ഇടതൂര്‍ന്ന മുളങ്കാടിന്റെ തണല്‍ നുകരണോ ..?ഏതുകാലത്തും വീശിയടിക്കുന്ന കാറ്റിന്റെ കുളിരറിയണോ ..?ഇതാ തൊടുക്കാപ്പ് മയിലാടുംപാറ ഇക്കോ ടൂറിസം കേന്ദ്രം നിങ്ങളെ മാടി വിളിക്കുന്നു .
കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ തന്നെയാണ് ഈ ടൂറിസം കേന്ദ്രം .പെരിന്തല്‍മണ്ണ മണ്ണാര്‍ക്കാട് റൂട്ടില്‍ കരിങ്കല്ലത്താണിയില്‍ നിന്നും തൊട്ടടുത്ത്
ദേശീയപാതയോട് ചേര്‍ന്നാണ് കേന്ദ്രത്തിന്റെ കവാടം . മുളങ്കാടിന് ഇടയില്‍ ചെങ്കല്ല് കൊണ്ട് കെട്ടിയ കെട്ടിടങ്ങള്‍ .സംസ്ഥാനത്തെ സരംക്ഷിത വന പ്രദേശങ്ങളെ കുറിച്ചുള്ള ഫോട്ടോ ഗാലറി സ്ഥാപിച്ച ഇന്റര്‍പ്രേട്ടെഷന്‍ സെന്റര്‍ ,വനവിഭവങ്ങള്‍ ലഭ്യമായ വനവിഭവ കേന്ദ്രം ,കുടിവെള്ളം ,ടോയ്ലെറ്റ് സംവിധാനങ്ങള്‍. വൈകാതെ കുട്ടികളുടെ പാര്‍ക്കും ,ഇക്കോ ടീ ഷോപ്പും ,വനത്തിനകത്ത് ചെറു കുടിലുകളും എരുമാടങ്ങളും ഒരുങ്ങും .മയിലാടും പാറയിലെക്കുള്ള ട്രക്കിംഗ്പാത കൂടി വാണം വകുപ്പ് വിഭാവനം ചെയ്യുന്നുണ്ട്
.
കവാടത്തില്‍ നിന്നും കാടിനുള്ളിലേക്ക് മയിലാടും പാറയിലെക്കുള്ള വഴി .കാട്ടുപാതയുടെ വശ്യതയറിയാന്‍ ഈ വഴി വരണം .ചരിഞ്ഞു കിടക്കുന്ന കൂറ്റന്‍ പാറക്കെട്ടുകള്‍..അവനവനിലെ സാഹസികതയുടെ ആഴമളക്കേണ്ടവര്‍ക്ക് ഇഷ്ടം പോലെ അവസരം.ചെങ്കുത്തായ പാറയുടെ മുകളിലൂടെയുള്ള യാത്രയില്‍ താഴെയുള്ള പ്രദേശങ്ങളുടെ ദൃശ്യം എല്ലാ ക്ഷീണവും തീര്‍ക്കും .കൂട്ടിനു എപ്പോളും കാറിന്റെ കൈകള്‍ ..മുകളിലെത്തിയാല്‍ മയിലാടും പാറ നിങ്ങളെ സ്വാഗതം ചെയ്യും .സമുദ്ര നിരപ്പില്‍ നിന്നും ആയിരം മീറ്ററിന് അടുത്ത് ഉയരം ഉള്ള ഇവിടെ കോടയും തണുപ്പും സ്വാഭാവികം .വിശാലമായ പാറയില്‍ ഇരുന്നാല്‍ ഹരിതാഭമായ പ്രകൃതിയുടെ സൌന്ദര്യം കണ്ടു മതിമയങ്ങാം .വീശിയടിക്കുന്ന കാറ്റില്‍ യാത്രയുടെ ക്ഷീണം അറിയാതെ.
എത്ര നേരം ഇരുന്നാലും മതിയാകുകയില്ല . അമ്മിനിക്കാടന്‍ മലയും ,എടത്തനാട്ടുകര വനവും ,അട്ടപ്പാടി കുന്നുകളും ,ദൂരെ ഒഴുകുന്ന മുറിയങ്കണ്ണിപ്പുഴയും ,ചെറുകുന്നുകളും എല്ലാം മയിലാടിയില്‍ നിന്നുള്ള കാഴ്ചകള്‍ . ചെറുപക്ഷികളുടെ കളകൂജനങ്ങള്‍ കാതിനു ഇമ്പമാകും
മഴക്കാലത്ത് കാട്ടരുവിയുടെ പാട്ട് കേള്‍ക്കാം .പാറകള്‍ക്ക് മുകളിലൂടെ താഴേക്കു ഒഴുകുന്ന അരുവി .കയറി വന്ന വഴി തന്നെ ഇറങ്ങുകയോ പാറയുടെ മറുഭാഗത്തുകൂടി കാട്ടിനുള്ളിലൂടെ ഉള്ള നടവഴിയിലൂടെ വള്ളികളില്‍ പിടിച്ചും , വെയില്‍ അറിയാതെയും താഴെയെത്താം .
പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര പഞ്ചായത്തില്‍ ഉള്‍പ്പെട്ട തൊടുക്കാപ്പ് നിക്ഷിപ്ത വന പ്രദേശത്ത് 2014ഫെബ്രുവരിയിലാണ് ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ പണിആരംഭിച്ചത്. തിരുവിഴാംകുന്ന് റൈഞ്ചില്‍പ്പെട്ട 29 ഏക്കര്‍ വന പ്രദേശത്താണ് പദ്ധതി . മികച്ച ഇക്കോടൂറിസം പദ്ധതിയായി ഇതിനെ മാറ്റിയെടുക്കാനാണ് വനം വകുപ്പ് ഒരുങ്ങുന്നത് .
