Post Top Ad
ഉള്ളടക്കം
Sunday, May 17, 2020
ഭ്രാന്തി വൃത്തം*
ഇരുട്ടുണ്ടാക്കിക്കളി
മേധം
മരണസർട്ടിഫിക്കറ്റ്*
പിണക്കം
പിണക്കത്തിന്റെ കോട്ട കെട്ടിയ മക്കൾ
ഉറക്കം*
Saturday, May 16, 2020
മൂന്ന് തെറിക്കവിതകൾ*
ചേർച്ച
പ്രകൃതിയുടെ ഡയറിക്കുറിപ്പുകൾ
ശിവപ്രസാദ് പാലോട്
മച്ചിനെല്ലി

ഓരോ ഇലയും ഉറക്കമായി
കൊണ്ടു കോറി വരച്ച
അനേകം നെല്ലിക്കകളെ
വ്യത്യാസം
വ്യത്യാസം
ദാ ഈ നിമിഷം
ഞാൻ മരിച്ചു പോയാൽ
നീ എൻ്റെ അയൽപ്പക്കത്തേക്ക്
വിളിച്ചു ചോദിക്കും
ബോഡി എപ്പോളെടുക്കുമെന്ന്,,
ശിവയിൽ നിന്നൊരു
കൊരവള്ളി പറിഞ്ഞു പോയാൽ
ശവമെന്ന്
നീയെത്ര കളിയാക്കിയിട്ടുണ്ട്
പേടിവെള്ളത്തിൽ
നീന്തിത്തുടിക്കുന്നതല്ലേ മീൻ?
പട്ടിണിക്കാടിവെള്ളം
മോന്തിക്കുടിക്കുന്നതല്ലേ
മാട്
ഇല്ലാപച്ചില കടിച്ചു
നടക്കുമ്പോളല്ലേ ആട്?
ജീവിൻ കൊത്തിപ്പെറുക്കി
777777777 നടക്കുന്നതല്ലേ കോഴി
ഐസിലിട്ട് മരവിപ്പിച്ചിട്ടും
കശാപ്പുചെയ്തു തൂക്കിയിട്ടിട്ടും
വെട്ടി പൊതിഞ്ഞിട്ടും
നാടുകടത്തിയാലും
പേരു മാറാത്തവ,
പടിക്കൽ വന്ന്
ഒരു ചരക്കോട്ടോറിക്ഷ
നിലവിളിക്കുന്നു
പച്ച പച്ച പച്ച പച്ച
മത്തി, അയില,
കോഴി, താറാവ്, ആട്,
മീനിൻ്റെ ബോഡി
ആടിൻ്റെ ശവം
മാടിൻ്റെ ശവം
എന്നൊക്കെ കാറ്റതിനെ
വിവർത്തനം ചെയ്ത്
തീൻമേശയിൽ
പ്രസിദ്ധീകരിക്കുന്നു,,
*ശിവപ്രസാദ് പാലോട്*
കുടം സഞ്ചി, കുപ്പി പരാധീനങ്ങൾ*
കുടം സഞ്ചി, കുപ്പി പരാധീനങ്ങൾ*
വെള്ളമില്ലായിരുന്നു
കിണറ്റിൻകരയിൽ
പൈപ്പിൻ ചുവട്ടിൽ,
ഗർഭിണിയെപ്പോലെ
പതുക്കെ വരുന്ന
ടാങ്കറിനെക്കാത്ത്
കുടങ്ങളുടെ
വരിയായിരുന്നു,
അരിയില്ലാഞ്ഞ്
കടക്കു പിന്നിൽ
വരി നിന്നു സഞ്ചികളും
ആളുകൂടിയതിനാൽ
അകലമില്ലാത്തതിനാൽ
