
ഉള്ളില്‍ തളച്ചിട്ടുണ്ട്
പല വനങ്ങള്‍
ചങ്ങലയാഴ്ന്നു
വ്രണിതമായ മന്തുകാലുകള്‍
ഏതോ വിരഹഗാനത്തിനു
വട്ടം പിടിക്കുന്ന ചെവികള്‍
ചിലതിനെയൊക്കെ
ആദ്യ പ്രണയത്തെ പോലെ
ഒരു ഓര്മ കൊണ്ട് തൊട്ട് നോക്കാം
ചിലതൊക്കെ ചിന്നം വിളിച്ച്
കൊമ്പു കുലുക്കും
സ്വപ്നങ്ങള്‍ക്ക് മദപ്പാടാണ്
തുമ്പി നീട്ടി വിളിച്ചെന്ന് വരും
അടുത്ത് ചെല്ലരുത്
ചവിട്ടി ചീന്തിക്കളയും
അതാണ് ചരിത്രം
ജരാനര ബാധിച്ച
വിപ്ലവമസ്തകം
കുനിച്ചു പിടിച്ചു നില്ക്കുന്നുണ്ടാകും
ചിലവ ,ഏതോ പഴയ
മുദ്രാവാക്യവും ചവച്ചിറക്കി
വാലില്‍ ഒറ്റ രോമം പോലും
ശേഷിക്കാതെ ,
പിശുക്കിയിടുന്ന പിണ്ടങ്ങളോടെ
നെറ്റിപ്പട്ടം കെട്ടാന്‍
ചട്ടക്കാരന്റെ വടിക്കൊപ്പം
പോകാന്‍ നില്‍പ്പുണ്ടാകും
സമരസപ്പെട്ട പോരാളികള്‍
വില്ക്കപ്പെട്ട തലയെടുപ്പുകള്‍
തോട്ടിക്കൂര്പ്പില്
മൂത്രമൊഴിച്ചുകൊണ്ട് ..
കുറുമ്പ് കാട്ടി നില്ക്കുന്ന
കുട്ടിത്തങ്ങള്‍ ,
പരവശപ്പെട്ട യൌവനങ്ങള്‍
കെട്ടുമരത്തോടു പരിഭവം
പറയുന്നുണ്ടാകും
കേട്ടു നില്‍ക്കണ്ട
ആര്‍ക്കും ആരെയും രക്ഷിക്കാനാകില്ല .
ഇവയെല്ലാം ചങ്ങലയഴിഞ്ഞു
ഉള്ള് ഒരു പോര്‍ക്കളമാകും
അന്നായിരിക്കും
സമനിലതെറ്റിയ ചിന്തകളെയും കൊണ്ട്
ഭ്രാന്താശുപതിയിലെക്കുള്ള
ആദ്യത്തേതും അവസാനത്തെക്കുമുള്ള
ഉന്മാദത്തീവണ്ടി
പാളംതെറ്റിയോടുക
മനോഹരമായ കാവ്യഭാവനകൾ. നല്ല കവിത. അവസാനം തീവണ്ടി കൊണ്ടു വന്നത് ഒരു ചേരായ്ക പോലെ തോന്നുന്നു.
ReplyDeleteആർക്കും ആരെയും രക്ഷിക്കാനാവില്ല.
കെട്ടുമരങ്ങൾ പിഴുത് ആനകൾ കൊമ്പുകോർക്കുമ്പോഴാണ്
ചങ്ങലയഴിഞ്ഞ നാവേറുകൾ
കാടുകൾ തകർത്ത്
മരുഭൂമികളിലലയാൻ തുടങ്ങുക.
എഴുതാനിരുന്ന സമയത്ത് അവിചാരിതമായി കടന്നു വന്ന ആ പിരാന്തന് തീവണ്ടിയെ വിട്ടുകളയാന്‍ തോന്നിയില്ല.വായനക്ക് നന്ദി .
Deleteഇനിയും എഴുതുക ...
ReplyDeleteഎഴുതിയത് ഇഷ്ടമായി. നല്ല വരികള്‍. മികച്ച കവിത.
നന്ദി .നിറഞ്ഞ വായനക്ക്
Delete