kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Thursday, May 21, 2020

ഹൃദയഭൂമി നോവൽ ശിവപ്രസാദ് പാലോട്





                                           അധ്യായം 1

 ഗലിയുടെ ഇത്തിരി ലോകത്തിൽ രാംസിങ്ങും കൂട്ടുകാരും കള്ളനും പൊലീസും
കളിക്കുകയായിരുന്നു. രാംസിങ്ങ് കണ്ണടച്ചു നിൽക്കുകയാണ്. ബോലായും,
രൺവീറും, സരസ്വതിയുമൊക്കെ ഒളിച്ചു കഴിഞ്ഞു. കൂട്ടത്തിലെ ചെറിയവനായ
രാംസിങ്ങാണ് പൊലീസ്. വലിയകുട്ടികൾ എല്ലാം പലയിടത്തായി ഒളിച്ചു കഴിഞ്ഞു.
കള്ളനും പൊലീസും കളിയിൽ കള്ളനാവുക എളുപ്പമുള്ള പണിയാണ്. കിട്ടുന്ന
മൂക്കിലോ മൂലയിലോ, നിർത്തിയിട്ട റിക്ഷാവണ്ടിക്കടിയിലോ, ഉന്തുവണ്ടിക്കു
മറവിലോ ഒളിച്ചാൽ മതി. പക്ഷെ പൊലീസാവുകയെന്നാൽ ഇത്തിരി മിനക്കേടുള്ള
പണിയാണ്. ഒാരോരോ കള്ളന്മാരെയെല്ലാം തിരഞ്ഞു പിടിക്കണം. കള്ളന്മാർ
വിരുതന്മാരാണ്. ഒരു ഇലയുടെ മറവിൽ അവർ തങ്ങ
ളെ ഒളിപ്പിക്കും. പൊലീസിന്റെ തൊട്ടുപിറകിൽ അവർ ഉണ്ടെങ്കിൽ പോലും ശ്വാസം
കൊണ്ടു പോലും ഒച്ചയുണ്ടാക്കാതെ, ഒരു പൂച്ചയെപ്പോലെ നിശബ്ദമായി നടക്കാൻ
പഠിച്ചവർ..

          രാംസിങ് തിരഞ്ഞു തുടങ്ങി..റിക്ഷാവണ്ടിക്കടുത്തുകൂടി
ചെവികൂർപ്പിച്ച് നടന്നപ്പോൾ ഒരു പാദസരത്തിന്റെ
തരിക്കിലുക്കം..താഴ്ത്തിയിട്ട വിരിക്കുതാഴെന്നും എത്തിനോക്കുന്ന പച്ചനിറം

  സരസ്വതി ദീദി.. രാംസിങ് ഉറക്കെ വിളിച്ചു..

         റിക്ഷ വണ്ടിയുടെ വിരിപൊങ്ങിച്ചപ്പോൾ പതുങ്ങിയിരിക്കുന്ന
സരസ്വതി ദീദി.അവൾ രാംസിങ്ങ് കാണാതിരിക്കാൻ ഒന്നുകൂടി പതുങ്ങി. രാംസിങ്ങ്
കണ്ടു എന്ന് ഉറപ്പായപ്പോൾ അവൾ പതുക്കെ ഇറങ്ങി വന്നു..

ചോട്ടൂ..തും അഛാ പൊലിസ് ഹെ

        കള്ളനെ പിടിച്ചുകഴിഞ്ഞാൽ പിന്നെ കള്ളൻ പൊലീസിന്റെ സഹായിയാണ്.
മറ്റു കള്ളന്മാരെ പിടിക്കാൻ പൊലീസിനെ സഹായിക്കണം. ചില കള്ളന്മാർ
കൂട്ടുകാരെ പറഞ്ഞുകൊടുക്കില്ല. ചില കള്ളന്മാർ പൊലീസിന്റെ ഒപ്പം കൂടി
മറ്റുള്ളവരുടെ ഒളിയിടങ്ങൾ കാണിച്ചു കൊടുക്കും. അതിന്റെ പേരിൽ പിന്നെ
കള്ളന്മാർ തമ്മിൽ വഴക്കും പതിവാണ്. സരസ്വതിയും രാംസിങ്ങും ഒന്നിച്ച്
കള്ളന്മാരെ തിരക്കിയിറങ്ങി.

                    ഉന്തുവണ്ടിയുടെ കീഴിൽ നിന്ന് ബോലായെ പിടികൂടി.
രണ്‍വീറിനെ കാണാൻ ഇത്തിരി പണിപ്പെട്ടു. ഗലിയിൽ കിടന്നിരുന്ന ഒരു
കീറച്ചാക്കെടുത്ത് പുതച്ച് രാംസിങ്ങ് നിന്നതിന് തൊട്ടടത്തു തന്നെ അവൻ
കിടക്കുന്നുണ്ടായിരുന്നു. പക്ഷേ ഒരു അനക്കം കൊണ്ടുപോലും പിടികൊടുക്കാതെ
ഒരു വിഴുപ്പുചാക്കായി കിടക്കുന്നവനെ എത്ര പൊലീസുണ്ടായാലും
പിടിക്കാനാവില്ലല്ലോ..ഉറുമ്പുകളാണ് അവനെ ചതിച്ചത്. പുതക്കാനെടുത്ത
ചാക്കിൽ നിന്നും ഉറുമ്പുകൾ അവനെ പൊതിഞ്ഞു. ആദ്യം സഹിച്ചു കിടന്നെങ്കിലും
പിന്നെ അവ കടിതുടങ്ങിയപ്പോൾ ചാക്കിന് അനക്കം വച്ചുതുടങ്ങി. അങ്ങിനെയാണ്
രൺവീറിന് പിടികൊടുക്കേണ്ടി വന്നത്..

ബച്ചോം ആയിയെ..ഖേൽ ചോഡോ..

         രൺവീറിന്റെ അമ്മ വിളിച്ചപ്പോൾ കളി നിർത്തി ഒാരോരുത്തരായി
വീടുകളിലേക്ക് നോക്കി. വീടുകളെന്നാൽ അടുപ്പിച്ച് കെട്ടിയുണ്ടാക്കിയ അറകൾ.
ബാനറുകളും, പ്ളാസ്റ്റിക് ഷീറ്റുകളും എന്നു വേണ്ട കിട്ടിയതെന്തുകൊണ്ടും
വെയിലും ചോർച്ചയുമടച്ച ഗലിയിലെ വീടുകൾ. ഒരേ സമയം അടുക്കളയും
കിടപ്പുമുറിയും ആയിമാറുന്ന മായാജാലം വശമുള്ള ഗലിവീടുകൾ.

             നേരം ചാഞ്ഞു തുടങ്ങി, ഇരുട്ട് പടിഞ്ഞാറ്
തലപൊക്കിത്തുടങ്ങി. അവിടിവിടെ കണ്ണുമിഴിക്കുന്ന വിളക്കുകൾ. ചിമ്മിയും
അടഞ്ഞും ഗലിയെ നോക്കി ചിരിക്കാൻ പാടുപെടുന്ന വിളക്കുകാലുകൾ.  നൂറു തവണ
ചിമ്മിക്കഴിയുമ്പോളാണ് വിളക്ക് കത്താൻ തുടങ്ങുക. ചിലപ്പോൾ നൂറ്റമ്പതു
വരെ. വിളക്ക് എത്ര തവണ ചിമ്മുമ്പോളാണ് കത്താൻ തുടങ്ങുകയെന്ന് എണ്ണി
നോക്കുന്നത് കുട്ടികളുടെ വിനോദമാണ്. വിളക്ക് കത്തിത്തുടങ്ങിയാൽ ഗലിയിൽ
വെളിച്ചത്തിന്റെ ഒരു മരമുണ്ടാകും. അതിന്റെ കണ്ണ് ഒരു ചുകന്ന പൂവായി
മാറും. അതിലെ തേൻ കുടിക്കാൻ രാത്രിവണ്ടുകളും പാറ്റകളും ചുറ്റും പറക്കും.

                                      സ്കൂളിൽ പോകുന്ന മുതിർന്ന
കുട്ടികൾ പുസ്തകങ്ങൾ ഒക്കെയെടുത്ത് വിളക്കിൽ നിന്നും വെളിച്ചം
എത്തിനിൽക്കുന്ന ഭാഗത്ത് ഇരുന്ന് പുസ്തകങ്ങൾ ഉറക്കെ വായിക്കും..പലരും
സ്കൂളിൽ പോകാറൊന്നുമില്ല. ഗലിയിൽ നിന്നും നാലു കിലോമീറ്റർ അകലേക്ക്
നടന്നു പോകണം.പിന്നെ പകൽ അച്ഛനുമമ്മയും പണിയിടങ്ങളിലേക്ക് പോയാൽ
വീടുകാക്കേണ്ടതും കുട്ടികളാണ്. കണ്ണുതെറ്റിയാൽ ഗലിയിലേക്ക് തുറന്നു വച്ച
വാതിൽ മറപൊന്തിച്ച് തെരുവുനായ്ക്കളും, ഒാടകളിൽ നിന്ന് കയറിവരുന്ന കൂറ്റൻ
എലികളും ഉള്ളിൽ കയറും..പിറ്റേന്നേക്ക് കാത്തുവച്ച റൊട്ടിയും,
ആട്ടമാവുമെല്ലാം ചീത്തയാക്കും. വല്ലപ്പോഴുമാണ് സ്കൂളിൽ പോകുന്നത്.
അടുക്കളയിൽ നിന്നും കിട്ടുന്ന കരി കഷണങ്ങൾ കൊണ്ട് ചുവരിലെഴുതും,
ചിത്രങ്ങൾ വരക്കും, ചിലപ്പോൾ മാത്രം പല സാധനങ്ങൾ പൊതിഞ്ഞു വരുന്ന
കടലാസുകളിൽ അക്ഷരങ്ങളെ തിരയും

  രാംസിങ്ങ് ,,ആവോ,,, മുന്നി കീ സാമ്നെ ബൈട്ടൊ,,

അമ്മ വിളിക്കുന്നു,, അച്ഛൻ വരാറായി, ഗലിയിൽ നിന്നും ഏറെ ദൂരെ ഒരു ഇരുമ്പു
കമ്പനിയിലാണ് അച്ഛന് ജോലി., കമ്പനിയിലെ പഴയ ഇരുമ്പു കഷണങ്ങൾ ശേഖരിച്ച്
ചൂളയിലേക്ക് എത്തിക്കുന്ന പണി കഴിഞ്ഞെത്തുമ്പോൾ അയാൾ ഏറെ
ക്ഷീണിച്ചിരിക്കും, വരുമ്പോൾ കിട്ടുന്ന ചെറിയ തുകയിൽ നിന്ന് വീട്ടു
സാധനങ്ങൾ വാങ്ങും, കൂടുതൽ പൈസ കിട്ടുന്ന ദിവസം രാം സിങ്ങിന് ഒരു പൊതി
കടലയോ, മിഠായി യോ കരുതിയിട്ടുണ്ടാകും


അച്ഛൻ വരുമ്പോഴേക്കും ആട്ട കുഴച്ച് കല്ലിൽ ചുട്ടെടുക്കണം,,,
ഉരുളക്കിഴങ്ങ് വേവിച്ച് കറിയുണ്ടാക്കണം,,ചിലദിവസങ്ങളിൽ ചാവലും
ദാലുമായിരിക്കും. റൊട്ടിയും ആലു ബുജിയയും ചില  ദിവസം

അമ്മ തിരക്കിലാവുമ്പോൾ മുന്നി  ഉണരാതെ നോക്കണം, പഴയ സാരി
കെട്ടിയുണ്ടാക്കിയ തൊട്ടിലിൽ മുന്നിയെ താളത്തിൽ ആട്ടണം,,, ചിലപ്പോൾ അവൾ
കുഞ്ഞിക്കണ്ണുമിഴിച്ച് രാംസിങ്ങിനെ നോക്കും, അമ്മയിൽ നിന്നും കേട്ടു
പഠിച്ച താരാട്ട് തീരെ പതിഞ്ഞ ശബ്ദത്തിൽ അവൻ മൂളും,, അപ്പോളവൾ കണ്ണടച്ച്
ഉറങ്ങും, മൂന്നു മാസമേ ആയുള്ളൂ അവൾക്ക്,,

     അതുവരെ വീർത്തവയറുമായി നിരങ്ങി നടക്കുകയായിരുന്നു അമ്മ, ജോലികൾ
എടുക്കുമ്പോൾ പലതവണ തളർന്നു കിടന്നു,, രാം സിംഗ് അടുത്തെത്തുമ്പോളൊക്കെ
അമ്മ പറയും

രാം സിംഗ്,,, നിനക്ക് ഒപ്പം കളിക്കാൻ ഒരാൾ വരുന്നു,,, നിനക്ക് അനുജനെ
വേണോ അനുജത്തിയെ വേണോ??

അനുജത്തി,, അവന് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ,, അമ്മയെപ്പോലെയോ

സരസ്വതി ദീദിയെപ്പോലെയോ ഒരനുജത്തി

അപ്പോൾ അമ്മ വേദനക്കിടയിലും പുഞ്ചിരിക്കും. രാം സിങ്ങിനെ ചേർത്തു
പിടിക്കും. അപ്പോൾ അമ്മയുടെ വയറിൽ നിന്ന് ആരോ വിളിക്കുന്നതു പോലെ അവന്
തോന്നും

ഒരു ദിവസം അമ്മക്ക് വലിയ ക്ഷീണമായി, കമ്പനിപ്പണിക്കുപോയ അച്ഛനെ ആളുകൾ
വിളിച്ചു കൊണ്ടുവന്നു, ഗലിയിലെ മുതിർന്ന സ്ത്രീകളെല്ലാം വീടിനുള്ളിലേക്ക്
കയറി, രാം സിങ്ങിനെ അടുത്ത വീട്ടിലേക്ക് കൊണ്ടുപോയി, അമ്മയുടെ
നേർത്തകരച്ചിൽ കേട്ട് വീട്ടിലേക്ക് പോകാൻ തുനിഞ്ഞപ്പോൾ സരസ്വതി ദീദിയുടെ
അമ്മ അവനെ സമാധാനിപ്പിച്ചു

രാം സിംഗ് നിനക്ക് കളിക്കാൻ ഒരു കുഞ്ഞുവാവ വരാൻ പോകുന്നു,,

അപ്പോളവന് തെല്ലു സന്തോഷം തോന്നി,,, അച്ഛൻ റിക്ഷയിൽ വന്നപ്പോൾ കൂടെ ഒരു
നഴ്സും ഉണ്ടായിരുന്നു,, നഴ്സ് അകത്തേക്ക് കയറിയപ്പോൾ മറ്റെല്ലാവരും
പുറത്തിറങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു കുഞ്ഞുകരച്ചിൽ കേട്ടു, അമ്മയുടെ
വയറിൽ ചെവി ചേർത്തപ്പോൾ തന്നെ വിളിച്ച അതേ ശബ്ദം,, രാം സിങ്ങിന്റെ ഹൃദയം
വല്ലാതെ മിടിച്ചു,,

കുറച്ചു കഴിഞ്ഞ് നഴ്സ് ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ് കുത്തുവാവയെ പുറത്തു
നിന്ന സ്ത്രീകളെ കാണിച്ചു,,

ശിവ്ജി ആവോ  തും കൊ ഏക് ബേട്ടി ആ ഗയീ   രാംസിങ്ങ് ആവോ,, ദേഖൊ ,തുമാരാ ബഹൻ കൊ ദേഖൊ,

രാംസിങ്ങ് ഉറങ്ങിക്കിടക്കുന്ന കുഞ്ഞുവാവയെ ഒന്നു നോക്കി,,
അടഞ്ഞുകിടക്കുന്ന കുഞ്ഞിക്കണ്ണുകൾ, അവൾ തന്നോട് പുഞ്ചിരിക്കുന്ന പോലെ,,
അവനപ്പോൾ വല്ലാത്ത കരച്ചിൽ വന്നു,,,

മേം മാതാ കൊ ദിഖ്നേ ചാഹിയേ,, കരച്ചിലോടെ അവൻ വീട്ടിനുള്ളിലേക്ക് ഓടി,,,
അവിടെ ദേഹം മുഴുവൻ പുതപ്പു കൊണ്ട് മൂടി  അമ്മ കിടക്കുന്നു,

മാം,, മാം,,,

അവൻ വിളിച്ചപ്പോൾ ഗൗരി  കൺപോളകൾ അനങ്ങി,, പാതി തുറന്ന് അമ്മ അവനെ
നോക്കി,, ഒന്നു പുഞ്ചിരിച്ച് പിന്നെയും മയക്കത്തിലായി,,

നഴ്സിന് കൊടുക്കാനും റിക്ഷ വാടകക്കും ശിവ്ജിയുടെ കയ്യിൽ പണം
തികയുമായിരുന്നില്ല, ഗലിയിലെ പലരുടെയും കയ്യിൽ നിന്ന് അഞ്ചും പത്തും കടം
വാങ്ങി അയാൾ കണക്കൊപ്പിച്ചു,,

എല്ലാം ഇന്നലെ കഴിഞ്ഞ പോലെ രാംസിങ്ങിന് തോന്നി,, അന്നുതൊട്ട്
കുഞ്ഞനുജത്തിയെ നോക്കുന്ന ചുമതല രാം സിങ്ങിന്റെതു കൂടിയായി,,

അരേ രാംസിങ്ങ്,,,

പുറത്ത് അച്ഛന്റെ ശബ്ദം,,, അവൻ വിളി കേട്ടു, ശിവ് ജി ഒരു പൊതി
രാംസിങ്ങിന് കൊടുത്തു,, അവൻ പൊതിയഴിച്ചു നോക്കി,, ചുകന്ന അലുവയുടെ ഒരു
കഷണം

അനുജത്തി വലുതാകുമ്പോൾ അലുവ മുഴുവൻ നീതിന്നരുത് അവൾക്കും കൊടുക്കണം,,,

അവൻ അനുജത്തി വലുതാകാൻ കാത്തിരിക്കുകയാണ്,, ഒപ്പം കളിക്കാൻ ഒരാളായ സന്തോഷത്തിലാ,,,

അമ്മ പറയുന്നത് കേട്ട് അവന് അലുവയെക്കാൾ മധുരിച്ചു,,,

നീയവളെ എന്തു വിളിക്കും??

ശിവ് ജി ചോദിച്ചു,,,

അവൻ ചൂണ്ടുവിരൽ താടിയിൽ മുട്ടിച്ച് ഒന്നാലോചിച്ചു, എന്നിട്ടുറക്കെപ്പറഞ്ഞു,,

ആംലാ,,

ശിവ് ജിയും ഗൗരിയും പരസ്പരം നോക്കി,, പിന്നെ രണ്ടു പേരും അവനെ ഒന്നിച്ച്
ചേർത്തു പിടിച്ചു,,
രാംസിങ്ങ് നീയും ആംലയുമാണ് ഞങ്ങളുടെ ജീവൻ, ഞങ്ങൾ ജീവിക്കുന്നത് തന്നെ
നിങ്ങൾക്കു വേണ്ടിയാണ്,,

രണ്ടു പേരുടെയും കണ്ണുകളിൽ നനവ് പടരുന്നത് കണ്ട് രാം സിങ്ങിനും കണ്ണിൽ
വെള്ളം നിറഞ്ഞു



                                                   അധ്യായം
                                                      രണ്ട്

ഇരുമ്പു കമ്പനിയിലെ ജോലി ശിവ്ജിയുടെ ആരോഗ്യത്തെ ബാധിച്ചു
തുടങ്ങിയിരുന്നു,  കടുത്ത പൊടിയും ചൂടും അയാളെ തളർത്തി, ചുമയും ശ്വാസം
മുട്ടലും കൂടിക്കൂടി വന്നു, ദിവസവും കിട്ടുന്ന നൂറു രൂപ കൊണ്ടാണ് കുടുംബം
കഴിഞ്ഞു പോരുന്നത്,, അതു നിലച്ചാൽ മറ്റു വഴിയില്ലാത്തതിനാൽ രോഗം
വകവക്കാതെ ജോലിക്കു പോയി ,

            ചുമ കൂടിയതോടെ ജോലിക്കു പോവാൻ പറ്റാതായി. ഗലിക്കപ്പുറമുള്ള
ആശുപത്രിയിൽ പോയി ഡോക്ടറെക്കണ്ടു, ഒരാഴ്ച വിശ്രമിക്കാനും കുറെയേറെ
മരുന്നുകൾ കഴിക്കാനും ഡോക്ടർ പറഞ്ഞു, ഗൗരിയുടെ കയ്യിൽ പല പ്രാവശ്യമായി
മിച്ചം വച്ചിരുന്ന ചില്ലറത്തുട്ടുകൾ ഒരു ദിവസത്തെ മരുന്നിനു തന്നെ
തികയുമായിരുന്നില്ല, അയൽക്കാരുടെ കയ്യിൽ നിന്നും പിന്നെയും കടം വാങ്ങി
മരുന്നു വാങ്ങി,

ആ ദിവസങ്ങളിലൊന്നും ശിവ് ജിയുടെ വീട്ടിൽ അടുപ്പ് പുകഞ്ഞില്ല.,, ആംലക്ക്
കൊടുക്കാനുള്ള കുറുക്കോ മരുന്നോ വാങ്ങാൻ കെൽപ്പിച്ചതായി, ഗൗരി അടുത്ത
വീടുകളിലൊക്കെപ്പോയി ആഹാരത്തിനുള്ള സാധനങ്ങൾ ചോദിച്ചു തുടങ്ങി,, ഗലിയിലെ
എല്ലാവരും ഒരേ പോലെയാണ്. രണ്ടു ദിവസം ജോലി മുടങ്ങിയാൽ
വീടുകളിലാർക്കെങ്കിലും അസുഖം വന്നാൽ അതോടെ ഒന്നുമില്ലാത്തവരായി
പോകുന്നവർ, അന്നാന്നത്തെ അന്നത്തിനായി വിയർത്തു തളരുന്നവർ, എങ്കിലും അവർ
പരസ്പരം സഹായിച്ചു, ഉണ്ടായിരുന്ന ആട്ടയും ഉരുളക്കിഴങ്ങുമെല്ലാം
പങ്കുവച്ചു,,, ചിലർ  ചുട്ടു വച്ച ചപ്പാത്തികളും കറിയും നൽകി, ആ
ദിവസങ്ങളിലൊന്നും രാംസിങ്ങ് കളിക്കാൻ ഗലിയിലേക്കിറങ്ങിയില്ല, ഗൗരി അയൽ
വീടുകളിൽ പോകുമ്പോൾ ആംല യെ നോക്കണം, ചുമ കൂടുമ്പോൾ അച്ഛന് മരുന്നെടുത്തു
കൊടുക്കണം. മുമ്പത്തെപ്പോലെയല്ല ആംല ഇപ്പോൾ, മുമ്പത്തെ പോലെയല്ല,
തൊട്ടിലിൽ നിന്നും കുഞ്ഞു കാലുകൾ നിലത്തു മുട്ടിച്ച് അവൾ പുറത്തിറങ്ങും,
നിലത്തു കൂടി നീന്തുന്ന അവളെ വീണ്ടും തൊട്ടിലിലേക്ക് കിടത്തണം, ആ സമയത്ത്
രാംസിങ്ങ് ആംലയുടെ അമ്മയായി. അമ്മ അവളെ ഓമനിക്കുന്നതു പോലെ ഓമനിച്ചു,
അമ്മ പാടുന്നതു പോലെ പാടി,, ഏട്ടനെന്നാൽ അച്ഛനും അമ്മയും കൂടിയാണന്ന്
രാംസിങ്ങിന് തോന്നി,, ആംലയാവട്ടെ ഏട്ടനെ ഒട്ടും ബുദ്ധിമുട്ടിച്ചില്ല,,,
അവൻ അവളെ എടുക്കുമ്പോഴൊക്കെ അവൾ അമ്മ

യുടെ മാറിയെന്ന പോലെ ചേർന്നു കിടന്നു, ഒട്ടും കരഞ്ഞില്ല,,, വാശി പിടിച്ചില്ല,,

അഞ്ചു|വയസാകുന്നേയുള്ളൂ രാംസിങ്ങിന്,,, അവനിപ്പോൾ വീട്ടുകാര്യം മൊത്തം
നോക്കുന്നു മിടുക്കൻ കുട്ടി

സരസ്വതി ദീദിയുടെ അമ്മ ഗൗരിയോട് പറയുന്നത് രാംസിങ്ങ് കേട്ടു.
കളിക്കാൻ പോകാതായപ്പോൾ കൂട്ടുകാർ രാംസിങ്ങിനെ തേടി വീട്ടിലെത്തി.
ഒാരോരുത്തരുടെയും കയ്യിൽ അവരുടെ വീട്ടിൽ നിന്നും എടുത്ത രണ്ടു
റൊട്ടിക്കഷണമോ...കഴിഞ്ഞ ദിവസം അവർക്കുകിട്ടിയ കടലപ്പൊതിയുടെ പങ്കോ,
ലിച്ചിപ്പഴങ്ങളോ കൊണ്ടു വന്നു..

രാം സിങ്ങ് നീയില്ലാതെ ഒരു രസവുമില്ല കളിക്കാൻ..

കൂട്ടത്തിൽ ചെറിയ ആളായതിന്റെ സ്നേഹം അവരെല്ലാം രാംസിങ്ങിനോട്
കാണിച്ചിരുന്നു. സരസ്വതി ദീദി അവനോട് പറഞ്ഞു

നോക്ക് വിഷമിക്കണ്ട..അച്ഛന്റെ അസുഖം പെട്ടെന്ന് ഭേദമാകും..നീ വിഷമിക്കണ്ട
രാംസിങ്ങ്..ഞങ്ങളൊക്കെ നിന്റെ കൂടെയില്ലേ





ശിവ്ജിക്ക് ഒരാഴ്ച കഴിഞ്ഞപ്പോൾ കുറെയൊക്കെ ഭേദമായി,, ജോലിക്ക്
പോകാമെന്നായി, പക്ഷെ രണ്ടു ദിവസം പോയതോടെ വീണ്ടും ചുമ തുടങ്ങി,,
ജോലിക്കിടെ പല തവണ തളർന്നിരുന്നു. ഇടക്ക് പിന്നെയും രണ്ടു മൂന്നു ദിവസം
മുടക്കം വന്നു .പിറ്റേന്ന് ജോലിക്ക് ചെന്നപ്പോൾ മാനേജർ വിളിച്ചു.

ഇനി ലീവെടുത്താൽ ജോലിയുണ്ടാവില്ല, നൂറു പേർ പുറത്തു നിൽക്കുന്നുണ്ട് ജോലിക്കായി

കമ്പനിയുടെ മാനേജരുടെ ശകാരം കൂടിയായപ്പോൾ ശിവ് ജി വിഷമത്തിലായി,

അന്ന് ദേഹത്തിന് വല്ലാത്ത തളർച്ച പോലെ. നാലു ചുമട് എടുക്കുമ്പോഴേക്കം
ചുമകൂടി. ഒരടി നടക്കാൻ പോകുമാകാത്ത കിതപ്പ്.

വൈകിട്ട് എല്ലാവരും കൂലി വാങ്ങാൻ വരി നിൽക്കുകകയാണ്. ശിവ‌്‌ജിയുടെ
ഊഴമെത്തി..മാനേജർ അയാളെ കടുപ്പിച്ച് നോക്കി. അന്നത്തെ കൂലിയായി നൂറു രൂപ
എടുത്തു നീട്ടി കണക്കു പുസ്തകത്തിലേക്ക് തല താഴ്ത്തി അയാൾ ശിവ്‌ജിയോട്
കടുപ്പിച്ച് പറഞ്ഞു..

,,വയ്യെങ്കിൽ ഇനി വരണ്ട,, അല്ലെങ്കിലും ശരീരം കൊണ്ട് വയ്യാത്തവർ എങ്ങിനെ
ഇരുമ്പെടുക്കാനാ,, നാളെ മുതൽ ജോലിക്ക് വരേണ്ട,,

 സാബ് മറ്റൊരു പണിയുമറിയില്ല. ഈ പണികൊണ്ടാണ് കുടുംബം കഴിയുന്നത്..സാബ്
ഒരു ദിവസത്തേക്ക് മാപ്പാക്കണം..

അതൊന്നും കഴിയില്ല..നാളെ വരണ്ട എന്നു പറഞ്ഞാൽ വരണ്ട..ഞാനിനി തന്നോട്
ഇംഗ്ളീഷിൽ പറയണോ മനസ്സിലാകാൻ..

 മാനേജർ  തെല്ല് പരിഹാസത്തോടെ പറഞ്ഞു, ബാക്കി പണിക്കാർ ശിവ്ജിയെ
സഹതാപത്തോടെ നോക്കി

ആരോഗ്യമില്ലാത്തവൻ, പണമില്ലാത്തവൻ വെറും തുരുമ്പാണ്,,, ശിവ് ജി
മനസിലോർത്തു,, ഇത്ര കാലം ചുമന്ന പാഴിരുമ്പു കഷണങ്ങൾ തന്നെ നോക്കി
പല്ലിളിക്കുന്നതു പോലെ,. നാളെ മുതൽ ജോലിയില്ലാതെ എങ്ങിനെ കുടുംബം പുലരും
എന്നാലോചിച്ചപ്പോൾ അയാൾ സ്വയം ഒരു ചൂളയായി,, അതിന്റെ ചൂടിൽ അയാൾ
വിയർത്തുരുകി, വേച്ചു വേച്ച് അയാൾ കമ്പനി വളപ്പിന് പുറത്തേക്ക് നടന്നു,,,

ശിവ് ജീ ഭായ്  ആരോ പിൻവിളിക്കുന്നു,

ഉദയ്,, പണിക്കാരുടെ കൂട്ടത്തിലെ ഏറ്റവും ചെറിയവൻ,, കുടുംബത്തിലെ
ദാരിദ്ര്യം കൊണ്ട് മീശ കുരുക്കുന്ന പ്രായത്തിൽത്തന്നെ ചൂളയിൽ പണിക്കു
വരേണ്ടി വന്നവൻ,,

അവന്റെ കയ്യിൽ അന്നത്തെ പണിക്കൂലിയിൽ നിന്നും പകുത്ത അമ്പത് രൂപ,,, അതവൻ
ശിവ് ജിയുടെ കയ്യിൽ പിടിപ്പിച്ചു,

ഭായ്,, വിഷമിക്കണ്ട,,,ഇതിരിക്കട്ടെ,, മരുന്നു വാങ്ങൂ,, മറ്റെന്തെങ്കിലും
പണിക്ക് ശ്രമിക്കൂ,, ഈ പൊടിയിലും ചൂടിലും ഭായിയുടെ അസുഖം കൂടുകയേ ഉള്ളൂ

ശിവ്‌ജിക്ക് പിടിച്ചുനിൽക്കാനായില്ല. അയാൾ കരഞ്ഞുകൊണ്ട് ഉദയിന്റെ കൈകൾ
കൂട്ടിപ്പിടിച്ചു.

വർഷങ്ങളായി ചെയ്യുന്ന ജോലിയാണ്. ഇതല്ലാതെ മറ്റൊരു പണിയും
ചെയ്തിട്ടില്ല..നാളെ മുതൽ എന്തു ജോലി കിട്ടാനാണ്...ആലോചിട്ട് ഒരു
വഴിയുമില്ല..

ഭായ് വീട്ടിൽ പോകൂ..അസുഖം ഭേദമായി നമുക്ക് മാനേജറുമായി
സംസാരിക്കാം..അതിനുള്ളിൽ വേറെ വഴിയുണ്ടോ എന്ന് നോക്കാം..ഞാനും
അന്വേഷിക്കാം..

ഉദയ് തൊട്ടടുത്ത കടയിൽ പോയി ഒരു പാക്കറ്റ് റൊട്ടി വാങ്ങിക്കൊണ്ടു വന്നു..
ഭായ് ഇത് കുട്ടികൾക്ക് കൊടുക്കണം. ഉദയ് തന്നതാണെന്ന്
പറയണം..പേടിക്കണ്ട.ഞങ്ങളൊക്കെ കൂടിയില്ലേ..

   അന്ന് വീട്ടിലേക്ക് നടന്നു പോകുമ്പോൾ കാലുകൾക്ക് ഭാരം കൂടിയപോലെ
ശിവ്‌ജിക്ക് തോന്നി..നടന്നാലും നടന്നലാം എത്താത്ത ദൂരത്താണ് തന്റെ ഗലി.
അതിനു മുമ്പ് തന്നെ താൻ വീണുപോകുമെന്നോർത്ത് അയാൾ കയ്യിലെ പ്ളാസ്റ്റിക്
സഞ്ചിയിൽ ഒന്നുകൂടി മുറുക്കിപ്പിടിച്ചു. ശ്വസിക്കുമ്പോൾ ഏതോ പക്ഷിയുടെ
കരച്ചിൽ ചങ്കിൽ വന്നു കുടുങ്ങുന്നു.. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുന്ന
കടയിൽ നിന്ന് അന്ന് കുറച്ചധികം സാധനങ്ങൾ വാങ്ങി. കടക്കാരൻ ചോദിച്ചു..

ഇന്നെന്താണ് ശിവ്‌ജി..കമ്പനിയിൽ നിന്ന് കൂടുതൽ പൈസ കിട്ടിയോ..കൂലി കൂടിയോ..

ശിവ്‍ജി ഒന്നും പറയാതെ ചിരിക്കാൻ ശ്രമിച്ചു. കടക്കാരന്റെ കയ്യിൽ നിന്നും
വെള്ളം ചോദിച്ചൂവാങ്ങി കുടിച്ചപ്പോൾ ഒരാശ്വാസം തോന്നി.വീടെത്തുമ്പോൾ
ശിവ്‌ജിക്ക് നെഞ്ചിൻകൂടിൽ ഒരിരുമ്പുചൂളയുടെ ചൂടുണ്ടായിരുന്നു. സഞ്ചിയിലെ
സാധനങ്ങൾ വാങ്ങി വച്ച് ഗൗരിയും അയാളോട് ചോദിച്ചു..

ഇന്നെന്താ രണ്ടുമൂന്നു ദിവസത്തേക്കുള്ള സാധനങ്ങൾ?

അയാൾ ഒന്നും മിണ്ടിയില്ല..രാംസിങ്ങ് അടുത്തുവന്നപ്പോൾ റൊട്ടിപ്പാക്കറ്റ്
പൊട്ടിച്ച് അവന് കൊടുത്തു. പിന്നെ തൊട്ടിലിന് അടുത്തെത്തി ആംലയെ
എത്തിനോക്കി. അവൾ ഉറങ്ങുകയാണ്. ഒന്നുമറിയാതെ

എന്താണ് അസുഖം കൂടുതലുണ്ടോ?

ഏയ് ഒന്നുമില്ല..

അയാൾ രാംസിങ്ങിനെ ചേർത്തു നിർത്തി റൊട്ടി പൊട്ടിച്ച് അവന്റെ വായിൽ
വച്ചു കൊടുത്തു..

അല്ല എന്തോ കാര്യമുണ്ട്..പറയൂ..മാനേജർ ചീത്ത പറഞ്ഞോ..?

നാളെ മുതൽ ജോലിയില്ലാത്ത കാര്യം അയാൾ എങ്ങിനെയൊക്കെയോ പറഞ്ഞു തീർത്തു.
പിന്നെ അവർക്കു പുറം തിരിഞ്ഞുനിന്ന് കണ്ണീർ തുടച്ചു.
മുറിയുടെ മൂലക്ക് തൂക്കിയ കലണ്ടറില്‍ വില്ലുകുലച്ചു നിൽക്കുന്ന
ശ്രീരാമന്റെ ചിത്രം..അയാൾ അതിനു നേരെ കൈകൂപ്പി..

ജയ് ശ്രീരാം..ഭഗവാൻ ഹോതാ ഹെ ഊപർ..

രാംസിങ്ങും ഭഗവാനുനേരെ കൈകൂപ്പി. അച്ഛൻ കരയുന്നത് കണ്ട് അവനും കരച്ചിൽ വന്നു.

വിഷമിക്കണ്ട..ഗൗരി സമാധാനിപ്പി്ച്ചു. ഇപ്പോൾ ഗൗരിക്ക് നാലഞ്ചു
മാസമായല്ലോ..ഇനി ഞാൻ എന്തെങ്കിലും ജോലിക്കു പോയിത്തുടങ്ങാം..സനിയ
ദീദിയോട് ചോദിക്കാം തുണിമില്ലിൽ എന്തെങ്കിലും പണി കിട്ടുമോ എന്ന്..ഭഗവാൻ
ഒരു വഴി കാണിക്കാതിരിക്കില്ല..
                       ശിവ്ജി ദൈന്യതയോടെ ഭാര്യയെ നോക്കി. പ്രസവിച്ച്
അധികം മാസം കഴിയാത്ത ഗൗരിയാണ് ജോലിക്ക് പോകാം എന്നു പറയുന്നത്. ആംലക്ക്
ഇടക്കിടെ മുലയൂട്ടണം..അവളുണരുമ്പോൾ ഉറക്കണം..എല്ലാം മറന്ന് ഗൗരി
പറയുകയാണ് തന്റെ വിഷമം കണ്ട്..
                     രാംസിങ്ങ് നിറഞ്ഞ കണ്ണുകളോടെ രണ്ടുപേരെയും നോക്കി.
അന്ന് രാത്രി ഇടക്കിടെ ആംല ഉണർന്നു. കരച്ചിൽ തന്നെ . അച്ഛന് ചുമകൂടി.
രാത്രിയിലെപ്പോഴോ ഉറങ്ങുമ്പോഴും അമ്മയുടെ തേങ്ങൽ കേൾക്കുന്ന പോലെ
രാംസിങ്ങ് ഞെട്ടിയുണർന്നു.














                                               അധ്യായം
                                                  മൂന്ന്

      അടുത്ത രണ്ടു ദിവസം ശിവ്ജി പുറത്തിറങ്ങിയില്ല..ജോലി നിർത്തിപ്പോന്ന
ദിവസം വാങ്ങിയ സാധനങ്ങൾ കൊണ്ട് രണ്ടു ദിവസം നീങ്ങിപ്പോയി. ഇനിയെന്ത്
എന്ന ചോദ്യം അയാളെ വല്ലാതെ വീർപ്പുമുട്ടിച്ചു. രാംസിങ്ങ് ഏറെ സമയവും
അച്ഛന്റെ മടിയിലിരുന്നു..ഇടക്ക് അമ്മ ആംലയെ രാംസിങ്ങിന്റെ മടിയിൽ
ഇരുത്തി, മോണയില്ലാത്ത ചിരി കൊണ്ട് അവൾ എല്ലാവരെയും ഒന്നു തണുപ്പിച്ചു..