കേന്ദ്രം പരിസ്ഥിതിദിനമായ 2017 ജൂണ്‍ അഞ്ചിനാണ് തുറന്നുകൊടുത്തത്.രാവിലെ മുതല്‍ വൈകിട്ട് നാലുമണി വരെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത് .തിങ്കളാഴ്ച കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കില്ല .തൊടുക്കാപ്പ് വന സംരക്ഷണ സമിതിക്കാണ് പരിപാലന ചുമതല
വനം വകുപ്പിന്റെ വെബ് സൈറ്റുകളിലോനും തൊടുകാപ്പ് ഇക്കോ ടൂറിസം കേന്ദ്രത്തെ പ്പറ്റിയുള്ള വിവരങ്ങള്‍ ഇതുവരെ ഉള്‍പ്പെടുത്തിയിടില്ല.
ചരിത്രത്തിലൂടെ
മലപ്പുറം പാലക്കാട് ജില്ല അതിർത്തിയായ കരിങ്കല്ലത്താണിയെന്ന കൊച്ചു പട്ടണത്തെ KN പണിക്കരുടെ 'കേരള പത്രിക' എന്ന ചരിത്ര പുസ്തകത്തില് വിവരിക്കുന്നുണ്ട്.1766-1792 കാലഘട്ടത്തിൽ നമ്മുടെ നാട് ചരിത്രപരമായ വൈദേശികരുടെ ചൂഷണത്തെ ചെറുക്കുന്നതിൽ വളരെ അധികം പങ്കു വഹിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിൽ കരിങ്കല്ലത്താണി മൈസൂർ ടെറിറ്റോറിയുടെ ഭാഗമായിരുന്നു .ശരിക്കും ഇപ്പോൾ കാണുന്ന സഞ്ചാര പാതയല്ലയിരുന്നു ആദ്യ കാലഘട്ടത്തിൽ. ടിപ്പു സുല്‍ത്താന്‍ റോഡ് എന്ന പേരിൽ ഇപ്പോഴും അറിയുന്ന വഴി ആയിരുന്നു.
മൈലാടി എന്ന് വിളിപ്പേരുള്ള സമുദ്ര നിരപ്പിൽ നിന്നും 1100 mtr ഉയരമുള്ള കൊടും വനത്തിലൂടെ ആയിരുന്നു .ഇതിൽ ടിപ്പു സുൽത്താൻ സാമൂതിരിയുമായി യുദ്ധം ചെയ്യാൻ വന്നപ്പോൾ മൈലാടിയിൽ വിശ്രമിക്കുകയും തുടർന്ന് തന്റെ കൂടെയുള്ള ആന ,കുതിര പട്ടാളം അവീടെ വന്നതിന്റെ അടയാളങ്ങൾ ഇപ്പോഴും അവിടെ പാറകളിലും മറ്റും സൈന്യത്തിന്ന് കൂടെ വന്ന കലാകാരമാർ രേഖ പ്പെടുത്തുകയും ചെയ്തിട്ടുണ്ട് ( ആന യുടെയും കുതിരകളുടെയും കൽ പാടുകൾ പാറയിൽ കൊത്തിവെച്ചുട്ടുണ്ട്).
തുടർന്ന് ടിപ്പുവിനു ശേഷം ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യൻ ഭരണം പിടിച്ചടക്കുകയും കാരിങ്കല്ലത്താണി ഉൾപ്പെടുന്ന പ്രദേശം മദ്രാസ് കേന്ദീകരിച്ചുള്ള ബ്രിട്ടീഷ് ഭരണത്തിൽ കീഴിൽ വരുകയും 1921 ലെ മാപ്പിള ലഹള മലബാറിനെ പ്രഷുബ്ധമാക്കുകയും തുടർന്ന് മദ്രാസ് ഗവർണ്ണർ ആയ ലോർഡ് റീഡിങ് മദ്രാസില് നിന്നും കുതിര വണ്ടിയിൽ കോഴിക്കോട് പോയപ്പോൾ കരിങ്കല്ലത്താണിയിലെ മൈലാടിയുടെ സൗന്ദര്യം ആകർശിക്കുകയും അവിടെ ഒരു രാത്രി താമസിക്കുകയും ചെയ്തിട്ടുണ്ടത്രെ, അന്ന് മൈലാടിയിൽ പുലി,സിംഹം,ആന എന്നി മൃഗങ്ങൾ ഉണ്ടായിരുന്നതായി രേഖപെടുത്തത്തിട്ടുണ്ട് .
(Ref: 'MALABAR' Author Willliam Loagan (1948)
1970 കാലഘട്ടം മുതലാണ് ആധുനിക കാരികല്ലത്താണിയുടെ ചരിത്രം തുടങ്ങുന്നത് , ചുമട് താങ്ങി എന്നറിയപ്പെടുന്ന 'അത്താണി ' എന്ന പദത്തിൽ നിന്നാണ് ഇന്നത്തെ കരിങ്കല്ലത്താണി' എന്ന സ്ഥലപ്പേരിന്റെ ഉത്ഭവം (വിവരശേഖരണം കടപ്പാട് യാസിന്‍ റഷീദ് )
ശിവപ്രസാദ് പാലോട് 9249857148
വേനൽകാലത്ത് ഒരു കയ്യ് നോക്കാം
ReplyDeleteGood
ReplyDelete