സമയം നീങ്ങും തോറും ഇരുട്ട് വന്നു വീഴുകയാണ്. ജനപഥങ്ങള്‍ പിന്നിട്ടിരിക്കുന്നു. വിജനമായ കാട്ടുവഴി . കാളവണ്ടികളുടെ ചക്രപ്പാടുകള്‍ കാണാതായി തുടങ്ങിയിരിക്കുന്നു. പിറകില്‍ ആരോ പിന്തുടരുന്ന പോലെ തോന്നി വേലു നാച്ചിയാര്‍ ഇടക്കിടെ തിരിഞ്ഞു നോക്കി. ഒാരോ കാട്ടു പക്ഷിയുടെ ചിലക്കലിനെയും സംശയ ത്തോടെ നോക്കി. ശത്രു പിറകേ തന്നെയുണ്ട്. കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ വെള്ളച്ചിയെ ചുമലിലെടുത്ത് നടക്കുമ്പോള്‍ വേലു നാച്ചിയാർക്ക് തളര്‍ച്ച തോന്നിയിരുന്നില്ല. യുദ്ധത്തിലേറ്റ പരുക്കില്‍ ദേഹത്തിന്റെ വേദനയ്കപ്പുറം മനസ്സില്‍ കത്തി നിന്ന തീയില്‍ ശിവഗംഗയുടെ രാജ്ഞിക്ക് തളരാന്‍ കഴിയില്ലല്ലോ. ഉടന്തടി ചാടി തീയിലൊതുങ്ങാന്‍ ഒരുമ്പെട്ടോള്‍ക്ക് മുന്നില്‍ അതിലും തീവ്രമായ ചൂടാണിനി ഒറ്റയ്ക്കുള്ള മുന്നോട്ടുള്ള യാത്ര. എവിടെയെത്തുമോ എന്താകുമോ എന്ന് തീര്‍പ്പില്ലാത്ത യാത്ര. പരമ്പരകളുടെ രാജരക്തം ധമനികളി ലൂടെ ഒഴുകുമ്പോള്‍ സ്വന്തം വേദനയ്ക്കപ്പുറം രാജ്യത്തിന്റെ വേദനയായിരുന്നു മനസ്സില്‍. കൂടെയുള്ളവരുടെ എണ്ണം കുറവായിരുന്നു. അല്ലെങ്കിലും എല്ലാം വിട്ടൊരു പലായനത്തില്‍ ആരാണ് ഒപ്പമുണ്ടാകുക. കത്തിക്കൊണ്ടിരി ക്കുന്ന ശിവഗംഗയും മരണഭയത്താല്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഉയര്‍ന്നു പൊന്തുന്ന നിലവിളികളും ചെവിയില്‍ വന്നലയ്ക്കുന്നതു പോലെ.
വിരൂപാച്ചിയിലേക്ക് പായുമ്പോള്‍ തിരിയിട്ട വിളക്കില്‍ ഉള്ളങ്കൈ കാണിച്ചെടുത്ത പ്രതിജ്ഞയുണ്ട് ഉള്ളില്‍. എന്തു വില കൊടുത്തും ശിവഗംഗയിലേക്ക് താന്‍ മടങ്ങി ചെന്നിരിക്കും. വംശ ദേവത രാജ രാജേ ശ്വരി അമ്മാന്റെ തുണയാല്‍ തന്റെ ഭർത്താവിന്റെ ജീവനും രാജ്യത്തിനും ശിവഗംഗയുടെ അഭിമാനത്തിനേറ്റ മുറിവിനും വേണ്ടി പകരം ചോദിച്ചിരിക്കും. ആര്‍ക്കോട്ട് നവാബിനും വെള്ളക്കാര്‍ക്കും മേല്‍ അവസാന വിജയം നേടിയിയായിരിക്കും താനിനി ശിവഗംഗയിലേക്കു മടങ്ങുന്നത്.
രാജചിഹ്നങ്ങളെല്ലാം അഴിച്ചുവച്ച്, ആഭരണങ്ങള്‍ ഉപേക്ഷിച്ച്, നിറം മങ്ങിയ ചേല വാരിച്ചുറ്റി ഇരുട്ടിന്റെ മറപറ്റി പുറത്തുകടക്കുമ്പോള്‍ ശിവഗംഗ കത്തുകയാണ്. ജീവന്‍ പോലെ സേതു പതിമാര്‍ കാത്ത നഗരത്തില്‍ വൈദേശികര്‍ നൃത്തം വയ്ക്കുകയാണ്. മുത്തു വടുകനാഥ ഉദയ തേവറുടെ കൊട്ടാരം ആര്‍ക്കോട്ട് നവാബിന്റെ പടയാളികളുടെ താവളമായിരിക്കുന്നു. ക്ഷേത്രങ്ങളെല്ലാം കൊള്ളയടിച്ച് മുതല്‍ക്കൂട്ടുകയാണ് നവാബിന്റെ കിങ്കരന്മാര്‍. തെരുവുകളിലെങ്ങും ആക്രോശങ്ങളുമായി കുതിരപ്പുറത്ത് ചുറ്റിക്കറങ്ങുന്ന വെള്ള ക്കാര്‍. സ്ത്രീകളെയും കുട്ടികളെയും പോലും നിഷ്കരുണം കൊല ചെയ്തു ചിരിക്കുന്ന കമ്പിനിക്കൂട്ടം . രാജ്യത്തിന് നാഥനില്ലാതെയായതോടെ ശിവഗംഗയുടെ സൈനികരെല്ലാം പ്രാന്ത പ്രദേശങ്ങളിലേക്ക് ഒളിഞ്ഞിരിക്കുന്നു. വീടുകളെല്ലാം വിളക്കണച്ച് ഭയം തിരിയിട്ട മനസ്സുമായി നിശബ്ദമാണ്. പല്ലക്കിലോ കുതിര യിലോ രക്ഷപ്പെടാ നായിരുന്നു ആദ്യ പദ്ധതി. പക്ഷേ ശത്രുക്കള്‍ക്ക് എളുപ്പം തിരിച്ചറിയാന്‍ കഴിയു മെന്നതിനാലാണ് നാട്ടുകാ രുടെ വേഷത്തില്‍ നടപ്പു തുടങ്ങിയത്.
ഇരുളിന്റെ ന്റെ കനം കൂടിവന്നു. കൂട്ടത്തിലുള്ളവര്‍ക്കെല്ലാം ഇനിയൊരടി മുന്നോട്ടു പോകാനാവില്ലെന്നായി. നടക്കുന്നത് കാട്ടിലൂടെയാണ്. വഴികള്‍ അവസാനിച്ചിരിക്കുന്നു. ഹിംസ്ര മൃഗങ്ങളുള്ള കാട്ടിലൂടെ ഈ രാത്രി യാത്ര ചെയ്യാനാവില്ല. അല്പമകലെ യായി ഒരു തരി വെട്ടം. ഒരു പക്ഷേ കുടിലുകളായിരിക്കാം. സംഘം ആ വെളിച്ചപ്പൊട്ടിന് നേരെ നടന്നു. അതൊരു കുടിലായിരുന്നു. അതിന്നു പിറകില്‍ ഇരുട്ടില്‍ അവ്യക്തമായി കാണാനാവുന്ന അഞ്ചെട്ടു കുടിലുകള്‍ .
ശബ്ദം കേട്ട് കുടിലിന്റെ വാതില്‍ തെല്ലു നീക്കി ഒരു സ്ത്രീ രൂപം ഇറങ്ങി വന്ന് സംശയത്തോടെ നോക്കി.
ഞങ്ങള്‍ വിരൂപാച്ചിയിലേക്കുള്ള യാത്രക്കാരാണ്..ഞങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളവും അല്പസമയം വിശ്രമിക്കാനിടവും തരണം
വിരൂപാച്ചിയിലേക്ക് ഇനിയും എത്രയോ ദൂരമുണ്ട്. ഇത് അരിയാകുറിച്ചി എത്തിയതേ ഉള്ളൂ
ആ സ്ത്രീ വെള്ളമെടുക്കാനായി കുടിലിനുള്ളിലേക്ക് കടന്നു. സംഘാംഗങ്ങളെല്ലാം അതു വാങ്ങിക്കുടിക്കുമ്പോള്‍
വേലു നാച്ചിയാര്‍ ആ സ്ത്രീയോട് ചേദിച്ചു.
താങ്കളുടെ പേരെന്താണ്?
എന്റെ പേര് ഒടയാല്‍..ഞങ്ങള്‍ അരുന്തതിയാർ വിഭാഗത്തില്‍ പെട്ടവരാണ് ഇവിടെ താമസിക്കുന്നത്.
ഒടയാല്‍..ഈ കുട്ടിക്കു കിടക്കുവാന്‍ ഒരിടം തരുമോ? ഇത്ര ദൂരം നടന്ന് ഒരുപാട് ക്ഷീണിച്ചിട്ടുണ്ടവള്‍..
ഉള്ളിലേക്കു വരൂ എന്നു കാണിച്ച് ഒടയാല്‍ നടന്നു..
കുടിനുള്ളില്‍ ചുറ്റി നിന്ന ഇരുട്ടിനോട് പടവെട്ടുന്ന ഇത്തിരി വെളിച്ചം മാത്രം. വെള്ളച്ചിക്കായി ആ കുടിലിന്റെ ഉള്ളില്‍ പുല്ലുകൊണ്ട് നെയ്തു പായയില്‍ പഴന്തുണി വിരിച്ച് ഒടയാല്‍ ആതിഥ്യമരുളി.
ഒടയാല്‍ നിങ്ങളെനിക്ക് ദാഹം തീര്‍ക്കാന്‍ വെള്ളം തന്നു, കിടക്കുവാനിടം തന്നു..എനിക്കെന്റെ സഹോദരി യെപ്പോലെ തോന്നുന്നു..ഞാന്‍ നിങ്ങളോട് സത്യം പറയാനാഗ്രഹിക്കുന്നു ഞാന്‍ വെറുമൊരു യാത്രക്കാരിയല്ല. ശിവഗംഗ റാണി വേലു നാച്ചിയാരാണ്. ശിവഗംഗ ആര്‍ക്കോട്ട് നവാബിന്റെയും വെള്ളക്കാരുടെയും ചതിയില്‍ പെട്ടു. എന്റെ ഭര്‍ത്താവ് തേവരും ശിവഗംഗയുടെ സൈനികരും മരണപ്പെട്ടു കഴിഞ്ഞു. ഞങ്ങള്‍ ഒരു ചെറിയ കൂട്ടം മാത്രമാണ് രക്ഷപ്പെട്ടത്. ഞങ്ങളിലെല്ലാരും ക്ഷീണിതരാണ്. ഞങ്ങള്‍ക്ക് അഭയം തരണം.
ഒടയാല്‍ വിശ്വസിക്കാനാവാത്ത പോലെ നിന്നു. പിന്നെ കൈകൂപ്പി
നിങ്ങളുടെ ശരീര പ്രകൃതവും ഉറച്ച ശബ്ദവും കേട്ടപ്പോഴേ വെറുമൊരു യാത്രാ സംഘമല്ലെന്ന് എനിക്ക് തോന്നിയിരുന്നു. അല്ലെങ്കിലും ഒരു സ്ത്രീ നയിക്കുന്ന യാത്രാ സംഘം സാധാരണമല്ലല്ലോ.
ആപത്തു വരുമ്പോള്‍ സഹായിക്കുന്നവരാണ് യഥാര്‍ഥ മനുഷ്യര്‍. ഞങ്ങള്‍ക്കിപ്പോള്‍ നിങ്ങള്‍ ദൈവത്തെ പോലെയാണ്.
ഒടയാല്‍ മുളങ്കുറ്റിയില്‍ പകര്‍ന്നു തന്ന തണുത്ത വെള്ളം കുടിക്കുന്നതിനിടെ വേലു നാച്ചിയാര്‍ പറഞ്ഞു.
തത്കാലം ഒടയാലല്ലാതെ മറ്റാരും ഞങ്ങള്‍ ആരാണെന്ന് അറിയേണ്ട. ഞങ്ങള്‍ക്കാവശ്യം തല്‍ക്കാലം ഒളിച്ചു കഴിയുവാന്‍ വേണ്ട ഇടമാണ്. നാട്ടുകാര്‍ ചോദിച്ചാല്‍ കൂടെയുള്ള കുട്ടിക്ക് സുഖമില്ലെന്നും അതിനാല്‍ യാത്ര തുടരാന്‍ സാധിക്കാത്തതിനാല്‍ ഇവിടെ അല്പദിവസം തങ്ങുന്നതാണെന്നും പറയണം. തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു തടസമാകില്ല.. അടുത്തൊരു ദിവസം ഞങ്ങള്‍ ഇവിടം വിടും. വിരൂപാച്ചിപ്പാളയ ത്തിലെ ഗോപാല നായ്കരുടെ അടുത്തേക്കാണ് ഞങ്ങളുടെ യാത്ര.
ബഹുമാനത്തോടെ റാണിയെ നോക്കി ഒടയാല്‍ പറഞ്ഞു
കൊട്ടാരത്തില്‍ ജീവിച്ചവര്‍ക്ക് ഞങ്ങള്‍ പാവങ്ങളുടെ കുടിലുകള്‍ എങ്ങിനെ സഹായമാകുമെന്ന് എനിക്കറി യില്ല. ഞങ്ങളുടെ ആഹാരം കഴിക്കാനോ വെള്ളം കുടിക്കാനോ പറ്റുമോ എന്നറിയില്ല. അരിയക്കുറിച്ചിയില്‍ ഉടയോരുടെ കോട്ടയുണ്ട്. റാണിക്കും സംഘത്തിനും അവിടം ഒരു പക്ഷേ ഇവിടത്തെക്കാള്‍ സൗകര്യമായി രിക്കും.
ആപത്തില്‍ സഹായിക്കുന്നവരാണ് കാണപ്പെട്ട ദൈവങ്ങള്‍. പിന്നെ മറ്റൊരു കാര്യമുള്ളത് എന്നെത്തേടി ഏതു സമയത്തും ശത്രുവിന്റെ ചാരന്മാര്‍ വന്നെന്നിരിക്കും. അത് നിരപരാധികളായ നിങ്ങളെ ബാധിക്കുമെന്ന് എനിക്ക് ഭയമുണ്ട്..അരിയക്കുറിച്ചിയിലെ കോട്ടയില്‍ തങ്ങാന്‍ ഗോപാല നായ്കന്റെ അനുവാദം വാങ്ങേണ്ടതുണ്ട്.
ശിവഗംഗയിലെ അരസിയാരെ സഹായിക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ..കാടിനകത്തെ ഈ താണജാതിക്കാരുടെ കുടിലുകള്‍ തേടി ആരും വരില്ല. റാണി വിശ്രമിക്കൂ..
ആ കുടിലിന്റെ മുന്നിലിരിക്കുമ്പോള്‍ ശിവഗംഗ റാണി ചെങ്കോലും കിരീടവുമില്ലാതെ, ആര്‍പ്പുവിളി ക്കുന്ന പരിചാരകരില്ലാതെ ഒരു സാധാരണക്കാരിയായിരുന്നു. കാളിയാര്‍ കോവിലും, ശിവഗംഗയും ഏതു നിമിഷവും ശത്രുക്കള്‍ തേടി വരാം. തന്നെയും വിശ്വസിച്ച് കൂടെ വന്നവരെയും സംരക്ഷിക്കേണ്ടിയിരിക്കുന്നു.
ആ കുടിലിന്റെ ഇത്തിരിമുറ്റത്തായി സംഘാംഗങ്ങള്‍ ഇരുന്നു. ക്ഷീണത്താല്‍ പലരും വെറും നിലത്ത് കിടക്കാനൊരുങ്ങി .വിളക്കണഞ്ഞപ്പോള്‍ മേല്‍ക്കൂരയുടെ വിടവിന്നിടയിലൂടെ നിലാവ് ഇറങ്ങി വന്നു. അതി ലേക്ക് നോക്കിക്കിടക്കുമ്പോള്‍ വേലു നാച്ചിയാര്‍ ഒാര്‍ത്തു. എത്ര പെട്ടെന്നാണ് കാലം മാറിപ്പോയത്. ജീവിതം എത്ര ആകസ്മികമാണ്. പതിനാറാം വയസ്സില്‍ പാണിഗ്രഹണം ചെയ്ത പ്രിയപ്പെട്ടവന്റെ മരണം, ജീവനെ പ്പോലെ സ്നേഹിച്ച ശിവഗംഗ ഇന്ന് ശത്രുക്കളുടെ അധീനത്തിലാണ്. അവര്‍ക്കു കീഴടങ്ങിയാല്‍ ശത്രുക്കളുടെ അടിമയായി ജീവിക്കുന്നതാണ് സമാധാനമെങ്കിൽ, അത്തരം സമാധാനത്തിന്റെ ആവശ്യമെന്ത്? പരദേ ശിയെ അനുസരിച്ചു ജീവിക്കുന്നതു കൊണ്ടുമാത്രം ഭക്ഷണം ലഭ്യമാണെങ്കിൽ, ജീവിതം ഉപേക്ഷിക്കുന്നതാണ് അതിനെക്കാള്‍ നല്ലത്
വിധവയായ തനിക്ക് എത്ര കണ്ടു മുന്നേറാനാകുമെന്നറിയില്ല. അൻപിലൻ ആൻറ തുണൈയിലൻ താന്റുവ്വാൻ എൻപരിയും ഏതിലാൻ തുപ്പു. തനിക്കിപ്പോള്‍ തോഴരില്ല. ഈ പോരാട്ടത്തില്‍ താനൊറ്റയ്ക്കാണ്. ഒപ്പം നില്‍ക്കാന്‍ തോഴരെ തേടേണ്ടിയിരിക്കുന്നു. എന്തു തന്നെയായാലും ഈ ജീവിതം ഇനി യുദ്ധത്തിനു ള്ളതാണ്. പരദേശികളുടെ ചങ്ങലയില്‍ നിന്ന് പിറന്ന മണ്ണിനെ മോചിപ്പിക്കേണ്ടിയിരി ക്കുന്നു. തേവരുടെ രക്തത്തിന് പകരം വീട്ടേണ്ടി യിരിക്കുന്നു. പരേദേശകളുടെ കൈകളില്‍ ശിവഗംഗയുടെ കലയും സംസ്കാരവും ജനജീവിതവും മാറിപ്പോകും. പോയകാലമത്രയും റാണിയുടെ ചിന്തയിലൂടെ ഒരു യുദ്ധ രംഗം പോലെ മിന്നി മറിഞ്ഞു. മനസ്സില്‍ മുത്തു വഡുക നാഥന്റെ സ്വരം മുഴങ്ങുന്നു.
ഈ ഭൂമി നമുക്ക് ശേഷം നമ്മുടെ അനന്തരാവകാശികൾക്ക് അവകാശപ്പെടണം, നാം നിർമ്മിച്ച സത്രങ്ങളും ക്ഷേത്രങ്ങളും ശ്രീകോവിലുകളും പരദേശികള്‍ തട്ടിയെടുക്കാൻ പാടില്ല. എത്ര കാലം ജീവിച്ചു എന്നതിനേക്കാൾ നമ്മൾ എങ്ങനെ ജീവിച്ചു എന്നതാണ് അഭിമാനം. തമിഴ്നാട്ടിലെ നാട്ടുരാജ്യങ്ങൾ മുഴുവന്‍ കമ്പിനിയാളർക്ക് അടിമപ്പെട്ടിട്ടും, കീഴടങ്ങാത്തത് ശിവഗംഗൈ സീമയ് മാത്രം. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പോലും വേലുനാച്ചിയാരുടെ കയ്യില്‍ സുരക്ഷിതമായിരിക്കണം ഇവിടെ ജനിക്കുന്ന കുട്ടികള്‍ പരദേശികളുടെ അടിമകളായി ജീവിക്കാനിടവരുത്തരുത്.
ശിവഗംഗയുട മേചനത്തിനു വേണ്ടിയാണ് ഇനി എന്റെ ജീവിതം. പാണ്ഡ്യൻ നെടുഞ്ചെഴിയൻ മരിച്ച നിമിഷം ഉടന്തടി ചാടി സ്വയമെരിഞ്ഞ മധുരറാണി കോപ്പെരുന്ദേവിയല്ല, തന്റെ ഭര്‍ത്താവിന്റെ ജീവനും അഭിമാനത്തിനുമായി പ്രതികാരദുര്‍ഗയായി ഒറ്റച്ചിലമ്പ് വലിച്ചെറിഞ്ഞ് മധുര നഗരത്തെ ചുട്ടെരിച്ച കണ്ണകി യാണ് ഇനി തന്റെ ദേവത. നൂറ്റാണ്ടുകളായി മണ്ണിന്റെ അവകാശികളായവരോട് പരദേശികള്‍ ചോദിക്കുന്ന കപ്പം തലമുറകളോടുള്ള വഞ്ചനയാണ്. പിറന്ന മണ്ണിന്റെ പവിത്രതയെക്കാള്‍ വലുതല്ല അടിമയായിക്കൊ ണ്ടുള്ള സുഖജീവിതം. ഉറക്കത്തിന്റെ ലാഞ്ചന പോലുമില്ലാത്ത ആ രാത്രിയില്‍ ഉണര്‍ന്നു കരയാന്‍ തുടങ്ങിയ വെള്ളച്ചിയെ മാറോട് ചേര്‍ത്ത് റാണി ഉറക്കാന്‍ തുടങ്ങി.
2
അടുത്തടുത്ത രണ്ടു നാട്ടുരാജ്യങ്ങളാണ് ശിവഗംഗയും രാമനാഥപുരവും.ഒരേ വംശപരമ്പരയുടെ രണ്ട് സാമന്ത രാജ്യങ്ങള്‍. സേതുപതി രാജവംശത്തിന്റെ വേരുകള്‍ രാമായണകാലം വരെ നീണ്ടു . രാവണ സഹോദരന്‍ വിഭീഷണന്റെ അഭിപ്രായ പ്രകാരം ശ്രീരാമൻ തന്റെ വില്‍ മുന കൊണ്ട് പാലം കെട്ടാൻ കാണിച്ച ധനുഷ് കോടി സേതുപതിമാരുടെ ദേവസ്ഥാനമായി. വാനരപ്പടയുടെ സഹായത്തോടെ ലങ്കയി ലേക്ക് കടലിലൂടെ പാലം നിർമിച്ച ശ്രീരാമ കഥ ഒാരോ സേതുപതി രാജാവിന്റെയും അഹങ്കാരമായി. രാമേ ശ്വരത്തിന്റെയും രാമസേതുവിന്റെയും സംരക്ഷണത്തിനുവേണ്ടി ഭഗവാന്‍ ശ്രീരാമൻ പട്ടാഭിഷേകം നടത്തിയതാണ് സേതു പതി രാജവംശത്തെ. പിതാമഹരുടെ പട്ടാഭിഷേകം നടന്ന കല്ലുകൊണ്ടുള്ള സിഹാസനത്തെ ദൈവത്തെ പ്പോലെ എന്നും വന്ദിക്കുന്ന സേതുപതിമാര്‍.
രാവണനെ കൊന്ന പാപത്താല്‍ ചിന്താധീനനായ ശ്രീരാമന്‍ മുനിമാരോട് പരിഹാരമാരാഞ്ഞു. പ്രായശ്ചി ത്തമായി ശിവപൂജ ചെയ്യാൻ മുനിമാര്‍ ഉപദേശിച്ചു. ശിവലിംഗം കൊണ്ടുവരാൻ കൈലാസത്തി ലേക്ക് പോയ ഹനുമാൻ കാലമേറെ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ശ്രീരാമന്റെ ഇംഗിതം നടക്കാതി രിക്ക രുത് എന്നാ ഗ്രഹിച്ച് സീതാദേവി സമുദ്ര തീരത്ത് പൂഴി കൊണ്ട് ശിവലിംഗമുണ്ടാക്കി. ശ്രീരാമൻ ശിവലിംഗ ത്തെ പൂജക്കിനാരംഭിച്ചു. അപ്പോഴേക്കും ഹനുമാന്‍ ശിവലിംഗവുമായി കൈലാസത്തില്‍ നിന്നും തിരിച്ചെത്തി. ദേഷ്യം കൊണ്ട ഹനുമാന്‍ സീതദേവി പൂഴികൊണ്ട് തീര്‍ത്ത വിഗ്രഹം വാലുകൊണ്ട് പുഴക്കി കടലിലെറി യാന്‍ തുനിഞ്ഞു. എത്ര ശ്രമിച്ചിട്ടും വിഗ്രഹം അനങ്ങാതെ ഹനുമാൻ ക്ഷീണിതനായി. തന്റെ തോല്‍വിയില്‍ വിഷമിച്ചു നിന്ന ഹനുമാനെ അനുനയിപ്പിക്കാന്‍ ശ്രീരാമൻ ഒരു വഴി കണ്ടെത്തി. ഹനുമാന്‍ കൊണ്ടു വന്ന വിഗ്രഹവും സമീപത്തു തന്നെ പ്രതിഷ്ഠിച്ച് പൂജിച്ചു. സീതാദേവി തീര്‍ത്ത വിഗ്രഹം രാമനാഥ നെന്നും ഹനു മാൻ എത്തിച്ച ശിവലിംഗം വിശ്വനാഥനെന്നും ശ്രീരാമന്‍ പേരുചൊല്ലി. രാമനാഥ പൂജയക്കു മുമ്പായി വിശ്വ നാഥ പൂജ നടത്തണമെന്ന് ശ്രീരാമന്‍ കല്പിച്ചു. രാമനാഥന്റെ ദേശം രാം നാടായി, രാമനാഥപുര മായി. രാമ നാഥ സ്വാമി ക്ഷേത്രത്തിന്റെ കാവലാളുകളായിരുന്നു സേതുപതിമാര്‍.
നൂറ്റാണ്ടുകള്‍ മുമ്പുതന്നെ, രാംനാടിലെ മറവരുടെ തലവനെ മധുരയിലെ നായക് രാജാവ് സേതു പതിയായി അംഗീകരിച്ചിരുന്നു. മറവര്‍ സീമൈ മധുര നായ്ക്കരുടെ കീഴില്‍ സാമന്തഭരണം നടത്തി. കാല ക്രമേണ മധുര നായ്കന്മാരുടെ ശക്തി ക്ഷയിച്ചു തുടങ്ങിയപ്പോള്‍ രാംനാട് സേതുപതിമാര്‍ സ്വതന്ത്രരായി മാറി. രഘുനാഥ കിളവൻ സേതുപതി സ്വയം രാംനാടിന്റെ രാജാവായി കിരീട ധാരണം ചെയ്തു. പൊഗലൂരിൽ നിന്ന് കിഴക്കൻ തീരത്തോട് ചേർന്നുള്ള രാംനാടിലേക്ക് തന്റെ കോട്ട മാറ്റി മുപ്പത്തിയാറ് സംവത്സരം രഘുനാഥ സേതുപതി രാംനാട് ഭരിച്ചു.
തന്റെ രണ്ടാം ഭാര്യയുടെ സ്വാധീനത്തില്‍ അവരുടെ മകനായ മകനായ ഭവാനി ശങ്കരനെ രാംനാടിന്റെ അവകാശിയായി രാജാവ് പ്രഖ്യാപിച്ചു. പക്ഷേ നാട്ടിലെ പ്രമാണിമാര്‍ ഈ തീരുമാനത്തിന് എതിരായിരുന്നു. ഇത് മൂര്‍ച്ചിക്കുന്നത് നാടിന് ആപത്താണെന്ന് മനസ്സിലാക്കിയ സേതുപതി തന്റെ പിൻഗാമിയായി ഇളയ മകൻ വിജയ രഘുനാഥ സേതുപതിയെ രാജാവായി പ്രഖ്യാപിച്ചു. അങ്ങിനെ വിജയ രഘുനാഥ് സേതുപതി എട്ടാമത്തെ രാംനാട് രാജാവായി.
മകളായിരുന്ന അഖിലാണ്ഡേശ്വരി നാച്ചിയാരെ നാട്ടുകോട്ട പെരിയ ഉടയ തേവരുടെ മകന്‍ ശശിവര്‍ണ തേവര്‍ക്ക് വിവാഹം ചെയ്തു കൊടുത്തതോടെ രണ്ടു നാട്ടുരാജ്യങ്ങളുടെ ഒരുമയുണ്ടായി. ആയിരം സൈനികരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പിരാന്മലൈ, തിരുപ്പത്തൂർ, ഷോലാപുരം, തിരുപ്പുവനം എന്നീ കോട്ടകളും തൊണ്ടി തുറമുഖത്തിന്റെയും ചുമതല രഘുനാഥ് സേതുപതി വിവാഹ സമ്മാനമായി ശശിവര്‍ണ തേവര്‍ക്കു നല്‍കി. മകളുടെ ഭര്‍ത്താവായ ശശിവര്‍ണതേവരെ പിന്‍ഗാമിയായി വാഴിക്കാനാനും വിജയ രഘുനാഥ് സേതുപതി ആഗ്രഹിച്ചു.
ഭവാനി ശങ്കരന്‍ രാജാവിന്റെ തീരുമാനത്തെ പ്രത്യക്ഷമായി അനുസരിച്ചെങ്കിലും രാംനാടിലെ ഒരു വിഭാഗം പ്രമാണിമാരുടെയും സൈന്യത്തലവന്മാരെയും തന്റെ ഭാഗത്താക്കി. ആഭ്യന്തര കലാപം പുകയുന്ന തിനിടെ തഞ്ചാവൂർ മറാത്ത രാജാവായ സെർഫോജിയുടെയും പുതുക്കോട്ടൈ രാജാവിന്റെയും സഹായവും ഭവാനി ശങ്കരന്‍ നേടിയെടുത്തു. രാംനാടിന്റെ പല ഭാഗത്തും അപ്രതീക്ഷിതമായ ആക്രമണവും കൊള്ളയും കൊള്ളിവയ്പുമായി.
ഈ ആക്രമണത്തില്‍ നിന്ന് നഗരത്തെ പ്രതിരോധിക്കുന്നതിനിടെയാണ് വിജയ രഘുനാഥ സേതുപതിക്ക് പ്ലേഗ് ബാധിക്കുന്നത്. ഇതോടെ ഭവാനി ശങ്കരന്‍ രാം നാടിന്റെ സേനയില്‍ വളരെ വിള്ളലു ണ്ടാക്കി തന്ത്രങ്ങള്‍ പലതും പയറ്റിത്തുടങ്ങി. മരണക്കിടക്കയില്‍ വച്ച് കിളവന്‍ സേതുപതിയുടെ ചെറുമക നായ തണ്ഡ ദേവയെ തന്റെ പിൻഗാമിയായി രാജാവ് പ്രഖ്യാപിച്ചു.
തണ്ഡദേവയെ അംഗീകരിക്കാതിരുന്ന ഭവാനി ശങ്കരന്‍ രോഗക്കിടക്കയിലായ പിതാവ് വിജയ രഘു നാഥ് സേതു പതിയെ കൊട്ടാരത്തില്‍ തന്നെ തടവുകാരനാക്കി സ്വയം രാജാവായി പ്രഖ്യാപിച്ചു. രാം നാടിന്റെ ഭരണം അനിശ്ചിതത്വത്തിലായി. ആരുടെ ആജ്ഞ അനുസരിക്കേണ്ടതെന്നറിയാതെ പടത്തലവ ന്മാരും കാര്യസ്ഥന്‍ മാരും അങ്കലാപ്പിലായി.
ഭവാനി ശങ്കരനെ തുരത്താന്‍ തണ്ഡ ദേവയും തന്ത്രം മെനഞ്ഞു. മധുര നായക് രാജാവിന്റെയും പുതുക്കോട്ടയിലെ രാജാവിന്റെയും പിന്തുണ തേടി തണ്ഡ ദേവ സന്ദേശമയച്ചു. സഖ്യസേനയുടെ ബലത്തില്‍ തണ്ഡ ദേവ ഭവാനി ശങ്കറിനെ എതിരിട്ടു. യുദ്ധത്തില്‍ തോറ്റ് ഭവാനി ശങ്കരന്‍ തഞ്ചാവൂരിലേക്ക് പലായനം ചെയ്തു.
രാം നാടിന്റെ സിംഹാസനത്തിന്മേല്‍ ആര്‍ത്തിപിടിച്ച ഭവാനി ശങ്കരന്‍ തഞ്ചാവൂർ മറാഠാ രാജാവിന്റെ സഹായം തേടി. യുദ്ധത്തിന് സഹായിച്ചാല്‍ പ്രത്യുപകാരമായി രാംനാടിന്റെ ഒരു ഭാഗം തഞ്ചാവൂരിന് നല്‍കാമെന്ന് വാക്കു നല്‍കി. മാസങ്ങള്‍ക്കുള്ളില്‍ വര്‍ധിച്ച ശക്തിയോടെ ഭവാനി ശങ്കരന്‍ തിരിച്ചെത്തി. രാംനാടിന്റെയും, മധുരയുടെയും, പുതുക്കോട്ടൈയുടെയും സൈന്യങ്ങളെ തഞ്ചാവൂര്‍ സൈന്യ ത്തിന്റെ ശക്തികൊണ്ട് ഭവാനി ശങ്കരന്‍ പരാജയപ്പെടുത്തി. പിടിയിലായ തണ്ഡ ദേവയെ അരുകൊല ചെയ്ത് ഭവാനി ശങ്കർ രണ്ടാം തവണയും രാം നാടിന്റെ രാജാവായി.
അഹങ്കാരത്തില്‍ മുങ്ങിപ്പോയ ഭവാനി ശങ്കരന്‍ തന്നെ എതിര്‍ത്തിരുന്ന പ്രമാണിമാരെയെല്ലാം കഠിനമായി ദ്രോഹിച്ചു. സേനാനായകന്മാരെയും മന്ത്രിമാരെയും ഭവാനി ശങ്കരന് വിശ്വാസമില്ലായിരുന്നു. യുദ്ധസഹായത്തിന് പാരിതോഷികമായി തഞ്ചാവൂരിന് നല്‍കാ മെന്നേറ്റ ഭൂമി ഭവാനി ശങ്കരന്‍ പിന്നീട് കൈമാറിയില്ല. ഇതോടെ തഞ്ചാവൂര്‍ രാജാവിന്റെ പിന്തുണയും ഭവാനി ശങ്കരന് നഷ്ടപ്പെട്ടു.
നാട്ടുകോട്ട പെരിയ ഉടയവരായ ശശിവര്‍ണ തേവര്‍ ഭവാനി ശങ്കരനെ തുടക്കം മുതലേ അംഗീകരിച്ചില്ല. വിജയ രഘുനാഥ സേതുപതിയുടെ മകളായ അഖിലാണ്ഡേശ്വരി നാച്ചിയാരെ വിവാഹം ചെയ്ത തനിക്കാണ് രാംനാടിന്റെ അധികാരമെന്ന് ശശിവര്‍ണ തേവരും വാദിച്ചു. പിരാന്മലൈ, തിരുപ്പത്തൂർ, ഷോലാപുരം, തിരുപ്പു വനം എന്നീ കോട്ടകളും തൊണ്ടി തുറമുഖത്തിന്റെയും ചുമതല ലഭിച്ച ശശിവര്‍ണ തേവരും ശക്തനായിരുന്നു.
