുന്നത്.വിരമിക്കുന്ന പ്രധാനാധ്യാപകരായ
ടി.വി.പ്രസന്ന, എ.ജയമുകുന്ദൻ എന്നിവർക്ക് വിദ്യാരംഗം നൽകുന്ന യാത്രയയപ്പ്
എന്ന അവിസ്മരണീയ മുഹൂർത്തം.  വിദ്യാരംഗം പാലക്കാട് ജില്ലാ കോർഡിനേറ്റർ
പി.ഒ. കേശവൻ, മണ്ണാർക്കാട് എഇഒ ഒ.ജി.അനിൽകുമാർ, മണ്ണാർക്കാട് വിദ്യാരംഗം
കോർഡിനേറ്റർ ജി.എൻ.ഹരിദാസ്, വി.എസ് ഹരീഷ്, എം.കൃഷ്ണദാസ്, പിഎം.മധു,
സിദ്ദീഖ് പാറക്കോട്ട്, സുധീർ, എ.ജയചന്ദ്രൻ എന്നിവരുടെ ചെറു പ്രസംഗങ്ങൾ.
പറളി സബ്ജില്ലയിൽ നിന്നും പങ്കെടുത്ത സുധീർ, ഗിരീഷ്, മണ്ണാർക്കാട് അൻസാരി
പ്രസ് ഉടമ ഗോപകുമാർ, പ്രദീപ് വേർക്കാട്ടിൽ, ചന്ദ്രൻ, ആർച്ച തുടങ്ങിയ
സംഘാംഗങ്ങളുടെ സ്നേഹ ഭാഷണങ്ങൾ. വിദ്യാരംഗത്തിന് മാത്രം കഴിയുന്ന
സർഗാത്മകയാത്ര.

       വീണ്ടും മഹാറാണിയിലേക്ക് കയറുമ്പോൾ നേരം അഞ്ചര. പിന്നീട്
തിരിച്ചുള്ള യാത്രയിൽ സംഘാങ്ങളുടെ കലാപരിപാടികളും , പരിചയപ്പെടുത്തലുകളും
നിറഞ്ഞ് സമയമറിയാതെയുള്ള യാത്ര. ഇടക്ക് രാമനാട്ടുകര നിന്നും മുൻ ഡിഇഒ
വേണു പുഞ്ചപ്പാടവും ബസിൽ കയറിയത്  ഇരട്ടി മധുരമായി.  തിരിച്ചുള്ള
യാത്രയിൽ ഒാരോ നിമിഷത്തിലും എല്ലാവരും ചിന്തിച്ചത് ഈ യാത്ര
അവസാനിക്കാതിരുന്നെങ്കിൽ എന്നായിരിക്കണം. അതാണല്ലോ, അതാണല്ലോ എല്ലവാരും
മണ്ണാർക്കാട് അടുക്കും തോറും മൗനികളായി മാറിയത്..


ശിവപ്രസാദ് പാലോട്

Friday, May 18, 2018

10:12 PM

ചരിത്രമന്വേഷിച്ച് സാമൂഹ്യ ശാസ്ത്രാധ്യാപകർ



മണ്ണാർക്കാട് ബി.ആർ.സി. ക്കു കീഴിലെ വിവിധ വിദ്യാലയങ്ങളിലെ സാമൂഹ്യ ശാസ്ത്രാധ്യാപകർ ,അവധിക്കാല പരിശീലനത്തിന്റെ ഭാഗമായുള്ള ചരിത്രാന്വേഷണത്തിന് തെരെഞ്ഞെടുത്തത് പുലാപ്പറ്റ 'കുതിരവട്ടം സ്വരൂപ' മായിരുന്നു. 
       പതിനഞ്ചാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ, കോഴികോട്ടു നിന്ന് കുടിയേറിയ സാമൂതിരിയുടെ സൈന്യാധിപൻ കുതിരവട്ടം നായരുടേതാണ് സ്വരൂപമെന്ന് പഴമക്കാർ പറയുന്നു. തെക്കൻ സ്വരൂപത്തിനെതിരെ പടയെ അണിനിരത്തിയിരുന്നതും കുതിരവട്ടം സ്വരൂപമായിരുന്നത്രെ! പാലക്കാട് എമ്മലപ്പുറം വടമലപ്പുറം ഉൾപ്പടെ ഇരുപത്തിമൂന്ന് ഗ്രാമങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു കുതിരവട്ടം സ്വരൂപം .നാടുവാഴി, കൊടുവായൂർ കേന്ദ്രമാക്കിയാണ് ഭരണം നടത്തിയിരുന്നത്. വടവന്നൂർ മുതൽ കോട്ടായി വരെയുള്ള പ്രദേശങ്ങളുടെ ഉടമസ്ഥാവകാശവും സ്വരൂപത്തിനായിരുന്നു. 1993-ൽ കൊടുവായൂർ കോട്ട പൊളിച്ചുവിറ്റ ശേഷം ,ഇരുനൂറ് വർഷം മുമ്പുവരെയുള്ള ചരിത്ര രേഖകൾ ഇപ്പോഴും സ്വരൂപത്തിൽ സൂക്ഷിച്ചിട്ടുണ്ട്. വട്ടെഴുത്തിലുള്ള താളിയോലകൾ വായിക്കാൻ രാജേന്ദു സഹായിച്ചിരുന്നതായും രേഖകളിൽ സൂചനയുണ്ട്.
    1806-ന് ശേഷമാണ് കോടതി നിലവിൽ വന്നതെന്നും 1819-ലെ ആദ്യ കോടതി രേഖകൾ സ്വരൂപത്തിൽ ഉണ്ടെന്നും പി.ജനാർദ്ദനൻ തമ്പാൻ കെ.വി.ക്കഷ്ണവാര്യർക്കയച്ച നാൽപത്തിയേഴ് പേജുള്ള കത്തിൽ സൂചനയുണ്ട്. 1452-ൽ കേരളം സന്ദർശിച്ച പോർച്ചുഗീസ് നാവികൻ ബാർബോസയുടെ ചരിത്ര രേഖകളിൽ സ്വരൂപത്തിന് വീരശൃംഖല ലഭിച്ചതായി സൂചനയുണ്ട്.  സാമന്തൻ, നെടുങ്ങാടി, ഏറാടി തുടങ്ങിയ വിഭാഗങ്ങൾ നിലനിന്നിരുന്നതായും സ്വരൂപത്തിലെ പിൻമുറക്കാർ പട്ടാമ്പിക്കടുത്തുള്ള എറയൂരിൽ താമസിച്ചു വരുന്നതായും അറിയാൻ കഴിഞ്ഞു.
        1902-ൽ കോഴിക്കോടിനും പാലക്കാടിനും ഇടയിൽ ഒരേയൊരു ഹൈസ്കൂൾ,  സ്വരൂപത്തിലെ കെ. പ്രഭാകരൻ തമ്പാൻ  സ്ഥലവും സമ്പത്തും നൽകി സ്ഥാപിച്ച ഒറ്റപ്പാലം കെ.പി.ടി. ഹൈസ്കൂളാണ്. വിദ്യാലയത്തിലെ ആദ്യ പ്രധാനാധ്യാപകൻ മദിരാശിയിൽ നിന്നു വന്ന കൃഷ്ണമാചാരിയായിരുന്നു.പ്രത്യുപകാരമായി എൻ.എസ്.എസ്. കേരളത്തിൽ എന്നെങ്കിലും  ഒരു കോളേജ് ആരംഭിക്കുമ്പോൾ അത് ഒറ്റപ്പാലത്തിന്  ലഭിക്കണമെന്നും ആവശ്യപ്പെട്ടു. അപ്രകാരം 1961-ൽ പാലപ്പുറത്ത് ആരംഭിച്ച എൻ.എസ് .എസ് . കോളേജിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് സ്വരൂപത്തിലെ ചിന്നമാളു അമ്മയായിരുന്നു.
      1810-ൽ ശ്രീ. സത്യന്റെ നേതൃത്വത്തിൽ കഥകളി അഭ്യാസം നിലനിന്നിരുന്നതായും സ്വരൂപത്തിലെ ചാത്തുപണിക്കരുടെ കല്ലടിക്കോടൻ ചിട്ടയാണ് ,പിൽക്കാലത്ത് കഥകളിയിലെ കല്ലുവഴിച്ചിട്ടയായതെന്നും മനസ്സിലാക്കാൻ കഴിഞ്ഞു.
   1902- ൽ ടിപ്പു സുൽത്താനാണ് മലബാറിൽ നികുതി പിരിവ് ആരംഭിച്ചത്. താലൂക്ക്, അംശം, ദേശം, ഫർക്ക തുടന്നിയ പ്രാദേശിക വിഭജനങ്ങൾ നിലവിൽ വന്നതും അക്കാലത്താണത്രെ!
    1921-ലെ മാപ്പിള ലഹള കാലത്ത്, പ്രദേശത്ത് കലാപം വ്യാപിപ്പിക്കാൻ ശ്രമം നടത്തിയ കലാപകാരികളെ പുഴക്കിക്കരെ കടത്താതെ ജാതി മത ഭേദമന്യേ  ആട്ടിപ്പായിച്ച ചരിത്രവും പുലാപ്പറ്റ പ്രദേശത്തിനുണ്ട്. അതിനാവശ്യമായ കൂട്ടായ്മകൾക്ക് നേതൃത്വം നൽകിയതിലും  സ്വരൂപത്തിന് വലിയ പങ്കുണ്ട്.
    ഭക്ഷ്യക്ഷാമം നേരിട്ട കാലത്ത്, ആളുകൾക്ക് തൊഴിൽ കൊടുക്കുന്നതിനു വേണ്ടി കുഴിച്ച കുളമാണ് സ്വരൂപത്തിലുള്ളത്. അടുത്ത കാലത്തായി ജലക്ഷാമം പരിഗണിച്ച് കുളം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്.

    സ്വരൂപവുമായി ബന്ധപ്പെട്ട വിശദമായ ചരിത്ര വസ്തുതകൾ 'കുതിരവട്ടം സ്വരൂപം' എന്ന പുസ്തകത്തിന്റെ രചയിതാവു കൂടിയായ  ശ്രീ. തെക്കേപ്പാട്ട് ബാലകൃഷ്ണൻ മാഷ് വിശദീകരിച്ചു. വിനയചന്ദ്രൻ മാഷ് സ്വരൂപത്തിലെ അനിത ടീച്ചർ, വൽസല ടീച്ചർ, ഗീത ടീച്ചർ, ശ്രീ. സഹദേവൻ തുടങ്ങിയവർ വിശദീകരിക്കാൻ സഹായിച്ചു. ട്രൈയ്നർ പി.പി. അലി ,കെ.കെ. മണികണ്ഠൻ , കെ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.
         വലിയ കൂട്ടായ്മകളുടെയും സൗഹാർദ്ദങ്ങളുടെയും ചരിത്ര പാഠങ്ങൾ  സശ്രദ്ധം കുറിച്ചെടുത്ത അധ്യാപകർക്ക് ചരിത്രാന്വേഷണ യാത്ര വേറിട്ട ഒരനുഭവമായി മാറി.
                 കെ. കെ. മണികണ്ഠൻ ,
                  കാരാകുറുശ്ശി.