         മൂന്നാം ദിവസം ശിവ്ജി രണ്ടും കല്പിച്ച് പുറത്തിറങ്ങി. മറ്റൊരു
ജോലി തിരയണം..എങ്ങോട്ടെന്നില്ലാതെ കാലുകൾ അയാളെ നയിച്ചു. നടന്നെത്തിയത്
പഴയ കമ്പനിക്ക് മുന്നിൽ തന്നെ. ആളുകൾ പണിക്ക്
കയറിക്കൊണ്ടിരിക്കുന്നതേയുള്ളൂ.. ഒപ്പം പണിയെടുത്തവർ ജോലിക്ക് പോകുന്നത്
കണ്ടപ്പോൾ ആ കമ്പനിയിലേക്ക് ഒാടിക്കയറിയാലോ എന്ന് ശിവ്ജിക്ക് തോന്നി.

ശിവ്ജി ഭായ്.

ഉദയ് നടന്നു വരുന്നുണ്ടായിരുന്നു.

ഭായ് സുഖമായോ..ഇപ്പോൾ എങ്ങിനെയുണ്ട്?

അസുഖത്തിന് ഭേദമുണ്ട് ഉദയ്..എങ്കിലും ജോലി ഇല്ലാത്ത വിഷമം
തീരുന്നില്ല,,എന്തെങ്കിലും ഒരു ജോലി കിട്ടിയേ തീരൂ..

പേടിക്കണ്ട ഭായ് ..ഒരു വഴിയുണ്ട്..പക്ഷേ

അതെന്താ..ഉദയിന് ഒരു സംശയം എന്ന പറ്റില്ലെന്നാണോ?

അതല്ല ഭായ് ഇത്തിരി ദൂരെയാണ്...

എവിടെയാണ് ? എന്താണ് ജോലി?

ജോലി കേരളത്തിലാണ് ഭായ്.. അവിടേക്ക് കുറെപേർ പോകുന്നുണ്ട്..ഇപ്പോൾ ഇവിടെ
നിന്നും.. ഇവിടത്തേക്കാൾ നല്ല കൂലിയും ഭക്ഷണവും..കഷ്ടപ്പെട്ടാലും ഇത്തിരി
എന്തെങ്കിലുമൊക്കെ മിച്ചം പിടിക്കാം

അയ്യോ..വളരെ ദൂരെയല്ലേ..? എനിക്ക് ഒരു ചെറിയ കുട്ടിയുണ്ട്. കുടുംബത്തെ
വിട്ട് ഇത്ര ദൂരം പോകാൻ കഴിയില്ല ഉദയ്..

ഭായ് അതിനും പരിഹാരമുണ്ട്. എന്റെ ഗലിയിലെ ചില ആളുകൾ കുടുംബത്തോടെയാണ്
പോയിട്ടുള്ളത്. ഭാര്യക്കും ഭർത്താവിനും വരെ അവിടെ
ജോലിയുണ്ടത്രെ..കുടുംബത്തെ ഇവിടെ നിർത്തി അവിടെ പണിക്കുപോയവരും ഒട്ടേറെ.
പലരും നല്ല സംഖ്യ വീട്ടിലേക്ക് അയക്കുന്നുമുണ്ട്. എന്നെക്കാൾ പ്രായം
കുറഞ്ഞവർ പോലും അവിടേക്ക് പോയിട്ടുണ്ട്. എന്തുകൊണ്ടും മെച്ചമാണെന്നാണ്
എല്ലാവരും പറയുന്നത്..

എന്നാലും ഉദയ്..ജനിച്ച നാടും വീടും വിട്ട്..ഭാഷവിട്ട്, മറ്റൊരു സ്ഥലത്ത്,,
അറിയാത്ത സ്ഥലം, ആളുകൾ, അറിയാത്ത ഭാഷ..കേട്ടിട്ടു തന്നെ എനിക്കു പേടിയാകുന്നു..

പേടിക്കണ്ട ഭായ്..അവിടെ നമ്മുടെ ഇവിടത്തെ ആളുകൾ ഒരുപാടുണ്ട്
ജോലിക്ക്..കൊണ്ടുപോകാനും ജോലിയിൽ കയറ്റാനും ഏജന്റുമാർ വരെയുണ്ട്
ഇപ്പോൾ..ഭായിക്ക് സമ്മതമാണെങ്കിൽ സംസാരിക്കാം..കേട്ടിട്ട് എനിക്ക് തന്നെ
പോകണം എന്നുണ്ട്. പക്ഷേ രോഗിയായ അമ്മയെയും മൂന്നു പെങ്ങന്മാരെയും വിട്ട്
ഞാൻ എങ്ങിനെ പോകും..

ഉദയന്റെ കഥ കേട്ടിട്ടുള്ളത് കൊണ്ട് ശിവ്ജി മറ്റൊന്നും
ചോദിച്ചില്ല..വളരെ കാലം മുമ്പ് തന്നെ അച്ഛൻ കുടുംബത്തെ ഉപേക്ഷിച്ച്
പോയതാണ്. പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. എവിടെയാണെന്നു കൂടി അറിയില്ല.
അന്ന് ഉദയ് ചെറുപ്പമാണ്. പെൺകുട്ടികൾ തീരെ ചെറിയവർ. കുടുംബം പോറ്റാൻ
പലജോലികൾ ചെയ്ത് അമ്മ ക്രമേണ രോഗിയായി. സ്കൂളിൽ പോയിക്കൊണ്ടിരുന്ന ഉദയ്
അങ്ങിനെ പഠിത്തം നിർത്തി. രാവിലെ റിക്ഷാവണ്ടികൾ കഴുകിക്കൊടുക്കുന്ന പണി
ചെയ്തു തുടങ്ങി. അതിന് ശേഷം പലജോലികൾ. പിന്നെയാണ് ഇരുമ്പുകമ്പനിയിൽ
ജോലിക്ക് കയറുന്നത്. ആ കുടുംബത്തിന്റെ നാഥനാണവൻ. അവരെ വിട്ട് അവൻ
എവിടെപ്പോകാൻ..

ഭായ് ജോലിക്ക് കയറാൻ സമയമായി. വൈകിട്ട് കാണാം..ഭായ് ആലോചിച്ച് ഒരു
തീരുമാനത്തിലെത്തൂ..സമ്മതമാണെങ്കിൽ ഞാൻ ഏജൻറിനോട് പറയാം. അവിടെ
ജോലിചെയ്യുന്ന ചിലരുടെ ഫോൺ നമ്പറും തരാം..

ശരി ഉദയ്...ഞാൻ ആലോചിക്കട്ടെ..വേറെ എന്തെങ്കിലും ജോലി ഇവിടത്തന്നെ
കിട്ടുമോ എന്ന് നോക്കണേ..

അതും നോക്കാം ഭായ്..
ഉദയ് കമ്പനിയുടെ ഉള്ളിലേക്ക് കയറിപ്പോയി. ശിവ്ജി കുറെ സമയം കമ്പനിയുടെ
പരിസരത്ത് പരുങ്ങി നിന്നു. ഇടക്ക് മാനേജറുടെ കാർ ഗേറ്റ് കടന്നുപോയി. അയാൾ
തന്നെ കണ്ടു കാണുമെന്നും ഇത്തിരി കഴിഞ്ഞാൽ ജോലിക്ക് വിളിക്കുമെന്നും
പ്രതീക്ഷിച്ച് ശിവ്ജി ഗേറ്റിനുപുറത്തെ മരച്ചുവട്ടിൽ കുറെ നേരം ഇരുന്നു,,

നേരം ഉച്ചയായി..അപ്പോൾ കമ്പനിയിൽ നിന്നും ലോഡിറക്കി
തിരിച്ചുവരികയായിരുന്ന ഒരു ലോറി മരച്ചുവട്ടിൽ വന്നു നിന്നു,,സിക്കുകാരനായ
ഡ്രൈവർ തല പുറത്തേക്കിട്ട് ചോദിച്ചു..

ആ..ഭായ്..ഈ ലോറി ഒന്നു കഴുകാൻ സഹായിക്കാമോ..വെറുതെ വേണ്ട..ചായകുടിക്കാൻ പൈസ തരാം..

ശിവ്ജി തലയാട്ടി..
കമ്പനിയുടെ മതിലിനരുകിലെ പൈപ്പിനടുത്ത് ലോറി കൊണ്ടു ചെന്നു നിർത്തി.
ഡ്രൈവറും ശിവ്ജിയും ചേർന്ന് ബക്കറ്റിൽ വെള്ളം കൊണ്ടു വന്ന് ലോറി മൊത്തം
കഴുകി. പരിചയമില്ലാത്ത പണിയാണെന്ന് പുറത്തുകാണിക്കാതെ ശിവ്ജി ജോലി
ചെയ്തു. ഡ്രൈവർ കടയിൽ നിന്നും ശിവ്ജിക്ക് ചായയും ചപ്പാത്തിയും വാങ്ങി
നൽകി. കുറെ ദിവസമായി ഉണ്ടായിരുന്ന വിശപ്പിൽ ശിവ്ജി വയറുനിറയെ ഭക്ഷണം
കഴിച്ചു. അപ്പോൾ അയാൾക്ക് വീടും കുട്ടികളും നെഞ്ചിൽ നിറഞ്ഞു
തുളുമ്പി..കഴിച്ച ഭക്ഷണം വലിയ കനം പോലെ വയറിൽ പൊള്ളിക്കിടന്നു..അവർ
വിശന്നിരിക്കുമ്പോൾ താൻ വയറുനിറയെ ആഹാരം കഴിച്ച്...

എന്താ ഭായ് നിർത്തിയത്..ഇനി വേണോ..?ഡ്രൈവർ ചോദിച്ചു.

വേണ്ട വിശപ്പുമാറി..

ആഹാരം കഴിഞ്ഞ് അവർ പുറത്തിറങ്ങി..ഡ്രൈവർ യാത്ര പറയുകയാണ്.
വല്ലതും കൂടി തന്നിരുന്നെങ്കിൽ എന്ന് ശിവ്ജി വിചാരിച്ചു. ചോദിക്കുന്നത്
എങ്ങിനെ,,,വയറു നിറയെ ഭക്ഷണം വാങ്ങി നൽകിയ ആളോട്..

ഭായ്..ഇഥർ ആവോ..യഹ് രഖൊ..
അയാൾ ഒരമ്പതുരൂപ നോട്ട് ശിവ്ജിക്ക് നീട്ടി..കാക്കിക്കുപ്പായവും തലപ്പാവും
എല്ലാം അപ്രത്യക്ഷമായി വില്ലുകുലക്കുന്ന ശ്രീരാമന്റെ കലണ്ടർ ചിത്രം പോലെ
ശിവ്ജി അയാളെക്കണ്ടു..

ജയ് ശ്രീരാം..ആ അമ്പതുരൂപ നോട്ട് ഇരുകണ്ണുകളിലും മുട്ടിച്ച് ശിവ്ജി അയാളെ തൊഴുതു..

ഒരുപാട് നന്ദിയുണ്ട് സാബ്..

ഭായ്..ഭഗവാൻ ഏക് ഹീ ഹെ..ഇക്കണ്ടതെല്ലാം
അദ്ദേഹത്തിന്റെതാണ്..എനിക്കുള്ളതെല്ലാം നിങ്ങൾക്കും
അവകാശപ്പെട്ടതാണ്..പോകട്ടെ ഇനി വരുമ്പോൾ കാണാം..

ശിവ്ജി വീണ്ടും കൈകൂപ്പി..

                വീട്ടിലേക്ക് തിരിച്ചുനടക്കുമ്പോൾ ഉദയ് പറഞ്ഞ
കാര്യമായിരുന്നു മനസ്സുനിറയെ..കേരളം..എത്രയോ ദൂരത്തുള്ള നാട്.
ആലോചിക്കാനേ വയ്യ. എന്നാലും മറ്റൊരു വഴിയുമില്ലെങ്കിൽ പിന്നെ ഭഗവാന്‍
കാണിച്ചു തരുന്ന വഴിയിലൂടെ പോകുകതന്നെ..കിട്ടിയ അമ്പതുരൂപ കൊണ്ട്
ആട്ടയും ഉരുളക്കിഴങ്ങും വാങ്ങി വീട്ടിലെത്തിയപ്പോൾ ഗൗരി ചോദിച്ചു..

എവിടേക്കാ പോയത്..ഞാനാകെ പേടിച്ചു...അച്ഛൻ എവിടെപ്പോയെന്ന് രാംസിങ്ങ്
നൂറുപ്രാവശ്യമെങ്കിലും ചോദിച്ചുകാണും.

ഞാൻ ജോലി അന്വേഷിച്ച് പോയതാ..

ആകട്ടെ ജോലി കിട്ടിയോ..സാധനം വാങ്ങാൻ പണം എവിടെന്നു കിട്ടി? ആരാ തന്നത്..?

ഭഗവാൻ...ഭഗവാൻ നേരിട്ടുവന്നു തന്നതാ..

നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്..എനിക്കൊന്നും മനസ്സിലാകുന്നില്ല.
ഗൗരി അന്തം വിട്ടു പറഞ്ഞു..

കമ്പനിപ്പടിക്കൽ പോയതും ഉദയിനെ കണ്ടതും സിക്കുകാരനായ ലോറി ഡ്രൈവറെ
കണ്ടതുമെല്ലാം അയാൾ ഭാര്യയെ പറഞ്ഞു കേൾപ്പിച്ചു. എല്ലാം ഒരു കഥപോലെ
കേട്ട് രാംസിങ്ങ് ചിരിച്ചു.

ഇത്ര ദൂരേക്ക് ജോലിക്ക് പോകാനോ?  ചെറിയ കുട്ടിയേയും വച്ച് എങ്ങിനെ പോകും..

ട്രെയിനിൽ പോയാൽ രണ്ടുമൂന്നു ദിവസത്തെ യാത്ര ഉണ്ടെന്നാണ് ഉദയ് പറഞ്ഞത്.
പോകാനുള്ള പണം അവൻ തരാം എന്നും പറഞ്ഞു..ഇതിലപ്പുറം അവൻ എന്തു സഹായം
ചെയ്യാൻ? അല്ലെങ്കിൽ തന്നെ രോഗിയായ എന്നെ ഇനി ആരാണ് പണിക്കു വിളിക്കുക
ഇവിടെ?

ഞാൻ പറഞ്ഞതല്ലേ നിങ്ങളിനി ജോലിക്ക് പോകണ്ട ..ഞാൻ എന്തെങ്കിലും ജോലി നോക്കിക്കോളാം..

അതൊന്നും ശരിയാവില്ല..നീ ജോലിക്കുപോയാൽ ആംലയെ ആരുനോക്കും..രാംസിങ്ങിനെ
ആരു നോക്കും..പെണ്ണായ നിന്നെ ജോലിക്കുവിട്ട് ആണായ ഞാൻ വീട്ടിലിരുന്നാൽ
ഗലിക്കാർ എന്നെ നോക്കി ചിരിക്കില്ലേ.. അയാളുടെ ശബ്ദം തെല്ലുയർന്നു..

അവിടെ കുടുംബമായി താമസിക്കാനും ജോലി ചെയ്യാനുമൊക്കെ സൗകര്യം ഉണ്ടെന്നാണ്
ഉദയ് പറഞ്ഞത്. ഇവിടെക്കിട്ടുന്നതിന്റെ നാലിരട്ടി
ശമ്പളവും..പോയാലെന്താ..അത്യവാശ്യം പണമായാൽ നമുക്ക്
തിരിച്ചുവരാമല്ലോ..എന്തായാലും നിങ്ങളെ ഇവിടെ ഒറ്റക്കുവിട്ട് എനിക്ക്
ദുരെക്ക് ജോലിക്ക് പോകാൻ കഴിയില്ല..

എനിക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല..പിന്നെ എനിക്ക് നിങ്ങൾ പറയുന്നതാണ്
വാക്ക്..നിങ്ങളുടെ ഇഷ്ടം അതാണെങ്കിൽ അത് ഞാൻ അനുസരിക്കും..ഗൗരി
അടുപ്പിനടുത്തേക്ക് പിൻവാങ്ങി..

രാംസിങ്ങ് അച്ഛനെ നോക്കി..അയാൾ അവനെ ചേർത്തുപിടിച്ചു..ബേട്ടാ.നീ എന്തു
പറയുന്നു..ഈ ഗലിവിട്ട് ദൂരെക്ക് പോകേണ്ടിയിരിക്കുന്നു നമുക്ക്..വേറെ ഒരു
വഴിയും അച്ഛൻ ഇപ്പോൾ കാണുന്നില്ല..

രാംസിങ്ങ് വെറുതെ ചിരിച്ചു. അച്ഛന്റെ നെഞ്ചിലെക്ക് ചാഞ്ഞുകിടന്നു..

ആംലാ..നീ എന്തു പറയുന്നു..? ശിവ്ജി തൊട്ടിലിന്റെ തുണിക്കുള്ളിൽ നിന്നും
ആംലയെ എടുത്ത് ഉയർത്തി ചോദിച്ചു. ഉറക്കമുണർന്ന അവൾ ആദ്യം കരഞ്ഞു..പിന്നെ
ശിവ്ജിയോട് ചിരിക്കാൻ തുടങ്ങി...

മേരാ ബേട്ടീക്കൊ പസന്ത് ഹെ...അവൾക്ക് ഇഷ്ടമാണെന്ന്....ശിവ്ജി
ഉറക്കെച്ചിരിക്കാൻ തുടങ്ങി..

രാംസിങ്ങും ഗൗരിയും അയാളെ നോക്കി നിന്നു..അയാളെ ചിരിച്ചുകാണുന്നത്
ഏറെക്കാലം കഴിഞ്ഞ് അന്നാണ്..എല്ലാ കഷ്ടപ്പാടിനും ഒരു വഴി
കണ്ടുപിടിച്ചപോലെയാണ് ശിവ്ജിയുടെ ഇരിപ്പും സംസാരവും..

നിങ്ങൾ എല്ലാം തീരുമാനിച്ച പോലെയാണല്ലോ..ഇപ്പോൾ തന്നെ കേരളത്തിൽ എത്തിയോ
അച്ഛനും മക്കളും...

ഗൗരിയും ആ ചിരിയിൽ പങ്കുചേർന്നു..

ഭർത്താവ് ഇന്ന് സന്തോഷവാനാണ് ..അന്നത്തെ ചപ്പാത്തിക്കും കറിക്കും താൻ
എന്നുമുണ്ടാക്കുന്നതിനേക്കാൾ രുചിയുണ്ടെന്ന് ഗൗരിക്ക്
തോന്നി.കഴിക്കുമ്പോൾ ചപ്പാത്തിപൊട്ടിച്ച് ശിവ്ജി ഒാരോ കഷണമായി
രാംസിങ്ങിന് നൽകുന്നത് കണ്ട് ഏറെ ദിവസത്തിനുശേഷം ഗൗരിയും ആഹ്ളാദിച്ചു..

കുട്ടികൾ ഉറങ്ങിക്കഴിഞ്ഞുള്ള ചർച്ചയിൽ ഗലിവിട്ട് കേരളത്തിലേക്ക് പോകാൻ
ഏറെക്കുറെ രണ്ടുപേരും തീരുമാനിച്ചു. കുറച്ചുകാലം കഴിഞ്ഞ് അത്യാവശ്യം
പണവുമായി തിരിച്ചുവരുന്ന ആ ദിവസം സ്വപ്നം കണ്ട് അവർ അന്ന് ഉറങ്ങി.

 പിറ്റേന്ന് രാവിലെ അടുത്ത വീടുകളിലൊക്കെ ചർച്ച ഇതായി മാറി. കുറെപ്പേർ
അനുകൂലിച്ചു. കുറെപ്പേർ എതിർപ്പുപറഞ്ഞു. രണ്ടിലും
ശരിയുണ്ടായിരുന്നു..ബീഹാറിലെ ഗലിയിലും ഇവിടുത്തെ മണ്ണിലും കാറ്റിലും
ജീവിച്ചവരാണ് നമ്മളും നമ്മുടെ പൂർവികരും. ഇന്നത്തെ കഷ്ടപ്പാടുകൾ നാളെ
മാറിക്കൂടായ്കയില്ല. സ്ഥലം കണ്ടെത്തിയാൽ സർക്കാർ നമുക്കായി വീടു വച്ചു
തരും..പക്ഷേ കാത്തിരിക്കണം. അല്പം കൂടി കാത്തിരുന്നാൽ ശിവ്ജിക്ക്
ഇവിടെത്തന്നെ വേറെ ജോലി കിട്ടിക്കൂടായ്കയില്ലല്ലോ..ഗലിയിലെ മറ്റുചില
സ്ത്രീകളെപ്പോലെത്തന്നെ ഗൗരിക്കും ചെറിയൊരു ജോലിക്ക്
ശ്രമിക്കാമല്ലോ..രാംസിങ്ങ് സ്കൂളിൽ പോകാനൂം ആംല ഇത്തിരി വലുതാവുകയും
ചെയ്താൽ. അതുവരെ ഉള്ളതു കൊണ്ട് ഉണ്ടും ഉറങ്ങിയും ഈ നാട്ടിൽ
കഴിയുന്നതല്ലേ നല്ലത്..കുട്ടികളെ ചെറിയ പ്രായത്തിൽ നാടുകടത്തിയാൽ അവർക്ക്
പിന്നീട് ഇവിടേക്ക് തിരിച്ചു വന്നാൽ ഇവിടെ ജീവിക്കാൻ കഴിയുമോ..? ഇവിടത്തെ
കുട്ടികൾ ഇവിടെ വളരേണ്ടവരല്ലേ?
ആ ചോദ്യത്തിന് മുന്നിൽ ശിവ്ജി പരുങ്ങി നിന്നു..

                       ശിവ്ജി ഉദയിനോട് സമ്മതം അറിയിക്കാൻ
തീർച്ചയാക്കി. കഴിഞ്ഞ ദിവസത്തെ അതേ നേരത്ത് കമ്പനിയുടെ പടിക്കൽ
കാത്തുനിന്നു. ഉദയ് വന്നപ്പോൾ വീട്ടിൽ ആലോചിച്ചതായും കുടൂംബമായി പോകാൻ
തീരുമാനിച്ചതായും ഉദയിനോട് പറഞ്ഞു. അവൻ അപ്പോൾ തന്നെ ഫോണിൽ അവന്റെ
ഗലിയിലെ ചിലരെ വിളിച്ചു. ശിവ്ജിയോട് അവരെ പോയിക്കാണാൻ ചട്ടംകെട്ടി.
കമ്പനിയിൽ നിന്നും നാലഞ്ചുകിലോമീറ്റർ അപ്പുറത്താണ് ഉദയിന്റെ വീട്. അവിടെ
അടുത്തുള്ള ഒരാൾ കുറച്ചുകാലം കേരളത്തിൽ പോയി ജോലി എടുത്ത ആളാണ്.
അയാളാണിപ്പോൾ അവിടേക്ക് ആളുകളെ ജോലിക്ക് പറഞ്ഞയക്കുന്നത്. ജോലി കിട്ടിയാൽ
ആദ്യമാസത്തെ ശമ്പളത്തിന്റെ കാൽ ഭാഗം അയാൾക്ക് കമ്മിഷൻ അയച്ചു
കൊടുക്കണം.അതാണ് കരാർ. അവിടെ എത്തിയാൽ വേറെ ഏജന്റുമാർ അവരാണ് ജോലിയും
കൂലിയും താമസവുമെല്ലാം നിശ്ചയിക്കുന്നത്. അവർക്കും വല്ലതുമെല്ലാം
കൊടുക്കണം. എന്തു തന്നെ ചിലവുവന്നാലും ഇവിടെ ജോലിചെയ്യുമ്പോൾ
കിട്ടുന്നതിലും കൂലി കിട്ടും. അതും സ്ഥിരമായി.
കരാറിന്റെ ഏകദേശരൂപം ഉദയ് ശിവ്ജിയോട് പറഞ്ഞു..

   ഉച്ചയോടെ ഉദയ് പറഞ്ഞ ഏജന്റിനെ ശിവ്ജി തിരഞ്ഞു കണ്ടെത്തി. അയാൾ
നടത്തുന്ന ചെറിയ കടയുടെ മുന്നിൽ വച്ച് കരാറുകൾ പറഞ്ഞുറപ്പിച്ചു.
ജോലികിട്ടിക്കഴിഞ്ഞാൽ കമ്മിഷൻ അയക്കാതെ പലരും പറ്റിക്കാറുണ്ടെന്നും
അതിനാൽ് ഇപ്പോൾ കമ്മിഷൻ തുക മുൻകൂർ ആയി വാങ്ങിയിട്ടേ ആളുകളെ
പറഞ്ഞയക്കാറുള്ളൂ..ഇതിപ്പോൾ ഉദയ് വേണ്ടപ്പെട്ട ആളായതുകൊണ്ട് നിങ്ങൾ
അവിടെ ചെന്ന് അയച്ചുതന്നാൽ മതി..കുടുംബമായി പോയാൽ  പെട്ടെന്നു
മടങ്ങിവരാനാകില്ല. കുറഞ്ഞത് രണ്ടുവർഷം നാട്ടിലേക്ക് പോരാനാകില്ല..പിന്നെ
വേണമെങ്കിൽ ആറുമാസം കൂടുമ്പോൾ നാട്ടിലേക്ക് വരാം.

രണ്ടു വർഷം ഒരു കുറഞ്ഞ കാലമായിട്ടേ ശിവ്ജിക്കു തോന്നിയുള്ളൂ..
അതുകഴിഞ്ഞാൽ മടങ്ങാമല്ലോ..അപ്പോളേക്കും രാംസിങ്ങും ആംലയും
വലുതായിട്ടുണ്ടാകും..ഗൗരിക്കും തനിക്കും ജോലിയുള്ളതിനാൽ ഒരാൾക്ക്
കിട്ടുന്നത് മിച്ചം പിടിച്ചാൽത്തന്നെ ജീവിതം പച്ചപിടിക്കും..കുട്ടികളെ
നന്നായി വളർത്താം..

കാര്യങ്ങൾ പറഞ്ഞുറപ്പിച്ചു. പോകാൻ രണ്ടു ദിവസത്തെ സമയം ചോദിച്ച് ശിവ്ജി
മടങ്ങി. വൈകിട്ട് പിന്നെയും കമ്പനിയുടെ പടിക്കൽ ചെന്ന് ഉദയിനെ കണ്ടു..

ഭായ് എല്ലാം ശരിയാകും. അവിടെ പോയി ആയിരങ്ങൾ വീട്ടിലേക്ക്
അയച്ചുകൊടുക്കുന്ന കൂട്ടുകാരെ എനിക്കറിയാം. ഭായ് പേടിക്കണ്ട.
അവിടേക്കുള്ള വണ്ടിക്കൂലിയല്ലേ..അത് ഞാന്‍ തരാം..ഒരു മൊബൈൽ ഫോൺ വാങ്ങണം.
പിന്നെ ഇടക്കിടെ ഇവിടെക്ക് വിളിക്കാം..ഇവിടെയുള്ളവരുടെ വിവരങ്ങളും
അറിയാം..പിന്നെന്താണ് പ്രശ്നം..

ഫോൺ ഒക്കെ വാങ്ങാൻ എന്റെ കയ്യിലെവിടുന്നാ ഉദയ് പണം?

അതൊക്കെ എനിക്കു വിട് ഭായ്.. പിന്നെ എനിക്ക് തിരിച്ചു തന്നെ മതിയാകു
എങ്കിൽ അവിടെപ്പോയി ആദ്യ ശമ്പളം കിട്ടിയാൽ അയച്ചുതന്നക്ക്..ഭാസ്
സന്തോഷിക്ക്...കഷ്ടപ്പാടൊക്കെ തീരാൻ പോകുകയല്ലേ?


എന്നാലും നാട് വിട്ടുപോകുമ്പോൾ വിട്ടുകാരക്കെല്ലാം വിഷമം ഉണ്ട് ഉദയ്

അതൊക്കെ മാറും ഭായ്,,,എന്നെ നോക്ക് ..ജനിച്ച് ഒാർമ തെളിയും മുമ്പോ
പോയതാണ് അച്ഛൻ..ചെറുപ്പത്തിൽ കണ്ട ഒരു ചെറിയ ഒാർമ മാത്രം..മുമ്പെല്ലാം
ഞാൻ കാത്തിരിരുന്നിരുന്നു അഛ്ചനെ..ഒാരോ റിക്ഷാവണ്ടിയിലും,
ആൾക്കൂട്ടത്തിലും തിരയുമായിരുന്നു...പിന്നപ്പിന്നെ
ആ അവസ്ഥയുമായി പൊരുത്തപ്പെട്ടു.. അതു പോലെ പൊരുത്തപ്പെടണം ഭായ് ..കാലം
ഉണക്കാത്ത മുറിവുകളുണ്ടോ?

ഉദയ് എന്നെക്കാൾ വയസ്സുകൊണ്ട് എത്ര ചെറിയവൻ...പക്ഷേ തന്നേക്കാൾ
ജീവിതത്തെ പഠിച്ചവൻ...അവൻ പറയുന്നത് മുഴുവൻ വലിയ വലിയ കാര്യങ്ങൾ...ശിവ്ജി
ഉദയിനെ ബഹുമാനത്തോടെ നോക്കി..

ഭായ് വീട്ടിൽ പോകൂ...ഇതാ ഇത് കയ്യിൽ വച്ചോളൂ...

വീണ്ടും ഒരമ്പതു രൂപാ നോട്ട്...ഉദയ് ശിവ്ജിക്കു നീട്ടി..

തന്റെ അനുജനായി മാത്രം പ്രായമുള്ള ഈ മീശമുളക്കാത്ത പയ്യൻ തന്നെ
എത്രമാത്രം അമ്പരപ്പിക്കുന്നു എന്ന് രാംസിങ്ങ് വീണ്ടും ഒാർത്തു.

പോകാനുളള ഒരുക്കങ്ങൾ ചെയ്യു. ഞാൻ രാത്രി ഏജന്റിനെ ഒന്നുകൂടി കാണാം..ജോലി
എവിടെയാണെന്നും എന്താണെന്നുമൊക്കെ അറിയാം. എന്നിട്ട് പാട്നയിൽ നിന്നും
ട്രെയിനിനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം..കുട്ടിയെയും കൊണ്ട് യാത്ര
ചെയ്യുന്നതല്ലേ..ടിക്കറ്റ് കിട്ടുന്നമുറക്ക് യാത്ര...എന്തു പറയുന്നു?

അവൻ ചോദ്യഭാവത്തിൽ ശിവ്ജിയെ നോക്കി

ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത് ഉദയ് ആണ്. താൻ അവൻ പറയുന്ന കാര്യങ്ങൾ
അനുസരിക്കുന്ന ഒരു കുട്ടി മാത്രം...

ശിവ്ജി എല്ലാം തലയാട്ടി സമ്മതിച്ചു. വീട്ടിലേക്ക്
നടന്നു..വീട്ടിലെത്തുമ്പോൾ ഗൗരിയും രാം സിങ്ങുമെല്ലാം  വല്ലാതെ
ഇരിക്കുന്നു, വിഷമം സഹിക്കുന്നില്ല അവർക്ക്. ഗൗരിക്ക് അയൽ വീട്ടുകാരെ
വിട്ടുപോരാനുള്ള വിഷമം..എല്ലാ കഷ്ടപ്പാടിലും ഒപ്പം നിന്നവരാണവർ..രണ്ടു
കുട്ടികളെ പ്രസവിച്ചപ്പോഴും എല്ലാ കാര്യങ്ങൾക്കും ഒപ്പം നിന്ന്
സഹായിച്ചവർ. പെട്ടെന്നൊരു ദിവസം എല്ലാവരെയും പിരിയേണ്ടി വരുമ്പോൾ.
മനസ്സിന്റെ നീറൽ സഹിക്കുന്നില്ല അവൾക്ക്.
കാര്യങ്ങൾ അറിഞ്ഞതോടെ രാംസിങ്ങിനും വിഷമമായി, എല്ലാക്കൂട്ടുകാരെയും
വിട്ടുപോകേണ്ടി വരും.ബോലായെയും, രൺവീറിനെയും, സരസ്വതി ദീദിയെയുമൊക്കെ.
എല്ലാവരെയും വിട്ടുപിരിയണം..അവർക്കും വിഷമമുണ്ട്. കളിക്കുമ്പോളൊക്കെ
അവനു വേണ്ടി തോറ്റു തരുന്നവർ. അവരുടെ വീടുകളിലെ ഏതൊരു പലഹാരത്തിന്റെയും
ഒരു ഭാഗം രാംസിങ്ങിനുവേണ്ടി നീക്കി വക്കുന്നവർ. ഇക്കാര്യം
പറഞ്ഞപ്പോളേ..എല്ലാരുടെയും മുഖം ഇരുണ്ടു..

ഞാൻ എന്റെ അമ്മയോട് പറയാം..രാംസിങ്ങിനെ ഇവിടെത്തന്നെ നിർത്താൻ..സരസ്വതി
അവനോട് പറഞ്ഞു...

നിനക്ക് എന്റെകൂടെ നിൽക്കാം..നിനക്ക് അഞ്ചുവയസ്സായില്ലേ..അടുത്തകൊല്ലം
നമുക്ക് ഒന്നിച്ച് സ്കൂളിലേക്ക് പോകാം

രണ്‍വീറും ബോലായും ഇവിടെത്തന്നെ നിൽക്കാൻ രാംസിങ്ങിനോട് വാശി പിടിച്ചു..

രാംസിങ്ങിനും കരച്ചിൽ വന്നു.. പോയാൽ പിന്നെ കൂട്ടുകാരെ
എന്നുകാണാനാണ്..ദൂരേക്ക് ജോലിക്കുപോയി ഇനി എന്നാണ് മടങ്ങി വരിക
എന്നുതന്നെ അറിയില്ല..

അതുവരെ കളിച്ചു നടന്ന ഗലിയിൽ നിന്നും എത്രയോ ദൂരെക്കാണ് പോകുന്നത്. അവിടെ
ആരാണ് കൂട്ടുകാരായി ഉണ്ടാവുക..

രാത്രിയിലാണ് അയൽ വീട്ടുകാർ മറ്റൊരു കാര്യം ചർച്ചക്കിട്ടത്. അത്
ജോലിക്കുവേണ്ടിയുള്ള യാത്രക്ക് മറ്റൊരു വലിയ തടസ്സമായി നിന്നു.
ഈ ഗലിയിലെ വീടുകളൊക്കെ പുറമ്പോക്കിലാണ്..വർഷങ്ങളായി താമസിക്കുന്ന അവകാശം
വച്ചു കൈവശം വച്ചു പോരുന്നവർ.  വൈകാതെ പുറമ്പോക്കിൽ താമസിക്കുന്നവർക്ക്
സർക്കാർ വേറെ സ്ഥലത്ത് വീട് വച്ചു കൊടുക്കുമെന്നും പറഞ്ഞിരുന്നു.
അങ്ങിനെയെങ്കിൽ ഈ ഗലി വിട്ട് സൗകര്യമുള്ള ഒരിടത്ത് വീട് കിട്ടും..ഇപ്പോൾ
വീട് ഉപേക്ഷിച്ച് പോയി, പിന്നെ ജോലി ശരിയാകാതെ തിരിച്ചുവന്നാൽ
കയറിക്കിടക്കാൻ പോലും ഇടമില്ലാതാകും. പിന്നെവിടെപ്പോകും..കുടുംബത്തോടെ
നാടുവിട്ടുപോയാൽ മറ്റാരെങ്കിലും വീടു കയ്യേറും. പിന്നെ അവകാശം
അവർക്കാകും. ശിവ്ജി ധർമസങ്കടത്തിലായി.

അവസാനം ബിമൽദാ ഒരു നിർദ്ദേശം വച്ചു..

തർക്കമാകുന്ന സമയങ്ങളിലൊക്കെ ഗലിയിലെ തലമൂത്തയാളായ ബിമൽദായുടെ
വാക്കുകൾക്ക് എല്ലാരും വിലകൽപ്പിച്ചിരുന്നു. തൽക്കാലം ശിവ്ജിയുടെ വീട്
വിശ്വാസമുള്ള മറ്റൊരു കുടുംബത്തിലെ ആരെങ്കിലും കൈമാറി ഉപയോഗിക്കുക.
എപ്പോൾ ശിവ്ജി തിരിച്ചുവരുന്നുവോ അന്ന് തിരിച്ച് കൈമാറുക..
               അപ്പോൾ പ്രതാപ് റാണ വഴി പറഞ്ഞു..പ്രതാപ് റാണക്ക് രണ്ടു
ആൺമക്കളാണ്, രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു. അവരിലൊരാൾ ശിവ്ജിയുടെ
വീട്ടിലേക്ക് മാറിത്താമസിക്കട്ടെ..ശിവ്ജി തിരിച്ചുവരുമ്പോൾ അവർ
മടങ്ങുകയും ചെയ്യും. അപ്പോൾ പിന്നെ ആരും കയ്യേറുകയോ സ്ഥലം കൈമോശം വരികയോ
ചെയ്യുന്ന പ്രശ്നമില്ലല്ലോ. ആ നിർദ്ദേശം എല്ലാരും അംഗീകരിച്ചു. അങ്ങിനെ
വരുന്ന ആഴ്ച തന്നെ കേരളത്തിലേക്ക് വണ്ടി കയറാൻ തന്നെ ശിവ്ജി
തീർച്ചയാക്കി. ചർച്ച രാത്രി ഏറെ വൈകി. അറിഞ്ഞിടത്തോളം രണ്ടായിരത്തി
അഞ്ഞുറ് കിലോമീറ്ററിനപ്പുറം ഉള്ള സ്ഥലം. അവിടെ എന്താണ് ജോലി കിട്ടുക
എന്ന് നാളെയേ അറിയാൻ കഴിയൂ.. രാംസിങ്ങ് ഉറങ്ങിക്കഴിഞ്ഞു..അവന്റെ കയ്യിൽ
മുറുക്കെ പിടിച്ചിരിക്കുന്ന ഒരു കൊച്ചുപാവ..പതുക്കെ അയാൾ അതെടുത്തു
നോക്കി..ഗൗരി പറഞ്ഞു..കഴിഞ്ഞ പിറന്നാളിന് സരസ്വതി അവന് സമ്മാനമായി
കൊടുത്ത പാവ..അവനത് ഇന്ന് എടുത്തുനോക്കുന്ന കണ്ടിരുന്നു..കുട്ടിയല്ലേ
എല്ലാവരെയും പിരിയുന്ന വിഷമത്തിലാണ് അവന്റെ കിടത്തം.


                                  അധ്യായം
                                       നാല്

പിറ്റേന്ന് ശിവ്ജി വീണ്ടും ഉദയ്നെ കാണാൻ പുറപ്പെട്ടു..കമ്പനിയിലേക്കുള്ള
വഴിയിൽ അവനെക്കണ്ടപ്പോൾ സമാധാനമായി..അവന്റെ കയ്യിൽ ഒരു ചെറിയ പെട്ടി
ഉണ്ടായിരുന്നു..കണ്ടപാടെ അവൻ പെട്ടി തുറന്നു. ഒരു മൊബൈൽ ഫോൺ ഉദയ്
ശിവ്ജിക്ക് നേരെ നീട്ടി..