ശശിവര്‍ണ തേവരെ നേരിടാന്‍ ഭവാനി ശങ്കരന്‍ രാവും പകലും തന്ത്രം മെനഞ്ഞു. നാട്ടു കോട്ടയിലെ പ്രമാണിമാര്‍ക്കെല്ലാം ഭവാനി ശങ്കരന്റെ ഉപഹാരങ്ങളുമായി ദൂതന്മാര്‍ രഹസ്യമായി നീങ്ങിത്തു ടങ്ങി. നാട്ടുകോട്ടയിലെ പ്രമാണിമാര്‍ ഭവാനി ശങ്കരന്റെ കെണിയില്‍ കുടുങ്ങി. പ്രമാണിമാരൊന്നും ശശിവര്‍ണ തേവരെ അനുസരിക്കാതെയായി. തേവരുടെ സൈന്യത്തലവന്മാരെയും ഭവാനിശങ്കരന്‍ വശത്താക്കി. അങ്ങിനെ നാട്ടുകോട്ട പാളയത്തില്‍ തന്നെ ആഭ്യന്തരകലഹമായി. ഇതിനു പിന്തുണമായി സ്വന്തം സേനയെ അയച്ച് ഭവാനി ശങ്കരന്‍ ശശിവര്‍ണ തേവരെ നാട്ടുകോട്ട പാളയത്തില്‍നിന്ന് തുരത്തി.
അധികാരം നഷ്ടപ്പെട്ട് ശശിവര്‍ണ തേവര്‍ക്ക് ജീവന്‍ രക്ഷിക്കാന്‍ പിന്നെ പലായനമേ മാര്‍ഗ മുണ്ടായി രുന്നുള്ളൂ. ആപത് ഘട്ടത്തില്‍ കൂടെയുണ്ടായിരുന്നത് സുന്ദരേശ്വര രഘുനാഥ സേതുപതിയുടെ സഹോദരന്‍ കത്തിയ തേവന്‍ മാത്രം. ഘോരവനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ തഞ്ചാവൂര്‍ മാത്രമായിരുന്നു ലക്ഷ്യം. വിശപ്പും ദാഹവും കൊണ്ട് വലഞ്ഞ് കാട്ടുമൃഗങ്ങളോട് മല്ലടിച്ച് ദിനരാത്രങ്ങള്‍ നീണ്ട യാത്രയില്‍ അവരൊരു നീരുറവ കണ്ടു. മതിയാവോളം വെള്ളം കുടിച്ച് അവരതിന് സമീപം വിശ്രമിച്ചു.
പിന്നയും എഴുന്നേറ്റു നടക്കാന്‍ തുടങ്ങുമ്പോള്‍ അവരൊരു കാഴ്ച കണ്ടു. നീരുറവയ്ക്കരികെ പാറമടയില്‍ ധ്യാനത്തിലിരിക്കുന്ന ഒരു സന്യാസി. അദ്ദേഹം ഉണരാന്‍ കാത്തു നിന്ന് ശശിവര്‍ണതേവരും കുത്തിയ തേവനും തൊഴുകയ്യുകളോടെ കാത്തു നിന്നു. സന്യാസി ധ്യാനത്തില്‍ നിന്ന് കണ്ണു തുറന്ന് അവരെ നോക്കി.
നിങ്ങളെ കണ്ടിട്ട് ക്ഷത്രിയന്മാരാണെന്ന് മനസ്സിലാക്കുന്നു. ഇവിടെ ഈ ശിവഗംഗയുടെ തീരത്ത് ഞാന്‍ സത്തപ്പയ്യ എന്ന സന്യാസി തപം ചെയ്യാന്‍ തുടങ്ങി കാലങ്ങളായി. ഇന്നു വരെ ആരും എന്നെത്തേടി വന്നിട്ടില്ല
ഞാന്‍ രാംനാടിന്റെ രാജാവ് ശശിവര്‍ണ സേതുപതി. കൂടെയുള്ളത് കത്തിയതേവന്‍.
സന്യാസിയോട് ശശിവര്‍ണ സേതുപതി തന്റെ ദുഃഖകഥ പറയാന്‍ തുടങ്ങി.എല്ലാം കേട്ടു കഴിഞ്ഞ് സന്യാസി വീണ്ടും ധ്യാനത്തിലായി. പിന്നെ കണ്ണുതുറന്ന് പറഞ്ഞു.
കൊക്കൊക്ക കൂമ്പും പരുവത്തു മറ്റതൻകുത്തൊക്ക ചീർത്ത വിടത്തു.. നിങ്ങള്‍ തഞ്ചാവൂരിലെ തുള്‍ജി മഹാ രാജാവിനെ ചെന്നു കാണൂ..ധര്‍മിഷ്ഠനാണ് അദ്ദേഹം. പക്ഷേ ഒരു പരീക്ഷയുണ്ട്. തഞ്ചാവൂര്‍രാജാവ് തന്നെ കാണാനെത്തുന്നവരുടെ ശക്തിയറിയാന്‍ ഒരു കടുവയെ സംരക്ഷിച്ചിട്ടുണ്ട്. അതിനെ കീഴടക്കിയാല്‍ തീര്‍ച്ച യായും രാജാവ് നിങ്ങളുടെ മിത്രമാകും. അതിനെ കീഴടക്കാനനുള്ള രഹസ്യ മന്ത്രം ഞാന്‍ പറഞ്ഞു തരാം..
സന്യാസിയെ നമസ്കരിച്ച് ശശിവര്‍ണ സേതുപതിയും കത്തിയതേവനും തഞ്ചാവൂരിലെത്തി. തുള്‍ജി മഹാരാജാവിനെ കണ്ട് കാര്യങ്ങളെല്ലാം പറഞ്ഞ് സഹായമഭ്യര്‍ഥിച്ചു. ചെറുപുഞ്ചിരിയോടെ രാജാവ് എല്ലാം കേട്ടു. അദ്ദേഹം കൊട്ടാരത്തിന്റെ കിഴക്കേ അറ്റത്തേക്ക് നടന്നു.
ഒരു കൂറ്റന്‍ കൂടിനു മുന്നില്‍ രാജാവ് നിന്നു. അതിനുള്ളില്‍ കടിച്ചു കീറാനൊരുങ്ങി ഭീകരരൂപിയായി നില്‍ക്കുന്ന കടുവ. സന്യാസി പറഞ്ഞ കാര്യം ശശിവര്‍ണ തേവരുടെയും കത്തിയതേവന്റെയും മനസ്സിലെത്തി.
ഇതൊരു ബലപരീക്ഷണമാണ്. നിങ്ങള്‍ ബലവാന്മാരാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ സാമ്രാജ്യം തിരിച്ചു പിടിക്കാന്‍ ഞാന്‍ സഹായത്തിനുണ്ടാകും. ഒത്ത ശക്തിയുള്ളവരെ മാത്രമേ തഞ്ചാവൂര്‍ ഒപ്പം നിര്‍ത്താറുള്ളൂ.
കൂട് തുറക്കപ്പെടുകയാണ്. രാജാവ് രണ്ടു പേരെയും കൂട്ടിനുള്ളിലേക്ക് വഴി കാണിച്ചു. കൂറ്റന്‍ കടുവ അവര്‍ക്കു നേരെ പാഞ്ഞടുക്കുകയാണ്. രാജാവും കിങ്കരന്മാരും കൂടിന് നാലു ഭാഗവും പൊയ്ത്ത് കാണാന്‍ തയ്യാറായി നില്‍ക്കുകയാണ്.ശശിവര്‍ണതേവരും കത്തിയതേവനും പരസ്പരം നോക്കി. കടുവ തങ്ങളെ കടിച്ചു കീറുമെന്നുറപ്പായ മുഹൂര്‍ത്തത്തില്‍ സത്തപ്പയ്യ ഉപദേശിച്ച മന്ത്രം രണ്ടു പേരും മനസ്സില്‍ ഉരുവിട്ടു..
രാജാവും പരിചാരകരും അത്ഭുതപ്പെട്ടു. ഇതു വരെയും ആര്‍ക്കും മെരുങ്ങാത്ത കൂറ്റന്‍ കടുവ ഇതാ ഈ യോദ്ധാ ക്കള്‍ക്കു മുന്നില്‍ പൂച്ചക്കുഞ്ഞിനെപ്പോലെ ഉരുമ്മി നില്‍ക്കുന്നു. കാലങ്ങളായി പരിചയമുള്ളവരെന്ന പോലെ യോദ്ധാക്കള്‍ അതിനെ തലോടി ചിരിച്ചു കൊണ്ടു നില്‍ക്കുന്നു.
നിങ്ങള്‍ ചില്ലറക്കാരല്ലെന്ന് മനസ്സിലായി. ഈ കടുവയുടെ പരീക്ഷണത്തില്‍ അധികമാരും വിജയിച്ചിട്ടില്ല. വിജയിച്ചവരാകട്ടെ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കാലയവനിക പൂകിയിട്ടുമുണ്ട്. എനിക്ക് നിങ്ങളുടെ ബലത്തെക്കുറിച്ചുള്ള സംശയം മാറിയിരിക്കുന്നു. തഞ്ചാവൂരിനൊത്ത സൗഹൃദം തന്നെയാണ് നിങ്ങള്‍.
തുള്‍ജി രാജാവ് സഹായിക്കാമെന്നേറ്റു. കൊട്ടാരത്തില്‍ തന്നെ തങ്ങാനും വിശ്രമിക്കാനും താവളം നല്‍കി. ശശിവര്‍ണ സേതുപതിയും കത്തിയതേവനും തഞ്ചാവൂര്‍ സൈന്യത്തിന്റെ ഭാഗമായി. തഞ്ചാവൂരിന്റെ യുദ്ധമുറകള്‍ പഠിപ്പിച്ചു. വാള്‍പ്പയറ്റിലും സിലാംബത്തിലും രാംനാടിന്റെ മുറകള്‍ തഞ്ചാവൂര്‍ സൈന്യത്തെ പരിശീലിപ്പിച്ചു.
തഞ്ചാവൂര്‍ രാജാവിന്റെ സഹായത്തോടെ ശശിവര്‍ണവും കത്തിയതേവനും രാം നാട് തിരിച്ചു പിടിക്കാന്‍ ദൂതന്‍ വഴി ഭവാനി ശങ്കരനോട് യുദ്ധ പ്രഖ്യാപനം നടത്തി. ഒരിക്കല്‍ തുരത്തിയവര്‍ വീണ്ടും വന്ന് വെല്ലുവിളി ക്കുന്നതിനെ ഭവാനി ശങ്കരന്‍ ഗൗനിച്ചതേയില്ല. ഒരു ചെറുപടയെ നേരിടാന്‍ വലിയ സന്നാഹമൊന്നും ആവശ്യമില്ലെന്ന ബലത്തില്‍ സേനയെ നേരിട്ടു നയിച്ച് ഭവാനി ശങ്കരനും യുദ്ധത്തിനെത്തി. ഒറയൂര്‍ വച്ചുണ്ടായ യുദ്ധത്തില്‍ കാലം തിരിച്ചായിരുന്നു. തഞ്ചാവൂര്‍ സൈന്യത്തിന്റെ മുറകളില്‍ ഭവാനിശങ്കരന് പിടിച്ചു നില്‍ക്കാനായില്ല. യുദ്ധം തോറ്റ് കാടുകയറാനോടിയ ഭവാനി ശങ്കരനെ തഞ്ചാവൂര്‍ സൈന്യം തുരത്തി. ഒരിക്കല്‍ നഷ്ടപ്പെട്ട രാംനാട് കോട്ട തിരികെപ്പിടിച്ച് ശശിവര്‍ണ തേവര്‍ രാമ്‌നാടിന്റെ പത്താമത്തെ രാജാവായി. തനിക്ക് ഉപദേശം നല്‍കിയ സത്തപ്പയ്യക്ക് ശശിവര്‍ണ തേവര്‍ പര്‍ണശാല തന്നെ കെട്ടിക്കൊടുത്ത് രാജ ഗുരുവാക്കി. യുദ്ധസഹായത്തിന് പ്രത്യുപകാരമായി പാമ്പാർ നദി വരെയുള്ള രാംനാട് രാജ്യത്തിന്റെ വടക്കന്‍ പ്രദേശം അറന്തങ്കിയായി തഞ്ചാവൂര്‍ രാജാവിന് സമ്മാനിച്ചു.
ആപത്തില്‍ തന്നെ സഹായിച്ച കത്തിയതേവനെ സേതുപതി മറന്നില്ല. കൊട്ടാരത്തില്‍ രാജാവി നൊത്ത സ്ഥാനം നല്‍കി ശശിവര്‍ണതേവര്‍ കത്തിയ തേവനെ ഒപ്പം നിര്‍ത്തി. തന്റെ കാലശേഷം രാം നാടിന്റെ കിരീടം കത്തിയതേവനായിരിക്കുമെന്ന് രാജാവ് പ്രഖ്യാപിച്ചു.
ഇരുപത് കൊല്ലം രാമ്‌നാട് ഭരിച്ച് ജനങ്ങളുടെ പ്രീതിനേടിയ സേതുപതിക്ക് വാര്‍ധക്യമായി തുടങ്ങി. രാജ്യഭരണത്തിന് കഴിയാതിരുന്ന അവസരത്തില്‍ രാംനാടിന്റെ പതിനൊന്നാം രാജാവായി കത്തിയ തേവനെ സേതുപതി വാഴിച്ചു. പക്ഷേ സേതുപതിയെ ദൈവം പോലെ കൊണ്ടു നടന്ന കത്തിയ തേവന്‍ സേതുപതി ഭരണത്തില്‍ ഒപ്പമുണ്ടാകണമെന്ന് ശഠിച്ചു. അതിനായി മധുര തൊട്ട് രാമേശ്വരം വരെ നീണ്ടുകിടന്ന രാമ്‌നാടിനെ കത്തിയ തേവന്‍ അഞ്ചായി വിഭജിച്ചുള്ള ഒരു തന്ത്രം രാജാവിന് മുന്നിലവതരിപ്പിച്ചു. മൂന്നു ഭാഗ മടങ്ങുന്ന രാമനാഥപുരം കത്തിയതേവനും രണ്ടു ഭാഗമടങ്ങുന്ന ശിവഗംഗ ശശിവര്‍ണ തേവര്‍ക്കും നല്‍കി. രാജാ മുത്തു വിജയ രഘുനാഥ പെരിയ ഉടയതേവര്‍ എന്ന സ്ഥാനം നല്‍കി ശശിവര്‍ണതേവരെ കുത്തിയതേവന്‍ ആദരിച്ചു. രാമനാഥപുരം വലിയ സേതു നാടും രാമനാഥ് സീമൈയും ആയി മാറി. ശശിവര്‍ണ തേവരുടെ രാജ്യം ചെറിയ സേതുനാടും ശിവഗംഗ സീമൈയും ആയി .
ശിവഗംഗയെന്ന നാട്ടുകോട്ട അങ്ങിനെ സ്വതന്ത്രമായ രാജ്യമായി. ശിവഗംഗയില്‍നിന്ന് തെല്ലകലെ യുള്ള ചോളപുരത്തായിരുന്നു അന്ന് രാജകൊട്ടാരം . ശശിവര്‍ണ തേവരുടെ മരണശേഷമാണ് ഏക മകന്‍ മുത്തു വടുക നാഥ പെരിയ ഉടയ തേവര്‍ ശിവഗംഗയുടെ രണ്ടാമത്തെ രാജാവാകുന്നത്.
രാമനാഥപുരവും കിലക്കരൈയും, പരമക്കുടിയും, രാമേശ്വരവും, ഭരിച്ച കുത്തിയതേവന്റെ പിന്‍മുറക്കാ രായ രാമനാഥപുരം രാജാക്കന്മാര്‍. സദൈക്ക തേവർ സേതുപതിയില്‍ തുടങ്ങിയില്‍ പല സേതുപതിമാര്‍ രാമനാഥപുരം വാണു. ആ കണ്ണിയിലെ രാജ ചെല്ലമുത്തു സേതുപതിയുടെയും, റാണി സാകന്ധി മുത്തലി യുടെയും ഏക മകളായി വേലു നച്ചിയാരെന്ന താനും. കുടുംബത്തിൽ ആൺ പിന്തുടർച്ചാവകാശി ഇല്ലാതി രുന്നതിനാൽ, രാജകുമാരനെപ്പോലെ വളര്‍ത്തപ്പെട്ടവള്‍.
ആണ്‍കുട്ടികളെപ്പോലെ ആയോധനകലകളും സിലാംബവുമായിരുന്നല്ലോ ബാല്യം മുതല്‍ക്ക് തന്റെ അഭ്യാസം. രാമനാഥപുരം കുതിരപ്പടയുടെ കമാൻഡറായിരുന്നു മൊക്കൈ പളനിയില്‍ നിന്നും കുതിര സവാരിയും വശത്താക്കി. കൗമാരം കടക്കും മുമ്പുതന്നെ ആയുധങ്ങളും മുറകളുമെല്ലാം ഉറച്ചു. സേതുപതിയുടെ യുദ്ധതന്ത്രങ്ങളും, രാജഭരണതന്ത്രങ്ങളും കണ്ടു വളര്‍ന്ന തന്നിലായിരുന്നല്ലോ രാജാവ് അടുത്ത ഭരണാധികാ രിയെ കണ്ടിരുന്നതും. തമിഴിനൊപ്പം കൊട്ടാരത്തിലെത്തിയ ഫ്രഞ്ച് പാതിരി ജോസ്ഡിപ്രേയെ ഏര്‍പ്പാടാ ക്കില രാജാവ് ഫ്രഞ്ച് ഭാഷയും പഠിപ്പിച്ചു. പല പണ്ഡിതരില്‍ നിന്ന് ഇംഗ്ലീഷും, ഉറുദുവും വരെ പഠിച്ചെടുക്കു മ്പോള്‍ താന്‍ ബുദ്ധിയുടെ നിറ കുടമായി തീര്‍ന്നവളെന്ന് ചെല്ലമുത്തു സേതുപതി പറയുമായിരുന്നു. പാട്ടുപാട്ടും, എട്ടുതോഗൈയും, ചിലപ്പതികാരവും, മണിമേഗലൈയും, സീവഗ സിന്താമണിയും, കുന്ദലഗേശിയും, വളയ പതിയും മനപാഠമാക്കിയ നാളുകള്‍. മകളെ അനുരൂപനായ ഒരു രാജകുമാരനു തന്ന വിവാഹം കഴിപ്പിക്കണ മെന്ന് ഏതൊരു പിതാവിനെപ്പോലെ സേതു പതി സ്വപ്നം കണ്ടിരിക്കണം . സമീപ നാട്ടുരാജ്യങ്ങില്‍ നിന്നെല്ലാം വിവാഹാവശ്യമവുമായി ദുതന്മാര്‍ സേതുപതിയെ സമീപിച്ചിരുന്ന കാലം.
സിലാംബം പഠിച്ചിറങ്ങിയവര്‍ക്കായി രാജാവ് മഹാപരീക്ഷ വച്ചു. ദണ്ഡുകളുമായി പോരാളികളെല്ലാം തയ്യാറായി. രണ്ടു ദിവസം നീണ്ട അഭ്യാസ പ്രകടനങ്ങള്‍. എല്ലാവരെയും തോല്‍പ്പിച്ച തനിക്ക് അവസാനം ഗുരുവുമായി അങ്കത്തിനിറങ്ങാനായി രാജാവിന്റെ കല്പന. യുദ്ധമുഖത്ത് ബന്ധങ്ങളില്ലെന്നാണ് പ്രമാണം. ഗുരു വിനെ അടിയറവു പറയിപ്പിച്ച് വിജയിയായപ്പോഴും താന്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീണ് അനുഗ്രഹം തേടിയത് ഇന്നലെ കഴിഞ്ഞപോലെ.
സവാരിക്ക് തനിക്കൊരു കുതിരയെ സ്വന്തമായി വേണമെന്ന് ആഗ്രഹമുണര്‍ത്തിച്ചപ്പോള്‍ രാജാവ് എത്തിച്ചത് മധുരയില്‍ നിന്ന് ആര്‍ക്കും മെരുങ്ങാത്തൊരു കൂറ്റന്‍ കുതിരയെ. കൊട്ടാരത്തിലെ കുതിരപ്പടയാ ളികള്‍ പോലും അതിന്റെ മുകളില്‍ കയറാനുള്ള ശ്രമത്തില്‍ തോറ്റുപോയി. അതിനെ തലോടി അനുനയിപ്പിച്ച് പുറത്തു കയറിയെ തന്നെയും കൊണ്ട് അത് കുതിച്ചത് കാട്ടിലേക്കായിരുന്നു. തന്നെ കുടഞ്ഞെറിയാന്‍ അത് സര്‍വ അടവുകളുമെടുത്തു. പിടിവിടാതെ നിയന്ത്രിച്ച തന്നെ ഒടുവിലതിന് അനുസരിക്കേണ്ടി വന്നു. കാട്ടില്‍ നിന്ന് താന്‍ തെളിച്ച വഴിയേ അത് കൊട്ടാരത്തിലേക്ക് തിരിച്ചോടി.
ശിവഗംഗ രാജാവായ ശശിവർണ പെരിയ ഉദയയുടെ മകൻ മുത്തു വടുകനാഥ ഉദയതേവറുമായി വിവാഹമുറപ്പിക്കുമ്പോള്‍ തനിക്ക് വയസ്സ് പതിനാറ്. തൊണ്ടി തുറമുഖത്തിന്റെയും ധനുഷ്കോടിയുടെയും കാവൽ ക്കാരൻ, ചെമ്പ് വളനാടൻ, വണ്ണി നഗരാതിപൻ എന്നൊക്കെ മുത്തു വഡുഗനാഥനെക്കുറിച്ചുള്ള അപദാനങ്ങള്‍ നേരത്തെയേ കേട്ടിരുന്നു.
ഒരേ വംശാവലിയിലെ രണ്ടു രാജ്യങ്ങളുടെ കൂടിച്ചേരല്‍ കുടുംബ ബന്ധത്തിലപ്പുറം രാജ്യതന്ത്രം കൂടിയാണ്. രാമനാഥപുരം വിട്ട് അങ്ങിനെ ശിവഗംഗയുടെ റാണി യായി. എല്ലാ കാര്യത്തിലും തന്റെ അഭിപ്രായമാരാഞ്ഞ മുത്തു വടുകനാഥന്‍ സ്നേഹനിധിയായ ഭര്‍ത്താവായി. വിവാഹത്തിന്റെ അടുത്ത നാളുകളില്‍ കുറ്റാലം വെള്ളച്ചാട്ട ത്തിലേക്ക് യാത്ര പോയത് മറക്കാനാവാത്തതാണ്.
നിബിഡ വനത്തില്‍ വിശ്രമിക്കുന്നതിനിടെ പച്ചപ്പിനുള്ളില്‍ നിന്ന് മുത്തു വഡുക നാഥനു നേരെ കടുവ ചാടി വീണു. ആ നിമിഷം തന്നെ അതു കണ്ടതുകൊണ്ട് തേവര്‍ക്കു നേരെ ചാടിയ കടുവയുടെ വാലില്‍ പിടിച്ച് തനിക്ക് വട്ടം കറക്കാനായി. തേവരെ വിട്ട് അത് തനിക്കു നേരെയായി. രാമനാഥപുരം കളരിയിലെ മെയ് പയറ്റുകള്‍ ഒാര്‍മ വന്നു. മുന്നിലെ ശത്രു മനുഷ്യനായാലും മൃഗമായാലും മുറയൊന്നു തന്നെ. കീഴടക്കുക അതൊന്നു മാത്രം. തനിക്ക് കഠിനമായി പരുക്കേറ്റെങ്കിലും വാരിയെല്ലിന്‍ കൂട് തകര്‍ന്ന കടുവ ചത്തു വീണു.
രാമനാഥപുരത്തിലെ രാജകുമാരി വെറും കയ്യോടെ കടുവയോട് മല്ലിട്ട് ജയിച്ചത് തേവര്‍ക്കും അത്ഭുതമായി. റാണി തേവരുടെ ജീവന്‍ രക്ഷിച്ച കഥ നാട്ടിലെങ്ങും പരന്നു, രാംനാഥപുരത്തു നിന്ന് താനഭ്യ സിച്ച വിദ്യകളെല്ലാം ശിവഗംഗ സേനയ്ക്ക് പരിശീലനം നല്‍കാന്‍ മുത്തു വടുക നാഥന്റെ സ്നേഹശാസനം കൂടി യായപ്പോള്‍ സൈനിക കാര്യങ്ങളില്‍ കൂടി ഇടപെടേണ്ടി വന്നു. സേനയിലെ രണ്ടായിരം സൈനികരെ പ്രത്യേകം വ്യൂഹമാക്കി അവരെ പരിശീലിപ്പിക്കാനും നയിക്കാനും തേവര്‍ തനിക്ക് ചുമതല നല്‍കി. ശിവഗംഗ യിലേക്കെത്തുന്ന പരദേശികളായ വ്യാപാരികളോടും ദൂതന്മാരോടും സംസാരിക്കുവാന്‍ രാജാവ് തന്നെ നിയോ ഗിച്ചു തുടങ്ങി. ഇംഗ്ലീഷും, ഉറുദുവും ഫ്രഞ്ചും പഠിച്ചതെല്ലാം ശിവഗംഗയുടെ ഭരണത്തിന്റെ ഭാഗമായതില്‍ തനിക്കും സന്തോഷമായിരുന്നു.തനിക്ക് പിതാവിനെപ്പോലെ ഉപദേശങ്ങള്‍ തന്ന് തേവരുടെ മന്ത്രി താണ്ഡവ രായന്‍ തന്നോടൊപ്പം നിന്നു. ശിവഗംഗയുടെ പടത്തലവന്മാരായിരുന്ന പെരിയമരുതും ചിന്ന മരുതും തനിക്ക് സുഹൃത്തുക്കളെപ്പോലെയായിരുന്നു. അടവുകള്‍ പരസ്പരം കൈമാറി പോരാളികള്‍ തമ്മിലുള്ള കൂട്ടുകെട്ടായിരുന്നു അത്.
ശിവഗംഗയിലും സുരക്ഷിതത്വത്തിന് പുതിയ ഭീഷണികള്‍ ഉണ്ടായിക്കൊണ്ടിരുന്ന അവസരത്തില്‍ സ്ത്രീ കളുടെ ഒരു സേനയുണ്ടാക്കുക എന്ന ആശയം തേവര്‍ക്കും ബോധിക്കുന്നതായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷം കഴിഞ്ഞ് വെള്ളച്ചിയുടെ ജനനം.
ക്യാപ്റ്റൻ കോപ്പിന്റെ നേതൃത്വത്തിൽ വെള്ളക്കാര്‍ മധുര രാജാവ് വിജയകുമാര നായ്ക്കിനെ ആക്രമിച്ച കാലം. മധുര രാജാവ് ശിവഗംഗ രാജാവിനോട് സഹായം ചോദിച്ചു. ശിവഗംഗയുടെ സഖ്യ രാജ്യ മായ മധുരയെ സഹായിക്കാന്‍ ശിവഗംഗ സൈന്യവും പുറപ്പെട്ടു. രാജാവിനൊപ്പം സേനയെ നയിച്ച് കുതിര പ്പുറത്തു നീങ്ങുമ്പോള്‍ രാമനാഥപുരം കോട്ടമുറ്റത്തു നിന്ന് പഠിച്ചെടുത്ത ഒാരോ അടവുകളും ഉള്ളില്‍ നിറഞ്ഞു.
മധുരയിലെ ബ്രിട്ടീഷ് പാളയം ശിവഗംഗ സേന ആക്രമിച്ചു. വാള്‍പ്പയറ്റിലും ദണ്ഡയിലും ഇംഗ്ലീഷ് സൈനികര്‍ വീണു തുടങ്ങി. ശിവഗംഗയുടെ വേലുകള്‍ ബ്രിട്ടീഷ് കുതിരകളെ നിലം പറ്റിച്ചു. വളരികള്‍ വായു വില്‍ പാഞ്ഞ് ശത്രുവിന്റെ ചോരയില്‍ കുളിച്ച് തിരിച്ച് കൈകളിലെത്തി. ഒതുങ്ങിയും മാറിയുമുള്ള മരുതുകളുടെ തന്ത്രത്തില്‍ ക്യാപ്റ്റൻ കോപ്പിനും സൈന്യത്തിനും പിടിച്ചു നില്‍ക്കാനായില്ല.
വിജയകുമാര നായ്ക്കിനെ മധുരയിലെ രാജാവായി വീണ്ടും നിയമിച്ച് മുത്തുവടുകനാഥന്‍ പകരം വീട്ടി. ഈ വിജയം നേട്ടത്തെക്കാളേറെ ശത്രുതകളുണ്ടാക്കി. ബ്രീട്ടീഷ് കമ്പിനിയും ആര്‍ക്കോട്ടു നവാബൂം ഒരു പോലെ ശിവഗംഗയെ ശത്രുക്കളായി പ്രഖ്യാപിച്ചു. യുദ്ധം കഴിഞ്ഞ് കൊട്ടാരത്തില്‍ തിരിച്ചെത്തിയതിനു പിറകേയാണ് തേവര്‍ തന്നെ പട്ടമഹിഷിയായി പ്രഖ്യാപിച്ചതും.
ആര്‍ക്കോട്ട് നവാബ് മുഹമ്മദ് അലി ഖാന്‍ വല്ലാജിന്റെ യുദ്ധക്കൊതി ശിവഗംഗക്കു നേരെയായി. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പിന്‍ബലത്തില്‍, തന്റെ പൂര്‍വ നവാബുമാര്‍ക്ക് നഷ്ടപ്പെട്ട ചില പ്രദേശങ്ങള്‍ തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്താല്‍ നാട്ടുരാജ്യങ്ങള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിച്ചു വന്ന വല്ലാജ വെള്ളക്കാരെ പിന്തുണച്ചു. ഈ യുദ്ധഭീഷണികള്‍ക്കിടയാണ് വെള്ളച്ചിയുടെ വളര്‍ച്ചയെല്ലാം.
അക്കാലത്താണ് ഡച്ചുകാര്‍ ശിവഗംഗയില്‍ ഒരു പാണ്ടികശാല കെട്ടാന്‍ ആവശ്യവുമായി എത്തു ന്നത്. മന്ത്രിയായ താണ്ഡവരായ പിള്ളയുടെ ഉപേദേശത്തില്‍ തേവര്‍ ഡച്ചുകാര്‍ക്ക് സൗകര്യം നല്‍കിയതു മുതല്‍ക്കാണല്ലോ പ്രശ്നങ്ങള്‍ കൊടുമ്പിരിക്കൊള്ളുന്നത്. ഡച്ചുകാര്‍ താവളമുറപ്പിച്ചത് ഇംഗ്ലീഷുകാര്‍ക്ക് ഇഷ്ട മായില്ല.
ഡച്ചുകാരുമായുള്ള വ്യാപാര ബന്ധം ഒഴിയണമെന്നും ബ്രിട്ടീഷുകാരെ അനുസരിച്ചു കപ്പം നല്‍കി ക്കൊള്ളണമെന്നും ആര്‍ക്കോട്ട് നവാബിന്റെ ദൂതന്‍ കൊട്ടാരത്തിലെത്തി മുത്തു വഡുകനാഥനെ അറിയിച്ചു.
കപ്പമോ? ആർ ആർക്കുവേണ്ടി ? ആരാണവന്‍ ? ആര്‍ക്കോട്ട് നവാബല്ല നമ്മുടെ രാഷ്ട്രത്തിന്റെ രാജാവ്. ഇത് ശിവഗംഗയാണ്. പിടിച്ചുപറിയുടെ പേരിൽ ഒരു പൈസ പോലും ശിവഗംഗയില്‍ നിന്നു പ്രതീക്ഷക്കേണ്ടതില്ല .
തേവര്‍ നവാബിനെ അപമാനിക്കുകയാണോ? ഉടൻ കപ്പം നൽകുക. അല്ലാത്തപക്ഷം തേവര്‍ക്ക് ശിവഗംഗ ഭരിക്കാൻ കഴിയില്ല.ഡച്ചുകാരുമായുള്ള ബന്ധം നവാബിനും കമ്പിനിക്കും അംഗീകരിക്കാനാവുന്നതല്ല. കമ്പിനി ക്കാണ് ഈ പ്രദേശങ്ങളുടെ നിയന്ത്രണം. വ്യാപാരം കമ്പിനിയോടു മാത്രമേ നടത്താവു. അനുസരിച്ചില്ലെങ്കില്‍ താങ്കള്‍ക്ക് വലിയ വിലകൊടുക്കേണ്ടി വരും
ഡച്ചുകാരുമായി ശിവഗംഗയ്ക്കുള്ളത് വ്യാപാര ബന്ധം. അവരിങ്ങോട്ടാണ് കപ്പം തരുന്നത്. നിങ്ങളോ ആര്‍ത്തി പ്പിടിച്ച ചെന്നായ്കക്കള്‍. കപ്പം പോയിട്ട് ശിവഗംഗയില്‍ കാലുകുത്താന്‍ പോലും നിങ്ങളെ അനുവദിക്കാന്‍ പോകുന്നില്ല.
താങ്കളുടെ തോഴനായിരുന്ന പുലിത്തേവരുടെ അവസ്ഥ അറിയാമല്ലോ. അത് ആവര്‍ത്തിക്കേണ്ടെങ്കില്‍ നവാബിന് കപ്പം നല്‍കുകയായിരിക്കും നല്ലത്..
കപ്പം എന്നൊരു വാക്ക് എന്റെ ജീവിതത്തിലില്ല. ധൈര്യമുണ്ടെങ്കിൽ നവാബിനോട് മുഖാമുഖം യുദ്ധത്തിന് വരാനറിയിക്കൂ. നവാബിന്റെ ആര്‍ത്തിയൊതുക്കാന്‍ ശിവഗംഗ തയ്യാറാണ്.
വാസുദേവനെല്ലൂർ കോട്ടയും നെൽ കെട്ടും സേവലും ഭരിച്ച പുലി തേവരുടെ പതനം മുത്തു വഡുകനാഥനെയും നിരാശനാക്കിയിരുന്നു. ആര്‍ക്കോട്ട് നവാബിന് കിസ്തി കൊടുക്കാതെ പുലി തേവരും എതിര്‍ത്തു നിന്നു. അവസാനത്തെ യുദ്ധത്തില്‍ കോട്ടകൾ ഒന്നൊന്നായി നഷ്ടപ്പെട്ട തേവര്‍ അവർ കാട്ടി ലേക്ക് പലായനം ചെയ്തു. കാട്ടില്‍ വച്ച് മരുതനായകത്തിന്റെ സൈന്യം പുലിത്തേവരെ പിടികൂടി തൂക്കി ക്കൊല്ലാനായി കലുഗമലയിലേക്ക് കൊണ്ടു പോയി. കൊല്ലപ്പെടും മുമ്പ് പാർവതി ശ്രീകോവിലിൽ അവസാ നമായി പ്രാർത്ഥിക്കണമെന്ന് പുലി തേവര്‍ മരുതനായകത്തോട് കെഞ്ചി. ആവശ്യം അംഗീകരിക്കപ്പെട്ടു. പട്ടാളം വളഞ്ഞ ശ്രീകോവിലിൽ പുലി തേവര്‍ ഒറ്റയ്ക്ക് കയറി. കോവിലില്‍ നിന്ന് ഉച്ചത്തില്‍ ദേവീ സ്തുതി ഉയര്‍ന്നു. അതിന്നൊടുക്കം കൈ വിലങ്ങുകളും കാല്‍ച്ചങ്ങലകളും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് കോവി ലേക്ക് കയറിയ പട്ടാളം അമ്പരന്നു പോയി. അവിടെ വെറും വിലങ്ങുകളും ചങ്ങലകളും മാത്രം. എല്ലാവരുടെയും കണ്ണു വെട്ടിച്ച് പുലി തേവര്‍ അപ്രത്യക്ഷനായിരുന്നു. പക്ഷേ പുലി തേവര്‍ പിന്നീട് എവിടെയും പ്രത്യക്ഷപ്പെട്ടില്ല. തന്റെ സഖ്യരാജ്യമായിരുന്ന പുലി തേവരുടെ പതനം മുത്തു വഡുക നാഥനും വലിയ നഷ്ടമായിരുന്നു.