Tuesday, June 6, 2017

8:46 AM

സഞ്ചാരികളെ മാടിവിളിച്ച് തൊടുക്കാപ്പ് ഇക്കോ ടൂറിസം കേന്ദ്രം





    

                                  ഇടതൂര്‍ന്ന മുളങ്കാടിന്റെ തണല്‍ നുകരണോ ..?ഏതുകാലത്തും വീശിയടിക്കുന്ന  കാറ്റിന്റെ കുളിരറിയണോ ..?ഇതാ തൊടുക്കാപ്പ് മയിലാടുംപാറ ഇക്കോ ടൂറിസം കേന്ദ്രം നിങ്ങളെ മാടി വിളിക്കുന്നു .
കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ തന്നെയാണ് ഈ ടൂറിസം കേന്ദ്രം .പെരിന്തല്‍മണ്ണ മണ്ണാര്‍ക്കാട് റൂട്ടില്‍ കരിങ്കല്ലത്താണിയില്‍ നിന്നും തൊട്ടടുത്ത്


           ദേശീയപാതയോട് ചേര്‍ന്നാണ് കേന്ദ്രത്തിന്റെ  കവാടം .  മുളങ്കാടിന് ഇടയില്‍ ചെങ്കല്ല് കൊണ്ട് കെട്ടിയ കെട്ടിടങ്ങള്‍ .സംസ്ഥാനത്തെ സരംക്ഷിത വന പ്രദേശങ്ങളെ കുറിച്ചുള്ള ഫോട്ടോ ഗാലറി സ്ഥാപിച്ച ഇന്റര്‍പ്രേട്ടെഷന്‍ സെന്റര്‍ ,വനവിഭവങ്ങള്‍ ലഭ്യമായ വനവിഭവ കേന്ദ്രം ,കുടിവെള്ളം ,ടോയ്ലെറ്റ് സംവിധാനങ്ങള്‍. വൈകാതെ കുട്ടികളുടെ പാര്‍ക്കും ,ഇക്കോ ടീ ഷോപ്പും ,വനത്തിനകത്ത് ചെറു കുടിലുകളും എരുമാടങ്ങളും ഒരുങ്ങും .മയിലാടും പാറയിലെക്കുള്ള ട്രക്കിംഗ്പാത കൂടി വാണം വകുപ്പ് വിഭാവനം ചെയ്യുന്നുണ്ട്

                .
കവാടത്തില്‍ നിന്നും കാടിനുള്ളിലേക്ക്‌ മയിലാടും പാറയിലെക്കുള്ള വഴി .കാട്ടുപാതയുടെ വശ്യതയറിയാന്‍ ഈ വഴി വരണം .ചരിഞ്ഞു കിടക്കുന്ന കൂറ്റന്‍ പാറക്കെട്ടുകള്‍..അവനവനിലെ സാഹസികതയുടെ ആഴമളക്കേണ്ടവര്‍ക്ക്  ഇഷ്ടം പോലെ അവസരം.ചെങ്കുത്തായ പാറയുടെ മുകളിലൂടെയുള്ള യാത്രയില്‍ താഴെയുള്ള പ്രദേശങ്ങളുടെ ദൃശ്യം എല്ലാ ക്ഷീണവും തീര്‍ക്കും .കൂട്ടിനു എപ്പോളും കാറിന്റെ കൈകള്‍ ..മുകളിലെത്തിയാല്‍ മയിലാടും പാറ നിങ്ങളെ സ്വാഗതം ചെയ്യും .സമുദ്ര നിരപ്പില്‍ നിന്നും ആയിരം മീറ്ററിന് അടുത്ത് ഉയരം ഉള്ള ഇവിടെ കോടയും തണുപ്പും സ്വാഭാവികം  .വിശാലമായ പാറയില്‍ ഇരുന്നാല്‍ ഹരിതാഭമായ പ്രകൃതിയുടെ സൌന്ദര്യം കണ്ടു മതിമയങ്ങാം .വീശിയടിക്കുന്ന കാറ്റില്‍ യാത്രയുടെ ക്ഷീണം അറിയാതെ.
എത്ര നേരം ഇരുന്നാലും മതിയാകുകയില്ല . അമ്മിനിക്കാടന്‍ മലയും ,എടത്തനാട്ടുകര വനവും ,അട്ടപ്പാടി കുന്നുകളും ,ദൂരെ ഒഴുകുന്ന മുറിയങ്കണ്ണിപ്പുഴയും ,ചെറുകുന്നുകളും എല്ലാം മയിലാടിയില്‍ നിന്നുള്ള കാഴ്ചകള്‍ . ചെറുപക്ഷികളുടെ  കളകൂജനങ്ങള്‍ കാതിനു ഇമ്പമാകും

                              മഴക്കാലത്ത് കാട്ടരുവിയുടെ പാട്ട് കേള്‍ക്കാം .പാറകള്‍ക്ക് മുകളിലൂടെ താഴേക്കു ഒഴുകുന്ന അരുവി  .കയറി വന്ന വഴി തന്നെ ഇറങ്ങുകയോ പാറയുടെ മറുഭാഗത്തുകൂടി കാട്ടിനുള്ളിലൂടെ ഉള്ള നടവഴിയിലൂടെ വള്ളികളില്‍ പിടിച്ചും , വെയില്‍ അറിയാതെയും താഴെയെത്താം .






      പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര പഞ്ചായത്തില്‍  ഉള്‍പ്പെട്ട തൊടുക്കാപ്പ് നിക്ഷിപ്ത വന പ്രദേശത്ത്  2014ഫെബ്രുവരിയിലാണ് ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ പണിആരംഭിച്ചത്. തിരുവിഴാംകുന്ന് റൈഞ്ചില്‍പ്പെട്ട 29 ഏക്കര്‍ വന പ്രദേശത്താണ്  പദ്ധതി . മികച്ച ഇക്കോടൂറിസം പദ്ധതിയായി ഇതിനെ മാറ്റിയെടുക്കാനാണ് വനം വകുപ്പ് ഒരുങ്ങുന്നത് .
 കേന്ദ്രം  പരിസ്ഥിതിദിനമായ 2017 ജൂണ്‍ അഞ്ചിനാണ്   തുറന്നുകൊടുത്തത്.രാവിലെ  മുതല്‍ വൈകിട്ട് നാലുമണി വരെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത് .തിങ്കളാഴ്ച കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കില്ല .തൊടുക്കാപ്പ് വന സംരക്ഷണ സമിതിക്കാണ് പരിപാലന ചുമതല

                              വനം വകുപ്പിന്റെ വെബ്‌ സൈറ്റുകളിലോനും  തൊടുകാപ്പ് ഇക്കോ ടൂറിസം കേന്ദ്രത്തെ പ്പറ്റിയുള്ള വിവരങ്ങള്‍ ഇതുവരെ ഉള്‍പ്പെടുത്തിയിടില്ല.

ചരിത്രത്തിലൂടെ 



                       മലപ്പുറം പാലക്കാട് ജില്ല അതിർത്തിയായ കരിങ്കല്ലത്താണിയെന്ന കൊച്ചു പട്ടണത്തെ KN പണിക്കരുടെ 'കേരള പത്രിക' എന്ന ചരിത്ര പുസ്തകത്തില് വിവരിക്കുന്നുണ്ട്.1766-1792 കാലഘട്ടത്തിൽ നമ്മുടെ നാട് ചരിത്രപരമായ വൈദേശികരുടെ ചൂഷണത്തെ ചെറുക്കുന്നതിൽ വളരെ അധികം പങ്കു വഹിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിൽ കരിങ്കല്ലത്താണി മൈസൂർ ടെറിറ്റോറിയുടെ ഭാഗമായിരുന്നു .ശരിക്കും ഇപ്പോൾ കാണുന്ന സഞ്ചാര പാതയല്ലയിരുന്നു ആദ്യ കാലഘട്ടത്തിൽ. ടിപ്പു സുല്‍ത്താന്‍ റോഡ്‌ എന്ന പേരിൽ ഇപ്പോഴും അറിയുന്ന വഴി ആയിരുന്നു.
മൈലാടി എന്ന് വിളിപ്പേരുള്ള സമുദ്ര നിരപ്പിൽ നിന്നും 1100 mtr ഉയരമുള്ള കൊടും വനത്തിലൂടെ ആയിരുന്നു .ഇതിൽ ടിപ്പു സുൽത്താൻ സാമൂതിരിയുമായി യുദ്ധം ചെയ്യാൻ വന്നപ്പോൾ മൈലാടിയിൽ വിശ്രമിക്കുകയും തുടർന്ന് തന്റെ കൂടെയുള്ള ആന ,കുതിര പട്ടാളം അവീടെ വന്നതിന്റെ അടയാളങ്ങൾ ഇപ്പോഴും അവിടെ പാറകളിലും മറ്റും സൈന്യത്തിന്ന് കൂടെ വന്ന കലാകാരമാർ രേഖ പ്പെടുത്തുകയും ചെയ്തിട്ടുണ്ട് ( ആന യുടെയും കുതിരകളുടെയും കൽ പാടുകൾ പാറയിൽ കൊത്തിവെച്ചുട്ടുണ്ട്).

തുടർന്ന് ടിപ്പുവിനു ശേഷം ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യൻ ഭരണം പിടിച്ചടക്കുകയും കാരിങ്കല്ലത്താണി ഉൾപ്പെടുന്ന പ്രദേശം മദ്രാസ് കേന്ദീകരിച്ചുള്ള ബ്രിട്ടീഷ് ഭരണത്തിൽ കീഴിൽ വരുകയും 1921 ലെ മാപ്പിള ലഹള മലബാറിനെ പ്രഷുബ്ധമാക്കുകയും തുടർന്ന് മദ്രാസ് ഗവർണ്ണർ ആയ ലോർഡ് റീഡിങ് മദ്രാസില് നിന്നും കുതിര വണ്ടിയിൽ കോഴിക്കോട്  പോയപ്പോൾ കരിങ്കല്ലത്താണിയിലെ മൈലാടിയുടെ സൗന്ദര്യം ആകർശിക്കുകയും അവിടെ ഒരു രാത്രി താമസിക്കുകയും ചെയ്തിട്ടുണ്ടത്രെ, അന്ന് മൈലാടിയിൽ പുലി,സിംഹം,ആന എന്നി മൃഗങ്ങൾ ഉണ്ടായിരുന്നതായി രേഖപെടുത്തത്തിട്ടുണ്ട് .
(Ref: 'MALABAR' Author Willliam Loagan (1948)

1970 കാലഘട്ടം മുതലാണ് ആധുനിക കാരികല്ലത്താണിയുടെ ചരിത്രം തുടങ്ങുന്നത് , ചുമട് താങ്ങി എന്നറിയപ്പെടുന്ന 'അത്താണി ' എന്ന പദത്തിൽ നിന്നാണ്‌ ഇന്നത്തെ കരിങ്കല്ലത്താണി' എന്ന സ്ഥലപ്പേരിന്റെ ഉത്ഭവം (വിവരശേഖരണം കടപ്പാട് യാസിന്‍ റഷീദ് )



ശിവപ്രസാദ് പാലോട് 9249857148

Thursday, May 28, 2015

8:55 AM

കൃഷിയിലെ നൂതന രീതികള്‍

കൃഷിയിലെ നൂതന രീതികള്‍ അറിയാന്‍ അധ്യാപകര്‍ മണ്ണാര്‍ക്കാട് ഉപ ജില്ല ശാസ്ത്ര അധ്യാപകര്‍ നൊട്ടമലയിലെ സെല്‍ പ്ലാന്റ്  ടിഷ്യ കള്‍ച്ചര്‍ കേന്ദ്രം സന്ദര്‍ശിച്ചു