ഭായ്...ഭായിക്കുള്ള ഫോൺ റെഡി. ഇതിൽ തൽക്കാലം എന്റെ പേരിലുള്ള ഒരു സിം
ആണ്..ഭായ്ക്ക് ഈ നമ്പർ ഉപയോഗിക്കാം..ഇന്ന് തന്നെ വീട്ടിൽ പോയി ഇതൊന്ന്
പ്രവർത്തിപ്പിച്ച് പഠിക്കണം..

ശിവ്ജി അപരിചിതമായി ആ വസ്തുവിനെ നോക്കി. കൂട്ടുകാർ പലരുടെയും കൈവശം
കണ്ടിട്ടുണ്ട് എന്നല്ലാതെ ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഉദയ് തന്നെ
എന്തെല്ലാം പഠിപ്പിക്കുന്നു? എവിടെയെല്ലാം എത്തിക്കുന്നു..

        പിന്നെ മറ്റന്നാൾ ആണ് ടിക്കറ്റ്..ഇവിടെ നിന്നും നേരിട്ടുള്ള
ട്രെയിൻ ആണ്, അവിടെ പണിയെടുക്കുന്ന നമ്മുടെ ആളുകൾ ധാരാളം പോയി
വരുന്നതാണ്. പേടിക്കാനേ ഇല്ല..അവിടെ പാലക്കാട് എന്ന സ്ഥലത്ത്
ഇറങ്ങണം...അവിടെ ഇറങ്ങി ദാ ഈ കാർഡിൽ എഴുതിയ നമ്പറിൽ വിളിക്കണം..അപ്പോൾ ആ
ആളുകൾ നിങ്ങളുടെ ജോലി സ്ഥലവും വഴിയും പറഞ്ഞുതരും എന്നാണ് ഏജന്റ് പറഞ്ഞത്.
ടിക്കറ്റുകൾ സൂക്ഷിച്ചു വക്കണം..കളയരുത്

ജോലി എന്താണെന്ന് പറഞ്ഞില്ല?

അതൊന്നും കുഴപ്പമുണ്ടാവില്ല എന്നാണ് പറഞ്ഞത്. നിങ്ങൾക്കും കുടുംബത്തിനും
ഒരിടത്തുതന്നെ താമസിച്ച് ജോലിചെയ്യാം എന്നാണറിഞ്ഞത്. ഭക്ഷണം വച്ചു
കഴിക്കാം..
  ഉദയ് മറ്റൊരു കടലാസ് നീട്ടി..

ഇത് ഏജന്റിന്റെ മൊബൈൽ നമ്പറും ബാങ്ക് എക്കൗണ്ട് നമ്പറും.. ഭായ് അവിടെ
ജോലിയൊക്കെ ചെയ്ത് പരിചയമായതിന് ശേഷം ബാങ്ക് വഴി അയാൾക്കുള്ളത്
എന്താണെന്നുവച്ചാൽ അയച്ചു കൊടുത്തേക്കു...
അപ്പോൾ ഉദയ് ഞാൻ എങ്ങിനെ നിന്നെ വിളിക്കും?

അതിനല്ലേ ഭായ് ഈ അടിയിലെഴുതിയിരിക്കുന്ന നമ്പർ..അതെന്റേതാണ്..ഭായിക്ക്
എപ്പോൾ വേണമെങ്കിലും വിളിക്കാം.

അപ്പോൾ ഉദയ്..നീ പല തവണ തന്ന ചെറിയ തുകകൾ, ടിക്കറ്റിന്റെ ചിലവ്, ഈ മൊബൈൽ
ഫോൺ നിനക്ക് ഞാൻ എത്ര കടക്കാരനാണ്.. ഇത് തിരിച്ച് നിനക്കയക്കാനുള്ള നമ്പർ
കൂടി തരൂ ഉദയ്,

ഭായ്..എന്നെ അങ്ങിനെയാണോ കണ്ടിട്ടുള്ളത്..എനിക്ക് ചെയ്യാനാകുന്നത് ഞാൻ
ചെയ്യുന്നു അത്രമാത്രം...എന്റെ ബാങ്ക് ഭഗവാൻ ആണ്..ജയ് ശ്രീരാം..
ഭായ് മനസ്സിൽ വിചാരിച്ചാൽ മതി..അത് ഭഗവാൻ എനിക്ക് തരും..

ഉദയ് പിന്നെയും വളരുകയാണ്. തനിക്കപ്പുറം..മണ്ണിനും ആകാശത്തിനും
മേഘങ്ങൾക്കും അപ്പുറം..അവന്റെ കണ്ണുകൾക്ക് വല്ലാത്ത തിളക്കവും
കാന്തശക്തിയും..അതിലേക്ക് വലിച്ചടുപ്പിക്കുന്ന പോലെ

ഭായ് എന്താണിങ്ങനെ നോക്കുന്നത്..? എനിക്ക് ജോലിക്കു കയറാൻ നേരമായി..ഇനി
വൈകിട്ട് കാണണമെന്നില്ല..പോകാനുള്ള തയ്യാറെടുപ്പ് നടത്തൂ..ആവശ്യത്തിന്
തുണികളും മറ്റും..വലിയ യാത്രയല്ലേ..മറ്റന്നാൾ പാട്നയിലേക്ക് ബസിൽ
പോകേണ്ടിവരും..ഭായ് വീട്ടിൽ പോയി മൊബൈൽ ഒക്കെ ഒന്നു പഠിക്ക്..

ഉദയ് കമ്പനിക്കുള്ളിലേക്ക് കയറിപ്പോയി..അവൻ നടന്നു മറയുന്നത്
നോക്കിനിന്നു പോയി ശിവ്ജി..തിരിച്ച് വീട്ടിലെത്തിയപ്പോൾ അയൽപ്പക്കത്തെ
പലരും ഗൗരിയെ കാണാനെത്തിയിട്ടുണ്ട്. ഗലിയിലെ ഒാരോ വീടും
എല്ലാവരുടേതുമാണല്ലോ..

കുട്ടികളും രാംസിങ്ങിനൊപ്പമുണ്ട്. ഒാരോരുത്തരും കുഞ്ഞുകുഞ്ഞുസമ്മാനങ്ങൾ
കൊടുത്ത് അവനെ വീർപ്പുമുട്ടിക്കുകയാണ്.

രാംസിങ് ഇന്ന് നീ വന്നേ മതിയാകൂ കളിക്കാൻ..നമുക്കിന്ന് മതിവരുന്നതുവരെ
കള്ളനും പൊലീസും കളിക്കണം..എന്നത്തെയും പോലെ നീ തന്നെ പൊലിസ്
..ഞങ്ങളെല്ലാവരും കള്ളമന്മാർ...

എല്ലാവരും രാംസിങ്ങിനേയും കൂട്ടി ഗലിയിലേക്കിറങ്ങി..രാം സിങ്ങ്
കണ്ണടച്ചുനിന്നു..എല്ലാവരും ഒാരോ ഇടങ്ങളിൽ ഒളിച്ചു.പതിവു
പോലെയായിരുന്നില്ല..ഒാരോ കള്ളനും ഒളിയിടങ്ങളിൽ നിന്ന് ഉറക്കെ വിളിച്ചു
പറയുന്നുണ്ടായിരുന്നു..

രാംസിങ്ങ് എന്നെ ആദ്യം പിടിക്കൂ...എന്നെ ആദ്യം പിടിക്കൂ..

രാംസിങ്ങിന് കരച്ചിൽ വന്നു..എല്ലാ കള്ളന്മാരും പെട്ടെന്ന് പിടി
കൊടുത്തു..എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു..

രാംസിങ്ങ് നീ ഞങ്ങളെയൊക്കെ മറക്കുമോ

ഇല്ല..

നീ ചെറിയ കുട്ടിയാണ്...അവിടെ പരിചയമില്ലാത്ത സ്ഥലത്തൊന്നും കളിച്ചു
നടക്കരുത് ...അമ്മയുടെ ഒപ്പം ഉണ്ടാകണം എപ്പോളും.. സരസ്വതി പ്രായം ചെന്ന
ഒരാളെപ്പോലെ അവനെ ഉപദേശിച്ചു.

അവൻ സമ്മതിച്ചു തലയാട്ടി.

ആംലയെ നന്നായി നോക്കണം ..അവൾക്ക് നീ നമ്മുടെ കളിപ്പാട്ടുകൾ
പാടിക്കൊടുക്കണം..നമ്മുടെ കഥകൾ പറഞ്ഞു കൊടുക്കണം..പോയിട്ട് പെട്ടെന്ന്
മടങ്ങി വരണം.. ഇതേ ഗലിയിൽ ഇതേ വിളക്കുകാലിൻ ചുവട്ടിൽ നമുക്കിനിയും
ഒരുപാട് കളിക്കണം നീ വന്നിട്ട്..

എല്ലാവരും അവനെ കെട്ടിപ്പിടിച്ചു..ഗലിയുടെ കുട്ടികൾ. എല്ലാ വീടും
അവരുടെതാണ്. ഗലിയിലെ കുട്ടികൾക്ക് എത്രമാത്രം വീടുകളുണ്ടോ അത്രമാത്രം
അമ്മമാരുമുണ്ടാകും..ഒരേ വിളക്കുകാലിൽ നിന്ന് അവർക്കെല്ലാം ഒരേ വെളിച്ചം..

ഉദയ് വാങ്ങി നൽകിയ മൊബൈൽ ഫോണ്‍ ആ വീടിന് ചേരാത്ത ഒരു വസ്തുപോലെ ഇരുന്നു.
ശിവ്ജിക്കും ഗൗരിക്കും അത് അപരിിതമായ ഒരു സാധനമായി. രാംസിങ്ങ് അതിനെ
തൊട്ടുതലോടി. ഉച്ചയോടെ വീട്ടിനുള്ളിൽ നിന്നുള്ള പാട്ടുകേട്ട് ആംല
ഉണർന്ന് കരഞ്ഞു. ആ ശബ്ദം മൊബൈലിൽ നിന്നായിരുന്നു. കമ്പനിയിൽ വച്ച്
ബെല്ലടിച്ചാൾ എടുക്കേണ്ട വിധം ഉദയ് പഠിപ്പിച്ചിരുന്നത് വച്ച് ശിവ്ജി ഫോൺ
എടുത്തു..ഉദയ് ആയിരുന്നു..

ഭായി എല്ലാം റെഡിയാക്കി വക്കൂ..ഒന്നും മറക്കേണ്ട...അവൻ ഒാർമ്മിപ്പിച്ചു.

                                  അടുത്ത ദിവസം
ഒരുക്കത്തിന്റെതായിരുന്നു. പലവീടുകളിൽ നിന്നായി നൽകിയ തുണികൾ ബാഗുകളിൽ
കുത്തിനിറച്ചു..ഒാരോരുത്തരും ചുട്ടെടുത്ത ചപ്പാത്തികൾ വഴി നീളെയുള്ള
ഭക്ഷണത്തിന്..ആംലയെ പുതപ്പിച്ചുറക്കാനുള്ള കമ്പിളി, രാം സിങ്ങിന്
തണുക്കുമ്പോൾ ഇടാനുള്ള കമ്പിളിക്കുപ്പായം..അങ്ങിനെ ഗലിയിലെ ഒാരോ വീടും
ബാഗുകളിൽ നിറഞ്ഞു. ആ ദിവസം ഗലിയിലെ അങ്ങേ അറ്റത്തെ ഗണപതിയുടെ
പ്രതിമക്കുമുന്നിൽ ശിവ്ജിയും ഗൗരിയും തൊടുതുനിന്നു..ഗലിയിൽ എന്തിനും
ആരംഭം അവിടെനിന്നാണ്...

                          എല്ലാം എടുത്തുവച്ചു കഴിഞ്ഞപ്പോഴും
എന്തൊക്കെയോ മറന്ന പോലെ..എന്താണതെന്ന് ആലോചിച്ച് ശിവ്ജി പിന്നയും
പിന്നെയും തിരഞ്ഞു. അപ്പോൾ അയാൾക്ക് കരച്ചിൽ വന്നു..പതുക്കെ ചുമരിൽ
നിന്നും കീറാതെ വേർപടുത്തി അയാളത് മടക്കി ബാഗിൽ വച്ചു..ജയ്
ശ്രീരാം...ഭഗവാൻ രക്ഷിക്കട്ടെ .
                    വൈകിട്ട് അയൽപ്പക്കക്കാരിൽ ഒരാളുടെ സഹായത്തോടെ
ശിവ്ജി മൊബൈലിൽ ഉദയിനെ വിളിച്ചു..ഫോണിലൂടെ ആദ്യം വിളിക്കുകയാണ്
ശിവ്ജി..ഉദയിന്റെ ശബ്ദം ക്ഷേത്രത്തിൽ നിന്നുള്ള മണിനാദം പോലെ ശുദ്ധമായി
അയാൾക്ക് തോന്ന്..പിറ്റേന്ന് പാട്നയിലേക്ക് പോകാൻ റിക്ഷ ഏർപ്പാടു
ചെയ്യാമെന്നും ഉദയ് പാട്നയിലേക്ക് ഒപ്പം വരാമെന്നും പറഞ്ഞപ്പോൾ
ശിവ്ജിക്ക് ഒന്നു കൂടി ധൈര്യമായി. അതിരാവിലെത്തന്നെ റിക്ഷയുമായി ഉദയ്
എത്തി..ബാഗുകളെല്ലാം എടുത്തുവക്കാൻ അയൽ വീടുകളിൽ നിന്നുള്ളവരെല്ലാം
എത്തി. നേരം പുലരാത്തതിനാൽ കുട്ടികളെല്ലാം ഉറക്കമായിരുന്നു. റിക്ഷ യാത്ര
തുടങ്ങി..ഗലിയുടെ വിളക്കുകാലിന്റെ വെളിച്ചം പതുക്കെ
അകന്നുപോയി.അഴുക്കുചാലുകൾക്ക് മുകളിൽ കെട്ടിപ്പൊക്കിയുണ്ടാക്കിയ
ചായക്കടകളും, ഡാബകളും, ബാർബർ ഷാപ്പുകളും നിറഞ്ഞ ഗലികൾ ഉണർന്നു
വരുന്നതേയുള്ളൂ..റോഡിനിരുവശത്തും കൂട്ടങ്ങളായി സൈക്കിൾ റിക്ഷകൾ,
ബീഡിപ്പുക ആകാശത്തേക്ക് ഊതി മേഘങ്ങളെ വെളുപ്പിക്കുന്ന സൈക്കിൾ
റിക്ഷാക്കാർ..കീറി മുഷിഞ്ഞ വേഷങ്ങൾ ധരിച്ച അവർ അവർക്ക് അന്നത്തെ
അന്നമേകാനുള്ള മനുഷ്യരെ കാത്തുനിൽക്കുകയാണ്. തന്നെപ്പോലെ രോഗമുള്ളവർ,
വീടില്ലാത്തവർ..ശിവ്ജി നെടുവീർപ്പിട്ടു.


                  പാട്ന സ്റ്റേഷനിൽ എത്തിയപ്പോൾ ഉദയ് എല്ലാവർക്കും ചായ
വാങ്ങി നൽകി. രാംസിങ്ങ് ആദ്യമായാണ് ട്രെയിൻ കാണുന്നത്..അവിടത്തെ ഒച്ചയും
ബഹളവും കാരണം ആംല ഉണർന്ന് കരഞ്ഞു തുടങ്ങി. അവർക്ക് പോകാനുള്ള ട്രെയിൻ
വന്നു നിന്നു..അതിന്റെ പിറകേ ബോഗി പിടിക്കാൻ ബാഗുകളുമായി ഒാടുമ്പോൾ
ഉദയിന്റെ കൈകളിലായിരുന്നു രാംസിങ്ങ്..ഒരു വിധം ബോഗി കണ്ടെത്തി. സീറ്റിൽ
ഇരിപ്പുറപ്പിച്ചു. ഉദയ് ഇപ്പോൾ പുറത്താണ്. ട്രെയിൻ എടുക്കാൻ ഇനി
അധികനേരമില്ല..ശിവ്ജി ഉദയിന്റെ കയ്യിൽ മുറുക്കെപ്പിടിച്ചു...

ഉദയ്..നീ എന്തിനാണ് എന്നെ ഇങ്ങിനെ സഹായിച്ചുകൊണ്ടിരിക്കുന്നത്..?

ഭായ് ഒരു രഹസ്യം പറയട്ടേ?

അതെന്താ പറയൂ..

ഭായിയെ എന്നെ എവിടെവച്ചാണ് ആദ്യം കണ്ടത്?

കമ്പനിയിൽ..നീ ജോലിക്ക് ചേർന്ന ദിവസം..ഞാനല്ലേ നിന്നെ പണി പഠിപ്പിച്ചത്...

പക്ഷേ ഭായ്..ഞാൻ നിങ്ങളെ എത്രയോ വർഷം മുമ്പ് കണ്ടിട്ടുണ്ട് ഭായ്..

എവിടെ വച്ച്? എങ്ങിനെ?

അതാണ് രഹസ്യം ഭായ്

ഉദയ് പറയൂ...

എന്റെ അച്ഛന് നിങ്ങളുടെ മുഖഛായയായിരുന്നു ഭായ്..ഞാൻ എത്രയോ കാലം മനസ്സിൽ
കൊണ്ടു നടക്കുന്ന അതേ മുഖം..നിങ്ങളിൽ ഞാനെന്റെ അച്ഛനെ കണ്ടിരുന്നു
ഭായി...ഇപ്പോഴും കാണുന്നുണ്ട് ഭായ്.
അത് പറയുമ്പോൾ അവൻ പൊട്ടിക്കരഞ്ഞുപോയിരുന്നു..

ഒരിടിമിന്നൽ ദോഹത്തുകൂടെ കടന്നു പോയപോലെ ശിവ്ജി ഇരിക്കുമ്പോൾ ട്രെയിൻ
നീങ്ങിത്തുടങ്ങിയിരുന്നു.









                          അധ്യായം   അഞ്ച്


   രാംസിങ്ങ് ആദ്യമായി 'ട്രെയിനിൽ കയറുകയാണ്, ആൾത്തിരക്കും ഒച്ചകളും അവനെ
അമ്പരപ്പിച്ചു. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ ശിവ് ജി അവനെ
മടിയിലിരുത്തി,,, ട്രെയിനിന്റെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കുമ്പോൾ
മരങ്ങളും വീടുകളും വയലുകളുമെല്ലാം പിറകിലേക്ക് ഓടുന്നു,,, പരിചിതമായ
പ്രദേശങ്ങളെല്ലാം പിറകിലേക്ക് മറയുകയാണ്, ട്രെയിൻ റിക്ഷയിൽ കെട്ടിയ
കുതിരയെപ്പോലെ മുന്നോട്ടു പായുകയാണ്, അതിന്റെ കുലുക്കവും മൂളക്കവും
കലർന്ന ശബ്ദത്തിന്  രാംസിങ്ങ് താളം കണ്ടെത്തി,

     കമ്പാർട്മെന്റിൽ വേറെയും കുടുംബങ്ങൾ ഉണ്ടായിരുന്നു, കുട്ടികളും
ധാരാളം,,, ആളുകളെക്കാളേറെ ബാഗുകൾ കിട്ടിയ സ്ഥലത്തൊക്കെ അടുക്കി
വച്ചിരിക്കുകയാണ്,, എല്ലാറ്റിൽ നിന്നും പുറത്തുവരുന്ന അഴുക്കു മണം

ആംലയെ അമ്മ കമ്പിളിപ്പുതപ്പുകൊണ്ട് പൊതിഞ്ഞ് മാറോട് ചേർത്തു
പിടിച്ചിരിക്കുകയാണ്,, ട്രെയിന്റെ ജനലിലൂടെ വരുന്ന തണുത്ത കാറ്റ്
ഏൽക്കാതിരിക്കാൻ അമ്മ ജനാലകൾ താഴ്ത്തിയിട്ടിരിക്കുകയാണ്,, ട്രെയിൻ
ഓടിത്തുടങ്ങിയപ്പോൾ ആംല ആദ്യം കരഞ്ഞുണർന്നു, പിന്നെ ട്രെയിനിന്റെ താളം
ആസ്വദിച്ചെന്ന വണ്ണം അമ്മയോട് ചേർന്നു കിടന്ന് ഉറങ്ങി

     നാടുവിട്ടു പോകുന്നതിനോട് ആദ്യം മുതലേ ഉണ്ടായിരുന്ന എതിർപ്പ്
മാറിയിരുന്നില്ല, പക്ഷെ ഒരു വഴിയും കാണാതെ ഉഴറുന്ന ഭർത്താവ് കണ്ടെത്തിയ
വഴിയോട് അനിഷ്ടം കാണിക്കാതെ പുറപ്പെടുകയായിരുന്നു അവൾ,, വിവാഹത്തിന്
മുമ്പോ ശേഷമോ ഇത്ര ദീർഘദൂര യാത്ര ചെയ്തിട്ടില്ല,, ജനിച്ചു വളർന്ന ഗലി
ക്കപ്പുറം മറ്റൊരു സ്ഥലവും കാണാത്ത ബാല്യം, ചെറിയ ക്ലാസുകളിൽ മാത്രം
സ്കൂളിൽ പോയ ഓർമ്മ, പിന്നീട് അമ്മയെ സഹായിച്ച് വീടിന്റെ നാലു
ചുവരുകൾക്കിടയിൽ ജീവിക്കുന്നതിനിടെയാണ് നാലു ഗലികൾക്കപ്പുറത്തു നിന്നും
ശിവ് ജിയുടെ കല്യാണാലോചന,,, ഇരുമ്പു കമ്പനിയിൽ സ്ഥിരം ജോലിയുള്ള കല്യാണ
ചെക്കനെ വീട്ടുകാർക്ക് ഇഷ്ടമായി, അങ്ങാനെ ജനിച്ച വീട് വിട്ട് അതേ പോലത്തെ
മറ്റൊരു അറയിലേക്ക്,, ശിവ് ജിയുടെ അച്ഛനും അമ്മയും നേരത്തെ മരിച്ചു
പോയിരുന്നതിനാൽ ശിവ് ജില്ലാതെ മറ്റൊരു ആൾപ്പെരു മാറ്റം ഇല്ലാതിരുന്ന ആ
മുറിയിലേക്ക് ഗൗരി കടന്നു വന്നപ്പോളാണ് അതൊരു വീടായി മാറിയത്,, എന്നും
ഒരേ ജോലികൾ,, രാവിലെ ശിവ് ജിക്ക് ഒപ്പം ഉണരുക,,, പാലു ചേർക്കാത്ത ചായ
ഉണ്ടാക്കിക്കൊടുക്കുക,,, എന്നും ഒരേ ആട്ടകൊണ്ട് ചപ്പാത്തി ചുടുക,,
കറിയുണ്ടാക്കുക,, ഇതിന്റെ തനിയാവർത്തനങ്ങൾ,, ദീപാവലിക്കോ ഹോളിക്കോ മാത്രം
അടുത്ത ഗലി വരെ യുള്ള യാത്രകൾ,,,ശലിയിലെ എല്ലാവർക്കും സ്വന്തമായ
പൊതുകിണർ,, അതിൽ നിന്ന് വെള്ളം കോരി വെളിച്ചം ഉയരുംമുമ്പേ 'കുളിയും
അലക്കും കഴിയണം, പിന്നെ പുരുഷന്മാരുടെ തിരക്കവും

         കല്യാണം കഴിഞ്ഞ് എത്രയോ വർഷം കുട്ടികളില്ലാതെ ജീവിച്ചു, ഗലിയിലെ
ഗണേശന് മുന്നിൽ എന്നും പോയി പ്രാർഥിച്ചു, അങ്ങിനെ കാത്തു കാത്തിരുന്ന്
കിട്ടിയ കൺമണിയാണ് രാംസിങ്ങ്,,, ഇപ്പോളിതാ ആംലയും,,

    ഗലിയിലെ ജീവിതത്തിന് നാളെ എന്നൊരു വാക്കില്ല, ഇന്ന് എന്നു
മാത്രമേയുള്ളൂ,, അന്നത്തെ ദിവസത്തെ കൂലി കൊണ്ട് അന്നത്തെ ഭക്ഷണം,,
ഇത്തിരി ആട്ടപ്പൊടിയോ രണ്ട് ഉരുളക്കിഴങ്ങോ ആയിരിക്കും ഓരോ വീട്ടിലും
മിച്ചം പിടിക്കാനുണ്ടാവുക,, നാളെ ക്കുള്ളത് നാളെ ഉണ്ടാക്കണം. അഥവാ
ഉണ്ടായില്ലെങ്കിൽ അന്ന് വിശപ്പുമായി ഉറങ്ങണം

          ഗലി വിടുമ്പോൾ കല്യാണദിവസം വീടുവിട്ടു പോന്ന പോലെയായിരുന്നു
ഗൗരി. ആംലയും രാം സിങ്ങും ഇപ്പോൾ തങ്ങളുടെ കൂടെയുണ്ട്. ഇനിയെത്തുന്ന
നാട്ടിൽ എവിടെയാണാവോ, എന്താണാവോ ജോലി???അവിടത്തെ ഭാഷ തങ്ങൾക്കറിയില്ല,
ഗലിയിൽ എല്ലാവർക്കും ഒരേ ഭാഷയാണ്.അത് കേട്ടു വളർന്നവർക്ക് ഇനിയെങ്ങിനെ
മറു ഭാഷ പഠിച്ചെടുക്കാനാകും.അവിടെയും ഹിന്ദി അറിയാവുന്നവർ
ഉണ്ടെന്നുള്ളതാണ് ചെറിയ സമാധാനം,,

ട്രെയിൻ ഓടിക്കൊണ്ടേയിരിക്കുന്നു

അപ്പുറത്തെ സീറ്റിലിരുന്നവർ ബിസ്കറ്റിന്റെ പാക്കറ്റെടുത്ത് പൊട്ടിച്ചു
തിന്നാൻ തുടങ്ങി,,

ചോട്ടൂ,, ബിസ്കറ്റ് ചാഹിയേ???

അയാൾ രാം സിങ്ങിന് നേരെ ബിസ്കറ്റ് നീട്ടി

അവൻ ശിവ് ജിയേയും ഗൗരിയേയും നോക്കി,,,

വാങ്ങിക്കോ പേടിക്കണ്ട..അയാൾ പിന്നെയും പറഞ്ഞപ്പോൾ രാംസിങ്ങ് കൈനീട്ടി
ബിസ്കറ്റ് വാങ്ങി..അയാൾ ശിവ്ജിക്കും, ഗൗരിക്കും നേരെയും ബിസ്കറ്റ്
നീട്ടി.

എങ്ങോട്ടു പോകുന്നു? അയാൾ ചോദിച്ചു..

കേരളം..

എന്തിനാ പോകുന്നത്

ജോലിക്കാണ് സാബ്..ശിവ്ജി അയാളോട് പറഞ്ഞു..

ബീഹാറിൽ എവിടെയാണ്

ജഹനാബാദ്

സാബിന്റെ സ്ഥലം?

ഗയ

അയാൾ പിന്നീട് ഒന്നും ചോദിക്കാതെ ഒരു പുസ്തകമെടുത്ത് വായിക്കാൻ
തുടങ്ങി..അല്പം കഴിഞ്ഞ് ടിടിആർ വന്ന് ടിക്കറ്റ് പരിശോധന തുടങ്ങി. ശിവ്ജി
ടിക്കറ്റ് എടുത്തുകാണിച്ചു.. തിരിച്ചറിയൽ കാർഡുവാങ്ങി പരിശോധിച്ച്
തലകുലുക്കി..കറുത്ത കോട്ടിട്ടു വന്ന അയാളെ രാംസിങ്ങ് സാകൂതം നോക്കി.
               തീവണ്ടി ഏതോ പാലം കടക്കുകയാണ്...ഇപ്പോൾ പുഴ
വറ്റിക്കിടക്കുകയാണ്. അവിടിവിടെ മേഞ്ഞു നടക്കുന്ന കന്നുകാലികൾ..മഴ
നിർത്താതെ പെയ്യുന്ന ദിവസങ്ങളിൽ അപ്രതീക്ഷിതമായായിരിക്കും പുഴകളിലെ
വെള്ളം ഉയരുക..കഴിഞ്ഞ വർഷം ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു...സിതമർഹി,
ഷിയോഹർ, മുസഫുർപൂർ, കിഷൻഗഞ്ച് ഒക്കെ വെള്ളത്തിനടിയിലായി..കോസിയും ഗണ്ഡകും
, ബാഗമതിയും കര കവിഞ്ഞതോടെ വെള്ളപ്പൊക്കമായി. ആളുകൾ എല്ലാം ഇട്ടെറിഞ്ഞ്
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഒാടി..എത്ര പേർ മരിച്ചെന്നു പോലും അറിയാൻ
കഴിയാത്ത അവസ്ഥ..റെയിൽ പാളങ്ങളും, ആശുപത്രികളും സ്കൂളുകളും വെള്ളം കയറി.
                                ദാർധ നദിയിൽ വെള്ളം പൊങ്ങിയാൽ പിന്നെ
ഗലികളിൽ ആർക്കും ഉറക്കമുണ്ടാവില്ല..ഏതു സമയത്തും വെള്ളം ഇരച്ചെത്താം..ചില
വർഷങ്ങളിൽ വീടുകളിൽ നിന്ന് മാറി നിൽക്കേണ്ടി വന്നിട്ടുമുണ്ട്..ഗംഗയിൽ
വെള്ളം ഉയർന്നാൽ ഹാജിപൂരിയെ വാഴത്തോട്ടങ്ങൾ എല്ലാം വെള്ളത്തിനടിയിലാകും.



അങ്ങനെ ഒരു പ്രളയകാലത്തായിരുന്നല്ലോ ഗൗരിയും താനുമായുള്ള
വിവാഹം..ശിവ്ജിയുടെ മനസ്സിലും ഒാർമകളുടെ ഒരു പ്രളയമുണ്ടായി.


           ഗംഗ ബീഹാറിനെ രണ്ടായി മുറിച്ച് കിഴക്കോട്ടൊഴുകുന്നു. വടക്കൻ
ബീഹാറിനെക്കാൾ ഭേദം തെക്കൻ ബീഹാറാണ്..വടക്കൻ ബീഹാറിൽ ദാരിദ്യത്തിന്റെ
പരകോടികളായ ഗലികൾ. തിരക്കുള്ളതും ഇല്ലാത്തതുമായ ചെറുകവലകൾ. ചാരിവച്ച
അനേകം തുരുമ്പിച്ച സൈക്കിളുകൾ..ചപ്പും കുപ്പയും നിറഞ്ഞ പാതകൾ.പല
നിറത്തിലുള്ള ഗുഡ്ക്കപ്പാക്കറ്റുകൾ തൂങ്ങിക്കിടക്കുന്ന
ചായ്പ്പുകടകൾ..അവയോട് ചേർന്ന് ചെറിയ ചായക്കടകൾ. അവക്കുമീതെ ഉയരുന്ന
പുക..തെരുവിലിരുന്നു തന്നെ ആളുകളുടെ തലമുടി വെട്ടുകയും താടി വടിക്കുകയും
ചെയ്യുന്ന ഗ്രാമീണരായ ബാർബർമാർ. ഇതിനിടയിലൂടെയൊക്കെ ഒാടിച്ചാടി
നടക്കുന്ന അഴുക്കുതുണികളിട്ട കുട്ടികൾ..ചില തെരുവുകൾ ടാർപ്പോളിൻ വിരിച്ച്
പച്ചക്കറി വിൽക്കുന്നവർ, ഗോതമ്പ് ഉണക്കുന്നവർ..പെട്ടിപ്പൊളിഞ്ഞ
റോഡുകളിലൂടെ വാഴക്കുലകൾ സൈക്കിളിൽ കെട്ടിവച്ച് മാർക്കറ്റുകളിലേക്ക്
പോകുന്ന ഗ്രാമീണര്‍

റെയിൽ പാളങ്ങൾക്കരുകിൽ പ്ളാസ്റ്റിക് ഷീറ്റ് മറച്ചുണ്ടാക്കിയ
പാർപ്പിടങ്ങൾ. റെയിലിന് തൊട്ടുവരെ മേഞ്ഞുനടക്കുന്ന
ആട്ടിൻകൂട്ടങ്ങൾ..ഇടക്കിടക്ക് വാഴത്തോട്ടങ്ങൾ, കരിമ്പുതോട്ടങ്ങൾ..മഞ്ഞ
വിരിച്ച കടുകുപാടങ്ങൾ, ഉരുളക്കിഴങ്ങു തോട്ടങ്ങൾ, സൂര്യകാന്തി പാടങ്ങൾ,
ലിച്ചി മരങ്ങൾ, അവയിൽ പണിയെടുക്കുന്ന നാട്ടുകാർ..തീവണ്ടി ഈ
കാഴ്ചകളെയൊക്കെ പിറകിലാക്കുകയാണ്... ഒരു ഇഷ്ടികച്ചൂളയിൽ നിന്ന് പുക
ഉയർന്ന് ആകാശത്തിൽ വിലയം പ്രാപിക്കുന്നു.
                    നേരം ഉച്ചകഴിഞ്ഞു..ശിവ്ജി കാൽച്ചുവട്ടിൽ വച്ചിരുന്ന
ബാഗ് തുറന്ന് ചപ്പാത്തി പൊതിഞ്ഞു വച്ച പൊതിയഴിച്ച് കടലാസ് പ്ളേറ്റിൽ
രാംസിങ്ങിന് നൽകി. നല്ല വിശപ്പുണ്ടായിരുന്നത് കൊണ്ട് രാംസിങ്ങ് വേഗം
കഴിച്ചു. വിശക്കുമ്പോൾ ഭക്ഷണത്തിന് രുചിയേറും..കുപ്പിയിൽ നിന്നും വെള്ളം
കുടിക്കാൻ ശിവ്ജി രാംസിങ്ങിനെ സഹായിച്ചു..പിന്നെ അയാളും ഒരു ചപ്പാത്തി
പൊട്ടിച്ചു തിന്നു.
                           ഇടക്ക് ആംല ഉണർന്നു. പുതച്ചിരുന്ന സാരിയുടെ
മറവിൽ ഗൗരി അവളെ മുലയൂട്ടി..അവൾ പിന്നെ ഏറെ നേരം ഉറങ്ങാതെ ഇരുന്നു..അമ്മ
അവളോട് കൊഞ്ചിപ്പറയുന്നത് കണ്ട് രാംസിങ്ങ് ചിരിച്ചു. ഇടക്ക് അമ്മ അവളെ
ശിവ്ജിയുടെ കയ്യിലേക്ക് നൽകി. അവളുടെ കുഞ്ഞിക്കയ്യിൽ അവൻ പിടിച്ചപ്പോൾ പൂ
പോലെ മൃദുലമായി വിരലുകൾ കൊണ്ട് അവൾ ഇറുക്കി പ്പിടിച്ചു.  ശിവ്ജിയോടും
രാംസിങ്ങിനോടും ചിരിക്കുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങി..അമ്മ അപ്പോൾ
ഭക്ഷണം കഴിക്കുകയായിരുന്നു..

ആംലാ..ശിവ്ജി വിളിച്ചു..

അവൾ അവളുടെതായ ഭാഷയിൽ എന്തൊക്കെയോ ശബ്ദം ഉണ്ടാക്കി.അപ്പോൾ ശിവ്ജിയുടെ
ഫോൺ ബെല്ലടിച്ചു..അയാൾ ശ്രദ്ധാപൂർവം ആംലയെ ഗൗരിയുടെ കയ്യിൽ കൊടുത്ത് ഫോൺ
പോക്കറ്റിൽ നിന്നും എടുത്തു..

ശിവ്ജി ഭായ് ഉദയ് ആണ് ..യാത്ര എങ്ങിനെയുണ്ട്..?

നല്ലയാത്ര ഉദയ്..നീ എവിടെ എത്തി

ഞാൻ കമ്പനിയിൽ നിന്നും ഇറങ്ങി ഭായി...കുട്ടികളെ ശ്രദ്ധിക്കണേ..ആംലയെ
പ്രത്യേകിച്ചും..ഞാൻ പിന്നെ വിളിക്കാം..

ശരി ഉദയ്..

ഉപേക്ഷിച്ചുപോയ പിതാവിന്റെ മുഖം തന്നിൽ കണ്ടു സ്നേഹിച്ച ഉദയ്..തന്റെ  ഈ
യാത്രക്കുകൂടി കാരണക്കാരനായ ഉദയ്...ഭഗവാൻ  പലതരത്തിൽ മുന്നിൽ വരും..ജയ്
ശ്രീരാം..

                   രാംസിങ്ങിന് ക്ഷീണം വന്നുതുടങ്ങിയിരുന്നു..ഇടക്ക്
ഒരിടത്ത് തീവണ്ടി നിർത്തിയിട്ടപ്പോൾ ശിവ്ജി മൂന്നുപേർക്കും ചായ വാങ്ങി
നൽകി.
ജനാലക്കരുകിൽ തിൽക്കൂട്ടും, തേങ്ങാപ്പൂളും, വാഴപ്പഴവും വിൽക്കുന്ന
കുട്ടികൾ..രാംസിങ്ങിനേക്കാൾ കൂടിപ്പോയും രണ്ടു വയസ്സ് അധികം
കാണും..ചെരിപ്പിടാത്ത കാലുകൾ കൊണ്ട് അവർ ഒാരോ ജനാലയിലേക്കും
ഒാടിയെത്തുന്നു.ജീവിക്കാനുള്ള കഷ്ടപ്പാടുകൾ.

