kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Sunday, May 14, 2017

പേരില്ലാപ്പുഴ



കളിയായിപ്പോലും പെണ്ണെ
നിന്നെ പുഴയെന്നു വിളിക്കുക വയ്യ
മുറിയാതെയൊഴുകിയ നീയോ
മുടിനാരുകള്‍ പോലെയിന്നും

ഇളവെയിലുകള്‍ നിന്നുടെ കവിളുകള്‍
നുള്ളിച്ചെറുതായിട്ടെന്നോ
അതുകാണാന്‍ നിന്നെപ്പലവുരു
ഇരുകയ്യിലെടുത്തോരോര്‍മകള്‍
കണ്ണുകളില്‍ പൂക്കളുമായി
ഇടവഴിയിലൂടെ വരുമ്പോള്‍
വിരലുകളില്‍ തൂങ്ങി നീയും
കലപിലകള്‍ ചോദ്യവുമായി
ഉരുളും ചെറുകല്ലുകള്‍ മന്ത്രം
ഉരുവിട്ടു മറഞ്ഞൂ കാലം
നീയോ പൊരിമണലില്‍ പോലും
പൂവിട്ടു കളങ്ങള്‍ തീര്‍ത്തു
പല ചുഴികള്‍ നിന്നിലുണര്‍ന്നു
പതപൊട്ടിച്ചിരിയല തീര്‍ത്തു
അനുരാഗമൊളിച്ച മനം പോല്‍
ഉന്മാദമൊഴുക്കായ് നീയും
ഒരു വേളയിലെന്നെ നോക്കി
ചെറുതായൊരു കണ്ണുമിറുക്കി
പല നാളുകള്‍ നീയൊഴുകുമ്പോള്‍
മാനതാരൊരു സാഗരമായി
മംഗല്യത്താലി പണിഞ്ഞെന്‍
കൊന്നമരം നിന്നെക്കാത്തൂ
ചെറു മീനുകള്‍ നിന്നെത്തൊട്ടേ
പുളകങ്ങള്‍ പൊട്ടി വിരിഞ്ഞു
എവിടെത്തെറ്റീ നിന്‍ വഴികള്‍
എവിടെപ്പോയ് നിന്നുടയാടകള്‍
തെരുവോരക്കൊതി കണ്‍മിഴിയും
അഭിസാരികയായോ നീയും
മരവിച്ചൂ നിന്‍ കണ്ണിണകള്‍
പതറിപ്പോം ചുണ്ടുകളല്ലോ
ചതിവലകള്‍ പെട്ടുകുരുങ്ങീ
ചിതറിപ്പോയ് നിന്റെ കിനാവുകള്‍
ഇല്ലിനിമേല്‍ നീയെന്നായി
പാഴ്ക്കാടിന്‍ പ്രേതം മാത്രം
പിളര്‍നാവുകള്‍ കൊണ്ടേ നാഗം
കാമത്താല്‍ നിന്നെയുഴിഞ്ഞു
ചത്തും മലര്‍ന്നും
കെട്ടിക്കിടന്നു നാറിയും
കവിളൊട്ടി
കണ്ണീരുവറ്റി
മെയ്യുണങ്ങി ,മനമുണങ്ങി
വീര്‍പ്പടങ്ങി
തെക്കോട്ട്‌ തലവച്ചു
കാല്‍വിരല്‍ കെട്ടി
കണ്ണിമയടപ്പിച്ച്
കോടിപ്പോം ചുണ്ടുകളമര്‍ത്തി
വെള്ളപുതപ്പിച്ചു
നിന്നെ ചിതയിലേക്കെടുക്കുമ്പോള്‍
കളിയായിപ്പോലും പെണ്ണെ
നിന്നെ പുഴയെന്നു വിളിക്കുക വയ്യ
മുറിയാതെയൊഴുകിയ നീയോ
മുടിനാരുകള്‍ പോലെയിന്നും

No comments:

Post a Comment