Friday, September 26, 2014

9:40 AM

കുടജാദ്രിയിലേക്ക് ഒരു യാത്ര

കുടജാദ്രിയിലേക്ക് ഒരു യാത്ര                                              തികച്ചും അവിചാരിതമായിരുന്നു കുടജാദ്രി ,മൂകാംബിക യാത്ര .ഏറെ കാലമായി  മനസ്സില്‍ കൊണ്ട് നടന്ന ആഗ്രഹം .അവിടം പോയിക്കണ്ട സുഹൃത്തുക്കള്‍ പകര്‍ന്നു തന്ന അനുഭവ കഥകള്‍ ,പലപ്പോളായി വായിച്ചറിഞ്ഞ വിവരങ്ങള്‍ ഒക്കെ മനസ്സിലുണ്ടായിരുന്നത് കാരണം അവിടെക്കൊരു യാത്ര എന്നും ഭാവനയില്‍ ഉണ്ടായിരുന്നു .മൂകാംബിക ക്ഷേത്രത്തിന്റെ ശാന്തതയും കുടജാദ്രി പകരുന്ന അലൌകിക ഭാവവും സമാധാനവും എല്ലാം കേട്ട് കേട്ട് ഉണ്ടായ കൊതി .
 പെട്ടെന്നൊരു ദിവസം കുട്ടികളെ എഴുത്തിനിരുത്താം എന്ന ലക്ഷ്യത്തോടെ പെങ്ങളുടെ ഭര്‍ത്താവ് ഇങ്ങിനെ ഒരു യാത്ര പറഞ്ഞപ്പോള്‍ അത് കൊണ്ട് തന്നെ രണ്ടാമത് ആലോചന വേണ്ടി വന്നില്ല .
                 ഒരു ക്വാളിസ് വാനില്‍ ഒന്‍പതു പേര്‍ ആയിരുന്നു യാത്ര .രാത്രി ഒന്‍പതു മണിക്ക് പുറപ്പെട്ടു. കോഴിക്കോട് ,കണ്ണൂര്‍ ,കാസര്‍ക്കോട് ,മംഗലാപുരം ,ഉടുപ്പി ,കൊല്ലൂര്‍ ആണ് റൂട്ട് എന്നും ആകെ കൂടി നാനൂറ്റി അമ്പതു കിലോമീറ്റര്‍ ഓട്ടം ഉണ്ടെന്നും ഒക്കെ ഡ്രൈവര്‍ നാരായണന്‍ കുട്ടിയില്‍ നിന്നും തുടക്കത്തിലെ അറിവ് കിട്ടി .അങ്ങിനെ ഓട്ടം തുടങ്ങി .രാത്രി ആയതിനാല്‍ സ്ത്രീകളും കുട്ടികളും ഉറക്കം തുടങ്ങി .ഇടയ്ക്കു ചര്‍ദ്ദി എന്ന പതിവ് കലാപരിപാടിക്കായി വാഹനം നിര്‍ത്തേണ്ടി വന്നു .വാനിന്റെ പിറകിലെ സീറ്റിലേക്ക് വായു സഞ്ചാരം കുറവായിരുന്നതിനാല്‍ ഇടയ്ക്ക് ആശ്വാസത്തിനായി നിര്‍ത്തി .കാസര്‍ക്കോട് നിന്നും മംഗലാപുരം പാതയിലേക്ക് എത്ത്തിയപ്പോലെക്കും അര്‍ദ്ധ രാത്രിയായി .സാരഥിക്ക് തലേന്നത്തെ ഓട്ടത്തിന്റെ ക്ഷീണം കണ്ണുകളെ ബാധിച്ചു തുടങ്ങി.വശത്ത് കണ്ട ഒരു ബസ് വെയിറ്റിംഗ്  ഷെഡിന് ചേര്‍ത്തി വാഹനം നിര്‍ത്തി മൂപ്പര്‍ ഉറക്കം തുടങ്ങി .ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞും ഫേസ്ബുക്കില്‍ സുഹൃത്തുക്കള്‍ ഇട്ട പോസ്റ്റുകളും ഒക്കെ നോക്കി അങ്ങിനെ മുക്കാല്‍ മണിക്കൂര്‍ തീര്‍ന്നു .അപ്പോളേക്കും ഒരാള്‍ക്ക് ഒരു ആശയം .കൂട്ടത്തില്‍ എനിക്ക് ഡ്രൈവിംഗ് അറിയുമെന്നതിനാല്‍ നാരായണന്‍ കുട്ടിയെ വിളിച്ചു ഉണര്‍ത്തി വണ്ടിയില്‍ കയറ്റുക .അയാള്‍ ഉറങ്ങിക്കൊള്ളട്ടെ. കുറെ ദൂരം ഞാന്‍ വണ്ടി ഓടിക്കുക .
 ഞാന്‍ ആകട്ടെ ക്വാളിസ് വാന്‍ കണ്ടിട്ടുണ്ട് യാത്ര ചെയ്തിട്ടുണ്ട് എന്നല്ലാതെ ഓടിച്ചു പരിചയം ഇല്ല. കിട്ടിയ ചാന്‍സ് കളയണ്ട എന്ന് കരുതി ഞാന്‍ ഡ്രൈവിംഗ് സീറ്റില്‍ കയറി ഇരുന്നു .പിറകില്‍ നിന്നും ഭാര്യയുടെ കോപിച്ച നോട്ടം കണ്ടില്ല എന്ന് നടിച്ചു ഓട്ടം തുടങ്ങി .സംഗതി രസകരമായിരുന്നു .നാരായണന്‍ കുട്ടി അടുത്തൊന്നും ഉറക്കം ഉണരരുതെ എന്ന് വിചാരിച്ചു കുറെ ദൂരം പിന്നിട്ടു .മൂപ്പര്‍ക്ക് ക്ഷീണം മാറിയപ്പോള്‍ മൂപ്പര്‍ തന്നെ ഇങ്ങോട്ട് പറഞ്ഞു വളയം വാങ്ങി .നേരം പുലര്‍ന്നു തുടങ്ങി ..അങ്ങിനെ കുറെ ദൂരം .
                             പിന്നെ വലിയ റോഡ്‌ ആയി .മംഗലാപുരത്ത് നിന്നും ഉടുപ്പിയിലേക്ക് .കുറെ കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ക്ക് പിന്നെയും ഉറക്കം ബാധിക്കുന്നു എന്ന് ഞങ്ങള്‍ക്കും മൂപ്പര്‍ക്കും മനസ്സിലായി .മൂപ്പര്‍ തന്നെ വണ്ടി വശം ചേര്‍ത്ത് നിര്‍ത്തി ഇനി മാഷ്‌ കുറച്ചു ഓടിക്കൂ എന്ന് പറഞ്ഞു .വീണ്ടും വണ്ടി എന്റെ കയ്യില്‍ ആയി. നല്ല റോഡ്‌ .നല്ല വേഗതയും .നല്ല വണ്ടിയും .അങ്ങിനെ ഉടുപ്പി കഴിഞ്ഞു .കൊല്ലുരിലെക്കുള്ള ബോര്‍ഡ് കണ്ടു .
 ഇരുവശത്തും കശുമാവിന്‍ തോട്ടങ്ങള്‍ .ശരിക്കും കേരളത്തില്‍ തിരിച്ചു എത്തിയപോലെ .ഇടയ്ക്ക് വളരെ ഉയരം കുറഞ്ഞ പശുക്കള്‍ കൂട്ടങ്ങള്‍ ആയി മേയുന്നു .നമ്മുടെ നാട്ടില്‍ പണ്ടുണ്ടായിരുന്ന നാടന്‍ പശുക്കള്‍ വെച്ചൂര്‍ പശുക്കള്‍ എന്നിവയെ ഓര്‍മവന്നു .
               കേരളത്തിലെ നാട്ടിന്‍പുറങ്ങളിലെ അതെ പോലെത്തെഓടിട്ട വീടുകള്‍ .പെട്ടിക്കടകള്‍ .കുറെ കഴിഞ്ഞപ്പോള്‍ റോഡിന്റെ വശത്ത് മൂകാംബിക വൈല്‍ഡ് ലൈഫ് ഉദ്യാനം എന്നെഴുതിയ ബോര്‍ഡ് കണ്ടു.ഇടതിങ്ങിയ ചോലവനം .നല്ല പരിപാലനം ആണെന്ന്നു തോന്നുന്നു ഒരു ഇടര്ച്ചയുമില്ലാത്ത നിബിഡത. പൂമ്പാറ്റകള്‍ക്കായുള്ള ഒരു ഉദ്യാനത്തിന്റെ ബോര്‍ഡ് കണ്ടു.പൂമ്പാറ്റയുടെ ഒരു ശില്പവും .അങ്ങിനെ ഏകദേശം പത്ത് മണിയോടെ കൊല്ലൂര്‍ എത്തി .
           ലളിതാംബിക എന്ന സത്രത്തില്‍ രണ്ടു മുറികള്‍ എടുത്തു .റൂമിന് വാടക ഒക്കെ കുറവാണ് .ഒരു ദിവസത്തിനു 300രൂപ മാത്രം .പക്ഷെ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ ശരിക്കും ഗുണം അറിഞ്ഞു .ചായക്ക്‌ പതിനഞ്ചു രൂപ , ദോശയ്ക്ക് മുപ്പതു രൂപ ,ചപ്പാത്തിക്ക് പതിനഞ്ചു രൂപ എന്നിങ്ങനെ ..നമ്മുടെ നാട്ടിലെ വിലയും ഇതും തമ്മില്‍ ആലോചിക്കുമ്പോള്‍ കഴുത്തറപ്പന്‍ വില തന്നെ .അന്ന് അവിടെ വിശ്രമിച്ചു പിറ്റേ ദിവസം കുട്ടികളെ എഴുത്തിനിരുത്തി മടങ്ങാം എന്നും പോകും വഴി ഉടുപ്പി ക്ഷേത്രം പറശിനി കടവ് ക്ഷേത്രം കൂടി പോകാം എന്നും ധാരണയായി .കുളി ഭക്ഷണം കഴിഞ്ഞു ആദ്യ ഘട്ട ക്ഷേത്ര സന്ദര്‍ശനം .
മൂകാംബിക ക്ഷേത്രം 

     സൗപര്‍ണ്ണികയുടെ തീരത്ത് സ്ഥിതിചെയ്യുന്ന മൂകാംബികാ ക്ഷേത്രത്തിന് നിരവധി നൂറ്റണ്ടുകളുടെ പഴക്കമുണ്ട് എന്നാണു വിശ്വാസം . ഇവിടുത്തെ ശിവലിംഗപ്രതിഷ്ഠ പരശുരാമൻ സ്ഥാപിച്ചാതണെന്ന് പറയപ്പെടുന്നു . പൌരാണിക കാലത്ത് കോല മഹർഷി ഇവിടെ തപസ്സനുഷ്ടിച്ചിരുന്നത്രെ .അതെ  അവസരത്തിൽ മറ്റൊരു അസുരനും ശിവ
പ്രീതിക്കായി ഇതേ പ്രദേശത്തിൽ തപസ്സുചെയ്തു .. അസുരന്റെ തപസ്സിൽ
സന്തുഷ്ടനയിപരമശിവന്‍  പ്രത്യക്ഷപ്പെട്ടപ്പോൾ വരം ചോദിക്കാനാകാതെ
അസുരനെ പാർവതി ദേവി മൂകനാക്കി. ഇതിൽ കോപിഷ്ടനയ മൂകാസുരൻ ദേവി ഭക്തനായ കോല
മഹർഷിയെ ഉപദ്രവിക്കാനാരംഭിച്ചു. ഒടുവിൽ ദേവി മൂകാസുരനെ വധിക്കുകയും കോല
മഹർഷിയുടെ അഭ്യർത്ഥന പ്രകാരം മൂകാംബിക ദേവിയായി അവിടെ കുടികൊള്ളുകയും
ചെയ്തു എന്നാണു സങ്കൽപം..അസുരനെ മൂകന്‍ ആക്കിയതിനാല്‍ ആണ് മൂകാംബിക എന്ന പേര് ലഭിച്ചത് .  ആദിശങ്കരൻ മൂകാംബിക കുടജാദ്രി പ്രദേശങ്ങളില്‍ അനേകകാലം തപസ്സു ചെയ്തതിൽ ദേവി പ്രത്യക്ഷപ്പെടുകയും അന്നു ദേവി ദർശനം കൊടുത്ത രൂപത്തിൽ സ്വയംഭൂവിനു പുറകിൽ ദേവി വിഗ്രഹം അദ്ദേഹംപ്രതിഷ്ഠ നടത്തി എന്നും ആണ് സങ്കല്‍പം
മൂകാംബിക 
കുടജാദ്രിയിലെ ഒരു മലദൈവ പ്രതിഷ്ഠ
ക്ഷേത്രത്തില്‍ കയറുന്നതിനു മുന്‍പ് വഴിയില്‍ പൂക്കൂടകള്‍ വില്‍ക്കുന്നത് കാണാമായിരുന്നു .പുഞ്ചിരികളോടെ ആളുകളെ ക്ഷണിക്കുന്ന പൂക്കാരികള്‍ .വിശ്വാസികള്‍ താമരമൊട്ടുകള്‍ ഒക്കെ ചേര്‍ത്തുള്ള പൂക്കൂട ,മാല എന്നിവ ഒക്കെ വാങ്ങുന്നത് കണ്ടു. ചിലര്‍ ക്ഷേത്രത്തില്‍ പൂജിച്ചു വാങ്ങാന്‍ പേനകളും വാങ്ങുന്നുണ്ടായിരുന്നു .ഉള്ളികേക്ക് കടക്കാന്‍ വരി നില്‍ക്കണം .കമ്പി ഇട്ടു വേര്‍തിരിച്ച ഭാഗം കഴിഞ്ഞാല്‍    

