അടുക്കളയില്‍
അമ്മ ഒളിപ്പിച്ച
മിഠായിഭരണി
അച്ഛന്‍ എടുത്തുവച്ച
പുതിയ
കളര്‍ പെന്‍സില്‍
എന്തിനേറെ
മുത്തച്ഛന്റെ
കാണാതായ കണ്ണടയും
മുത്തശിയുടെ
തുന്നല്‍ സൂചിയും
ടീച്ചറുടെ പേനയുടെ
അടപ്പും
കൂട്ടുകാരിയുടെ
ഊരിപ്പോയ
കമ്മലും
കിണറ്റിലെ പൊന്മാന്‍,
മരത്തിലെ അണ്ണാന്‍ കൂടും
ചേമ്പിലയിലെ വെള്ളത്തുള്ളിയും
കുലുക്കിത്തുപ്പിയപ്പോള്‍
മഴവില്ലുണ്ടായതും
അയലോക്കത്തെ
രമണി ചേച്ചിയുടെ
കണ്ണിലെ കരടു പോലും
കണ്ടു പിടിച്ചത് ഈ ഞാനാ
എന്നിട്ടോ
ക്വിസ് ബുക്കില്‍
ഒരു ചോദ്യം പോലുമില്ല
എന്നെപ്പറ്റി
എന്റെ കണ്ടുപിടുത്തങ്ങളെപ്പറ്റി
വെച്ചിട്ടുണ്ട് ഞാന്‍
ഇനി ഒറ്റ സാധനം
കണ്ടു പിടിക്കില്ല
അനുഭവിക്കട്ടെ എല്ലാരും ..
No comments:
Post a Comment