     ഇനിയും എത്രയോ നേരം ഇരിക്കണമെന്ന് ശിവ്ജി അവനോട് പറഞ്ഞു..അവൻ
അഛ്ചന്റെ മടിയിലേക്ക് തലചായ്ച്ച് മയങ്ങാൻ തുടങ്ങി..
                       രാംസിങ്ങ് പിന്നെ ഉണർന്നപ്പോൾ നേരം
രാത്രിയായിത്തുടങ്ങിയിരുന്നു.ട്രെയിനിന്റെ വേഗത്തിനൊപ്പം പിറകിലേക്ക്
പായുന്ന വിളക്കുമരങ്ങള്‍. വഴിയരികിൽ രാത്രി ഒരുക്കുന്ന ദീപാവലി
പോലെ.തണുപ്പ് കൂടിയതോടെ ശിവ്ജി രാംസിങ്ങിനെ കമ്പിളിക്കുപ്പായം
ഇടുവിച്ചു..തീവണ്ടിക്കുള്ളിലിപ്പോൾ ബൾബുകൾ ഇട്ടിട്ടുണ്ട്. മുകളിലെ
ബർത്തുകളിലിരുന്ന് ചിലർ എഴുന്നേറ്റിരുന്ന് ഫോണുകളിൽ നിന്ന്
പാട്ടുകേൾക്കുന്നുണ്ട്.
                                         കുറച്ചുകഴിഞ്ഞപ്പോൾ ബൾബുകൾ
എല്ലാം കെടുത്തി..പിന്നെ തീവണ്ടി വിളക്കുകാലുകൾക്ക് അരികിലൂടെ പോകുമ്പോൾ
വെളിച്ചത്തിന്റെ ഒരു തിരമാല തീവണ്ടിമുറിയിലൂടെ പോകും.പിന്നെയും
ഇരുട്ടുതന്നെ..ഇടക്ക് എതിരെ നിന്നും ഒരു തീവണ്ടി വശത്തുള്ള പാളത്തിലൂടെ
ഒരു മിന്നായം പോലെ പാഞ്ഞുപോയി..ഗലിയിൽ കളിക്കുമ്പോൾ ആകാശത്ത് ഒരു മുരൾച്ച
കേട്ടാൽ കുട്ടികൾ വട്ടം കൂടി നിന്ന്  മുകളിലേക്ക് നോക്കും.
കൂട്ടത്തിലാരെങ്കിലും വിമാനത്തെ കണ്ടാൽ സന്തോഷത്തോടെ
വിളിച്ചുപറയും.അപ്പോൾ മറ്റെല്ലാവരും അങ്ങോട്ടു നോക്കും. ആകാശത്തിന്റെ
ഉയരത്തിൽ പറക്കുന്ന ഒരു വെള്ളപ്പറവ..രാത്രിയിൽ വിമാനം പോകുമ്പോൾ അതിൽ
കണ്ണുചിമ്മുന്ന ചെറിയ വെളിച്ചം..സരോജിനി ദീദി, രൺവീർ, ബോല ഒക്കെ ഇപ്പോൾ
ഉറങ്ങിക്കാണും..രാംസിങ്ങ് ഒാർത്തു..സരോജിനി ദീദിയുടെ കയ്യിൽ സ്ളേറ്റ്
ഉണ്ട്. അതിൽ പെൻസിൽ കൊണ്ട് സരോജിനി ദീദി അക്ഷരങ്ങൾ എഴുതി രാംസിങ്ങിന്
കാണിക്കും.ചിത്രങ്ങൾ വരക്കും..ചിലപ്പോഴൊക്കെ രാംസിങ്ങിനെക്കൊണ്ട്
ചിത്രം വരപ്പിക്കും..രൺവീറിന്റെ അച്ഛനെ രാംസിങ്ങിന് പേടിയാണ്..രാത്രയായാൽ
മദ്യപിച്ച് വരും..പാവം രണ്‍വീറും അമ്മയും..കുടിച്ചു കഴിഞ്ഞാൽ പിന്നെ
എല്ലാവരോടും വഴക്കിടും..ഗലിയിലെ എല്ലാവീട്ടുകാരേയും ചീത്ത പറയും..പക്ഷേ
രൺവീറിന് അച്ഛനെ ഇഷ്ടമാണ്.. അച്ഛൻ അവനെ കാർണിവലിന് കൊണ്ടുപോയിട്ടുണ്ട്.
പല നിറത്തിലുള്ള ബലൂണുകൾ വാങ്ങിക്കൊടുത്തിട്ടുണ്ട്.  ഗംഗാആരതി കാണിക്കാൻ
കൊണ്ടുപോയിട്ടുണ്ട്. സോൺപൂരിയെ ചന്ത കാണിച്ചു
കൊടുത്തിട്ടുണ്ടത്രേ..ആനകൾ കുതിരകൾ എന്നിവയൊക്കെയുള്ള ചന്ത..സർക്കസും,
മരണക്കിണറും ഒക്കെ അവൻ കണ്ടിട്ടുണ്ടത്രേ..



അക്കഥകൾ ഒക്കെ അവൻ പറയുമ്പോൾ രാംസിങ്ങിന് രണ്‍വീറിന്റെ അച്ഛനോടുള്ള പേടി
കുറയും. ദീപാവലിക്ക് ഗലി നിറയെ ദീപങ്ങൾ തെളിയും..ആയിരം വിളക്കുകൾ
ഒന്നിച്ച് പ്രകാശിക്കും..കുട്ടികളും കൂടൂം തിരി തെളിയിക്കാൻ.  പിന്നെ
ഹോളിക്ക്...പലനിറങ്ങൾ പരസ്പരം പൂശി, നിറത്തിൽ കുളിച്ചു നടക്കുന്ന
കുട്ടികൾ. നിറങ്ങളിൽ കുളിച്ച് ആഹ്ളാദിക്കുന്ന കുട്ടികൾ..
രാംസിങ്ങ് അതെല്ലാം ഒാർത്തു.അപ്പോളവന് സങ്കടം വന്നു..കണ്ണുകൾ
നീറിത്തുടങ്ങി. അച്ഛൻ സീറ്റിലേക്ക് ചാരിക്കിടന്ന് ഉറങ്ങുകയാണ്. അമ്മ
ഉറങ്ങുമ്പോളും ആംലയെ കൈകൊണ്ട് ചുറ്റി മാറോട് ചേർത്തിരിക്കുന്നു.
തീവണ്ടിമുറിയിലെ ഇരുട്ടിനോട് രാംസിങ്ങ് തേങ്ങി..പിന്നെ അഛ്ഛന്റെ
മടിയിലേക്ക് തലചായ്ച്ചു. തണുപ്പും ക്ഷീണവും അവന്റെ മുതുകത്ത് തലോടിയപ്പോൾ
സ്വപ്നങ്ങളിൽ അവൻ ഗലിയിൽ കള്ളനും പൊലീസും കളി്ച്ചു..



                                                     അധ്യായം
                                                        ആറ്


‍തീവണ്ടിക്ക് ഉറക്കമില്ല..എല്ലാരും ഉറങ്ങുമ്പോഴും അത്
ഒാടിക്കൊണ്ടിരിക്കും.അതിന് വിശപ്പില്ല, ദാഹമില്ല.ക്ഷീണമില്ല..ഭാരം
വഹിച്ച് പായുമ്പോൾ അതൊരിക്കലും ഒന്നും ആലോചിക്കുന്നുണ്ടാവില്ല..ഗലിയിൽ
റിക്ഷാവണ്ടി വലിക്കുന്നവരെപ്പോലെ..ആളുകളെത്തേടി ഒാരോ സ്റ്റഷനിലും അത്
കൂക്കിവിളിക്കും..ഒന്നു നിർത്തി വീണ്ടും ശ്വാസമെടുത്ത് പായും.
         നേരം പുലർന്നു തുടങ്ങി..ശിവ്ജി തീവണ്ടിയുടെ ജനാലകൾ ഇത്തിരി
തുറന്നിട്ടു. ഇപ്പോൾ പുറത്തുകാണുന്ന കെട്ടിടങ്ങൾ പരിചിതമല്ല..സ്ഥലങ്ങൾ
ഇപ്പോൾ മുമ്പത്തെപ്പോലെ ഇടുങ്ങിയതല്ല. തീവണ്ടി പാഞ്ഞുപോകുമ്പോൾ
ഉള്ളിലേക്കടിക്കുന്ന കാറ്റിന് മറ്റേതോ ഭൂപ്രദേശത്തിന്റെ മണം പോലുമുണ്ട്.
ഏറെ ദൂരം പിന്നിട്ടിരിക്കുന്നു. നേർത്ത മഞ്ഞിൽ വിശാഖപുരം  എന്ന ബോർഡ് .

കമ്പാർട്മെന്റിലെ മറ്റുയാത്രക്കാർ മാറിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ
മുന്നിലിരിക്കുന്നത് ഒരു കുടുംബമാണ്..

കഹാം ജാരേ? അയാൾ ശിവ്ജിയോട് ചോദിച്ചു..

കേരള..ശിവ്ജി അയാളെ നോക്കിപ്പറഞ്ഞു..

                                  പാലത്തിന് താഴെ ഒരു നദി വറ്റി മൈതാനം
പോലെ കിടക്കുന്നു.റെയിൽ പാതയുടെ ഇരുവശത്തും കണ്ണെത്താദൂരം വരെ
പരന്നുകിടക്കുന്ന പാടം..ഉരുളൻ പാറകൾ ഉള്ള വലിയ മലകൾ..ദൂരങ്ങളാണ് ജീവിതം
കാണിച്ചുതരുന്നത്. ഗലിയുടെ ഇത്തിരി വട്ടത്തിൽ നിന്നും അകലെ എത്രയോ
സ്ഥലങ്ങൾ. രൂപം കൊണ്ടും , ഭാഷകൊണ്ടും വ്യത്യാസമുള്ളവ..ട്രെയിനിൽ ഭക്ഷണം
കൊണ്ടുനടന്നു വിൽക്കുന്നവരുടെ, വെള്ളം വിൽക്കുന്നവരുടെ തിരക്ക്..

ടീ, കോഫി, ഇഡലി. സാമ്പാർ, ദോശ, ചട്ണി, വട, ഊത്തപ്പം, പപ്പു തൂർദാൽ

അവർ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു..അർഥമറിയാത്ത വാക്കുകൾ..ഒാരോ
ആഹാരത്തിന്റെ പേരുകൾ..വിശപ്പിനും ആഹാരത്തിനും, ദാഹത്തിനും വെള്ളത്തിനും
ഭാഷയില്ലല്ലോ..അവ തന്നെ ഭാഷകളാണ്..ആ ഭാഷകളാവട്ടെ എല്ലാ മനുഷ്യനിലും ഭഗവാൻ
കൊത്തിവച്ചിട്ടുണ്ടാകുമല്ലോ..അപ്പോൾ പിന്നെ ഭാഷകൾക്ക് വാക്കുകൾക്ക്
എന്തു പ്രസക്തി..അന്യനാട്ടിലെ അറിയാത്ത ഭാഷയെ എങ്ങിനെ നേരിടുമെന്ന
ചോദ്യത്തിന് ശിവ്ജിക്ക് ഉത്തരം കിട്ടി..ജീവിതത്തിന് അതിന്റെതായ
ഭാഷയുണ്ട്. അത് എല്ലായിടത്തും ഏതാണ്ട് ഒരുപോലെത്തന്നെ..

              പേരുമാറിയ ആഹാരങ്ങൾ, ആട്ട ചപ്പാത്തിയും ആലു ബുജിയായും,
ചാവലും സബ്ജിയും കഴിച്ചു വന്ന തങ്ങളെ ഇനി കാത്തിരി്ക്കുന്നത് ഏത്
ആഹാരമാണാവോ..ഗലിയിലെ സോനാദീദി പറയുന്ന പോലെ ഏത് ഗോതമ്പുമണിയിലും
ചോളമണിയിലുമാണ് തന്റെ പേര് എഴുതി വച്ചിട്ടുള്ളത് ? പോകുന്ന നാട്ടിലെ ഒാരോ
ധാന്യത്തിലും അത് കഴിക്കുന്നവന്റെ പേരുണ്ടെങ്കിൽ ഈ അന്യനാട്ടിൽ
എത്രയൊക്കെയോ ധാന്യങ്ങളിൽ ശിവ്ജിയുടെ, ഗൗരിയുടെ, രാംസിങ്ങിന്റെ
പേരുണ്ടാവണമല്ലോ..കൊണ്ടുവന്ന വെള്ളം കഴിഞ്ഞിരുന്നതിനാൽ അയാൾ രണ്ടു
കുപ്പി വെള്ളം വാങ്ങി. ഒരിറക്ക് കുടിച്ചപ്പോൾ തന്നെ വെള്ളത്തിന്റെ രുചി
നിറഞ്ഞു..ഒാരോ മണ്ണിലെ വെള്ളത്തിനും ഭഗവാൻ കാത്തുവച്ചിരിക്കുന്ന രുചികൾ

രാംസിങ്ങ് ഉറക്കത്തിലാണ്...ഗൗരി എഴുന്നേറ്റിട്ടുണ്ട്. പാവം ആംല, തണപ്പും
മഞ്ഞും തീവണ്ടിയുടെ കുലുക്കവും കൊണ്ട് രാത്രിയിൽ പല തവണ അവൾ
എഴുന്നേറ്റിരുന്നു,..അപ്പോളൊക്കെ ഗൗരി പാട്ടുകൾ മൂളും..ആ മധുരത്തിൽ ആംല
പിന്നെയും ഉറങ്ങും. ഇപ്പോൾ അവൾ ഗൗരിയുടെ മടിയിൽ കിടന്ന് പുറത്തോട്ടു
നോക്കുകയാണ്..അവൾക്കെന്തറിയാം..ജനിച്ച നാടുവിട്ട് എത്രയോ ദൂരം
പിന്നിട്ടത് അവളറിഞ്ഞിട്ടില്ല..ഗലിയിലെ കഷ്ടപ്പാടോ, ദാരിദ്ര്യമോ
അറിഞ്ഞിട്ടില്ല. കുട്ടികൾ ജനിക്കുന്നത് സ്വർഗത്തിലാണെന്ന് ശിവ്ജിക്ക്
തോന്നി. പിന്നീടാണ് ജീവിതം അവർക്ക് നരകത്തെ പരിചയപ്പെടുത്തുന്നത്.

അടുത്തുവന്ന കച്ചവടക്കാരനിൽ നിന്ന് അയാൾ കാപ്പി വാങ്ങി..രാംസിങ്ങിനെ
വിളിച്ചുണർത്തി...ഉറക്കത്തിൽ നിന്നും എഴുന്നേറ്റ അവൻ ചുറ്റും നോക്കി.
അമ്മയേയും അച്ഛനേയും അടുത്തുകണ്ടപ്പോൾ വീട്ടിലാണെന്നു തന്നെ അവനുതോന്നി.
കടലാസ് കപ്പിലെ കാപ്പി അയാൾ ഗൗരിക്കും, രാംസിങ്ങിനും കൊടുത്തു. ചൂടുള്ള
കാപ്പി തൊണ്ടയിലൂടെ കടന്നു പോയപ്പോൾ പുതിയ സ്ഥലത്തിന്റെ രുചി
നിറഞ്ഞു..പാനീയങ്ങൾക്ക് രുടിയുടെയും ഒരു ദൂരമുണ്ട്.

                                           രാംസിങ്ങിന്
ചൂടുപറ്റില്ല..അമ്മ അവന് ചുടുവെള്ളം കൊടുക്കുന്നതുപോലും നാലുതവണ
ആറ്റിയിട്ടാണ്..ശിവ്ജി താൻ കുടിച്ച ഗ്ളാസിൽ രാംസിങ്ങിന്റെ കാപ്പി വാങ്ങി
ആറ്റിക്കൊടുത്തു..അവൻ ഒാരോ ഇറക്കായി കുടിച്ചു തീർത്തു..

ഇനിയും എത്ര ദൂരമുണ്ടാകും?

ഗൗരി ചോദിച്ചു..

കുറെ ഉണ്ടാകും..രണ്ടര ദിവസത്തെയാത്രയല്ലേ ഉദയ് പറഞ്ഞത്.

ഇരുന്നു മടുത്തു, മേലാസകലം വേദനിക്കുന്നു...

ഗൗരിയുടെ ശബ്ദത്തിൽ ക്ഷീണത്തിന്റെയും വേദനയുടെയും അടരുകൾ..ശരിക്കും
ചെയ്തത് ക്രൂരതയാണെന്ന് ശിവ്ജിക്ക് തോന്നി. പ്രസവിച്ച് ഏതാനും മാസം
മാത്രം കഴിഞ്ഞവൾ, കൊച്ചുകുഞ്ഞ്..എന്നിട്ടും എങ്ങിനെ ഈ സാഹസത്തിന് താൻ
മുതിർന്നു? എന്ത് ധൈര്യത്തിലാണ് ഈ യാത്ര പുറപ്പെട്ടത്? എല്ലാം ഭഗവാൻ
തീരുമാനിച്ചതാണ്..

ദേഖൊ പോണി...പോണി
രാംസിങ്ങ് ഒച്ചയുണ്ടാക്കി..പുറത്തേക്ക് ചൂണ്ടി. അവിടെ ഒരു കുതിര
മേയുന്നുണ്ടായിരുന്നു. തീവണ്ടിയുടെ വേഗത്തിൽ കുതിരമാഞ്ഞുപോയി..
                             ഗലിയിൽ മേഞ്ഞുനടന്ന
കുതിരക്കുട്ടിയായിരുന്നു പോണി..കുട്ടികളോട് വലിയ ഇണക്കം..സ്വരുപ് ദായുടെ
കുതിരക്കുട്ടിയാണെങ്കിലും അത് ഗലിയിലെ എല്ലാ വീടുകൾക്ക്
മുന്നിലുമെത്തും..കുട്ടികൾ എന്തെങ്കിലുമൊക്കെ തിന്നാൻ കൊടുക്കും. വലിയ
കുട്ടികൾ രാംസിങ്ങിനെപ്പോലെയുള്ള ചെറിയ കുട്ടികളെ പോണിയുടെ മുകളിൽ
കയറ്റും. മുതുകത്ത് ആളുകയറിയാൽ പിന്നെ പോണി സവാരിക്കുതിരയുടെ ഗമയോടെ
ഗലിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കും..സ്വരൂപ് ദാ പിന്നീട്
കുതിരയെവിറ്റപ്പോൾ കുട്ടികൾക്കെല്ലാം വിഷമമായിരുന്നു.
               പുതിയ അടമസ്ഥർ കൊണ്ടുപോകാൻ വന്നപ്പോൾ പോണി പോകാൻ
കൂട്ടാക്കിയില്ല..ആളുകൾ അടിച്ചും തള്ളിയും കൊണ്ടുപോകുമ്പോൾ അതിന്റെ
കൺകോണിൽ വെള്ളത്തുള്ളികൾ ചാലിട്ട്  തുടങ്ങിയിരുന്നു. ഗലിയുടെ അങ്ങേ
അറ്റത്തെത്തിയപ്പോളും ഇപ്പുറത്ത് കൂടി നിന്ന കുട്ടികളെ അത് തിരിഞ്ഞു
നോക്കി..
         അന്ന് രാത്രി പോണിയെ വിളിച്ച് രാംസിങ്ങ് ഉറക്കത്തിൽ
കരഞ്ഞു.പിന്നെ എവിടെ ഒരു കുതിരയെക്കണ്ടാലും അവന് അത് പോണിയാണ്..
                                    വീണ്ടും ഉച്ചയായി.
വൈകുന്നേരമായി..തീവണ്ടിക്ക് വിശ്രമമില്ല..ആളുകൾ ഇറങ്ങിയും കയറിയും
കൊണ്ടിരുന്നു. ഇടക്കൊരു സ്ഥലത്ത് മറ്റൊരു തീവണ്ടിക്ക് പോകാനായി ഏറെ
നേരം നിർത്തിയിട്ടു.രാത്രിയുടെ കരിമ്പടം പുതച്ച് തീവണ്ടി മഞ്ഞിലൂടെ
ഒാടിക്കൊണ്ടിരുന്നു...ഉറങ്ങിയും എഴുന്നേറ്റും ആംലയെ മാറി മാറി എടുത്തും
രാത്രി കഴിയാറായെന്ന് തോന്നുന്നു..തീവണ്ടിയിലെ ഉറക്കം പൂച്ചയുടെ ഉറക്കം
പോലെയാണ്. അതോടുന്ന താളത്തിൽ അല്പസമയത്തെ ഉറക്കം..താളം മാറുമ്പോൾ
ഉണർച്ച..
                              സാപ്പാട്, താളി, മെധു വട, കലകി, ഫിൽറ്റർ
കോഫി,ചായ പൊങ്കൽ, തൈര് സാദം, പുളി സാദം,ഖീർ

                 വീണ്ടും വിളിച്ചുപറയുന്ന കച്ചവടക്കാർ..ആളുകൾ മാറി,
സ്ഥലം മാറി, ആഹാരങ്ങളുടെ പേരുകളും വീണ്ടും മാറുന്നു..ദൂരം പിന്നെയും
പുതിയ രുചികൾ ഉണ്ടാക്കുന്നു..

മെധു വടയും ഫിൽറ്റർ കോഫിയും എല്ലാവർക്കും വാങ്ങിക്കൊടുക്കാൻ തിരക്കിലൂടെ
ശിവ്ജി പണിപ്പെട്ടു..ഗൗരിക്കും രാംസിങ്ങിനും മെധു വട
പിടിച്ചമട്ടില്ല..രാംസിങ്ങ് മെധു വടയെ തിരിച്ചും മറിച്ചും നോക്കി..
നാടുവിടുന്നവർക്ക് ഏതു ഭക്ഷണവും കഴിക്കേണ്ടി വരുന്നു. ഏത് രുചിക്കും
പാകപ്പെടേണ്ടി വരുന്നു..അടുത്ത സ്റ്റേനിൽ നിന്ന് കയറിയവരോട് ഉദയ് തന്ന
കാർഡ് എടുത്ത് ശിവ്ജി കാണിച്ചു..ഒരു മണിക്കൂർ കൂടി ദൂരം പറഞ്ഞപ്പോൾ
ശിവ്ജിക്ക് ഇത്തിരി സമാധാനമായി. യാത്ര അവസാനിക്കാൻ പോകുന്നു. ഉദയ് പറഞ്ഞ
ജോലിയും കൂലിയും കൂടുതലുള്ള ഒരിടത്തേക്ക് തങ്ങൾ എത്തനാൻ
പോകുന്നു..ജീവിതത്തിന്റെ മറ്റൊരു രുചി അറിയാൻ പോകുന്നു..

           ഉച്ചയോടെ തീവണ്ടി പാലക്കാട് എത്തി.തിരക്കുപിടിച്ച് ഇറങ്ങുന്ന
യാത്രക്കാർ..അറിയാത്ത ഭാഷയിൽ സംസാരിച്ചും ദേഷ്യപ്പെട്ടും ചിരിച്ചും
പോകുന്നവർ, പ്ളാറ്റ്ഫോമിൽ ഗൗരിയേയും കുട്ടികളെയും ഇറക്കിനിർത്തി ശിവ്ജി
ബാഗുകൾ പുറത്തിറക്കി കൊണ്ടുവന്നു..പുറത്തിറങ്ങിയപ്പോൾ ഒാട്ടോറിക്ഷകളും
കാറുകളും നിർത്തി സവാരിക്ക് വിളിക്കുന്നു. സൈക്കിൾ റിക്ഷകളോ, അതിൽ
കൂനിയിരുന്ന് ഒാരോ യാത്രക്കാരനേയും നോക്കുന്ന റിക്ഷാവാലകളെയോ കാണാനില്ല..
   രാംസിങ്ങ് ആകെ ക്ഷീണിച്ചുപോയിരിക്കുന്നു. പനിയുള്ളപോലെ. ഗൗരി ആംലയെ
പൊതിഞ്ഞു പിടിച്ചിരിക്കുകയാണ്. പുതിയ ഭൂമി, പുതിയ ആകാശം, പുതിയ കാറ്റും
വെളിച്ചവും..ആംല അറിയുവാൻ പോവുകയാണ്.
സ്റ്റേഷന്റെ ഒഴിഞ്ഞ മൂലയിൽ നിന്ന് ശിവ്ജി ഉദയ്നെ വിളിച്ചു.അവൻ തന്ന
കാർഡിലെ നമ്പറിൽ വിളിച്ചാൽ മതിയെന്നും എല്ലാ സഹായവും കിട്ടുമെന്നും ഉദയ്
ഉറപ്പുപറഞ്ഞപ്പോഴും ശിവ്ജിക്ക് സമാധാനമായില്ല..


                        കാർഡിൽ തന്ന നമ്പർ അമർത്തി. അപ്പുറത്ത്
എടുത്തയാൾ ഹിന്ദിക്കാരനാണെന്ന് മനസ്സിലായപ്പോൾ ശിവ്ജി ആശ്വാസപ്പെട്ടു.

സ്റ്റേഷനിൽ നിന്ന് പുറത്തുകടന്ന് കോഴിക്കോട് ബസ്സിൽ കയറി മണ്ണാർക്കാട്
സ്റ്റാൻഡിൽ ഇറങ്ങാനാണ് ഫോണിൽ വിളിച്ചപ്പോൾ കിട്ടിയ മറുപടി. ആ രണ്ട്
പേരുകളും ശിവ്ജി പലതവണ ഉരുവിട്ടു..താനിപ്പോള്‍ നാട്ടിൽ നിന്നും എത്രയോ
അകലെ മറ്റൊരു സ്ഥലത്താണ്. ഉദയ് തന്ന നമ്പറുകൾ അല്ലാതെ ബന്ധപ്പെടാൻ വേറെ
ആരുമില്ല..ഭാര്യയും ചെറിയ കുട്ടികളും കൂടെ..ഭഗവാൻ എല്ലാറ്റിനും
കുടെയുണ്ടാകുമെന്ന സമാധാനത്തിൽ ശിവ്ജി ഒാട്ടോറിക്ഷകൾക്കടുത്തേക്ക്
നടന്നു. സ്റ്റേഷനിൽ നിന്നും ഇത്തിരി ദൂരം മാത്രം റിക്ഷയിൽ. അപ്പോഴേക്കും
റോഡെത്തി..

ദേഖൊ ട്രെയിൻ..രാംസിങ്ങ് കൈ ചൂണ്ടി..

അവിടെ വീതികൂടിയ റോഡിന് നടുക്കായി നിർത്തിയിട്ടിരിക്കുന്നപോലെ ഒരു
കൊച്ചു ട്രയിൻ..റോഡ് എത്തിക്കഴിഞ്ഞു. ഇനി കോഴിക്കോട്ടേക്കുള്ള ബസ്
കിട്ടണം. അവിടെ നിന്ന ഒരാൾക്ക് ശിവ്ജി അഡ്രസ് കാണിച്ചു..അയാൾ ആദ്യം
പറഞ്ഞത്..ശിവജിക്ക് മനസ്സിലായില്ല എന്ന് തോന്നിയപ്പോൾ അയാൾ ചില ഹിന്ദി
വാക്കുകൾ കൂടി കൂട്ടിച്ചേർത്ത് പിന്നെയും പറഞ്ഞു.ഇവിടെ ബസ് വരുമെന്നാണ്
പറഞ്ഞതെന്ന് ശിവ്ജിക്ക് മനസ്സിലായി. ചുകന്ന നിറമടിച്ച ഒരു ബസ് വന്നു
നിന്നു..ഗലിയിൽ നിന്നും കമ്പനിയിലേക്കുള്ള യാത്രയിൽ എന്നോ ഒരിക്കൽ
മാത്രമാണ് ശിവ്ജി ബസിൽ കയറിയിട്ടുള്ളത്. ഗൗരിയോ രാം സിങ്ങോ
കയറിയിട്ടുപോലുമില്ല.ബസിൽ കയറി സീറ്റുകൾക്ക് താഴെ ബാഗുകൾ
ഒതുക്കിവച്ചു..വഴിനീളെ വലിയ കെട്ടിടങ്ങളും കടകളും..ഗലികളില്ല..പകരം ഒാരോ
സ്ഥലവും ഒാരോ ചെറിയ പട്ടണം പോലെ. ബസ് മണ്ണാർക്കാട് എത്തിയപ്പോൾ ശിവ്ജി
വീണ്ടും അതേ നമ്പറിൽ വിളിച്ചു..അപ്പോൾ ഉയരം കുറഞ്ഞ് തന്നെപ്പോലെ
മീശവടിച്ച ഒരാൾ അവർ നിന്നിടത്തേക്ക് വന്നു..

ശിവ്ജി?  വന്നയാൾ ചോദ്യഭാവത്തിൽ നിന്നു.

ഹാം..ശിവജി..

അയാൾ തന്നെ ഏർപ്പാടാക്കിയ റിക്ഷയിൽ വിണ്ടും ഇത്തിരിനേരത്തെ യാത്ര.
അതിനിടയിൽ അയാളുടെ പേര് അൻവർ എന്നാണെന്നും നവാദാക്കാരനാണെന്നും
പറഞ്ഞപ്പോൾ ബീഹാറിലെത്തിയ പോലെ ശിവ്ജിക്ക് തോന്നി..ഇല്ല എവിടെയും ആരും
ഒറ്റപ്പെടുന്നില്ല..ഏതെെങ്കിലും ഒക്കെ കൈകൾ എപ്പോളും സഹായത്തിന് വരുന്നു.

റിക്ഷ നിന്നത് ഒരു നീളൻ കെട്ടിടത്തിന് മുന്നിലാണ്.. അവിടിവിടെയായി അലക്കി
ഉണക്കാനിട്ടിരിക്കുന്ന നിറം മങ്ങിയ തുണികൾ..ഒറ്റ നോട്ടത്തിൽ തന്നെ കുറേ
പേർ താമസിക്കുന്ന സ്ഥലമാണെന്ന് ശിവ്ജിക്ക് തോന്നി..

ഭായി ഇവിടെ റസ്റ്റ് എടുക്കൂ..യാത്ര കഴിഞ്ഞു വന്നതല്ലേ...കുട്ടികൾ കുറച്ചു
നേരം ഉറങ്ങിക്കോട്ടെ..ബാക്കിയെല്ലാം വൈകിട്ട് ബോസ് വന്നിട്ട് പറയാം..

അൻവർ മുറി തുറന്നു കൊടുത്തു. ബാഗുകൾ കയറ്റിവക്കാൻ അൻവർ
സഹായിച്ചു..മുറിയിൽ കയറി കുറച്ചു കഴിഞ്ഞപ്പോഴേക്കും നാലു കുപ്പികളിൽ
വെള്ളവുമായി അൻവർ വന്നു..


ഇട്ടിരുന്ന വസ്ത്രങ്ങൾ മാറ്റി ഗൗരി മുറിയുടെ നിലത്ത് തുണിവിരിച്ച്
ആംലയെയും രാംസിങ്ങിനേയും കിടത്തി. ഒരരുകിൽ അവളും കിടന്നു. അൻവർ കൊണ്ടു
വന്ന ഒരു കുപ്പി വെള്ളം മുഴുവൻ ഒറ്റ വലിക്ക് കുടിച്ച് വെറും നിലത്ത്
ശിവ്ജി നീണ്ടു നിവർന്ന് കിടന്നു..ഒരു യാത്രയുടെ അവസാനം..


                                                 അധ്യായം   ഏഴ്





ആ ഉറക്കം പിന്നെ എഴുന്നേറ്റപ്പോൾ നേരം വൈകുന്നേരമായിരുന്നു. ഉണർന്നപ്പോൾ
വെള്ളയടിച്ച മുറിയുടെ നാലു ചുവരുകൾ. ഗൗരി ബാഗുകൾ തുറന്ന് അത്യാവശ്യം
വേണ്ട തുണികൾ പുറത്തെടുത്ത് നിവർത്തിയിടുകയാണ്. മുറിയുടെ മൂലയിൽ
രാംസിങ്ങ് അപ്പോഴും ഉറക്കത്തിലാണ്..ആംല ഉണർന്ന് കാലുകൾ ഉയർത്തിയും
താഴ്ത്തിയും കളിക്കുന്നു..

രാംസിങ്ങ്...

ശിവ്ജി അവനെ പതുക്കെ തട്ടിവിളിച്ചു. അവൻ എഴുന്നേറ്റ് കണ്ണുതിരുമ്മി. ഗലി,
കുലുങ്ങിക്കൊണ്ടോടുന്ന തീവണ്ടിമുറി എല്ലാം അവന്റെ മനസ്സിലൂടെ
കടന്നുപോയി. കിടക്കുന്ന മുറി ഏതോ അപരിചിത ലോകം പോലെ അവന്റെ മുന്നിൽ
ചതുരവടിവിൽ കിടന്നു.

ഭായി ..അൻവർ മുറിയുടെ മുന്നിൽ വന്നു വിളിച്ചു..തുണികൾ ധൃതിപ്പെട്ട്
മാറ്റിവച്ചു..ശിവ്ജി വാതിൽ തുറന്നു..പുറത്ത് അൻവറും മറ്റൊരാളും..

ബോസ് ഇതാണ് പുതുതായി വന്ന ഫാമിലി..

ഒപ്പമുണ്ടായിരുന്ന ആൾ ശിവ്ജിയെ തറപ്പിച്ചു നോക്കി..ഒരു നോട്ടം കൊണ്ട്
ശിവ്ജിയുടെ അളവെടുത്തു..തനിക്കു വേണ്ട ഉരുവിനെത്തിരയുന്ന പോലെ.

എന്തായിരുന്നു ബീഹാറിൽ പണി..?

ഇടക്ക് ഹിന്ദി വാക്കുകളും ചേർത്ത് അയാൾ ചോദിച്ചു..

ഇരുമ്പു കമ്പനിയിലായിരുന്നു..

ഇവിടെ കോഴിഫാമിലാണ് ജോലി..ഫാമിലിയായി നിൽക്കാം..ഫാമിന്റെ മൊത്തം കാര്യം
നോക്കണം..പറ്റുമോ?

ഹാം സാബ്..
അത് പറയുമ്പോൾ ശിവ്ജി ഗൗരിയെ ഒന്നു നോക്കി..ഇരുമ്പു കമ്പനിയിൽ മാത്രം
ജോലി ചെയ്തിട്ടുള്ള താൻ...ജീവനില്ലാത്ത പാഴിരുമ്പു കഷണങ്ങളെ പെറുക്കിയും
ചൂളയിലേക്ക് ചുമന്നും പാതി ജീവിതം പിന്നിട്ട തനിക്കിനി ജീവനുള്ളവയെ
നോക്കുന്ന ജോലി..കാലത്തിന്റെ തമാശ, ഗൗരിയാകട്ടെ ഗലിയിലെ ഒറ്റമുറിയിലെ
വീട്ടുജോലി ഒഴികെ മറ്റൊന്നും എടുക്കാത്തവൾ

ഇവിടത്തെ ഒരു മുതലാളിയുടെ ഫാം ആണ്..ഫാമിൽ തന്നെയുള്ള മുറിയിൽ
താമസിക്കാം..ഒരു സ്റ്റൗവോ അടുപ്പോ കൂട്ടിയാൽ ഭക്ഷണം അവിടത്തന്നെ
ഉണ്ടാക്കാം..മാസം മാത്രം കൂലി...പിന്നെ കള്ളുകുടിച്ച് കാര്യം നോക്കാതെ
വന്നാൽ പണി പോകും..

ഹാം സാബ്..

സാധനങ്ങൾ ഫാമിന് അടുത്തുള്ള കടയിൽ നിന്ന് കടമായി വാങ്ങാം. മാസം
തികയുമ്പോൾ കൃത്യമായി കൊടുക്കണം..പിന്നെ കൂലിയൊക്കെ പിന്നെ പറയാം..പണി
നന്നായാൽ അത്യവശ്യം കൂലി കിട്ടും..എന്തൊക്കെയായാലും നിങ്ങളുടെ
നാട്ടിലെതിനെക്കാൾ കൂലി കിട്ടും..

ശിവ്ജി എല്ലാറ്റിനും തലയാട്ടി..

വീട്ടുകാരത്തിക്കും ഭായിക്കും കൂടി കൂട്ടിയാണ് കൂലി. അവരും പണിയെടുക്കേണ്ടി വരും..

അയാൾ മുറിയിലേക്ക് എത്തിപ്പാളി നോക്കി..രണ്ടു കുട്ടികളാ അല്ലേ..ഇത്ര
ചെറിയ കുട്ടിയേം വച്ച് എന്തു പണിയെടുക്കാനാ...

അയാൾ പാതിയിൽ പറഞ്ഞു നിർത്തി.. ഉം...ഒരു മാസം നിന്നു നോക്ക്..മുതലാളിക്ക്
ഇഷ്ടപ്പെട്ടാൽ പണി തുടരാം..അല്ലെങ്കിൽ പിന്നെ ഫാമിലിയായിട്ട് താമസിച്ച്
പണിയെടുക്കാൻ ഇവിടെ വേറെ പണിയില്ല..വല്ല റബര്‍ തോട്ടത്തിലും ആവാം..

ഗൗരിയേയും കുട്ടികളെയും കൊണ്ടു വരേണ്ടിയിരുന്നില്ലെന്ന് ശിവ്ജിക്ക്
തോന്നി.പ്രസവിച്ച് അധികമാകാത്ത ആംലയെയും കൊണ്ട് അവൾക്ക് മറ്റു കഠിന
ജോലിയൊന്നും ചെയ്യാനാവില്ലല്ലോ..ശിവ്ജിക്ക് ഉള്ളിൽ വിഷമം
തോന്നിയെങ്കിലും അയാൾ പുറത്തുകാണിച്ചില്ല..

അൻവർ...നാളെ രാവിലെ ഇവർക്ക് ഫാം കാണിച്ചുകൊടുക്കണം..സ്ഥലം
അറിയാമല്ലോ..ഞാൻ മുതലാളിയെ വിളിച്ചു പറയട്ടെ.. അയാൾ അന്‍വറിനോട് പറഞ്ഞു..

ഭായ് രാവിലെ വരാം..വൈകിട്ടത്തേക്ക് ഭക്ഷണം വല്ലതും ഉണ്ടോ..കുട്ടികൾക്കും
കഴിക്കണ്ടേ?

ശിവ്ജി ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞില്ല..ബോസ് ഏതാനും നോട്ടുകള്‍ അൻവറിന്
കൊടുത്തു..
ഇവർക്ക് വല്ലതും വാങ്ങിക്കൊടുക്ക്..യാത്ര കഴിഞ്ഞുവന്നതല്ലേ..പോരാത്തതിന്
കുട്ടികളും..പിന്നെ ഇയാൾക്കാണെങ്കിൽ പോയി വാങ്ങാൻ സ്ഥലം
അറിയുകയുമില്ലല്ലോ..

അൻവറും അയാളും മടങ്ങി. മുറിയിലേക്ക് തിരിച്ചുവന്നപ്പോൾ ഗൗരി
കരയുന്നു..രാംസിങ്ങ് അവളുടെ അടുത്ത് വിഷമിച്ചു നിൽക്കുന്നു..

വേണ്ടിയിരുന്നില്ല..നാട്ടിൽ തന്നെ നിന്നാൽ മതിയായിരുന്നു...ഇവിടത്തെ
എന്തുജോലിയാണ് എനിക്കറിയാവുന്നത്?

ആ ചോദ്യങ്ങൾക്ക് ശിവ്ജി മറുപടി പറഞ്ഞില്ല..മുകളിലേക്ക് നോക്കി അയാൾ
തൊഴുതു കൊണ്ടു പറഞ്ഞു..ഭഗവാൻ രക്ഷിക്കും..ജയ് ശ്രീരാം..

കുറച്ചു കഴിഞ്ഞപ്പോൾ അൻവർ വന്നു..പൊതി ശിവ്ജിക്ക് കൊടുക്കുമ്പോൾ അവൻ പറഞ്ഞു.

ഭായി ദാ ഈ കുപ്പികളിൽ വെള്ളമുണ്ട്...ചപ്പാത്തിയും കറിയുമാണ്...ഇവിടത്തെ
കറിയാണ്...ഇത് കൊണ്ട് ഒപ്പിക്കു..നാളെ സാധനങ്ങൾ വാങ്ങിയാൽ ദീദിക്ക്
ഉണ്ടാക്കാമല്ലോ..