കുടങ്ങളെയും സഞ്ചികളെയും
അടിച്ചോടിച്ചു
ഞണുങ്ങിയയിടം തിരുമ്മി
കീറിയേടം പൊത്തി
അവ പല വഴിക്ക് പ്രാകി
മദ്യമില്ലായിരുന്നു,
മൊത്തവും
ചില്ലറയും
നിന്നു കുടിക്കാനും
ഇരിക്കാനും കിടക്കാനും
കുപ്പികൾ ഒട്ടിക്കൊണ്ട്
ക്യൂ നിന്നു
ചരിഞ്ഞു, മറിഞ്ഞു
ഒലിച്ചു,
കുപ്പികളെ ആരും അടിച്ചോടിച്ചില്ല
കുപ്പികളോട് അടിമത്തമുണ്ടത്രേ,,
കുപ്പിയില്ലാതെ ജീവിക്കാനാവില്ലത്രേ,,
കുപ്പികൾ പ്രശ്നമുണ്ടാക്കും
വാറ്റുകൂടും,,,
കുഴഞ്ഞ ശാസനങ്ങൾ
വെള്ളത്തിനോടാർക്കും
അരിയോടാർക്കും
ആസക്തിയില്ലല്ലോ
വെള്ളം കിട്ടാക്കഞ്ഞാരും
അരിയില്ലാഞ്ഞാരും മരിക്കില്ലല്ലോ,,
കുടം വാ പൊത്തി
സമാധാനിക്കാൻ ശ്രമിച്ചു
*ശിവപ്രസാദ് പാലോട്*
*ഇര*
+++++
വരയാടിനെ കാണാൻ
ഇരവികുളം വരെ
പോകണമായിരുന്നു,,
ഇരയാടിനെക്കാണാൻ
അധികം ദൂരെപ്പോവേണ്ടി വന്നില്ല,,
വൈകിട്ട് വലിച്ചിഴച്ച്
കടക്കു മുമ്പിൽ കെട്ടിയിരുന്നു
മുന്നിൽ തൂക്കിയിട്ട പ്ലാച്ചില്ല
തൊട്ടിയിലെ കലക്കവെള്ളം
അത് തൊട്ടു നോക്കിയില്ല,,
നേരം വെളുത്തപ്പോൾ
കടക്കു മുമ്പിൽ
കൊറവ്,
കരൾ,
പിടുക്ക്,
പണ്ടം,
തല,
തലച്ചോറ്,
എല്ല്,
തോല്,
ചോര,
കാല്,
കയ്യ്
എന്നൊക്കെയായി
പിരിച്ചെഴുതപ്പെട്ട്
പല വഴിക്ക് പോയി
എൻ്റെ വീട്ടിലും വന്നു കാണും
അങ്ങനെ എനിക്ക് വയറ്റിലുണ്ടായി,
ഇരയാട്,,
ഇപ്പോളേത് പച്ചില കണ്ടാലും
വായിക്കാൻ തോന്നുന്നു,,
ഏതൊച്ച കേട്ടാലും
പേടിക്കാനും,,
വരയാടാകുന്നതിലും
എളുപ്പം
ഇരയാടാകുന്നതാണ്
കിനാപ്രാണികൾ*
കിനാപ്രാണികൾ

സ്വപ്നങ്ങൾ
കിട്ടാതായിരിക്കുന്നു,,
കരിഞ്ചന്തക്കു പോലും
കിനാക്കുടുക്കകളും
കിനാക്കുപ്പികളും വിറ്റ
കടകളെന്നേ അടഞ്ഞുപോയിരുന്നു
പേ പിടിച്ച്
സ്വപ്നജീവികൾ