            ക്ഷേത്ത്തിന്റെ ചുവരിനോട് ചേര്‍ന്നാണ് വരി .ഇവിടെ ദേവിയുടെ രൂപം ചുമര്‍ ചിത്ര ശൈലിയില്‍ വരച്ചു വച്ചിട്ടുണ്ട് .ആളുകള്‍ ഇതില്‍ നാണയങ്ങള്‍ പതിക്കുമ്പോള്‍ അവ ചുമരില്‍ ഒട്ടി നില്‍ക്കുന്നുണ്ടായിരുന്നു .പ്രത്യേക രീതിയില്‍ ചേര്‍ത്ത് വച്ചാല്‍ മിനുസം ഉള്ള ഭാഗങ്ങളില്‍ നാണയം ചേര്‍ന്നിരിക്കും എങ്കിലും ആളുകള്‍ തികഞ്ഞ ഭക്തിയോടെ ഇത് ചെയ്യുന്നുണ്ടായിരുന്നു .കരിങ്കല്ല് കൊണ്ട് ഉണ്ടാക്കിയാതായതിനാല്‍ ക്ഷേത്രത്തിനു ഉള്ളിലും പുറത്തും നല്ല തണുപ്പും ,ശാന്തതയും .ഉള്ളില്‍ കടന്നാല്‍ മൂകാംബികയെ തൊഴാം .ശ്രീകോവിലിനു മുന്‍പില്‍ തിരക്ക് നിരയന്ത്രിക്കാന്‍ സേവകര്‍ ഉണ്ടായിരുന്നു .അതിനു ശേഷം വലം വയ്ക്കുന്ന ഭാഗത്ത് സിന്ദൂരം  പ്രസാദം ആയി നല്‍കുന്നുണ്ട് .പുറത്ത് കടന്നാല്‍ ദേവിയുടെ രഥം കാണാം .പ്രസാദമായി കിട്ടുന്നത ലഡ്ഡു വാങ്ങാനും എഴുത്തിനിരുത്ത് ശീട്ടാക്കാനും ഉള്ള കൌണ്ടറുകള്‍ ഉണ്ട് .ഒരു കുട്ടിക്ക് എഴുത്തിനു ഇരുത്താന്‍ ഇരുനൂറു രൂപയാണ് ഈടാക്കുന്നത് .
        പിറ്റേന്ന് രാവിലെ എഴുത്തിനു ഇരുത്തെണ്ടാതിനാല്‍ ഞങ്ങള്‍ അപ്പോള്‍ തന്നെ ശീട്ടാക്കി .ക്ഷേത്രത്തില്‍ പ്രസാദ ഊട്ടു ഉണ്ട്  എന്നറിഞ്ഞു ഞങ്ങള്‍ അതിനായി കയറി .നമ്മുടെ ക്ഷേത്രങ്ങളിലെ ഭക്ഷണ രീതിയും മൂകംബികയിലെതും തമ്മില്‍ നല്ല മാറ്റം .അവരുടെ കറികള്‍ ഒന്നും നമുക്ക് അത്രയ്ക്ക് പിടിച്ചെന്നു വരില്ല .കഴിച്ചു  ക്ഷേത്രത്തില്‍ നിന്നും മടങ്ങി.തിരിച്ചു സത്രത്തില്‍ തന്നെ എത്തി .പിന്നെ കുടജാദ്രി യാത്രക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു .
                           കുടജാദ്രി യാത്ര 
      കൊല്ലൂരില്‍ നിന്നും കുടജാദ്രിയിലേക്ക് ജീപ്പ് യാത്രയാണ് കൂടുതല്‍ പേരും ആശ്രയിക്കുന്നത് .ഒരു ട്രിപ്പിനു 2800 രൂപ .ഒരാള്‍ക്ക്‌ 350 രൂപ. .കോടചാദ്രി കോടചാദ്രി എന്ന് വിളിച്ചു പറഞ്ഞു ജീപ്പുകാര്‍ ആളെ കൂട്ടുന്നുണ്ട് .കൃത്യം തുകയാണ് ജീപ്പുകാര്‍ പറയുക ഒട്ടും കുറക്കുകയും ഇല്ല .ഞങ്ങള്‍ ഒമ്പത് പേരും കൂടി ഒരു ജീപ്പ് വാടകയ്ക്ക് എടുത്തു .കണ്ടാല്‍ പഴഞ്ചന്‍ ജീപ്പ് .നമ്മുടെ നാട്ടിലെ ജീപ്പുകളെ പോലെ അലങ്കാരങ്ങള്‍ ഒന്നും ഇല്ല..വാഹനം കുടജാദ്രിയിലേക്ക് നീങ്ങിത്തുടങ്ങി. അല്പം ഓടിയപ്പോള്‍ വനത്തിനു ഉള്ളിലൂടെ ഉള്ള യാത്ര.ഇടയ്ക്കു കുറച്ചു കുരങ്ങന്മാര്‍ ചാടിക്കളിക്കുന്നത് കണ്ടു .വനം ആയിക്കൂടി പേടിയില്ലാതെ മേയുന്ന നാട്ടുപശുക്കള്‍ .ഇടയ്ക്കു ചെറിയ വെള്ളച്ചാട്ടങ്ങള്‍.ഒരു കുഴിയിലും ചവിട്ടി നിര്‍ത്തി പോകുന്ന സ്വഭാവം ഡ്രൈവര്‍ക്ക് ഇല്ലായിരുന്നു . ഒരേ പോക്ക് .പോകുന്ന വഴിയില്‍ നിട്ടൂര്‍ എന്ന ബോര്‍ഡ് കണ്ടു .
              നഗോടി എന്ന സ്ഥലത്ത് ജീപ്പ് നിര്‍ത്തി .ചെറിയ കടകള്‍ ഒക്കെ ഉള്ള സ്ഥലം. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ വാങ്ങിക്കൊള്ളാന്‍ പറഞ്ഞു ഡ്രൈവര്‍ അപ്രത്യക്ഷന്‍ ആയി ..കുറച്ചു കഴിഞ്ഞു വീണ്ടും ഓട്ടം തുടങ്ങി .ഇതാണോ ഈ പറഞ്ഞു കേട്ട കാനന പാത എന്നൊക്കെ മനസ്സില്‍ വിചാരിച്ചു ഇരിക്കുമ്പോള്‍ ജീപ്പ് ടാര്‍ വഴി വിട്ടു മണ്‍പാതയിലേക്ക് ഇരമ്പി ഇറങ്ങി .അല്പം ഓടിയപ്പോള്‍ തന്നെ ഒരു ചളിക്കുണ്ട് .ഡ്രൈവര്‍ക്ക് ഒരു ഭാവ വ്യത്യാസവും ഇല്ല. ജീപ്പ് അതിലൂടെ നീന്തി അപ്പുറത്തെത്തി.തിരിച്ചു ഇറങ്ങി വരുന്ന ഒരു ജീപ്പുകാരന്‍ നിര്‍ത്തി മെയിന്‍ ലീഫ് പൊട്ടി എന്ത് ചെയ്യണം എന്നൊക്കെ കന്നടത്തില്‍ ചോദിക്കുന്നുണ്ട്,ഞങ്ങളുടെ ഡ്രൈവര്‍ എന്താണ് മറുപടി പറഞ്ഞത് എന്ന് മനസ്സിലായില്ല .
                    പിന്നെ പിന്നെ റോഡിന്റെ സ്വഭാവം മാറി തുടങ്ങി .റോഡ്‌ ഇല്ല എന്ന് തന്നെ പറയാം .ഒരു കല്ലില്‍ നിന്നും അടുത്തതിലേക്ക് എന്നാ രീതിയില്‍ .ചിലപ്പോള്‍ പാറകളുടെ മുകളിലൂടെ ആണെങ്കില്‍ ചിലപ്പോള്‍ ചാലിലൂടെ ..ഒരിക്കലും സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത അത്ര ദുര്‍ഘടമായ പാത .ജീപ്പിന്റെ മുന്‍സീറ്റില്‍ ആയിരുന്നു ഞാന്‍ .പിറകിലുള്ളവര്‍ ജീപ്പില്‍ നിന്നും പിടുത്തം വിട്ടു പോകാതിരിക്കാന്‍ കഷ്ടപ്പെടുന്നുണ്ടായിരുന്നു .ജീപ്പിനുള്ളിലെ കമ്പികളില്‍ ദേഹം മുട്ടി നന്നായി വേദനിക്കുകയും ചെയ്യുന്നു .ഭാര്യ ,അച്ഛന്‍ ഒക്കെ യാത്ര മതി മടങ്ങിപ്പോകാം എന്ന് പറയുന്നുണ്ടായിരുന്നു .ഓരോ വളവു കഴിയുമ്പോളും ഞാന്‍ പിറകിലേക്ക് നോക്കി ഇനി നാലു കിലോമീറ്റര്‍ മാത്രം രണ്ടു കിലോമീറ്റര്‍ മാത്രം എന്നൊക്കെ പറഞ്ഞു അവരുടെ ചീത്തയുടെ ആക്കം കുറച്ചു .
       ജീപ്പിനു ഒരു കിതപ്പ് പോലും ഇല്ല. ഒരേ കുതിപ്പ് മാത്രം .ശ്രദ്ധിച്ച ഒരു കാര്യം ഡ്രൈവര്‍ ക്ലച് ,ബ്രേക്ക് എന്നിവ തൊടുന്നില്ല. ഒന്നാം ഗിയര്‍ ,ആക്സിലേറ്റര്‍ അത് മാത്രം ആണ് ആയുധം.ഇടയ്ക്കു ജീപ്പ് മറിഞ്ഞു എന്ന് തോന്നും.അടുത്ത നിമിഷം നിവരും .ഒരിടത്തും നില്‍ക്കില്ല ഓടി കൊണ്ടേ ഇരിക്കും .അതും അത്യാവശ്യം വേഗതയില്‍ തന്നെ ..ജീപ്പിന്റെ അടിയില്‍ നിന്നും കല്ലില്‍ ഇടിക്കുമ്പോള്‍ ഉള്ള ശബ്ദം കേള്‍ക്കുമ്പോള്‍ ഇതിപോള്‍ തകര്‍ന്നു പോകും എന്ന് നമുക്ക് തോന്നിപ്പോകും .ഓരോ ദുര്‍ഘടം കഴിയുമ്പോളും പിറകില്‍ ഉള്ളവര്‍ ഡ്രൈവറെ മര്യാദക്ക് പറയുന്നുണ്ട്. അയാള്‍ക്ക് മലയാളം അറിയും എന്നത് കൊണ്ട് എനിക്ക് ചിരിയും വരുന്നുണ്ടായിരുന്നു .പിറകില്‍ ഉള്ളവരുടെ പരാക്രമം സഹിക്കാന്‍ ആകാഞ്ഞു അയാള്‍ പിറകിലേക്ക് നോക്കി പേടിക്കണ്ട ഞങ്ങള്‍ ദിവസവും രണ്ടു ട്രിപ്പ്‌ ഇതിലെ ഓടുന്നതാണ് ,നിങ്ങള്‍ പിടിച്ചു ഇരുന്നാല്‍ മതി എന്നൊക്കെ പറയുന്നുണ്ടായിരുന്നു .ഒരു ജീപ്പിനു കടന്നു പോകാന്‍ പാകത്തില്‍ വഴി മുന്നില്‍ നീണ്ടുകൊണ്ടേ ഇരുന്നു .കൃത്യം 90 ഡിഗ്രീ ഉള്ള വളവുകള്‍ ഒക്കെ അനായാസം വളച്ചെടുത്ത് ഒരു അഭ്യാസിയെ പോലെയാണ് ഡ്രൈവറുടെ ഭാവം .
             പോകുന്ന വഴി ഒരു മല മുഴുവന്‍ പച്ച നിറത്തില്‍ ഉള്ള പുല്ലു മൂടി നില്‍ക്കുന്നു,..ചുറ്റും മലകള്‍ മലകള്‍ മാത്രം .രസികന്‍ കാഴ്ചകള്‍ .കോടമഞ്ഞ്‌ മൂടി നില്‍ക്കുന്നു .മേഘപാളികള്‍ അങ്ങിനെ നീങ്ങി പോകുന്നു .ചെറിയ തണുപ്പ് .ചിലയിടത്തെ ചരിവുകളില്‍ ഒളിച്ചു കളിക്കുന്ന പോക്കുവെയില്‍ .ഒരിടത്ത് ഡ്രൈവര്‍ പറഞ്ഞു ഇവിടെന്നു നോക്കിയാല്‍ കൊല്ലൂര്‍ കാണാം എന്ന്. നോക്കിയപ്പോള്‍ ദൂരെ പൊട്ടുകള്‍ പോലെ കെട്ടിടങ്ങള്‍ കാണാന്‍ ഉണ്ടായിരുന്നു .
          അങ്ങിനെ അവസാനം ജീപ്പ് ഒരിടത്ത് നിര്‍ത്തി. അവിടെ നിരവധി ജീപ്പുകള്‍ ധാരാളം ആളുകള്‍ .ജീപ്പ് പാര്‍ക്ക് ചെയ്യുമ്പോള്‍ അഞ്ചു മണി .ആറരക്കു തിരിച്ചു പോകണം അതിനുള്ളില്‍ എല്ലാം കഴിക്കണം എന്ന് പറഞ്ഞു ഡ്രൈവര്‍ കൂട്ടുകാരുടെ അടുത്തേക്ക് പോയി .കുടജ്ഹാദ്രിയിലേക്ക് പോരാന്‍ മറ്റുള്ളവരെ നിര്‍ബന്ധിച്ചതിനു എനിക്ക് കൂടെ ഉള്ളവരുടെ പക്കല്‍ നിന്നും വയറു നിറച്ചു ചീത്ത കേട്ട് എങ്കിലും ഉള്ളില്‍ എത്രയോ കാലം കൊണ്ട് നടന്ന ആഗ്രഹം സാധിച്ച സുഖം.പിന്നെ സാഹസികമായ ആ യാത്രയുടെ ത്രില്ലും .
കുടജാദ്രിയിലെ ഒന്നാം ക്ഷേത്രം 
       നല്ല തണുപ്പ്, കാറ്റില്‍ മഞ്ഞിന്റെ നേര്‍ത്ത നനവ്., നടത്തം തുടങ്ങിയപ്പോള്‍ ആദ്യം ഒരു മലദൈവത്തിന്റെ പ്രതിഷ്ഠ കണ്ടു .പിന്നെ ഭദ്രകാളിയുടെ ക്ഷേത്രം.,ഉള്ളിലേക്ക് കയറാം .പരികര്‍മി ഓരോ സംഘത്തോടും ക്ഷേത്രത്തിന്റെ ഐതിഹ്യം പൂജാവിധികള്‍ ഒക്കെ വിവരിക്കുന്നുണ്ട്.കൊള്ളൂരിന്റെ മൂലസ്ഥാനം ആണെന്ന്നും ഇവിടെ ചെയ്യുന്ന പൂജകള്‍ക്ക് പ്രത്യേക ഫലസിദ്ധി ആണെന്ന്നും പറയുന്നത് കേട്ടു.ചില ചരടുകള്‍ ജപിച്ചു നല്‍കുന്നും ഉണ്ട് .
 പിന്നെ രണ്ടാമത്തെ ക്ഷേത്രത്തില്‍ എത്തി.,പുരാതനമായ ക്ഷേത്രം .അവിടെ കറുത്ത ഒരു പശുവിനെ പൂജാരി ചന്ദനം സിന്ദൂരം എന്നിവ ഒക്കെ തോടുവിക്കുന്നുണ്ടായിരുന്നു .അവിടെയും പൂജാരികള്‍ വിവരണം നല്‍കുന്നുണ്ട് .കൂടെ ഉള്ളവര്‍ കുടുംബ പൂജ ,വിഘ്നങ്ങള്‍ തീരാന്‍ ഉള്ള പൂജ ഒക്കെ കഴിക്കുന്നുണ്ടായിരുന്നു .ഈ ക്ഷേത്രത്തിനു അടുത്ത് പാറയില്‍ ഉള്ള ഒരു കുളം ഉണ്ട്.,അതില്‍ നിരവധി മത്സ്യങ്ങള്‍.മലയുടെ മുകളില്‍ നിന്നും ഉറവ ഒലിച്ചു താഴെ എത്തുന്നുണ്ട്.മുഖം കഴുകിയപ്പോള്‍ വല്ലാത്ത സുഖം . മുകളില്‍ ശങ്കരാചാര്യരുടെ സര്‍വ്വജ്ഞപീഠം ഉണ്ടെന്ന്നും അത് കണ്ടു താഴെ വരുമ്പോള്‍ പ്രസാദം തരാം എന്നും പൂജാരി പറഞ്ഞു .സംഘത്തിലെ സ്ത്രീകള്‍ 
ആരും മുകളിലേക്ക് വരുന്നില്ല എന്ന് പറഞ്ഞു .ഞാന്‍ മകള്‍ ആതിര ,സഹോദരിമാരുടെ ഭര്‍ത്താക്കന്മാര്‍ രണ്ടുപേര്‍ മക്കള്‍ ആയ ഹിമ ,കാര്‍ത്തിക് എന്നിവരായി ചുരുങ്ങി .കല്ലും വഴുക്കലും നിറഞ്ഞ ഭാഗം കഴിഞ്ഞാല്‍ പിന്നെ കുന്നിനു വശം ചേര്‍ന്നാണ് നടത്തം.ഒരു വശത്ത് അഗാധം ആയ കൊക്ക.കാലു തെറ്റിയാല്‍ പിന്നെ ഒന്നും കാണില്ല. താഴേക്കു നോക്കിയാല്‍ ആഴിപ്പരപ്പുപോലെ .ഒരു കൂടത്തില്‍ നിന്നും പിറകിലായി പോയതാവണം ഒരു പെണ്‍കുട്ടി സ്കൂള്‍ ബാഗ് ഒക്കെ തൂക്കി ഒറ്റയ്ക്ക് നടക്കുന്നു .അവള്‍ എന്റെ കൂടെ കൂടി,ഇടയ്ക്കു ഒരു പടി കയറാന്‍ എന്നോട് സഹായം ചോദിച്ചു .ഇടയ്ക്കു എന്റെ ക്യാമറ കൊണ്ട് പടം എടുക്കാന്‍ എന്നെ സഹായിച്ചു .മലയുടെ പകുതിയില്‍ അവളുടെ കൂട്ടുകാര്‍ ഉണ്ടായിരുന്നു .അവള്‍ യാത്ര പറഞ്ഞു അവരുടെ കൂടെ കൂടി. കുന്നുകളുടെ ഒന്നാകെ മൂടി പിന്നെ പതിയെ മാറുന്ന കോട മഞ്ഞു മാത്രം . പ്രത്യേക തരം പൂക്കള്‍ ഉണ്ട്നി ഈ ഭാഗത്ത്ര സമുദ്ര നിരപ്പിള്‍ ല്‍ നിന്നും 1343 മീറ്റര്‍ ഉയരത്തില്‍ ആണ് കുടജാദ്രി .മരങ്ങള്‍ക്ക് ഒന്നും വലിയ വലിപ്പം ഇല്ല .ദൂരെ നോക്കുമ്പോള്‍ നിബിഡമായ വനം കാണാം .ഒരു വശത്തെ മരങ്ങളില്‍ നിന്നും പലതരം വള്ളികള്‍ തൂങ്ങിക്കിടക്കുന്നു .ഇടയ്ക്കു ചിലതരം ഓന്തുകള്‍ ,പന്ത് പോലെ ചുരുളാന്‍ കഴിവുള്ള തേരട്ടകള്‍,പുഴുക്കള്‍ എന്നിവയെ കണ്ടു .
സങ്കടകരമായ കാര്യം ഇവിടവും മാലിന്യം,വന്നു നിറഞ്ഞു എന്നതാണ്. എവിടെ നോക്കിയാലും സഞ്ചാരികള്‍ വലിച്ചെറിഞ്ഞ കുപ്പികള്‍, പ്ലാസ്റിക് ഉറകള്‍ എന്നിവ മാത്രം .നടക്കുമ്പോള്‍ ഇറങ്ങി വരുന്നവരെ കാണാം .മുകളിലേക്ക് പോകുംതോറും തണുപ്പ് കൂടി വരുന്നു .ഇത്ര വലിയ കയറ്റം ഒക്കെ കുട്ടികള്‍ ഓടിക്കയറി മുകളില്‍ എത്തി .ഇടയ്ക്കു പടങ്ങള്‍ എടുക്കാനായി വിശ്രമിച്ചു .വഴിയില്‍ ഒപ്പം നടക്കുന്നവരെ പരിചയപ്പെട്ടു .മിക്കവാറും മലയാളികള്‍ തന്നെ .പാലക്കാട് ഉള്ളവരും ഉണ്ടായിരുന്നു .
അങ്ങിനെ മുകളില്‍ എത്തിയപ്പോള്‍ സര്‍വ്വജ്ഞപീഠംകണ്ടു .ചതുരാകൃതിയില്‍ കരിങ്കല്ല് കൊണ്ട് നിര്‍മിച്ച അതി ശാന്തമായ ഗംഭീരമായ ഒരു നിര്‍മിതി .കുട്ടികള്‍ അതിനെ വലം വച്ച് വന്നു .ഇവിടെയും പൂജാരി പേരും നക്ഷത്രവും പറഞ്ഞു ചരട് ജപിച്ചു നല്‍കുന്നുണ്ടായിരുന്നു .ആളുകള്‍ വിശ്വാസത്തോടെ അവ വാങ്ങി കയ്യിലും അരയിലും കെട്ടുന്നുണ്ടായിരുന്നു .ഇവിടെ ദിവസവും തങ്ങി പൂജ അനുഷ്ഠിക്കുന്ന പൂജാരിയുടെ മാനസിക ഭാവം ഞാന്‍ സങ്കല്പിച്ചു നോക്കി,.ഒരു പക്ഷെ ലോകത്തിലെ ഭാഗ്യവാന്‍മാരില്‍ ഒരാള്‍