ശിവ്ജി അത് വാങ്ങി ഗൗരിയുടെ കയ്യിൽ കൊടുത്തു..

രാവിലെ നേരത്തെ ഒരുങ്ങി ഇരിക്കണം..ആദ്യ ദിവസമല്ലേ..നേരത്തെ എത്തണം..ഭായി
പേടിക്കണ്ട..എല്ലാം ഒരാഴ്ചകൊണ്ട് പരിചയമാകും..ഞങ്ങളൊക്കെ
അങ്ങനെത്തന്നെയല്ലേ..

ശിവ്ജി തലയാട്ടി..മുറ്റത്ത് തൊടിയിലെ മരങ്ങളുടെ നിഴലുകൾ
ആടിക്കളിക്കുന്നു..ഇരുട്ട് കനച്ചുവരുന്നു.മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ
അൻവർ നടന്നുപോയി..

                       ഉള്ളിൽ ഗൗരി പൊതി അഴിച്ച് പ്ളാസ്റ്റിക് കവർ
നിലത്ത് വിരിച്ചു. കറി നിറച്ച് പ്ളാസ്റ്റിക് ഉറകെട്ടവച്ച റബർബാൻഡ്
അഴിച്ചെടുത്തു. എല്ലാരും അതിന് നാലുപുറവും ഇരുന്നു.ചപ്പാത്തികൾക്കു മീതെ
കറി ഒഴിച്ച് കഴിക്കാൻ തുടങ്ങി. രാംസിങ്ങിന് കറിയുടെ രുചി
പിടിച്ചില്ല..വിശപ്പുകാരണം അവൻ അമ്മ പൊട്ടിച്ചുതരുന്ന ഒാരോ കഷണവും
ആർത്തിയോടെ തിന്നു. എല്ലാ രുചികളും വിശപ്പിന് മുന്നിൽ ഇല്ലാതായി
മാറുന്നു..കത്തുന്ന വയറിന് രുചിയറിയാനുള്ള കഴിവില്ല..ആളുന്ന തീ കെടുത്താൻ
അന്നത്തിന് മാത്രമല്ലേ കഴിയൂ..അതിന് ഏതു നാട്ടിലും ഒരേ രുചിതന്നെ..



                     ആഹാരം കഴിഞ്ഞ് കൈ കഴുകി..കത്തുന്ന ബൾബിന് താഴെ
വന്നിരിക്കുന്ന നിശാശലഭത്തിലായിരുന്നു രാം സിങ്ങിന്റെ
കണ്ണ്..വെളിച്ചത്തോട് ചേർന്ന് അത് ചിറകുവിടർത്തി ഇരിക്കുന്നു.
ചിറകുവിരിച്ചപ്പോൾ അതിനൊരു തോണിയുടെ ആകൃതി. മഴക്കാലത്ത് ഗലിയിലെ ഒാടയിൽ
വെള്ളം നിറയുമ്പോൾ സരസ്വതി ദീദി കടലാസുകൊണ്ട്
തോണിയുണ്ടാക്കും..വെള്ളത്തിൽ ഒഴുകി നടക്കുന്ന തോണികള്‍ക്ക് പിറകേ
കുട്ടികൾ ഒാടും..കടലാസുതോണികൾ നനഞ്ഞ് ഒടുക്കം ഒാടയിൽ കുതിർന്നു
കിടക്കും..നോക്കിയിരിക്കെ എവിടെനിന്നോ ഒരു പല്ലി പാഞ്ഞുവന്നു..ശലഭത്തിന്
ഒന്നുപിടയാൽ പോലും സമയം കൊടുക്കാതെ പല്ലി ശലഭത്തെ പിടികൂടി വിഴുങ്ങാൻ
തുടങ്ങി..രാസിങ്ങിന് ശലഭത്തെ ഒാർത്ത് വിഷമം തോന്നി.


പല്ലി എന്തിനാ അച്ഛാ ശലഭത്തെ പിടിച്ചത്?

പല്ലിക്കും വിശപ്പില്ലേ  ബേട്ടാ...അതിനും ആഹാരം കഴിക്കണ്ടേ..ഭൂമിയിൽ ഒാരോ
ജീവിക്കുമുള്ള ഭക്ഷണം ഭഗവാൻ കാത്തു സൂക്ഷിച്ചിട്ടുണ്ട്..നമ്മൾ ഇപ്പോൾ
ചപ്പാത്തി കഴിച്ചില്ലേ..അതുണ്ടാക്കാനുള്ള ആട്ട എവിടെന്നു കിട്ടി?
ഗോതമ്പുചെടിയിൽ നിന്നും കിട്ടി..വെള്ളം എവിടെനിന്നു കിട്ടി? ഭൂമിയിൽ
നിന്നും കിട്ടി..അതുപോലെ പല്ലികൾക്കും മറ്റു പ്രാണികൾക്കും അവരുടെതായ
ഭക്ഷണം..

ആ ഉത്തരം മുഴുവനായും മനസ്സിലാവാതെ രാംസിങ്ങ് പിന്നെയും ശിവ്ജിക്കു നേരെ
നോക്കി..പക്ഷേ  പല്ലി ശലഭത്തെ കൊന്നില്ലേ..എത്ര ചന്തമുള്ള
ശലഭമായിരുന്നു..അത് ശരിയാണോ.?രാംസിങ്ങിന് പിന്നെയും സംശയം തോന്നി..

ആംല ഉണർന്നു കരഞ്ഞപ്പോൾ രാംസിങ്ങ് അവളുടെ അടുത്തെത്തി..ഉറക്കത്തിൽ
തിരിഞ്ഞുമറിഞ്ഞ് പുതപ്പിച്ചിരുന്ന തുണി നീങ്ങിപ്പോയി അവൾക്ക്
തണുപ്പടിച്ചിരിന്നു. അവൻ പുതപ്പ് ശരിയാക്കിയിട്ടു..

അവൾക്ക് വിശന്നിട്ടാ

ഗൗരി ആംലയെ കോരിയെടുത്ത് മുറിയുടെ മൂലയിലേക്ക് നീങ്ങി.അവളെ
മുലയൂട്ടി..വിശപ്പ് മാറിയപ്പോൾ അവൾ പിന്നെയും ഉറങ്ങാൻ തുടങ്ങി.

             ബൾബുകൾ അണച്ച് അവർ ഉറങ്ങാൻ കിടന്നു..ഇരുട്ടിനൊപ്പം
വിചിത്രമായ രീതിയിൽ ഒച്ചയുണ്ടാക്കിയിരുന്ന ചീവീടുകൾ..ക്വാർട്ടേഴ്സിന്റെ
മറുതലക്കിലെ മുറികളിൽ നിന്ന് ആരൊക്കെയോ ഉറക്കെ സംസാരിച്ചു ചിരിക്കുന്ന
ശബ്ദം. ഈ കെട്ടിടത്തിൽ തങ്ങളെപ്പോലെ ഒട്ടേറെപ്പേർ ഉണ്ടായിരിക്കണം.
എല്ലാവരും അന്യനാട്ടുകാർ. ജോലി തേടി ഇവിടെ എത്തിയവർ. എല്ലാവരെയും
ഇവിടെയെത്തിച്ചത് വിശപ്പാണ്. ഭൂമിയുടെ ഏതു പ്രദേശത്തും ഇപ്പോഴും എത്ര
പേർ.ഒരു നേരത്തെ ആഹാരത്തിന് കഷ്ടപ്പെടുന്നു. അവരുടെ
പെടാപ്പാടുകൾ..മാറിയുടുക്കാൻ നല്ല തുണികളില്ലാതെ..കേറി്ക്കിടക്കാൻ
നല്ലൊരു വീടില്ലാതെ..നാളെയെക്കുറിച്ച് വലിയ വലിയ പ്രതീക്ഷകളില്ലാതെ
ജീവിക്കുന്നവർ. അതിനിടയിൽ മഴ, വെള്ളപ്പൊക്കം, രോഗങ്ങൾ എല്ലാം
ജീവിതത്തിന്റെ വഴിയിലെ തടസ്സങ്ങൾ. ഇതിനെയെല്ലാം തഞ്ചത്തിൽ മറികടന്നും,
ചിലപ്പോൾ പരാജയപ്പെട്ടും ഒാരോ ദിവസവും ഉദിച്ച് അസ്തമിക്കുന്നു..
ഇതിനിടയിലുള്ള കുട്ടികളുടെ ജീവിതം പെടാപ്പാടാണ്..നല്ല ആഹാരമില്ലാതെ,
വൃത്തിയുള്ള വസ്ത്രമോ, വീടോ ഇല്ലാതെ ജീവിക്കുന്ന ഗലിയിലെ കുട്ടികൾ.
ജമീന്ദാർമാരുടെ കുട്ടികൾക്ക് എത്ര സുഖമാണ്..നല്ല വസ്ത്രമിട്ട്, നല്ല
ആഹാരം കഴിച്ച് സ്കൂളുകളിൽ പോകാം..പഠിച്ച് വലിയ വലിയ ജോലികൾ നേടാം...പലതും
ആലോചിച്ച് ശിവ്ജിക്ക് ഉറക്കം വന്നില്ല
                                 കഴിഞ്ഞ വേനലിന് ചൂട്
എല്ലാക്കാലത്തേക്കാളും കൂടുതലായിരുന്നു..ജോലിക്കു പോകുന്നവർ വെയിലിൽ
കരിഞ്ഞു. എത്ര വെള്ളം കുടിച്ചാലും തീരാത്ത ദാഹത്തിന്റെ നാളുകൾ..പൊതുവേ
ശോഷിച്ചവർ ഒന്നുകൂടി ശോഷിച്ചു.കുട്ടികളെയാണ് ചൂട് ഏറ്റവും കൂടുതൽ
ബാധിച്ചത്..തെക്കൻ ബീഹാറിൽ മുസഫർ നഗറിൽ എത്ര കുട്ടികളാണ്
മരിച്ചുപോയത്.കടുത്ത വിറച്ചുള്ള പനിയായിരുന്നെത്രേ എല്ലാവർക്കും..പിന്നെ
ബോധമില്ലാതെ പിച്ചും പേയും പറഞ്ഞ് ദിവസങ്ങൾ..ആശുപത്രികൾ
കുട്ടികളെക്കൊണ്ട് നിറഞ്ഞു..ഗലികളിലും ഉൾഗ്രാമങ്ങളിലും താമസിക്കുന്ന
തൊഴിലാളികളുടെ കുട്ടികായിരുന്നു ഏറെയും,,ചികിത്സിക്കാൻ, മരുന്നു വാങ്ങാൻ
പോലും പണമില്ലാതെ നിറംകെട്ട ജീവിതങ്ങൾ ആശുപത്രി വരാന്തകളിൽ
കൂനിക്കൂടിയിരുന്നു. ഇരുമ്പുകമ്പനിയിലെ ജോലിയുടെ ഇടവേളകളിൽ
കൂടിയിരിക്കുമ്പോൾ ഈ ആധി എല്ലാവരും പങ്കിട്ടിരുന്നു..അതിൽപ്പിന്നെ പലരും
കുട്ടികളെ പുറത്തുവിട്ടില്ല..സ്കൂളുകളിൽ പഠിക്കാൻ പോകുന്നതും പോലും
വിലക്കി..മഴയായാലും, മഞ്ഞായാലും, വെയിലായാലും പെട്ടുപോകുന്നത്
പാവപ്പെട്ടവരാണ് എന്നും..എല്ലാറ്റിനോടും മല്ലടിച്ച് ക്ഷീണിച്ചു
പോകുന്നവർ.

ഉറങ്ങുന്നില്ലേ? ഗൗരി ചോദിച്ചു..

ഉറക്കം വരുന്നില്ല..ശിവ്ജി പറഞ്ഞു..
നാളെ ഇനി ഈ താവളവും വിടാൻ പോകുന്നു. അല്ലേ? ഇനി മറ്റൊരിടം..
എത്ര ഇടത്താവളങ്ങൾ കഴിഞ്ഞാണ് സ്ഥിരമായി തങ്ങാനുള്ള ഒരിടം കിട്ടുക?

ഗൗരി ചോദിച്ചതിന് അയാൾക്കുത്തരമുണ്ടായിരുന്നില്ല.ഇരുട്ടിലേക്ക്
നോക്കിക്കിടന്ന് എപ്പോളോ അവർ ഉറങ്ങിപ്പോയി. പുറത്ത് മഴ
ചാറുന്നു.തകരഷീറ്റുകളിൽ അത് ഏതോ താളം പിടിക്കുന്നുണ്ടായിരുന്നു.
                                    പിറ്റേന്ന് രാവിലെ ഗൗരിയും
ശിവ്ജിയും നേരത്തെ ഉണർന്നു. ക്വാർട്ടേഴ്സിന് സമീപം കിണറുണ്ട്. അതിൽ
നിന്നും വെള്ളം കോരി ശിവ്ജി കുളിച്ചെന്നു വരുത്തി..മറ്റാരും
ഉണർന്നിരുന്നില്ല. വെളിച്ചം വീഴുന്നതേയുള്ളൂ..അടുത്തെവിടെയോ നിന്ന്
ബാങ്കു വിളി കേൾക്കുന്നുണ്ട്..ഇരുമ്പു കമ്പനിയുടെ തൊട്ട് ഒരു മസ്ജിദ്
ഉണ്ടായിരുന്നു..പണിക്കാർ സമയം കണക്കാക്കിയിരുന്നത് ബാങ്കുവിളി
കേട്ടിട്ടായിരുന്നു. അടുത്തുനിന്നു തന്നെ മൈക്കിൽ പാട്ടു
കേൾക്കുന്നുണ്ട്..വല്ലാത്ത സാന്ത്വനമുള്ള ഒരീണത്തിൽ..ഏതെങ്കിലും മന്ദിറിൽ
നിന്നാകുമെന്ന് ശിവ്ജി ഊഹിച്ചു. ദൈവങ്ങൾ എല്ലായിടത്തും ഉണ്ടാകും..പല
പേരിൽ, പല രൂപത്തിൽ ഒാരോ മനുഷ്യർക്കു മുമ്പിലും..

                                                  തങ്ങൾക്കു മുമ്പേ
ഉണർന്ന കാക്കകളുടെ ഒറ്റപ്പെട്ട കരച്ചിലുകൾ..കാക്കകൾ എല്ലാറ്റിനും നേരത്തെ
ഉണരുന്നു. അന്നാന്നത്തെ ഭക്ഷണത്തിനായി ദിക്കു തെണ്ടുന്നു..എന്തു ഭക്ഷണവും
കഴിക്കുന്നു..കഷ്ടപ്പെടുന്ന മനുഷ്യരെപ്പോലെത്തന്നെ..
                             കെട്ടിടത്തിന്റെ പുറത്തുള്ള
കുളിമുറിയിൽപ്പോയി ഗൗരിയും കുളിച്ചു വന്നു.  വെള്ളത്തിന് വല്ലാത്ത
തണുപ്പ്..ഗലിയിലെ പൈപ്പുവെള്ളിന് ഇതിനേക്കാൾ
തണുപ്പിണ്ടായിരുന്നില്ലേ?..പുറമ്പോക്കിൽ താമസിക്കുന്ന കുടുംബങ്ങളിലെ
സ്ത്രീകളും പണിക്കു പോകാറുള്ളതാണ് പൊതുവെ. രാംസിങ്ങ് പക്ഷേ ഗൗരിയെ
പണിക്കുവിട്ടിരുന്നില്ല. ഗലികളിൽ നിന്ന് പിഞ്ചുകുട്ടികളെയും കൂട്ടി
അതിരാവിലെ പാടങ്ങളിൽ പണിക്കുപോകുന്ന  സ്ത്രീകളുണ്ട്. തുണിമില്ലുകളിൽ
പോകുന്നവരുമുണ്ട്..
                 മുറിയിലെത്തി ശിവ്ജി തലേന്ന് കൊണ്ടുവന്ന ചപ്പാത്തി
ബാക്കിയുണ്ടായിരുന്നത് പൊട്ടിച്ചു തിന്നു.കുപ്പിയിൽ നിന്നും വെള്ളം
കുടിച്ചു. രാംസിങ്ങിനെ ഉണർത്തി. അവനെ മുറിയുടെ പുറത്തുകൊണ്ടു വന്ന്
ചുറ്റും കാണിച്ചുകൊടുത്തു..കെട്ടിടത്തിനപ്പുറം പച്ചപിടിച്ചു നിൽക്കുന്ന
മരങ്ങൾ..മരത്തിൽ നിന്ന് തലകീഴായി ഇറങ്ങിവരുന്ന അണ്ണാൻ. തൊടിയിലെ ചുകന്ന
പൂക്കൾ. അതിൽ വന്നിരിക്കുന്ന ചെറിയ മഞ്ഞക്കിളികൾ, പൂക്കളെ വട്ടമിട്ടു
പറക്കുന്ന പൂമ്പാറ്റകൾ..അവന് രസം തോന്നി..ഗലിയുടെ
അഴുക്കുനിറഞ്ഞ വരണ്ട കാഴ്ചകൾ മാത്രം കണ്ടുശീലിച്ച അവന് വലിയ കൗതുകമായിരുന്നു.

                               കുറച്ചു കഴിഞ്ഞപ്പോൾ അൻവർ വന്നു. ബാഗുകൾ
എല്ലാം എടുത്ത് അവർ അൻവറിന്റെ കൂടെ നടന്നു.  വഴിയിലൊക്കെ ചെറുതും
വലുതുമായ വീടുകൾ. ഇടക്കിടെ കടന്നുപോകുന്ന ബൈക്കുകൾ..ആംലയെ
എടുത്തിരുന്നതിനാൽ പതുക്കെ നടന്നിരുന്ന ഗൗരിക്ക് ഒപ്പം രാംസിങ്ങും
നടന്നു. രാവിലെത്തന്നെ കുളിച്ചതിനാൽ അവന് നല്ല കുളിര് തോന്നിയിരുന്നു.
ചെരിപ്പില്ലാതെ നനഞ്ഞ മണ്ണിൽ ചവിട്ടി നടക്കുമ്പോൾ മഞ്ഞിന്റെ തണുപ്പ്
കാലുകളിലൂടെ അരിച്ചു കയറി. നടത്തം അവസാനിച്ചത് ഒരു ചെറിയ
കവലയിലാണ്..അവിടെ നിർത്തിയിട്ടിരുന്ന ഒാട്ടോറിക്ഷയിൽ കയറി പിന്നെയും
യാത്ര. പിറകിൽ തിരക്കായപ്പോൾ രാംസിങ്ങിനെ ഡ്രൈവറുടെ സീറ്റിന്റെ
അരുകിലായിരുന്നു ഇരുത്തിയത്. ഡ്രൈവർ വണ്ടി ഒാടിക്കുന്നതും മുന്നിൽ
കാഴ്ചകൾ മാറിമാറി വരുന്നതും കണ്ട് അവൻ ഇരുന്നു. പലനിറമടിച്ച
വീടുകൾ.പലതിന്റെയും മുന്നിൽ പൂച്ചടികൾ.
           വണ്ടിപോയി നിന്നത് ഒരു റബർതോട്ടത്തിന്റെ ഉള്ളിലാണ്..
തോട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് വരെ ടാറിട്ടറോഡ്. ഇരു വശത്തും
വീടുകൾ. തോട്ടത്തിൽ പ്ളാസ്റ്റിക് ഉറകൾ ഉടുപ്പിട്ട പോലെ ധിരിച്ചു
നില്ക്കുന്ന മരങ്ങളെക്കാണുമ്പോൾ ഗലികളിൽ മുട്ടൊപ്പെമെത്തുന്ന
ട്രൗസറുകളും ഇട്ട് നടക്കുന്ന റിക്ഷാവാലാകളെപ്പോലെ..

              വലിയ കാലുകളിൽ ഉയർത്തിനിർമ്മിച്ച ഷെഡുകൾ. അടുത്ത
കാലത്തൊന്നും ആരും പെരുമാറാത്ത ഇടം പോലെ. ഷെഡുകളുടെ മുറ്റത്ത് കരിയിലകൾ
വന്നു നിറഞ്ഞ് കിടക്കുന്നു. തൊടിയിൽ നിന്നും പുല്ലുകൾ വളർന്നു നീണ്ട്
ഷെഡുകളുടെ സമീപം വരെ എത്തിത്തൊടുന്നു. മൂക്കു തറക്കുന്ന
ദുർഗന്ധം..മഴക്കാലത്തെ ഗലിയുടെ ഒാടച്ചാലുകളെ ഒാർമ്മിപ്പിച്ചു.
ഷെഡിന്റെ വശങ്ങളിൽ ഉറപ്പിച്ച ഇരുമ്പു വല. തറയിൽ പരത്തിയിട്ട മരപ്പൊടി,
ഇടക്കിടക്ക് വെള്ളം നിറച്ച പാത്രങ്ങൾ തീറ്റ നിറച്ച ചെറിയ തൊട്ടികൾ..

ഇതാണ് ഫാം..
നേരത്തെ പ്രവർത്തിച്ചിരുന്നതാണ്. നോക്കിനടത്തിയിരുന്ന
ജോലിക്കാര്‍ പോയപ്പോൾ  നിർത്തിവച്ചതാണ്..ഇപ്പോൾ ശിവ്ജി എത്തിയപ്പോളാണ്
പിന്നെയും തുടങ്ങുന്നത്.

അന്‍വർ പറഞ്ഞുതുടങ്ങി

അതിന് ഇവിടെ കോഴികളൊന്നും ഇല്ലല്ലോ..
രാംസിങ്ങ് ശിവ്ജിയോട്  ചോദിച്ചു..

ചോട്ടൂ..കോഴികളൊക്കെ ഈ ആഴ്ച വരും...നീ നോക്കണം അവയെ..

രാംസിങ്ങിന് സന്തോഷമായി,,ഈ ഫാം നിറയെ കോഴികൾ വന്നു നിറയുന്നതും
അവക്കിടയിൽ താൻ. കാതുകൾ നിറയെ കോഴികളുടെ ഒച്ചകൾ..

ദാ ഇതാണ് നിങ്ങൾക്ക് താമസിക്കാനുള്ള മുറി..

ഫാമിൽ നിന്നും തൊട്ടുമാറിയുള്ള കെട്ടിടം..മുമ്പാരൊക്കെയോ
താമസിച്ചതിന്റെ ബാക്കിപത്രങ്ങളായി പൊട്ടിയ ചെരിപ്പുകൾ..വലിച്ചുകെട്ടിയ
അയക്കയറിൽ മലയും വെയിലുമേറ്റ് പൊടിഞ്ഞ് തൂങ്ങിക്കിടക്കുന്ന
വസ്ത്രങ്ങൾ..മുറ്റം നിറയെ ഗുഡ്കയുടെ ഒഴിഞ്ഞ പാക്കറ്റുകൾ..

മുമ്പുണ്ടായിരുന്നത് വേറൊരു ഭായി ആയിരുന്നു..അയാൾ ഒറ്റക്ക് ആയിരുന്നു.
കള്ളുകുടിച്ച് നടന്ന് ഫാം നോക്കാതായപ്പോൾ മുതലാളി
ഇറക്കിവിട്ടു..കുടുംബമായി താമസിക്കുന്ന ഒരാളെക്കിട്ടാൻ
നിൽക്കുകയായിരുന്നു മുതലാളി.. അപ്പോഴാണ് നിങ്ങൾ വരുന്നത്.കുറച്ചു കഴിഞ്ഞ്
മുതലാളി വരും കാര്യങ്ങൾ ഒക്കെ പറഞ്ഞു തരും...അപ്പോഴേക്കും നിങ്ങൾ
മുറിയൊക്കെ തുറന്ന് ഒന്നു ശരിയാക്കിയെടുക്കൂ..

 അൻവർ മുറിയുടെ താക്കോൽ ശിവ്ജിക്ക് കൊടുത്തു..

ഭായി ഇനിയൊക്കെ മുതലാളി പറഞ്ഞുതരും..ഞാൻ ഒപ്പം വരാം..

അൻവർ യാത്ര പറഞ്ഞിറങ്ങി..വാതിൽ തുറന്ന് ഉള്ളിൽ കയറി . ഉള്ളിൽ നിറയെ
പൊടിയും മാറാലയും.

നിങ്ങൾ ആംലയെ എടുക്കൂ...രാംസിങ്ങും പുറത്ത് നിന്നാൽ മതി..ഞാൻ എല്ലാം
ഒന്നു ശരിയാക്കട്ടെ..ഗൗരി പറഞ്ഞു

                   മുറിയുടെ മൂലയിൽ കിടന്ന ചൂലെടുത്ത് ഗൗരി ചിലന്തി വലകൾ
തട്ടിത്തുടങ്ങി. അത്യാവശ്യം സൗകര്യമുണ്ട്. മുറിയും അതിനോട് ചേർന്ന്
അടുക്കളയും..അടുത്തൊന്നും കത്തിക്കാത്ത കല്ലടുപ്പ്. കെട്ടിടത്തോട്
ചേർന്നു തന്നെ കുളിമുറി. കറന്റ് ഉള്ളതുകൊണ്ട് വെളിച്ചത്തിന്
പേടിക്കാനില്ല. ഗലിയിലെ അറപോലെയുള്ള വീട് വച്ചു നോക്കുമ്പോൾ വലിയ
സൗകര്യം..തൊട്ടടുത്തു തന്നെ കിണറുണ്ട്.പൈപ്പുകളിലും വെള്ളമുണ്ട്..എല്ലാം
ഒന്ന് ശരിയാക്കിയെടുത്താൽ താമസിക്കാൻ കൊള്ളാമെന്ന് ഗൗരിക്ക്
തോന്നി.പൊടി അടിച്ചുവാരിയശേഷം അവൾ ഉള്ളിൽ നിന്നും ഒരു ബക്കറ്റ് എടുത്ത്
പുറത്തുവന്നു.പൈപ്പിൽ നിന്നും വെള്ളമെടുത്ത് നിലം തുടച്ചെടുക്കാൻ
തുടങ്ങി.



പുറത്ത് ശിവ്ജി ആംല യെ കൊഞ്ചിച്ചു നടക്കുകയാണ്, രാം സിങ്ങ് പിറകേയും ,, '
മുറ്റത്തിന്റെ കോണിൽ വിരിഞ്ഞു നിൽക്കുന്ന കൃഷ്ണകിരീടം, അതിലെ തേൻ
കുടിക്കാൻ എത്തിയ കുപ്പിൽ ചുവന്ന പുള്ളികളുള്ള പൂമ്പാറ്റകൾ, നിലത്തു
നിന്ന് അധികം ഉയരമില്ലെങ്കിലും ചിരിച്ചു കൊണ്ടു നിൽക്കുന്ന മുക്കുറ്റി,
പാറി നടക്കുന്ന തുമ്പികൾ, പപ്പായ മരത്തിലിരുന്ന് കായ് കൊത്തിത്തിന്നുന്ന
മഞ്ഞക്കിളി,, അവന് കാഴ്ചകൾ ഒരു പാടായിരുന്നു,, കൃഷ്ണകിരീടത്തിൽ നിന്നും
പറിച്ചെടുത്ത പൂ കൊണ്ട് അവൻ ആംലയുടെ കവിളിൽ ഉരസി, ഇക്കിളിയായവണ്ണം അവൾ
ചിരിച്ചു,, ഗലിയിൽ എങ്ങിനെയോ മുളച്ച ഒരു സൂര്യകാന്തിച്ചെടി
വളർന്നിരുന്നതിന് കുട്ടികൾ എന്നും വെള്ളമൊഴിക്കുമായിരുന്നു,,, അത് പൂത്ത്
ആംലയുടെ മുഖം പോലെ ഒരു പൂവുണ്ടായി,, രാവിലെ കിഴക്കോട്ടും വൈകിട്ട്
പടിഞ്ഞാറേക്കും സൂര്യനെ നോക്കി ചിരിച്ച് തല തിരിക്കും,,

ദേഖൊ മോർ,,,

രാം സിങ്ങ് തൊടിയിലേക്ക് ചൂണ്ടി ശിവ്ജിയോട് പറഞ്ഞു,, കെട്ടിടത്തിന്റെ
മുകളിൽ നീണ്ട പീലി ഉണക്കാനിട്ട പോലെയിരിക്കുന്ന മയിൽ,,, ആളുകളെ കണ്ടപ്പോൾ
അത് ശബ്ദമുണ്ടാക്കി തൊടിയിലേക്ക് പാറിപ്പോയി. മുറ്റത്തിന്റെ കോണിൽ വീണു
കിടക്കുന്ന കുഞ്ഞു പീലി.അതിൽ മഴവില്ലിലെ ഏഴു നിറങ്ങൾക്ക് നടുവിൽ ആംലയുടെ
കണ്ണുകൾ പോലെയുള്ള പീലിക്കണ്ണ്. അരുമയോടെ രാം സിങ്ങ് അതിൽ ഉമ്മവച്ചു
കുറച്ചു കഴിഞ്ഞപ്പോൾ തോട്ടത്തിലേക്ക് ഒരു കാർ കയറിവന്നു..ഫാമിനടുത്ത് കാർ
നിർത്തി ഒരാൾ ഇറങ്ങി വന്നു. വെളുത്ത ഷർട്ടും മുണ്ടും ധരിച്ച് അല്പം
കഷണ്ടിയുമായി തടിച്ച ഒരാൾ...അയാൾ വീടിനടുത്തേക്ക് വരുന്നത് കണ്ടപ്പോൾ
ശിവ്ജി ആംലയെ ഗൗരിയെ ഏൽപ്പിക്കാൻ അകത്തേക്ക് പോയി.രാംസിങ്ങ് മുറിയുടെ
ഉള്ളിലേക്ക് നീങ്ങിനിന്നു..

ശിവ്ജി പുറത്തിറങ്ങി മുറ്റത്ത് നിന്നു..വന്നയാളുടെ ലക്ഷണം കണ്ടിട്ട് അൻവർ
പറഞ്ഞ സേഠ് ആയിരിക്കണം..കണ്ടാലറിയാം..എവിടെയും മുതലാളിമാർക്ക് ഒരേ മുഖഛായ
ആയിരിക്കുമല്ലോ..പാവപ്പെട്ടവന്റെ ദുഖം അറിയാത്തവരാണ് മിക്ക
മുതലാളികളും..ചന്തയിൽ ശിവ്ജി കണ്ടിട്ടുണ്ട്. ഒരു നേരത്തെ ആഹാരത്തിന്
വേണ്ടി റിക്ഷ ചവിട്ടുന്ന റിക്ഷാക്കാരോട് കൂലിക്ക് തർക്കിക്കുന്ന
സേഠ്മാരെ..പച്ചക്കറി വിൽക്കുന്ന ഗ്രാമീണ കർഷകനോട് വിലപേശി മാത്രം സാധനം
വാങ്ങുന്ന സേഠ്മാരെ..

ഭായി..തും ഖുശീ ഹെ?

പതിഞ്ഞ ശബ്ദം..തെളിഞ്ഞ ഭാഷ

ഹാം സാബ്

അൻവർ പറഞ്ഞിരുന്നു നിങ്ങൾ എത്തിയെന്ന്..ഇത് എന്റെ ഫാം ആണ്. നേരെത്തെ
രണ്ടുഷെഡിലും കോഴികളുണ്ടായിരുന്നു..അപ്പോൾ പണിക്കുണ്ടായിരുന്നത്
നിങ്ങളെപ്പോലെ മറ്റൊരു ഭായി, മൂപ്പർക്ക് പുകയില ചവക്കലും കള്ളുകുടിയും
മാത്രം..അയാളെ പറഞ്ഞുവിട്ടപ്പോൾ തൽക്കാലം നിർത്തിയതാണ്...നിങ്ങൾ
കുടുംബമായി നിന്നു ഫാം നോക്കാം എന്ന് പറഞ്ഞതുകൊണ്ട് മാത്രം പണിക്ക്
നിർത്തിയതാണ്..നേരത്തെ ഫാമിൽ ജോലി ചെയ്തിട്ടുണ്ടോ?

നഹി സാബ്..ആദ്യമാണ്..

ഒാ ഫാം ജോലി പരിചയമില്ല അല്ലേ..ജീവനുള്ളവയെ വളർത്തി തടിപ്പിച്ച്
തൂക്കത്തിന് വിൽക്കുന്ന ഏർപ്പാടാണ്. തീറ്റയും മരുന്നും വെള്ളവും തെറ്റാതെ
ചെയ്യണം..പിഴച്ചാൽ കോഴിക്ക് തൂക്കമുണ്ടാവില്ല..നഷ്ടം വരും..പിടിക്കാനുന്ന
സമയത്തിന് മുമ്പു തന്നെ വളർത്തി തൂക്കം വയ്പിക്കുന്നവനാണ് നല്ല
പണിക്കാരൻ..

ശിവ്ജി കേട്ടുനിന്നു..

എന്തായാലും വന്നതല്ലേ..കോഴി ഇറക്കിത്തരാം..ഈ ആഴ്ച തന്നെ..നോക്കി നടത്തണം.
കൂലിയൊക്കെ അപ്പോൾ പറയാം..ആദ്യം ഫാം ഒന്നു വൃത്തിയാക്കി എടുക്കണം. ഈ
കാടും പടലുമൊക്കെ ഒന്നു നീക്കണം..അൻവർ വരും ..ആയുധങ്ങളെല്ലാം
കൊണ്ടുവന്നു തരും..പിന്നെ നിങ്ങൾക്കിവിടെ സുഖമായി താമസിക്കാം..ഒരു
ശല്യവുമില്ല..ചുറ്റും വീടുകളുണ്ട്..അപ്പുറത്ത് കടയുണ്ട്...ചില്ലറ പണം
വേണമെങ്കിൽ തരാം..കുടുംബമായി ഇരിക്കുന്നതല്ലേ,,വല്ല ആവശ്യത്തിനും..

ശിവ്ജി വേണമെന്നോ..വേണ്ടായെന്നോ പറഞ്ഞില്ല..

ഇതാ ഇത് വച്ചോളൂ..കൂലിയുടെ അഡ്വാൻസ് ആയി കൂട്ടിയാൽ മതി..ഞാൻ പറ്റ് എഴുതിവക്കാം..

ശിവ്ജി ആ നോട്ടുകളെ ഭക്തിപൂർവം നോക്കി. അയാളുടെ കയ്യിൽ നിന്നും അത്
വാങ്ങുമ്പോൾ ശിവ്ജിയുടെ കൈ വിറച്ചിരുന്നു. ഇരുമ്പു കമ്പനിയിൽ നിന്നും
ഒരാഴ്ച പണിയെടുത്താൽ പോലും കിട്ടാത്ത തുക..ശിവ്ജി പണം വാങ്ങി രണ്ടു
കണ്ണിലും ചേർത്തു..

സേഠ്..താങ്കൾ വലിയവനാണ്..ഞാൻ എന്നും താങ്കളോട് കടപ്പെട്ടിരിക്കും..ശിവ്ജി
അയാളുടെ കാൽ തൊട്ടു വന്ദിക്കാനൊരുങ്ങി..

ഏയ് അതൊന്നും വേണ്ട..ഇത് നിങ്ങൾക്ക് വെറുതെ തരുന്നതല്ല..കൂലിയിലിത്തിരി
മുൻകൂർ തന്നു എന്നു മാത്രം..കള്ളുകുടിക്കുന്ന സ്വഭാവം ഉണ്ടെങ്കിൽ ഇന്നേ
നിർത്തിക്കോളണം..അങ്ങിനെ കണ്ടാൽ കുടുംബം ഉണ്ടോ എന്നൊന്നും ഞാൻ
നോക്കില്ല..അന്നിറങ്ങേണ്ടി വരും ഇവിടെന്ന്..

അയാൾ വീടിന്റെ ഉള്ളിലേക്ക് കയറി..വാതിലിന് മറവിൽ നിന്ന ഗൗരിയും
രാംസിങ്ങും ഇത്തിരി മാറി നിന്നു..

രണ്ടു കുട്ടികളാണല്ലേ..മോന്റെ പേരെന്താ...

ബേട്ടാ..സേഠിന് പേര് പറഞ്ഞുകൊടുക്കൂ..ശിവ്ജി രാംസിങ്ങിനോട് പറഞ്ഞു..

അവൻ പേടിച്ചുകൊണ്ട് പേരു പറഞ്ഞു..

സേഠ് ഗൗരിക്ക് നേരെ തിരിഞ്ഞു..

നിങ്ങൾക്കും ഭായിയെ സഹായിക്കാം...വെള്ളം കൊടുക്കാനും തീറ്റ
കൊടുക്കാനുമൊക്കെ..രണ്ടാൾക്കും കൂടി ചേർത്താണ് കൂലി

ഹാം സാബ്..,,അവൾ എങ്ങിനെയോ പറഞ്ഞൊപ്പിച്ചു..

വേണ്ട സാധനങ്ങൾ ഭക്ഷണത്തിനുള്ളത് കടയിൽ പറഞ്ഞുവാങ്ങിക്കോളൂ..ഞാൻ പറഞ്ഞു
വക്കാം...അപ്പോൾ എല്ലാം പറഞ്ഞ പോലെ നാളെയോ മറ്റന്നാളോ കോഴിക്കുഞ്ഞുങ്ങളെ
ഇറക്കാം..എല്ലാം ഭായിയെ വിശ്വസിച്ചാണ്...പണം വെറുതെ ഉണ്ടാവില്ല..ഞാൻ
മരുഭൂമിയിൽ കിടന്ന് ചോര നീരാക്കി ഉണ്ടാക്കിയതാ..വെറുതെ കളയാനാവില്ല..

ഠീക് ഹെ സേഠ്


അയാൾ കാർ ഒാടിച്ച് പോയപ്പോളാണ് എല്ലാർക്കും ശ്വാസം നേരെ വീണത്..വിചാരിച്ച
പോലെയെല്ല..ഇരുമ്പുകമ്പനിയിലെ മാനേജറെ ആണ് ഒാർമ വരുന്നത്..ഒരു പക്ഷേ
തനിക്ക് അയാൾ അല്പം സാവകാശം തന്നിരുന്നെങ്കിൽ ഈ യാത്ര
ഉണ്ടാകുമായിരുന്നില്ല..സേഠ് എന്തായാലും അത്തരക്കാരനല്ല..അതാണ് സമാധാനം..

                           ഉച്ചയായപ്പോൾ അൻവർ പണിയായുധങ്ങൾ
കൊണ്ടുവന്നു.കയ്കോട്ടും തൂമ്പയുമൊക്കെ.എന്താണ് ചെയ്യേണ്ടത് എന്ന്
കാണിച്ചു തന്നതോടെ ശിവ്ജിക്ക് അല്പം സമാധാനമായി. ആദ്യം ഫാമിനടുത്തേക്ക്
വളർന്നു കയറിയ പുല്ല് വേരൊടെ ചെത്തിക്കോരണം..പിന്നെ ഫാം വൃത്തിയാക്കണം.
തീറ്റയിടാനും വെള്ളം നിറക്കാനുമുള്ള തൊട്ടികൾ കഴുകി വൃത്തിയാക്കണം.