മുത്തു വഡുക നാഥ തേവര്‍ ദൂതനെ അനിഷ്ടം പ്രകടിപ്പിച്ച് തിരിച്ചയക്കുമ്പോള്‍ തന്നെ ഒരു യുദ്ധത്തിനുള്ള സാധ്യത താന്‍ രാജാവിനെ ഒാര്‍മിപ്പിച്ചിരുന്നതാണ്. വൈകാതെ അത് സംഭവിക്കുകയായിരുന്നു, ഇംഗ്ലീഷ് സൈന്യവും നവാബും ചേര്‍ന്ന ശിവഗംഗ ആക്രമിക്കുമ്പോള്‍ രാജാവ് കാളിയാര്‍ കോവിലില്‍ ദര്‍ശനത്തിന് പോയിരിക്കുകയായിരുന്നു. പട്ടാളം ക്ഷേത്രം വളഞ്ഞ വാര്‍ത്തയറിയുമ്പോളും പെരിയ മരുതും, ചിന്ന മരുതും സേനാനായകരായി ഉള്ളപ്പോള്‍ ശിവഗംഗയ്ക്ക് ഭയപ്പാടുണ്ടായിരുന്നില്ല. ശത്രുസൈന്യം ശിവഗംഗ കൊള്ളയടി ക്കുന്നതറിഞ്ഞ് യുദ്ധമുഖത്തേക്കു് പുറപ്പെടാന്‍ സൈന്യത്തിന് ഉത്തരവു കൊടുത്ത് പടച്ചട്ടയണിയുമ്പോള്‍ ഒന്നേ മനസ്സിലുണ്ടായിരുന്നുള്ളൂ. ശത്രുവിന് ഒരിക്കലും ശിവഗംഗ കീഴടങ്ങ രുത്.
കൊട്ടാരത്തിനുള്ളിലെ രാജരാജേശ്വരി അമ്മന്‍ കോവിലില്‍ ഭൂമിക്കടിയിലെ ആയുധപ്പുരയിലേക്ക് സൈനികര്‍ ഇരച്ചെത്തി ആയുധങ്ങളുമായി കാടു കയറി. കാട്ടിന്നുള്ളില്‍ നിന്ന് കടുന്നലുകള്‍ പോലെ മൂളിയെത്തി മരുതു കളുടെ ഒളിപ്പോരാളികള്‍ ബ്രിട്ടീഷുകാരെ വിറപ്പിച്ചു. അപ്പോഴാണ് രാജാവും യുദ്ധരംഗത്തേക്കെത്തുന്നത്.
വീരവേല്‍ വെറ്റിവേലെന്ന മരുതുകളുടെ യുദ്ധനാദത്തില്‍ ശിവഗംഗ ശക്തമായി തിരിച്ചടിച്ചു. കീഴ്പ്പ്പെടുത്തിയ സ്ഥലത്തുനിന്നെല്ലാം ബ്രിട്ടീഷ് പടയ്ക്ക് പിന്‍മാറേണ്ടി വന്നു. ശത്രുവിനെ തുരത്തിയ സന്തോഷത്തില്‍ മുത്തു വടുക നാഥ കൊട്ടാരത്തിലേക്ക് മടങ്ങി.
അതേ സമയം മറ്റൊരു തന്ത്രത്തിലായിരുന്നു കമ്പിനി. അവര്‍ രാമനാഥപുരത്തേക്ക് ആക്രമണം മാറ്റി. രാമനാഥപുരം ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തതായി ചാരന്മാര്‍ ശിവഗംഗയിലറിയിച്ചു. ബ്രിട്ടീഷ് ക്യാപ്റ്റന്‍ മാർട്ടിനെസ് രാമനാഥപുരം കോട്ട ഏറ്റെടുത്തു. ഇത് ശിവഗംഗയുടെ സേനാനായകനായ മല്ലാരി രായപ്പന്റെ ചതിയായിരുന്നു. മുത്തു വടുക നാഥന്‍ മന്ത്രിസ്ഥാനം നല്‍കാത്തതിന്റെ പകയിലാണ് ശിവഗംഗയുടെ വംശ രാജ്യമായ രാമനാഥപുരം ആക്രമണത്തിനിരയായത്. ഭര്‍ത്താവിന്റെ വിജയത്തിന് ഭാര്യയുടെ ജന്മരാജ്യം ആക്രമിച്ചുള്ള തിരിച്ചടി.
അതു വരെ അടയ്ക്കാത്ത കപ്പം ഉടന്‍ നൽകാനും ശിവഗംഗ ഒഴിഞ്ഞ് രാമനാഥപുരം കുടക്കുളിയിലേക്ക് മാറണ മെന്നും കാണിച്ച് വീണ്ടും ബ്രിട്ടീഷ് കമ്പിനിയുടെ ദൂതന്‍ ശിവഗംഗയിലെത്തി.
കൂട്ടിലിരിക്കുന്ന സിംഹത്തോട് ധീരമായി സംസാരിക്കുന്ന വിഡ്ഢി, നിങ്ങളുടെ വെള്ളപ്പടയെ വീഴ്ത്താൻ എന്റെ കൈകൾ തന്നെ ധാരാളം .ശിവഗംഗയില്‍ നിന്നും മധുരയില്‍ നിന്നും രാമനാഥപുരത്തു നിന്നും എന്നെന്നേ ക്കുമായി ഒഴിയേണ്ടത് നിങ്ങളാണ്. ഞങ്ങള്‍ ഈ മണ്ണില്‍ ജനിച്ചു വളര്‍ന്നവരാണ്. നിങ്ങള്‍ക്ക് കപ്പം നല്‍കേണ്ട കാര്യം ശിവഗംഗയ്ക്കില്ല, കമ്പിനിയോട് യുദ്ധത്തിന് ശിവഗംഗത്തിന് തയ്യാറാണ്.
ബ്രിട്ടീഷ് ദൂതന്‍ തലകുമ്പിട്ട് തിരിച്ചു പോകുമ്പോള്‍ മുത്തു വടുക നാഥന്‍ അഭിമാനമുയര്‍ത്തി നിന്നു.
രാമനാഥപുരം ആക്രമിച്ച് തിരിച്ചു പിടിക്കാന്‍ സേതുപതിക്ക് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. ജനിച്ച നാട് തിരിച്ചുപിടിക്കേണ്ടത് തന്റെയും ആവശ്യമായിരുന്നു. വെടിക്കോപ്പുകള്‍ കൊണ്ട് കരുത്തരായ ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്യാന്‍ അതിനൊത്ത ആയുധവും ബന്ധുബലവും വേണം. കച്ചവടത്താവളം അനു വദിച്ചു നല്‍കിയതുകൊണ്ട് പറങ്കികളുമായുള്ള സൗഹൃദത്താല്‍ സഹായം ചോദിച്ച് തേവരുടെ ദൂതന്‍ പറങ്കി പ്പാളയത്തിലേക്ക് കുതിച്ചു. ശത്രുവിന്റെ ശത്രു മിത്രമാണെന്നാണ് രാജതന്ത്രം. രാമനാഥപുരം ആക്രമിച്ചു തിരിച്ചു പിടിക്കാന്‍ പറങ്കിപ്പടയുടെ സഹായം ലഭിക്കുമെന്ന സന്ദേശം എത്തുന്നതിന് പിറകേയാണ് ബ്രിട്ടീഷുകാരുടെ ദൂതന്‍ വീണ്ടുമെത്തുന്നത്.
ഇനി ശിവഗംഗയോട് കമ്പിനി യുദ്ധം ചെയ്യില്ലെന്നും രാമനാഥപുരത്തുനിന്ന് നിരുപാധികം പിന്‍വലിഞ്ഞോ ളാമെന്നുമുള്ള സന്ദേശത്തിലെ ചതി മനസ്സിലാക്കാന്‍ തനിക്കുമായില്ല. കമ്പിനിയാളരുടെ തലവന്‍ ജോസഫ് സ്മിത്ത് നേരിട്ടെത്തി മന്ത്രി താണ്ഡവരായനോട് സമാധാന ചര്‍ച്ചകൂടി നടത്തിയപ്പോള്‍ അത് സത്യമാണെന്ന് വടുക നാഥനും വിശ്വസിച്ചു.
യുദ്ധഭീതി ഒഴിവായതോടെ തനിക്കുവേണ്ടി ഇതുവരെ കൂടെനിന്ന് പോരാടി മരിച്ച സൈനികർക്ക് പുലര്‍ച്ചെ ബലിയര്‍പ്പിച്ച് പ്രാര്‍ഥിക്കാന്‍ രാജാവ് രാത്രിയില്‍ കാളിയാർ കോവിലിലേക്ക് പുറപ്പെട്ടു. രാജാവിന്റെ നീക്ക ങ്ങള്‍ കൃത്യമായി അറിയിക്കാന്‍ കൊട്ടാരത്തില്‍ തന്നെ മല്ലാരി രായപ്പന്റെ സഹായികളായ ചാരന്മാരുള്ളതും തിരിച്ചറിയാനായില്ല. കാളിയാര്‍ കോവിലേക്ക് സേതുപതിമാരുടെ സന്ദര്‍ശനം നൂറ്റാണ്ടുകളായി തുടരുന്ന താണ്. സേനയോ, അനുചരന്മാരോ പോലും ഇല്ലാതെയുള്ള ഈ സമയം തന്നെ കമ്പിനിയാളര്‍ ആക്രമണ ത്തിനു വേണ്ടി തിരഞ്ഞെടുക്കുകയായിരുന്നു.
കമ്പിനിപ്പട രണ്ടായി വിഭജിക്കപ്പെട്ടു. കിഴക്ക് നിന്ന് ജോസഫ് സ്മിത്തും പടിഞ്ഞാറ് നിന്ന് ബെൻജോറും ആര്‍ക്കോട്ട് നവാബിന്റെ സേനയോടൊപ്പം ശിവഗംഗയെ ആക്രമിച്ചു. ബെൻജോറിന്റെ ബ്രിട്ടീഷ് സേന കാളിയാർ കോവിലിലേക്ക് നീങ്ങിയെന്നറിപ്പോള്‍ ക്ഷേത്രത്തിൽ നിരായുധനായി നില്‍ക്കുന്ന തേവരെ ക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. ഭയപ്പെട്ടിരുന്നതു തന്നെ സംഭവിച്ചു. പ്രാര്‍ഥിച്ചു നിന്ന തേവരെ രക്ഷിക്കാന്‍ കാളീശ്വരനു പോലുമായില്ല . ഉടവാളില്‍ കൈ വയ്ക്കാന്‍ പോലും തേവര്‍ക്കു സമയം കിട്ടിയിട്ടുണ്ടാകില്ല. കീഴട ങ്ങാനും കപ്പം കൊടുക്കാനും നിര്‍ദ്ദേശിച്ച കമ്പിനിയാളന്റെ മുഖത്ത് മരണം മുന്നില്‍ നില്‍ക്കുമ്പോഴും മുത്തു വഡുക നാഥര്‍ കാര്‍ക്കിച്ചു തുപ്പി. കാളിയാര്‍ കോവിലിന്റെ മുറ്റത്ത് ബ്രിട്ടീഷ് ക്യാപ്റ്റന്റെ വെടിയേറ്റ് രാജാവ് മരിച്ചു വീണു. കാളിയാര്‍ കോവിലിലെ കാവല്‍ക്കാരെയും തേവര്‍ക്കൊപ്പമുണ്ടായിരുന്ന അനുചര ന്മാരെയും കമ്പിനിയാളര്‍ കൊന്നു വീഴ്ത്തി. കീരനൂരും ചോളപുരവും ബെൻജോറിന്റെ പിടിയിലായി.
കിടങ്ങുകള്‍ക്ക് മീതെ പാലം തീര്‍ത്ത് ജോസഫ് സ്മിത്തിന്റെ പട ശിവഗംഗ നഗരത്തിലേ ക്കെടുക്കതറിഞ്ഞ് മന്ത്രി താണ്ഡവരായനും മരുതുകളും അനിവാര്യമായ യുദ്ധം അറിയിക്കുമ്പോള്‍ തേവരുടെ അസാന്നിധ്യത്തില്‍ തീരുമാനമെടുക്കേണ്ടത് തന്റെ ഉത്തരവാദിത്തമായിരുന്നു. എന്തു വില കൊടുത്തും ശിവഗംഗ സംരക്ഷിക്കണമെന്ന തീരുമാനത്തോട് മരുതുകള്‍ക്കും താണ്ഡവരായനും രണ്ടഭിപ്രായമില്ലായി രുന്നു. യുദ്ധരംഗത്തേക്ക് പടച്ചട്ടയണിഞ്ഞ തന്നോട് പിന്തിരിയാനും കൊട്ടാരത്തില്‍ തന്നെ തങ്ങാനും ഉപ ദേശിച്ച മന്ത്രിയെ വിലക്കിയതും താന്‍ തന്നെയാണ്. ശിവഗംഗയ്ക്കുവേണ്ടി രാജാവിന്റെ സ്ഥാനത്തു നിന്ന് പടനയിക്കേണ്ടത് തന്റെ ദൗത്യമായിരുന്നു.
ഇരച്ചെത്തിയ ബ്രിട്ടീഷുകാരും നവാബ് പടയാളികളും നഗരം ചുട്ടെരിക്കുകയാണ്. കണ്ണില്‍ കണ്ടവരൊക്കെ അവരുടെ ആക്രമണത്തിനു മുന്നില്‍ മരിച്ചു വീഴുന്നു. ചീറി വരുന്ന പീരങ്കിയുണ്ടകള്‍ക്കു മുന്നില്‍ നേര്‍ക്കു നേര്‍ പോരാടുന്നത് തന്ത്രമല്ലെന്നതിനാല്‍ ഒളിവിടങ്ങളില്‍ നിന്ന് വളരികളും വേലും പായിച്ച ചിന്ന മരുതും പെരിയ മരുതും സര്‍വ വീര്യവുമെടുത്ത് പോരാടുകയാണ്. കാളിയാറില്‍ നിന്ന് കൂടുതല്‍ പട ശിവഗംഗയിലേക്ക് എത്തി ക്കഴിഞ്ഞിരുന്നു. ആള്‍ബലം കൂടിയ ബ്രിട്ടീഷ് സേനയുമായുള്ള പൊയ്ത്തില്‍ മന്ത്രി താണ്ഡവരായ പിള്ളയ്ക്കും മരുതുകള്‍ക്കും വരെ പരിക്കേറ്റിരുന്നു.
യുദ്ധഭൂമിയില്‍ തനിക്കരികിലെത്തിയ മന്ത്രി താണ്ഡവരായന്‍ കാളിയാര്‍ കൊട്ടാരത്തില്‍ നടന്ന ചതി യെപ്പറ്റി വന്നു പറയുമ്പോള്‍ ദൂതലക്ഷണം പഠിച്ച തനിക്ക് രാജാവിന് പറ്റിയ അത്യാഹിതം താണ്ഡവ രായന്റെ മുഖത്തു നിന്നും വായിച്ചെടുക്കാനാവുന്നുണ്ടായിരുന്നു. കൂടൂതല്‍ ആരാഞ്ഞപ്പോള്‍ കാളിയാര്‍ കോവില്‍ വളഞ്ഞ ആര്‍ക്കോടിന്റെയും കമ്പിനിയുടെയും സേന നിരായുധനായ രാജാവിനെ വെടിവെച്ചു കൊന്ന വിവരം താണ്ഡവ രായന്‍ തന്നെ വെളിപ്പെടുത്തി.
പകലിൽ പട നടത്തി പോർ നടത്താതെ, രാത്രിയിൽ ആന്തുകൾ പോൽ വന്ന് പോർ നടത്തി തൻ അവര്‍ തേവരുടെ ജീവനെ പറിച്ചു കഴിഞ്ഞു. രാജാവിന്റെ മരണമറിഞ്ഞതോടെ തനിക്ക് യുദ്ധത്തില്‍ നില നഷ്ടപ്പെട്ടു. യുദ്ധഭൂമിയില്‍ നിന്നും കുറച്ചു സമയം പിന്മാറേണ്ടിവന്നു. മുത്തുവടുഗനാഥനെ കൊന്ന് കാളിയാർ കോവില്‍ കീഴടക്കിയതായി കമ്പിനിപ്പടയുടെ വിളംബരം ശിവഗംഗയില്‍ മുഴങ്ങാന്‍ തുടങ്ങിയിരുന്നു. കാളിയാര്‍ കോവി ലിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ പെരിയ മരുത് തടഞ്ഞു..
അരസിയാരെ ..നിലൈമക്കൾ സാല ഉടൈത്തെനിനും താനൈ തലൈമക്കൾ ഇൽ വഴി ഇൽ .കോട്ട വീണു. രാജാവ് മരിച്ചു. നാച്ചിയാരും പോയി കുടുങ്ങിയാൽ ഞങ്ങൾക്ക് തലപതിയില്ലാതായിപ്പോകും. നയിക്കാനാളി ല്ലാതെ നവാബിനോട് പ്രതികാരം ചെയ്യാൻ കഴിയില്ല.. രാജ്യം കീഴടക്കാനും നാടിന്റെ അഭിമാനം സംരക്ഷി ക്കാനും നാച്ചിയാര്‍ ജീവിക്കണം. അതുകൊണ്ട് കാളിയാറിലേക്കിപ്പോള്‍ പോകരുത്. ക്ഷീണിതരും മുറിവേറ്റ വരുമായ നമുക്ക് ഈ യുദ്ധത്തിൽ വിജയിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കണം
മുത്തു വടുക നാഥനെ അവസാനമായി ഒരു നോക്ക് കാണാന്‍ കഴിയാതിരിക്കുന്നത് സഹിക്കുന്നതല്ലാ യിരുന്നു. മരുതുകളും താണ്ഡവരായനും വിലക്കിയിട്ടും കാളിയാര്‍ കോവിലേക്ക് പോകാന്‍ തന്നെയായിരുന്നു തന്റെ തീരുമാനം. ശിവഗംഗ വളഞ്ഞ ബ്രിട്ടീഷ് പട്ടാളത്തിന്റെ കണ്ണുവെട്ടിച്ച് കാളിയാര്‍ കോവിലിലേക്ക് തിരിക്കുമ്പോള്‍ താണ്ഡവരാനും പെരിയ മരുതും കുറച്ചു സൈനികരും തന്നെ മാത്രം പിന്തുടര്‍ന്നു.
കാളിയാര്‍ കോവില്‍ ഒരു ശ്മശാന ഭൂമിയായിരുന്നു. കമ്പിനി സേന ശിവഗംഗയിലേക്ക് നീങ്ങിയതിനാല്‍ കോവിലിന് സമീപം ചുരുക്കം ചില കാവല്‍ക്കാര്‍ മാത്രം. അവരെ നേരിട്ട് പെരിയമരുത് തനിക്ക് കോവിലിനുള്ളിലേക്ക് വഴിയൊരുക്കി. കാളിയാറിലെ കാഴ്ച ഭയാനകമായിരുന്നു. പവിത്രമായ ആ ഭൂമിയില്‍ എങ്ങും അഗംഭംഗം വന്ന് ചിന്നിച്ചിതറിയ ദേഹങ്ങള്‍ മാത്രം. അവയ്ക്കിടയില്‍ അനാഥമായി തേവരുടെ മേനിയും. കണ്ടു നില്‍ക്കാനാവാത്ത കാഴ്ചയില്‍ ഹൃദയം നുറുങ്ങിപ്പോയിരുന്നു. വീരശൂര പരാക്രമി യായ ശിവഗംഗയുടെ തേവര്‍ മുത്തു വഡുകനാഥ സേതുപതിയാണ് ചലനമറ്റ്, ചോരയില്‍ കുളിച്ച് വെറും മണ്ണില്‍ അനാഥമായി കിടക്കന്നത്. അദ്ദേഹത്തിന്റെ മുഖത്തപ്പോഴും വിരിഞ്ഞു നിന്ന ഭാവത്തില്‍ കീഴടങ്ങാത്ത
പോരാളിയുടെ ചൈതന്യമുണ്ടായിരുന്നു. അവസാനതുടിപ്പുവരെ പരദേശിയോട് ഒത്തുതീര്‍പ്പുണ്ടാക്കാത്ത
ധീരയോദ്ധവായി തേവരുടെ മുഖം.
അരസിയാരെ. തേവരുടെ വേര്‍പാട് സഹിക്കാന്‍ പറ്റുന്നതല്ല . എന്നിരിക്കിലും ഏതു സമയത്തും കമ്പിനി യാളര്‍ തിരിച്ചെത്താം. നാം വളരെ കുറച്ചു പേര്‍ മാത്രം. റാണികൂടി അപകടത്തില്‍ പെടരുത് എത്രയും പെട്ടെന്ന് ഇവിടെ നിന്നും രക്ഷപ്പെട്ടേ മതിയാകൂ..
തേവരുടെ സംസ്കാരം നടത്തണമെന്ന തന്റെ വാശിയില്‍ മരുതുകള്‍ക്ക് വഴങ്ങേണ്ടി വന്നു. കാളിയാര്‍ കോവിലിന് സമീപം ചിതയൊരുക്കാന്‍ ഉത്തരവിടുമ്പോള്‍ ഏതു സമയത്തും ആക്രമിക്കപ്പെടാമെന്ന തോന്ന ലില്‍ നില്‍ക്കുമ്പോളും മരുതുകള്‍ രാജാവിന് അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ തനിക്കൊപ്പം നിന്നു. തേവരുടെ ദേഹം ചുമന്നു കൊണ്ടു വന്ന് ചിതയിലേക്ക് വയ്ക്കുമ്പോള്‍ കരച്ചിലടക്കാനാവതല്ലായിരുന്നു. ആ ചിതയില്‍ ചാടി മരിക്കാനാഞ്ഞ തനിക്കരികിലെത്തി മന്ത്രി താണ്ഡവരായന്‍ പിള്ളയും മരുതുകളും തടഞ്ഞു.
മുത്തു വടുക നാഥനെ പിരിഞ്ഞ് ഒരു ജീവിതം സങ്കല്പിക്കുന്നതിലപ്പുറമായിരുന്നു. പതിനാറാം വയസില്‍ പാണിഗ്രഹണം നടത്തിയ ഭര്‍ത്താവ് മരിച്ചിട്ട് താന്‍ ജീവിച്ചിരുന്നിട്ട് എന്തു കാര്യം.?
എന്റെ ജീവനായ കണവരുടെ മുത്തു വഡുക നാഥരുടെ ജീവന്‍ പറിച്ച ബേണ്‍ജോറെ കൊല്ലാതെ വിടല്ലേ ... അവനെ ഒരു കൈ നോക്ക വരട്ടെ
കാളിയാര്‍ കോവിലില്‍ നിന്ന് തിരിച്ച് ശിവഗംഗയിലെത്താനും യുദ്ധം തുടരുവാനും കോട്ട തിരിച്ചു പിടിക്കാനും താണ്ഡവരായനോട് പറയുമ്പോള്‍ പിതാവിന്റെ സ്ഥാനത്തുള്ള അദ്ദേഹം ഇപ്പോൾ ശരിയായ സമയമല്ലെന്നും ശിവഗംഗയെ മൊത്തം കൊന്നൊടുക്കാനുള്ള പടയാണ് വന്നിട്ടുള്ളതെന്നും അവരോട് പോരടിച്ചാൽ മരണം ഉറപ്പാണെ ന്നുമാണ് ഉപദേശിച്ചത്.
അരസിയാരേ, തേവര്‍ വീര മരണം നേടിയത് വലിയ വേദനയാണ്. ബാൻസോറിനുടെ ബീരങ്കി പട വരുന്നു. അതിന്റെ മുൻ വാൾ വെച്ചു പ്രയോജനം തരില്ല. നമ്മൾ ഇപ്പോൾ രക്ഷപ്പെടും. പിൻ ഒരിടത്ത് തങ്ങി വലിയ പടയെ ശേഖരിച്ച് നവാബെയും, കുമ്പിനിയാരയും നമ്മുടെ മണ്ണിൽ നിന്ന് തുരത്താം. തേവരുടെ വരിയിലെ അവസാനത്തെ തിരിയും കെടുത്തിക്കളയാനാണ് നവാബിന്റെ കല്പന, ഉടൻ തന്നെ രാജ്ഞിയെയും മകളെയും തേടി നവാബിന്റെ ചാരന്മാരെത്തും . അതിനും മുമ്പെ ശിവഗംഗയില്‍ നിന്നു കടക്കേണ്ടതുണ്ട്.
രാജാവിന്റെ മരണത്തിന് പകരം ചോദിച്ച് കോട്ട തിരിച്ചു പിടിക്കാമെന്നുള്ള ഉറപ്പായിരുന്നു പെരിയ മരുതിന്റേത്..
നാച്ചിയാരെ നാം രക്ഷപ്പെടുന്നത് കുമ്പിനിക്കു ഭയന്നു അല്ല. പതുങ്ങി സ്വാധീനവേ ശിവഗംഗൈ സീമൈ നാം തിരുമ്പിപ്പിടിച്ചിടും . ഊക്കമുടൈയാൻ ഒടുക്കം പൊരുതകാർ താക്കർകുപ്പേരുന്തകൈത്തു.
മനോവീര്യം നഷ്ടപ്പെട്ട സേനയ്ക്ക് അധികം പിടിച്ചുനില്‍ക്കാനായില്ല. പ്രതിരോധം ദുര്‍ബലമായതോടെ ശിവഗംഗ കോട്ട ആര്‍ക്കോട്ട് നവാബിന്റെ പിടിയിലായി. നഗരം കൊള്ളയടിക്കപ്പെട്ടു. യുദ്ധം തോറ്റാല്‍ രാജ്യത്തുള്ള സകലതും പിന്നെ ശത്രുവിന്റേതാണ്. അവരുടെ പിടിയിലകപ്പെട്ടാല്‍ ആജീവനാന്തം തടവറ വിധിക്കപ്പെടും.
വിശ്വസ്തരായ അനുയായികളെയും തന്നോടൊപ്പം അയക്കുമ്പോള്‍ ശത്രുവിന്റെ കൈകൊണ്ടുള്ള മരണ ത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മരുതുകള്‍ ഉപദേശിച്ച വഴി പലായനമായിരുന്നു. മേലൂര്‍ വഴി വിരൂപാച്ചിയിലെ ത്തണം. വിരൂപാച്ചി പാളയത്തിലെ ഗോപാല നായ്ക്കരുടെ സഹായം തേടണം. നവാബിനും ബ്രിട്ടീഷുകാര്‍ക്കുമെതിരായി യുദ്ധം ചെയ്യുന്ന ഗോപാല നായ്കര്‍ സഹായിക്കാതിരിക്കില്ല.
ആ യാത്രയാണ് ഇവിടെ ഈ കുടിലിനുള്ളിലെത്തി നില്‍ക്കുന്നത്. ആര്‍ക്കോട്ട് നവാബിന്റെ ചാരന്മാര്‍ തനിക്കു പിറകേയുണ്ടാകും. ഈ ഒളിയിടവും കണ്ടു പിടിക്കപ്പെട്ടേക്കാം. ഏതു നിമിഷവും ആക്രമി ക്കപ്പെട്ടേക്കാം. താനും കൂടി ഇല്ലാതാവുന്നതോടെ സേതുപതിമാരുടെ ശിവഗംഗ എന്നെന്നേക്കുമായി പരദേ ശികളുടെ കാല്‍ക്കീഴിലായിപ്പോകും. തനിക്കു പിറകേയുള്ള വെള്ളച്ചി നാച്ചിയാര്‍ക്ക് കൈമാറാന്‍ പിറന്ന മണ്ണിന്റെ അഭിമാനമുണ്ടാവില്ല. താണ്ഡവരായന്‍ പിള്ളയും മരുതുകളും വേഷം മാറി പലവഴിക്ക് പിരിഞ്ഞി രിക്കുന്നു. ഡിണ്ടിഗല്‍ കാടുകളിലെവിടെയോ അവര്‍ ഒളിഞ്ഞിരിക്കുന്നുണ്ടാകും.
3
അരിയാകുറിച്ചിയിലെ കുടിലില്‍ അന്ന് പ്രഭാതം പുലരുമ്പോഴേക്കും ചെറിയ ആള്‍ക്കൂട്ടമുണ്ടായിരുന്നു. തങ്ങള്‍ക്ക് പരിചയമില്ലാത്തവരായ അതിഥികളെ ഒടയാല്‍ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയതുമില്ല. വിരൂപാച്ചിയിലേക്കുള്ള യാത്രക്കാരാണെന്നും കാട്ടില്‍ വഴിതെറ്റിയെത്തിയതാണെന്നും ഒടയാല്‍ പറഞ്ഞ പ്പോഴും നാട്ടുകാരുടെ കണ്ണില്‍ വിശ്വാസമില്ലായിരുന്നു. കൊട്ടാരത്തിലെ അന്തപ്പുരത്തു നിന്നും കുടിലിന്റെ വെറുംനിലത്തേക്ക് മാറ്റപ്പെട്ടപ്പോള്‍ വെള്ളച്ചി കരഞ്ഞുകൊണ്ടേയിരുന്നു. അതിലുമപ്പുറം തേവരുടെ വേര്‍പാട് ഉള്ളിലടക്കി വേലു നാച്ചിയാര്‍ ഒന്നും പുറത്തുകാണിക്കാതെ നിന്നു. കുടിലിനു സമീപമുള്ള അരുവിയിലേക്ക് ഒടയാല്‍ എല്ലാവരെയും നയിച്ചു.
ആ അരുവിയില്‍ മുങ്ങി ഈറനോടെ സൂര്യഭഗവാനെ നോക്കി വേലുനാച്ചിയാര്‍ മുത്തു വടുകനാഥനു വേണ്ടി പ്രാര്‍ഥിച്ചു. ശിവഗംഗയ്ക്കുവേണ്ടി ജീവത്യാഗം ചെയ്ത സൈനികരുടെ പരലോക ശാന്തിക്കായി വീണ്ടു വീണ്ടും മുങ്ങിനിവര്‍ന്നു.
എന്റെ ഭര്‍ത്താവിനെ ചതിയില്‍ കൊന്നു വീഴ്ത്തിയ കമ്പിനിപ്പടയെ ഞാന്‍ വേരേടെ പിഴുതിരിക്കും. എന്റെ ഭര്‍ത്താവിന്റെ ചോരയ്ക്ക് കണക്കു പറയിക്കും വരെ ശിവഗംഗയെ വൈദേശികരില്‍ നിന്ന് മോചിപ്പിക്കും വരെ ഇനിയെനിക്ക് ഉറക്കമില്ല. കെട്ടിയിട്ട മുടി ഞാനഴിക്കയില്ല.
വേലുനാച്ചിയാര്‍ ഉദയസൂര്യനെ നോക്കി പ്രതിജ്ഞ ചെയ്തു. വിരൂപാച്ചി പാളയത്തിലെത്തി ഗോപാല നായ്ക്കരുടെ സഹായം തേടണം. അതിന് ആദ്യം ഇവിടെ ഒരു താവളമുണ്ടാക്കണം. ഇവിടുത്തെ ആളുകളുടെ സഹായത്തോടെ മാത്രമേ ഇനി മുന്നോട്ടൊരു യാത്ര സാധ്യമാകുകയുള്ളൂ. താനാരാണെന്നും തന്റെ ലക്ഷ്യ മെന്തെന്നും ഇവരെ വെളിപ്പെടുത്തിയേ മതിയാകൂ. അതിന് തക്ക സമയം വരണം. അതിന് കാത്തിരിക്കാ മെന്ന് വേലു നാച്ചിയാര്‍ നിശ്ചയിച്ചു. വിരൂപാച്ചി പാളയത്തിലും ഡിണ്ടിഗലിലും, അയ്യംപള്ളിയിലുമെല്ലാം ആരും കാണാതെ താമസിക്കാനാകുമെന്ന മരുതുകളുടെ വാക്കനുസരിച്ചേ പറ്റൂ. അരിയാകുറിച്ചി കുടിലില്‍ താമസമുള്ളവരെല്ലാം വനവാസികളാണ്. കാടിന്റെ സകലവഴിയും അറിയാവുന്ന അരുന്തതിയാരുടെ സഹായം കൂടിയേ കഴിയൂ.
ദിവസങ്ങളും മാസങ്ങളും പിന്നിടുകയാണ്. ഒടയാലിനും വനവാസികള്‍ക്കുമൊപ്പം വേലുനാച്ചിയാരും സംഘവും കാടുകയറും. കനികളും വിറകും ശേഖരിച്ചു മടങ്ങും. മുള വളച്ച് കാട്ടുവള്ളികള്‍ കെട്ടി വേലു നാച്ചിയാര്‍ ഒരു വില്ലുണ്ടാക്കിയത് കൂടെ വന്നവരെ അമ്പരപ്പിച്ചു. ഒരിക്കല്‍ അത് പ്രയോജനപ്പെടു കയും ചെയ്തു. പതിവു യാത്രയിലൊരു ദിവസം കാട്ടിന്നുള്ളില്‍ നിന്ന് പാഞ്ഞടുത്ത കരടിക്കുനേരെ മുളങ്കുന്തം പായിച്ച് വീഴ്ത്തിയപ്പോള്‍ തങ്ങളുടെ കൂടെയുള്ളത് വെറുമൊരു യാത്രാ സംഘമല്ലെന്നും അവര്‍ക്കു പിന്നില്‍ എന്തൊക്കെയോ രഹസ്യ മുണ്ടെന്നും അവര്‍ ഒടയാലിനോട് സംശയം പ്രകടിപ്പിക്കാന്‍ തുടങ്ങി. ഈ ആശങ്ക ഒടയാലും വേലു നാച്ചിയാരെ അറിയിച്ചു.
സംശയമുള്ളവരെയാണ് ഭയക്കേണ്ടത്. കൊട്ടാരം വളഞ്ഞിരുന്നിട്ടും അതിനിടയിലൂടെ രക്ഷപ്പെട്ട എന്നെ ത്തേടി വെള്ളക്കാരും നവാബിന്റെയും മല്ലാരി രായന്റെയും ചാരന്മാരുമുണ്ടാകും. അപരിചിതരായവര്‍ ഇവിടെ തങ്ങുന്നുണ്ടെന്ന് പുറം ലോകമറിഞ്ഞാല്‍ അവരിവിടെ തേടി വരും. അതിലും ഭേദം ഞാനാരാണെന്ന് വെളി പ്പെടുത്തുന്നതാണ് നല്ലത്. എന്റെ ഉദ്ദേശമെന്തെന്നറിഞ്ഞാല്‍ തീര്‍ച്ചയായും അവര്‍ എന്നോടൊപ്പം നില്‍ക്കും. എനിക്കുറപ്പുണ്ട്.