                ഇത്ര വലിയ ദൂരം കയറിയിട്ടും ക്ഷീണമോ ,കിതപ്പോ വിയര്‍പ്പോ പോലും ഇല്ലഞ്ഞത് അത്ഭുതപ്പെടുത്തി .വായിച്ചറിഞ്ഞ വിവരങ്ങള്‍ ഇതാ കണ്മുന്നില്‍ .കുറിയ മരങ്ങള്‍ തപസ്സിരിക്കുന്ന മുനിമാരെ ഓര്‍മിപ്പിച്ചു .ഉന്തി നില്‍ക്കുന്ന കല്ലുകള്‍ക്ക് പോലും ഒരു സാത്വിക ഭാവം .മനസ്സില്‍ മറ്റൊരു വികാരത്തിനും ഇടം കൊടുക്കാതെ സമാധാനത്തിനും പറഞ്ഞറിയിക്കാന്‍ ആകാത്ത ശാന്തതക്കും മാത്രം ഇടം .ജീവിതത്തിന്റെ നൂലാമാലകള്‍ നമ്മളെ കുറച്ചു നേരെത്തെക്കെങ്കിലും മോചിതരാക്കിയപോലെ .നോവുകള്‍ ഒക്കെ വിട്ടുപോയി  മനസ്സ് പുതിയത് എന്തിനെയോ സ്വീകരിക്കാന്‍ വെമ്പുന്ന പോലെ കുളിരുന്നു .ക്ഷണികമായ ആശകളുടെ കേവലത ബോധ്യമാക്കുന്ന മലകയറ്റം . തലയില്‍ തൊട്ടു നോക്കിയപ്പോള്‍ മഞ്ഞിന്റെ നനവ് .