ഭായി എന്റെ കൂടെ വരൂ..കടയിൽ നിന്ന് എന്തൊക്കെ വേണമെന്ന് ദീദിയോട്
ചോദിക്കൂ..ഞാൻ കടക്കാരനെ പരിചയപ്പെടുത്തി തരാം..എന്നാൽ നിങ്ങൾക്ക്
ഉച്ചക്ക് ഭക്ഷണം ഉണ്ടാക്കാമല്ലോ..

അൻവർ ഭായ് ..നമ്മുടെ സേഠിന്റെ പേര്?

മുഹമ്മദ്..

ശിവ്ജി ആ പേര് പലതവണ ഉരുവിട്ടു. എവിടെയോ കേട്ടുമറന്ന പേരുപോലെ..
           അൻവറിന്റെ കൂടെ കടയിൽ പോയി ശിവ്ജി സാധനങ്ങൾ വാങ്ങി വന്നു.
അത്യാവശ്യം ആട്ട, ഉരുളക്കിഴങ്ങ്, പൊടികൾ, പഞ്ചസാര, തീപ്പെട്ടി ഒക്കെ
വാങ്ങിച്ചു. അടുക്കളയിൽ ഇത്തിരി വിറകുണ്ടായിരുന്നു. നേരത്തെ
ആൾത്താമസമുണ്ടായിരുന്ന സ്ഥലമായതിനാൽ പാത്രങ്ങളും കുറെയൊക്കെ
ഉണ്ടായിരുന്നു.
       അൻവർ പോയതോടെ ശിവ്ജി പണി തുടങ്ങി. കയ്കോട്ടും തൂമ്പയുമൊന്നും
ആദ്യം വഴങ്ങാന്‍ കൂട്ടാക്കിയില്ല. കുറെ നേരം ജോലി ചെയ്തപ്പോൾ ഉള്ളംകൈ
വേദനിക്കാൻ തുടങ്ങി. ഭാരിച്ച പാഴിരുമ്പുകൾ ചുമക്കുന്നതിലും എളുപ്പമായി
അയാൾക്ക് തോന്നി. ഒരു ഷെഡിന്റെ ചുറ്റും വൃത്തിയാക്കിയപ്പോഴേക്കും
രാംസി്ങ്ങ് ഒരു കുപ്പിയിൽ വെള്ളവുമായി എത്തി.. ശിവ്ജിക്ക്
രാംസിങ്ങിനെക്കുറിച്ച് അഭിമാനം തോന്നി.തന്റെ മകൻ തന്നെ സഹായിക്കാൻ
തുടങ്ങിയിരിക്കുന്നു..അയാൾ വെള്ളം വാങ്ങി പകുതിയോളം കുടിച്ചുതീർത്തു.
നല്ല ദാഹമുണ്ടായിരുന്നു. ഉച്ചക്ക് ഗൗരി ഉണ്ടാക്കിയ ചപ്പാത്തിയും കറിയും
അയാൾ സ്വാദോടെ തിന്നു. ഗലിയിൽ നിന്നും പോന്ന ശേഷം പിന്നെ ഇന്നാണ് അവളുടെ
കൈ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നത്..വൈകുന്നേരമായപ്പോഴേക്കും
ഫാമിലെ രണ്ടു ഷെഡുകൾക്ക് ചുറ്റിലും അയാൾ വൃത്തിയാക്കിയിരുന്നു.കൈകകൾക്ക്
നല്ല നീറലുണ്ട്. തൊലി പൊട്ടിയിരിക്കുന്നു.
                                ഫാമിൽ നിന്നും പുറത്തേക്ക് വരുമ്പോൾ അയാൾ ക
കണ്ടു.രാംസിങ്ങും ഗൗരിയും വിറക് ശേഖരിക്കുകയാണ്. റബർ തോട്ടത്തിൽ നിന്നും
ഉണങ്ങിയ കമ്പുകൾ പെറുക്കിയെടുത്ത് കെട്ടുകളാക്കി കൊണ്ടുവരികയാണ് അവർ.
അഞ്ചോ ആറോ ചുള്ളികൾ ചെറിയൊരു കെട്ടാക്കി തലയിലെടുത്ത് രാംസിങ്ങാണ്
മുന്നിൽ നടക്കുന്നത്..കുട്ടികൾ എത്ര പെട്ടെന്നാണ് മുതിർന്നു പോകുന്നത്. ഈ
പ്രായത്തിലുള്ള കുട്ടികളിൽ കാണുന്ന കുസൃതിത്തരങ്ങളോ വികൃതിയോ കാണിക്കാതെ
രാംസിങ്ങ് പെട്ടെന്ന് മുതിർന്ന ഒരാളുടെ രീതിയിലായിരിക്കുന്നു.
അടുക്കളയിലേക്ക് വെള്ളം കൊണ്ടുവരാനും, ആംലയെ നോക്കാനും, ചപ്പാത്തിക്ക്
മാവു കുഴക്കാനും, പരത്താനും, ഒാരോ വശവും മൊരിച്ചെടുക്കാനുമൊക്കെ അവൻ
പഠിച്ചു കഴിഞ്ഞു..
                                     തൊഴിലാളികളുടെ മക്കൾക്ക് ജോലി
രക്തത്തിൽ അലിഞ്ഞതാണ്. അവരുടെ തലവര അങ്ങിനെയാണ്.  നാട്ടിൽ പണിക്കു
പോകുന്ന ഒാരോ സ്ത്രീകളുടെയും കൂടെ ഒന്നോ രണ്ടോ കുട്ടികളുണ്ടാകും.
മുതിർന്നവർ പണിയെടുക്കുമ്പോൾ പാടത്തു കൂടി നടന്നോ, ചെറിയ ജോലികൾക്ക്
സഹായിച്ചോ അവർ ജീവിതത്തോട് പരുവപ്പെടും..ഒരു ചോളക്കുലയോ, ബിസ്ക്റ്റോ,
റൊട്ടിയോ കിട്ടിയാൽ അവർ അതിൽ ആനന്ദം കണ്ടെത്തും. കുറച്ചു കൂടി
മുതിർന്നാൽ അവർ വലിയ ജോലികൾ ചെയ്യാൻ തുടങ്ങും. ചിലർ മുതിർന്നവരെ
അനുകരിച്ച് വീണുകിടക്കുന്ന സിഗരറ്റ് കുറ്റികൾ എടുത്തു വലിക്കും. ഗുഡ്ക
ചുണ്ടുകൾക്കുള്ളിൽ തിരുകി മയങ്ങി നടക്കും.. ചിലർ തിരക്കുള്ള ബസ്
സ്റ്റഷനുകളിലും കാർണിവലുകൾ നടക്കുന്നിടത്തും ബലൂണുകളും, കളി സാധനങ്ങളും,
ചോളക്കുലയും, ലിച്ചിപ്പഴവും വിൽക്കുന്നവരായി മാറും, മത്സര ബുദ്ധിയോടെ
എല്ലാ യാത്രക്കാരന്റെ മുന്നിലും ഒാടിയെത്തും..കച്ചവടത്തിൽ
ആദ്യമെത്തുന്നവനും സാമർഥ്യമുള്ളവനുമാണ് വിജയി. യാത്രക്കാർ കുട്ടികളോട്
വിലപേശിയേ വാങ്ങിക്കൂ...അതിനെ മറികടക്കണം..ഇങ്ങനെ ബാല്യത്തിൽ തന്നെ
ജീവിതത്തിന്റെ യുദ്ധതന്ത്രങ്ങൾ പഠിച്ചിറങ്ങുന്നവരാണ് ഗലിയിലെ ഒാരോ
കുട്ടികളും..രാംസിങ്ങും അവന്റെ ജീവിതത്തിലേക്ക് പാകപ്പെടുകയാണ്. അന്ന്
പതിവിലും നേരത്തെ അയാൾ ഭക്ഷണം കഴിച്ച് ഉറങ്ങി.കുറെ നാൾകൂടി ശരീരം
അനങ്ങിയപ്പോൾ ശ്വാസം പിന്നെയും വലിയുന്ന പോലെ.
                                 അടുത്ത ദിവസം ഉച്ചവരെ അയാൾ ഫാമിന്റെ
ഉൾവശം മുഴുവൻ വൃത്തിയാക്കി. ഉച്ചയായപ്പോഴേക്കും ഒരു മിനിലോറി ഫാമിൽ വന്നു
നിന്നു. അതിൽ ഇരുമ്പുവലക്കൂടുകളിൽ വിരിഞ്ഞ് അധികമാകാത്ത
കോഴിക്കുഞ്ഞുങ്ങൾ. അവ വിശന്നും പേടിച്ചും കരയുന്ന കുട്ടികളെപ്പോലെ
ഒച്ചയുണ്ടാക്കിക്കൊണ്ടിരുന്നു..അന്‍വർ ഒപ്പമുണ്ടായിരുന്നു.
കോഴിക്കുഞ്ഞുങ്ങളെക്കണ്ട് രാംസിങ്ങ് ഒാടി വന്നു..

അരേ ചോട്ടൂ...നിനക്ക് വളർത്താൻ ഇതാ കോഴിക്കുഞ്ഞുങ്ങൾ എത്തിക്കഴിഞ്ഞു..

    ശിവ്ജിയും അൻവറും ചേർന്ന് പെട്ടികൾ താഴേക്കിറക്കി. ഗൗരിയും അവരെ
സഹായിക്കാനായി ഒാടിയെത്തി. എല്ലാ പെട്ടികളും താഴെയിറക്കിയപ്പോൾ ലോറി
തിരികെപ്പോയി..ശിവ്ജിയും അൻവറും ചേർന്ന് ഒാരോ പെട്ടിയുമായി ഫാമിലെത്തി.
കോഴിക്കുഞ്ഞുങ്ങളെ ഫാമിലേക്ക് തുറന്നു വിട്ടു. അവ അപ്പോൾ കിട്ടിയ
സ്വാതന്ത്ര്യത്തിന്റെ ഇത്തിരി ചതുരത്തിലേക്ക് തലങ്ങും വിലങ്ങും ഒാടി.
പിന്നെ പലയിടത്തായി കൂടി നിന്നു. എല്ലാപെട്ടികളും ഫാമിലെത്തിച്ചപ്പോൾ
അൻവർ മടങ്ങി.

ഭായ് എല്ലാ പാത്രങ്ങളിലും വെള്ളവും തീറ്റയും നിറക്കണം..അവ രണ്ടു ദിവസം
വണ്ടിയിൽ കിടന്നു വരികയാണ്.രാത്രി എല്ലാ ബൾബുകളും ഇട്ടു വക്കണം..അവക്ക്
ചൂടുകിട്ടാനാണ്..ശ്രദ്ധിച്ചില്ലെങ്കിൽ അവ ചത്തുപോകും..

ശരി അൻവർ. ഞാൻ ആദ്യമാണ് ഫാമിൽ..പണികളൊക്കെ പറഞ്ഞുതരണം

അതൊക്കെ പഠിയും ഭായി. നാളെ കോഴിക്കുഞ്ഞുങ്ങൾക്ക് കുത്തിവയ്പ്
എടുക്കണം..ഭായിക്ക് അത് അറിയാത്തതുകൊണ്ട് മുതലാളി വേറെ ആളെ ഏർപ്പാട്
ചെയ്തിട്ടുണ്ട്..അടുത്ത പ്രാവശ്യം ഇറക്കുമ്പോഴേക്കും ഭായി
പഠിച്ചെടുക്കണം.. അൻവർ മടങ്ങിപ്പോയപ്പോൾ ശിവ്ജി പിന്നെയും ഫാമിൽ കയറി.
രാംസിങ്ങും ഗൗരിയും അങ്ങോട്ടുവന്നു..

           രാംസിങ്ങ് കോഴിക്കുഞ്ഞുങ്ങൾക്ക് പിറകേ നടന്നു..പതുക്കെ പോയി
അവയെ തൊട്ടു. ഒന്നിനെ രണ്ടു കയ്യിലുമായി പിടിച്ച് മുഖത്തിനൊപ്പം
ഉയർത്തി നോക്കി. അതിന്റെ കണ്ണുകൾ  തന്നോട് സംസാരിക്കുന്നതായി രാംസിങ്ങിന്
തോന്നി. ഇവയും തങ്ങളെപ്പോലെയാണ്.. ജീവിക്കുന്നത് എന്തിനെന്നു
പോലുമറിയാതെ ജീവിക്കുന്നവ..ഒരു താവളത്തിൽ നിന്ന് അടുത്ത താവളത്തിലേക്ക്
നീങ്ങുന്നവ..അമ്മയുടെ ഇളം ചൂട് പറ്റിക്കഴിയേണ്ട സമയത്ത്
കൂട്ടിലടക്കപ്പെട്ടവ...അവയുടെ കുഞ്ഞിക്കൊക്കുകളിൽ വിശപ്പിന്റെ ശ്വാസം.
 രാംസിങ്ങ് അതിനെ താഴെ വിടൂ..എന്തെങ്കിലും പറ്റി അതെങ്ങാൻ ചത്തുപോയാൽ
സേഠിന്റെ ചീത്ത കേൾക്കേണ്ടി വരും..
                     ഗൗരി അവനെ ശാസിച്ചപ്പോൾ അവൻ അതിനെ താഴെവച്ചു. അത്
കൂട്ടുകാർക്കിടയിലേക്ക് ഒാടിപ്പോയി. ഇപ്പോൾ കൂട്ടത്തിൽ നിന്നും അതിനെ
തിരിച്ചറിയാനാവുന്നില്ല. എല്ലാം ഒരേ മുഖഛായയുള്ള ഗലിയിലെ കുഞ്ഞുങ്ങൾ.
അവക്കിയിൽ രാംസിങ്ങുണ്ട്, ബോലയുണ്ട്, രൺവീറുണ്ട്, സരസ്വതി ദീദിയുണ്ട്.
                       രാത്രി ബൾബുകൾ പ്രകാശിപ്പിക്കാൻ ശിവ്ജിക്ക് ഒപ്പം
രാംസിങ്ങും പോയി, വെളിച്ചം വീണപ്പോൾ എല്ലാ കോഴിക്കുഞ്ഞുങ്ങളും
അതിനടിയിലേക്ക് കൂടി നിന്നു..ചിലത് പാത്രങ്ങളിൽ തലയിട്ട് വെള്ളം
കുടിച്ചു. ഒരിറ്റ് വെള്ളം കൊക്കിലെടുത്ത് തല മുകളിലേക്കുയർത്തി അവ
വെള്ളം കുടിക്കുന്നത് അവൻ നോക്കി നിന്നു,,‍ചിലവ തൊട്ടിയിൽ നിന്നും തീറ്റ
കൊത്തിത്തിന്നു..
                                      അന്ന് രാത്രി ഉറങ്ങുമ്പോൾ
രാംസിങ്ങിനു ചുറ്റും കോഴിക്കുഞ്ഞുങ്ങൾ നൃത്തം വച്ചു. എവിടെനിന്നോ ഉയരുന്ന
പതിഞ്ഞ ശബ്ദത്തിലുള്ള ഒരു പാട്ടിനൊപ്പം അവയുടെ ചുവടുകൾ..അവൻ
ഞെട്ടിയുണർന്നപ്പോൾ മുറിയിൽ വെളിച്ചമുണ്ടായിരുന്നു. അമ്മ ഉണർന്ന്
പാട്ടുപാടി ആംലയെ തൊട്ടിലിൽ ഉറക്കുകയാണ്..അവൻ ആ പാട്ടിന്റെ താളത്തിൽ
പിന്നെയും ഉറങ്ങി..




                                     അധ്യായം എട്ട്

അടുത്ത ദിവസം മുതലാളിയോടൊപ്പം മറ്റൊരാൾ കൂടി വന്നു..

ഭായി,,കോഴിക്കുഞ്ഞുങ്ങൾക്ക് കുത്തിവയ്പ്പെടുക്കാനാണ്..നിങ്ങളുടെ
നാട്ടുകാരൻ തന്നെ ഇയാളും..ഭായി കണ്ടു പഠിച്ചെടുക്കണം ..അടുത്ത തവണ ഭായി
സ്വയം ചെയ്യണം..

അയാൾ ഫാമിനുള്ളിൽ കടന്നു..ശിവ്ജി ഫാമിന്റെ നടുക്കുകൂടെയുള്ള വല
വലിച്ചിട്ടു. അപ്പുറത്തുനിന്നും ഒാരോ കോഴിക്കുഞ്ഞിനെയായി പിടിച്ച്
അയാൾക്കരുകിൽ കൊണ്ടു വന്നു. അയാൾ സിറിഞ്ചിൽ നിറച്ച മരുന്ന്
കോഴിക്കുഞ്ഞിന്റെ തലയിൽ കുത്തിയിറക്കി. അതൊന്ന് പിടഞ്ഞു കരഞ്ഞു. അയാൾ
മരുന്നുകയറ്റിയതിന് ശേഷം അതിനെ താഴെയിറക്കി വിട്ടു. കുറച്ചുനേരം തല
കറങ്ങി നിന്ന് അത് വേച്ചു വേച്ച് നടന്നുപോയി.

ഫാമിന് പുറത്ത് ഈ കാഴ്ച നോക്കിനിന്ന രാം സിങ്ങ് ഉറക്കെ കരഞ്ഞു..

അയാൾ പറഞ്ഞു..
കുട്ടിക്ക് പേടിയായെന്ന് തോന്നുന്നു..അവനോട് വീട്ടിൽ പെയ്ക്കോളാൻ പറയൂ..
       പിറ്റന്നായപ്പോഴേക്കും ഒന്നു രണ്ടു കുഞ്ഞുങ്ങൾ കൂടിനുള്ളിൽ ചത്തു
കിടന്നിരുന്നു. അത് കണ്ട് രാംസിങ്ങിന് കൂടുതൽ വിഷമമായി..
 ഫാമിൽ കോഴികൾക്ക് പല സമയത്ത് പല തീറ്റയാണ്. ആദ്യ ആഴ്ചയിൽ ഒരുതരം, അടുത്ത
മാസം വേറൊരു തരം അങ്ങിനെ..എല്ലാം കണ്ടറിഞ്ഞു കൊടുക്കണം.
കോഴിക്കുഞ്ഞുങ്ങൾ വളർന്നു.തൂക്കം വച്ചു. അവയുടെ ശബ്ദത്തിനും
പെരുമാറ്റത്തിനും മാറ്റം വന്നു. ചിലത് ഇടക്ക് തമ്മിൽ തമ്മിൽ കൊത്തി. രാം
സിങ്ങിന്റെ ജോലി ഒരു മാസം കഴിഞ്ഞപ്പോൾ മുതലാളി വന്ന് കുറച്ചധികം പൈസ കൂടി
ശിവ്ജിക്ക് നൽകി..

ഭായി കണക്കൊന്നും ഇപ്പോൾ നോക്കിയിട്ടില്ല.. മൂന്നു മാസം കഴിഞ്ഞു കോഴികളെ
പിടിക്കട്ടെ അപ്പോൾ കണക്കു നോക്കാം.

കിട്ടിയ പണം ശിവ്ജി ഗൗരിയുടെ കയ്യിൽ സൂക്ഷിക്കാൻ കൊടുത്തു. ഇടയ്ക്ക്
ഉദയ് വിളിച്ചപ്പോൾ ഏജന്റിന്റെ പണത്തിന്റെ കാര്യം പറഞ്ഞു. അയാൾക്ക് പണം
അയക്കണമെങ്കിൽ ബാങ്കിൽ പോകണം. ശിവ്ജി ഇതു വരെ ബാങ്കിൽ പോയിട്ടില്ല.
അൻവറിനോട് പറഞ്ഞപ്പോൾ അവൻ സഹായിക്കാം എന്ന് പറഞ്ഞു. അങ്ങിനെ കിട്ടിയതിൽ
ഒരു പങ്ക് ഏജന്റിന്റെ പേരിൽ അയച്ചുകൊടുത്തു കടം വീട്ടി. എത്രയായാലും ഒരു
ആപത്ത് കാലത്ത് സഹായിച്ചതല്ലേ..ഉദയിന്റെ കയ്യിൽ നിന്നും ചിലവാക്കിയത്
അയക്കേണ്ട കാര്യം ചോദിച്ചപ്പോൾ ഉദയ് പറഞ്ഞു..

ശിവ്ജി ഭായ് അതു കാര്യമാക്കേണ്ട..ഭായി നാട്ടിൽ വരുമ്പോൾ മുതലും
പലിശയുമായി ഞാൻ തിരികെ വാങ്ങിച്ചോളാം..

ആ സ്നേഹത്തിന് മുമ്പിൽ കീഴടങ്ങുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ..അങ്ങിനെ
മാസങ്ങൾ കടന്നു പോയി. എല്ലാ മാസവും ഒരു തുക മുതലാളി ശിവ്ജിക്കു നൽകി.
ഇടക്കൊരു ദിവസം സേഠിന്റെ ഭാര്യയും കുട്ടികളുമൊക്കെ ഫാം കാണാൻ വന്നു.
അവർ ഗൗരിയേയും ശിവ്ജിയേയും ഒരു ദിവസം സേഠിന്റെ വീട്ടിലേക്ക് ക്ഷണിച്ചു.
               മാസങ്ങൾ പെട്ടെന്നു കടന്നു പോയി. കോഴികൾ പിന്നെയും
വളർന്നു. തിന്നുക വെള്ളം കുടിക്കുക എന്നതുമാത്രമാണ് കോഴികളുടെ ജോലി.
വിശപ്പാണവയുടെ രോഗം..തിന്നു തടിക്കുക..എത്രയും പെട്ടെന്ന് തൂക്കമാകുക
എന്ന ലക്ഷ്യം അവയുടെ തലയിൽ എഴുതി വച്ചിട്ടുണ്ട് എന്നു തോന്നും..ഒരു ദിവസം
മുതലാളി പറഞ്ഞു..

ഭായി നാളെ പിടിക്കാൻ ആളുവരും..തൂക്കം നോക്കട്ടെ..അപ്പോളറിയാം ഭായിയുടെ നോട്ടം.
  പിറ്റന്ന് ഒരു മിനിലോറി ഫാമിലേക്ക് വന്നു. കാറിൽ മുതലാളിയും..കോഴികളെ
ഇരുമ്പുപെട്ടികൾക്കുള്ളിലാക്കി ലോറിയിലേക്ക് കയറ്റി. പിടിക്കുമ്പോൾ ഒാരോ
കോഴിയും കുതറിമാറാൻ ശ്രമിച്ചു. വെപ്രാളത്തോടെ ഫാമിനുള്ളിൽ ഒാടി. പേടിച്ച
ശബ്ദത്തില്‍ കരഞ്ഞു. ഫാമിനടുത്തേക്ക് വന്ന രാംസിങ്ങിന് പേടി തോന്നി. അവൻ
തിരിച്ചു പോയി, അവൻ തീറ്റയും വെള്ളവും കൊടുത്ത കോഴികളെ ഇന്ന് ആരോ വന്ന്
കൊണ്ടുപോകുന്നു..

മുർഗീ കൊ ക്യാ കരേഗാ

അവൻ ഗൗരിയോട് ചോദിച്ചു..കൊല്ലാനും ഇറച്ചിയാക്കി വിൽക്കാനാണെന്ന്
പറഞ്ഞപ്പോൾ അവന് കൂടുതൽ സങ്കടമായി. ഫാമിൽ വളർത്തുന്നവയാണെങ്കിലും അതിലെ
ഒാരോ കോഴിയും അവൻ പ്രിയപ്പെട്ടതായിരുന്നു. അതിലെ പലതിനും അവൻ അവന്റേതായ
പേരിട്ടിരുന്നു..

രാംസിങ്ങ് പേടിക്കണ്ട. അടുത്ത ദിവസം സേഠ് ഇതേ പോലെ വേറെ
കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവരും..അവയെയും നമ്മൾ ഇതു പോലെ തീറ്റകൊടുത്തു
വളർത്തും..അതല്ലേ നമ്മുടെ ഇവിടത്തെ ജോലി..അതിനല്ലേ സേഠ് നമുക്ക് കൂലി
തരുന്നത്..

                                      മുഴുവൻ കോഴികളെയും കൊണ്ടുപോയതോടെ
ഫാം ശൂന്യമായി. അവയെ കയറ്റിയ ലോറി ഫാം കടന്നുപോയപ്പോൾ എല്ലാ കോഴികളും
തന്നോട് യാത്ര പറയുന്നതുപോലെ രാംസിങ്ങിന് തോന്നി. അവയുടെ ഒച്ച
നിലച്ചപ്പോൾ ഫാം ആകെ നിശബ്ദമായി. പെട്ടെന്ന് ഒന്നുമില്ലാത്തവരായ പോലെയായി
ശിവ്ജിയും ഗൗരിയും. കോഴികൾക്ക് നല്ല തൂക്കമുണ്ടാവണേ, സേഠിന്
ദേഷ്യമുണ്ടാവരുതേ എന്ന പ്രാർഥനയിലായിരുന്നു ശിവ്ജി.

                        ഒരു ദിവസം കഴിഞ്ഞ് മുതലാളി വന്നു. അയാളുടെ
കയ്യിൽ ചില പ്ളാസ്റ്റിക് ഉറകളുണ്ടായിരുന്നു.

ഭായ് കുഴപ്പമില്ല..അത്യാവശ്യം തൂക്കമുണ്ട്. നഷ്ടം വരില്ല..

ജയ് ഭഗവാൻ..ശിവ്ജി മനസ്സിൽ പറഞ്ഞു..
ഭായി ഇതു കുറച്ചു തുണികളാണ്..ഭായിക്കും കുടുംബത്തിനും ..എന്റെ ഒരു
സന്തോഷത്തിന്..പിന്നെ നിങ്ങൾക്കുള്ള കൂലി ഞാൻ കണക്കുകൂട്ടി
വച്ചിട്ടുണ്ട്..നേരെത്തെ വാങ്ങിയത് ഞാൻ കുറച്ചിട്ടുണ്ട്..എണ്ണി നോക്കൂ..

പൈസ എണ്ണി വാങ്ങുമ്പോൾ ശിവ്ജിയുടെ കണ്ണു നിറഞ്ഞു. അത്രയേറെ പണം
ആദ്യമായാണ് അയാൾ എണ്ണിവാങ്ങുന്നത്..

ഭായി സന്തോഷമായില്ലേ? ഇത് നിങ്ങൾക്കും കുടുംബത്തിനും കൂടിയുള്ള
കൂലിയാണ്..ഇന്ന് പുതിയ കോഴിക്കുഞ്ഞുങ്ങൾ വരും...കഴിഞ്ഞ മാസത്തേക്കാൾ
തൂക്കമുണ്ടാകണം..
                                   അങ്ങിനെയിപ്പോൾ എത്ര പ്രാവശ്യം
കോഴിക്കുഞ്ഞുങ്ങൾ വന്നു എത്ര പ്രാവശ്യം കോഴികളെ പിടിച്ചു എന്ന്
ശിവ്ജിക്കു തന്നെ അറിയാതായി, ഒാരോ പ്രാവശ്യവും കഴിഞ്ഞ മാസത്തെക്കാൾ
ഉത്സാഹത്തോടെ അയാൾ ജോലി ചെയ്തു. കുത്തിവയ്പെടുക്കുമ്പോളോ, കോഴികളെ
പിടിക്കുമ്പോളോ കൈ വിറച്ചില്ല..കോഴികളെ കൊണ്ടുപോകുന്ന ദിവസങ്ങളിൽ
രാംസിങ്ങ് കരഞ്ഞില്ല..എല്ലാവരും എല്ലാത്തിനോടും പൊരുത്തപ്പെട്ടു
കഴിഞ്ഞു..|
                               ആംല ഇപ്പോൾ ഒന്നുകൂടി തടിച്ചു.
മുറിക്കുള്ളിൽ രണ്ടടി നടക്കാനും ഒച്ചയുണ്ടാക്കാനും ഒക്കെ
തുടങ്ങി..ഉടുപ്പുകൾ ഒക്കെ ഇട്ട് അവളും രാംസിങ്ങിനൊപ്പം കളിച്ചു
തുടങ്ങി..ഗൗരി ഇപ്പോൾ ഗലിയിലെ പെണ്ണല്ല..വെയിലുകൊണ്ട് ഇത്തിരി നിറം
മങ്ങിയെങ്കിലും അവൾ സന്തോഷവതിയാണ്. ഫാമിൽ നിന്നും വീട്ടിലേക്കും തിരിച്ച്
ഫാമിലേക്കും അവൾ ഒാടിനടന്നു..
    ഒരു ദിവസം വൈകിട്ട് പതിവുപോലെ ശിവ്ജിക്ക് ഒപ്പം കോഴികൾക്ക് വെള്ളവും
തീറ്റയും കൊടുക്കാൻ സഹായിച്ച് നടക്കുകയായിരുന്നു രാംസിങ്ങ്,, അപ്പോഴാണ്
കുറച്ചു പേർ ഫാമിലേക്ക് വരുന്നത് കണ്ടത്. വന്നവർ വീടിന്റെ മുന്നിൽ നിന്ന്
വിളിച്ചു

ഏയ്... ആരുമില്ലേ,,,?

പരിചയമില്ലാത്ത ശബ്ദം കേട്ട് ഗൗരി അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്നു.
എളിയിൽ കുത്തിയിരുന്ന സാരി അവൾ ധൃതിയിൽ താഴ്ത്തിയിട്ടു.അഴിഞ്ഞു കിടന്ന
മുടി വാരിക്കെട്ടിവാതിൽ തുറന്നു

പുറത്ത് നാലഞ്ചു പേർ. അവൾക്കൊന്നും മനസിലായില്ല,

ഞങ്ങൾ ഗ്രാമത്തിലെ സ്കൂളിലെ അധ്യാപകരാണ്, നിങ്ങളെ കാണാൻ വന്നതാണ്,,

ഞങ്ങളെയോ,,,? എന്തിന്??

ഗൗരി അന്തം വിട്ട് ചോദിച്ചു, സ്കൂൾ അധ്യാപകരെന്തിനാണ് ഇവിടെ
വന്നിരിക്കുന്നത്? ഇനി വല്ല പ്രശ്നവും??

രാംസിങ്ങ്,, അരേ രാംസിങ്ങ്,,,തും കിഥർ ഹെ

അച്ഛനോട് പറയൂ ഇവിടെ ആളുകൾ കാണാൻ വന്നിട്ടുണ്ടെന്ന്

ശിവ് ജി സംശയത്തോടെ വീടിനടുത്തെത്തി, പരിചയമില്ലാത്തവരെക്കണ്ട് രാം
സിങ്ങ് ശിവ് ജിയുടെ പിറകിൽ ഒളിച്ച്ചു

ഭായ്,, തുമാരാ നാം,,? പേരെന്താ??

ശിവ് ജി

ഇവിടെ ഒരു കുട്ടിയില്ലേ??

ഒരു കുട്ടിയല്ല രണ്ടു കുട്ടികൾ സാബ്,,,

ഇതാണ് മൂത്ത കുട്ടി രാംസിങ്ങ്,,,, ശിവ് ജി രാംസിങ്ങിനെ മുന്നോട്ടു നിർത്തി,,,

അതേയ്,, ഇവന് എത്ര വയസായി??

ആറ് വയസ് സാബ്

ഇവനെ സ്കൂളിൽ പറഞ്ഞയച്ചു കൂടെ??? പഠിക്കേണ്ട പ്രായമല്ലേ അവന്,,, ഈ
പ്രായത്തിലുള്ള കുട്ടികൾ കുറെ പേരുണ്ട് ഞങ്ങളുടെ സ്കൂളിൽ,,,

സാബ് ഞങ്ങൾ ഇവിടെ താമസിച്ച് ജോലി ചെയ്യുന്നവരാണ്,, ബീഹാറുകാരാണ്,,, ഇവന്
അല്പം ഹിന്ദി മാത്രമേ അറിയൂ,,,പിന്നെ ഞങ്ങൾക്ക് സ്കൂളിൽ വിട്ടു
പഠിപ്പിക്കാനുള്ള വരുമാനമൊന്നുമില്ല,,,

ഭായി അതൊന്നും കാര്യമാക്കണ്ട,,, എല്ലാ സൗകര്യവും ഞങ്ങൾ ചെയ്തു തരാം,,,
നിങ്ങളിവനെ സ്കൂളിൽ വിടാൻ തയ്യാറായാൽ മാത്രം മതി,,

സാബ്,, അത്,,,

പുസ്തകങ്ങൾ, തുണികൾ, എല്ലാം സ്കൂളിൽ നിന്നു തരാം,, പ്രഭാത ഭക്ഷണവും,
ഉച്ചഭക്ഷണവും, ആഴ്ചയിൽ പാലും കോഴിമുട്ടയും എല്ലാം സ്കൂളിലുണ്ട്,,,


രാം സിങ്ങ് ശ്രദ്ധിച്ചു, സംസാരം തന്നെപ്പറ്റിയാണ്,, ഫാമിൽ നിൽക്കുമ്പോൾ
നാട്ടിലെ കുട്ടികൾ രാവിലെ സ്കൂളിലേക്ക് നടന്നു പോവുന്നത് അവൻ
കണ്ടിരുന്നു. ബാഗുകളും പുള്ളിക്കുടയുമൊക്കെയായി കളിച്ച് ചിരിച്ച് അവർ
രാവിലെ പോയി വൈകിട്ട് തിരിച്ചു വരുന്നതും കണ്ടിട്ടുണ്ട്,,,
അപ്പോഴൊക്കെയാണ് അവന് സരസ്വതി ദീദിയേയും രൺവീറിനേയും ബോലയെയും
ഓർമ്മവരുന്നത് ,സ്കൂളിൽ പോകണമെന്ന് രാം സിങ്ങിനും ആഗ്രഹമുണ്ടായിരുന്നു,
പക്ഷെ അറിയാത്ത നാട്ടിൽ അറിയാത്ത ഭാഷയിൽ, കൂട്ടുകാരില്ലാതെ,,,

രാംസിങ്ങ് നീ വരണം സ്കൂളിലേക്ക്,, നിനക്കിഷ്ടപ്പെടും സ്കൂൾ,, കളിക്കാനും
ചിരിക്കാനും നിനക്കവിടെ ഒരു പാട് കൂട്ടുകാരെക്കിട്ടും,,,, നീ നല്ല
മിടുക്കൻ കുട്ടിയാണ്,,,

കൂട്ടത്തിലെ ഒരാൾ അവന്റെ ചുമലിൽ തട്ടിപ്പറഞ്ഞു, അയാൾ ബാഗിൽ നിന്ന് ഒരു
പുസ്തകം പുറത്തെടുത്തു,, രണ്ടു കുട്ടികൾ ഒരു പൂച്ചെടിക്ക് അടുത്തു
നിൽക്കുന്ന പുറംചട്ട, അതയാൾ രാംസിങ്ങിന് നീട്ടി,,,, അവൻ സംശയത്തോടെ
അച്ഛനെയും അമ്മയെയും മാറി നോക്കി,,,

വാങ്ങിച്ചോളൂ പേടിക്കണ്ട,,, പുസ്തകത്തിൽ നിറയെ ചിത്രങ്ങളുണ്ട്,,,
നിനക്കിഷ്ടപ്പെടും,,,

രാം സിങ്ങ് പുസ്തകം വാങ്ങി കയ്യിൽ പിടിച്ചു.അരുമയോടെ അതിനെ തലോടി,, അത്
നിവർത്തി അതിലേക്ക് മുഖം പൂഴ്ത്തി അക്ഷരങ്ങളുടെ അഭൗമമായ സുഗന്ധം
ഉള്ളിലേക്ക് ആവാഹിച്ചു,,,

ഭായ് ഞങ്ങളിനിയും വരും,, അപ്പോളേക്കും തീരുമാനമെടുക്കൂ,,, നിങ്ങളുടെ രാം
സിങ്ങ് നല്ല ബുദ്ധിയുള്ള കുട്ടിയാണ്,, അവൻ പഠിച്ച് നല്ല കുട്ടിയാകും,,
അവൻ ഞങ്ങളുടെയും കൂടി കുട്ടിയാണിപ്പോൾ

ശിവ് ജി ഗൗരിയെ നോക്കി,, അവൾ ഒന്നും പറയാതെ നിൽക്കുകയാണ്,, ഗൗരിക്കും
ആഗ്രഹമില്ലാഞ്ഞിട്ടല്ല,,

സാമ്പ്,,, സ്കൂളിൽ വിടാൻ എനിക്കും ആഗ്രഹമുണ്ട്. പക്ഷേ ഞങ്ങൾ ഇവിടത്തെ
പണിക്കാരല്ലേ,,, മുതലാളിയോട് ചോദിക്കാതെ പറയാൻ പറ്റില്ല,,,

ശിവ് ജി അവരോട് പറഞ്ഞു.,

ശരി,, ആലോചിക്കൂ,,, മുതലാളി സമ്മതിക്കും,, ഇനി ഞങ്ങൾ മുതലാളിയോട്
വേണമെങ്കിൽ പറയാം,, പോരെ?? എന്തായാലും രാം സിംങ്ങിനെ ഞങ്ങൾക്ക് വേണം,,

അധ്യാപകർ നടന്നു മറഞ്ഞപ്പോൾ രാം സിങ്ങ് നോക്കി നിന്നു.പിന്നെ പുസ്തകത്തെ
മാറോട് അടക്കിപ്പിടിച്ചു,,

രാംസിങ്ങ് തും ഘർ ജാവോ,,, മേം കാം കർനേ കെ ബാദ് ആയേഗാ,,, ശിവ് ജി ജോലി
തീർക്കാൻ ഫാമിലേക്ക് പോയി

മുറിക്കുള്ളിലിരുന്ന് പുസ്തകം മറിച്ചു നോക്കുമ്പോൾ നന്നെ
വിശന്നിരിക്കുമ്പോൾ ആഹാരം കിട്ടിയവനെപ്പോലെയായി രാം സിംങ്ങ്,,, അതിലെ ഓരോ
ചിത്രങ്ങളും അക്ഷരങ്ങളും അവനെ സ്കൂളിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്നു

രാം സിങ്ങ് നിനക്ക് സ്കൂളിൽ പോകണമെന്നുണ്ടോ?