വേലു നാച്ചിയാര്‍ ഒടയാലിനോട് പറഞ്ഞു.
അന്ന് വൈകിട്ട് കുടിലിലുള്ള എല്ലാവരെയും വിളിച്ചുകൂട്ടാന്‍ വേലു നാച്ചിയാര്‍ ഒടയാലിനെ ചട്ടം കെട്ടി. ആ രഹസ്യം അങ്ങിനെ അരുന്തതിയാര്‍ കുടിലുകള്‍ തിരിച്ചറിഞ്ഞു. തങ്ങളുടെ കൂടെ ശിവഗംഗ റാണി വേലു നാച്ചിയാരാണ്. കൂടെയുള്ള പെണ്‍കുട്ടി ശിവഗംഗയുടെ അനന്തരാവകാശി വെള്ളച്ചി നാച്ചിയാര്‍. കൊട്ടാര ത്തിന്റെ അന്തപ്പുരത്തില്‍ സര്‍വ സൗകര്യത്തോടെയും ജീവിച്ച മഹാറാണിയാണ് തങ്ങള്‍ക്കൊപ്പം വെറും മണ്ണില്‍ ഉറങ്ങിയിരുന്നത് .
ഉറച്ച ശബ്ദത്തില്‍ തന്റെ ഭര്‍ത്താവിനോട് ബ്രിട്ടീഷുകാരും നവാബും മല്ലാരി രായനും ചെയ്ത ചതിയെക്കുറിച്ചും രാജാവിന്റെ മരണത്തെക്കുറിച്ചും ജനിച്ച മണ്ണിനെ പരദേശികളില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ സഹായിക്കണ മെന്നും വേലുനാച്ചിയാര്‍ പറയുമ്പോള്‍ ആ ചെറിയ ആള്‍ക്കൂട്ടം പതിയെ ഒരു സൈന്യമാവുകയായിരുന്നു. വേലു നാച്ചിയാരുടെ ചെറുപട.
പിറ്റെന്നു മുതല്‍ നാട്ടുകാരുടെ പെരുമാറ്റത്തില്‍ തന്നെ മാറ്റങ്ങളായി. വേലു നാച്ചിയാരുടെ വാക്കു കള്‍ക്ക് വേണ്ടി അവര്‍ കാത്തിരുന്നു. ഒടയാലിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെ ഒരു സൈന്യം ഉണ്ടാക്കണമെന്ന വേലു നാച്ചിയാരുടെ നിര്‍ദ്ദേശം കേട്ട ഒടയാല്‍ ചോദിച്ചു.
ഞങ്ങള്‍ കീഴ്ജാതിക്കാര്‍, രാജ്യ സൈന്യത്തില്‍ അതും ഞങ്ങള്‍ സ്ത്രീകള്‍ക്ക് എങ്ങിനെ ചേരാവാവും?
ജാതി കാണാത്തവർതാൻ എന്റെ പടയണിയിൽ ഉണ്ടാകണം ..
വേലു നാച്ചിയാരുടെ മറുപടിയില്‍ അരുന്തതിയാര്‍ സ്ത്രീകള്‍ ആവേശം കൊണ്ടു. ഒടയാലിനൊപ്പം സ്ത്രീകളുടെ ഒരു സംഘം തന്നെ റാണിയുടെ കീഴില്‍ അടവുകള്‍ പഠിക്കാന്‍ തുടങ്ങി. വിറകിന് കാടുകയറുമ്പോളൊക്കെ ആയുധമായി ഉപയോഗിക്കാന്‍ കഴിയുന്നതെന്തും അവര്‍ ശേഖരിച്ചു തുടങ്ങി. ആ കുടിലുകളുടെ മധ്യഭാഗത്തെ ചെറിയ മൈതാനത്ത് വേലു നാച്ചിയാര്‍ നാട്ടുകാരെ സിലാംബം പരിശീലിപ്പിച്ചു. കാട്ടില്‍ നിന്നും ശേഖരിച്ച മുളകളുടെ അറ്റം കൂര്‍പ്പിച്ച് വെയിലിലുണക്കി, മഞ്ഞു കൊള്ളിച്ച് കനപ്പിച്ചെടുത്ത് കുന്തങ്ങള്‍ തയ്യാറാക്കപ്പെട്ടു. മരത്തില്‍ കെട്ടി വച്ച ഭാണ്ഡത്തിലേക്ക് ഉന്നം വച്ച് കുന്തമെറിയാന്‍ അരുന്തതിയാര്‍ കുടിലുകളിലെ ആണും പെണ്ണും കുട്ടികള്‍ വരെ പഠിച്ചെടുക്കാന്‍ തുടങ്ങി.
മാസങ്ങള്‍ കടന്നു പോയി . നാട്ടുകാര്‍ തന്നോടൊപ്പമായതോടെ വേലു നാച്ചിയാര്‍ക്ക് ആത്മ വിശ്വാസമായി. ഇനി ഒാരോ ചുവടും ശ്രദ്ധിച്ചു നീങ്ങേണ്ടതുണ്ട്. ഒടയാലിന്റെ സംഘത്തിലെ വിശ്വസ്തരായവരെ ചാരന്മാരാക്കി. കാലിമേയ്ക്കുന്നവരും, തേനെടുക്കാന്‍ പോകുന്നവരും അങ്ങിനെ രാജ്യതന്ത്രമറിയുന്ന ചാരന്മാ രായി പരിണമിച്ചു. ഉയര്‍ന്ന മരങ്ങള്‍ക്കു മുകളില്‍ ഏറുമാടങ്ങള്‍ കെട്ടി. കാട്ടുവഴിയിലെ ഒാരോ ഇലയനക്കവും അറിയാന്‍ അരുന്തതിയാരിലെ ചെറുപ്പക്കാര്‍ ഏറുമാടങ്ങളില്‍ കാവലിരുന്നു.
അതിനിടയിലാണ് ഗ്രാമക്കാര്‍ രണ്ടു പേരെ തടഞ്ഞു കൊണ്ടു വരുന്നത്. കാടിനുള്ളിലെ വഴിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ട് പിടികൂടിയവരാണ്, ഒരു പുരുഷനും അയാളുടെ മകളെന്ന് തോന്നിച്ച കൗമാരക്കാരിയായ പെണ്‍കുട്ടിയും. ആരെയും വിശ്വസിച്ചുകൂടാ. ഒരു പക്ഷേ നവാബിന്റെ ചാരന്മാരായിരിക്കും.
അവരെ സ്വതന്ത്രരാക്കി വേലു നാച്ചിയാര്‍ കാര്യങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി. ശിവഗംഗയുടെ സമീപ പ്രദേശമായ കുടഞ്ചാവടിക്കാരാണ്. പുരുഷന്റെ പേര് പെരിയമുത്തൻ കൂടെയുള്ളത് മകള്‍ കുയിലി. ഒറ്റനോട്ട ത്തില്‍ കുഴപ്പക്കാരല്ലാത്ത നിഷ്കളങ്കര്‍. ശിവഗംഗയുടെ ഇപ്പോഴത്തെ അവസ്ഥ പരമദയനീയമാണ്. ഗ്രാമീണരെ മുച്ചൂടും നവാബിന്റെ പടയാളികളും വെള്ളക്കാരും ചേര്‍ന്ന് ദ്രോഹിക്കുകയാണ്. എതിര്‍ക്കുന്നവര്‍ക്കെല്ലാം കഠിന ശിക്ഷയും . വീടുകളും ക്ഷേത്രങ്ങളും കൊള്ളയടിക്കപ്പെട്ടു കഴിഞ്ഞു. കാളിയാര്‍ കോവിലിലെയും ശ്രീ രാജേശ്വരി അമ്മന്‍ ക്ഷേത്രത്തിലേയും അമ്പതിനായിരം പഗോഡകള്‍ വിലമതിക്കുന്ന സ്വര്‍ണവും സ്വത്തു ക്കളും നവാബും കമ്പിനിയാളരും ചേര്‍ന്ന് കടത്തിക്കഴിഞ്ഞു. ശിവഗംഗ ഇപ്പോഴില്ല. പകരം ഹുസൈന്‍ നഗറെന്ന് നവാബ് രാജ്യത്തിന്റെ പേരുമാറ്റിയിരിക്കുന്നു. വയല്‍ ജോലിയും ചെരുപ്പു കുുത്തും തൊഴിലാക്കിയ പെരിയ മുത്തന്‍ തൊഴിലും വീടും നഷ്ടപ്പെട്ട് മറു രാജ്യത്തേക്ക് രക്ഷപ്പെടുന്നതിനിടയിലാണ് അരിയാകുറിച്ചി ക്കാരുടെ പിടിയിലാവുന്നത്
സ്വന്തം രാജ്യത്തു നിന്നും പലായനം ചെയ്തെത്തിയവര്‍. തന്റെ ലക്ഷ്യം തന്നെ ഉള്ളില്‍ പേറുന്നവര്‍. തനിക്കു വേണ്ടതും അവര്‍ക്കു വേണ്ടതും ശിവഗംഗയാണ്. പരദേശികളുടെ ശല്യമില്ലാത്ത സ്വതന്ത്രമായ ശിവഗംഗ. അതിനുള്ള പോരാട്ടത്തില്‍ ഒപ്പം ചേരുന്നു ചോരക്കുഞ്ഞിനു പോലും അവന്റെതായ ദൗത്യമുണ്ട്. ഒടയാലിന്റെ സഹായത്തോടെ പെരിയമുത്തനും മകള്‍ക്കും വേലു നാച്ചിയാര്‍ അഭയമൊരുക്കി.
4
നാട്ടുകാരുടെ കൂട്ടത്തില്‍ പെരിയമുത്തനും പണികള്‍ക്കു കൂടിത്തുടങ്ങി. കുടിലില്‍ വെള്ളച്ചിക്ക് കൂട്ടായി കുയിലി കഴിഞ്ഞു കൂടി. അവളുടെ അമ്മ മരിച്ചു പോയിരുന്നു. വേലു നാച്ചിയാരിലും ഒടയാലിലും കുടിലുകളിലെ ഒാരോ സ്ത്രീകളും കുയിലിക്ക് അമ്മയായി മാറി. അമ്മയെ കുറിച്ചു പറയുമ്പോളൊക്കെ കുയിലി അഭിമാനം കൊണ്ടു. അവളുടെ അമ്മ മരിക്കുന്നതും ഒരു യുദ്ധത്തിലാണ്. അത് നട്ടു നനച്ചുണ്ടാക്കിയ വയലുകൾ നശിപ്പി ക്കാനെത്തുന്ന കാട്ടുപോത്തുകളോടുള്ള യുദ്ധത്തിലായിരുന്നെന്നു മാത്രം. ഒരു ദിവസം രാക്കുവും കുയിലിയും പെരിയ മുത്തനും വയലിന് കാവലിരിക്കുന്ന സമയം. വയലിലേക്കിറങ്ങിയ കാട്ടുപോത്തുകളെ തുരത്താനി റങ്ങിയ പെരിയമുത്തനെ കാട്ടുപോത്ത് തിരിച്ചാക്രമിച്ചു. പെരിയമുത്തനെ കാട്ടുപോത്ത് കൊല്ലുമെന്ന നിലയാ യപ്പോള്‍ കയ്യില്‍ കരുതിയ കുറുവടിയുമായി രാക്കു പിറകില്‍ നിന്ന് പോത്തിനെ ആക്രമിച്ചു.
കുറുവടി കൊണ്ടുള്ള തല്ലേറ്റ് പെരിയമുത്തനെ വിട്ട് പോത്ത് രാക്കുവിന് നേരെ തിരിഞ്ഞു. തന്റെ നേര്‍ക്ക് മുക്രയിട്ടു വരുന്ന കൂറ്റന്‍ കാട്ടു പോത്തിനെ കയ്യിലുള്ള കുറുവടി കൊണ്ട് രാക്കു നേരിട്ടു. കാട്ടുപോത്തിന്റെ കൊമ്പില്‍ തട്ടി വടി തെറിച്ചു പോയപ്പോള്‍ രാക്കു നിരായുധയായി. നിലത്ത് വീണുകിടന്ന പെരിയമുത്തന് ഒന്നും ചെയ്യാനാവും മുമ്പ് കാട്ടുപോത്ത് രാക്കുവിനെ കോരിയെറിഞ്ഞു. വീണ ഇടത്തുനിന്നും പെരിയ മുത്ത നോടും കുയിലിയോടും രക്ഷപ്പെട്ടുകൊള്ളാന്‍ വിളിച്ചു പറഞ്ഞ് അവസാനം വരെ രാക്കു കാട്ടുപോത്തി നോട് മല്ലിട്ടു. ആ യുദ്ധത്തിനൊടുവില്‍ കുയിലിക്ക് അമ്മയെ നഷ്ടപ്പെട്ടു.
എനിക്ക് ഒരു വേട്ടക്കാരിയായി മാറണം. അമ്മയെ കൊന്ന കാട്ടു പോത്തുകളെ വേട്ടയാടി കൊല്ലണം
അതു പറയുമ്പോള്‍ കുയിലിയുടെ കണ്ണുകളിലെ പോരാളിയുടെ തിളക്കം വേലു നാച്ചിയാര്‍ ശ്രദ്ധിച്ചു. ജീവിതമാണ് ഒാരോരുത്തരുടെയും ഉള്ളില്‍ പോരാളികളെ ഉണര്‍ത്തുന്നത്. പിറന്ന മണ്ണിനെ തിരിച്ചു പിടിക്കാന്‍, ഭര്‍ത്താവിന്റെ മരണത്തിന് പകരം ചോദിക്കാന്‍ ലക്ഷ്യമിടുന്ന താനും സ്വന്തം അമ്മയുടെ മരണത്തിന് കാരണമായ കാട്ടുപോത്തുകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച കുയിലിയും ഒരേ പോരാളികള്‍.
ചെരുപ്പുകുത്തുന്ന ജോലിക്കിടെ ശിവഗംഗയും രാമനാഥപുരവുമെല്ലാം കൈവെള്ളപോലെ അറിയാവുന്ന പെരിയമുത്തനെ ചാരനായി വേലുനാച്ചിയാര്‍ ചുമതലപ്പെടുത്തി. ഗോപാല നായ്കന്റെ പാളയത്തിലേക്ക് ശിവഗംഗ റാണിയുടെ സഹായാഭ്യര്‍ഥനയുമായി പെരിയമുത്തന്‍ യാത്ര തിരിച്ചു. ആഴ്ചകള്‍ കഴിഞ്ഞ് പെരിയ മുത്തന്‍ തിരിച്ചു വരുന്നത് സന്തോഷവാര്‍ത്തയുമായായിരുന്നു. വിരൂപാച്ചിപ്പാളയത്തിന്റെ അധിപനായ ഗോപാല നായ്ക്കര്‍ ശിവഗംഗ റാണി വേലു നാച്ചിയര്‍ക്കു വേണ്ട എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു കൊണ്ടുള്ള സന്ദേശം പെരിയമുത്തന്‍ അറിയിക്കുമ്പോള്‍ ഒരു പട ജയിച്ച സന്തോഷം വേലു നാച്ചിയാരില്‍ വന്നു നിറഞ്ഞു.
തിരുമലൈ ധാസരി ചിന്നപ്പ നായ്ക്കരുടെ മകനാണ് തിരുമലൈ കുപാല ചിന്നപ്പ നായ്ക്കർ എന്ന ഗോപാലനായ്ക്കര്‍. വിജയ നഗരത്തിലെ ചക്രവർത്തി മധുര പിടിച്ചടക്കിയ കാലത്ത് രാജാവിന്റെ സേനാ നായകന്‍ ചിന്നപ്പ നായകനാണ് വിരുപാച്ചി പാളയമുണ്ടാക്കുന്നത്. അതിന്റെ പിന്‍മുറക്കാരനായ ഗോപാല നായ്ക്കരുടെ താവളം ബ്രിട്ടീഷുകാരെപ്പോലും ഭയപ്പെടുത്തുന്നതായി.
പെരിയമരുതും, ചിന്നമരുതും, താണ്ഡവരായരുമായി സന്ധിച്ചാലേ തനിക്ക് ലക്ഷ്യം കാണാനാവൂയെന്ന് വേലു നാച്ചിയാര്‍ക്ക് ഉറപ്പായിരിരുന്നു. മരുതുകളുമായി സന്ധിച്ച് തന്റെ സന്ദേശമെത്തിക്കാന്‍ വേലുനാച്ചിയാര്‍ പെരിയമുത്തനെ ചുമതലപ്പെടുത്തി. രാംനാട് സേനാനായകനായിരുന്ന മൂക്കിയ പളനിയപ്പന്റെ മക്കളായ ചിന്ന മരുതും പെരിയമരുതും പാരമ്പര്യമായി തന്നെ രാജ്യത്തിന്റെ വിശ്വസ്ത കാവല്‍ഭടന്മാരാണ്. വിവാഹം കഴിഞ്ഞ് കാലമേറെയായിട്ടും പളനിയപ്പന് കുട്ടികളുണ്ടായിരുന്നില്ല. മരുദീശ്വര ക്ഷേത്രത്തിലെ പ്രാര്‍ത്ഥന യ്ക്കൊടുവില്‍ ഫലമായി പിറന്ന ആദ്യത്തെ കുഞ്ഞിന് വെളുത്ത മരുതെന്ന് എന്ന് പേരിട്ടു. ആറുവര്‍ഷത്തിന് ശേഷം പിറന്ന രണ്ടാമന് ചിന്നമരുത് എന്നും പേരിട്ടു. ആറുവയസിന്റെ വ്യത്യാസമുണ്ടെങ്കിലും ഇരട്ടകളെ പ്പോലെ വളര്‍ന്നവര്‍. അരുപ്പുകോട്ടൈയ്ക്കു നരിക്കുടി ഗ്രാമ ത്തിലെ വീടു വിട്ട് അമ്മ പൊന്നാത്തോള്‍ക്കൊപ്പം വിരുദുനഗറിലേക്ക് മാറി താമസിച്ച കുടുംബം. രാംനാട് സൈന്യത്തിന്റെ പരിശീലനക്കളരിയായ സുരൺ കോട്ടൈയില്‍ പതിനഞ്ചാം വയസുമുതല്‍ പയറ്റിത്തെളിഞ്ഞ യുവ പോരാളികള്‍ . പുലി വിഴുണ്ട ഉരുണിയെന്ന വീരകഥയുടെ നായകര്‍.
ഒരിക്കല്‍ മുത്തു വടുക നാഥർ വേട്ടയാടാൻ പോകുമ്പോള്‍ പടയാളികളോടൊപ്പം ചിന്ന മരുതി നെയും പെരിയമരുതിനെയും കാട്ടിലേക്ക് കൊണ്ടുപോയി. ഉള്‍ക്കാട്ടില്‍ വച്ച് ഒരു കൂറ്റന്‍ കടുവ സംഘത്തെ ആക്രമിച്ചു. കടുവയില്‍ നിന്ന് രക്ഷപ്പെടാന്‍ രാജാവ് രക്ഷയ്ക്കായി വലിയ മരത്തിന്റെ മുകളിൽ കയറി. ഒപ്പമു ണ്ടായിരുന്ന സൈനികർ കടുവയെ കണ്ടതോടെ പേടിച്ചോടി. മരത്തിന്റെ മുകളിലിരുന്ന് മുത്തു വഡുഗ നാഥ തേവര്‍ അതിശയകരമായ ആ കാഴ്ച കണ്ടു. മീശമുളയ്ക്കാത്ത രണ്ടു കൗമാരക്കാര്‍ വലിയ കടുവയോട് മല്ലിടുന്നു. പെരിയമരുത് കടുവയുടെ തലയെ ആക്രമിക്കുമ്പോള്‍, ചെറിയ മരുത് കടുവയെ വാലിൽ പിടിച്ച് നിലത്തേക്ക് എറിയുന്നു. രണ്ടാളുടെയും മല്‍പ്പിടുത്തത്തിനൊടുവില്‍ നെഞ്ചിന്‍കൂട് തകര്‍ന്ന് കടുവ ചത്തു മലച്ചു. മരുതുകള്‍ കടുവയെ മല്‍പ്പിടുത്തം നടത്തി കൊന്ന കഥ ശിവഗംഗയില്‍ പരന്നു. വീരശൂര പരാക്രമികളായ മരുതുകളെ രാജാവ് ശിവഗംഗയുടെ സേനാനായകരാക്കി.
പാഞ്ചാല ക്കുറിച്ചിയിലെ വീരപാണ്ഡ്യ കട്ടബൊമ്മനുമായി സൗഹൃദം സ്ഥാപിച്ച മരുതുകള്‍ കട്ടബൊമ്മ ന്റെയും വിശ്വസ്തരായി. വെള്ളക്കാരോട് സന്ധിയില്ലാതെ പോരാടിയ കട്ടബൊമ്മന് മരുതുകളുടെ സഹായം വിലപ്പെട്ടതായിരുന്നു.
കമ്പനിയുടെ ഭരണത്തിന് കട്ടബൊമ്മന്‍ വെല്ലുവിളിയാണെന്ന് തിരിച്ചറിഞ്ഞ വെള്ളക്കാര്‍ പാഞ്ചാലം കുറിച്ചി ആക്രമിച്ചു. മേജർ ബാനര്‍മാന്‍ കീഴടങ്ങാന്‍ കട്ടബൊമ്മന് അന്ത്യശാസനം നൽകിയെങ്കിലും കട്ട ബൊമ്മൻ അത് വകവെച്ചില്ല. പാഞ്ചാലംകുറിശ്ശിയിലെ കട്ടബൊമ്മന്റെ കോട്ട ആക്രമിച്ചപ്പോള്‍ മരുതുകളുടെ നേതൃത്വത്തില്‍ പ്രത്യാക്രമണം നടത്തിയെങ്കിലും വിജയം ബ്രിട്ടീഷുകാര്‍ക്കായിരുന്നു.
യുദ്ധത്തില്‍ തോറ്റതോടെ കട്ടബൊമ്മന്‍ കാട്ടിലേക്ക് മാറി. മന്ത്രി ശിവസുബ്രമണിയെ ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്തു. ബ്രിട്ടീഷുകാര്‍ക്കെതിരെ കാട്ടിലിരുന്ന് ഒളിപ്പോരു നടത്തുകയായിരുന്ന കട്ടബൊമ്മനെ കമ്പനിക്ക് കപ്പം കൊടുത്തിരുന്ന വിജയ രഗുനാഥ തൊണ്ടിമാൻ കാട്ടിൽ നിന്ന് പിടികൂടി വെള്ളക്കാർക്ക് കൈമാറി. സ്വന്തം മണ്ണില്‍ നിന്നുള്ള ഈ ചതിയില്‍ കട്ടബൊമ്മന്‍ തകര്‍ന്നു. ബ്രിട്ടിഷ് കമ്പിനിക്ക് വശംവദനായി നിന്നാല്‍ രാജ്യം തിരിച്ചു നല്‍കാമെന്ന് ബാനര്‍ മാന്‍ വാഗ്ദാനം ചെയ്തെങ്കിലും സ്വന്തം മണ്ണിനെ ഒറ്റിക്കൊടു ക്കാന്‍ കട്ടബൊമ്മന്‍ തയ്യാറായില്ല. കട്ടബൊമ്മനെ സഹായിക്കുന്നവരെ ഭയപ്പെടുത്തുന്നതിനായി കട്ടബൊമ്മ നെയും അനുയായികളെ കയത്താറിൽ വച്ച് തൂക്കിലേറ്റി ബാനര്‍ മാന്‍ പകവീട്ടി. കൊട്ടാരത്തിന്റെ കവാട ത്തില്‍ ബ്രിട്ടീഷുകാരുമായി കലാപങ്ങളിൽ ഏർപ്പെടുന്ന ഏതൊരു പാളയക്കാരും കോട്ടബൊമ്മനെപ്പോലെ കൊല്ലപ്പെടും എന്ന ചെമ്പോല തൂക്കി.
പെരിയമുത്തന്‍ തിരിച്ചെത്തിയത് മരുതുകളുടെ സന്ദേശവുമായാണ്. തങ്ങളും മന്ത്രി താണ്ഡവ രായൻ പിള്ളയും സുരക്ഷിതരാണെന്നും ഉടന്‍ അരിയാകുറിച്ചിയിലെ താവളത്തിലെത്തി റാണിയെ സന്ധിച്ചു കൊള്ളാമെന്നും മരുതുകളുടെ വാക്കുകള്‍ പെരിയമുത്തന്‍ ഉണര്‍ത്തിച്ചു. ആഴ്ചകള്‍ പിന്നിട്ടൊരു ദിവസം വന വാസികളുടെ വേഷത്തില്‍ അജാനു ബാഹുക്കളായ രണ്ടു പേര്‍ പാളയത്തിലേക്ക് നടന്നു വരുന്നത് കണ്ടപ്പോള്‍ വേലു നാച്ചിയാര്‍ക്ക് സമാധാനമായി. കൂടെ മന്ത്രി താണ്ഡവ രായനും. അരിയാകുറിച്ചിയിലെ കുടിലുകളുടെ മുറ്റം അന്ന് രാജകൊട്ടാരമായി മാറി. മന്ത്രിയും സേനാനായകരും ഒന്നിച്ച മുഹൂര്‍ത്തത്തില്‍ ആ താവളം ശിവഗംഗ യായി. വേലു നാച്ചിയാര്‍ റാണിയായി. ആലോചനകള്‍ക്കൊടുവില്‍ ഗോപാലനായ്കരെ കൊട്ടാരത്തിലെത്തി സന്ധിക്കാമെന്ന് തീരുമാനമായി.
പാഞ്ചാലംകുറുശി കീഴടക്കി കട്ടബൊമ്മനെ ഇല്ലാതാക്കിയ ശേഷം കട്ടബൊമ്മന്റെ സഹോദരൻ ഊമ ധുരയെ ബ്രിട്ടീഷുകാര്‍ പാളയങ്കോട്ട ജയിലിൽ അടച്ചപ്പോള്‍ രക്ഷകനായത് ഗോപാൽ നായ്ക്കരും മരുതുകളു മായിരുന്നു. വേഷം മാറി പാളയംകോട്ടയിലെത്തിയ ശേഷം ജയില്‍ ആക്രമിച്ച് ഊമധുരൈയെ പുറത്തിറക്കി. പാഞ്ചാലംകുറുശിയില്‍ നിന്നും ബ്രിട്ടീഷുകാരെ തുരത്തി, ഗോപാൽ നായ്ക്കർ ഊമധുരയെ പാഞ്ചാലങ്കുറിശ്ശി യിലെ രാജാവാക്കി. ബ്രിട്ടീഷുകാരോട് പോരാടാന്‍ സമീപ രാജ്യങ്ങളുമായൊക്കെ സഖ്യം രൂപീകരിച്ച് പോരാടുന്ന യോദ്ധാവ് തന്നോടൊപ്പമുണ്ടാകുന്നത് ശിവഗംഗ തിരിച്ചു പിടിക്കാന്‍ നിര്‍ണായകമാണെന്ന് വേലു നാച്ചിയാര്‍ ഉറപ്പിച്ചു.
തന്നെ കാണാനെത്തിയ ശിവഗംഗ റാണിയെ ഗോപാല നായ്ക്കരും ഭാര്യ പാപ്പമ്മാളും മക്കളായ മുത്തുവേൽ നായ്ക്കരും, പൊന്നപ്പ നായ്ക്കരും ചേര്‍ന്ന് സ്വീകരിച്ചു. മുത്തു വടുക നാഥന്റെ മരത്തിന് കാരണമായ രായപ്പനെയും ആര്‍ക്കോട്ട് നവാബിനെയും ഇംഗ്ലീഷ് ക്യാപ്റ്റന്‍മാരെയും കൊന്ന് ശിവഗംഗ വീണ്ടെടുക്കുമെന്ന് വേലുനാച്ചിയാർ ആവര്‍ത്തിച്ചു. തന്റെ സേനയുള്‍പ്പെടെ സര്‍വ സഹായവും വേലു നാച്ചിയാര്‍ക്ക് ഗോപാല നായ്ക്കര്‍ വാക്കു നല്‍കി. താവളമായി അയ്യംപിള്ളിയിലെ കോട്ട ഉപയോഗിക്കാനും അനുവാദമായി.
5
ശിവഗംഗ പിടിച്ചടക്കിയ മുതല്‍ ആര്‍ക്കോട്ടു നവാബും തിരഞ്ഞിരുന്നത് വേലു നാച്ചിയാരെ യായിരുന്നു. പട്ടാളത്തിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു പുറത്തുകടന്ന വേലുനാച്ചിയാരെയും മരുതുകളെയും തിരഞ്ഞ് ശിവഗംഗയിലെയും ചോളപുരത്തെയും വീടുകളും ക്ഷേത്രങ്ങളും വരെ പട്ടാളം അരിച്ചു പെറുക്കി. റാണിയുടെ താവളമറിയാന്‍ നാട്ടുകാരെ കഠിനശിക്ഷ നല്‍കി പീഡിപ്പിച്ചു. ഇരുട്ടിന്റെ മറവില്‍ കാടുകളില്‍ നിന്ന് കഴുകന്മാരെ പോലെ പറന്നിറങ്ങി കനത്ത നാശം വിതച്ചൊളിക്കുന്ന മരുതുകളെ കണ്ടെത്താന്‍ ബ്രിട്ടീഷുകാര്‍ കാടുകയറി. അവര്‍ ജീവിച്ചിരുന്നാല്‍ മാത്രം അപ്രതീക്ഷിതമായ സമയത്ത് ശിവഗംഗയുടെ തിരിച്ചടി നവാബ് ഭയന്നു. റാണിയും മരുതുകളും വീണ്ടുമൊന്നിച്ചാല്‍ ശിവഗംഗ തിരിച്ചുപിടിച്ചേക്കുമെന്ന് മ്പിനിക്ക് ഉറപ്പായിരുന്നു. രാജ്യത്തെ ജനങ്ങളെല്ലാം ഇപ്പോളും വേലുനാച്ചിയാര്‍ക്കൊപ്പമാണ്. വേലുനാച്ചിയാര്‍ വീണ്ടുമെത്തിയാല്‍ ശിവഗംഗയിലുണ്ടാകുന്ന ആഭ്യന്തര പ്രശ്നങ്ങള്‍ കമ്പിനിപ്പടത്തലവന്മാരുടെ ഉറക്കം കെടുത്തി.
മല്ലാരിരായന്റെ ചാരന്മാരും ഇതിനായി തുനിഞ്ഞിറങ്ങി. മരുതുകളുടെ സഖ്യബന്ധമുള്ള വിരൂപാച്ചിയിലോ ഡിണ്ടിഗലിലോ കാട്ടിനുള്ളില്‍ റാണിയും മരുതുകളും താണ്ഡവരായനും താവളമുറപ്പിച്ചിട്ടുണ്ടാകാമെന്ന് മല്ലാരി രായന്‍ ഉറപ്പിച്ചു.
റാണിയും മരുതുകളും താണ്ഡവരായനും ഗോപാലനായ്കരെ സന്ദര്‍ശിക്കാന്‍ പോയ ആ ദിവസങ്ങളില്‍ അരിയാകുറിച്ചിയിലേക്കുള്ള കാട്ടുപാതയില്‍ ബ്രിട്ടീഷ് കുതിരകള്‍ കുളമ്പടിച്ചു. ആയുധധാരികളായ സൈനികര്‍ കാട്ടുപാതയിലൂടെ വരുന്നുണ്ടെന്ന് ഒടയാല്‍ക്കൂട്ടത്തിലെ ചാരന്മാര്‍ താവളത്തിലറിയിച്ചു. ആപത്ത് അടുത്തെ ത്തുകയാണെന്ന് ഒടയാലിനും കൂട്ടുകാര്‍ക്കും മനസ്സിലായി.
വെള്ളച്ചി നാച്ചിയാരെ തന്നെ ഏല്‍പ്പിച്ച് പോയ താണ് റാണി. വെള്ളച്ചിയെ സംരക്ഷിച്ചേ മതിയാകൂ. ഒടയാല്‍ ഒരു പദ്ധതിയിട്ടു. ഗോപാല നായ്കരെ കാണാന്‍ പോയ റാണിയെയും സംഘത്തെയും വിവരമറിയി ക്കാനും സുരക്ഷിത താവളത്തിലേക്ക് മാറാനും സന്ദേശ വുമായി പെരിയമുത്തനെ ചുമതലപ്പെടുത്തി. വെള്ളച്ചി യെയും കുയിലിലെയും അരുവി കടത്തി കാട്ടിനുള്ളിലെ ഗുഹയിലൊളിപ്പിക്കാന്‍ വിശ്വസ്തരെ ഏല്‍പ്പിച്ചു. കുടിലുകള്‍ക്കുള്ളിലെ ആയുധങ്ങള്‍ കിണറുകളില്‍ ഒളിപ്പിച്ചു. കുടിലുകളിലുള്ളവരോടൊക്കെ സാധാരണ മട്ടില്‍ പെരുമാറാനും ഒരു കാരണവശാലും റാണിയെ ഒറ്റിക്കൊടുക്കരുതെന്നും ചട്ടം കെട്ടി ഒടയാര്‍ രോഗം ഭാവിച്ച് കുടിലിനുള്ളില്‍ കിടന്നു.
കാട്ടുപാതയില്‍ വച്ച് കാലിയമേയ്ക്കുകയായിരുന്ന അരിയാകുറിച്ചിയിലെ ഒരു വനവാസിയെ ബ്രിട്ടീഷ് പട്ടാളക്കാരും രായപ്പന്റെ ചാരന്മാരും പിടികൂടി. അവരുടെ ചോദ്യങ്ങള്‍ക്കൊന്നും അയാളില്‍ നിന്ന് ഉത്തരം കിട്ടിയില്ല. കൈകാലുകള്‍ കെട്ടിയിട്ട് കുതിരകള്‍ക്കു പിന്നാലെ അയാളെ കാട്ടുവഴിയിലൂടെ കെട്ടി വലിച്ചു. അതി കഠിനമായ ദണ്ഡങ്ങള്‍ക്കൊടുവില്‍ ഒടയാലിന്റെ കുടിലില്‍ എത്തിയ അപരിചിതരെക്കുറിച്ച് അയാള്‍ക്ക് പറയേണ്ടി വന്നു. കുടിലില്‍ വേലുനാച്ചിയാര്‍ വെള്ളച്ചി നാച്ചിയാര്‍ക്കൊപ്പം കഴിയുന്നതും അരുന്ത തിയാര്‍ സമുദായക്കാരെ ചേര്‍ത്ത് പടയ്ക്ക് രൂപം നല്‍കിയതും ആയുധപരിശീലനം നടത്തുന്നതും അയാളില്‍ നിന്ന് രായപ്പന്റെ പടയാളികള്‍ ചോര്‍ത്തിയെടുത്തു. ചോരയൊലിപ്പിച്ച് കിടക്കുമ്പോഴും വേലു നാച്ചിയാരും മരുതുകളും പോയ വഴിയോ ഉദ്ദേശമോ അയാള്‍ വെളിപ്പെടുത്തിയില്ല. അയാളെയും കൊണ്ട് അരിയാകുറിച്ചി യിലേക്ക് സംഘം നീങ്ങി.