കുടജാദ്രി ശങ്കരാചാര്യ പീഠത്തിലെക്കുള്ള വഴി 

കുടജാദ്രി 

ശങ്കരാചാര്യ പീഠം 


കാട്ടുപൂക്കള്‍ 
    സമയം ഏറെ വൈകിയതിനാലും കൂടെ ഉള്ളവര്‍ താഴത്ത് കാത്തു നില്‍ക്കുന്നതിനാലും തിരിച്ചിറങ്ങാം, എന്ന നിര്‍ദേശം അവസാനം, എനിക്കും അനുസരിക്കേണ്ടി വന്നു .അത്ര അടുത്ത് ചെന്നിട്ടും ചിത്രമൂല, സൌപര്നികയുടെ ഉത്ഭവ സ്ഥാനം, ഗണപതി ഗുഹ എന്നിവ കാണാതെ മടങ്ങേണ്ടി വന്നത് സങ്കടകരമായിരുന്നു .അടുത്ത യാത്രയില്‍ ആകട്ടെ എന്ന് സമാധാനിച്ചു മലയിറങ്ങി .ഇറങ്ങും സ്പീഡ് കൂട്ടിയാല്‍  നിയന്ത്രിക്കാന്‍ കഴിയില്ല കാലുകളെ .ഇറങ്ങുന്ന സമയത്ത് ഒരിടത്ത് ഒരു പോയ്കയുണ്ട് .അതില്‍ മുഖം കഴുകി .അസാമാന്യ വലിപ്പമുള്ള ഒരു തവള അതില്‍ കിടന്നു തുറിച്ചു നോക്കുന്നുണ്ടായിരുന്നു .കുട്ടികള്‍ മൂന്നു പേരും മുന്നില്‍ വേഗത്തില്‍ ഇറങ്ങുന്നുണ്ടായിരുന്നു ,ഒറ്റയ്ക്ക് ആയ കാരണം അവരെ വഴിയില്‍ കയറി വരികയായിരുന്ന സ്ത്രീകള്‍ അടക്കം ഉള്ള സംഘം തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുന്നുണ്ടായിരുന്നു .എവിടെ നിന്നാ വരുന്നത് ,കൂട്ടത്തില്‍ ഉള്ളവര്‍ ആരൊക്കെ എന്നൊക്കെ ചോദിച്ചുകൊണ്ട് അപ്പോളേക്കും ഞങ്ങള്‍ ഒപ്പം എത്തി .ആ സംഘം ആലപ്പുഴക്കാര്‍ ആയിരുന്നു .
    ഭാഗ്യം ഇതുവരെ ആയും ആരെയും അട്ടകള്‍ കടിച്ചിട്ടില്ല .അരുവിയില്‍ നിന്നും കുറെ ഏറെ വെള്ളം കൈക്കുമ്പിളില്‍ എടുത്തു കുടിച്ചു .അതിന്റെ വൃത്തിയെ കുറിച്ച് ഒപ്പം ഉള്ളവരുടെ പരിഹാസം ദാഹം കൊണ്ട് മറന്നു .താഴെ എത്തി പൂജാരിയില്‍ നിന്നും പ്രസാദം വാങ്ങി തിരികെ ജീപ്പിലേക്കു മടങ്ങി .
                    കയറി വന്ന മലമ്പാത ഇറങ്ങുമ്പോള്‍ നേരം ഇരുട്ടി തുടങ്ങിയ പോലെ മൂടല്‍മഞ്ഞു ഉണ്ടായിരുന്നത് കൊണ്ട്  .ആദ്യം കുറച്ചു നേരം ജീപ്പിന്റെ ലൈറ്റ് ഇട്ട ഡ്രൈവര്‍ പിന്നെ അത് ഓഫാക്കി. സുരക്ഷയ്ക്ക്ക്ക് വേണ്ടി രണ്ടു ജീപ്പുകള്‍ ഒന്നിച്ചാണ് യാത്ര .മങ്ങിയ  വെളിച്ചത്തില്‍ ജീപ്പ് താഴേക്കു.ചില ഇടങ്ങളില്‍ തനിയെ ഒലിച്ചിറങ്ങി യും ചാടി കുല്ലുങ്ങി താഴേക്കു എത്തി .
              മടക്കയാത്രയില്‍ ഡ്രൈവേരുമായി ചങ്ങാത്തത്തില്‍ ആയി. പേര് സുരേഷ് .ആള് മലയാളി ആണ്.വര്‍ക്കലക്കാരന്‍ .എട്ടു വര്ഷം ആയി കൂലി ഡ്രൈവര്‍ ആണ്. ഒരു ട്രിപ്പിനു 400 രൂപ പ്രതിഫലം. സ്വന്തം ജീപ്പ് അല്ല. സീസണില്‍ ദിവസം മൂന്നു ട്രിപ്പ്‌ വരെ എടുക്കും .ഫോര്‍ വീല്‍ ജീപ്പുകളാണ് .അറ്റകുറ്റപ്പണി നന്നായി വേണ്ടി വരുന്നതിനാല്‍ വാടക കുറച്ചു ഓടില്ല .ഇത്തരത്തില്‍ ഉള്ള നൂറിലധികം ജീപ്പുകള്‍ ഉണ്ട് മൂകാംബികയില്‍.കാനന പാത വേണം എങ്കില്‍ നമ്മള്‍ എത്തിയ വാഹനത്തില്‍ പോകാം. എന്നിട്ട്  ദുര്‍ഘടമായ പാത ആരംഭിക്കുന്നതിനു മുമ്പായി മാത്രം ജീപ്പുകള്‍ വിളിച്ചാലും മതി .പക്ഷെ അവിടെ നിന്നും 2200 രൂപയാണ് വാടക .അപ്പോള്‍ പിന്നെ താഴെ നിന്നും വിളിക്കുന്നതാണ് സഞ്ചാരികള്‍ക്ക് ലാഭം .ഈ റൂട്ടില്‍ തന്നെ ബാംഗ്ലൂര്‍ക്ക്‌ര്‍ക്കുള്ള എളുപ്പ വഴി ആയതിനാല്‍ ബസ്സുകളുംഉണ്ട് .അതില്‍ പോയി നേരെത്തെ പറഞ്ഞ ഇടത്തില്‍ നിന്നും ജീപ്പെടുത്താല്‍ മതി .കാട്ടുപാതയില്‍ പുലിയുടെ സാന്നിധ്യം ഇടയ്ക്കു ഉണ്ടാകും .തന്റെ അനുഭവത്തില്‍ ഒരു പ്രാവശ്യം കണ്ടിട്ടുണ്ട് എന്നും സുരേഷ് പറഞ്ഞു .ആന ഉണ്ടാവാറില്ല .കാട്ടുപോത്ത് ഉണ്ടാകാറുണ്ട് .
              ജീപ്പ്  ഞങ്ങളെ സത്രത്തില്‍ എത്തിച്ചു .പറഞ്ഞതിനേക്കാള്‍ കൂടുതല്‍ വാടക കൊടുത്തപ്പോള്‍ സ്നേഹത്തോടെ കൈ തന്നു സുരേഷ് അത് നിരസിച്ചു.കൂടുതലും വേണ്ട കുറവും വേണ്ട. പറഞ്ഞ വാടക. ഇനി വരുമ്പോള്‍ കാണാം ...അയാള്‍ ധൃതിയില്‍ ജീപ്പ് തിരിച്ചെടുത്തു പറന്നു പോയി.
           എനിക്ക് വലിയ യാത്രാ ക്ഷീണം ഒന്നും തോന്നിയില്ല .കൂട്ടത്തില്‍ ഉള്ളവര്‍ പലരും നന്നായി ക്ഷീണിച്ചിരുന്നു .
            പിറ്റേന്ന് മൂകാംബികയില്‍ എഴുത്തിനിരുത്ത് 
മൂകാംബികയിലെ എഴുത്തിനിരുത്ത് 
പിറ്റേന് നേരത്തെ തന്നെ കുളി പ്രാതല്‍ കഴിച്ചു ക്ഷേത്രത്തിലെത്തി .വരി നിന്ന് തൊഴുതു .ശീവേലി സമയം ആയിരുന്നതിനാല്‍ ആ എഴുന്നള്ളിപ്പ് വാദ്യത്ത്തോടെ കടന്നു പോകുന്നത് കാണാന്‍ കഴിഞ്ഞു.പിന്നെ മണ്ഡപത്തില്‍ കുട്ടികളെ എഴുത്തിനു മടിയില്‍ ഇരുത്തി,അരി നിറച്ച തളിക ,മഞ്ഞള്‍ കഷണം ഒക്കെ തന്നു പൂജാരി പറഞ്ഞു തരുന്ന മന്ത്രങ്ങള്‍ ആദ്യം ചൊല്ലി.പിന്നെ ഹരിശ്രീ ,ഒന്ന് രണ്ടു മൂന്നു നാല് ,അ ആ ഇ ഈ ഒക്കെ എഴുതിച്ചു. വലിയ തിരക്കാണ് ഇവിടെ.അത് കഴിഞ്ഞു പുറത്തേക്ക് .പുറത്തെ ഷെഡില്‍ ഒരു ആന തുമ്പി കൊണ്ട് ആളുകളുടെ തലയില്‍ തൊട്ടു അനുഗ്രഹിക്കുന്നുണ്ട്..ചില്ലറ ഷോപ്പിംഗ്‌ കഴിഞ്ഞു തിരിച്ചു സത്രത്തിലെത്തി മുറികള്‍ ഒഴിവാക്കി.,വീണ്ടും യാത്രയിലേക്ക്.,മടങ്ങുമ്പോള്‍ പിന്നെയും വരണം എന്ന ആഗ്രഹം മനസ്സില്‍ ബാക്കിയുണ്ടായിരുന്നു .പിന്നെ സൌപര്‍ണികയില്‍ ഒരു കുളി. സ്ഫാടികസമാനമായ വെള്ളം.നല്ല തണുപ്പും.മുങ്ങി നിവര്‍ന്നു തല തുവര്‍ത്തി വണ്ടിയിലേക്ക്.
കുടജാദ്രിയിലെ കാട്ടുപൂവുകള്‍ 

ശങ്കരാചാര്യ പീഠത്തിലെക്കുള്ള വഴി 
ശങ്കരാചാര്യ പ്രതിഷ്ഠ 
അംബവനം കാട്ടുപാത 

ശങ്കരാചാര്യ പീഠത്തിലെക്കുള്ള വഴി 
മടക്ക യാത്രയില്‍ ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കയറി. കുളത്തിനു നടുവിലത്തെ ചെറിയ മണ്ഡപം കണ്ടു.ഇവിടെ വിറകു അടുക്കിയിരിക്കുന്നത് പ്രത്യേക രീതിയിലാണ് .ഉള്ളില്‍ കയറി ഉടുപ്പി ശ്രീകൃഷ്ണനെ തൊഴുതു .ശംഖിന്റെ വലിയ ശില്‍പം കണ്ടു .ഇവിടെ നിന്നും പ്രസാദ ഊട്ടില്‍ ഭക്ഷണം കഴിച്ചു.,മാര്‍ബിള്‍ ഇട്ട നിലത്തു നേരിട്ട് ചോറും കറിയും വിളമ്പി ധാരാളം പേര്‍ കഴിക്കുന്നുണ്ടായിരുന്നു .നമ്മുടെ നാട്ടുകാര്‍ക്ക് ഇത് സങ്കല്പിക്കാന്‍ കഴിയുതല്ലല്ലോ .പിന്നെ വാന്‍ ദീര്‍ഘ യാത്രയില്‍ ആയിരുന്നു .കണ്ണൂര്‍ പറശിനി കടവില്‍ എത്തും വരെ. അവിടെ കയറിയപ്പോള്‍ വെള്ളാട്ടിന്റെ സമയം .തിരക്കില്‍ ഹിമയെ കാണാന്‍ ഇല്ലാതായി.കൂട്ടം തെറ്റിയ അവള്‍ക്കു വേണ്ടി ആയി പിന്നെ തിരച്ചില്‍.വിളിച്ചു പറയല്‍ ഒക്കെ കഴിഞ്ഞപ്പോള്‍ അവളുണ്ട്.ഡ്രൈവേരുടെ കൂടെ ചായ ഒക്കെ കുടിച്ചു മടങ്ങി വരുന്നു .മുത്തപ്പന്റെ അനുഗ്രഹം ഒക്കെ വാങ്ങി പയര്‍ നാളികേരം ഇട്ട പ്രസാദം വാങ്ങി കഴിച്ചു മടക്കയാത്ര .വഴിയില്‍ ഒരു ഹോട്ടലില്‍ കയറി രാത്രി ഭക്ഷണം .രാത്രി രണ്ടു മണിയോടെ നാട്ടില്‍ തിരിച്ചെത്തി ...ഒരു നല്ല യാത്രയുടെ അനുഭവങ്ങളും ബാക്കിയാക്കി ഓണം അവധി കഴിഞ്ഞു പോയി.

Wednesday, May 7, 2014

8:46 PM

യാത്രകളെ രേഖപ്പെടുത്തുമ്പോള്‍



                        

                 യാത്രകളെ രേഖപ്പെടുത്തുമ്പോള്‍

                           യാത്രാ വിവരണം തയ്യാറാക്കല്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ശീലം ആണ് .പലരുടെയും ഡയറികളില്‍  മനൊഹരമായ കുറിപ്പുകള്‍ ഒള്ച്ചിരിക്കുന്നുണ്ടാകും...യാത്രയ്ക്കു തയ്യാരെടുക്കുമ്പൊള്ത‍ന്നെ വിവരണത്തിനും തയ്യാരെടുക്കണം.യാത്ര തുടങുമ്പൊള്‍ തന്നെ ചെറിയ സൂചനകള്‍ ആയി കാഴ്ചകള്‍ രേഖപ്പെടുത്തി വക്കണം.ഓരൊ ഇടത്തെയും ഭൂപ്രക്രുതി, കെട്ടിട നിര്‍മാണത്തിന്റെ പ്രത്യെകതകള്‍,ഭാഷാരീതികള്‍,പ്രക്രുതി ദ്രുശ്യങ്ങള്‍,യാത്രക്കിടെ പരിചയപ്പെട്ട വ്യക്തികള്‍,ഒരൊ സ്തലത്തെയും ഭക്ഷണ രീതികള്‍,ജീവിത രീതികള്‍, കലകള്‍  എന്നിവയെല്ലാം കുറിച്ചു വക്കണം.പിന്നെ  വിപുലപ്പെടുത്താന്‍ ഇതു സഹായകം ആകും.യാത്രയില്‍ ഒരു ക്യാമറയൊ അതേ സൌകര്യം ഉള്ള മൊബൈല്‍ ഫോണൊ കയ്യില്‍ കരുതുന്നതു കൂടുതല്‍ പ്രയൊജനം ആകും .
               സന്ദശിക്കുന്നതു വിവിധ സ്റ്റേറ്റുകളില്‍ കൂടി ആണെങ്കില്‍ അതാതു ഭാഗങ്ങളിലെ പത്രങ്ങള്‍ മാസികകള്‍ എന്നിവയൊക്കെ ശേഖരിച്ചു വക്കാം..ചരിത്ര സ്മാരകങ്ങള്‍ ,ക്ഷേത്രങ്ങള്‍ ,പള്ളികള്‍ എന്നിവ ഒക്കെ സന്ദര്‍ശിക്കുമ്പോള്‍ അവയുടെ പ്രാധാന്യം,ഐതിഹ്യം ഒക്കെ ചോദിച്ചു അറിയണം.പ്രമുഖരായ ആളുകളെ കന്ടു മുട്ടിയാല്‍ അഭിമുഖം തരപ്പെടുത്താനും മറക്കരുത്.
                   നമ്മുടെ പെരുമാറ്റം യാത്രകളില്‍ പ്രധാനം ആണ്.ഒരൊ ഇടത്തൊടും ഇഴുകി ചെര്‍ന്നു പെരുമാറണം.പ്രക്രുതിയൊടു ചെര്‍ന്നു പൊകുന്ന വസ്തുക്കള്‍ മാത്രം യാത്രയില്‍ ഉപയൊഗിക്കുന്നതും പ്ലാസ്റ്റിക് പരമാവധി ഉപെക്ഷിക്കുന്നതും നല്ലതല്ലെ?.


                               പ്രണവിന്റെ ഹിമാലയന്‍ യാത്ര

പ്രശസ്ത സിനിമാനടന്‍ മോഹന്‍ ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ ലാല്‍  എഴുതിയ ഹിമാലയന്‍ യാത്രാ വിവരണം ഒന്നു വായിചു നൊക്കൂ..ശരിക്കും ഹിമാലയന്‍

യാത്ര ചെയ്ത അനുഭവം.

സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഒരു വര്‍ഷം പഠനം ഉപേക്ഷിച്ച് യാത്രകള്‍ ചെയ്യുകയാണ് ഞാന്‍ . തനിയെ. തീവണ്ടിയിലും ബസ്സിലും ലോറിയിലും കയറി ഹിമാലയം വരെ സഞ്ചരിച്ച എന്റെ യാത്രാനുഭവങ്ങള്‍ ഊട്ടിയിലെ ഹെബ്രോണ്‍ സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. കര്‍ശനമായ ചിട്ടകള്‍ക്കൊപ്പം ആഹഌദകരമായ ഒഴിവു സമയങ്ങളും സ്‌കൂളിന്റെ പ്രത്യേകതയായിരുന്നു. നല്ല സൗഹൃദങ്ങളും ആ സ്‌കൂള്‍ എനിക്കു തന്നു. അവധി ദിവസങ്ങളില്‍ ഞങ്ങള്‍ പല പല യാത്രകള്‍ നടത്തി. ട്രെക്കിങ്ങിന് പോയി. കാഴ്ചകള്‍ കാണുകയും കയറ്റിറക്കങ്ങള്‍ താണ്ടുകയും ചെയ്തു. യാത്രയും ട്രെക്കിങ്ങും എന്റെ ഹരമായി മാറുന്നത് ഈ കാലത്താണ്. ഈ വര്‍ഷം ഞാന്‍ സ്‌കൂളിനോട് വിട പറഞ്ഞു. സൗഹൃദങ്ങള്‍ ഒരു പാട് നല്ല ഓര്‍മ്മകള്‍ ശേഷിപ്പിച്ച് പിരിഞ്ഞു. ഇനി എന്ത് ? എന്ന വലിയ ചോദ്യം എന്റെ മുന്നില്‍ വന്നു. ഒരു കാര്യത്തിലും നിര്‍ബന്ധിക്കാത്ത പ്രകൃതമാണ് അച്ഛന്റെത്. എല്ലാ സ്വാതന്ത്രങ്ങളും അദ്ദേഹം എനിക്ക് തന്നു. അച്ഛനെന്ന പോലെ സുഹൃത്തായും കൂടെ നിന്നു. എന്റെ ഇഷ്ടങ്ങള്‍ എപ്പോഴും അമ്മയുടെയും ഇഷ്ടങ്ങളായിരുന്നു. രണ്ട് കാര്യത്തില്‍ മാത്രം അമ്മ എന്റെ കയ്യില്‍ നിന്നും വാക്ക് വാങ്ങിയിരുന്നു: ബൈക്ക് ഓടിക്കരുത്. സിഗരറ്റ് വലിക്കരുത്. രണ്ടും ഞാന്‍ ചെയ്യാറില്ല. ഇത്രയും സ്വാതന്ത്രം നല്‍കിയതുകൊണ്ട് എനിക്ക് ഏതു വഴിയും തിരഞ്ഞെടുക്കാമായിരുന്നു. ഒരു വര്‍ഷം ഒരിടത്തും പഠിക്കാന്‍ പോകുന്നില്ലെന്ന്് ഞാന്‍ തീരുമാനിച്ചത് അതു കൊണ്ടാണ്. ഒരു ഗ്യാപ് ഇയര്‍. പഠന ഭാരങ്ങളൊഴിഞ്ഞ ഈ ദിവസങ്ങളിലൊന്നിലെപ്പെഴോ എന്നില്‍ ട്രെക്കിങ്ങിനുള്ള ആവേശം തിരയടിച്ചുയര്‍ന്നു. എന്റെ ആത്മസുഹൃത്തും ഒപ്പം വരാം എന്നു പറഞ്ഞു. യാത്ര പോവാനുള്ള ആവേശവും എന്റെ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു. അച്ഛന്റെ ഏറ്റവും വലിയ പാഷനാണ് യാത്ര. എപ്പോഴും അച്ഛന്‍ പറയും : ഇന്ത്യ കാണുക എന്നത് ഏറ്റവും വലിയ വിദ്യാഭ്യാസമാണ്.

                                ഞാന്‍ ഹിമാലയത്തിലേക്ക് പോകുന്നു എന്നറിഞ്ഞപ്പോള്‍ അച്ഛന്‍ ചോദിച്ചു : ‘എന്നാണ് നീ തിരിച്ചു വരിക ?’ ‘എനിക്കറിയില്ല.’ എന്റെ മറുപടിയുടെ സ്പിരിറ്റ് അച്ഛന് പിടികിട്ടിയെന്ന് തോന്നുന്നു. അച്ഛന്‍ പറഞ്ഞു: ‘ശരിയാണ്, ഹിമാലയത്തിലേക്കുളള യാത്രയില്‍ എങ്ങിനെയാണ് ദിവസങ്ങള്‍ കണക്കാക്കുക?’ രണ്ടു ഘട്ടങ്ങളായി കാഠ്മണ്ഡു വരെ നീളുന്ന യാത്രയായിരുന്നു എന്റേത്. ട്രെക്കിങ്ങിനുള്ള ഉപകരണങ്ങളും അത്യാവശ്യ ചെലവിനുള്ള പണവും മാത്രമായി ഞങ്ങള്‍ യാത്ര തുടങ്ങി. ഹിമാലയത്തിന്റെ നിറങ്ങളും നിഗൂഢതകളും വിസ്മയങ്ങളും വെല്ലുവിളികളും തേടി… ഡല്‍ഹിയില്‍ നിന്നും ഹരിദ്വാറിലേക്കാണ് യാത്ര തുടങ്ങിയത്. മുസാഫര്‍ നഗര്‍, മീററ്റ്, റൂര്‍ക്കി വഴി ആറു മണിക്കൂറോളമുണ്ട് ഈ ട്രെയിന്‍ സഞ്ചാരം. വയലുകളും തണല്‍മരങ്ങളും നിറഞ്ഞവഴികള്‍. ദേവഭൂമിയിലേക്കുള്ള കവാടമാണ് ഹരിദ്വാര്‍. ഹരിദ്വാറില്‍ വച്ച് ഞാന്‍ ഗംഗാനദി കണ്ടു, ആദ്യമായി. തീരത്ത് നിരവധി ആശ്രമങ്ങളും ക്ഷേത്രങ്ങളും. എങ്ങും ഭക്തജനങ്ങള്‍. ഹരിദ്വാറില്‍ തങ്ങിയില്ല. ഋഷികേശായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ബസില്‍ മുക്കാല്‍ മണിക്കൂര്‍ യാത്ര. വഴിയില്‍ വനങ്ങളും ഗംഗയും. ഹരിദ്വാറിനേക്കാള്‍ തിരക്കാണ് ഋഷികേശില്‍. ആശ്രമങ്ങളും ക്ഷേത്രങ്ങളും നിറഞ്ഞ വ്യാപാര സ്ഥലം. ഗംഗയുടെ തീരത്ത് ശിവന്റെ ഒരു കൂറ്റന്‍ പ്രതിമ കണ്ടു. വെണ്ണക്കല്ലു കൊണ്ട് നിര്‍മ്മിച്ചത്. അച്ഛന് ശിവന്റെ ശില്‍പ്പങ്ങള്‍ ഏറെ ഇഷ്ടമാണ്. തിരുവനന്തപുരത്ത് വിസ്മയ സ്റ്റുഡിയോയുടെ മുന്നില്‍ ഒരു വലിയ നടരാജനൃത്ത ശില്‍പ്പം അച്ഛന്‍ വെച്ചിട്ടുണ്ട്. എനിക്ക് അതാണ് ഓര്‍മ്മ വന്നത്. ഗീതോപദേശത്തിന്റെ വലിയൊരു ശില്‍പ്പവും ഋഷികേശില്‍ കണ്ടു. സുന്ദരന്‍മാരായ അര്‍ജുനനും ശ്രീകൃഷ്ണനും. ഞരമ്പുകള്‍ പോലും തുടിച്ചു നില്‍ക്കുന്ന കുതിരകള്‍… ആരാവാം ഇതു നിര്‍മ്മിച്ചത്? രണ്ട് ദിവസം ഞങ്ങള്‍ ഋഷികേശില്‍ കഴിഞ്ഞു. ഒരു ഇടത്തരം ഹോട്ടലില്‍. തീരനഗരം നിറയെ കാവിയണിഞ്ഞ് ജട കെട്ടിയവരാണ്. മന്ത്രങ്ങളും പൂജകളും. ഗംഗാനദി ഇവിടെ വച്ചാണ് അതിന്റെ പൂര്‍ണ്ണരൂപത്തില്‍ പ്രവഹിച്ചു തുടങ്ങുന്നത് എന്ന് ഗൈഡ് പറഞ്ഞു തന്നു. സന്ധ്യയ്ക്ക് ദീപങ്ങളാലും മറ്റു വെളിച്ചങ്ങളാലും ഋഷികേശ് തിളങ്ങും. ഹിമാലയ ശൃംഗങ്ങള്‍ ഇരുട്ടില്‍ മറയും. ഋഷികേശില്‍ നിന്നും ഹിമാലയ യാത്ര വഴി പിരിയുന്നു: കിഴക്കോട്ടും വടക്കോട്ടും. ഞങ്ങള്‍ കിഴക്കോട്ടാണ് പോയത്. ദേവപ്രയാഗ്, കര്‍ണ്ണപ്രയാഗ്, നന്ദപ്രയാഗ്, ചമോളി, പിപ്പല്‍കോട്ടി വഴി ജോഷിമഠിലേക്ക്. പുലര്‍ച്ചെ പുറപ്പെട്ടെങ്കിലും വൈകുന്നേരമാണ് ജോഷിമഠിലെത്തിയത്. ഇതും ഒരു ചെറു നഗരമാണ്. ശങ്കരാചാര്യര്‍ സ്ഥാപിച്ച ജ്യോതിര്‍ മഠത്തില്‍ നിന്നാണ് ജോഷിമഠ് എന്ന പേര്‍ വന്നത് എന്ന് ഒപ്പമുണ്ടായിരുന്ന ഒരു കാവി വസ്ത്രധാരി പറഞ്ഞു. ചൈനയുമായി ഇവിടെ ഇന്ത്യ അതിര്‍ത്തി പങ്കിടുന്നു. വഴിയില്‍ നിന്നും വിട്ട് ഒരു കൊച്ചു കുന്നിന്‍ മുകളിലാണ് മഠം. ചുറ്റും പൂന്തോട്ടമുണ്ട്. ആരാധനയ്ക്ക് വലിയ മുറി. അവിടെ നിന്നാല്‍ ഹിമാലയത്തിന്റെ താഴ്‌വരകളും ശൃംഗങ്ങളും കാണാം.