ഗൗരി ചോദിച്ചു

രാം സിങ്ങിന്റെ കണ്ണുകൾ കലങ്ങി ,അതിൽ എല്ലാ ഉത്തരവും വായിച്ചെടുത്ത ഗൗരി പറഞ്ഞു

രാംസിങ്ങ് ഞാൻ പറയാം അച്ഛനോട് നിന്നെ സ്കൂളിൽ വിടാൻ, മുതലാളിയോട്
ചോദിക്കാൻ പറയാം,, സേഠ് സമ്മതിക്കാതിരിക്കില്ല,

       അന്ന് അത്താഴ സമയത്ത് ഗൗരി ശിവ് ജിയോട് പറഞ്ഞു

അവൻ എന്തായാലും ഇവിടെ നിൽക്കുകയല്ലേ? ആ സമയം സ്കൂളിൽ പോയിക്കോട്ടെ,,,
നമ്മളെന്തായാലും കുറച്ചു കാലം ഇവിടെയുണ്ടാകുമല്ലോ,, എന്തായാലും വേറെയും
കുട്ടികൾ പഠിക്കുന്ന സ്കൂളല്ലേ,, വന്ന അധ്യാപകരൊക്കെ സ്നേഹമുള്ളവരാണ്,,

ഉം,, സേഠ് പറയുന്ന പോലെ ചെയ്യാം,

അന്നു രാത്രി പുസ്തകത്തെ കെട്ടിപ്പിടിച്ച് രാം സിങ്ങ് ഉറങ്ങി,
പുറംചട്ടയിൽ നിന്നും പൂക്കളും പൂമ്പാറ്റകളും ഇറങ്ങി വന്ന് അവന്റെ ചുറ്റും
പാറി നടന്നു, അക്ഷരങ്ങളും ചിത്രങ്ങളും അവനു ചുറ്റും ന്യത്തം ചെയ്തു,,
പുസ്തകത്തിന്റെ താളുകളിൽ നിന്നുയർന്ന മണം , നേർത്ത മഞ്ഞിൽ അവനെ മൂടി,,,
പുസ്തകങ്ങളും, പുതിയ വസ്ത്രങ്ങളും പുള്ളിക്കുടയുമെല്ലാം സ്വപ്നം കണ്ട്
രാംസിങ്ങ് ഉറങ്ങി,

        പിന്നെയും രണ്ടു മൂന്ന് ദിവസം കഴിഞ്ഞാണ് മുതലാളി വന്നത്,,, ഫാം
മുഴുവൻ നടന്നു നോക്കി,, ശിവ്ജി ജോലികളെല്ലാം കൃത്യമായി ചെയ്തിട്ടുണ്ട്,,
ഫാമും പരിസരവും ഒരു വിധം വൃത്തിയാണ്, കോഴികൾക്ക് നല്ല വളർച്ചയുണ്ട്,,
അടുത്തയാഴ്ച പിടിക്കാരാകും,, ശിവ്ജി സ്ഥിരമായി നിൽക്കുകയാണെങ്കിൽ ഒരു
ഷെഡ് കൂടി ഇടാം,,,

സേഠ് ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു

എന്താണ് ഭായി,, കൂലി വല്ലതും കൂട്ടി ചോദിക്കാനാണോ??

അല്ല സാബ്,, സ്കൂളിലെ അധ്യാപകർ ഇവിടെ വന്നിരുന്നു,, മൂത്ത കുട്ടിയെ
സ്കൂളിൽ വിടണമെന്നു പറഞ്ഞ്,,,,, എല്ലാം അവർ കൊടുക്കാമെന്ന് പറഞ്ഞു ,,
പുസ്തകവും കുടയും ബാഗുമെല്ലാം,,, സേഠിനോട് ചോദിച്ച് പറയാം എന്ന് പറഞ്ഞ്
വിട്ടിരിക്കുകയാണ് സാബ്

അയാൾ കുറച്ചു സമയം ചിന്തയിലായി. ശിവ്ജി ആത്മാർഥതയുള്ളവനാണ്,, പണികളെല്ലാം
കൃത്യമാണ്,,,

അതിനെന്താ,, വിട്ടോളൂ,,, ചെറിയ കുട്ടിയല്ലേ,, പോയി രണ്ടക്ഷരം
പഠിക്കട്ടെ,, ഞാനും വല്ലതുമൊക്കെ സഹായിക്കാം,,

നന്ദി സേഠ്,,, രാം സിങ്ങിനും സ്കൂളിൽ പോകാൻ ഇഷ്ടമാണ് സേഠ്,,,, അവർ അന്ന്
കൊടുത്ത പുസ്തകം അവൻ കയ്യിൽ നിന്നും വച്ചിട്ടില്ല,,

എവിടെ രാം സിങ്ങ്?

അരേ രാംസിങ്ങ്,, ഇഥർ ആവോ,, സേഠ് ജി പൂ ച്ച് താ ഹും

രാം സിങ്ങ് പേടിയോടെ അടുത്തെത്തി, ശിവ് ജിയോട് ചേർന്നു നിന്നു,, മുതലാളി
പോക്കറ്റിൽ നിന്നും കുറച്ചു പൈസയെടുത്ത് രാം സിങ്ങിന്റെ കയ്യിൽ
കൊടുത്തു,,

രാം സിങ്ങ്,, നീ സ്കൂളിൽ പോവുകയാണെന്ന് കേട്ടു,, എന്റെ വക ചെറിയൊരു സമ്മാനം

രാം സിങ്ങ് ശിവ് ജിയുടെ മുഖത്തേക്ക് നോക്കി

വാങ്ങിച്ചോ സേഠ് തരുന്നതല്ലേ,,, സേഠ് വലിയ മനസുള്ളയാളാണ്,, നന്ദിയുണ്ട് സേഠ്‌,,,

മുതലാളി സമ്മതിച്ചതോടെ ശിവ്ജിക്കും ഗൗരിക്കും സന്തോഷമായി.അടുത്ത ദിവസം
ഒരു വൈകുന്നേരത്ത് സ്കൂളിലെ അധ്യാപകർ വീണ്ടും ഫാമിലെത്തി,, രാം സിങ്ങ്
അവരെ കണ്ടപ്പോൾ ബഹുമാനത്തോടെ മാറി നിന്നു,, അവരോട് എവിടെ ഇരിക്കാൻ പറയും
എന്നറിയാതെ ഗൗരി പരുങ്ങി

രാംസിങ്ങ്,, ഇങ്ങടുത്തു വാ,, പേടിക്കണ്ട,, സാരിയുടുത്ത് കലണ്ടറിലെ
സീതയെപ്പോലെയുള്ള ടീച്ചർ അവനെ അടുത്തു വിളിച്ചു

രാംസിങ്ങ് ദാ,, ഇത് നിനക്കുള്ളതാണ്

അതൊരൊ പെട്ടി നിറയെ കളർ പെൻസിലുകളായിരുന്നു,, കൂടെ പല ചിത്രങ്ങളുള്ള ഒരു
പുസ്തകവും,,, രാംസിങ്ങ് പുസ്തകം മറിച്ചു നോക്കി

രാം സിങ്ങ് ഈ ചിത്രങ്ങൾക്കെല്ലാം നിറം കൊടുക്കണം കെട്ടോ,,

അവൻ തലയാട്ടി സമ്മതിച്ചു,

ഭായി,, എന്തു തീരുമാനിച്ചു?? മുതലാളി എന്തു പറഞ്ഞു??

സാബ്,, സേഠ് സമ്മതിച്ചു,,,

എന്നാൽ അടുത്ത ദിവസം സ്കൂളിലേക്ക് വരൂ,,, എല്ലാവരും രാംസിങ്ങിനെ
കാത്തിരിക്കുകയാണ്,, ദാ എന്തൊക്കെയാണ് കൊണ്ടു വന്നിരിക്കുന്നത്
നോക്കൂ,,,,, സ്കൂൾ ബാഗ്, പുസ്തകങ്ങൾ, ചെരിപ്പ്,, പിന്നെ പുതിയ പാന്റും
ഷർട്ടും,, മോൻ ഇതൊക്കെ വാങ്ങിക്കൂ,,,

അവൻ സന്തോഷത്തോടെ എല്ലാം വാങ്ങി,, ശിവ് ജിയുടെയും ഗൗരിയുടെയും കണ്ണുകൾ നിറഞ്ഞു,,,

രാംസിങ്ങ് ഉള്ളിൽ പോയി ഈ ഡ്രസ് ഒന്ന് ഇട്ടു വരൂ,, പാകമാണോ എന്ന് നോക്കട്ടെ,,

ഗൗരി രാംസിങ്ങിനെ ഉള്ളിൽ കൊണ്ടുപോയി, അവന്റെ നിറം മങ്ങിയ കീറിത്തുടങ്ങിയ
വസ്ത്രങ്ങൾ മാറ്റി പുതിയ ഡ്രസ് ഇടുവിച്ചു,,, ആ ഡ്രസിൽ അവനെ കണ്ടപ്പോൾ
ശിവ് ജിക്ക് റിക്ഷകളിൽ ചാരിയിരുന്ന് സ്കൂളിലേക്ക് പോകുന്ന സേട്ടുമാരുടെ
കുട്ടികളെപ്പോലെ തോന്നി,,, തന്റെ മകനും സേഠ്മാരുടെ മക്കളെപ്പോലെ സ്കൂളിൽ
പോവുകയാണിനി,,

ആഹാ,,രാ.സിങ്ങ്,, നന്നായിട്ടുണ്ടല്ലോ,,, ഡ്രസ് നിനക്ക് നന്നായി
ചേരുന്നുണ്ട്,, നാളെ സ്കൂളിൽ വരുമ്പോൾ ഈ ഡ്രസിൽ വരണം കെട്ടോ

രാം സിങ്ങ് പുഞ്ചിരിച്ചു, ഗലിയിലെ ഗണേശൻ ഇപ്പോൾ ഒറ്റ പ്രതിമയല്ല. അനേകം
ഗണേശന്മാർ തന്റെ മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കുകയാണ്,,
അനുഗ്രഹിക്കുകയാണ്

ഭായ്,, നാളെ രാം സിങ്ങിനെ സ്കൂളിലേക്ക് ആക്കണം,,, ഇവിടെ നിന്ന് കുറെ
കുട്ടികൾ വരുന്നുണ്ട് ,, നടക്കാനുള്ള ദൂരമേയുള്ളൂ,,, രണ്ടു ദിവസം
കഴിഞ്ഞാൽ അവൻ അവരുടെ കൂടെ നടന്നു വന്നോളും,,

ഹാംസാബ്,,, അവൻ ആദ്യമാണ് സ്കൂളിൽ,, പോവുന്നത്,,, ഞങ്ങളെ കേട്ടു പഠിച്ച
ഹിന്ദി മാത്രമാണ് അവന് അറിയാവുന്നത്,, അവനെ നന്നായി ശ്രദ്ധിക്കണം

ഒരു പേടിയും വേണ്ട,, അവനെ കണ്ടാൽ അറിയില്ലേ അവൻ മിടുക്കനാണെന്ന്,, അവൻ
എല്ലാം വേഗത്തിൽ പഠിക്കും,

                         അവർ പോയിക്കഴിഞ്ഞും ആ വേഷം ഗൗരി
അഴിപ്പിച്ചില്ല. ആ വേഷത്തിൽ രാംസിങ്ങിനെക്കണ്ട് ശിവ്ജിക്കും മതിയായില്ല.
അവർ അവനെ സ്കൂൾ ബാഗ് മുതുകത്ത് ഇടുവിച്ചു. പുത്തൻ ചെരിപ്പുകൾ ഇടുവിച്ചു.
പുള്ളിക്കുട നിവർത്തി കൈയ്യിൽ പിടിപ്പിച്ചു.

രാംസിങ് സേഠ്...ശിവ്ജി ഗൗരിയോട് പറഞ്ഞു..

അതെ എന്റെ രാംസിങ്ങിനെ ഇപ്പോൾ കണ്ടാൽ സേഠ് തന്നെ..അവൻ പഠിച്ച്
വലിയവനാകും..അവനെങ്കിലും ഈ ദുരിതങ്ങളിൽ നിന്ന് രക്ഷപ്പെടും..വലിയ ജോലി
നേടും..


                                      അധ്യായം ഒമ്പത്


                        സ്കൂളിലേക്ക് രാംസിങ്ങിനെ ഗൗരി ഒരുക്കി വിട്ടു.
ആദ്യ ദിവസമായതിനാൽ അവനെ കൊണ്ടുപോയി ആക്കാൻ ശിവ്ജിയും പോകാനിരുന്നു..മാഷ്
നൽകിയ ഷർട്ടിലും പാന്റിലും അവൻ കൂടുതൽ സുന്ദരനായിരിക്കുന്നു.
പൂമ്പാറ്റയുടെ ചിത്രം ഒട്ടിച്ച കുഞ്ഞുബാഗ് അവന്റെ മുതുകിൽ
ഒതുങ്ങിയിരുന്നു. പുള്ളിക്കുട ശരീരത്തിന്റെ ഒരു ഭാഗം പോലെ അവൻ ചേർത്തു
പിടിച്ചിരുന്നു. ചെരിപ്പിടാതെ ശീലിച്ച അവന് കാലുകളിൽ ഇറുകിപ്പിടിച്ചു
കിടന്ന ചെരിപ്പ് മാത്രം അവനോട് പൊരുത്തപ്പെട്ടില്ല.
                          ഗലിയിലെ മുതിര്‍ന്ന കുട്ടികൾ സ്കൂളിൽ
പോകുന്നത് രാംസിങ്ങിന്റെ ഒാർമയിൽ വന്നു. അവർക്ക് ബാഗോ കുടയോ ചെരിപ്പോ
ഉണ്ടായിരുന്നില്ല..ചട്ടം പൊട്ടിയ സ്ളേറ്റുമായി നടക്കുന്ന സരസ്വതി ദീദി,
കീറിയ ഷർട്ടിട്ട് പോകുന്ന രൺവീർ, സ്കൂളിലേക്ക് പോകാൻ മടിച്ച് കരഞ്ഞു ബഹളം
വക്കുന്ന ബോല..അവർ സ്കൂളിൽ പോയാൽ വീടുകൾ പിന്നെ നിശബ്ദമാകും..വൈകുന്നേരം
അവർ വരുന്നതും കാത്ത് രാംസിങ്ങ് ചടഞ്ഞിരിക്കും...ദുരെ അവരുടെ ഒച്ചകേട്ടാൽ
രാംസിങ്ങ് മുറിവിട്ട് ഗലിയിലേക്കിറങ്ങും..

         രാംസിങ്ങ് പഠിക്കാൻ പോകുന്നതിൽ ശിവ്ജിയേക്കാൾ സന്തോഷം
ഗൗരിക്കായിരുന്നു..തന്റെ മകൻ കുളിച്ചു വൃത്തിയുള്ള തുണികളുടുത്ത് പോകാൻ
ഒരുങ്ങി നിൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് സന്തോഷം തോന്നി.അതിന്റെ
ആധിക്യത്തിൽ ഗൗരിയുടെ കണ്ണുകൾ ഈറനായി.
               പതിവില്ലാത്ത വേഷത്തിൽ രാംസിങ്ങിനെക്കണ്ടപ്പോൾ ആംല
കുഞ്ഞിക്കണ്ണുകൾ ഉരുട്ടിമിഴിച്ച് അവനെനോക്കി..അവൾക്ക് ചിരിക്കാനും
കരയാനും മാത്രമേ അറിയൂ..ലിപികളില്ലാത്ത ആ ഭാഷകൊണ്ട് അവൾ
വീട്ടിലെല്ലാരോടും സംസാരിച്ചു. വിശക്കുമ്പോളും വേദനിക്കുമ്പോളും സന്തോഷം
തോന്നുമ്പോളും അവൾ ആ ദേവഭാഷകൊണ്ട് വീടിനെ മുഖരിതമാക്കി.

സ്കൂളിന്റെ ഗേറ്റ് കടന്നപ്പോൾ അധ്യാപകർ ഒാടിവന്നു. ഒരുപാടു കുട്ടികൾ
സ്കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്നവർ അവർക്ക് ചുറ്റും കൂടി. അധ്യാപകർ
രാംസിങ്ങിനെയും ശിവ്ജിയേയും സ്കൂളിന്റെ ഒാഫീസ് മുറിയിലേക്ക്
കൂട്ടിക്കൊണ്ടു പോയി. ശിവ്ജിയെക്കൊണ്ട് കടലായുകളിൽ ഒപ്പിടുവിച്ചു.
അച്ഛന്റെ നീല നിറമായി പെരുവിർ രാംസിങ്ങ് തൊട്ടു നോക്കി..

ഫാമിൽ വന്നപ്പോൾ അവനി കളർ പെൻസിലുകൾ തന്ന ടീച്ചർ അവനെനോക്കി ചിരിച്ചു..

രാംസിങ്ങ് നീ ചിത്രങ്ങൾ വരച്ചിരുന്നോ

അവൻ തലയാട്ടി..

സ്കൂളിൽ വന്നപ്പോൾ മുതൽ അവന് ചെറിയ പേടി തോന്നിയിരുന്നു. ഇത്ര കാലം
കളിച്ചു നടന്ന് ശീലമായതാണ്. കുട്ടികൾ വാതിൽക്കൽ വന്നു നിന്ന്
എത്തിനോക്കുന്നു..ആ സമയത്ത് സ്കൂളിൽ നീണ്ട ബെൽ മുഴങ്ങി

എന്നാൽ നമുക്ക് ക്ളാസിലേക്ക് പോകാം..അല്ലേ രാംസിങ്ങ്...ടീച്ചർ അവന്റെ
കവിളിൽ നുള്ളി..

ഭായി ഇനി ഇന്ന് വൈകിട്ട് വന്നാൽ മതി..രാംസിങ്ങിനെ ഞങ്ങൾ
നോക്കിക്കൊള്ളാം..ഞങ്ങളുടെ കുട്ടിയല്ലേ അവൻ..

ടീച്ചർ രാംസിങ്ങിന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു..അവൻ മറുകൈ കൊണ്ട്
ശിവ്ജിയെ മുറുക്കിപ്പിടിച്ചു. അവന് കരച്ചിൽ വരുന്നുണ്ടായിരുന്നു.
ടീച്ചർ അവനെയും കൊണ്ട് വരാന്തയിലേക്കിറങ്ങിയപ്പോൾ കുട്ടികൾ കൂട്ടമായി
അവരുടെ ഒപ്പം കൂടി. ചിലർ അവനോട് ചിരിച്ചു. അവന്റെ ബാഗിൽ തൊട്ടുനോക്കി..

ക്ളാസിൽ ബലൂണുകൾ തൂക്കിയിരുന്നു. വർണക്കടലാസുകൾ ഒട്ടിച്ചിരുന്നു.
ചുമരുകളിൽ നിറയെ പൂക്കളുടെയും പക്ഷികളുടെയും ചിത്രങ്ങൾ..അതിൽ വലിയ ഒരു
കോഴിയും കുഞ്ഞുങ്ങളും..ഫാമിൽ ഇടക്ക് വിരുന്നുകാരനായി വരുന്ന മയിൽ..

ടീച്ചർ അവനെ മുന്നിലെ ബഞ്ചിൽ ഇരുത്തി..

രാംസിങ്ങ് ഇനി ഇതാണ് നിന്റെ സ്ഥലം..എന്നും ഇവിടെ വന്ന് ഇരിക്കണം..

ശിവ്ജി വാതിൽക്കൽ നിൽക്കുകയാണ്. രാംസിങ്ങ് എഴുന്നേറ്റ് ശിവ്ജിയുടെ
അടുക്കലേക്ക് നടന്നു..

രാംസിങ്ങ് അച്ഛൻ കുറച്ചു കഴിഞ്ഞ് വരും..നീ ഇവിടെ ഇരിക്ക്..നിനക്ക് ക്ളാസ്
ഇഷ്ടപ്പെട്ടില്ലേ?

അവന്റെ കണ്ണുകൾ ഈറനായി..അതുവരെ വീട്ടുകാരെ വിട്ട് അവൻ ഇരുന്നിട്ടില്ല..

രാംസിങ്ങ് നീ ക്ളസിൽ ഇരിക്ക്..ഞാൻ പുറത്തുണ്ടാകും..ശിവ്ജി അവനെ ബഞ്ചിൽ
കൊണ്ടു പോയി ഇരുത്തി പുറത്തേക്ക് പോയി. ടീച്ചർ അവന് ഒരു ചോക്കലേറ്റ്
കയ്യിൽ കൊടുത്തു..

കുട്ടികളേ നമ്മുടെ ക്ളാസിലേക്ക് ഒരു പുതിയ കൂട്ടുകാരൻ
വന്നിരിക്കുന്നു..പേരെന്താന്നറിയുമോ..? രാംസിങ്ങ്

ക്ളാസിലുള്ള കുട്ടികൾ എല്ലാം ഒരുമിച്ച് രാംസിങ്ങ് എന്നു പറഞ്ഞു...

രാംസിങ്ങിനെ നമ്മൾ എങ്ങിനെയാ സ്വീകരിക്കേണ്ടത്...?

അപ്പോൾ ഒരു കുട്ടി എഴുന്നേറ്റു വന്ന് നിറമുള്ള ഒരു തൊപ്പി അവന്റെ തലയിൽ
അണിയിച്ചു...നിറയെ ചിത്രങ്ങളുള്ള ഒരു പുസ്തകം അവന്റെ കയ്യിൽ കൊടുത്തു...

കുട്ടികൾ എല്ലാവരും കയ്യടിച്ചു..

ഇനി നമുക്ക് പുതിയ കൂട്ടുകാരനെ കിട്ടിയ സന്തോഷം പങ്കിടണ്ടേ? എല്ലാവർക്കും
ടീച്ചറുടെ വക ഇന്ന് ലഡുവുണ്ട്...ആദ്യം ആർക്കാ കൊടുക്കേണ്ടത്...

രാംസിങ്ങിന്...ക്ളാസിൽ എല്ലാവരും ഒന്നിച്ച് പറഞ്ഞു..

ടീച്ചർ പാക്കറ്റിൽ നിന്നും ഒരു ലഡു എടുത്ത് അവന്റെ വായിൽ വച്ചുകൊടുത്തു..

പിന്നെ എല്ലാവർക്കും ടീച്ചർ ലഡു കൊടുത്തു..

അതേയ് നമ്മുടെ കൂട്ടുകാരന്റെ നാട് ഇവിടെയൊന്നുമല്ല...എവിടെയാന്നറിയാമോ?
അങ്ങ് ദൂരെ ബീഹാറിൽ...അവന്റെ നാട്ടിലെ ഭാഷ
എന്താണെന്നറിയാമോ....ഹിന്ദി...അവനെ നമുക്ക് മലയാളം പഠിപ്പിക്കണ്ടേ? അവനിൽ
നിന്ന് നമുക്ക് ഹിന്ദി പഠിക്കണ്ടേ? അതിനാണ് അവൻ നമ്മുടെ സ്കൂളിൽ
എത്തിയിരിക്കുന്നത്..

      കുട്ടികൾ എല്ലാവരും നാട്ടുകാർ..രാംസിങ്ങിനെ എല്ലാരും അത്ഭുതത്തോടെ
നോക്കി..തങ്ങളുടെ നാട്ടിലില്ലാത്ത ഭാഷയിൽ സംസാരിക്കുന്ന അവനെ കുട്ടികള്‍
ചിരികൊണ്ട് കൂട്ടുകാരനാക്കി.

രാംസിങ്ങിന് അപ്പോഴും പേടി വിട്ടിരുന്നില്ല..എന്നാലും ടീച്ചറും ക്ളാസും
കുട്ടികളും അവന് ഏറെ ‍ഇഷ്ടം തോന്നി..ഇടക്കിടക്ക് അവൻ ജനാലയിലേക്ക്
നോക്കി..അച്ഛനെ തിരഞ്ഞു...വീട്ടിൽ ആംല ഇപ്പോൾ എന്തു ചെയ്യുകയായിരിക്കും?
തന്നെകാണാഞ്ഞ് അവൾ കരയുന്നുണ്ടാകുമോ? അമ്മ ഇപ്പോൾ എന്തു
ചെയ്യുകയായിരിക്കും എന്നൊക്കെ ആലോചിച്ച് അവൻ അവന്റേതായ ലോകത്തിലായി..

രാംസിങ്ങ് ടീച്ചർ ഒരു പാട്ടു പാടാം...രാംസിങ്ങ് അത് ഒപ്പം പാടാൻ പറ്റുമോ
എന്ന് നോക്കൂ..നിങ്ങൾ എല്ലാരും ഒപ്പം പാടണം...ടീച്ചർ പാടാൻ
തുടങ്ങി..ബാക്കി എല്ലാരും ഒപ്പം പാടി..രാംസിങ്ങ് വെറുതെ നിന്നു..അറിയാത്ത
ഭാഷയിലെ പാട്ട് അവന് പാടാനായില്ല..പക്ഷെ അതിന്റെ താളം അവനിൽ വന്നു
നിറഞ്ഞു..
                             ഇടക്ക് വീണ്ടും ബെല്ലടിച്ചപ്പോൾ ടീച്ചർ പറഞ്ഞു..

രാംസിങ്ങ്..വേണമെങ്കിൽ നമുക്കീ സ്കൂൾ ഒന്നു ചുറ്റി നടന്നു കാണാം..വാ..

ടീച്ചർ അവന്റെ കൈ പിടിച്ച് സ്കൂൾ വരാന്തയിലൂടെ നടന്നു. കുട്ടികൾ പിറകെയും..

രാം സിങ്ങ് ഇതാണ് പൂന്തോട്ടം ...കണ്ടോ..ഇഷ്ടമായോ നിനക്ക്?

പൂച്ചട്ടികളിൽ വിരിഞ്ഞു നിൽക്കുന്ന പലതരം പൂക്കൾ..ഇടക്ക് ചെറിയ കുളം
പോലെ..അതിലും വിരിഞ്ഞു നിൽക്കുന്ന പൂക്കൾ, എല്ലാറ്റിലും പറന്നുകളിക്കുന്ന
പൂമ്പാറ്റകൾ, മിന്നായം പോലെ വന്നു തേൻ കുടിച്ചു പോകുന്ന ചെറിയ
കുരുവികൾ..സ്കൂളിന്റെ ചുവരുകളിൽ മുഴുവൻ ചിത്രങ്ങൾ..പല എഴുത്തുകൾ..

വീണ്ടും ബെല്ലടിച്ചപ്പോൾ എല്ലാവരും ക്ളാസിൽ കയറി..ടീച്ചർ രാംസിങ്ങിന്റെ
സ്ളേറ്റ് വാങ്ങി അതിൽ ഒരു അക്ഷരം എഴുതിക്കൊടുത്തു...

രാംസിങ്ങ്...പറഞ്ഞു നോക്കൂ...ഇതാണ് അ

രാംസിങ്ങ് അ എന്ന് ഉച്ചരിച്ചു നോക്കി..

ഇനി രാംസിങ്ങ് ഈ അക്ഷരം ദാ ഇതേ പോലെ എഴുതി നോക്കണം..കെട്ടോ..പറയുകയും
വേണം..അങ്ങിനെ ഒാരോ ദിവസവും ഒാരോ അക്ഷരം പഠിച്ച് രാം സിങ്ങ് വലിയ
കുട്ടിയാവും..

                  വെറെയും അധ്യാപകർ രാംസിങ്ങിനെ കാണാൻ വന്നു. എല്ലാവരും
അവനോട് വലിയ സ്നേഹം കാണിച്ചു. സ്കൂളിനോടുള്ള പേടി അവന് കുറഞ്ഞു
തുടങ്ങി..ക്ളാസിലെ കുട്ടികളുടെ പേരുകൾ ടീച്ചർ അവന് പറഞ്ഞു കൊടുത്തു..രാം
ദേവ്, കൃഷ്ണകുമാർ, നീലിമ, ആയിഷ. അങ്ങിനെ കുറെ പേർ..

രാംസിങ്ങ് നീ എന്റെ പേര് ചേദിച്ചില്ലല്ലോ? ടീച്ചർ അവനോട് ചോദിച്ചു..
മേരാ നാം മീനാ കുമാരി..പറയൂ നോക്കട്ടെ..

രാംസിങ്ങ് ടീച്ചറുടെ പേര് പറഞ്ഞതു കേട്ട് കുട്ടികൾ എല്ലാരും ചിരിച്ചു..
ടീച്ചർ അവന്റെ മുതുകത്തു തട്ടി അവനെ സന്തോഷിപ്പിച്ചു..

                                   ഉച്ചക്ക് എല്ലാകുട്ടികളും
ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയാണ്. രാംസിങ്ങിനും ടീച്ചർ പാത്രത്തിൽ
വിളമ്പിക്കൊടുത്തു. അമ്മ ഉണ്ടാക്കിയത് മാത്രം കഴിച്ചു ശീലിച്ച അവന്
ചോറിന്റെ രുചി പിടിച്ചില്ല..ടീച്ചറും ക്ളാസിലിരുന്നാണ് ആഹാരം
കഴിക്കുന്നത്. ഉച്ചക്ക് കുട്ടികളെല്ലാവരും ചേർന്ന് അവനെ ഗ്രൗണ്ടിലേക്ക്
കൊണ്ടുപോയി..അവന് കളിക്കാൻ തോന്നിയില്ല..സ്കൂൾ രസകരമായിരുന്നെങ്കിലും
വീട്ടിലേക്ക് പോകാൻ അവന് കൊതിയായി. കുറെ കഴിഞ്ഞ് പിന്നെയും
ക്ളാസിലേക്ക്..വൈകിട്ട് ബെല്ലടിച്ചപ്പോൾ ടീച്ചർ പറഞ്ഞു.

 രാംസിങ്ങ് നാളെയും വരണം കെട്ടോ..ഞങ്ങളെല്ലാരും കാത്തിരിക്കും..നിന്റെ
അച്ഛൻ ഗ്രൗണ്ടിൽ വന്ന് കാത്തു നിൽക്കുന്നുണ്ട് നിന്നെ കൊണ്ടുപോകാൻ..

അവന് സന്തോഷമായി. ടീച്ചർ അവന്റെ കൈ പിടിച്ച് ഗ്രൗണ്ടിലേക്ക് പോയി..അവിടെ
മരച്ചുവട്ടിൽ ശിവ്ജി കാത്തിരുന്നിരുന്നു..

രാം സിങ്ങ് ബേട്ടാ...കൈസാ ഹോതാ ഹെ..സ്കൂൾ പസന്ത് ഹൊ ഗയാ..

രാംസിങ്ങ് ശിവ്ജിയെ കെട്ടിപ്പിടിച്ചു..അവന് കരച്ചിലാണ് വന്നത്..മഴ
ചെറുതായി ചാറുന്നുണ്ടായിരുന്നു. പുള്ളിക്കുട നിവർത്തിപ്പിടിച്ച് അവനെ
നനയാതെ ചേർത്തു പിടിച്ച് ശിവ്ജി നടന്നു. കുട്ടികൾ സ്കൂളിൽ നിന്നും
മടങ്ങിപ്പോകുന്നു. ഫാമിലേക്ക് തിരിയുന്ന വഴിവരെ വേറെയും കുട്ടികൾ ഉണ്ട്.
വീട്ടിലെത്തിയപ്പോൾ ഗൗരി കാത്തിരിക്കുകയായിരുന്നു. രാംസിങ്ങ് ഒാടി
അമ്മയുടെ അടുത്തെത്തി. അമ്മയെ കെട്ടിപ്പിടിച്ചു. ഗൗരി അവനെ മാറോട്
ചേർത്ത് തലയിൽ ഉമ്മ വച്ചു..അവൻ ആംല കിടക്കുന്ന തൊട്ടിലിൽ പോയി നോക്കി.
അവൾ ശാന്തമായി ഉറങ്ങുകയാണ്...ഗൗരി അവന് കട്ടൻകാപ്പിയും ബ്രഡും
കൊടുത്തു..അവൻ സ്കൂളിൽ നിന്നും എഴുതിയ സ്ളേറ്റ് അമ്മയെ കാണിച്ചു...അതിൽ
എഴുതിയിരുന്ന അക്ഷരം ഉറക്കെ വായിച്ചു...അ..















                                     അധ്യായം  പത്ത്

                   രാംസിങ്ങ് സ്കൂളിൽ ഒരു കൊല്ലമായി. അവന്‍
മറ്റുകുട്ടികളുടെ ഒപ്പം രാവിലെ സന്തോഷത്തോടെ നടന്നു പോകും. വൈകിട്ട്
കുട്ടികളുടെ കൂടെ തിരിച്ചു വരും.  അവനിപ്പോൾ മലയാളത്തിൽ വായിക്കാനും
എഴുതാനും പറ്റുമെന്നായി. മുറിയിരുന്ന് അവൻ പാഠങ്ങൾ തപ്പിപ്പിടിച്ച്
ഉറക്കെ വായിച്ചു..പുസ്തകങ്ങളിൽ കുനിയനുറുമ്പിനെപ്പോലെയുള്ള അക്ഷരങ്ങളിൽ
എഴുതി..ചിത്രങ്ങൾ വരച്ചു പാട്ടുകൾ പാടി..ആംലയുടെ പിഞ്ചുകൈകളിൽ പെൻസിൽ
പിടിപ്പിച്ച് അവളെ അക്ഷരങ്ങൾ എഴുതിച്ചു.. സ്കൂൾ വിട്ടുവന്നാൽ ഫാമിലെത്തി
ശിവ്ജിയെ സഹായിക്കും. അമ്മക്ക് വിറക് ശേഖരിച്ചു കൊണ്ടു
വന്നുകൊടുക്കും..


ഫാമിനടുത്തേക്ക് അടുത്ത വീട്ടിലെ ദിനേശ് ബാബുവിന്റെ വീട്ടിലെ കോഴികൾ
വരും,, അവയുടെ നിറം ഫാമിൽ വളർത്തുന്നവയിൽ നിന്ന് വ്യത്യാസമുണ്ട്,,
ചുകപ്പിൽ കാപ്പി നിറം കലർന്ന പൂവനാണ് ഗമ, രാംസിങ്ങിനെ അത് കൊത്താൻ പിറകെ
ഓടിയിട്ടുണ്ട്,, അപ്പോള തിന് ദേഷ്യത്തിന്റെ മുഖമാകും,, അങ്കവാലുകൾ കൂടുതൽ
എറിച്ചു നിൽക്കും,,, ശരീരം മുമ്പോട്ടു വളച്ച് ചിറകുകൾ വിടർത്തി അത് നേരെ
വന്നാൽ രാംസിങ്ങ് ഓടി വീട്ടിലൊളിക്കും,  പിടപാവമാണ്,, അതിന്റെ കൂടെ
കുഞ്ഞിക്കാലുകളുമായി കോഴിക്കുഞ്ഞുങ്ങൾ ഉണ്ടാകും, ഒരു ചെറിയ ഒച്ച മതി
അവപേടിക്കാൻ,, അപ്പോളവ തള്ളക്കോഴിയുടെ ചിറകുകൾക്കടിയിൽ പോയി ഒളിക്കും,,
മിക്കവാറും ഫാമിനു ചുറ്റും അവ കൊത്തിപ്പെറുക്കി നടക്കും, കരിയിലകൾ പൂവനോ
പിടയോ കാലുകൾ കൊണ്ട് ചിനക്കും, എന്നിട്ട് തലയുയർത്തി സന്തോഷത്തോടെ
ഒച്ചയുണ്ടാക്കും,, കുട്ടികൾ ഓടിയെത്തി ചിതലുകളെയും പുഴുക്കളെയും
കൊത്തിത്തിന്നും,, ചപ്പാത്തിയും കറിയും പാകമായാൽ അമ്മ വിളിക്കുന്നതു
പോലെ,, വൈകിട്ട് ജോലി കഴിഞ്ഞെത്തുന്ന അച്ഛൻ വീട്ടിലേക്ക് കയറുമ്പോൾ രാം
സിങ്ങിനെ വിളിച്ച് കടലപ്പൊതി തരുന്ന പോലെ

   കരിയിലകൾക്കിടയിൽ കോഴികളെപ്പോലെ വേറെയും പക്ഷികളെക്കാണാം,, കരിയിലയുടെ
നിറമാണവക്ക്, ചപ്പിലക്കോഴികളാണവ,, എപ്പോഴും പേടിയുടെ കണ്ണുകളാണവക്ക്,,
ചെറിയ ഒച്ച കേട്ടാൽത്തന്നെ അവ എങ്ങോട്ടെന്നില്ലാതെ കൂട്ടം തെറ്റി പറന്നു
പോവും,

    നാടൻ കോഴികളെ കാണുമ്പോൾ ഫാമിലെ കോഴികൾ നെടുവീർപ്പുപോലെ
ഒരൊച്ചയുണ്ടാക്കും. ഫാമിന്റെ ഇരുമ്പു വലയോട് ചേർന്നു നിന്ന് നാടൻ കോഴികളെ
നോക്കി നിൽക്കും,,, അവയുടെ കണ്ണുകളിലപ്പോൾ നിരാശയുടെ തിളക്കമുണ്ടാകും,,
കൂട്ടിലെ പാത്രത്തിൽ ഇഷ്ടം പോലെ ഭക്ഷണം കിട്ടുമെങ്കിലും തൊടിയിൽ മുഴുവൻ
ചിനക്കി നടക്കാൻ അവയുടെ കാലുകൾ അപ്പോൾ തരിക്കുന്നുണ്ടാകണം,, പിന്നെ
നോട്ടം പിൻവലിച്ച് അവ ഫാമിന്റെ തറയിൽ പാവിയ ഈർച്ചപ്പൊടിയിൽ കാലുകൾ കൊണ്ട്
കോറിവരക്കും,,

          ചിലപ്പോൾ രാത്രിയിൽ ഫാമിൽ നിന്നും കോഴികൾ കൂട്ടത്തോടെ
ഒച്ചയുണ്ടാക്കും,ശിവ് ജി ഞെട്ടി ഉണർന്ന് ടോർച്ചുമെടുത്ത് ഫാമിലേക്ക്
ഓടും,, ശിവ് ജിയോട് ഒപ്പം ഉണരുന്ന ദിവസങ്ങളിൽ രാംസിങ്ങും പിറകെ കൂടും,,
ഓടുമ്പോൾ ശിവ് ജി പിറുപിറുക്കും,,

ലോമടി ആയാ ഹെ,,,

കുറുക്കന്മാർ ഒറ്റക്കും കൂട്ടമായും വരും,, അവ ഫാമിന്റെ ഇരുമ്പു വല
മാന്തിപ്പൊളിക്കാൻ നോക്കും, വലക്ക് ചേർന്നു നിൽക്കുന്ന കോഴികളെ നോക്കി
പിൻ കാലിൽ ഉയർന്നു ചാടും,, അപ്പോൾ കോഴികൾ ഒച്ചയുണ്ടാക്കി ഫാമിന്റെ
നടുഭാഗത്തു വന്ന് ഒന്നിച്ച് നിൽക്കും. ശിവ് ജിയുടെ കാൽപ്പെരു മാറ്റം
കേട്ടാൽ കുറുക്കന്മാർ ഓടിപ്പോകും,, ടോർച്ചിന്റെ വെളിച്ചത്തിൽ അവയുടെ
കണ്ണുകൾ പളുങ്കു ഗോട്ടി കൾ പോലെ തിളങ്ങും,,,

സേഠ് ജി ഈ ഫാം തുടങ്ങുന്നതിന് മുമ്പ് ഇവിടം കുറുക്കന്മാരുടെതായിരിക്കണം,,
ഇരുട്ടിൽ ചപ്പിലക്കോഴികളെ പിടിച്ച് അവ തിന്നിട്ടുണ്ടാകണം,, ദിനേശന്റെ
വീട്ടിലെ കോഴികളിലൊന്നിനെ കുറുക്കന്മാർ പിടിച്ചു കൊണ്ടു
പോയത്രേ,,,പിന്നീടൊരു ദിവസം തൊടിയിൽ കണ്ടിരുന്നു,, ചിതറിക്കിടന്ന അതിന്റെ
തൂവലുകൾ,,, കുറുക്കന്മാർ തിന്നതിന്റെ ബാക്കി,


                   ഒരു ദിവസം വൈകിട്ട് സ്കൂളിലെ മാഷും  ഒരു സ്ത്രീയും
കോഴിഫാമിലേക്ക് വന്നു.. അവര്‍ ഗൗരിയെക്കണ്ട് അടുത്തെത്തി.‍മാഷ്
ചോദിച്ചു..
രാംസിങ്ങ് എവിടെ ? അവൻ സ്കൂളിൽ നല്ല മിടുക്കാനാണ് കെട്ടോ..നല്ല കഴിവുള്ള
കുട്ടി. മറ്റു കുട്ടികളെക്കാൾ നന്നായി പഠിക്കുന്നു.
ഞാൻ മറ്റൊരു കാര്യം പറയാനാണ് വന്നത്. ഇവർ പഞ്ചായത്തില്‍
നിന്നാണ്..പഞ്ചായത്തിന് പുതിയൊരു പരിപാടിയുണ്ട്..അതിന്റെ ചുമതല
ഇവർക്കാണ്..