കുടിലുകളുടെ തുടക്കം ഒടയാലിന്റെ കൂരയില്‍ നിന്നാണ്. ഇംഗ്ലീഷുകാരുടെ കുതിരകള്‍ കുടിലിനടുത്തെത്തി. ഉള്ളില്‍ പുതച്ചു മൂടിക്കിടന്ന ഉടയാലിനെ മല്ലാരിരായന്റെ ചാരന്മാര്‍ വിളിച്ചുണര്‍ത്തി കാര്യങ്ങള്‍ ചോദിച്ചു. ആരും എത്തിയിട്ടില്ലെന്ന ഒടയാലിന്റെ ഉത്തരത്തിന് പിന്നാലെ ദണ്ഡകള്‍ മറുപടി പറഞ്ഞു. കുടിലിന്റെ മുറ്റത്തെ മരുതു മരത്തില്‍ കെട്ടിയിട്ട് ഒടയാലിനെ ഇംഗ്ലീഷുകാര്‍ മര്‍ദ്ദിച്ചു. എത്ര തന്നെ വേദന സഹിച്ചിട്ടും വേലു നാച്ചിയാരെ പറ്റി ഒരു വാക്കുപോലും ഒടയാലില്‍ നിന്ന് പുറപ്പെട്ടില്ല. ഇംഗ്ലീഷ് പട്ടാളക്കാര്‍ കുടിലുകളിലേക്ക് കയറി സര്‍വതും വലിച്ചു വാരിയിട്ടു. കുട്ടികളെ കഠിനമായി മര്‍ദ്ദിച്ചു. അവര്‍ കരഞ്ഞു നിലവിളിക്കുമ്പോള്‍ മുതിര്‍ന്നവരില്‍ നിന്ന് സത്യമറിയാന്‍ ദണ്ഡകള്‍ പലുവരു ഉയര്‍ന്നു പൊങ്ങി. കുടിലുകളുടെ മൈതാനത്ത് ആളുകളുടെ ചവിട്ടടി പതിഞ്ഞ് കല്ലിച്ച നിലത്തില്‍ നിന്ന് അവിടം ആയുധ പരിശീലനം നടക്കുന്ന സ്ഥലമാണെന്ന് മല്ലാരി രായന്റെ ചാരന്മാര്‍ക്ക് മനസ്സിലായി. കിണറുകളില്‍ നിന്ന് അവര്‍ കുന്തങ്ങളും, അമ്പുകളും കണ്ടെടുത്തു. ഇതെല്ലാം കാണിച്ച് ഉദയാലിനെ പിന്നെയും മര്‍ദ്ദിച്ചു. എത്ര ചേദിച്ചിട്ടും ഉദയാലില്‍ നിന്ന് ഒന്നും കിട്ടാതായ തോടെ തലവന്റെ വാള്‍ ഉദയാലിന്റെ കഴുത്തിന് നേരെ ഉയര്‍ന്നു താണു. കണ്ണടഞ്ഞു പോകുന്നതുവരെ ഒരക്ഷ രവും പുറത്തുവരാതെ ഉദയാല്‍ വേലുനാച്ചിയാര്‍ക്കുവേണ്ടി കുടിലിന്ന് മുന്നില്‍ ചോരയില്‍ കുളിച്ച് കിടന്നു.
ഗോപാലനായ്കരെ സന്ദര്‍ശിച്ചു തിരികെ വരികയായിരുന്ന വേലുനാച്ചിയാരെ പെരിയ മുത്തന്‍ സന്ധിച്ച് അരിയാകുറിച്ചിയിലെ വിവരങ്ങള്‍ അറിയിച്ചു. പേടിച്ചത് സംഭവിച്ചിരിക്കുന്നു. തന്റെ താവളം അവര്‍ പിന്തുടര്‍ന്ന് കണ്ടെത്തിയിരിക്കുന്നു. ഗോപാല നായ്കര്‍ നിര്‍ദ്ദേശിച്ച അയ്യംപിള്ളിയിലേക്ക് താവളം മാറ്റാമെന്ന് മരുതു കളും താണ്ഡവരായനും ഉപദേശിച്ചു. വിരൂപാച്ചി, ഇഷ്ടാച്ചി, ഡിണ്ടിഗല്‍ കാടുകള്‍ക്ക് നടുവില്‍ യുദ്ധപരിശി ലനത്തിന് നായ്കര്‍ ഉപയോഗിക്കുന്ന പല കോട്ടകളുണ്ട്. ദേവകോട്ട, ചക്രപതി കോട്ട, കൊട്ടാരം ശിരുവയൽ കോട്ട, പാണ്ഡ്യൻ കോട്ട, പടമാത്തൂർ കോട്ട, മാനാമധുര കോട്ടയെല്ലാം വനത്തിനു ള്ളിലാണ്. പുറമേ നിന്നൊ രാള്‍ക്ക് അത്ര പെട്ടെന്ന് അവയിലെത്താന്‍ സാധിക്കുകയില്ല. അരിയാകുറിച്ചി യിലെ താവളം ചാരന്മാര്‍ കണ്ടത്തിയ സ്ഥിതിക്ക് ഇനി അരിയാകുറിച്ചി കോട്ടയില്‍ തങ്ങുക സുരക്ഷിതമല്ല.
അരിയാകുറിച്ചിയിലെ താവളത്തിലെ സ്ഥിതി എന്തെന്നറിയാതെ വേലു നാച്ചിയാര്‍ ദുഖിതയായി. വെള്ളച്ചി നാച്ചിയാരും ഒടയാലും, കുയിലിയും സുരക്ഷിതരായിരിക്കുമോ? അരുന്തതിയാരുടെ കുടിലുകള്‍ ബ്രിട്ടീഷുകാര്‍ കത്തിച്ചു ചാമ്പലാക്കിയിട്ടുണ്ടാകുമോ? തനിക്ക് അഭയമൊരുക്കി ഒപ്പം നിന്ന നാട്ടുകാരടെ സ്ഥിതിയെന്തായിരിക്കും? നൂറുനൂറു ചിന്തകള്‍ വേലുനാച്ചിയാരുടെ മനസ്സിലൂടെ കടന്നു പോയി.എന്തു വന്നാലും അരിയാകുറിച്ചിയിലെ താവളത്തില്‍ എത്തുക തന്നെയെന്ന് നാച്ചിയാര്‍ ഉറപ്പിച്ചു. അരിയാകുറിച്ചിയിലേക്ക് നേരിട്ടുള്ള വഴിയിലൂടെയല്ലാതെ ഉള്‍ക്കാട്ടിലൂടെ മരുതുകള്‍ വേലു നാച്ചിയാരെ നയിച്ചു.
താവളമടുക്കും മുമ്പെ തന്നെ അരിയാകുറിച്ചിയിലെ വിവരമറിയിക്കാന്‍ നായ്കര്‍ പാളയത്തിലേക്ക് പുറപ്പെട്ട വനവാസികള്‍ സംഘവുമായി സന്ധിച്ചു. ഒടയാലിനെ ക്രൂരമായി കൊന്നതും കുടിലുകള്‍ തകര്‍ത്തതും വെള്ളച്ചി നാച്ചിയാരെയും കുയിലെയും ഗുഹയിലൊളിപ്പിച്ചതുമെല്ലാം കേട്ടപ്പോള്‍ സംശയിച്ചത് സംഭവിച്ചു കഴിഞ്ഞെന്ന് വേലു നാച്ചിയാര്‍ക്ക് ബോധ്യപ്പെട്ടു.
തനിക്ക് ദാഹം തീര്‍ക്കാന്‍ വെള്ളം തന്ന് നാട്ടുകാരെ തന്നോടൊപ്പം നിര്‍ത്തി ചെറുപട തന്നെ ഉണ്ടാക്കാന്‍ സഹായിച്ച ഒടയാലിന്റെ മരണം തീരാവേദനയായി നാച്ചിയാര്‍ക്കുള്ളില്‍ നിറഞ്ഞു. സീതാ ദേവിയെ അപ ഹരിച്ച് പുഷ്പക വിമാനത്തില്‍ പോയ രാവണനെ തടഞ്ഞ് മരണം പൂകിയ ജടായുവിനെ പോലെ ഒടയാലും നന്മയ്ക്കായി ജീവിതം സമര്‍പ്പിച്ചിരിക്കുന്നു. ഒടയാലിന്റെ മരണത്തിനും കണക്കു ചേദിക്കുമെന്ന് നാച്ചിയാര്‍ ശപഥം ചെയ്തു.
അരിയാകുറിച്ചിയുടെ സമീപത്തൊന്നും ശത്രുക്കളിലില്ലെന്ന് ഉറപ്പുവരുത്തി വേലു നാച്ചിയാരും മരുതു കളും കുടിലുകള്‍ക്ക് സമീപമെത്തി. അഗ്നിക്കിരയാക്കിയ കുടിലുകളില്‍ നിന്ന് അപ്പോഴും പുകയുയരുന്നുണ്ടാ യിരുന്നു. കുടിലുമുന്നിലെത്തിയ വേലുനാച്ചിയാരെ എതിരേറ്റത് ഒടയാല്‍ തല വേര്‍പെട്ട് കിടക്കുന്ന കാഴ്ച യാണ്. കാടുകയറിയിരുന്ന നാട്ടുകാര്‍ റാണിയുടെ സാന്നിധ്യമറിഞ്ഞ് തിരിച്ചെത്തിത്തുടങ്ങി. തനിക്കു വേണ്ടി ജീവന്‍ വെടിഞ്ഞ ഒടയാലിനെ ആ കുടിലിനു സമീപം സംസ്കരിച്ചു.
വാളാല്‍ മരിച്ച ഒടായാല്‍ ഇനി മുതല്‍ . വെട്ടു ഉടയാല്‍ കാളിയാണ്. കാളിയുടെ സംതൃപ്തിക്കായി ചെയ്യാനുള്ളത് ഇതു ചെയ്തവന്റെ തല വേര്‍പെടുത്തലാണ്. രാജേശ്വരി അമ്മന്‍ തുണയാല്‍ നാം അത് ചെയ്യുക തന്നെ ചെയ്യും
അരുന്തതിയാര്‍ സമുദായത്തിന്റെ ആചാരപ്രകാരം ശ്മശാന സ്ഥലത്ത് നടുക്കല്ല് നട്ട് ഉദയാലിന് അന്ത്യകർമങ്ങൾ നടത്തുമ്പോള്‍ പകകൊണ്ടും വിഷമം കൊണ്ടും റാണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കാട്ടിലെ ഗുഹയില്‍ പാര്‍പ്പിച്ച വെള്ളച്ചി നാച്ചിയാരെയും കുയിലിയെയും നാട്ടുകാര്‍ റാണിക്കരുകിലെത്തിച്ചു. രണ്ടുപേരെയും നെഞ്ചോട് ചേര്‍ത്ത് വേലുനാച്ചിയാര്‍ അമ്മയായി മാറി. താവളം വിരൂപാച്ചിപ്പാളയത്തിലേക്ക് മാറ്റാമെന്ന് തീരുമാനമായി.
ഞാന്‍ കാരണം എല്ലാം നഷ്ടപ്പെട്ട നിങ്ങള്‍ക്ക് എന്റെ സഹായം എപ്പോഴുമുണ്ടാകും. വിരൂപാച്ചിയിലേക്ക് വരാന്‍ താല്‍പര്യമുള്ളവര്‍ക്കെല്ലാം വരാം
അതുവരെ റാണിയോടുള്ള സഹവാസവും ആയുധപരിശീലനവും കൊണ്ട് ഒരു ചെറുപടയായി മാറിയിരുന്ന ആ സംഘം നാച്ചിയാരെ പിരിയാനാഗ്രഹിച്ചില്ല. ഇനി അവിടെത്തന്നെ തുടര്‍ന്നാല്‍ തന്നെ ബ്രിട്ടീഷുകാര്‍ ഇനിയു മെത്തി ഉപദ്രവിക്കുമെന്നും അവര്‍ക്കും ഉറപ്പായിരിന്നു. അവരിയില്‍ പ്രായമായവര്‍ മാത്രം അരിയാകുറിച്ചി യില്‍ തങ്ങാനാഗ്രഹിച്ചു. സ്ത്രീകളും യുവാക്കളുമുള്‍പ്പെടെ വേലു നാച്ചിയാരുടെ വിശ്വസ്ത പടിയാളികളായി ഒപ്പം നിന്നു.
ഇതു വരെ വെട്ടു ഉടയാല്‍ കാളിയാണ് നിങ്ങളെ നയിച്ചത്. അവളായിരുന്നു നിങ്ങളുടെ സേന തലവന്‍. ഈ നിമിഷം ഞാന്‍ നിങ്ങള്‍ക്ക് മറ്റൊരു നേതാവിനെ തരാന്‍ പോകുന്നു.
വേലുനാച്ചിയാര്‍ കുയിലിയെ മുന്നിലേക്ക് നിര്‍ത്തി.
ഇനി കുയിലിയാണ് ഈ സംഘത്തിന്റെ നേതാവ്. ചെറിയ പ്രായത്തില്‍ തന്നെ ആയുധാഭ്യാസത്തില്‍ മുന്നിട്ടു നില്‍ക്കുന്നവളാണ് കുയിലി. ശിവഗംഗ തിരിച്ചു പിടിക്കാനുള്ള നമ്മുടെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടു ക്കാന്‍ കുയിലിക്കാവും. എനിക്കുറപ്പുണ്ട്.
അരസിയാരെ..ഞാന്‍ എത്രയോ ഇളയവള്‍..കൂട്ടത്തിലെ മുതിര്‍ന്ന ഒരാളെ തലപതിയാക്കുന്നതല്ലേ ഉചിതം?
കുയിലി..നീ എന്‍ ഇളവരശി, ഇപ്പോള്‍ നമ്മുടെ കൂട്ടത്തില്‍ യുദ്ധമുറകളെല്ലാം നന്നായി പഠിച്ചെടുത്തത് നീയാണ് . നീ തന്നെ നമ്മുടെ സ്ത്രീകളെ നയിക്കണം. നമ്മുടെ സ്ത്രീകളുടെ കൂട്ടായ്മ ഇനി വീരമങ്ക ഒടായാലിന്റെ പേരിലായിരിക്കും. ഒടായാല്‍ പെണ്‍പടൈ സംഘം. വെള്ളക്കാരെയും നവാബിനെയും തുരത്താന്‍ നമ്മുടെ മങ്കമാര്‍ക്ക് കഴിയും എനിക്കുറപ്പുണ്ട്..
ആ വേദനകള്‍ക്കിടയിലും അവര്‍ വേലു നാച്ചിയാരുടെ വാക്കുകളെ സന്തോഷത്തോടെ സ്വീകരിച്ചു. കാട്ടുവഴികളിലൂടെ ആ സംഘം വിരൂപാച്ചിപ്പാളയത്തിലേക്ക് യാത്ര തിരിച്ചു.
6
ഗോപാല നായ്ക്കരുടെ പാളയത്തിലെത്തുമ്പോഴും ലക്ഷ്യം ഇനിയും അകലെയാണെന്ന് വേലുനാച്ചിയാര്‍ക്കറിയാമായിരുന്നു, നവാബിന്റെ ചാരന്മാര്‍ ഈ താവളവും കണ്ടുപിടിക്കും. അതിനു മുമ്പ് ശക്തമായൊരു സേനയുണ്ടാകണം. എണ്ണത്തില്‍ കുറഞ്ഞ അരുന്തതിയാര്‍ സേന കൊണ്ട് ബ്രിട്ടീഷുകാരും നവാബും കോട്ട കെട്ടിയ ശിവഗംഗ തിരിച്ചു പിടിക്കുക എളുപ്പമല്ല. ബ്രിട്ടീഷ് കമ്പിനിയുടെ കണ്ണിലെ കരടാണ് ഗോപലാ നായ്കരും മരുതുകളും താനുമെല്ലാം. കൂടുതല്‍ സഖ്യങ്ങളുണ്ടാകണം. ഈ മണ്ണിനെ സ്നേഹിക്കുന്നവരുടെ ദൃഡമായ സഖ്യത്തിലൂടെ മാത്രമേ നിലനില്പുള്ളൂ. പീരങ്കികള്‍ കൊണ്ട് യുദ്ധം ചെയ്യുന്നവരോട് നേരിട്ടൊരു യുദ്ധം വിനാ ശകരമാണ്. കൂടെയുള്ളവരുടെ ആള്‍ നാശത്തിനേ അതുപകരിക്കൂ..തക്കം പാര്‍ത്തിരുന്ന് പ്രതീക്ഷിക്കാത്ത സമയത്തെ ഒളിയുദ്ധത്തിലൂടെ അവരുടെ പാളയവും ആയുധശേഖരവും നശിപ്പിക്കേണ്ടിയിരിക്കുന്നു. അതിന് എത്ര ദൂരവും താണ്ടി ശത്രുവിനെ തകര്‍ക്കാനുള്ള സൈന്യബലം വേണം. കുതിരപ്പടയും വാള്‍പ്പടയും വേണം.
ഗോപാല നായ്കരുടെ സംഘത്തിലെ ആളുകളും അരുന്തതിയാര്‍ സേനയും ഒന്നിച്ച് പരിശീലനം തുടങ്ങി. വിരൂപാച്ചിക്കാരായ സ്ത്രീകളുടെ വലിയ സംഘം തന്നെ വേലു നാച്ചിയാര്‍ക്കും കുയിലിക്കും കീഴില്‍ വളരിയും പരിശീലിക്കാനെത്തി. ഒരാൾക്ക് ഒരാള്‍ എന്ന മട്ടിൽ വാൾ പയറ്റ് പഠിപ്പിക്കുന്നതിനു പകരം പത്തുപേരെ ഒാരോരുത്തക്കര്‍ക്കും എതിരാളികളായി നിര്‍ത്തി കഠിനപരിശീലനമെന്ന തന്ത്രമായിരുന്നു കുയിലിയുടേത്. ആള്‍ബലം കുറഞ്ഞാലും ഏത് വന്‍പടയെയും എതിര്‍ക്കാനുള്ള മെയ്യുറപ്പും ആത്മവിശ്വാസവും ഉണ്ടാക്കിയെടുക്കുകയെന്ന കുയിലുടെ യുദ്ധ തന്ത്രം മരുതുകളെപ്പോലും അത്ഭുതപ്പെടുത്തി . എല്ലാ ദിവസവും അതിരാവിലെ പെണ്‍പടയ്ക്ക് വളരിയിൽ കുയിലി പരിശീലനം നൽകി.
റാണിയുടെ എല്ലാ കാര്യങ്ങളിലും ശ്രദ്ധപുലര്‍ത്തി ഒരു കൗമാരക്കാരിയുടെ മുഖത്തിനപ്പുറം പക്വതയുള്ള സേനാനായികയായി കുയിലി മാറിക്കഴിഞ്ഞു. അമ്മയെ നഷ്ടപ്പെട്ട കുയിലിക്ക് വേലു നാച്ചിയാര്‍ പോറ്റമ്മ യായി. വെള്ളച്ചി നാച്ചിയാര്‍ക്കൊപ്പം കുയിലി ശിവഗംഗയുടെ വളര്‍ത്തുമകളായി . ഏതു സമയത്തും അവളുടെ കണ്ണുകള്‍ വേലു നാച്ചിയാരെ ചുറ്റി നിന്നു. എല്ലാവരും ഉറങ്ങിയാലും കുയിലി രാത്രിയില്‍ പല പ്രാവശ്യവും പാളയത്തില്‍ ചുറ്റി നടന്നു.
വിരൂപാച്ചി പാളയത്തില്‍ സിലാംബം പരിശീലിപ്പിക്കുന്ന തലവനാണ് വെട്രിവേല്‍. കുയിലിക്കൊ പ്പമുള്ള സ്ത്രീകളുടെ കൂട്ടത്തെ ദണ്ഡ കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കാന്‍ ഗോപാല നായ്കര്‍ നിയോഗിച്ചതാ യിരുന്നു വെട്രി വേലിനെ. കുയിലിക്ക് അരുന്തതിയാര്‍ സേനയിലുള്ള സ്വാധീനവും വേലുനാച്ചിയാരോട് കുയിലിക്കും പെരിയമുത്തനുമുണ്ടായിരുന്ന അമിത സ്വാതന്ത്ര്യവും വെട്രിവേലിനെ അസൂയാലുവാക്കി. ഗോപാല നായ്കര്‍ സേനയിലുള്ളവര്‍ വരെ കുയിലിയെ അനുസരിച്ചു കൊള്ളണമെന്ന് റാണിയുടെ തീരുമാനവും കുയിലി യുടെ അഭ്യാസപാടവവും വെട്രിവേലിന്റെ മനസ്സില്‍ കനലായി കിടന്നു. ഒരു വേള രഹസ്യമായി താഴ്ന്ന ജാതി ക്കാരിയായ കുയിലിയുടെ കൈകളിൽ ഒരു ഉത്തരവാദിത്തവും ഏല്‍പ്പിക്കരുതെന്ന് ഉപദേശിക്കാനും വെട്രി വേല്‍ തുനിഞ്ഞു. ജാതി കാണാത്തവർ താൻ എന്റെ പടയണിയിൽ ഉണ്ടാകണമെന്ന് വെട്രിവേലിന്റെ വാക്കു കള്‍ക്ക് വില കല്പിക്കാതെ വേലുനാച്ചിയാര്‍ മറുപടി പറഞ്ഞു.
തുടര്‍ന്ന നാളുകളില്‍ വെട്രിവേല്‍ വാക്കുകള്‍ കൊണ്ട് കുയിലിയെ കുത്തിനോവിക്കുന്നത് പതിവായി. ജാതിയെന്തെന്നും പാരമ്പര്യ തൊഴിലെന്തെന്നും മറ്റു പടയാളികള്‍ക്ക് മുന്നില്‍ വച്ച് കുയിലിയോട് ചോദിക്കുന്നതില്‍ അയാള്‍ രസം കണ്ടെത്തി.
തോലും ചെരുപ്പും കുത്തുന്ന സൂചിയല്ല സിലാംബം. എഴുത്തും ചൊല്ലുമില്ലാത്തവരല്ല തലപതിയാവേണ്ടത്. അറിവുള്ളവരുടെ കയ്യിലേ ആയുധം ഉറയ്ക്കുകയുള്ളൂ
വെട്രിവേലിന്റെ വാക്കുകള്‍ തന്റെ ജാതിയെയും കുലത്തൊഴിലായ ചെരുപ്പുകുത്തിനെ കളിയാക്കുന്നതാ ണെന്ന് കുയിലിക്ക് മനസ്സിലായി. കുയിലി ജാതിയില്‍ താണതാണെന്നും എഴുത്തും വായനയും അറിയി ല്ലെന്നും പരസ്യമായി പറഞ്ഞ് വെട്രിവേല്‍ തന്റെ പക തീര്‍ത്തു തുടങ്ങി. പയറ്റു പരിശീലനത്തിനിടയില്‍ പലപ്പോളും അടവു തെറ്റിച്ച് വെറ്റിവേലിന്റെ കുറുവടി കുയിലിക്ക് മേല്‍ പതിച്ചു. വേദന പുറത്തുകാണിക്കാതെ കുയിലി പരിശീലനങ്ങളില്‍ മുഴുകി. ഇതിനു പുറമേ ശിവഗംഗയുടെ പടത്തലവന്‍ ചിന്ന മരുതും കുയിലിയും തമ്മില്‍ സ്നേഹ ബന്ധമാണെന്ന് വെട്രിവേല്‍ സ്ത്രീകള്‍ക്കിടയില്‍ പറഞ്ഞു പരത്തി. സിലാംബം ഗുരുവിന്റെ തന്നോടുള്ള ഇടപെടലിലെ പൊരുത്തമില്ലായ്മ കുയിലിയെയും ആദ്യം വേദനിപ്പിച്ചു. താന്‍ കാരണം ഒരു തര്‍ക്കത്തിന് ഇടവരരുതെന്ന് കരുതി വേലുനാച്ചിയാരെ ഒന്നുമറിയിക്കാതെ കുയിലി എല്ലാം ഉള്ളിലൊതുക്കി.
ഏതു വിധവും റാണിയെയും ഗോപാല നായ്കരെയും തമ്മില്‍ തെറ്റിക്കാനും കുയിലിയെ പുറത്താക്കാനും വെട്രിവേല്‍ തക്കം പാത്തിരുന്നു. ശിവഗംഗയിലെ കാര്യങ്ങളെല്ലാം തന്നെ പല സമയത്തുമായി വേലുനാച്ചി യാരില്‍ നിന്നും വെട്രിവേല്‍ മനസ്സിലാക്കിയെടുത്തു.
ഒരു ദിവസത്തെ രാത്രി പരിശേധനയ്ക്കിടയില്‍ റാണിയുടെ കിടപ്പറയ്ക്ക് സമീപം ഒരു നിഴലാട്ടം കുയിലിയുടെ ശ്രദ്ധയില്‍ പെട്ടു. പല കാവല്‍ക്കാരുള്ള പാളയത്തില്‍ ഈ സമയം എല്ലാവരുടെയും കണ്ണു വെട്ടി ച്ചെത്തിയത് ശത്രു തന്നെയെന്ന് കുയിലിക്ക് ഉറപ്പായി. കയ്യില്‍ വാളുമായി ആ രൂപം വേലുനാച്ചിയാരുടെ കിടപ്പറവാതില്‍ തുറക്കാനൊരുങ്ങുന്നത് കണ്ട കുയിലി നിമിഷങ്ങള്‍ക്കകം പാഞ്ഞെത്തി. കുയിലിയെ കണ്ട ആ രൂപം രക്ഷപ്പെടാനുള്ള ശ്രമത്തില്‍ മുന്നിലേക്കാഞ്ഞൂ. പിറകേ നീങ്ങിയ കുയിലിക്കു നേരെ പെട്ടെന്ന് തിരിഞ്ഞു നിന്ന് അയാള്‍ വാള്‍ വീശി. കുയിലിയുടെ കൈത്തണ്ടയില്‍ ആഴത്തിലുള്ള മുറിവേറ്റു. ബഹളം കേട്ടുണര്‍ന്ന വേലു നാച്ചിയാര്‍ കണ്ടത് ചോരയൊലിപ്പിച്ചു നില്‍ക്കുന്ന കുയിലിയെയാണ്. തന്റെ ഉടുവസ്ത്രം വലിച്ചു കീറി വേലു നാച്ചിയാർ കുയിലിയുടെ മുറിവുകൾ കെട്ടാന്‍ തുടങ്ങി. എന്താണ് സംഭവിച്ചതെന്ന് കുയിലിയോട് റാണി ആരാഞ്ഞു
ഇവിടെയും ശത്രുവിന്റെ സാന്നിധ്യമുണ്ട്. റാണിയുടെ കിടപ്പറവാതിലിന് മുന്നിലാണ് ആയുധവുമായി ഞാന യാളെ കാണുന്നത്. തീര്‍ച്ചയായും അയാള്‍ നിസാരക്കാരനല്ല. ചാരനാണ്. പാളയത്തെക്കുറിച്ച് എല്ലാമറിയാ വുന്ന ഒരാള്‍ക്കു മാത്രമേ ഇവിടം വരെ എത്താനാകൂ..നാം കൂടുതല്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു..
ചോരയൊലിപ്പിച്ചു നില്‍ക്കുമ്പോഴും കുയിലിയിലെ സേനാനായിക റാണിയെ കാര്യങ്ങള്‍ ബോധ്യ പ്പെടുത്താന്‍ ശ്രമിച്ചു. ഗോപാല നായ്ക്കരുടെ പാളയത്തിലും ചാരന്മാരുടെ സാന്നിധ്യമുണ്ടെന്നും അതൊരു പക്ഷേ കൂട്ടത്തിലുള്ള ഒരാളുമായിരിക്കാമെന്നും വേലു നാച്ചിയാര്‍ക്കും ബോധ്യമായി.
പിറ്റേന്നു മുതല്‍ പാളയത്തിലെ ഒാരോരുത്തര്‍ക്കും മേല്‍ കുയിലുയുടെ കണ്ണുകള്‍ മേഞ്ഞു നടന്നു. വേലു നാച്ചിയാരെ അപായപ്പെടുത്താന്‍ മാത്രം ധൈര്യശാലിയായ ആ ചാരനാരെന്ന് കണ്ടു പിടിച്ചേ മതിയാവൂ എന്ന് കുയിലി ഉറപ്പിച്ചു. റാണിയുടെ സമീപത്തേക്കണയുന്ന ഒാരോ പടയാളിയിലും കുയിലി ശത്രുവിന്റെ രൂപം കണ്ടു. വേലുനാച്ചിയാര്‍ക്കുള്ള ഭക്ഷണവും വെള്ളവും വരെ പരിശോധനയ്ക്കു ശേഷം മാത്രം കുയിലി റാണിക്ക് കൈമാറി.
വിരൂപാച്ചിപാളയത്തിലെത്തി മൂന്നു വര്‍ഷം പിന്നിടുകയാണ്. ശിവഗംഗയെ തിരിച്ചു പിടിക്കണമെങ്കില്‍ കടുത്ത യുദ്ധം തന്നെ വേണ്ടിവരും. പാളയത്തില്‍ എത്തിയ നാട്ടുകാരെല്ലാം ആയുധങ്ങളില്‍ പരിശീലനം നേടി ക്കഴിഞ്ഞു. നേര്‍ക്കു നേരല്ലാതെ ഒളിയുദ്ധത്തിലൂടെ ബ്രിട്ടീഷുകാരുടെ പാളയം ആക്രമിച്ച് അവരുടെ ആയുധ ങ്ങള്‍ ആദ്യം നശിപ്പിക്കണം. കമ്പിനിയും നവാബും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കണം. വേലുനാച്ചി യാരും താണ്ഡവരായനും മരുതുകളും ഒന്നിച്ചിരുന്ന് തന്ത്രങ്ങള്‍ മെനയുന്ന സമയ ത്താണ് വെട്രിവേല്‍ ഒരു നിര്‍ദ്ദേശം പറയുന്നത്.
ശിവഗംഗയിലെ പ്രധാന ഒറ്റുകാരനായ മല്ലാരി രായനെ സ്വാധീനിച്ചാല്‍ മാത്രമേ ശിവഗംഗ പിടിക്കാനാകു. എനിക്കറിയാവുന്നിടത്തോളം മല്ലാരി രായനാവശ്യം ശിവഗംഗയുടെ മന്ത്രി സ്ഥാനമാണ്. അത് വാഗ്ദാനം ചെയ്താല്‍ അയാളെ വശത്താക്കാന്‍ കഴിയും. അയാള്‍ വഴി നവാബിന്റെയും ബ്രിട്ടിഷുകാരടെയും പദ്ധതികള്‍ അറിയാനും കഴിയും..ശത്രുവിനെ എതിര്‍ക്കാന്‍ അവരുടെ തന്നെ പാളയത്തിലെ ഒരാളെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്തുന്നതാണ് ബുദ്ധി. യുദ്ധം ജയിച്ചു കഴിഞ്ഞാല്‍ അയാളെ പരിഗണിച്ചു കൊള്ളണമെന്നില്ല. ഇത്തരമൊരു യുദ്ധത്തില്‍ ആയുധങ്ങളെക്കൊള്‍ കൂടുതല്‍ തന്ത്രങ്ങള്‍ക്കാണ് പ്രാധാന്യം.
ഈ തീരുമാനത്തെ വേലുനാച്ചിയാര്‍ ആദ്യം എതിര്‍ത്തു. ഒന്നാമത്തെ കാര്യം അങ്ങിനെയാരു ദൂതനെ അയക്കു ന്നത് താന്‍ എവിടെയാണെന്നും ആരോടാണ് സഖ്യമെന്നതും സ്വയം വെളിച്ചപ്പെടുത്തലാണ്. രണ്ടാമത്തേത് മുത്തു വഡുക നാഥനെ ചതിച്ചു കൊല്ലാന്‍ പിന്തുണച്ച മല്ലാരി രായനോടുള്ള സഖ്യം അത് എന്തിനുവേണ്ടി യാണെങ്കിലും അംഗീകരിക്കാന്‍ വേലു നാച്ചിയാര്‍ക്ക് ആവാത്തതായിരുന്നു. പക്ഷേ മരുതുകളും താണ്ഡവ രായനും ഈ തന്ത്രത്തില്‍ കുഴപ്പം കണ്ടില്ല. മല്ലാരി രായനെ വശപ്പെടുത്തിയാല്‍ ശിവഗംഗയില്‍ നവാബിന്റെ ഭരണത്തില്‍ വിള്ളലുണ്ടാക്കാമെന്നും ഇനി അഥവാ മല്ലാരി രായന്‍ ചതിക്കുകയാണെങ്കില്‍ തന്നെ ഗോപാല നായ്കര്‍ സേനയുമായി ചേര്‍ന്ന് പൊരുതി ജയിക്കാനുള്ള വളര്‍ച്ച ശിവഗംഗ സേനയ്ക്കുണ്ടെന്നും മരുതുകള്‍ വേലു നാച്ചിയാരെ ധൈര്യപ്പെടുത്തി. ഒരു പാടു കാലം കാത്തിരിക്കാതെ ശിവഗംഗ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യം കഴിവതും വേഗം നടപ്പാക്കേണ്ടതാണെന്ന് പടത്തലവന്മാര്‍ കൂടി പറഞ്ഞപ്പോള്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ സന്ദേശം തയ്യാറാക്കി ദൂതന്‍ വഴി ശിവഗംഗയിലെത്തിക്കാന്‍ വേലുനാച്ചിയാരുടെ പാതി മനസ്സോടെ തീരുമാന മായി. ശിവഗംഗ തിരിച്ചു പിടിക്കാന്‍ സഹായിച്ചാല്‍ മല്ലാരി രായനെ മന്ത്രിയാക്കാമെന്ന സന്ദേശം റാണി എഴുതി തയ്യാറാക്കി വെട്രിവേലിനെ ഏല്‍പ്പിച്ചു. ശിവഗംഗയുമായി ബന്ധമുള്ള ഒരാളല്ല ഗോപാല നായ്കന്റെ മധ്യസ്ഥ ശ്രമമായിട്ടുവേണം മല്ലാരി രായനെ സമീപിക്കാനെന്ന് വെട്രിവേല്‍ എല്ലാ വരെയും പറഞ്ഞു ബോധിപ്പിച്ചു. അവസാനം കത്തുമായി പുറപ്പെടാനുള്ള ചാരനെ വെട്രി വേല്‍ തന്നെ ഏര്‍പ്പാടാക്കി. വെട്രിവേലിന്റെ സഹചാരിയായ തങ്കവേലു സന്ദേശവുമായി ശിവഗംഗയ്ക്ക് തിരിച്ചു.