വലിയ പാത്രങ്ങളിൽ
പിഴച്ചു പെറ്റ
മഴവില്ലിൻ്റെ തുണ്ടം
ഒളിച്ചുപോയ
തുമ്പിയുടെ ചിറക്
കുളിച്ചു വരുന്ന
പൂമരച്ചില്ല,
തോറ്റുപോയ
മിന്നാമിന്നികളുടെ
പ്രണയകവിതകൾ
എല്ലാമിട്ട് നുരപ്പിച്ചു
ചിലർ നട്ടുച്ചകളിൽ
ചിലരോ നട്ടപ്പാതിരക്ക്
തിളപ്പിച്ച് വാറ്റി
ജീവിതത്തിൻ്റെ വലിയൊരു
ചുടുകുളം വാറ്റിയാലാണ്
ജന്മത്തിന്റെ കനലടുപ്പ് കത്തിയാലാണ്
തെളിഞ്ഞ സ്വപ്നം കിട്ടുന്നത്,
ചൂണ്ടുവിരലിൽ പുരട്ടി
തീയ്യിൽ കാണിക്കുമ്പോൾ
കിനാനീലിമ,
വിരിഞ്ഞ കാശാവു പൂക്കൾ
ആരാനുണ്ടാക്കി വച്ച
സ്വപ്നങ്ങൾ വാങ്ങാമെന്നല്ലാതെ
കിനാക്കിണർ കുത്തുന്നതോ
കിനാക്കാടുണ്ടാക്കുന്നതോ
അശ്ലീലമായ രാജ്യത്ത്
വിസിൽ മുഴങ്ങാം
ലാത്തികൾ മുരളാം
തോക്കുകൾ പൊട്ടിച്ചിരിക്കാം
ബൂട്ടുകളിൽ ഞെരിഞ്ഞമർന്നു പോകാം
കിനാപ്രാണികൾ,,
+++++++++++++'
*ശിവപ്രസാദ് പാലോട്*
Sunday, April 5, 2020
മൂർച്ഛ
എല്ലാ ചെടികളുടെയും
ഇലകൾ
തിളങ്ങുന്ന അരികുകളുള്ള
ബ്ലേഡുകളായി മാറിയിട്ടുള്ള,
അരികിലൂടെ നടക്കുന്ന ഉറുമ്പ്
പൂവിനോടടുക്കുന്ന ശലഭം
മഴച്ചാറൽ,
വെയിൽസൂചി,
നിലാച്ചീള്
രണ്ടായി മുറിഞ്ഞു വീഴുന്ന,
കടിക്കാനെത്തുന്ന
കുഞ്ഞാടുകൾ
ഒടിക്കാനെത്തുന്ന ആനകൾ
ഇരിക്കാനമരും കുരുവി
ചോരയിറ്റിച്ച്
ഇതെന്താണിങ്ങനെയെന്ന്
കരയുന്ന
മനുഷ്യർ മാത്രം
മൂർച്ചയുടെ വിത്ത് വിതച്ച്
നട്ടുനനക്കുന്ന
കുനുകുനെ തളിർ ബ്ലേഡുകൾ വിരിഞ്ഞു മൂക്കുമ്പോൾ
വിളവെടുക്കുന്ന
ചന്തകളിൽ വിൽക്കുന്ന
ഉപ്പു കൂട്ടി പൊട്ടിച്ചു തിന്നുന്ന
ഉടുക്കുന്ന,
ഉമ്മ വയ്ക്കുന്ന
ഇണചേരുന്ന
മൂർച്ചകൊണ്ട്
എന്നെന്നേക്കുമായി ഉറങ്ങുകയും
അന്നന്നേക്ക് മാത്രമായി
ഉണരുകയും ചെയ്യുന്ന
ഒരു സ്വപ്നം കണ്ടു നോക്കിയിട്ടുണ്ടോ??
