പുളിമുക്ക്
ടൌണില്‍ കറങ്ങിത്തിരിഞ്ഞ് നടക്കുമ്പോള്‍ ഓര്‍ക്കാപ്പുറത്ത് ഓമനക്കുട്ടന്‍ ഒരു ജാഥക്കിടയില്‍ പെട്ടു.അവരില്‍ ഒരാളായി ഓമനക്കുട്ടനും നടന്നു, അങ്ങിനെ നടക്കുമ്പോള്‍ അന്നത്തോളം അനുഭവിക്കാത്ത ഒരു ഒരു സുരക്ഷിതത്വം അയാളെ പൊതിഞ്ഞു, താനും ഇപ്പോള്‍ ഒരാളായ പോലെ, തണുപ്പുകാലത്ത് ഉടുമുണ്ട് കൊണ്ട് തലവഴി മൂടിപ്പുതക്കുന്ന പോലെ ജാഥ കൊണ്ട് ഓമനക്കുട്ടന്‍ തന്നെ പുതച്ചു .
ഇപ്പോള്‍ എന്നും തന്നോട് വഴക്കടിക്കുന്ന മദ്യപാനിയായ കൂട്ടുകാരന്‍ തനിക്കു വിഷയമല്ല, അതിര്‍ത്തി തുരക്കുന്ന അയല്‍ക്കാരന്‍ തനിക്കു പ്രശ്നമല്ല , തനിക്കും നാലാള്‍ കൂടെ ഉണ്ട് എന്ന തോന്നല്‍ ..
എല്ലാ ഷര്‍ട്ടുകളും കീറിക്കഴിഞ്ഞപ്പോള്‍ അലമാരയില്‍ അവശേഷിച്ച കല്യാണക്കുപ്പായമാണ് ഒമാനക്കുട്ടന്റെ വേഷം. അതാകട്ടെ ജാഥയില്‍ അയാള്‍ക്ക് ഒരു സവിശേഷ വ്യക്തിത്വം തന്നെ നല്‍കുകയും ചെയ്തിരുന്നു
ഒരു വളവില്‍ വച്ച് ജാഥയില്‍ നിന്നും ഒന്ന് തെറ്റി നടന്ന ഓമനക്കുട്ടന്‍ ഓശാരത്തിനു കയ്യില്‍ കിട്ടിയ കൊടി ഉയര്‍ത്തി ഒന്ന് തിരിഞ്ഞു നോക്കി,ജാഥയുടെ ഒരു ഭാഗം ഇതാ തന്റെ ഒപ്പം നടക്കുന്നു .ഓമനക്കുട്ടന് വിശ്വസിക്കാന്‍ ആയില്ല.പിറകില്‍ നിന്നും ഒരാള്‍ തന്റെ പേര് ചോദിച്ചപ്പോള്‍ നല്ല ഉശിരില്‍ തന്നെ അയാള്‍ തന്റെ പേര് പറഞ്ഞു കൊടുത്തു .
ഓമനക്കുട്ടന്‍
ഓമനക്കുട്ടന്‍കീ ജയ്
ധീരാ വീരാ നേതാവേ
ധീരതയോടെ നയിച്ചോളൂ
ലക്ഷം ലക്ഷം പിന്നാലെ
ഓമനക്കുട്ടന് കോരിത്തരിച്ചു .താനും ഒരു നേതാവായി,നടന്നു നടന്നു ജാഥ നഗരം പിന്നിട്ടു .ഇതിനിടെ തനിക്ക് വായില്‍ തോന്നിയതൊക്കെ ഓമനക്കുട്ടനും വിളിച്ചു പറഞ്ഞു .ഒപ്പം ഉളവര്‍ അതേറ്റു പാടി, തനിക്കും കുറെ കാര്യങ്ങള്‍ അറിയാം എന്നയാള്‍ക്ക് ബോധ്യമായി .
ഇടവഴി കടന്നു തിരിഞ്ഞപ്പോള്‍ അയാള്‍ക്ക് പെട്ടെന്ന് തന്റെ വീട് തിരിച്ചറിഞ്ഞു, വയസ്സായ അച്ഛന്‍,പൂമുഖത്തെ അമ്മയുടെ ചില്ലിട്ടു തൂക്കിയ ചിത്രം ,കെട്ടിച്ച കടം തീരും മുമ്പേ പൊറുതി മതിയാക്കിയ പെങ്ങള്‍ ,കെട്ടിയ കടം തീരും മുമ്പേ പിണങ്ങിപ്പോയ ഭാര്യ, നാടുവിട്ട അനുജന്‍ ...ഓമനക്കുട്ടന്‍ അത്താണി കടന്നു വീട്ടിലേക്കു കയറി ..
ചൊക്ലിപ്പട്ടി കുരച്ചത് കൊണ്ടാകണം ജാഥ നിന്നു.പൊടുന്നനെ നേതാവിനെ നഷ്ടപ്പെട്ട ജനം അത്താണിക്ക് അപ്പുറം ചുറ്റിത്തിരിഞ്ഞു, കൂട്ടത്തില്‍ ഒരുവന്‍ വഴിയരികിലെ പുളിമരത്തില്‍ കയറി ഇരുന്നു. പതിയെ പതിയെ മൂളലും ചീറലും ചിറകടിയുമായി ബാക്കി ഉള്ളവരൊക്കെ അയാളെ പൊതിഞ്ഞു .
ഓമനക്കുട്ടന്റെ വീട്ടിന്റെ മുമ്പിലെ പുളിയില്‍ കാട്ടുകടന്നലുകളുടെ കൂടുണ്ടെന്നും അതുവഴി സ്കൂളിലേക്ക് പോകരുത് എന്നും അമ്മമാര്‍ കുട്ടികളെ വിലക്കി തുടങ്ങി . അക്കാലത്ത് ഗ്രാമത്തിലേക്ക് സര്‍വീസ് ആരംഭിച്ച ഒറ്റ ബസ്സിനു പുളിമുക്ക് എന്നാ പുതിയ സ്റ്റോപ്പുകൂടി ആരംഭിക്കുകയും ചെയ്തു
Post Top Ad
ഉള്ളടക്കം
Monday, December 21, 2015
Subscribe to:
Post Comments (Atom)
No comments:
Post a Comment