വെട്രിവേലിന്റെ നീക്കങ്ങളെ കഴുകന്‍ കണ്ണുകളോടെ നിരീക്ഷച്ചിരുന്ന കുയിലി അപകടം മണത്തു. ഈ പദ്ധതിയില്‍ എന്തോ രഹസ്യം ഒളിച്ചിരിപ്പുണ്ടെന്ന് കുയിലിക്ക് ബോധ്യമായിരുന്നു. ചാരന്‍ സഞ്ചരിക്കുന്ന വഴിയില്‍ കുയിലി കാത്തു നിന്നു. കുയിലിയെ കണ്ടതോടെ ചാരന്റെ മുഖം വിളറി വെളുത്തു. സേനാനായി കയുടെ അധികാരത്തോടെ ചാരന്റെ കയ്യില്‍ നിന്നും കുയിലി കത്തു പിടിച്ചെടുത്തു പൊട്ടിച്ച് സന്ദേശം വായിച്ചു. ആ കൈപ്പട വേലു നാച്ചിയാരുടേതായിരുന്നില്ല. റാണിയുടെ ഉറക്കറയില്‍ കയറി കൊല്ലാന്‍ ശ്രമിച്ച വിരൂപാച്ചിയിലെ ശത്രുവിനെ കുയിലി തിരിച്ചറിഞ്ഞു. ഒാടി രക്ഷപ്പെടാന്‍ ശ്രമിച്ച തങ്കവേലു കുയിലിയുടെ വളരിയില്‍ കുരുങ്ങി വീണു. മെയ് പയറ്റില്‍ കീഴ്പ്പെടുത്തി അയാളുടെ കഴുത്തില്‍ വാള്‍ത്തല മുട്ടിച്ച് കുയിലി അലറി..
എനിക്കറിയണം ഈ കത്ത് തയ്യാറാക്കി തന്നത് ആരാണ് ? ആരുടേതാണ് ഈ കൈപ്പട? വിരൂപാച്ചിയിലെ റാണിയുടെ പാളയത്തെ കുറിച്ചുള്ള സകല വിവരവും ബ്രിട്ടീഷുകാരെ അറിയിക്കണമെന്ന് മല്ലാരി രായനെ ഏല്‍പ്പിക്കുന്ന ശിവഗംഗയുടെ ശത്രു ആരാണ്?
ഏറെ ദണ്ഡങ്ങള്‍ക്കൊടുവില്‍ തങ്കവേലുവില്‍ നിന്ന് കുയിലി ആ സത്യം തിരിച്ചറിഞ്ഞു.
ശിവഗംഗയ്ക്കു നേരെയുള്ള ചതി പേറിയ കൈകളും അതെഴുതിയ കൈകളും ഭൂമിയില്‍ ഉണ്ടാവേണ്ടതല്ല. വേലു നാച്ചിയാര്‍ക്കുവേണ്ടി ആ ശിക്ഷ ഞാന്‍ നടപ്പാക്കും.
തങ്കവേലുവിനു നേരെ കുയിലിയുടെ ശബ്ദം ഉയര്‍ന്നു. കൂപ്പിയ കൈകളോടെ നിന്ന തങ്കുവേലുവിന്റെ കൈപ്പത്തി കള്‍ വിരൂപാച്ചിയുടെ മണ്ണിലേക്ക് അറ്റു വീണു. അലറിക്കരഞ്ഞ തങ്കവേലുവിനെ വിട്ട് കുയിലിയുടെ ചെമ്പന്‍ കുതിര വെട്രിവേലിന്റെ പാളയത്തിലേക്ക് പാഞ്ഞു. വേലു നാച്ചിയാരുടെ താവളങ്ങളത്രയും നവാബിന് ചോര്‍ത്തിക്കൊടുക്കാന്‍ കൂട്ടത്തില്‍ തന്നെയുള്ള ചാരന്‍. ഈ വിവരം വേലു നാച്ചിയാരെയും ഗോപാല നായ്കരെയും അറിയിക്കണം അതിനു മുമ്പ് ഈ ചതിക്ക് ഉത്തരം കൊടുക്കണം.
വെട്രിവേലിന്റെ താവളത്തിലേക്ക് കുയിലി ഉടവാളുമായി കയറിച്ചെന്നു. ഉറക്കത്തില്‍ നിന്ന് പിടഞ്ഞെ ഴുന്നേറ്റ വെട്രിവേല്‍ ചോരയൊലിപ്പിച്ച വാളുമായി തന്റെ മുന്നില്‍ നില്‍ക്കുന്ന കുയിലിയെ കണ്ട് അമ്പരന്നു. അവളുടെ കയ്യിലെ സന്ദേശം കണ്ട് വെട്രിവേല്‍ നടുങ്ങി. തങ്കവേലു കുയിലിയുടെ കയ്യില്‍ പെട്ടെന്നും തന്റെ തന്ത്രങ്ങളെല്ലാം പുറത്തായി കഴിഞ്ഞെന്നും വെട്രിവേലിന് മനസ്സിലായി. കുയിലിയുടെ മൂര്‍ച്ചയുള്ള വാക്കുകള്‍ വെട്രിവേലിന്റെ കാതുകളില്‍ വന്നലച്ചു.
തോലും ചെരുപ്പും കുത്തുന്ന സൂചിയല്ല സിലാംബമെന്ന് നീ പറഞ്ഞു. എഴുത്തും ചൊല്ലുമില്ലാത്തവരല്ല തലപതിയാവേണ്ടതെന്ന് നീ പറഞ്ഞു. അറിവുള്ളവരുടെ കയ്യിലേ ആയുധം ഉറയ്ക്കുകയുള്ളൂ എന്ന് നീ പറഞ്ഞു. എന്റെ സ്വഭാവ ശുദ്ധിയെ കുറിച്ച് നീ കഥകളുണ്ടാക്കി. എല്ലാം അരസിയാരെ കരുതി ഞാന്‍ ക്ഷമിച്ചു. എന്നിട്ട് പെരിയ ജാതിയില്‍ പിറന്ന നീ വേലുനാച്ചിയാരെ ഒറ്റിക്കൊടുക്കാന്‍ ശ്രമിച്ചു. താവളങ്ങളെല്ലാം കമ്പിനിയാളര്‍ക്ക് ചേര്‍ത്തിക്കൊടുക്കാന്‍ കള്ള സന്ദേശമുണ്ടാക്കി തന്ത്രം മെനഞ്ഞു. ഒടയാള്‍ പെണ്‍പടൈ തലപതി കുയിലിയാണ് പറയുന്നത്. നിനക്ക് മാപ്പില്ല.
എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിനും മുമ്പ് അയാളുടെ ശിരസു പിളര്‍ന്ന് കുയിലിയുടെ ശിക്ഷ നടപ്പായി കഴിഞ്ഞിരുന്നു. അയാളുടെ ഉറക്കറയില്‍ നിന്നും റാണി എഴുതിയ യഥാര്‍ഥ കത്തും കുയിലി കണ്ടെ ടുത്തു.
കുയിലി വെട്രിവേലിനെ കൊന്ന വാര്‍ത്ത പാളയത്തില്‍ പരന്നു. എന്തിനു കൊന്നു എന്നാരാഞ്ഞ വരോടൊക്കെ കുയിലിയുടെ വലം കയ്യിലുണ്ടായിരുന്ന ചോരയിറ്റുന്ന വാളം ഇടം കയ്യിലുണ്ടായിരുന്ന സന്ദേശ ങ്ങളും ഉത്തരം പറഞ്ഞു. വേലു നാച്ചിയാരും മരുതുകളും താണ്ഡവരായനും നടുങ്ങിപ്പോയി. കുയിലി കൊന്നിരി ക്കുന്നത് അഭയം നല്‍കിയ ഗോപാല നായ്കന്റെ പടത്തലവനെയാണ്. ഈ കാര്യത്തോടെ ഗോപാല നായ്കനും എതിരായി മാറുമെന്ന് താണ്ഡവരായ ഉത്കണ്ഠപ്പെട്ടു. കുയിലി പക്ഷേ അചചഞ്ചലയായിരുന്നു.
ശിവഗംഗ റാണി വേലു നാച്ചിയാര്‍ക്കു വേണ്ടി ചെയ്ത ഈ കൃത്യത്തില്‍ എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറാണ്..
കാര്യമറിഞ്ഞ് പാളയത്തിലെത്തിയ ഗോപാല നായ്കനും സ്തബ്ധനായിപ്പോയി. തന്റെ പടത്തലവ ന്മാരില്‍ വിശ്വസ്തനായ വെട്രിവേലിനെ ഒരു ചാരാനായി കാണാന്‍ ഗോപാല നായ്കര്‍ക്കുമായില്ല. പക്ഷേ വെട്രിവേലിന്റെ കൈപ്പടയില്‍ വിരൂപാച്ചി പാളയത്തിന്റെ എല്ലാ വിവരങ്ങളുമുള്ള ആ സന്ദേശത്തെ വിശ്വസി ക്കാതിരിക്കാന്‍ ഗോപാല നായ്കര്‍ക്കുമായില്ല.
കുയിലി എന്റെ തലപതിയാണ്. അവള്‍ ചെയ്ത തെറ്റിന് ഞാന്‍ മാപ്പു ചോദിക്കുന്നു. താങ്കള്‍ വിധിക്കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറാണ്.. വേലു നാച്ചിയാര്‍ ഗോപാല നായ്കനോട് പറഞ്ഞു
പക്ഷേ രാജതന്ത്രജ്ഞനായ ഗോപാല നായ്കരുടെ പ്രതികരണം മറിച്ചായിരിന്നു.
നകൈവകൈയ രാകിയ നട്പിൻ പകൈവരാൽ പത്തടുത്ത കോടി ഉറും . അത്തരം ഒരുത്തന്‍ മതി തന്ത്രങ്ങള്‍ പിഴയ്ക്കാന്‍. വേലു നാച്ചിയാരുടെ വീർത്തലപതിയില്‍ എനിക്ക് അഭിമാനമുണ്ട്. ഞാന്‍ കൂടി തിരിച്ചറിയാതിരുന്ന സത്യ മാണ് കുയിലി തിരിച്ചറിഞ്ഞത്. ശിവഗംഗയ്ക്കൊത്ത സേനാനായിക. വീരമാങ്ങൈ കുയിലി. എന്റെ താവള ത്തില്‍ നിന്നൊരു ശത്രുവിനെ കണ്ടെത്തിയാല്‍ ഞാന്‍ ചെയ്യുന്നത് കുയിലി ചെയ്തതായി ഞാന്‍ കരുതുന്നു.
7
ശിവഗംഗയെ കുറിച്ചുള്ള ചിന്തകള്‍ റാണിയെ റാണിയെ അസ്വസ്ഥമാക്കിക്കൊണ്ടേയിരുന്നു, മുത്തു വഡുക നാഥന്റെ മരണം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തനിക്ക് തന്റെ ശപഥം പൂര്‍ത്തിയാക്കാനായില്ല. തേവരെ പ്രിയപ്പെട്ടവനായി കണ്ട പ്രജകള്‍ക്ക് കമ്പിനിയാളരില്‍ നിന്ന് മോചനം നല്‍കാനായില്ല. കാളീശ്വരനും രാജരാജേശ്വരിക്കും നഷ്ടപ്പെട്ട ഐശ്വര്യം തിരിച്ചു കൊടുക്കാനായില്ല. തന്റെ ജന്മം വ്യര്‍ഥമാകുകയാണോ എന്ന് വേലു നാച്ചിയാര്‍ നിരാശയില്‍ മുങ്ങി.
അരസിയാര്‍,.പട ഉത്തരവിന് വേണ്ടി കാത്തിരിക്കുന്നു. ഏതു സമയത്തും നമുക്ക് ശിവഗംഗയിലേക്ക് പടയോട്ടം നടത്താം. ആള്‍ബലം കുറവാണെങ്കിലും ജീവന്‍ കൊടുത്തും ഞങ്ങള്‍ റാണിയുടെ ലക്ഷ്യം പൂര്‍ത്തീകരിച്ചിരിക്കും.
കുയിലി വേലു നാച്ചിയാര്‍ക്ക് ധൈര്യം പകര്‍ന്നു
നായ്കരുമായുള്ള അടുത്ത സന്ധിയില്‍ നമ്മുടെ തന്ത്രം അറിയിക്കൂ. അദ്ദേഹത്തിന്റെ പിന്തുണ കൂടിയുണ്ടെങ്കില്‍ നമുക്ക് അടുത്ത മുഹൂര്‍ത്തത്തില്‍ പട പുറപ്പെടാം..
കുയിലിയുടെ വാക്കുകള്‍ വേലു നാച്ചിയാര്‍ക്ക് വീണ്ടും പ്രതീക്ഷകള്‍ നല്‍കി. ഗോപാല നായ്കരെ സന്ധിച്ച് കാര്യങ്ങള്‍ തീരുമാനിക്കാമെന്ന് റാണി ഉറപ്പിച്ചു.
ഗോപാല നായ്ക്കര്‍, അങ്ങെനിക്കു വേണ്ടി പാളയം തന്നു. സേനയെ തന്നു. നാട്ടുകാരെല്ലാം പടയില്‍ പരിശീലനം പൂര്‍ത്തിയാക്കി. ശിവഗംഗ തിരിച്ചു പിടിക്കാനുള്ള കരുത്ത് ഇപ്പോള്‍ നമുക്കുണ്ട്. ഒരു പടയോട്ടത്തിന് തയ്യാറാവേണ്ട സമയമായി എന്നെനിക്ക് തോന്നുന്നു..
വേലു നാച്ചിയാര്‍ ഗോപാല നായ്ക്കനോട് അഭിപ്രായമാരാഞ്ഞു.
അരസിയാരെ,, പകരം വീട്ടാനും നാട് തിരിച്ചു പിടിക്കാനുമുള്ള ലക്ഷ്യത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ അതിന് തിരഞ്ഞെടുക്കുന്ന സമയത്തെ കുറിച്ച് എനിക്കാശങ്കയുണ്ട്.
ഈ കാത്തിരിപ്പ് എന്നെ വേദനിപ്പിക്കുന്നു. ഇപ്പോള്‍ തന്നെ ശിവഗംഗ കൈവിട്ട് വര്‍ഷം ആറാകുന്നു.
ബ്രിട്ടീഷുകാരുമായി നേര്‍ക്കു നേര്‍ യുദ്ധത്തിന് പുറപ്പെടണമെങ്കില്‍ ഇനിയും ശക്തിയാര്‍ജിക്കേണ്ടതുണ്ട്. പീരങ്കികള്‍ക്ക് പീരങ്കികള്‍ കൊണ്ട്, തോക്കുകള്‍ക്ക് തോക്കുകൊണ്ട് മറുപടി പറയണം. അതിനൊത്ത സേന യുള്ള സാമ്രാജ്യവുമായി സഖ്യമുണ്ടാക്കണം. ഡിണ്ടിഗല്‍ കോട്ടയിലെ സുൽത്താൻ ഹൈദരാലിയുടെ സഹായം ലഭിച്ചാല്‍ നമുക്കത് സാധ്യമാകും എന്നെനിക്ക് തോന്നുന്നു.
ഗോപാല നായ്കര്‍ ഉപദേശിച്ചു.
വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കുശേഷം അധികാരമുറപ്പിച്ച മധുര മുത്തുകൃഷ്ണ നായ്ക്കരാണ് ഡിണ്ടിഗൽ കോട്ട പണിതീര്‍ത്തത്. കൊത്തളങ്ങളും, കാവൽ മാടവും, തോക്കുകൾ സൂക്ഷിക്കാനുള്ള അറകളും വെടുമരുന്നറയും , കുളങ്ങളും താമസമുറികളുമുള്ള കുന്നിന്‍ മുകളിലെ ഡിണ്ടിഗൽ കോട്ട ശത്രുക്കള്‍ക്ക് അജയ്യ മായിരുന്നു. നായ്കരില്‍ നിന്ന് ഡിണ്ടിഗല്‍ പ്രദേശം മൈസൂർ രാജാവ് പിടിച്ചടക്കിയതോടെ, കോട്ട കൂടുതൽ ശക്തി പ്രാപിച്ചു. മൈസൂറിന്റെ സേനാനായകനെ ഹൈദരാലിയെ മൈസൂർ രാജാവ്, ഡിണ്ടിഗൽ പ്രദേശ ത്തിന്റെ ഗവർണറാക്കി. ഹൈദറിന്റെ തന്ത്രങ്ങള്‍ക്കനുസരിച്ച് പുനർനിർമ്മിച്ചതോടെ കോട്ട മൈസൂരിന്റെ തന്ത്ര പ്രധാന സൈനിക കേന്ദ്രമായി.
ഡിണ്ടിഗൽ കോട്ട തകര്‍ത്താല്‍ മാത്രമേ ഭരണത്തിന് നില നില്‍പുണ്ടാകൂ എന്ന് തിരിച്ചറിഞ്ഞ കമ്പിനി കോട്ട ആക്രമിച്ചു. കേണൽ വുഡിന്റെ ബ്രിട്ടീഷ് സൈന്യം ഹൈദറിനെ തോല്‍പ്പിച്ച് ഡിണ്ടിഗല്‍ കോട്ട കീഴടക്കി. പിന്‍വാങ്ങിയെന്ന് തോന്നിപ്പിച്ച് കമ്പിനി പ്രതീക്ഷിക്കാത്ത സമയത്ത് ഹൈദര്‍ തിരിച്ചടിച്ചു. ആക്രമണത്തിൽ കോട്ട തിരിച്ചു പിടിച്ച് കേണല്‍ വുഡിനെ തടവിലാക്കി ഹൈദർ ഡിണ്ടിഗല്‍ കോട്ടയെ ബ്രിട്ടീഷുകാരടെ പേടി സ്വപ്നമാക്കി. തങ്ങളെപ്പോലെ നവാബിനോടും ബ്രിട്ടിഷുകാരോടും ഒരേ പോലെ പോരാടുന്ന ധീരന്‍. ഹൈദരാലിയുടെ സഹായം ലഭിച്ചാല്‍ ശിവഗംഗ തിരിച്ചു പിടിക്കാനും ബ്രീട്ടീഷു കാരെ തുരത്താനും കഴിയുമെന്ന് വേലു നാച്ചിയാര്‍ ഉറപ്പിച്ചു.
മൈസൂർ രാജാവ് ഹൈദർ അലിക്കു കത്ത് തയ്യാറാക്കു. ആംഗലേയരൈ നാടു വിട്ട് തുരത്ത അവന്‍ കുമ്പിനികളെ കണ്ടാൽ പേടിക്കില്ല. അയ്യായിരം കാലാൾപ്പടയും അയ്യായിരം കുതിരപ്പടയാളികളും നൽകി യുദ്ധത്തില്‍ സഹായിക്കണമെന്ന് ആവശ്യപ്പെടൂ
വേലു നാച്ചിയാരുടെ പേരിൽ മന്ത്രി താണ്ഡവരയൻ പിള്ള സുൽത്താൻ ഹൈദരാലിക്ക് കത്തെഴുതി. ഈ സന്ദേശവുമായി പെരിയമുത്തന്‍ ഡിണ്ടിഗല്‍ കോട്ടയിലേക്ക് പോയി. ഹൈദറെ കണ്ട് പെരിയമുത്തന്‍ സന്ദേശം കൈമാറിയെങ്കിലും പരിഗണിക്കാമെന്നും കുറച്ചു കാലം കഴിയെട്ടെയെന്നും പറഞ്ഞ് ദൂതനെ സുല്‍ത്താന്‍ തിരിച്ചയച്ചു.
ഇതിനിടയിലാണ് താണ്ഡവരായന്‍ രോഗബാധിതനായി കിടപ്പിലാകുന്നത്. വിരൂപാച്ചിയില നാട്ടുവൈദ്യന്മാരുടെ മരുന്നുകള്‍ക്കൊന്നും ഫലമുണ്ടായില്ല. വേലു നാച്ചിയാരും കുയിലിയും മരുതുകളും അദ്ദേ ഹത്തെ ശുശ്രൂഷിച്ചു. യുദ്ധത്തിലെ പരുക്കുകളും മനസ്സിനേറ്റ മുറിവുകളും പ്രായാധിക്യത്തോടൊപ്പം താണ്ഡവ രായനെ കഠിനമായി ബാധിച്ചിരുന്നു.
എന്തു വിലകൊടുത്തായാലും തേവരുടെ ജീവനെടുത്ത ബ്രിട്ടീഷുകാരോട് പകരം ചോദിക്കണം ശിവഗംഗയില്‍ ഹനുമാന്റെ അടയാളമുള്ള പതാക വീണ്ടു ഉയരണം
വേലു നാച്ചിയാരുടെ കൈത്തലം ഗ്രഹിച്ച് അവസാനത്തെ ആഗ്രഹം മന്ത്രിച്ച് താണ്ഡവരായന്റെ കണ്ണടഞ്ഞു. വിരുപാച്ചിപ്പാളയം അന്ന് നിശബ്ദമായി. ശശിവര്‍ണ തേവരുടെ കാലം മുതല്‍ ശിവഗംഗയുടെ ബുദ്ധികേന്ദ്ര മായ താണ്ഡവരായന്‍. പിതൃതുല്യനായ താണ്ഡവരായനു വേണ്ടി വേലുനാച്ചിയാര്‍ അന്ത്യകര്‍മങ്ങള്‍ നടത്തി. വിരൂപാച്ചിയിലെ ശ്മശാന സ്ഥലത്ത് താണ്ഡവരായനായി നടുക്കല്ലുയര്‍ത്തി.
ഉദയാലിന്റെ മരണത്തിനു പിറകേ താണ്ഡവ രായന്റെ വിയോഗവും വേലുനാച്ചിയാരെ തളര്‍ത്താതിരുന്നില്ല. റാണിയുടെ എല്ലാ സങ്കടങ്ങള്‍ക്കും അത്താണിയായത് കുയിലിയായിരുന്നു. അനന്തകാലം കാത്തിരിക്കാനാ വില്ലെന്നും ഇനിയും ആലോചിച്ചിരുന്നാല്‍ കാര്യമില്ലെന്നും വേലുനാച്ചിയാര്‍ കുയിലിയോട് പങ്കുവച്ചു. ഹൈദ റിനെ ഡിണ്ടിഗല്‍ കോട്ടയില്‍ നേരില്‍ പോയി കാണണമെന്ന് കുയിലി വേലുനാച്ചിയാരെ നിര്‍ബന്ധിച്ചു. താണ്ഡവരായന്റെ മകനും കുയിലിയുമുള്‍പ്പെടെ മൂന്നു പേര്‍ അതിനായി വേഷം മാറി തലപ്പാവുകളിഞ്ഞു. മൂന്ന് കുതിരപ്പടയാളികൾ കത്തുകളുമായി ഹൈദർ അലിയുടെ കൊട്ടാരത്തിലേക്ക് കുതിച്ചു.
ഡിണ്ടിഗല്‍ കോട്ടയിലെത്തി താണ്ഡവരായന്റെ മകന്‍ സുല്‍ത്താന്‍ ഹൈദറിന് സന്ദേശം കൈമാറി. എഴുത്ത് വായിച്ച് ഹൈദര്‍ ഏറെ നേരം ആലോചിച്ചു..
സഹായം ആവശ്യമുള്ളയാളുകള്‍ ഹൈദറിനെ കാണാനെത്തുന്നത് നേരിട്ടായിരിക്കണം. ഈ കത്തിന്റെ ഉടമ നിങ്ങളുടെ നായികയായ വേലു നാച്ചിയാര്‍ എവിടെ? റാണി എന്താണ് വരാതിരുന്നത് ?
ഘനമുള്ള സ്വരത്തില്‍ സുല്‍ത്താന്‍ ചോദിച്ചു.
അപ്പോള്‍ സുല്‍ത്താനെ അമ്പരപ്പിച്ച് ഒരു സൈനികന്‍ തലപ്പാവെടുത്തുമാറ്റി.
ധീരനായ ഹൈദറിന് വണക്കം. കേട്ടിട്ടുണ്ട് അങ്ങയെക്കുറിച്ച്. ഞാന്‍ ശിവഗംഗയുടെ ചക്രവര്‍ത്തി മുത്തു വടുഗ നാഥന്റെ വിധവ വേലു നാച്ചിയാര്‍
ഉറുദുവില്‍ റാണിയുടെ വാക്കുകള്‍ കേട്ട് കണ്ട് സുല്‍ത്താന്‍ അമ്പരന്നു.
വേഷം മാറി ഹൈദറിനെ വരെ കബളിപ്പിച്ച റാണി ബുദ്ധിമതിയാണ്. റാണിയുടെ ധീരതയിലും അതിലുപരി പിറന്ന മണ്ണിനോടുള്ള സ്നേഹവും ഞാന്‍ തിരിച്ചറിയുന്നു. അപ്പോള്‍ കൂടെയുള്ളവരും മോശക്കാരാവില്ലല്ലോ?
അടുത്ത ഒരു പടയാളികൂടി തലപ്പാവ് മാറ്റി. അത് കുയിലിയായിരുന്നു.
ഇത് എന്റെ പെണ്‍പടയുടെ സേനാപതി. തലപതി കുയിലി. ശിവഗംഗയുടെ ഉശിരുള്ള പെണ്‍പടയെ നയിക്കുന്നത് കുയിലിയാണ്. ഇനിയൊരാള്‍ ശിവഗംഗയുടെ മന്ത്രി പുത്രന്‍.
സ്ത്രീകള്‍ക്കും സേനയോ..നയിക്കുന്നത് വേലുനാച്ചിയാരാകുമ്പോള്‍ പെണ്‍പടയും ചേരും. നിങ്ങളുടെ തന്ത്രങ്ങള്‍ വിചിത്രങ്ങളാണ്.എന്റെ കൂടി ശത്രുവായ നവാബിനെതിരെ, കമ്പിനിക്കെതിരെ പോരാടുന്ന എല്ലാവര്‍ക്കും സുല്‍ത്താന്‍ സുഹൃത്തായിരിക്കും. ശിവഗംഗ തിരിച്ചു പിടിക്കുവാനായി റാണി ആവശ്യപ്പെട്ട അയ്യായിരം കുതിരപ്പടയാളി കളെയും അയ്യായിരം കാലാളുകളെയും ആവശ്യമായത്രയും തോക്കുകളും പീരങ്കിപ്പടയും നിങ്ങളുടെ സാമ്പത്തികാവശ്യാര്‍ഥം നാനൂറ് പൗണ്ട് സ്വര്‍ണവും ഹൈദര്‍ നല്‍കുന്നു. ഡിണ്ടിഗൽ കോട്ടയില്‍ എന്റെ പടത്തലവന്‍ സയ്യിദ് കർക്കി നിങ്ങളുടെ ഏതാജ്ഞയും അനുസരിച്ചിരിക്കും.
സഹേദരന്മാരില്ലാത്ത എനിക്കിപ്പോള്‍ ഒരു ജേഷ്ഠ സഹോദരനെ ലഭിച്ച സന്തോഷമുണ്ട്. ഇത് രാജേ ശ്വരി അമ്മന്റെ അനുഗ്രഹമായി ഞാന്‍ കാണുന്നു. ശിവഗംഗ ഈ സഹായത്തിന് എന്നും മൈസൂരിനോട് കടപ്പെട്ടിരിക്കും.
എന്റെ സൈന്യവും മകന്‍ ടിപ്പുവും നിങ്ങളുടെ ഏതാവശ്യത്തിനും ഒപ്പമുണ്ടാകും. ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്ന ആര്‍ക്കോട്ട് നവാബിനെ നമുക്കൊരുമിച്ച് പാഠം പഠിപ്പിക്കാം. സയ്യിദ് കർക്കിയുടെ നേതൃത്വത്തില്‍ നിങ്ങളുടെ സേനയ്ക്ക് പുതിയ ആയുധങ്ങളില്‍ പരീശീലനം നേടാം..
സുല്‍ത്താന്‍ സഹായങ്ങള്‍ക്ക് നന്ദി. ഞാന്‍ ശിവഗംഗ വിട്ട് ഏഴ് വര്‍ഷം കഴിഞ്ഞു. ഈ വര്‍ഷങ്ങളൊക്കെ ഞാന്‍ ഇപ്പോഴെനിക്ക് ധൈര്യം തോന്നുന്നു ഞാന്‍ ഉടനെ ശിവഗംഗയില്‍ തിരികെയെത്തുമെന്ന്..ഇനിയും ശിവഗംഗയെ വിട്ടാൽ നവാബും, കുമ്പിണിയും നാടിനെ നിലംപരിശാക്കി വിടും . എന്റെ സേനയെ നിങ്ങള്‍ക്കൊപ്പം വിടുമ്പോള്‍ എനിക്ക് നിങ്ങളുടെ സേനയുടെ കരുത്തറിയേണ്ടതുണ്ട്.
സുല്‍ത്താന്‍ ഉത്തരവിടുന്ന എന്തിനും ഞങ്ങളുടെ ചെറുസേന തയ്യാറാണ്..വേലു നാച്ചിയാര്‍ മറുപടി പറഞ്ഞു.
വെത്തല്ലക്കുടിയില്‍ പുലി ഇറങ്ങിയിരിക്കുന്നു. അവിടെയിപ്പോള്‍ കൃഷിയുടെ വിളവെടുപ്പു സമയമാണ്. നാട്ടുകാരില്‍ കുറെ പേര്‍ അതിന്റെ ആക്രമണത്തിനിരയായിട്ടുണ്ട്. അതിനെ കൊന്നു കാണിച്ചാല്‍ നിങ്ങളുടെ പടത്തലവന്മാരെ ഞാന്‍ വിശ്വസിക്കാം..
സുല്‍ത്താന്‍ ഏല്‍പ്പിച്ച ഈ ദൗത്യം ശിവഗംഗ ഏറ്റെടുക്കുന്നു. എന്റെ പടത്തലവന്മാരായ ചിന്ന മരുതും പെരിയ മരുതും മൈസൂരിന് വേണ്ടി പുലിയെ കൊന്നിരിക്കും. ഞങ്ങള്‍ അവിടെ എത്തുന്ന മുറയ്ക്ക് മരുതുകള്‍ വെത്തല ക്കുടിയിലേക്ക് പുറപ്പെട്ടിരിക്കും.
ദൃഢനിശ്ചയത്തോടെയുള്ള റാണിയുടെ വാക്കുകള്‍ക്ക് സുല്‍ത്താന്റെ പുഞ്ചിരി മറുപടി പറഞ്ഞു.
ഹൈദറിന്റെ ആതിഥ്യം സ്വീകരിച്ച് ഡിണ്ടിഗലില്‍ രണ്ടു ദിവസം തങ്ങി തിരിച്ച് വിരൂപാച്ചി പ്പാളയത്തിലേക്ക് തിരികെ പോകുമ്പോള്‍ റാണിയുടെ മനസ് ശാന്തമായിരുന്നു. തന്റെ ലക്ഷ്യത്തിലേക്കുള്ള ദൂരം കുറയുകയാണ്. മൈസൂരിന്റെയും ഗോപാലനായ്കന്റെയും പടയും കുയിലുയുടെ നേതൃത്വത്തിലുള്ള അരുന്തതി യാര്‍ സേനയുമുള്ളപ്പോള്‍ ഇനി ആര്‍ക്കോട് നവാബിന്റെുയും ബ്രിട്ടീഷുകാരടെയും പടയോട് നേര്‍ക്കു നേര്‍ ഏറ്റു മുട്ടാം. ഒളിയുദ്ധം രാജ്യതന്ത്രമായി കൊണ്ടു നടക്കുന്ന മരുതുകളും ഒപ്പമുള്ളപ്പോള്‍ ശിവഗംഗ തിരിച്ചു പിടിക്കാ നുള്ള സൈന്യബലമായി.
പാളയത്തില്‍ തിരിച്ചെത്തി വേലുനാച്ചിയാര്‍ മരുതുകളോട് ഹൈദറിന്റെ ആവശ്യം അറിയിച്ചു. മരുതുകള്‍ക്ക് മറുവാക്കുണ്ടായിരുന്നില്ല. പിറ്റേന്നു തന്നെ മരുതുകള്‍ വെത്തലക്കുടിയിലേക്ക് തിരിച്ചു. ദിവസങ്ങള്‍ കാട്ടി ലൂടെ സഞ്ചരിച്ച് അവര്‍ ഹൈദറിന്റെ പടനായകരുമായി സന്ധിച്ചു. അവര്‍ മരുതുകള്‍ക്ക് വെത്തലക്കുടിയി ലേക്ക് വഴി കാണിച്ചു. നാട്ടുകാരായ കൃഷിക്കാര്‍ മരുതുകളോട് തങ്ങളുടെ സങ്കടമുണര്‍ത്തിച്ചു. പുലിയിറങ്ങും വഴിയില്‍ ഏറുമാടം കെട്ടി മരുതുകള്‍ കാവലിരുന്നു. ആദ്യ രണ്ടു ദിവസം പുലിയിറങ്ങിയപ്പോഴും മരുതുകള്‍ ഏറുമാടത്തില്‍ നിന്ന് വലിയ ശബ്ദമുണ്ടാക്കിയതല്ലാതെ താഴെയിറങ്ങി അതിനെ ആക്രമിച്ചില്ല. പുലിയെ അടുത്തു കിട്ടിയിട്ടും അതിനെ കൊല്ലാത്തതില്‍ ഹൈദറിന്റെ തലവന്മാര്‍ മരുതുകളോട് കയര്‍ത്തു. വന്ന പോരാളികള്‍ ഭീരുക്കളാണെന്ന് നാട്ടുകാരും പറയാന്‍ തുടങ്ങി.
ഇങ്ങോട്ടു വരുന്ന പുലിയെ കൊല്ലുന്നതല്ല ഞങ്ങളുടെ രീതി. പുലിയെ അതിന്റെ മടയിലെത്തി കൊന്ന ചരിത്രമേ ഞങ്ങള്‍ക്കുള്ളൂ.. നിങ്ങളുടെ സുല്‍ത്താനോട് മാല തയ്യാറാക്കിക്കൊള്ളാന്‍ സന്ദേശം നല്‍കിക്കോളൂ. അതില്‍ കോര്‍ക്കാനുള്ള പുലിനഖങ്ങള്‍ മരുതുകള്‍ ഊരിത്തന്നിരിക്കും. സുല്‍ത്താനോട് ഇനി പുലിത്തോലില്‍ വിശ്രമിക്കാം..
പെരിയ മരുത് കൊമ്പന്‍ മീശ പിരിച്ച് തിരിച്ചടിച്ചു.
മൂന്നാം ദിവസം പുലിയിറങ്ങുമ്പോഴും മരുതുകള്‍ അനങ്ങിയില്ല. പുലി തിരിച്ച് കാടുകയറുമ്പോള്‍ മരുതുകള്‍മരമിറങ്ങി താഴെയെത്തി. പുലിപ്പാത പിന്‍തുടര്‍ന്ന് ഉള്‍ക്കാട്ടിലെത്തി. പുലികിടക്കും ഗുഹയക്കരികില്‍ പെരിയമരുത് ചെന്ന് നിന്നു. തന്റെ സാമ്രാജ്യത്തിലേക്ക് തിരഞ്ഞെത്തിയവനു നേരെ മുരണ്ടുകൊണ്ട് പുലി പാഞ്ഞടുത്തു. പെരിയമരുത് തെന്നി മാറി മരത്തില്‍ കയറി. ഇടതു ഭാഗത്തു നിന്നും ചിന്ന മരുതിന്റെ ഊഴ മായി. പുലി ചിന്ന മരുതിനെതിരെയായി. പുലി തന്റെ നേരെ വന്നപ്പോള്‍ ചിന്ന മരുതും മരത്തില്‍ കയറി. അപ്പോള്‍ പെരിയമരുത് മരമിറങ്ങി വന്നു. ചാടിവീണ പുലിയുടെ കൈകളില്‍ പിടിച്ച് മല്ലയുദ്ധമായി. ചിന്ന മരുതും താഴെയെത്തി. പുലിയുടെ കാലുകളില്‍ പിടുത്തമിട്ടു. ചീറിക്കൊണ്ടിരുന്ന പുലിയെ രണ്ടു പേരും ചേര്‍ന്ന് നിലത്തടിച്ചു. പുലി എഴുന്നേറ്റ് വരും മുമ്പേ മരുതുകള്‍ വീണ്ടും മരം കയറി. ക്ഷീണിച്ച പുലി ഗുഹയിലേക്ക് തന്നെ കയറാന്‍ തുടങ്ങി. പെരിയ മരുത് താഴെയിറങ്ങി അതിന്റെ വാലില്‍ പിടിച്ച് പുറത്തേക്ക് വലിച്ചു. പുറത്തേക്കു വന്ന പുലി പെരിയമരുതിന് നേരെ ചാടി. അപ്പോള്‍ പാഞ്ഞു വന്ന വളരി അതിന്റെ കഴുത്തില്‍ തറഞ്ഞു കയറി. പുലി കഴുത്തു പിളര്‍ന്ന് താഴെ വീണു. പുലിയുടെ പല്ലും നഖവും ഊരിയെടുത്ത്, തൊലിയുരിച്ച് മാറ്റി മരുതുകള്‍ കാടിറങ്ങി. മരുതുകള്‍ പുലിയെപ്പേടിച്ച് രക്ഷപ്പെട്ടിരിക്കുമെന്ന് കുരിതി നിന്ന മൈസൂര്‍ പടത്തലവന്മാരുടെ മുന്നിലേക്ക് അവര്‍ നെഞ്ചും വിരിച്ച് നടന്നു വന്നു. സുല്‍ത്താനുള്ള മരുതുകളുടെ സമ്മാനം കൈമാറി.