                                  നല്ല തണുപ്പ്. പര്‍വ്വതങ്ങളെ തൊട്ടുകൊണ്ട് പാറുന്ന മഞ്ഞുപുക. ഊട്ടിയിലെ തണുപ്പു മാത്രം അറിഞ്ഞ എനിക്ക് ഹിമാലയത്തിലെ ഉന്നതിയിലുള്ള ഈ തണുപ്പ് വ്യത്യസ്തമായ അനുഭവമായി. ഒരു പരിധി കഴിഞ്ഞാല്‍ തണുപ്പും അത്ര സുഖകരമല്ല. പിറ്റേന്ന്‌യാത്ര തുടര്‍ന്നു. ജോഷിമഠിലെ രാത്രിയ്ക്കു ശേഷം ഗോവിന്ദഘട്ടായിരുന്നു ലക്ഷ്യം. ഇരുപത്തിരണ്ട് കിലോമീറ്ററുണ്ട്. ഷെയര്‍ ടാക്‌സിയിലായിരുന്നു യാത്ര. വഴിയില്‍ ആകാശം മുട്ടുന്ന പര്‍വ്വതവും മഞ്ഞും വനവും മാത്രം… പച്ചപ്പു നിറഞ്ഞ മരക്കൊമ്പില്‍ അള്ളി പിടിച്ചിരിക്കുന്ന ഒരു കുരങ്ങന്‍. ഇരുണ്ട മുഖം. ചുറ്റിലും വെളുത്ത രോമങ്ങള്‍. അവന്‍ ക്യാമറയിലേക്കു തന്നെ കണ്ണും നട്ട് ഇരുന്നു. ഇരുണ്ടതായതുകൊണ്ട്് മുഖത്തെ ഭാവം മനസിലാവുന്നേയില്ല. പക്ഷേ അലേര്‍ട്ടാണ്. ആരും ശല്യപ്പെടുത്തുന്നത് അവന് ഇഷ്ടമല്ല. വലിയ ഒരു പാറയുടെ തണലില്‍ ഒരു യുവ സംന്യാസി. കറുത്തിട തൂര്‍ന്ന മുടി, കഴുത്തില്‍ നിറയെ മാല, കൈയില്‍ ചെമ്പുവള, കാലില്‍ വള്ളിച്ചെരുപ്പ് ,ലോഹത്തിന്റെ ഭിക്ഷാപാത്രം. എവിടെ നിന്നോ പറിച്ചെടുത്ത കഞ്ചാവുചെടി. പേരു ചോദിച്ചപ്പോള്‍ മറുപടി ചിരി മാത്രം. ഫോട്ടോയ്ക്ക് പോസ് ചെയ്തുതന്നു, ആകാശം മുട്ടുന്ന പര്‍വ്വതങ്ങള്‍ക്കിടയിലൂടെ മഞ്ഞുപുക ഒഴുകിവരുന്ന കാഴ്ച. ചിലപ്പോള്‍ നേര്‍മ്മയില്‍, മറ്റു ചിലപ്പോള്‍ ഒരു കൂട്ടമായി വന്ന് ഒട്ടാകെ മൂടുന്നു. വീണ്ടും തെന്നി നീങ്ങുമ്പോള്‍ കാഴ്ച തെളിയുന്നു. വല്ലപ്പോഴും വന്നുവീഴുന്ന വെയില്‍. ക്യാമറയ്ക്ക് ഉത്സവം. ഹേമകുണ്ഡിലേക്കും പൂക്കളുടെ താഴവരയിലേക്കുമുള്ള യാത്ര തുടങ്ങുന്നത് ഗോവിന്ദ്ഘട്ടില്‍ നിന്നാണ്. സിക്ക് മതക്കാരുടെ ഗുരുദ്വാരയുണ്ട് ഗോവിന്ദ്ഘട്ടില്‍. വരുന്നവര്‍ക്കെല്ലാം ഭക്ഷണമുണ്ട്. ചപ്പാത്തിയും ചായയും സബ്ജിയും. ഗോവിന്ദ്ഘട്ടില്‍ നിന്നും ഞങ്ങള്‍ ഗംഗാരിയാ ഗ്രാമത്തിലേക്ക് നടന്നു. 15 കിലോമീറ്റര്‍. വഴിയരികിലൂടെ ഒഴുകി നീങ്ങുന്ന ലക്ഷ്മണഗംഗ. വനം. സ്വാദുള്ള ഭക്ഷണവുമായി ധാബകള്‍. ഗംഗാരിയ ഗ്രാമത്തിലെത്തുമ്പോള്‍ രാത്രിയായി. തുറസ്സായ ഒരു സ്ഥലത്ത് ടെന്റടിച്ച് കിടന്നു. കൊടും തണുപ്പായിരുന്നു. രാത്രി ടെന്റിന്റെ മേല്‍പ്പാളി മാറ്റി നോക്കുമ്പോള്‍ മേലെ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം. മഞ്ഞ് നിറഞ്ഞ് നരച്ചുകിടക്കുന്ന കൊടുമുടിയുടെ നേര്‍ത്ത ദൃശ്യങ്ങള്‍. വിറച്ചുകിടക്കുമ്പോള്‍ ഞാന്‍ അച്ഛനെയും അമ്മയേയും അനുജത്തിയേയും ഓര്‍ത്തു. എത്ര ദൂരയാണവര്‍! പുലര്‍ച്ചെ പൂക്കളുടെ താഴ്‌വരയിലേക്കു നടന്നു. ചുറ്റും വനങ്ങള്‍. കുതിച്ചൊഴുകിവരുന്ന അരുവികള്‍. മഞ്ഞുമൂടി, നനഞ്ഞ ശിലാ ശിഖരങ്ങള്‍. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ താഴ്‌വാരങ്ങള്‍. വെയില്‍ മാറി മാറി വീഴുന്ന പച്ചപ്പുകള്‍. കടുംനീല നിറത്തില്‍ തിളങ്ങുന്ന ആകാശം. വഴിയില്‍ പുഷ്പവാടി ഗംഗ ഒഴുകിവരുന്നു. അത് മുറിച്ചു കടന്നു നടന്നു. ഒടുവില്‍ ഒരു ഗ്ലേസിയറും കടന്നാല്‍ പൂക്കളുടെ താഴ്‌വരയിലെത്തി. ഊട്ടിയിലെ ഫ്ലവര്‍ഷോയാണ് ലോകത്തിലെ ഏറ്റവും വലിയ പുഷ്പലോകം എന്നു വിചാരിച്ചിരുന്ന എന്നെ ഢമാാവള്‍ ്ശ ശാ്‌നവ്രിീ ഞെട്ടിച്ചുകളഞ്ഞു. അഞ്ഞൂറിലധിം സ്പീഷീസില്‍പ്പെട്ട പുഷ്പങ്ങള്‍ ഇവിടെയുണ്ട്. കണ്ണെത്തുന്നിടത്തോളം അത് പരന്നുകിടക്കുന്നു. പലനിറങ്ങളില്‍, പല ഗന്ധങ്ങളില്‍. രാത്രിയില്‍ പ്രകാശിക്കുന്ന ചെടികള്‍ ഇക്കൂട്ടത്തിലുണ്ട്. ഗന്ധം വരുമ്പോള്‍ തന്നെ മോഹാലസ്യപ്പെട്ടു പോകുന്ന ചില പുഷ്പങ്ങള്‍ ഈ താഴവരയിലുണ്ട് എന്ന് അച്ഛന്‍ പറഞ്ഞിരുന്നു. ഏപ്രിലില്‍ മഞ്ഞ് ഉരുകുന്നതിനൊപ്പം ഇവിടെ പൂക്കള്‍ വിടര്‍ന്നു തുടങ്ങുന്നു. ജൂലായ് – ആഗസ്ത് ആവുമ്പോള്‍ പുഷ്പങ്ങളുടെ ഉത്സവമായി. 1931-ല്‍ (ഫാങ്ക്‌സ്മിത്തും ആര്‍.എല്‍. ഹോര്‍ഡ്‌സ് വര്‍ത്തും ചേര്‍ന്നുള്ള പര്യടനത്തിനുശേഷമാണ് പൂക്കളുടെ താഴ്‌വരയെക്കുറിച്ച് പുറംലോകം അറിഞ്ഞത്. കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല ഈ പൂക്കടല്‍. താഴ്‌വരയുടെ ഒരു ഭാഗത്ത് ഒരു ശവകുടീരം. ജൊവാന്‍ മാര്‍ഗരറ്റ് ലെഗ്ഗെ. താഴ്‌വരയെക്കുറിച്ചു പഠിക്കാന്‍ ലണ്ടനിലെ ബൊട്ടാണിക്കല്‍ സൊസൈറ്റിയില്‍ നിന്നും വന്നതായിരുന്നു അവള്‍. സ്മാരകശിലയില്‍ ബൈബിളിലെ ഒരു വാക്യം എഴുതിയിരിക്കുന്നു. ”ഞാന്‍ എന്റെ കണ്ണുകളെ മലമുകളിലേക്കുയര്‍ത്തും. അവിടെ നിന്നാണ് എനിക്ക് ചൈതന്യവും സഹായവും വരുന്നത്.” ഒരിക്കലും കാണാത്ത ആ അമ്മയെ ഓര്‍ത്തപ്പോള്‍ എനിക്ക് സങ്കടം വന്നു. പൂക്കളുടെ താഴ്‌വരയില്‍ നിന്നും ഗംഗാരിയാ ഗ്രാമത്തിലെത്തി ആറു കിലോമീറ്റര്‍ പോയാല്‍ ഹേമകുണ്ഡ് സാഹിബ്ബിലെത്തും. ചിലര്‍ കുതിരപ്പുറത്താണ്. പതിമൂവായിരം അടി ഉയരത്തിലാണ് ഹേമകുണ്ഡ്. സിഖ് മതക്കാരുടെ തീര്‍ഥാടനകേന്ദ്രമാണിത്. ഗുരുഗോവിന്ദ്‌സിംഗ് ഇവിടെ തപസുചെയ്തിരുന്നു. ഏഴ് ശിഖരങ്ങളുള്ള പര്‍വ്വതങ്ങള്‍ക്കു നടുവില്‍ ഒരു നീലത്തടാകം. അടുത്ത് ഗുരുദ്വാര. മഞ്ഞിന്‍ പുക ഊര്‍ന്നുവന്ന് ജലത്തിലുരുമ്മും.
                                          അന്ന് ഞങ്ങള്‍ അവിടെ ടെന്റടിച്ചുകിടന്നു. കൊടുമുടികള്‍ക്കിടയിലേക്ക് രാത്രി ഇറങ്ങിവന്നു. കൂടെ കൊടുംതണുപ്പും. ഹേമകുണ്ഡ് സാഹിബ്ബില്‍ വച്ച് എന്റെ ഹിമാലയയാത്രയുടെ ആദ്യഘട്ടം തീര്‍ന്നു. കാഠ്മണ്ഡുവിലേക്കായിരുന്നു രണ്ടാംഘട്ട യാത്ര. ഡല്‍ഹിയില്‍ നിന്നും ബിഹാര്‍-നേപ്പാള്‍ അതിര്‍ത്തിയിലെ റക്‌സോള്‍ വരെ ട്രെയിനില്‍. 26 മണിക്കൂര്‍. സാധാരണ കംപാര്‍ട്ട്്‌മെന്റിലായിരുന്നു ഞങ്ങള്‍. ജീവിതത്തിലെ എല്ലാ തരക്കാരും ഞങ്ങള്‍ക്കു ചുറ്റുമുണ്ടായിരുന്നു. പൊടിയും ചൂടും പലതരം ഗന്ധങ്ങളും. റക്‌സോളില്‍ നിന്ന് വലിയ കമാനം കടന്ന് ബീര്‍ഗഞ്ചിലേക്ക്. അവിടെ നിന്നാണ് കാഠ്മണ്ഡുവിലേക്കുള്ള ബസ്. ഒരു രാത്രി മുഴുവന്‍ യാത്ര. പുലര്‍ച്ചെ കാഠ്മണ്ഡുവില്‍. പഴയക്ഷേത്രങ്ങളും ഉയരം കുറഞ്ഞ മനുഷ്യരുമുള്ള നഗരം. കാഠ്മണ്ഡുവിനേക്കാള്‍ പൊഖാറയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കാഠ്മണ്ഡുവില്‍ നിന്നും 198 കിലോമീറ്റര്‍. ബസിലായിരുന്നുയാത്ര. മനോഹരമായ ഹിമാലയന്‍ വഴികള്‍ കണ്ടുകൊണ്ട് മുന്നോട്ട്. 6 മണിക്കൂറെടുത്തു പൊഖാറയില്‍ എത്താന്‍. നെല്‍വയലിനു സമീപം മനോഹരമായ ഒരു നീലത്തടാകം. പൊഖാറ. ചുറ്റും മലനിരകള്‍. ഒഴുകി നീങ്ങുന്ന കൊച്ചുതോണികള്‍. വീടുകളും കൃഷിയിടങ്ങളും. നേപ്പാളിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് പൊഖാറ. ഇന്ത്യക്കും ടിബറ്റിനുമിടയിലെ പഴയകാല വ്യാപാരപാതയായിരുന്നു ഇത്. ‘യോദ്ധാ’സിനിമയില്‍ ‘അമ്മാവനും അമ്മായിയും’ പോക്രയിലേക്കു പോയി എന്ന് ജഗതിയങ്കിള്‍ അച്ഛനോട് പറയുന്നുണ്ട്.
                                            പൊഖാറയില്‍ നിന്നും തിരിച്ചുള്ള യാത്രയില്‍ ഞങ്ങളുടെ ബസ് അപകടത്തില്‍പ്പെട്ടു. മറ്റൊരു ബസ് വന്ന് പിറകിലിടിച്ചതാണ്. പിറകില്‍ വരുന്ന ബസില്‍ കയറുകയേ നിവൃത്തിയുള്ളു. പക്ഷേ, അതിനുള്ളില്‍ നില്‍ക്കാന്‍ തന്നെ ഇടമില്ല. ‘വേണമെങ്കില്‍ മുകളില്‍ കയറിക്കോ’ കണ്ടക്ടര്‍ പറഞ്ഞു. ഞങ്ങള്‍ കയറി. പിന്നെ അഞ്ച് മണിക്കൂറോളം ബസിന്റെ പുറത്തായിരുന്നു യാത്ര. അത് വല്ലാത്ത ഒരനുഭവമായിരുന്നു. വളഞ്ഞും പുളഞ്ഞും പോകുന്ന വഴിയിലൂടെ ഇത്തിരി അപകടകരമായി ബസ് പാഞ്ഞു. തെറിച്ചു പോകാതിരിക്കാന്‍ ഞങ്ങള്‍ അള്ളിപ്പിടിച്ചിരുന്നു. പലപ്പോഴും മലര്‍ന്നുകിടന്നു. ഹൃദ്യമായ ഹിമാലയന്‍ വെയില്‍ ശരീരത്തിലേക്കു വീണു കൊണ്ടിരുന്നു. മുകളില്‍ പറന്നു പോകുന്ന ആകാശം. ചിലയിടങ്ങള്‍ കുത്തിയൊഴുകുന്ന ഗണ്ഡകീ നദി. എന്റെ യാത്രയില്‍ ഞാന്‍ ഏറ്റവും ത്രില്ലടിച്ച സമയം ഇതായിരുന്നു. ആ അപകടം നടന്നില്ലെങ്കില്‍ ഈ അവസരം എനിക്ക് ലഭിക്കില്ലായിരുന്നു. അപ്രതീക്ഷിതമായത്
സംഭവിപ്പിച്ചുകൊണ്ട് യാത്രകള്‍ എപ്പോഴും വിസ്മയിപ്പിക്കുന്നു.




 @കടപ്പാട്  Bluefox Media

Monday, January 17, 2011

6:20 AM

യാത്ര


                                                                                            ആലുവയില്‍ നടന്ന സ്റ്റേറ്റ് സയന്‍സ് മേളയില്‍
                                                                                     ടീച്ചിംഗ് എയിഡ് മത്സരത്തില്‍ അവതരിപ്പിച്ച ഇനം

ഭഗവതികളം കാമറ കണ്ണില്‍