നല്ല രസാണ്,,,
*ശിവപ്രസാദ് പാലോട്*
Friday, March 27, 2020
*ക്വാറന്റീൻ റിപ്പബ്ലിക്*
ബൃഹദാകാരങ്ങൾ വിട്ട്
സൂക്ഷ്മദേവതയായി
അവതരിച്ച ശത്രു
നിഗ്രഹത്തിനായ് പൊരുതുന്നു
ശാസ്ത്രാവതാരം
കൈകളിലായുധങ്ങൾ
ഒന്നിൽ മാസ്ക്
ഒന്നിൽ സാനിറ്റൈസർ
ഒന്നിൽ സോപ്പ്
ഒന്നിൽ മരുന്ന്
ഒന്നിൽ സിറിഞ്ച്
വാഹനം ആംബുലൻസ്
ആശുപത്രി
അതിന്റെ ആലയം
വെന്റിലേറ്റർ അതിന്റെ അൾത്താര,
എല്ലാ വീടുകളിലും
ഏകാന്തവാസമെന്ന പൂജാമുറി
സമ്പർക്ക വിലക്കെന്ന
നോമ്പു വഴിപാട്,
വിരുന്നു സദ്യ നിഷിദ്ധം,
മരുന്നതിന്റെ പ്രസാദം
ഡോക്ടർമാർ പ്രവാചകർ
നഴ്സുമാർ പുരോഹിതർ
ഭരണയന്ത്രം
അതിന്റെ വെളിച്ചപ്പാട്
തന്നെപ്പോലെ
തന്റെ അയൽക്കാരനേയും കാക്കുന്ന
ആൾദൈവങ്ങളാകണം
ഓരോരുത്തരുമെന്ന്
അതിന്റെ വിശുദ്ധവേദ പുസ്തകം
ഹസ്തദാനം വെടിഞ്ഞ്
ആലിംഗനം വെടിഞ്ഞ്
ചുംബനവും വെടിഞ്ഞ്
സമൂഹവ്യാപന രോധാർഥം
ഹസ്തധാവനം
ഇഷ്ടപൂജ
ഘോഷിപ്പിൻ
ചങ്ങല മുറിക്കുകയെന്ന്
അതിന്റെ മുട്ടിപ്പു പ്രാർഥന
*ശിവപ്രസാദ് പാലോട്*
Thursday, May 9, 2019
ഒച്ചയുടെ മണം
അമ്മയുടെ വിളി കേൾക്കുമ്പോൾ
അമ്മിഞ്ഞപ്പാലിന്റെ,
കായക്കുറുക്കിന്റെ മണം
അച്ഛന്റെ ശബ്ദം കേൾക്കുമ്പോൾ
വിയർപ്പിന്റെ,
പൊതിപ്പലഹാരങ്ങളുടെ മണം
കൂടപ്പിറപ്പുകളുടെ ശബ്ദങ്ങൾക്കെല്ലാം
ഒന്നിച്ചു നനഞ്ഞു കിടന്ന
പഞ്ഞിക്കിടക്കയുടെ മണം
അവളുടെ സൗന്ദര്യ പിണക്കങ്ങളുയരുമ്പോൾ
ചെമ്പകപ്പൂവിന്റെയും
കാച്ചെണ്ണയുടെയും മണം
ക്ലോക്കിന്റെ ഓരോ ടിക് ടിക്കിലും
ചീഞ്ഞ പൂക്കളുടെ മണം
പുലർച്ചെക്കോഴി കൂവുമ്പോൾ
ഇറച്ചിവെന്ത മണം
പതിവു വണ്ടിയുടെ ഹോണിന്
പുക മണം,
ടയർ കരിഞ്ഞ മണം
തിരക്കുകളുടെ മഹാരവങ്ങൾക്ക്
ചുടുകാടിന്റെ മണം
മഴയുടെ ഇരമ്പക്കത്തിന്
പുതുമണ്ണിന്റെ മണം
ഓരോ പിച്ചക്കാരന്റെ
കെഞ്ചലിനും
വല്ലാത്ത വിശപ്പു മണം
ആംബുലൻസിന്റെ കൂവലിന്
കട്ടച്ചോരയുടെ
ആശുപത്രി മണം
ജാഥകളുടെ ഒച്ച പൊന്തുമ്പോളേ
വെടിപ്പുകയുടെ മണം
ഓർമ്മകളുടെ നിലവിളികൾക്ക്
ബലിച്ചോറിന്റെ മണം
സ്വപ്നങ്ങൾക്ക്
സർക്കസ് കൂടാരത്തിന്റെ മണം
ഒച്ചകൾക്കെല്ലാം ഇനിമേൽ
മണം തോന്നിത്തുടങ്ങുമെന്ന്
ചീട്ടുകൊത്തിയ തത്തയുടെ ചീറ്റലിന്
പച്ച മണ്ണിന്റെ മണമുണ്ടായിരുന്നല്ലോ...
*ശിവപ്രസാദ് പാലോട്*