ശിവഗംഗയുടെ പടത്തലവന്മാരുടെ വീര്യമറിഞ്ഞ ഹൈദര്‍ റാണിയാവശ്യപ്പെട്ട സേനയെ ഉടന്‍ അയക്കാ മെന്ന് മരുതുകള്‍ക്ക് ഉറപ്പു നല്‍കി. മരുതുകളുടെ സമ്മാനത്തിന് പകരമായും സേനകളുടെ ചെലവിനു ഹൈദര്‍ നല്‍കിയ ഒരു ലക്ഷം പൊന്‍ നാണയങ്ങളുമായി മരുതുകള്‍ വിരൂപാച്ചിപ്പാളയത്തിലേക്ക് തിരിച്ചു.
8
മരുതുകള്‍ വിരൂപാച്ചിയില്‍ തിരിച്ചെത്തി വേലുനാച്ചിയാര്‍ക്ക് ഹൈദറിന്റെ സഹായം കൈമാറി. മാസം തികയും മുമ്പോ അയ്യായിരം കാലാളുകളും അയ്യായിരം കുതിരപ്പടയും പന്ത്രണ്ട് പീരങ്കികളും തോക്കു കളുമായി മൈസൂര്‍ പട വിരൂപാച്ചി പാളയത്തിലെത്തി.
മൈസൂര്‍ പടത്തലവന്‍ സയ്യിദ് കുര്‍ക്കി പീരങ്കിയിലും തോക്കിലും വിരുപാച്ചി സേനയ്ക്ക് പരിശീലനം നല്‍കി. മൈസൂര്‍ കുതിരകളില്‍ അരുന്തതിയാര്‍ സേനയും സവാരി പരിശീലിച്ചു. വളരിയിലും കുന്തത്തിലും വാള്‍ പയറ്റിലും സിലാംബത്തിലും മരുതുകളും കുയിലിയും മൈസൂര്‍ പടയാളികള്‍ക്ക് ഗുരുക്കന്മാരായി. ആറുമാസം കൊണ്ട് തമ്മില്‍ മനസ്സിലാക്കി രണ്ടു പടകളും ഒന്നായി മാറി. മരുതുകള്‍ക്കും കുയിലിക്കും ഒപ്പം യുദ്ധമുറകള്‍ തീരുമാനിക്കുന്നതില്‍ സയ്യിദ് കൂര്‍ക്കിയും പങ്കാളിയായി.
ഇനിയും വൈകുന്നതിൽ പ്രയോജനമില്ല. നാം ശിവഗംഗയെ പിടിച്ചടക്കിയേ ആകണം വരും ഐപ്പസി മാസം അഞ്ചാം പിറവിയില്‍ വിരൂപാച്ചി പാളയത്തില്‍ നിന്ന് പട പുറപ്പെടണം. സുല്‍ത്താന്‍ ഹൈദർ അലി കൂടെ ജനിച്ച സഹോദരിയെ പോലെ എന്നെയും, നമ്മെയും ഇതുവരെ സ്നേഹം നൽകി സംരക്ഷിച്ചു. സെയർ കരിയ യാവുളനട്പിൻ അതുപോൽ വിനൈക്കരിയ യാവുള കാപ്പു.യുദ്ധത്തിനായി സൂല്‍ത്താനോട് അനുവാദം കേട്ട് വരൂ
വേലുനാച്ചിയാര്‍ മരുതുകളെ ഹൈദറെ സന്ധിക്കാന്‍ ചുമതലപ്പെടുത്തി. സുല്‍ത്താന്റെ എല്ലാ സേനാ നായക രുമായി മരുതുകള്‍ വേലുനാച്ചിയാരുടെ പദ്ധതികള്‍ ചര്‍ച്ചചെയ്തു. ഹൈദറിന്റെ അനുമതി കിട്ടിയതോടെ വാള്‍പടയും മരുതുകളുടെ വളരി സംഘവും കുയിലിയുടെ പെണ്‍പടയും മൈസൂരിന്റെ കുതിരപ്പടയും പീരങ്കിപ്പടയും ശിവഗംഗ ലക്ഷ്യമാക്കി നീങ്ങാന്‍ തയ്യാറായി. പടയൊരുക്കം നിരീക്ഷിച്ച് വേലു നാച്ചിയാര്‍ കുതിരപ്പുറത്ത് പാളയം ചുറ്റി.
തനിക്കു മുന്നിലെത്തിയ വൃദ്ധയെ വേലു നാച്ചിയാര്‍ സാകൂതം നോക്കി, പാളയത്തിലെവിടെയും സ്ത്രീകളുടെ കൂട്ടത്തില്‍ ഒരു വൃദ്ധയുണ്ടായിരുന്നിരുന്നില്ലല്ലോ. നവാബിന്റെ ചാരന്‍ വേഷം മാറി പ്രവേശിച്ചതാണോ എന്ന സംശയത്തില്‍ വേലു നാച്ചിയാരുടെ കൈ ഉടവാളിലേക്ക് നീണ്ടു. വൃദ്ധ വേലു നാച്ചിയാര്‍ക്കരികെലെത്തുക യാണ്. തല മുടിയും കണ്ണുകളുടെ പുരികങ്ങളും പീലികളും വരെ നരച്ച് ചുക്കിച്ചുളിഞ്ഞ മുഖം. ഊന്നു വടിയില്‍ കൂനിക്കൂടിയുള്ള നടത്തം, മുതുകത്ത് തുണികൊണ്ടുള്ള ഭാണ്ഡം. അതിക്ഷീണം കൊണ്ട ഈ വൃദ്ധയെങ്ങിനെ പാളയത്തില്‍ കടന്നെത്തിയെന്ന് ആലോചിച്ചിരിക്കെ പെരിയമരുതിന്റെ ശബ്ദമുയിര്‍ന്നു
ഒറര്‍..ഈ പാളയത്തില്‍ കടക്കാന്‍ നിനക്കെങ്ങിനെ ധൈര്യം വന്നു? ഏതു വേഷത്തില്‍ വന്നാലും ശത്രുവിനെ തിരിച്ചറിയാന്‍ ഞങ്ങള്‍ക്കാകും..
വൃദ്ധയുടെ ശിരസിനു നേരെ വാളയര്‍ത്തി പെരിയ മരുത് അലറി..
ആരയച്ചു നിന്നെ ? എന്താണ് നിന്റെ ഉദ്ദേശം?
നിങ്ങളുടെ ഉദ്ദേശമെന്തോ അതുതന്നെയാണ് എന്റെയും ഉദ്ദേശം..
ആ വൃദ്ധ ശബ്ദിച്ചു തുടങ്ങി.
നിനക്കറിയില്ല ഞാനാരാണെന്ന്.. നിന്റെ പൊയ്മുഖം പൊളിച്ചുകളയാന്‍ നല്‍കാന്‍ എനിക്കറിയാം
പെരിയമരുത് വാള്‍ത്തലപ്പുകൊണ്ട് വൃദ്ധയുടെ തലയിലെ തുണിയുയര്‍ത്തി.
നിങ്ങളാരാണെന്ന് എനിക്ക് നന്നായി അറിയാം..നിങ്ങള്‍ക്ക് എന്നെയും. പക്ഷേ നമ്മളെ അറിയാത്ത ചിലരുണ്ട് അവരെ തേടിയാണെന്റെ യാത്ര..
ഉറക്കത്തില്‍ പോലും തിരിച്ചറിയാവുന്ന ആ ശബ്ദത്തിന്റെ ഉടമയെ വേലു നാച്ചിയാര്‍ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു...കുയിലി. അത്ഭുതത്തോടെ പെരിയമരുത് കുയിലിയെ നോക്കി നിന്നു.
ശിവഗംഗയിലേക്ക് കടക്കും മുമ്പ് ബ്രിട്ടീഷുകാരുടെ താവളങ്ങളെക്കുറിച്ചറിയണം. അവരുടെ തന്ത്രങ്ങളെ കുറിച്ചറിയണം. നേരിട്ടൊരു വഴിയിലൂടെ അത് സാധ്യമല്ല. ഈ ഒറര്‍ വേഷം എനിക്ക് വെട്ടുടയാല്‍ കാളി സ്വപ്ന ത്തില്‍ വന്നു പറഞ്ഞതാണ്. ഈ വേഷത്തില്‍ ആരും സംശയിക്കില്ല. ശിവഗംഗയിലെ ഇപ്പോളത്തെ അവസ്ഥയും കാര്യങ്ങളുമറിയാന്‍ യാത്രയ്ക്കായി റാണിയുടെ അനുമതി വേണം.
വേലു നാച്ചിയാര്‍ കുയിലിയെ ചേര്‍ത്തു പിടിച്ചു.
നീ വീർത്തലപതി കുയിലിയാണ്. ഞാന്‍ മനസ്സില്‍ കണ്ട കാര്യമാണ് നീ മുന്‍കൂട്ടി കാണുന്നത്. ശിവഗംഗ യ്ക്കൊത്ത സേനാനായിക. പക്ഷേ ചതിയന്മാരാണ് നവാബും ബ്രിട്ടീഷുകാരും. നിന്റെ രക്ഷയ്ക്ക് നീ മാത്രമേ ഉണ്ടാകൂ..
ശിവഗംഗയ്ക്കു വേണ്ടി മരണം വരിക്കുന്നെങ്കില്‍ അത് സന്തോഷത്തോടെ ഞാന്‍ സ്വീകരിക്കും. എന്നെ പോകാന്‍ അനുവദിക്കണം. അതിനു ശേഷം ഞാന്‍ സേനയോടൊപ്പം സന്ധിച്ചു കൊള്ളാം.
കുയിലീ..നിന്റെ ആലോചനകളെ ഞാന്‍ കുറച്ചു കാണുന്നില്ല. എങ്കിലും പോകുന്നത് ശത്രുവിന്റെ താവളങ്ങളി ലേക്കാണ്. നിന്റെ സുരക്ഷയ്ക്ക് നീ മാത്രമേയുള്ളൂ..
റാണി പേടിക്കേണ്ട. എന്നെ ആരും തിരിച്ചറിയില്ല. എന്നെ സംരക്ഷിക്കാനുള്ള ആയുധങ്ങള്‍ എന്റെ പക്ക ലുണ്ട്. എനിക്ക് വെട്ടുടയാള്‍ കാളി വഴികാണിക്കും..ഒാരോ കാല്‍വയ്പിലും എന്നെ സംരക്ഷിക്കും.
വേലു നാച്ചിയാര്‍ നോക്കി നില്‍കേ ആ രൂപം പാളയത്തില്‍ നിന്ന് പുറത്തേക്ക് നടന്നു കഴിഞ്ഞു, വിരു പാച്ചിയില്‍ നിന്ന് മേലൂര്‍ വഴി കൊല്ലക്കുടിയിലേക്ക് കാട്ടുപാതയിലൂടെ ആ വൃദ്ധ ശിവഗംഗ ലക്ഷ്യമാക്കി നീങ്ങി. ജനപഥങ്ങളെത്തിയപ്പോള്‍ വീടുകളില്‍ കയറി ഭിക്ഷയെടുത്തു. നാട്ടുകാരോടെല്ലാം ക്ഷേമമന്വേഷിച്ചു. ക്ഷേത്രങ്ങള്‍ക്ക് മുമ്പില്‍ കൈകൂപ്പി.
ശിവഗംഗയിലേക്കുള്ള വേലുനാച്ചിയാരുടെ വരവറിഞ്ഞ മല്ലാരിരായന്‍ കോച്ചടൈയില്‍ വച്ച് റാണിയെ തടഞ്ഞു. എന്നാല്‍ അയ്യായിരം കാലാളുകളും കുതിരപ്പടയും പീരങ്കികളും തോക്കുകളുമായി പേമാരി പോലെ വന്ന വേലുനാച്ചിയാരെ തടയാന്‍ മല്ലാരിരായന്റെ ചെറുപടയ്ക്കായില്ല. സേന പിന്തിരിഞ്ഞോടി. തിരപ്പ വനത്തിന്റെ അതിരുകൾ വരെ മല്ലാരി രാവിന്റെ പടയെ തുരത്തി വിട്ട് മല്ലാരി രായനെ കൈകാലുകള്‍ കൂട്ടി ക്കെട്ടി കാലാളുകള്‍ വേലുനാച്ചിയാരുടെ കാല്‍ക്കീഴിലെത്തിച്ചു.
എന്നോട് മാപ്പാക്കണം,,ഞാനിനി മേല്‍ ശിവഗംഗയ്ക്ക് വിനയായി യാതൊന്നും ചെയ്യില്ല. റാണിയുടെ ദാസനായി കഴിയാന്‍ അനുവദിക്കണം..
ജീവനുവേണ്ടി മല്ലാരി രായന്‍ റാണിയുടെ കാല്‍ക്കീഴില്‍ മാപ്പിരന്നു.
നീ പിറന്ന മണ്ണിനെ പരദേശികള്‍ക്ക് ഒറ്റിയവന്‍..നിന്നെ വിശ്വസിച്ച തേവര്‍ മുത്തു വഡുഗ നാഥനെ പിറകില്‍ നിന്ന് കുത്തിയവന്‍. ഒടയാളിന്റെ തലയറുത്തവന്‍..നിനക്ക് മരണത്തില്‍ കുറഞ്ഞൊരു ശിക്ഷയില്ല.
റാണിയുടെ ഉടവാള്‍ ഉയര്‍ന്നു പൊങ്ങി. തലയും ഉടലും വേര്‍പെട്ട് മല്ലാരിരായന്‍ മണ്ണില്‍ വീണ് പിടഞ്ഞു. മധുരയിൽ കേണല്‍ മാർട്ടിസിന്റെ നേതൃത്വത്തിലുള്ള പടയോട്ടം തുടങ്ങിയിണ്ടെന്ന് ചാരന്മാര്‍ വഴി അറിഞ്ഞ പ്പോള്‍ കോച്ചടൈയില്‍ പട രണ്ടു ദിവസം കാത്തിരിക്കുന്നതാണ് ബുദ്ധിയെന്ന് സയ്യിദ് കുര്‍ക്കി വേലുനാച്ചി യാരെ ബോധിപ്പിച്ചു..
എത്ര ആള്‍ബലമുണ്ടായാലും അവരുടെ പാളയം ആക്രമിക്കുന്നത് ഭാഗ്യപരീക്ഷണമാണ്. കൂടുതല്‍ പീരങ്കി കളും തോക്കുകളും കൈവശമുള്ള ബ്രിട്ടീഷ് പടയെ നേരിടാന്‍ നമുക്കായെന്ന് വരില്ല. അവര്‍ ദുര്‍ബലരല്ല.
സയ്യിദ് കുര്‍ക്കിയുടെ വാക്കുകള്‍ റാണിക്ക് നിരാശപകരുന്നതായിരുന്നു.
ഞാന്‍ എട്ടു വര്‍ഷം കാത്തിരുന്നു ..ഈ മുഹൂര്‍ത്തത്തിനായി. ശക്തിക്കായി. ഇനിയും കാത്തിരിക്കുകയെന്നത് മരണതുല്യമാണ്. ധീരന്മാര്‍ക്ക് ഒരു മരണമേയുള്ളൂ.
റാണിയുടെ വാക്കുകള്‍ അനുസരിക്കുകയേ സയ്യിദി കുര്‍ക്കിക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ. മൂന്നാം ദിവസം ആര്‍പ്പു വിളികളോടെ വേലുനാച്ചിയാരുടെ പട കാളിയാർ കോവിലേക്ക് നീങ്ങി. വണ്ടിയൂർ എത്തിയപ്പോള്‍ മല്ലാരിരായന്റെ സഹോദരൻ രംഗരാവായി ചെറുപടയുമായി റാണിയുടെ പല്ലക്കു വഴി തടഞ്ഞു. തന്റെ ജേഷ്ഠന്റെ മരണത്താൽ കോപിഷ്ഠനായി വന്ന രംഗരാവായി മരുതുകളോട് കയര്‍ത്തു.
എൻ അണ്ണനെ കൊന്ന നിങ്ങളെ സുമ്മാ വിടില്ലേ
ചണ്ട വേണ്ട, വഴിയെ വിടു
ചിന്ന മരുത് രംഗരാവായിയെ അനുനയിപ്പിക്കാന്‍ നോക്കി. എന്നാല്‍ എതിരിട്ടു നിന്ന രംഗവാരായി മരുതു കളുമായി പോരിലായി.
കാണാതാർ കാട്ടുവാൻ താൻ കാണാൻ കാണാതാൻ കണ്ടാനാം താൻ കണ്ടവാറു. ബുദ്ധിയില്ലാത്ത നിന്നോട് സംസാരിച്ചു നില്‍ക്കുന്നത് വ്യര്‍ഥമാണ്.
ചിന്ന മരുത് കൈവളരിയാൽ രംഗവാരായിയുടെ തലയറുത്തു. തലവനെ നഷ്ടപ്പെട്ട രംഗവാരായിയുടെ പട ജീവനും കൊണ്ട് പാഞ്ഞു.
വഴി നീളെയുണ്ടായിരുന്ന കിടങ്ങുകള്‍ മറികടന്ന് കാളിയാര്‍ കോവിലിലേക്ക് വേലു നാച്ചിയാരുടെ പടയെത്തി. കോവിലിന്റെ രാജ ഗോപുരത്തെ മുന്നില്‍ കണ്ടപ്പോള്‍ വേലുനാച്ചിയാരുടെ കണ്ണുകള്‍ ഈറന ണിഞ്ഞു. അടക്കും തോറും ഉയര്‍ന്നു വരുന്ന ഒാര്‍മകളുടെ ചുഴിയിൽ വേലു നാച്ചിയാര്‍ കാളിയാര്‍ കോവില്‍ നോക്കി നിന്നു. മുത്തു വഡുക നാഥനോടൊപ്പം താന്‍ ദര്‍ശനം നടത്തിയിരുന്ന ക്ഷേത്രത്തിന്റെ കവാടം. കമ്പിനിയുടെ ചതിയില്‍ പെട്ട് മുത്തു വഡുക നാഥന്‍ മരിച്ചു വീണ മണ്ണ്. കാളിയാർ കോവിൽ പിടിച്ചടക്കുക എന്നത് കഴിഞ്ഞ എട്ടുവർഷത്തെ സ്വപ്നം. തുടർന്നുള്ള യുദ്ധം മരണമോ വിജയമോ കൊണ്ടുവന്നേക്കാം. കാളീശ്വരനെ മനസ്സില്‍ ധ്യാനിച്ച് രണ്ടിനെയും നേരിടാൻ വേലു നാച്ചിയാര്‍ തയ്യാറായി.
കാളിയാര്‍ കോവിലിന് മുന്നില്‍ ജനറല്‍ ജോസഫ് സ്മിത്തിന്റെ കമ്പനിപ്പട വലവിരിച്ച് കാത്തുനിന്നു. ചാവേറുകളായി ആര്‍ത്തിരമ്പിയെത്തുന്ന വേലുനാച്ചിയാരുടെ പടയെക്കണ്ട് കമ്പിനിപ്പട നടുങ്ങി . സയ്യിദ് കുര്‍ക്കിയുടെ പീരങ്കികള്‍ ഗര്‍ജിച്ചു തുടങ്ങി. തോക്കേന്തിയ മൈസൂരിന്റെ പടയാളികള്‍ കമ്പിനിപ്പടയുടെ അന്തക രായി. യുദ്ധത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ ബ്രിട്ടീഷ് പട്ടാളം കാളിയാര്‍ കോവില്‍ കാടുകളിലേക്ക് ജീവനും കൊണ്ടു പാഞ്ഞു. ജനറല്‍ ജോസഫ് സ്മിത്ത് വേലു നാച്ചിയാരുടെ സേനയുടെ പിടിയിലായി.
ക്ഷേത്രത്തില്‍ മുത്തു വഡുക നാഥനെ ചതിച്ചു വീഴ്ത്തിയ അതേ ഇടത്തു വച്ച് ജനറല്‍ ജോസഫ് സ്മിത്തിന്റെ തലയറുത്ത് റാണി മുത്തു വഡുക നാഥന് ബലിയര്‍പ്പിച്ചു. കാളിയാര്‍ കോവില്‍ ഏറ്റെടുത്ത ശേഷം സൈന്യം തിരുപ്പത്തൂരിലേക്കും ശിവഗംഗയിലേക്കും മുന്നേറി.
രണ്ടിടത്തും ഒരേസമയം ആക്രമണം നടത്തി നവാബിന്റെ തന്ത്രങ്ങള്‍ പൊളിക്കണം. അതിനായി സൈന്യം രണ്ടായി പിരിയണം. ചിന്ന മരുതു തിരുപ്പത്തൂർ ആക്രമിക്കണം. പെരിയ മരുതും ഒടയാല്‍ പെണ്‍പടയും ശിവഗംഗയിലേക്ക് നീങ്ങട്ടെ.
മരുതുകളുമായുള്ള ചര്‍ച്ചയ്ക്കൊടുവില്‍ വേലുനാച്ചിയാര്‍ പ്രഖ്യാപിച്ചതോടെ ശിവഗംഗയുടെ യുദ്ധ തന്ത്രം ചലിക്കാന്‍ തുടങ്ങി. റാണിയുടെ പടയോട്ടം ബ്രിട്ടീഷുകാരുടെ നിലതെറ്റിച്ചു. റാണിയുടെ മുന്നേറ്റം തട യാന്‍ തിരുപ്പത്തൂരിലും ശിവഗംഗയിലും നവാബിന്റെയും കേണല്‍ ബോണ്‍ജോറിന്റെയും സൈന്യം നിലയുറ പ്പിച്ചു, നൂറു ശംഖുകള്‍ ഒന്നിച്ചു മുഴക്കി സൈന്യം ശിവ ഗംഗയിലേക്ക് പ്രവേശിച്ചു.
തിരുപ്പത്തൂർ വളഞ്ഞ ചിന്നമരുതിന്റെ വളരിക്കാരും തോക്കേന്തിയ മൈസൂര്‍ പടായാളികളും ബ്രിട്ടീഷ് പടയെ തുരത്തി തിരുപ്പത്തൂര്‍ കോട്ട പിടിച്ചെടുത്തു. ഇതോടെ കമ്പിനിപ്പട്ടാളം അടവു മാറ്റി. സേനയെ മുഴുവന്‍ ശിവഗംഗ കോട്ടയിലേക്ക് മാറ്റി കോട്ടവാതില്‍ അടച്ചു. കോട്ടയുടെ ചുറ്റിലും പീരങ്കികള്‍ സ്ഥാപിച്ചു. സുരക്ഷിത രായി നിന്ന് ശിവഗംഗയോടക്കുന്ന നാച്ചിയാര്‍ പടയെ പീരങ്കികള്‍ക്കും തോക്കുകള്‍ക്കും മുന്നില്‍ പുകച്ചു കളയാനായി കേണല്‍ ബോണ്‍ജോര്‍ തന്ത്രം മെനഞ്ഞു.
തിരുപ്പത്തൂരില്‍ അടുത്ത യുദ്ധതന്ത്രം ചര്‍ച്ച ചെയ്യുമ്പോള്‍ സയ്യിദ് കുര്‍ക്കി വേലു നാച്ചിയാരെ ബോധിപ്പിച്ചു.
ഇവിടെ നാം പയറ്റേണ്ടത് മറ്റൊരു തന്ത്രമാണ്. കോട്ടക്കകത്തു നിന്ന് വെടിയുതിര്‍ക്കുന്ന ബ്രിട്ടീഷ് സൈന്യ ത്തെ പുകച്ചു പുറത്തുചാടിക്കണം. അവരെ തുറസായ ഒരു സ്ഥലത്തു കിട്ടിക്കഴിഞ്ഞാല്‍ നമുക്കവരെ തോല്‍പ്പിക്കാന്‍ കഴിയും
കാത്തിരിക്കാന്‍ ഇനി സമയമില്ല ക്യാപ്റ്റന്‍, ശിവഗംഗയുടെ കവാടത്തിൽ എത്താൻ ഞങ്ങളെ സഹായി ച്ചതിന് താങ്കളോടും സുല്‍ത്താനോടും ഞാൻ കടപ്പെട്ടവളാണ്. ഈ യാത്രയില്‍ നേരിട്ട തടസ്സങ്ങളെല്ലാം നാം വിജയകരമായി മറി കടന്നു. അതിലെ അവസാനത്തേതാണ് ശിവഗംഗയുടെ കവാടങ്ങൾ. ഇവിടെ കാത്തു കിടക്കുന്നതിന് പകരം കോട്ടമതിൽ ചാടിക്കടന്നാണെങ്കിലും ശിവഗംഗ പിടിച്ചടക്കിയോ ഒക്കൂ,, യുദ്ധ വീര്യത്തില്‍ നില്‍ക്കുന്ന പടയ്ക്ക് വേലു നാച്ചിയാര്‍ ധൈര്യം പകര്‍ന്നു.
റാണീ ഈ തീരുമാനം നമ്മുടെ ആള്‍നാശത്തിലാണ് അവസാനിക്കുക. ഉയർന്ന കോട്ട മതിൽ കയറാന്‍ ശ്രമിക്കുന്ന നമ്മുടെ സൈനികരെ അവര്‍ക്ക് എളുപ്പത്തിൽ താഴേക്ക് കൊന്നു തള്ളാൻ കഴിയും. ഞാന്‍ നിര്‍ദ്ദേശിക്കുന്നത് ഉപരോധമാണ് . കോട്ടയിലേക്ക് ചരക്കുകളും ഭക്ഷണവും എത്തിക്കുന്ന എല്ലാ മാര്‍ഗങ്ങളും അടയ്ക്കുക. അവര്‍ കോട്ട തുറന്ന് പുറത്തു വരാന്‍ നിര്‍ബന്ധിതരാകും. റാണി അല്പം കൂടി കാത്തിരിക്കണമെ ന്നാണ് എനിക്കു പറയാനുള്ളത്.
കഴിഞ്ഞ പോരാട്ടങ്ങള്‍ കൊണ്ട് നാം നേടിയതെല്ലാം അവസാന ഘട്ടത്തിലെ വലിയ പാളിച്ച കൊണ്ട് നമുക്ക് നഷ്ടമാകും. റാണി ഉത്തരവിടുകയാണെങ്കില്‍ കോട്ടമതിലില്‍ പാഞ്ഞു കയറാൻ സേന തയ്യാറാണ്. പക്ഷേ അവരെ കാത്തിരിക്കുന്നത് കമ്പിനി സ്ഥാപിച്ച പീരങ്കികളും തോക്കുകളുമായിരിക്കും.
രാത്രിയുടെ മറവില്‍ തനിക്കു നേരെ വെടുയുയര്‍ത്ത കമ്പിനിയാളന്റെ മുഖത്തു തുപ്പി വിരമാറു വിരിച്ചു നിന്ന മുത്തു വഡുഗ നാഥന്റെ ഭാര്യയാണ് ഞാന്‍. ഈ യുദ്ധം എനിക്ക് ജയിച്ചേ പറ്റൂ. ക്യാപ്റ്റന്‍ സയ്യിദ് കുര്‍ക്കി പറയുന്നത് താങ്കള്‍ക്ക് കമ്പിനിയുമായി പോരാടിയുള്ള ചരിത്രം കൊണ്ടാണ്. താങ്കള്‍ പറയുന്നത് ഞാന്‍ അംഗീകരി ക്കുന്നു. താങ്കള്‍ പറയുന്ന പോലെ നമ്മുടെ സേന അവരെ ഉപരോധിക്കട്ടെ. അവസാനം വെള്ളകള്‍ പുറത്തു ചാടുന്നത് നമുക്ക് കാത്തിരിക്കാം.
ഇത് ഹൈദരാലിയും ഇംഗ്ലീഷുകാരും തമ്മിലുള്ള യുദ്ധം കൂടിയാണ്. മൈസൂര്‍ സേനയുടെ സാന്നിധ്യം ഉള്ള തുകൊണ്ടു മാത്രം ശിവഗംഗയില്‍ ഒരു ബലപരീക്ഷണത്തിന് കമ്പിനി മുതിരില്ല. കമ്പിനിയോട് ഇതു വരെ മൈസുര്‍ നേടിയതൊക്കെയും തുറന്ന യുദ്ധത്തിലൂടെയാണ്. ശിവഗംഗ കോട്ടയുടെ കവാടം തുറക്കാൻ റാണിക്കു കഴിയുമെങ്കിൽ, ശിവഗംഗ നിങ്ങളുടേതാകുമെന്ന് സയ്യിദ് കുര്‍ക്കി വാക്കു തരുന്നു..
രാത്രി തണുത്തു തുടങ്ങി. ആകാശം റാണിയുടെ മനസ്സുപോലെ മൂടിക്കെട്ടി, ശിവഗംഗ കോട്ടയിൽ നിന്ന് ഏതാനും മൈലുകൾ മാത്രം അകലെ തന്റെ യാത്രയെത്തിയിട്ടും ശിവഗംഗ തിരിച്ചുപിടിക്കാനുള്ള പ്രതി സന്ധിയില്‍ റാണി അസ്വസ്ഥയായി. കുയിലി തന്നോടൊപ്പമുണ്ടായിരുന്നെങ്കില്‍ എന്ന് റാണി ആലോചിച്ചു.
പുലര്‍ച്ചെ സൈന്യത്തിന്റെ അഭ്യാസങ്ങള്‍ നടന്നു കൊണ്ടിരിക്കെ മണ്ഡപത്തിലേക്ക് നടന്നു വരുന്ന വൃദ്ധയെ വേലു നാച്ചിയാര്‍ കണ്ടു. കുയിലി തിരിച്ചു വന്നിരിക്കുന്നു. റാണിക്ക് സന്തോഷമായി. മരുതുകള്‍ക്കും റാണിക്കും മുന്നില്‍ താനറിഞ്ഞ കാര്യങ്ങള്‍ കുയിലി അവതരിപ്പിച്ചു.
ശിവഗംഗ കോട്ടയിലെക്കു കടക്കുക എളുപ്പമായിരിക്കില്ല. ശിവഗംഗൈ കോട്ടയിൽ നവാബ് ഉമദ്-ഉൽ-ഉംറയുടെ ഭരണമാണ്. മുത്തു വടുക നാഥന്റെ സാമ്രാജ്യം ഇപ്പോള്‍ ഹുസൈന്‍ നഗറാണ്. ശിവഗംഗയിൽ നവാബിന് വേണ്ടി ഒരു പുതിയ കൊട്ടാരംതന്നെ പണിതിട്ടുണ്ട്. രാമനാഥപുരം ഇപ്പോള്‍ അലി നഗർ ആണ് കാവല്‍ അതിശക്തമാണ്. കോട്ടയെ ചുറ്റി വിന്യസിച്ചു നിന്ന പീരങ്കികള്‍. കോട്ടയിലേക്കുള്ള വഴിനീളെ വെടിക്കോപ്പുകളും വെടി മരുന്നുകളും ശേഖരിച്ചുവച്ച കിടങ്ങുകള്‍. കമ്പിനിയാളര്‍ മുഴുവന്‍ തമ്പടിച്ചിരിക്കുന്നത് ശിവഗംഗ കൊട്ടാരത്തിലാണ്. കൊട്ടാരത്തിനുള്ളില്‍ രാജേശ്വരി അമ്മന്റെ ക്ഷേത്രത്തിനു താഴെയുള്ള തുരങ്കത്തിലാണ് കമ്പനി എല്ലാ ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിക്കുന്നത്. ക്ഷേത്രത്തില്‍ പ്രവേശി ക്കാന്‍ നാട്ടുകാര്‍ക്ക് അനുവാദമില്ല. വിജയദശമിക്ക് സ്ത്രീകള്‍ക്കു മാത്രമാണ് വര്‍ഷത്തിലൊരു ദിവസം ക്ഷേത്ര ത്തില്‍ ആരാധിക്കാനവസരമുള്ളത്. യുദ്ധത്തില്‍ ശത്രുവിനെ കൊല്ലുന്ന തിനേക്കാള്‍ പ്രധാനം അവരുടെ ആയുധങ്ങള്‍ നശിപ്പിക്കലാണ്. ബ്രീട്ടീഷുകാരുടെ ആയുധങ്ങളും വെടിമരുന്നു ശാലയും ആദ്യം തകര്‍ക്കണം. അതു നഷ്ടപ്പെടുത്തിയാല്‍ മാത്രമേ അവരെ എന്നെന്നേക്കുമായി തുരത്താനാകൂ.. കൊട്ടാരത്തില്‍ പ്രവേശിച്ച് ക്ഷേത്രത്തില്‍ കടന്നതിന് ശേഷം മാത്രമേ അത് സാധ്യമാകുകയുള്ളൂ. അതിന് പുരുഷന്മാരുടെ സേനയ്ക്കു കഴി യില്ല. അത് ശിവഗംഗയ്ക്കു വേണ്ടി വേലു നാച്ചിയാര്‍ക്കു വേണ്ടി കുയിലി ഏറ്റെടുക്കുന്നു. വെട്ടുടയാള്‍ കാളിയുടെ പേരിലുള്ള ഒടയാള്‍ പെണ്‍പടൈ സംഘം അത് പൂര്‍ത്തീകരിച്ചിരിക്കും. ശിവഗംഗയുടെ മണ്ണ് പവിത്രമാക്കി യിരിക്കും
കുയിലിയുടെ വാക്കുകള്‍ വേലുനാച്ചിയാരെ ആവേശഭരിതയാക്കി. റാണിയുടെ വാക്കുകള്‍ക്കായി കാത്തു നിന്ന സയ്യിദ് കുര്‍ക്കിയോടും മരുതുകളോടും ഉറച്ച ശബ്ദത്തോടെ വേലു നാച്ചിയാര്‍ പറഞ്ഞു.