അപ്പോഴേക്കും രാംസിങ്ങും ശിവജിയും ഫാമിൽ നിന്ന് മടങ്ങി വന്നു..

അതേയ് ഭായ്..ഇവർ നിങ്ങളെപ്പോലെയുള്ള ഹിന്ദി പണിക്കാരെ മലയാളം
പഠിപ്പിക്കാനുള്ള ഒരു പദ്ധതിയുമായി വന്നതാണ്.,നിങ്ങൾക്ക്
താൽപര്യമുണ്ടെങ്കിൽ അവർ ഇടക്ക് ഇവിടെ വന്ന് നിങ്ങളെ
പഠിപ്പിക്കും..പുസ്തകങ്ങൾ എല്ലാം അവർ തരും..നിങ്ങൾ ഒന്നുമറിയണ്ട..ഞാനാണ്
നിങ്ങളുടെ കാര്യം പറഞ്ഞത്..

സാബ്...ഞങ്ങളൊക്കെ ഇനി എന്തു പഠിക്കാനാണ്..രാംസിങ്ങ്
പഠിക്കുന്നുണ്ടല്ലോ...അവൻ ഞങ്ങളെ പഠിപ്പിക്കുന്നുമുണ്ട്..

അവർ ഗൗരിയോട് ചോദിച്ചു..

ദീദി പഠിച്ചതുകൊണ്ട് എന്താണ് തെറ്റ്..നിങ്ങളുടെ ജോലിയൊക്കെ കഴിഞ്ഞ്
ഒഴിഞ്ഞിരിക്കുന്ന നേരത്തു മതി..എന്തായാലും നിങ്ങൾ ഇവിടെ
നിൽക്കുകയല്ലേ...അത്യാവശ്യം എഴുതാനും വായിക്കാനും പഠിക്കാമല്ലോ..

ശിവ്ജിയെ അത്ഭതപ്പെടുത്തിക്കൊണ്ട് ഗൗരിക്ക് സമ്മതമായിരുന്നു..

അങ്ങിനെ ഗൗരിയും ശിവ്ജിയും ഗൗരിയും അടുത്ത ദിവസം  മുതൽ അക്ഷരം പഠിക്കാൻ
തുടങ്ങി..വൈകുന്നേരങ്ങളിൽ ശിവ്ജി അവരെ
എഴുതിപ്പിക്കും..വായിപ്പിക്കും.പതുക്കെ പതുക്കെ അവർക്ക് പെൻസിൽ
വഴങ്ങിത്തുടങ്ങി..പുസ്തകത്തിലെ അക്ഷരങ്ങൾ പരിചിതമായിത്തുടങ്ങി.. ഒരു
വർഷക്കാലം ഇവിടെ നിന്ന് നാട്ടുകാർ പറയുന്നത് കുറച്ചൊക്കെ മനസ്സിലാക്കാൻ
അവർക്കായിരുന്നത് കൊണ്ട് പഠിക്കാൻ എളുപ്പമായി. അവർ വായിക്കുന്നതും
പറയുന്നതും കേട്ട് ആംലയും ചില അക്ഷരങ്ങൾ പറയുവാൻ തുടങ്ങി. അങ്ങിനെ
വീട്ടിലിപ്പോൾ എല്ലാവരും വിദ്യാർഥികളായി..

                                 ഫാമിനടുത്ത വഴികളെല്ലാം അവർക്ക്
പരിചിതമായി. ഇപ്പോൾ സാധനങ്ങൾ വാങ്ങാൻ ചിലപ്പോഴൊക്കെ ഗൗരിയാണ് പോകുക.
ആദ്യമാദ്യം മിണ്ടാതെയിരുന്നിരുന്ന അയൽപക്കക്കാർ ഇപ്പോൾ അവരെ കണ്ടാൽ
വിശേഷം ചോദിക്കും..പലപ്പോഴും രാംസിങ്ങിന്റെ അമ്മയല്ലേ രാംസിങ്ങിന്റെ
അച്ഛനല്ലേ എന്നൊക്കെ വീട്ടുകാർ ചോദിക്കും. സ്കൂളിൽ പഠിക്കുന്ന കുട്ടികൾ
പറഞ്ഞ് രാംസിങ്ങിനെ നാട്ടിലെല്ലാവർക്കും അറിയാമെന്നായിട്ടുണ്ട്..

        രാംസിങ്ങിന്റെ ഒന്നാം ക്ളാസ് കഴിയുകയാണ്..കൊല്ലത്തിന്റെ അവസാനം
സ്കൂളിൽ  വാർഷികമുണ്ട്. അതിന് കുട്ടികളുടെ കലാപരിപാടികൾ ഉണ്ട്. ടീച്ചര്‍
അവനെ ഡാൻസ് പഠിപ്പിക്കുന്നുണ്ട്. ഡാൻസിന് വേണ്ട ഡ്രസുകൾ ഒക്കെ ടീച്ചർ
അവന് വാങ്ങിക്കൊടുത്തിരുന്നു. വാർഷികം രാത്രിയിലാണ്. അടുത്തുള്ള വീട്ടിൽ
നി്ന്നും പോകുന്നവരുടെ കൂട്ടത്തിൽ ശിവ്ജിയും ഗൗരിയും ആംലയെയും എടുത്ത്
വാർഷികത്തിന് പോയി..രാംസിങ്ങിനെ നേരത്തെ തന്നെ ശിവ്ജി സ്കൂളിൽ കൊണ്ടു
പോയി ആക്കിയിരുന്നു. വലിയ വലിയ ആളുകൾ വന്ന് പ്രസംഗിക്കുന്നത് ഏറ്റവും
പിറകിലിരുന്ന് അവർ കേട്ടിരുന്നു..പിന്നെ കുട്ടികളുടെ കലാപരിപാടികളായി.
ഒന്നാം ക്ളാസുകാരുടെ ഡാൻസ് ആയിരുന്നു ആദ്യം..മിന്നുന്ന കുപ്പായമിട്ട്
വന്ന കുട്ടികളുടെ കൂട്ടത്തിൽ ആദ്യമവർക്ക് രാംസിങ്ങിനെ തിരിച്ചറിയാനേ
പറ്റിയില്ല..

വേദിയിൽ പാട്ടിനനുസരിച്ച് ചുവടുകൾ വക്കുകയാണ് രാംസിങ്ങ്. ഹിന്ദിയിലുള്ള
,സിനിമാപ്പാട്ട് ടീച്ചർ ഡാൻസ് ആക്കിയതാണ്. .മുന്നിൽ നിറയെ ആളുകൾ..അവനാണ്
ഡാന്‍സിന്റെ നേതൃത്വം. ആൾക്കൂട്ടത്തിലേക്ക് കണ്ണയച്ചപ്പോൾ ഏറ്റവും പിറകിൽ
അവൻ അവനെ മാത്രം നോക്കിയിരിക്കുന്ന ശിവ്ജിയെയും ഗൗരിയെയും അമ്മയുടെ
മടിയിലിരുന്ന് കളിക്കുന്ന ആംലയെയും കണ്ടു. പിന്നെ അവൻ എല്ലാം മറന്ന്
കളിച്ചു. കർട്ടൻ താണപ്പോൾ ആളുകൾ കയ്യടിച്ചു.. ഡാൻസ് കഴിഞ്ഞപ്പോൾ
കുട്ടികൾക്ക് സമ്മാനം കൊടുക്കുന്നുണ്ടായിരുന്നു..മൈക്കിൽ രാംസിങ്ങിന്റെ
പേരു വിളിക്കുന്നത് ശിവ്ജിയും ഗൗരിയും ആഹ്ളാദത്തോടെ കേട്ടിരുന്നു..
സ്കൂളിലെ ഹെഡ്മാസ്റ്റർ അവന് സമ്മാനം നൽകി..അവൻ ആവേശത്തോടെ സമ്മാനം
ഉയർത്തിക്കാണിച്ചപ്പോൾ ശിവ്ജിയുടെയും ഗൗരിയുടെയും ഹൃദയങ്ങൾ പെരുമ്പറപോലെ
മുഴങ്ങി.പിന്നെ ഒാരോ ക്ളാസിലും നന്നായി പഠിച്ച കുട്ടികൾക്കുള്ള
സമ്മാനദാനമായിരുന്നു. ഒന്നാം ക്ളാസിലെ മികച്ച കുട്ടിയായി രാംസിങ്ങിനെയും
തിരഞ്ഞെടുത്തതായി ടീച്ചർ മൈക്കിലൂടെ പറയുന്നു..രാംസിങ്ങ് പിന്നെയും
സ്റ്റേജിലെത്തി. സമ്മാനം വാങ്ങി വേദിയിൽ നിന്നിറങ്ങിയ അവൻ
കാണികൾക്കിടയിലൂടെ നടന്ന് ശിവ്ജിക്കും ഗൗരിക്കും അടുത്തെത്തി..കിട്ടിയ
സമ്മാനം അവരുടെ കൈകളിൽ നൽകുമ്പോൾ ഗൗരി സന്തോഷം കൊണ്ട് കരഞ്ഞു പോയി.
അവളവനെ മാറോട് ചേർത്തുപിടിച്ചു.

              വാർഷികം കഴിഞ്ഞ് മടങ്ങിപ്പോരുമ്പോൾ ശിവ്ജി മകനെ ഒാർത്ത്
അഭിമാനം കൊണ്ടു. ഗലിയിലെ ചളിക്കുഴിയിൽ നിന്ന് തന്റെ മകൻ
രക്ഷപ്പെട്ടിരിക്കുന്നു. അവനിപ്പോൾ സേഠിന്റെ മക്കളെപ്പോലെ പഠിച്ചു
മിടുക്കനാകുന്നു.

സ്കൂൾ അടച്ചതോടെ രാംസിങ്ങ് വീട്ടിലും ഫാമിലുമായി കഴിച്ചുകൂട്ടി. സ്കൂൾ
എന്നും ഉണ്ടായിരുന്നെങ്കിൽ എന്നവൻ ആലോചിച്ചു. ചില ദിവസങ്ങളിൽ അയൽപക്കത്തെ
കുട്ടികൾ അവനെ തിരഞ്ഞു ഫാമിലേക്കു വരും..അവരുടെ കൂടെ കളിക്കാൻ
കൊണ്ടുപോകും..അവരുടെ വീടുകളിലെല്ലാം പോകും..
                             അടുത്ത ദിവസമായിരുന്നു ഗ്രാമത്തിലെ ഉത്സവം.
രാംസിങ്ങിനെയും കുടുംബത്തെയും നാട്ടുകാരെല്ലാം ക്ഷണിച്ചിരുന്നു.
..ആനയും ചെണ്ടയും ഒക്കെയായി ഉത്സവമാണ്..ശിവ്ജി കണ്ടിട്ടുണ്ട് കടയിലേക്ക്
പോകും വഴി ആ ക്ഷേത്രം...അതിന്റെ മുന്നിലെത്തുമ്പോളൊക്കെ ഗലിയിലെ ഗണേശനെ
അയാൾ കണ്ടു.. അപ്പോൾ അയാൾ മുകളിലേക്ക് കൈകൾ കൂപ്പിയുയർത്തി പറയും.. ജയ്
ശ്രീരാം..ഗലിയിൽ ദീപാവലിയും ഹോളിയുമെല്ലാം എല്ലാവരും ചേർന്ന് ആഘോഷിക്കും.
എല്ലാ മതവിഭാഗത്തിൽ പെട്ടവരും ഗലിയിൽ ഉണ്ടായിരുന്നെങ്കിലും ആഘോഷസമയത്ത്
എല്ലാം മറന്ന് ഒന്നാകും. ചിലയിടങ്ങളിൽ കാർണിവലുകൾ ഉണ്ടാകും . അവിടെ വലിയ
തിരക്കായിരിക്കും.  സർക്കസും സൈക്കിൾ അഭ്യാസവും പല തരം സാധനങ്ങളുടെ
വിൽപനയും പൊടിപൊടിക്കും,,
                കാർണിവലിൽ കണ്ട ആന ബീഹാറിൽ നിന്നും കൊണ്ടുവന്നതാണെന്ന്
ശിവ് ജി രാംസിങ്ങിനോട് പറഞ്ഞു,, സോൺപൂരിൽ എല്ലാ വർഷവും ചന്ത
ഉണ്ടാകുമെത്രേ,, ഹാജിപ്പൂരിൽ നിന്നും ഏറെ ദൂരെ, അവിടെ ആനകളെയും മറ്റു
മൃഗങ്ങളെയുമെല്ലാം,കാഴ്ചക്കു നിർത്തും,, കേരളത്തിലെ വലിയ സേഠ്മാർ വന്ന്
ലേലം നടത്തി  തുകയുറപ്പിക്കും, പിന്നെ ഹാഥി ആനയായി മാറി കേരളത്തിലേക്ക്
ലോറി കയറും,, ബീഹാർ കാടുകൾ അവനിൽ ഓർമ്മകൾ മാത്രമാകും,,, അതുവരെ
പാപ്പാൻമാർ പറഞ്ഞിരുന്ന ഭാഷ മറക്കണം,, ഇവിടെ വന്ന് പുതിയ പാപ്പാൻമാർ
പുതിയ ഭാഷ അടിച്ചു പഠിപ്പിക്കും,, ബീഹാറിൽ തിന്നിരുന്ന ആഹാരം വിട്ട്
ഇവിടത്തെ ആഹാരത്തിന് പാകപ്പെടും,,,, ജീവിക്കാനുള്ള പെടാപ്പാടുകൾ,

        നെറ്റിപ്പട്ടം കെട്ടി നിൽക്കുന്ന അതിന്റെ കണ്ണുകൾ നിറഞ്ഞു
കവിയുന്നത് രാംസിങ്ങ് കണ്ടു,, നാലു കാലിലും ചങ്ങലകൾ,,
മുറിഞ്ഞുണങ്ങിക്കിടക്കുന്ന പാടുകൾ,,, ,ജീവിതത്തിലെ ഒരിടത്തേയും
ഓർമ്മകളെയും മറ്റൊരിടം കൊണ്ട് മായ്ച്ചെടുത്തതിന്റെ
തീരാപ്പാടുകൾ,,മുന്നിലിട്ടിരിക്കുന്ന പനമ്പട്ടയിൽ നിന്ന് ഓരോ ചീന്തായി
എടുത്തു തിന്നുകയാണത്








                                        രാംസിങ്ങിന് കൂട്ടുകാർ ഒരുപാട്
സമ്മാനങ്ങൾ വാങ്ങിക്കൊടുത്തു..പലതരം പാവകളും , കളിവണ്ടികളുമൊക്കെയായി
അവന്റെ കൈ നിറയെ സ്നേഹങ്ങൾ. ശിവ്ജി ഗൗരിക്ക് കുപ്പിവളയും ചാന്തും
കൺമഷിയുമെല്ലാം വാങ്ങിക്കൊടുത്തു..നാട്ടിൽ കിട്ടാത്ത ഒരു പാട് പലഹാരങ്ങൾ
ഉണ്ടായിരുന്നു ഉത്സവപറമ്പിൽ. അതെല്ലാം വാങ്ങിത്തിന്നും ചെണ്ടമേളം കേട്ടും
അവർ പറമ്പിൽ ചുറ്റിത്തിരിഞ്ഞു..എല്ലാ നാട്ടുകാർക്കും ഇപ്പോൾ അവരെ
അറിയാം..ആരും അവരെ സംശയത്തോടെ നോക്കുന്നില്ല. അന്യനാട്ടുകാരാണ് എന്ന
ഭാവമേ കാണിച്ചിരുന്നില്ല.
                                      ആയിടക്ക് ഒരു ദിവസം മുതലാളി
വന്നപ്പോൾ ശിവ്ജിയോട് രാംസിങ്ങിനെ അന്വേഷിച്ചു.

ഭായി ഞാൻ നിങ്ങളുടെ രാംസിങ്ങിന് ഒരു സമ്മാനം കൊണ്ടു വന്നിട്ടുണ്ട്. ഒരു
സൈക്കിൾ..വീട്ടിലെ കുട്ടികൾ വലുതായപ്പോൾ ഇതവിടെ വെറുതെ ഇരിക്കുകയാണ്..

സേഠ്...അതൊന്നും വേണ്ടിയിരുന്നില്ല...

അതിനെന്താ....രാംസിങ്ങ് ഒാടിച്ചു പഠിക്കട്ടെ..ഇനി ചെറിയ കുട്ടി
വലുതാകുമ്പോൾ അവൾക്കും കളിക്കാമല്ലോ..

അരേ രാംസിങ്ങ്...ആവൊ..ദേഖൊ..സേഠ് തും കൊ കുഛ് ദേനാ ഹെ

രാംസിങ്ങ് ഉള്ളിൽ നിന്നും വരുമ്പോൾ ശിവ്ജിയും മുതലാളിയും ചേർന്ന് കാറിൽ
നിന്ന് സൈക്കിൾ പുറത്തെടുക്കുകയായിരുന്നു,,

യഹ് സൈക്കിൾ രാം സിങ്ങ് കേ ലിയേ...മുതലാളി പറഞ്ഞു

രാംസിങ്ങിന് അത്ഭുതമായി, കൂട്ടുകാരില്‌ പലർക്കും സൈക്കിളുണ്ട്..അവരുടെ
വീടുകളിൽ പോകുമ്പോൾ ഒാടിച്ചു കളിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ തനിക്കും ഒരു
സൈക്കിൾ ..അവൻ അതിൽ കയറി മുറ്റത്തുകൂടി ഒാടിച്ചു തുടങ്ങി..

ഭായി കുട്ടികളുടെ സന്തോഷമാണ് സന്തോഷം...

ശരിയാണ് സേഠ്..അവനൊരുപാട് സന്തോഷമായിട്ടുണ്ട്..
                            രണ്ടുമാസം പോയതറിഞ്ഞില്ല..രാംസിങ്ങ് ഇപ്പോൾ
രണ്ടാം ക്ളാസിലേക്കായി. പുതിയ ക്ളാസില്‍ വസന്ത ടീച്ചറായിരുന്നു അവന്റെ
ടീച്ചർ. ആദ്യ ദിവസം തന്നെ ടീച്ചർ അവനെ ക്ളാസിന്റെ നേതൃത്വം ഏൽപ്പിച്ചു.
ബോർഡ് വൃത്തിയാക്കിയിടുക, ടീച്ചർ ഇല്ലാത്ത സമയം മറ്റു കുട്ടികളെ
നിയന്ത്രിക്കുക ഒക്കെ രാംസിങ്ങിന്റെ ചുമതലയായി. രാംസിങ്ങ് രണ്ടാം
ക്ള്സിലായാലും ഇടക്ക് ഒന്നാം ക്ളാസിൽ പോയി എത്തിനോക്കും..അവന്റെ
പ്രിയപ്പെട്ട ടീച്ചറെക്കാണാൻ..ചെല്ലുമ്പോഴൊക്കെ ടീച്ചർ അവന് വായിക്കാൻ
പുസ്തകമോ, ഒരു കളർപെൻസിലോ ഒക്കെ സമ്മാനം കൊടുക്കും..
                          ആവർഷം സ്കൂളിലെ കായികമേളക്ക് രണ്ടാം ക്ളാസിൽ
നിന്നും ഒാട്ടമത്സരത്തിന് പങ്കെടുത്തത് രാംസിങ്ങ് ആയിരുന്നു.
നാലാംക്ളാസിലെ മുതിർന്ന കുട്ടികൾക്കൊപ്പമായിരുന്നു അവനെയും ഒാടാൻ
നിർത്തിയത്. സ്റ്റാർടിങ് പോയന്റിൽ വരച്ച വരയിൽ എല്ലാവരും നിന്നു. വിസിൽ
മുഴങ്ങി..അവന്റെ കൂട്ടുകാർ രാംസിങ്ങ്..രാംസിങ്ങ്
എന്നാര്‍ത്തുവിളിച്ചുകൊണ്ടിരുന്നു..അവൻ കുതിച്ചു പാഞ്ഞു. തന്നെക്കാൾ
മുതിർന്ന കുട്ടികളോട് മത്സരിച്ച് അവൻ ഒന്നാം സ്ഥാനത്തെത്തി. വേറയും കുറെ
മത്സരങ്ങൾ ഉണ്ടായിരുന്നു. ചുണ്ടിൽ കടിച്ചു പിടിച്ച നാരങ്ങ വീഴാതെ ഒാടി
ഏറ്റവും ആദ്യമെത്തിയതും രാം സിങ്ങ് ആയിരുന്നു..ടീച്ചർമാർ എല്ലാവരും അവനെ
അഭിനന്ദിച്ചു..അന്ന് സ്കൂളിൽ നിന്നും മടങ്ങിയെത്തിയപ്പോൾ അമ്മയുടെ മുഖം
വല്ലാതെ മാറിയിരിക്കുന്നു. തനിക്ക് ഒാട്ടത്തിൽ ഒന്നാമതായതും സമ്മാനം
കിട്ടിയതുമെല്ലാം അവൻ വാതോരാതെ  പറഞ്ഞിട്ടും അമ്മ ഒന്നും പറഞ്ഞില്ല ഏറെ
നേരം കഴിഞ്ഞ് അവനെ ചേർത്തുനിർത്തി ഗൗരി പറഞ്ഞു..

രാംസിങ്ങ് നീ വിഷമിക്കരുതെ...നമ്മൾ ഇവിടം വിട്ട് വീണ്ടും ഗലിയിലേക്ക്
മടങ്ങിപ്പോകുകയാണ്...ചില കാര്യങ്ങളുണ്ട് ..അതൊന്നും നിനക്ക് പറഞ്ഞാൽ
മനസ്സിലാവില്ല...

ശിവ്ജിയുടെ മുഖവും ഇരുണ്ടിരുന്നു..അന്നുച്ചക്കാണ് ബിമൽ ദാ വിളിച്ചത്. ഉടൻ
ഗലിയിലേക്ക് മടങ്ങിച്ചെല്ലണം. ഗലിയിലെ എല്ലാ താമസക്കാർക്കും സർക്കാർ വീടു
നൽകാൻ പോകുന്നു. പുറമ്പോക്കിൽ താമസിക്കുന്ന എല്ലാർക്കും ഗലിക്കപ്പുറം
പാഴ്നിലമായിക്കിടന്ന സർക്കാർ ഭൂമിയിൽ സൗകര്യത്തോടുകൂടിയ കോൺക്രീറ്റ്
വീടുകൾ. ശിവ്ജിക്കും കുടുംബത്തിനും വീടു കിട്ടണമെങ്കിൽ ഗലിയിലേക്ക്
മടങ്ങിച്ചെല്ലണം. സർക്കാർ നിയമിച്ച ഉദ്യേഗസ്ഥർ വരും ആഴ്ചയിൽ സ്ഥലം
പരിശോധിക്കാൻ വരുന്നു. അപ്പോൾ അവിടെതാമസിക്കുന്നവരെയാണ് കണക്കിൽ
പെടുത്തുക.  പുതുതായി നിർമിക്കുന്ന റോഡ് കടന്നു പോകുന്നത് ഗലിയിലൂടെയാണ്.
റോഡിനു വേണ്ടി ഗലി ഏറ്റെടുത്ത് പകരം സർക്കാർ മറ്റൊരു സ്ഥലം തരികയാണ്.
മടങ്ങിച്ചെന്നില്ലെങ്കിൽ പിന്നീട് സ്ഥലം ലഭിക്കില്ല..
                        ശിവ്ജി കുറെ ആലോചിച്ചു. ഇവിടെ ഇപ്പോൾ വന്ന്
പണികൾ പഠിച്ചു. അത്യാവശ്യം കൂലിയുണ്ട്. വല്ലതും മിച്ചം പിടിക്കാനും
കഴിയുന്നുണ്ട്. പണി ഉപേക്ഷിച്ചു പോയാൽ ഇതുപോലൊരു പണി പിന്നിട്
കിട്ടുകയില്ല..ഇവിടുത്തെ ഫാം, സ്കൂൾ, മുതലാളി നാട്ടുകാര്‍ എല്ലാതും
വിട്ടുപോകണം,,പോയില്ലെങ്കിൽ ഗലിയിലേക്ക് ഇനിയൊരു മടക്കമില്ല..അവിടെ
തങ്ങൾക്കായി ഒരു തരി മണ്ണുണ്ടാവില്ല. ഇവിടെ ആരോഗ്യമുള്ള കാലം വരെയേ
ജോലിയുണ്ടാകൂ..എന്നായാലും ഒരു മടക്കം വേണ്ടതുമാണ്.. ഇനിയും അവിടത്തെ
മുഷിഞ്ഞ ജീവിതത്തിലേക്ക് തിരിച്ചു പോകണം. ജീവിതത്തിന് ഒരർഥമുണ്ടായത്,
ജീവിച്ചു എന്ന് തോന്നിയത് ഇവിടെ വച്ചാണ്...പക്ഷേ മടങ്ങിയേ മതിയാകൂ...

കാര്യങ്ങൾ ശിവ്ജി പറഞ്ഞപ്പോൾ രാംസിങ്ങിനും കരച്ചിൽ വന്നു. ഇവിടത്തെ
സ്കൂളും അധ്യാപകരും, കൂട്ടുകാരും അവന് അത്രമേൽ
പ്രിയപ്പെട്ടതായിരുന്നു..ഫാമിനുമുന്നിൽ അവൻ നട്ടു വളർത്തിയ പൂച്ചെടികൾ,
അതിൽ വന്നിരിക്കുന്ന പൂമ്പാറ്റകൾ, സ്കൂളിൽ ടീച്ചർ അവനെക്കൊണ്ടു നടീച്ച
പേര മരം, അതിന്റെ വളർന്നുയരുന്ന ശിഖരങ്ങൾ, കുരുന്നിലകൾ, അവന്റെ ശ്വാസം
നിറഞ്ഞു നിൽക്കുന്ന സ്കൂൾ, അവന്‍ വരച്ച ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ച
ക്ളസ് മുറി എല്ലാം വിട്ട് ഒരു തിരിച്ചുപോക്ക് അവൻ
ചിന്തിച്ചതേയായിരുന്നില്ല..ഇവിടത്തെ ഭാഷയിൽ അവൻ പഠിച്ച പാട്ടുകൾ..ടീച്ചർ
പറഞ്ഞുതന്ന കഥകൾ എല്ലാം ഇവിടെ ഉപേക്ഷിച്ച് പോകേണ്ടി വരുന്നതേർത്ത് അവൻ
പൊട്ടിക്കരഞ്ഞു.


പിറ്റന്ന്
ക്ളാസിൽ അവൻ മൂകനായിരുന്നു..തലേന്ന് ടീച്ചർ ചെയ്യാനേൽപ്പിച്ച ഹോംവർക്ക്
അവൻ ചെയ്യിരുന്നില്ല..

രാംസിങ്ങ് നിനക്കിതെന്തുപറ്റി..ടീച്ചർ ചോദിച്ചു..
ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി..
ടീച്ചർ ഞാൻ ഇനി സ്കൂളിലേക്ക് വരുന്നില്ല ടീച്ചർ, ഞങ്ങൾ നാട്ടിലേക്ക്
തിരിച്ചു പോകുകയാണ്..തിരിച്ചു പോയേ മതിയാകൂ..

ടീച്ചർക്കും ആകെ വിഷമമായി. സ്കൂൾ മുഴുവൻ ആ വാർത്ത പരന്നു..രാം സിങ്ങ്
പോകുകയാണെന്ന്..സ്കൂൾ വിടുകയാണെന്ന്..സ്കൂളിലെ ഏറ്റവും മിടുക്കനായ
കുട്ടി. എന്തിലും ഏതിലും ഒന്നാമതാകുന്നവൻ,,കുറഞ്ഞ കാലം കൊണ്ട് എല്ലാവരും
അവനെ അത്രയധികം സ്നേഹിച്ചിരുന്നതാണ്.. അന്ന് വൈകുന്നേരം വരെ അവൻ
ക്ളാസിലിരുന്ന് കരഞ്ഞു തീർത്തു. എല്ലാ കുട്ടികളും അവന്റെയൊപ്പം കരഞ്ഞു.
കൂട്ടൂകാർക്ക് അവനെ പിരിയാൻ കഴിയുമായിരുന്നില്ല..മുതിർന്ന
ക്ളാസുകാർക്കുപോലും വിഷമമായി..
                                  വൈകിട്ട് ടീച്ചർമാരെല്ലാം കൂടി
ഫാമിലെത്തി..ശിവ്ജിയും ഗൗരിയും അവരോട് കാര്യങ്ങൾ എല്ലാം പറഞ്ഞു.എല്ലാം
കേട്ടപ്പോൾ പോകാനെടുത്ത തീരുമാനത്തിൽ തെറ്റില്ലയെന്ന് അവർക്കും തോന്നി..
എന്തായാലും തിരിച്ചുപോകുന്ന അന്നു വരെ രാംസിങ്ങിനെ സ്കൂളിൽ വിടണമെന്നു
പറഞ്ഞ് അവർ തിരിച്ചുപോയി..

                                 അന്ന് വൈകിട്ട് മുതലാളിയും അൻവറും വന്നു..

ഭായി പോകാൻ തന്നെ തീരുമാനിച്ചോ?

ഹാം സേഠ് പോയേ പറ്റൂ..അല്ലെങ്കിൽ ഇനിയൊരിക്കലും പോകാനാവില്ല..അത്ര മേൽ
പ്രശ്നത്തിലാണ് കാര്യങ്ങൾ..ഇവിടെ ഞങ്ങൾ സ്വർഗത്തിിലായിരുന്നു.ഇനി
പോകുന്നത് വീണ്ടും നരകത്തിലേക്കാണ് സേഠ്..അതറിയാം പക്ഷേ
പോകാതിരിക്കാനാകില്ലല്ലോ..എത്രയായാലും ജനിച്ചു വളർന്ന നാടല്ലേ..അവിടെ
ഇത്തിരി മണ്ണ് സ്വന്തമായി ഉണ്ടാവുകയെന്നത് ഒരാവശ്യമല്ലേ
സേഠ്.പോകാതിരുന്നാൽ ഭാവിയിൽ എന്റെ കുട്ടികൾ എന്നോട് തിരിച്ചു
ചോദിക്കില്ലേ...രാംസിങ്ങ് ഒരു ആൺകുട്ടിയാണ്...പക്ഷേ ആംലയുടെ കാര്യം
നോക്കണ്ടേ..ഈ നാടിൽ നിന്ന് അവൾക്കെങ്ങനെ ഒരു ജീവിതമുണ്ടാകും..

താങ്കൾ പറയുന്നതൊക്കെ ശരിയാണ് ഭായ്...ഞാൻ പോകണ്ട എന്നു പറഞ്ഞാൽ
എനിക്കൊരു പണിക്കാരൻ പോകുന്നതുകൊണ്ടാണെന്ന് ഭായി
വിചാരിക്കരുത്...നിങ്ങൾ ആത്മാർഥതയുള്ളവനാണ്...എപ്പോൾ വേണമെങ്കിലും
ഭായിക്ക് ഇവിടേക്ക് തിരിച്ചുവരാം..ഈ ഫാം ഭായിയുടെ സ്വന്തം പോലെ
വിചാരിക്കാം..

സേഠ് താങ്കളെനിക്ക് ദൈവമാണ്..ഒരു തിരിച്ചുവരവുണ്ടെങ്കിൽ ഞാനിവിടേക്ക്
തീർച്ചയായും വന്നിരിക്കും..നാളെ വൈകിട്ട് ഒരു

വണ്ടിയുണ്ട് ..അതിൽ പോയാൽ രണ്ടുദിവസത്തിനുള്ളിൽ അവിടെയെത്താം...

ഭായി .നിങ്ങളുടെ കൂലി ബാക്കിയുള്ളത് ഞാൻ കൊണ്ടുവന്നിട്ടുണ്ട്. ഇനി
എന്തെങ്കിലും കൂടുതൽ വേണമെങ്കിൽ പറഞ്ഞോളൂ മടിക്കണ്ട..നാളെ പോകണമെങ്കിൽ
ഇവിടേന്ന് ഒരു ഒാട്ടോറിക്ഷ ഏർപ്പാടാക്കാം...അൻവറിനോട് പറയാം...

ശരി സേഠ്....താങ്കളുടെ കയ്യിൽ നിന്നാണ് ഞാൻ കൈ നിറയെ പണം
വാങ്ങിയിട്ടുള്ളത്..ഞങ്ങൾ മരിക്കുംവരെ എന്റെ കുട്ടികൾ വരെ താങ്കളോട്
കടപ്പെട്ടവരാണ്...
 സേഠിന്റെ കാർ കടന്നുപോയപ്പോൾ ഹൃദയം നുറുങ്ങുന്ന പോലെ ശിവ്ജിക്ക്
തോന്നി,ദൈവം അകന്നുപോകും പോലെ..അന്ന് രാത്രി ആർക്കും
ഉറക്കമുണ്ടായില്ല.പിറ്റേന്നത്തെ യാത്രക്ക് എല്ലാം ഒരുക്കണം...മലയാളം
പഠിക്കാനായി തങ്ങൾക്ക് കിട്ടിയ പുസ്തകങ്ങൾ ഗൗരി ഭദ്രമായി ബാഗിൽ
വച്ചു..മറക്കാൻ കഴിയില്ല മലയാളത്തെ.രാംസിങ്ങിനെ എങ്ങിനെ
സമാധാനിപ്പിക്കണമെന്നറിയാതെ അവർ കുഴങ്ങി...ഒാരോ നോട്ടത്തിലും അവൻ
വിങ്ങിപ്പൊട്ടി..കരഞ്ഞു കരഞ്ഞ് എപ്പോളോ അവൻ ഉറങ്ങി..പിറ്റേന്ന്
എഴുന്നേല്‍ക്കുമ്പോഴും അവന് ഒരുത്സാഹവുമുണ്ടായിരുന്നില്ല..എന്നാലും
കുളിച്ചൊരുങ്ങി അവൻ സ്കൂളിലേക്ക് പുറപ്പെട്ടു..അന്ന് അവനെ ഒരുക്കി
വിടുമ്പോൾ ഗൗരി കരഞ്ഞു പോയി. രാംസിങ്ങ് ഒരു മനുഷ്യനാകാൻ തുടങ്ങിയിട്ടേ
ഉണ്ടായിരുന്നുള്ളൂ.. തങ്ങളുടെ ജീവിതവും ഫാമിലെ കോഴികളുടെ ജീവിതവും ഒരു
പോലെയാണ്..പേരില്ലാതെ, അടയാളപ്പെടുത്തലുകളില്ലാതെ...എന്തിന് ജനിച്ചു
ജീവിച്ചു എന്നുപോലുമറിയാത്ത കോഴികളെപ്പോലെ...

            അന്ന് സ്കൂളിലേക്ക് പോകുമ്പോൾ കൂട്ടുകാർക്കിടയിൽ
കളിചിരികളുണ്ടായില്ല..എല്ലാവരും ഏതോ ഭാരം പേറി പരസ്പരം മിണ്ടാതെ
തലകുനിച്ചു നടന്നു..

സ്കൂൾ എത്താറായപ്പോൾ രാം ദേവ് ചേദിച്ചു

രാംസിങ്ങ് നീ ഞങ്ങളെയൊക്കെ മറക്കുമോ?

 ഇല്ല ഒരിക്കലുമില്ല...അവൻ കരഞ്ഞു പോയിരുന്നു..

ക്ളാസിൽ ചെന്നപ്പോൾ എല്ലാ കൂട്ടുകാരും അവൻ സമ്മാനങ്ങൾ കൊണ്ടു
വന്നിരിക്കുന്നു.എല്ലാ ടീച്ചർമാരും അവന് കുറെയേറെ പുതുവസ്ത്രങ്ങൾ നൽകി.
മീനാകുമാരി ടീച്ചർ മാത്രം അവന് ഒരു കെട്ട് പുസ്തകങ്ങളും ഒരു പെട്ടിനിറയെ
കളർ പെൻസിലുകളും കൊടുത്തു..

രാംസിങ്ങ്..നിന്റെ ജീവിതം മുഴുവൻ നിറം കൊടുക്കാനുള്ള പുസ്തകങ്ങളും
പെൻസിലുകളുമുണ്ടിതിൽ ..എന്നും ഈ സ്കൂൾ നിന്റെ ഒാർമയിലുണ്ടാകണം..നീ
തിരിച്ചുവരും എന്റെ മനസ്സു പറയുന്നു..നമ്മളിനിയും കാണും.
                 ഉച്ചയായപ്പോഴേക്കും ശിവ്ജിയും ഗൗരിയും ഒാട്ടോറിക്ഷയിൽ
സ്കൂളിലെത്തി..എല്ലാ അധ്യാപകരും രാംസിങ്ങിനെ യാത്രയാക്കാൻ
ഗ്രൗണ്ടിലെത്തി..എല്ലാ കുട്ടികളും അവനുചുറ്റും കൂടി നിന്നു.
വണ്ടി നീങ്ങുമ്പോൾ രാംസിങ്ങ് ഒന്നുകൂടി തിരിഞ്ഞു നോക്കി,, കണ്ണിന്
മുമ്പിൽ വന്ന മൂടലിലൂടെ മീനാകുമാരി ടീച്ചർ അകന്നുപോകുന്നു.
 കൂട്ടുകാർ അകന്നുപോകുന്നു,, കൈവീശി നിന്ന അവരോട് കണ്ണെത്തും ദൂരം വരെ
അവനും കൈ വീശി,, അപ്പോൾ വീശിയടിച്ച
കാറ്റിന് കണ്ണീരിന്റെ മണമുണ്ടായിരുന്നു,

(അവസാനിച്ചു

No comments:

Post a Comment