മറ്റന്നാള്‍ വിജയദശമിയാണ് . നവരാത്രി ആഘോഷങ്ങളുടെ പത്താം ദിവസം. അന്ന് രാജരാജേശ്വരി കോവിലില്‍ ബൊമ്മക്കൊലുവും ആയുധപൂജയുമുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രമാണ് പ്രവേ ശനം. ഇതു തന്നെയാണ് തക്ക അവസരം . സീതാദേവിയുടെ രക്ഷയ്ക്കായി ശ്രീരാമൻ രാവണനെ കൊന്ന ദിവസം, അസുര രാജാവായ മഹിഷാസുരനെ ദുർഗാ ദേവി വധിച്ച ദിവസം, മനുഷ്യനും ദേവന്മാര്‍ക്കും വരെ കൊല്ലാൻ കഴിയില്ല വരം കൊണ്ട് മൂന്നു ലോകത്തെയും വിറപ്പിച്ച മഹിഷാസുരനെ പത്ത് കൈയിലും ആയുധ ങ്ങളുമായി സിംഹപ്പുറത്തെത്തിയ എത്തിയ ദുര്‍ഗ വധിച്ച ദിവസം, കള്ളച്ചൂതില്‍ തോറ്റ് നാടുകടത്തലിനൊ ടുക്കം പന്ത്രണ്ട് വര്‍ഷത്തെ അജ്ഞാതവാസത്തിനുശേഷം പാണ്ഡവർ തിരിച്ചെത്തിയ ദിവസം. തിന്മയ്ക്കു മേൽ നന്മ നേടിയ വിജയദിവസം. ഈ ദിവസം നമുക്കുള്ളതാണ്. എട്ടു വര്‍ഷത്തെ അജ്ഞാതവാസത്തിനു ശേഷം നാമിതാ പുറത്തെത്തിയിരിക്കുന്നു. ആരാലും കീഴ്പ്പെടുത്താനാവാത്ത പരദേശികളെ തുരത്താന്‍ ആയുധപൂജ തന്നെ നല്ല ദിവസം.
വേലു നാച്ചിയാര്‍ക്കു മുന്നില്‍ കുയിലി തന്റെ യുദ്ധ തന്ത്രം വെളിപ്പെടുത്തി.
നമ്മുടെ സൈന്യത്തെ രണ്ടായി വിഭജിക്കണം. മരുതു പാണ്ഡ്യന്മാരും മൈസൂര്‍ സേനയും പുറത്ത് വരുന്ന ബ്രിട്ടീഷു കാരെയും നവാബിനെയും നേരിടണം. അകത്ത് ഞങ്ങള്‍ സ്ത്രീകളുടെ പട വിജയദശമി ദിവസം വെളുത്ത വസ്ത്രമണിഞ്ഞ് കൈയ്യില്‍ പൂമാലകളും പൂജാസാധനങ്ങളുമായി ശിവഗംഗ കോട്ടയിലേക്ക് പ്രവേശി ക്കും. പൂക്കൂടകള്‍ക്കുള്ളില്‍ വളരികള്‍ ഒളിപ്പിക്കണം. കാവല്‍ക്കാര്‍ക്ക് ഒരു സംശയവും തോന്നിക്കാത്ത രീതി യാലായിരിക്കണം നടപ്പും ഭാവവും. വീര വെറ്റി വേലിനും ശ്രീരാജ രാജേശ്വരിക്കും ഭജനകള്‍ മുഴങ്ങണം.
കുയിലിയുടെ വാക്കുകളിലെ ഗൗരവം വേലു നാച്ചിയാര്‍ക്കും മരുതുകള്‍ക്കും ബോധ്യപ്പെട്ടു.
ശ്രാരാജ രാജേശ്വരി അമ്മനെ തൊഴാന്‍ അരുന്തതിയാര്‍ പെണ്‍പട ഒറ്റയ്ക്കല്ല. വെട്ടുടയാള്‍ കാളിയുടെ ചോരയ്ക്ക് കണക്കു ചോദിക്കാന്‍ വീരത്തലപതി കുയിലിക്കൊപ്പം വേലു നാച്ചിയാരും ഒപ്പമുണ്ടാകും. ശിവഗംഗ കോട്ടയിലെ ഒാരോ നിഴല്‍ പോലും എനിക്ക് തിരിച്ചറിയാനാകും. തേവര്‍ മുത്തു വഡുഗ നാഥയോടൊപ്പം ഞാന്‍ കണ്‍കൊണ്ടു തൊഴുത രാജേശ്വരി അമ്മന്റെ സവിധത്തില്‍ വച്ചു തന്നെ എനിക്ക് പകരം വീട്ടണം. പകൽ വെല്ലും കൂകൈയൈ ക്കാക്കൈ ഇകൽ വെല്ലും വേന്തർക്ക് വേണ്ടും പൊഴുതു.
റാണിയുടെ വാക്കുകള്‍ക്ക് പാളയത്തില്‍ നിന്ന് സ്ത്രീകളുടെ ആര്‍പ്പുവിളികള്‍ മുഴങ്ങി.
റാണിക്ക് നന്ദി.എന്നാല്‍ ഞങ്ങളുടേതിനെക്കാള്‍ വിലപ്പെട്ടതാണ് റാണിയുടെ ജീവന്‍. അതുകൊണ്ടു തന്നെ റാണി സുരക്ഷിതയായിരിക്കണം. ഈ യുദ്ധം ഞങ്ങള്‍ക്കുള്ളതാണ്.
കുയിലിയുടെ പദ്ധതികള്‍ എല്ലാം അംഗീകരിക്കുമ്പോളും രാജേശ്വരി ക്ഷേത്രത്തിലേക്ക് അവരെ അനുഗമിക്കുമെന്ന് വേലു നാച്ചിയാര്‍ ശപഥം ചെയ്തു. അതിനെ മറികടക്കാന്‍ കുയിലിക്കാകുമായിരുന്നില്ല.
ബൊമ്മക്കൊലുവിനെത്തുന്ന സ്ത്രീകളുടെ അതേ വേഷമായിരിക്കണം നമ്മുടേതും. അവര്‍ക്കിടയില്‍ പല ഭാഗ ത്തായി നമ്മളും നിലകൊള്ളണം. ഒരിക്കലും ഈ യാത്രയില്‍ പരസ്പരം പരിചയം നടിക്കരുത്. വിളക്ക് കത്തി ക്കാനുള്ള എണ്ണയും തിരിയും പൂക്കൂടകളും മാലകളും ഒരുക്കണം. സമയം അധികമില്ല. പൂജ കഴിഞ്ഞാല്‍ നാട്ടു കാരായ സ്ത്രീകള്‍ പിരിഞ്ഞു പോകും. അതും കഴിഞ്ഞേ നമ്മുടെ ആക്രമണം തുടങ്ങാവു. അല്ലെങ്കില്‍ പാവപ്പെട്ട കുറെ പേരുടെ ജീവനും കൂടി അപകടത്തിലാവും. ക്ഷേത്രത്തിനുള്ളിൽ കമ്പിനിയുടെ ആയുധപ്പുര പെണ്‍പട നശിപ്പിച്ചിരിക്കും. പുറത്ത് മരുതുപാണ്ഡ്യന്മാരും മൈസൂര്‍ സേനയും വെട്ടിക്കയറുമ്പോള്‍ ശിവഗംഗ യുടെ മണ്ണ് പരദേശികളില്‍ നിന്ന് സ്വതന്ത്രമാകും.
കുയിലിയുടെ പദ്ധതി പ്രകാരം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സേനയിലെ സ്ത്രീകളെല്ലാം വേഷം മാറി. വസ്ത്രങ്ങള്‍ക്കുള്ളിലും, വലിയ പൂക്കൂടകള്‍ക്കുള്ളിലും, പൂമാലകള്‍ക്കുള്ളിലും ആയുധങ്ങള്‍ ഒളിപ്പിച്ച് ആരുമറിയാതെ ശിവഗംഗയുടെ ഗ്രാമപ്രദേശങ്ങളിലേക്കും ക്ഷേത്രങ്ങളിലിലേക്കും അവര്‍ ലയിച്ചു. അവരോടൊപ്പം വൃദ്ധയുടെ വേഷത്തില്‍ കുയിലിയും വേലു നാച്ചിയാരും ശിവഗംഗയിലെ നാട്ടുകാരായി. എട്ടു വര്‍ഷം കൊണ്ട് ശിവഗംഗ ആകെ മാറിപ്പോയിരുന്നു. തന്റെ മണ്ണിലേക്ക് കാലുകുത്തുമ്പോള്‍ ഒാര്‍മയുടെ കുതിരകള്‍ വര്‍ഷങ്ങള്‍ പിറകിലേക്ക് റാണിയുടെ മനസ്സിനെ നയിച്ചു.
9
ആയുധപൂജയ്ക്കും ബൊമ്മക്കൊലുവിനുമായി ശിവഗംഗയിലേയും സമീപ പ്രദേശത്തെയും സ്ത്രീകള്‍ വെള്ള വസ്ത്രങ്ങള്‍ ധരിച്ച് കയ്യില്‍ എണ്ണയും തിരിയും പൂമാലകളും പൂക്കൂടകളുമായി വര്‍ഷത്തിലൊരു ദിവസം മാത്രം തുറന്നു കിട്ടുന്ന തങ്ങളുടെ പരദേവതയുടെ ക്ഷേത്രത്തിലേക്ക് ഒഴുകിത്തുടങ്ങി. ശിവഗംഗയുടെ തെരുവോര ങ്ങളില്‍ രാവണ പ്രതിമകളുമായി നാട്ടുകാര്‍ ഉണര്‍ന്നു കഴിഞ്ഞു. കോട്ടയും ക്ഷേത്രവും ബ്രിട്ടീഷ് പട്ടാളക്കാര്‍ വളഞ്ഞിട്ടുണ്ട്. വിജയദശമി മുതൽ എല്ലാ ആയുധങ്ങളും പൂജയ്ക്കായി ക്ഷേത്രത്തിന്റെ മുറ്റത്തെ നടുത്തളത്തിലെ കിടങ്ങിലാണ് സൂക്ഷിച്ചിരുന്നത്. ഏതാനും സൈനികരുടെ കൈകളിൽ മാത്രമേ തോക്കുകൾ ഉണ്ടായിരു ന്നുള്ളൂ.
ക്ഷേത്രത്തിനുള്ളിലേക്ക് നാട്ടുകാരോടൊപ്പം അരുന്തതിയാര്‍ സേനയും നുഴഞ്ഞു കയറി. ആ തിരക്കി നുള്ളില്‍ ഒരു കാവല്‍ക്കാരനുപോലും സംശയമുണ്ടായില്ല. ക്ഷേത്രത്തിനുള്ളില്‍ തന്ത്ര പ്രധാനമായ സ്ഥലങ്ങ ളില്‍ അരുന്തതിയാര്‍ സേന നിലയുറപ്പിച്ചു. ക്ഷേത്രം ഭക്തിയിലാണ്ട് രാജരാജേശ്വരിയെ മാത്രം മനസ്സില്‍ ധ്യാനിച്ച് നിശബ്ദമായി. നെയ് വിളക്കുകള്‍ ഒന്നാകെ തെളിഞ്ഞു. സുഗന്ധക്കുറ്റികളില്‍ നിന്നും ധൂമം കൊട്ടാരം മുഴുവന്‍ വ്യാപിച്ചു.
പൂജ കഴിഞ്ഞു സ്ത്രീകള്‍ പിരിഞ്ഞു തുടങ്ങി. പൊടുന്നനേ സ്ത്രീകള്‍ക്കിടയില്‍ നിന്ന് വീരവേല്‍ വെറ്റിവേല്‍ എന്ന മന്ത്രം ഒന്നിച്ചുയര്‍ന്നു. നിമിഷ നേരത്തിനുള്ളില്‍ ശുഭ്രവസ്ത്രധാരികളായ സ്ത്രീകള്‍ പൂക്കൂടകളില്‍ നിന്നും വാളും വളരിയും പുറത്തെടുത്ത് ആര്‍ത്തു വിളിച്ചുകൊണ്ട്, മലവെള്ളപ്പാച്ചില്‍ പോലെ കോട്ടയിലെല്ലായിടത്തും പരന്നു. സ്ത്രീകള്‍ക്കിടയില്‍ നിന്ന് അതും കോട്ടയ്ക്കകത്ത് ഒരാക്രമണം തീരെ പ്രതീക്ഷിച്ചിരിക്കാത്ത വെള്ളപ്പട നടുങ്ങി. ആയുധങ്ങള്‍ സൂക്ഷിച്ച കിടങ്ങിലേക്ക് വെള്ളപ്പടിയാളികള്‍ കുതിച്ചു.
ചാര്‍ജ്..
കേണല്‍ ബേന്‍ജോര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. മുത്തു വഡുക നാഥനെ ചതിച്ചു കൊന്ന കമ്പിനി പടത്തല വന്റെ ഉഗ്രസ്വരം വേലുനാച്ചിയാരുടെ ചെവിയിലെത്തി. ജീവന്‍ ബലിയര്‍പ്പിച്ചായാലും തേവരുടെ ചോരയ്ക്ക് കണക്കു തീര്‍ക്കാന്‍ വേലു നാച്ചിയാര്‍ ഉറച്ചു. ഒരിക്കല്‍ മുത്തു വഡുകനാഥന്റെ പട്ടമഹിഷിയായി വാണ കോട്ട യ്ക്കുള്ളിലെ ഒാരോ മുക്കും മൂലയും മനപാഠമായ വേലു നാച്ചിയാര്‍ നടുത്തളത്തിലെ ആയുധങ്ങള്‍ വച്ച കിടങ്ങ് കുയിലിയുടെ ശ്രദ്ധയില്‍ പെടുത്തി.
ബ്രീട്ടീഷ് പട സ്ത്രീകളെ നേരിടാനായി വളഞ്ഞു. പുറത്തേക്കുള്ള വഴി അടച്ചു കഴിഞ്ഞു. ഒാരോ ഗോപുര വാതിലിലും ബ്രിട്ടീഷ് പട്ടാളക്കാര്‍ തോക്കുകളുമായി പോരിന് തയ്യാറായി നിന്നു. ഇതേ സമയം കോട്ടയ്ക്ക് പുറത്ത് യുദ്ധകാഹളം മുഴങ്ങി. തിരപ്പത്തൂർ കോട്ട ജയിച്ച ചിന്ന മരുതുവും തന്റെ പടകളുമായി വന്നു ചേർന്നുള്ള വിജയ ഭേരി മുഴങ്ങി. സൈന്യം, തെപ്പക്കുളം കരയിലുള്ള ആര്‍ക്കാട്ട് സേനയേയും ബ്രിട്ടീഷുകാരെയും അമ്പര പ്പിച്ച് ഇരമ്പിക്കയറി.
കോട്ടയ്ക്കുള്ളില്‍ വേലുനാച്ചിയാരുടെ വാളിന് വിശ്രമമുണ്ടായിരുന്നില്ല. വെട്ടുടയാള്‍ കാളി ആവേശിച്ച അരുന്തിയാര്‍ സേന ബ്രിട്ടിഷുകാരുടെ തലകള്‍ അരിഞ്ഞു തള്ളി. വെടിയൊച്ചകള്‍ തലങ്ങും വിലങ്ങും മുഴങ്ങി. അരുന്തതിയാര്‍ സേനയിലെ പലരും വെടിയേറ്റ് നിലത്തു വീണു. പെണ്‍പടയുടെ വീറിനു മുന്നില്‍ കമ്പിനി പടയാളികള്‍ ദേഹത്തേറ്റ മുറിവുകളില്‍ നിന്ന് ചോരയൊലിപ്പിച്ച് തലങ്ങും വിലങ്ങും ഒാടി.
ബ്രിട്ടീഷുകാരുടെ ആയുധക്കോപ്പുകളും വെടിമരുന്നും സൂക്ഷിച്ച നടുത്തറയിലെ കിടങ്ങായിരുന്നു കുയിലിയുടെ ലക്ഷ്യം. കാത്തു നില്‍ക്കാന്‍ സമയമില്ല. കമ്പിനിക്കാരുടെ തീ തുപ്പുന്ന തോക്കുകള്‍ക്ക് മുന്നില്‍ എണ്ണം കുറഞ്ഞ പെണ്‍പടയ്ക്ക് ഏറെ നേരം പിടിച്ചു നില്‍ക്കാനാവില്ല. പോരാട്ടം മുറുകുന്നതിനിടെ ക്ഷേത്രവിളക്കുകളിൽ ഉണ്ടാ യിരുന്ന നെയ്യും എണ്ണയും കൈക്കുമ്പിള്‍ കൊണ്ട് കോരിയെടുത്ത് കുയിലി ദേഹത്തേക്ക് ഒഴിച്ചു തുടങ്ങി. കാളീ ശ്വര പൂജയ്ക്കായി നെയ്യ് നിറച്ച മരത്തോണിയില്‍ നിന്ന് കുടം കൊണ്ട് കോരി കുയിലി തന്നെത്തന്നെ അഭി ഷേകം ചെയ്തു.
തന്റെ കൂടെയുണ്ടായിരുന്ന സ്തീകളോടും തനിക്കുമേല്‍ തുണിചുറ്റാനും എണ്ണയും നെയ്യും ഒഴിക്കാനും
ആവശ്യപ്പെട്ടു. എണ്ണയില്‍ നനഞ്ഞു കുളിച്ച് കയ്യിലൊരു ജ്വലിക്കുന്ന പന്തവുമായി കുയിലി കൊട്ടാരത്തിന്റെ ഗോപുര വാതിലേക്ക് കുതിച്ചു. ഗോപുരത്തിലെ കാവല്‍ക്കാരെ വെട്ടി വീഴ്ത്തി ഉഗ്ര ശബ്ദത്തോടെ ഗോപുര ത്തിന്റെ ഇരുമ്പഴി തുറന്ന് കുയിലി അകത്തേക്ക് കയറി.
മിന്നല്‍ പിണര്‍ പോലെ കോണിപ്പടികളിലൂടെ ഗോപുരത്തിന്റെ മുകളിലെത്തി. ഗോപുരത്തിലെ നുഴഞ്ഞു കയറ്റക്കാരനെ തടയാന്‍ കമ്പിനി പടയാളികള്‍ പിറകേ കുതിച്ചു. ഏറ്റവും ഉയര്‍ന്ന തട്ടിലെത്തിയാലേ തന്റെ ലക്ഷ്യം പൂര്‍ത്തിയാവൂ എന്ന് കുയിലി മനസ്സിലാക്കി. കണ്ണുകളടച്ച് രാജരാജേശ്വരിയെയും വെട്ടുടയാള്‍ കാളിയെയും കുയിലി മനസ്സില്‍ ധ്യാനിച്ചു.
വീരവേല്‍ വെറ്റിവേല്‍. വെളുത്തവരെ ആയുധം അറ്റവർകളാക്കി എന്‍ തലവിക്ക് വിജയമായി അള്ളിത്തറ
ഗോപുരത്തിനുള്ളില്‍ കുയിലിയുടെ ശബ്ദം അലയടിച്ചു. അതിനുപിന്നാലെ കയ്യിലെ പന്തത്തില്‍ നിന്ന് എണ്ണ യിലും നെയ്യിലും കുതിര്‍ന്നു കിടക്കുന്ന ഉടുവസ്ത്രത്തിലേക്ക് തീ പടര്‍ത്തി. കാളീശ്വരന്റെ ഹോമാഗ്നിയിലെന്ന പോലെ എണ്ണയും നെയ്യും അതാവാഹിച്ചു.
രാജരാജേശ്വരീ...ഇത് അന്തിമപോരാട്ടമാണ്. ഇത് കഴിഞ്ഞാല്‍ ഇനി അവസരമില്ല. ശിവഗംഗ റാണി വേലു നാച്ചിയാരുടെ ലക്ഷ്യം എന്നിലൂടെയെങ്കിലും നിറവേറ്റപ്പെടണം. പുരന്താർ കൺ നീർമൽക ച്ചാകിർ പിൻ ചാക്കാടിരന്തു കോട്ടക്കതുടൈത്തു
അവളുടെ ശരീരം ആയിരം രത്നങ്ങളെപ്പോലെ തിളങ്ങി .അവളെ പിന്തുടര്‍ന്നു വന്ന കാവല്‍ക്കാര്‍ക്ക് അടുക്കാന്‍ പറ്റുന്നതിന് മുമ്പ് അഗ്നിയുടെ ആള്‍രൂപമായി അവള്‍ മുകളില്‍ നിന്നും ബ്രിട്ടീഷുകാരുടെ ആയുധം സൂക്ഷിച്ച ക്ഷേത്ര നടുത്തളത്തിലേക്ക് പറന്നിറങ്ങി. അതിനു പിന്നാലെ ശിവഗംഗയെ പ്രകാശത്തിലാക്കി നൂറു സൂര്യന്മാര്‍ ഒരുമിച്ചുദിച്ചു.
ആകാശത്തുനിന്നും ഇടിമിന്നലിറങ്ങുന്നതു പോലെ ഗോപുരത്തട്ടില്‍ നിന്നും ക്ഷേത്രമുറ്റത്തേക്ക് പാഞ്ഞു വരുന്ന അഗ്നി രൂപം കൊട്ടാരത്തിനകത്ത് അങ്കക്കലിയില്‍ ബ്രിട്ടീഷ് പട്ടാളത്തിനു മേല്‍ രുദ്രകാളിയായി അടരാടുകയായിരുന്ന റാണി അമ്പരപ്പോടെ കണ്ടു . തീ നിറമാര്‍ന്ന കഴുകന്‍ നടുത്തളത്തിലെ കിടങ്ങിലേക്ക് പാറിയിറങ്ങി. ആയുധക്കിടങ്ങില്‍ നിന്ന് ആള്‍ക്കുയരം തീയാളി. അതോടൊപ്പമുയര്‍ന്ന പ്രചണ്ഡ നാദത്തില്‍ കൊട്ടാരം കുലുങ്ങി. അതില്‍ നിന്നും പുറപ്പെട്ട തീനാവുകള്‍ നിലവറയിലേക്ക് നീണ്ടു. തുരങ്കത്തിനുള്ളില്‍ സൂക്ഷിച്ച വെടിമരുന്നിന് തീപ്പിടിച്ച് രണ്ടാമതും സ്ഫോടനശബ്ദമുയര്‍ന്നു. ആയുധശാല ഉണ്ടായിരുന്നിടത്ത് തീയും ചാരവും വലിയ മേഘമായി ഉരുണ്ടു പൊങ്ങി . അകലെ ഗ്രാമ പ്രദേശങ്ങളില്‍ രാവണന്റെയും കുംഭ കർണന്റെയും ഇന്ദ്രജിത്തിന്റെയും കോലങ്ങൾക്ക് തീകൊളുത്തി വിജയദശമി ആഘോഷിക്കുകയായിരുന്ന നാട്ടുകാര്‍ ശിവഗംഗയില്‍ മുഴങ്ങിയ സ്ഫോടനത്തില്‍ പരിഭ്രാന്തരായി.
എങ്കേ കുയിലി?"
കമ്പിനിയുടെ പോര്‍ക്കോപ്പുകള്‍ നശിപ്പിക്കപ്പെട്ട സന്തോഷത്തിനിടയിലും വേലു നാച്ചിയാരുടെ കണ്ണുകള്‍ കുയിലിയെ തിരഞ്ഞു. നോക്കുന്നിടത്തൊന്നും അവളുണ്ടായിരുന്നില്ല. വേലു നാച്ചിയാരുടെ ഹൃദയത്തിലൂടെ ഒരാന്തല്‍ കടന്നു പോയി.
തന്നുയിർ തന്തു മണ്ണുയിർ വീണ്ടെടുക്കുന്നത് കുയിലിത്താൻ...പടയാളപതി
അരുന്തതിയാര്‍ സേനയിലെ ഇരുളായി എന്ന പെണ്‍പടയാളി വേലുനാച്ചിയാര്‍ക്ക് ഉത്തരം നല്‍കി. പുറത്ത് ആര്‍പ്പുവിളികള്‍ ഉയര്‍ന്നുകൊണ്ടിരിക്കെ റാണി ഹൃദയം നുറുങ്ങുന്ന വേദനയോടെ അത് തിരിച്ചറിഞ്ഞു. അഗ്‌നി ഗോളമായി സ്വയം പൊട്ടിത്തെറിച്ചത് അരുന്തതിയാര്‍ വീര്‍ത്തലപതി, തന്റെ ഇളവരശി കുയിലി യാണ്. പെട്ടെന്ന് എല്ലാം നിശബ്ദമായി. കൊട്ടാരത്തിന്റെ അകവും പുറവും ചാരം മൂടി. നിറഞ്ഞ കണ്ണുകളോടെ വേലുനാച്ചിയാര്‍ സര്‍വം മറന്നു നിന്നു.
അമ്പരപ്പ് വിട്ട് അരുന്തതിയാര്‍ സേന വീരമാങ്ങെ കുയിലി എന്നാര്‍ത്തു വിളിച്ച് കോട്ടവാതിലിലേക്ക് ഒാടി. മദയാനകളുടെ കരുത്തോടെ കൂറ്റന്‍ കോട്ടവാതില്‍ അവര്‍ തള്ളിത്തുറന്നു. പുറത്ത് കാത്തുനില്‍ക്കുകയായിരുന്ന മരുതുകളും സയ്യിദ് കുര്‍ക്കിയുടെ മൈസൂര്‍ സേനയും ശിവഗംഗ കോട്ടയിലേക്ക് കടല്‍ത്തിരകള്‍ പോലെ ഇരച്ചു കയറി.
ക്ഷേത്രമുറ്റത്ത് യുദ്ധം മറുന്നു നില്‍ക്കുന്നക്കരുകില്‍ പെരിയ മരുത് എത്തി..
വെറും പതിനേഴ് വയസ്സിൽ ആയുധം ഏന്തി വെള്ളയനെ എതിർത്തവർ വീരമംഗളായി കുയിലി. സ്വന്തം ജീവന്‍ ശിവഗംഗയ്ക്കു വേണ്ടി സമർപ്പിച്ച് കുയിലി രക്തസാക്ഷിയായി മാറിയിരിക്കുന്നു. പോരാളിക്കൊത്ത വീരചരമം നേടി കുയിലി യാത്രയായിരിക്കുന്നു.
വേലുനാച്ചിയാര്‍ പെരിയമരുതിനോട് കണ്ഠമിടറി.
അരസിയാരെ..കുയിലിയുടെ ത്യാഗം വ്യർഥമാക്കാനാവില്ല. ഇതാണ് വെള്ളക്കാരുടെ അരുകൊലയ്ക്കുള്ള സമയം നിങ്ങളുടെ ഉത്തരവുകൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. പരദേശികളുടെ സ്മരണ പോലും ഇനി ശിവഗംഗയിലുണ്ടാവരുത്..
വേലു നാച്ചിയാര്‍ നെടുവീര്‍പ്പോടെ മനോനില വീണ്ടെടുത്തു. സമ്മതത്തോടെ തലയാട്ടി,
എന്റെ മക്കളേ, മുന്നോട്ട് മുത്തു വഡുക നാഥനായി, ഉദയാലിനായി മുന്നോട്ട്, കുയിലിക്കായി മുന്നോട്ട്,
മരുതു പാണ്ഡ്യന്മാരും മൈസൂര്‍ സേനയും കോട്ടയ്ക്കുള്ളിലെ കമ്പിനി പട്ടാളത്തെ മുഖാമുഖം നേരിട്ടു. വെള്ളപ്പടയാളികള്‍ ഈയാമ്പാറ്റകള്‍ പോലെ പൊഴിഞ്ഞു വീഴാന്‍ തുടങ്ങി.
വീരമാങ്ങൈ കുയിലി എന്ന് അരുന്തതിയാര്‍ സേന ഒന്നിച്ചലറി വിളിക്കുന്നത് വേലുനാച്ചിയാരുടെ ചെവികളില്‍ അലയടിച്ചു. പതറാന്‍ പാടില്ല. ശത്രുവിനോടെതിരിടുമ്പോള്‍ കണ്ണിമ പോലും ചിമ്മാന്‍ പാടില്ല. കുയിലിയുടെ വേര്‍പാടിന്റെ വേദനയിലും കോട്ടയ്ക്കുള്ളില്‍ അവശേഷിച്ച അവസാന കമ്പിനിപ്പടയാളിയെയും കൊന്നൊടുക്കാന്‍ വേലുനാച്ചിയാരുടെ വാള്‍ ദാഹിച്ചു.
വെട്ടുടയാള്‍ കാളിക്ക് പിന്നാലെ വീരചരമം പ്രാപിച്ച കുയിലി വേലുനാച്ചിയാരിലേക്ക് ആവേശിച്ചു. തിരിച്ചടി ക്കാൻ ആയുധങ്ങൾ പോലുമില്ലാതെ കമ്പിനി സൈന്യം അകത്തും പുറത്തും ദുര്‍ബലമായി.
കേണല്‍ ബോണ്‍ജോര്‍ ഒടയാള്‍ പെണ്‍പടയുടെ മുന്നില്‍ കീഴടങ്ങി. തന്റെ ഭര്‍ത്താവിന്റെ ഘാതകനെ കണ്ട വേലു നാച്ചിയാര്‍ വേലുനാച്ചിയാര്‍ പ്രതികാര ദുര്‍ഗയായി. തേവര്‍ മുത്തു വഡുഗ നാഥന്റെ ചോരയ്ക്കു പകരമായി ബോണ്‍ജോറിന്റെ തലവെട്ടി കൊട്ടാരത്തിന്റെ കവാടത്തില്‍ തൂക്കി ശിവഗംഗ കോട്ട തിരിച്ചു പിടിച്ചതായി മരുതു പാണ്ഡ്യന്മാര്‍ വിളംബരം നടത്തി.
അതുവരെ സുരക്ഷിതയായി പാര്‍പ്പിച്ച വെള്ളച്ചി നാച്ചിയാരെ പെണ്‍പട നാച്ചിയാര്‍ക്കരുകിലെത്തിച്ചു. വെള്ളച്ചിയെ മാറോട് ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ റാണിയുടെ കണ്ണീരില്‍ വെള്ളച്ചിയുടെ നെറ്റിയില്‍ വീണു. എട്ടു വര്‍ഷം കാത്തു വച്ച കണ്ണീര്‍..തന്റെ മുടിക്കെട്ടഴിച്ച് ശപഥം പൂര്‍ത്തിയാക്കി വേലുനാച്ചിയാര്‍ കാളീശ്വരനെ തൊഴുതു.
കുയിലിയുടെ ഒാര്‍മ്മയ്ക്കായി നടുത്തളത്തിൽ വീരക്കല്ല് നട്ട് വേലു നാച്ചിയാര്‍ അവള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു. പരദേശികളുടെ കുലമറുക്കാന്‍ അഗ്നിയുടെ ആഴങ്ങളിലിലേക്ക് മുങ്ങിയ വീരത്തപതി കുയിലിയുടെ പേരില്‍ ശിവഗംഗയുടെ മണ്ണില്‍ വേലു നാച്ചിയാര്‍ വീണ്ടും റാണിയായി.
എന്റെ ജന്മത്തിന്റെ ലക്ഷ്യം പൂര്‍ത്തിയായിരിക്കുന്നു. എന്റെ നാഥന്റെ ചോരയ്ക്ക് ഞാന്‍ കണക്കു ചോദി ച്ചിരിക്കുന്നു. പരദേശികളെ ഈ നാടില്‍ നിന്ന് തുരത്തിയിരിക്കുന്നു. വെട്ടുടയാള്‍ കാളിയുടെയും കുയിലിയു ടെയും താണ്ഡവരായന്റെയും ആഗ്രഹങ്ങള്‍ക്കു വേണ്ടി, രാജ്യത്തിനു വേണ്ടി ജീവന്‍ കൊടുത്ത അനേകര്‍ക്കും വേണ്ടി ശിവഗംഗ ഇതാ സ്വതന്ത്രമായിരിക്കുന്നു. അഭയാര്‍ഥിയായി കാല്‍ക്കീഴില്‍ വീണ വേലു നാച്ചിയാര്‍ക്ക് ജേഷ്ഠ സഹോദനെപ്പോലെ സ്നേഹവും സുരക്ഷയും നല്‍കിയ മൈസൂര്‍ സുല്‍ത്താന്‍ ഹൈദറിന് ശിവഗംഗ എന്നും കടപ്പെട്ടിരിക്കും. മൈസൂര്‍ സേനയുടെ ക്യാപ്റ്റന്‍ ഈ യുദ്ധത്തിന് ചക്രവ്യൂഹം തീര്‍ത്ത സയ്യിദ് കുര്‍ക്കിക്ക് ശിവഗംഗയുടെ വിജയോപഹാരം.,പെരിയമരുത് ഇനി ശിവഗംഗയുടെ മന്ത്രിയായിരിക്കും . ചിന്ന മരുത് ശിവഗംഗയുടെ സേനാനായകനും. പക്ഷേ ഈ വിജയത്തിലും എന്നെ പരാജയപ്പെടുത്തുന്നത് ഹൃദയം നുറുങ്ങുന്ന വേദനയാണ്. ഈ വിജയം ഞാന്‍ കുയിലിക്ക് സമര്‍പ്പിക്കുകയാണ്. ഉടുക്കൈ ഇഴന്തവൻ കൈ പോലെ ആങ്കെ ഇടുക്കൺ കളൈവതാം നട്പു. അവളെന്റെ ദേഹത്തിന്റെ ഒരംഗമായിരുന്നു. വലം കൈ നഷ്ടപ്പെട്ട വേദന ഞാനറിയുന്നു. വീര മാകാളി തീ പൈന്ധ അമ്മനായി ഈ മണ്ണിനെ സംരക്ഷിക്കാന്‍ വ്രതമെടുത്ത എല്ലാവരിലും എക്കാലത്തും കുയിലി നിറഞ്ഞു നില്‍ക്കും. പരദേശികള്‍ക്ക് ഈ നാടിനെ ഇനിയൊരിക്കലും നാം വിട്ടുകൊടുക്കുകയില്ല.
ശംഖുകളും പെരുമ്പറകളും കൂട്ടത്തോടെ മുഴങ്ങി. ശിവഗംഗ കോട്ടയുടെ കവാടത്തിനു മുകളിൽ പറന്ന വെള്ളക്കാരുടെ പതാക താഴ്ത്തി. കൊടി മരത്തില്‍ എട്ട് വര്‍ഷത്തിനുശേഷം ഹനുമാന്‍ കൊടി ഉയര്‍ന്നു. കാട്ടില്‍ നിന്നും വീശിയടിച്ച കാറ്റില്‍ ശിവ ഗംഗയുടെ പതാക പാറുമ്പോള്‍ ആയിരക്കണക്കിന് കണ്ഠങ്ങളില്‍ നിന്ന് ഒരേ ശബ്ദം ഒന്നിച്ചുയര്‍ന്നു.
ശിവഗംഗൈ റാണി വീരമംഗയ് വേലു നാച്ചിയാർ വാഴ്ക
വീര മാകാളി തീ പൈന്ധ അമ്മന്‍ വാഴ്ക.
(അവസാനിച്ചു)
ശിവപ്രസാദ് പാലോട്, കുണ്ടൂര്‍ക്കുന്ന് പി.ഒ, മണ്ണാര്‍ക്കാട് കോളേജ്, പാലക്കാട് 678583 PH 9249857148
Post Top Ad
ഉള്ളടക്കം
Saturday, February 12, 2022
ശിവഗംഗ (ചരിത്ര നോവല്‍) ശിവപ്രസാദ് പാലോട്
Subscribe to:
Post Comments (Atom)
No comments:
Post a Comment